‘യഹോവയുടെ മനസ്സ് അറിഞ്ഞവൻ ആർ?’
“‘യഹോവയ്ക്ക് ആലോചന പറഞ്ഞുകൊടുക്കാൻമാത്രം അവന്റെ മനസ്സ് അറിഞ്ഞവൻ ആർ?’ എന്നാൽ നമ്മൾ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.”—1 കൊരി. 2:16.
1, 2. (എ) പലർക്കും പലപ്പോഴും എന്ത് ബുദ്ധിമുട്ട് നേരിടാറുണ്ട്? (ബി) യഹോവയുടെ വിചാരങ്ങളെക്കുറിച്ച് നാം എന്ത് മനസ്സിൽപ്പിടിക്കണം?
മറ്റൊരാളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അടുത്തയിടെ വിവാഹം കഴിച്ച ഒരാളാണ് നിങ്ങളെങ്കിൽ ഇണ എങ്ങനെയാണ് കാര്യങ്ങളെ വീക്ഷിക്കുന്നതെന്ന് പൂർണമായും മനസ്സിലാവാത്തതായി നിങ്ങൾക്ക് തോന്നുന്നുണ്ടാകാം. വാസ്തവത്തിൽ സ്ത്രീകളും പുരുഷന്മാരും ചിന്തിക്കുന്നത് വ്യത്യസ്ത വിധങ്ങളിലാണ്; അവരുടെ സംസാരത്തിൽപ്പോലും വ്യത്യാസമുണ്ട്. എന്തിന്, ചില സംസ്കാരങ്ങളിൽ സ്ത്രീയും പുരുഷനും സംസാരിക്കുന്നത് ഒരു ഭാഷയുടെതന്നെ രണ്ടുരൂപങ്ങളാണ്! വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരുടെ ചിന്താരീതിയും പെരുമാറ്റവും വിഭിന്നമായിരിക്കും; വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുടെ കാര്യത്തിലും ഇത് സത്യമാണ്. എന്നിരുന്നാലും മറ്റുള്ളവരെ എത്ര നന്നായി അടുത്തറിയുന്നുവോ അവരുടെ ചിന്താരീതി അത്രയേറെ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയും.
2 മനുഷ്യർക്കിടയിൽത്തന്നെ ഇത്രയേറെ വ്യത്യാസമുള്ളസ്ഥിതിക്ക് നമ്മുടെ ചിന്തകൾ യഹോവയുടേതിൽനിന്ന് കാതങ്ങൾ അകലെയായിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. തന്റെ പ്രവാചകനായ യെശയ്യാവിലൂടെ യഹോവ ഇസ്രായേല്യരോട് ഇങ്ങനെ പറയുകയുണ്ടായി: “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല.” ഒരു ദൃഷ്ടാന്തത്തിലൂടെ യഹോവ അത് വിശദീകരിച്ചു: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.”—യെശ. 55:8, 9.
3. “യഹോവയുടെ സഖിത്വം” നേടാനുള്ള ഏത് രണ്ടുമാർഗങ്ങൾ നമുക്കു മുന്നിലുണ്ട്?
3 യഹോവയുടെ ചിന്തകൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടു കാര്യമില്ല എന്നാണോ ഇതിനർഥം? അല്ല. യഹോവയുടെ ചിന്തകൾ നമുക്കൊരിക്കലും പൂർണമായി മനസ്സിലാക്കാനാവില്ലെങ്കിലും “യഹോവയുടെ സഖിത്വം” നേടാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 25:14; സദൃശവാക്യങ്ങൾ 3:32 വായിക്കുക.) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ പ്രവൃത്തികൾക്ക് അടുത്ത ശ്രദ്ധനൽകുകയും അവ ‘വിവേചിക്കുകയും’ ചെയ്യുന്നതാണ് അവനോട് അടുത്തബന്ധം സ്ഥാപിക്കാനുള്ള ഒരു മാർഗം. (സങ്കീ. 28:5) “അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപ”മായ “ക്രിസ്തുവിന്റെ” മനസ്സ് അറിയുന്നതാണ് മറ്റൊരു മാർഗം. (1 കൊരി. 2:16; കൊലോ. 1:15) അതുകൊണ്ട്, ബൈബിൾ വിവരണങ്ങൾ പഠിക്കാനും അവയെക്കുറിച്ചു ധ്യാനിക്കാനും സമയമെടുക്കുന്നെങ്കിൽ യഹോവയുടെ ഗുണങ്ങളും അവന്റെ ചിന്താരീതിയും മനസ്സിലാക്കിത്തുടങ്ങാൻ നമുക്കാകും.
ഒരു തെറ്റായ പ്രവണത
4, 5. (എ) തെറ്റായ ഏതു പ്രവണത നാം ഒഴിവാക്കണം? വിശദീകരിക്കുക. (ബി) ഇസ്രായേല്യർക്ക് എന്തു തെറ്റുപറ്റി?
4 യഹോവയുടെ പ്രവൃത്തികളെക്കുറിച്ചു ധ്യാനിക്കുമ്പോൾ ഒരു കാര്യം മനസ്സിൽപ്പിടിക്കണം: മനുഷ്യന്റെ നിലവാരങ്ങൾവെച്ച് ദൈവത്തെ വിധിക്കാനുള്ള പ്രവണത നാം ഒഴിവാക്കേണ്ടതുണ്ട്. “ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു” എന്നു പറഞ്ഞപ്പോൾ ഈ പ്രവണതയെയാണ് യഹോവ പരാമർശിച്ചത്. (സങ്കീ. 50:21) ഒരു ബൈബിൾ പണ്ഡിതൻ 175 വർഷങ്ങൾക്കുമുമ്പ് ഇതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ നിലവാരങ്ങളനുസരിച്ച് ദൈവത്തെ വിധിക്കാനാണ് മനുഷ്യന്റെ ചായ്വ്; മനുഷ്യർ പിൻപറ്റണമെന്ന് അവർ വിചാരിക്കുന്ന നിയമങ്ങളുടെ പരിധിക്കുള്ളിൽനിന്നാണ് ദൈവവും പ്രവർത്തിക്കുന്നതെന്ന് അവർ കരുതുന്നു.”
5 യഹോവയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം സ്വന്തം നിലവാരങ്ങളെയും ആഗ്രഹങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത്. നാം ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്? നമ്മുടെ അപൂർണവും പരിമിതവുമായ വീക്ഷണകോണിലൂടെ നോക്കുമ്പോൾ യഹോവയുടെ ചില പ്രവൃത്തികൾ അത്ര ശരിയായില്ലെന്നു തോന്നാനിടയുണ്ട്. പണ്ട് ഇസ്രായേല്യർക്ക് ഈ തെറ്റുപറ്റി. അതുകൊണ്ടുതന്നെ തങ്ങളോട് യഹോവ ഇടപെട്ട വിധം ശരിയായില്ലെന്ന് അവർക്കുതോന്നി. അവരോട് യഹോവ എന്താണ് പറഞ്ഞതെന്നു നോക്കൂ: “എന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേൾപ്പിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?”—യെഹെ. 18:25.
6. ഇയ്യോബ് എന്തു പാഠം പഠിച്ചു, അവന്റെ അനുഭവം നമ്മെ എന്തു പഠിപ്പിക്കുന്നു?
6 നമ്മുടേതായ അളവുകോലുകൾവെച്ച് യഹോവയെ അളക്കുന്നത് ഒഴിവാക്കാൻ നമുക്കെങ്ങനെ കഴിയും? നാം കാര്യങ്ങളെ വീക്ഷിക്കുന്നത് പരിമിതമായ അറിവുവെച്ചാണെന്നും അത് ചിലപ്പോൾ തെറ്റിപ്പോകുമെന്നും നാം മനസ്സിൽപ്പിടിക്കണം. ഈ പാഠം ഇയ്യോബും പഠിക്കേണ്ടിയിരുന്നു. കഷ്ടപ്പാടുകളിലൂടെ കടന്നുപോകവെ ഇയ്യോബ് നിരാശിതനായി. അവൻ തന്നെക്കുറിച്ചാണ് അധികവും ചിന്തിച്ചത്; പ്രാധാന്യമേറിയ വിഷയങ്ങൾ അവന് കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് വിശാലമായി ചിന്തിക്കാൻ സ്നേഹപുരസ്സരം യഹോവ അവനെ സഹായിച്ചു. ഇയ്യോബിന് ഉത്തരം അറിയില്ലാത്ത 70-ലേറെ ചോദ്യങ്ങൾ ചോദിച്ച് അവന്റെ അറിവ് എത്ര പരിമിതമാണെന്ന് യഹോവ കാണിച്ചുകൊടുത്തു. ഇയ്യോബ് വിനയാനതനായി; അവൻ തന്റെ വീക്ഷണഗതിയിൽ മാറ്റം വരുത്തി.—ഇയ്യോബ് 42:1-6 വായിക്കുക.
“ക്രിസ്തുവിന്റെ മനസ്സ്” ഉള്ളവരായിരിക്കുക
7. യേശു ചെയ്ത കാര്യങ്ങൾ പരിശോധിക്കുന്നത് യഹോവയുടെ ചിന്തകൾ അറിയാൻ സഹായിക്കുന്നത് എന്തുകൊണ്ട്?
7 താൻ ചെയ്തതും പറഞ്ഞതുമായ സകലതിലും യേശു തന്റെ പിതാവിനെ അതേപടി അനുകരിച്ചു. (യോഹ. 14:9) അതുകൊണ്ട് യേശു ചെയ്ത കാര്യങ്ങൾ പരിശോധിക്കുന്നെങ്കിൽ നമുക്ക് യഹോവയുടെ ചിന്തകൾ അറിയാനാകും. (റോമ. 15:6; ഫിലി. 2:5) നമുക്കിപ്പോൾ രണ്ടു സുവിശേഷ വിവരണങ്ങൾ പരിചിന്തിക്കാം.
8, 9. ഏതു സാഹചര്യത്തിലാണ് യോഹന്നാൻ 6:5-ൽ കാണുന്ന ചോദ്യം യേശു ഫിലിപ്പോസിനോട് ചോദിച്ചത്, എന്തിനാണ് അവൻ ആ ചോദ്യം ചോദിച്ചത്?
8 ഈ രംഗം ഭാവനയിൽ കാണുക. എ.ഡി. 32-ലെ പെസഹായ്ക്കു തൊട്ടുമുമ്പാണ് സംഭവം നടക്കുന്നത്. ഗലീലയിലുടനീളം ശ്രദ്ധേയമായൊരു പ്രസംഗപര്യടനം കഴിഞ്ഞ് യേശുവിന്റെ അപ്പൊസ്തലന്മാർ മടങ്ങിയെത്തിയതേയുള്ളൂ. അവർ നന്നേ ക്ഷീണിച്ചിരുന്നതിനാൽ ഗലീലക്കടലിന്റെ വടക്കുകിഴക്കേ തീരത്തുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് യേശു അവരെ വിശ്രമിക്കുന്നതിനായി കൂട്ടിക്കൊണ്ടു പോയി. പക്ഷേ, താമസിയാതെ ആയിരങ്ങൾ പിന്നാലെ ചെന്നു. യേശു അവരിൽ അനേകരെ സുഖപ്പെടുത്തുകയും അവരെ പലതും പഠിപ്പിക്കുകയും ചെയ്തു. പക്ഷേ ഇപ്പോൾ ഒരു പ്രശ്നം: ഈ ഒറ്റപ്പെട്ട സ്ഥലത്ത് ഇത്രയും ആളുകൾക്കുവേണ്ട ഭക്ഷണം എവിടെനിന്നു ലഭിക്കും? ഇതു മനസ്സിലാക്കിയ യേശു ആ നാട്ടുകാരനായ ഫിലിപ്പോസിനോട് ഇങ്ങനെ ചോദിച്ചു: “ഇവർക്കു ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?”—യോഹ. 6:1-5.
9 എന്തിനാണ് യേശു ഫിലിപ്പോസിനോട് ഈ ചോദ്യം ചോദിച്ചത്? ആ ജനത്തിനു മുഴുവൻ എങ്ങനെ ഭക്ഷണം കൊടുക്കും എന്ന കാര്യത്തിൽ യേശുവിന് ഉത്കണ്ഠയുണ്ടായിരുന്നോ? ഇല്ല. എങ്കിൽപ്പിന്നെ എന്തായിരുന്നു യേശുവിന്റെ മനസ്സിൽ? അന്ന് അവിടെ ഉണ്ടായിരുന്ന യോഹന്നാൻ അപ്പൊസ്തലൻ വിശദീകരിക്കുന്നു: “അവനെ പരീക്ഷിക്കേണ്ടതിനായിരുന്നു യേശു ഇതു ചോദിച്ചത്; കാരണം, താൻ ചെയ്യാൻ പോകുന്നത് എന്തെന്ന് അവന് (യേശുവിന്) അറിയാമായിരുന്നു.” (യോഹ. 6:6) തന്റെ ശിഷ്യന്മാർ വിശ്വാസത്തിൽ എത്രമാത്രം വളർന്നിരിക്കുന്നു എന്ന് പരിശോധിക്കുകയായിരുന്നു യേശു. ജനക്കൂട്ടത്തിന് എങ്ങനെ ഭക്ഷണം നൽകും എന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആ ചോദ്യത്തിലൂടെ യേശു അവരെ പ്രേരിപ്പിച്ചു; തന്റെ പ്രാപ്തിയിൽ അവർക്കുള്ള വിശ്വാസം തെളിയിക്കാൻ ഒരു അവസരം അവൻ അതിലൂടെ അവർക്കു നൽകി. പക്ഷേ അവർ ഈ അവസരം പാഴാക്കിക്കളഞ്ഞു; തങ്ങളുടെ വീക്ഷണം എത്ര പരിമിതമാണെന്ന് അവർ വെളിപ്പെടുത്തി. (യോഹന്നാൻ 6:7-9 വായിക്കുക.) അവർ ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങൾ തനിക്കു ചെയ്യാനാകുമെന്ന് വൈകാതെ യേശു അവർക്കു കാണിച്ചുകൊടുത്തു: വിശന്നു വലഞ്ഞ ആയിരങ്ങളെ അവൻ അത്ഭുതകരമായി പോഷിപ്പിച്ചു.—യോഹ. 6:10-13.
10-12. (എ) ഗ്രീക്കുകാരിയായ സ്ത്രീയുടെ ആവശ്യം യേശു ഉടനടി സാധിച്ചുകൊടുക്കാഞ്ഞത് എന്തുകൊണ്ടായിരിക്കാം? വിശദീകരിക്കുക. (ബി) നാം ഇനി എന്തു പരിചിന്തിക്കും?
10 മറ്റൊരു സന്ദർഭത്തിൽ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്താണെന്നു മനസ്സിലാക്കാൻ ഈ വിവരണം നമ്മെ സഹായിക്കും. ജനക്കൂട്ടത്തെ പോഷിപ്പിച്ചശേഷം വൈകാതെ യേശുവും അപ്പൊസ്തലന്മാരും വടക്കോട്ടു യാത്രചെയ്ത് ഇസ്രായേൽ അതിർത്തി കടന്ന് സോർ-സീദോൻ പ്രദേശങ്ങളിൽ എത്തി. അവിടെവെച്ച്, ഗ്രീക്കുകാരിയായ ഒരു സ്ത്രീ യേശുവിനെ കാണാൻവന്നു. തന്റെ മകളെ സുഖപ്പെടുത്താൻ അവൾ യേശുവിനോട് അഭ്യർഥിച്ചു. പക്ഷേ യേശു അവളെ ആദ്യം അവഗണിക്കുകയാണ് ഉണ്ടായത്. പിന്നീട്, അവൾ പിന്മാറുന്നില്ലെന്നു കണ്ടപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ആദ്യം മക്കൾക്കു തൃപ്തിവരട്ടെ; മക്കളുടെ അപ്പമെടുത്തു നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.”—മർക്കോ. 7:24-27; മത്താ. 15:21-26.
11 ഈ സ്ത്രീയെ സഹായിക്കാൻ യേശു ആദ്യം വിസമ്മതിച്ചത് എന്തുകൊണ്ടാണ്? ഫിലിപ്പോസിന്റെ കാര്യത്തിലെന്നപോലെ ഈ സ്ത്രീയെയും യേശു പരീക്ഷിക്കുകയായിരുന്നോ? അവൾ എങ്ങനെ പ്രതികരിക്കും എന്നു നോക്കുകയായിരുന്നോ അവൻ? അവളുടെ വിശ്വാസം പ്രകടിപ്പിക്കാൻ ഒരവസരം നൽകുകയായിരുന്നോ? ഇതു പറഞ്ഞപ്പോൾ യേശുവിന്റെ ശബ്ദത്തിൽ നിഴലിച്ച ഭാവം എന്തായിരുന്നു എന്ന് ബൈബിൾ പറയുന്നില്ല. പക്ഷേ, അത് അവളെ നിരുത്സാഹപ്പെടുത്തുന്നതായിരുന്നില്ല എന്നു വ്യക്തം. “നായ്ക്കുട്ടികൾ” എന്നു പറഞ്ഞ് മയപ്പെടുത്തിയാണ് യേശു അവളുടെ ജനത്തെ പരാമർശിച്ചത്. ഒരുപക്ഷേ, ഒരു പിതാവ് തന്റെ കുട്ടിയോട് ഇടപെടുന്നതുപോലെ അവളോട് ഇടപെടുകയായിരുന്നു യേശു; കുട്ടിയുടെ ആവശ്യം സാധിച്ചുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കുട്ടി അത് എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നു കാണാനായി തന്റെ തീരുമാനം ആ പിതാവ് പുറമേ കാണിക്കാതിരുന്നേക്കാം. കാര്യം എന്തുതന്നെ ആയിരുന്നാലും ആ സ്ത്രീ തന്റെ വിശ്വാസം പ്രകടിപ്പിച്ചപ്പോൾ യേശു മനസ്സോടെ അവളുടെ ആവശ്യം സാധിച്ചുകൊടുത്തു.—മർക്കോസ് 7:28-30 വായിക്കുക.
12 “ക്രിസ്തുവിന്റെ മനസ്സ്” അടുത്തറിയാൻ ഈ രണ്ടു സുവിശേഷ വിവരണങ്ങൾ നമ്മെ ഏറെ സഹായിച്ചു. ക്രിസ്തുവിനെക്കുറിച്ചുള്ള ഈ വിവരണങ്ങൾ യഹോവയുടെ മനസ്സ് അറിയാൻ നമ്മെ എങ്ങനെ സഹായിക്കും എന്ന് ഇനി നോക്കാം.
മോശയോട് യഹോവ ഇടപെട്ട വിധം
13. യേശുവിന്റെ മനസ്സ് അറിയുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്?
13 യേശുവിന്റെ മനസ്സ് അറിയുന്നത്, ഗ്രഹിക്കാൻ പ്രയാസമുള്ള പല തിരുവെഴുത്തു ഭാഗങ്ങളും മനസ്സിലാക്കാൻ നമ്മെ സഹായിക്കും. നമുക്ക് ഇപ്പോൾ ഒരു ഉദാഹരണം പരിശോധിക്കാം. ആരാധിക്കാനായി ഇസ്രായേല്യർ സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോൾ യഹോവ മോശയോട് ഇങ്ങനെ പറയുകയുണ്ടായി: “ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു. അതുകൊണ്ടു എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാൻ വലിയോരു ജാതിയാക്കും.”—പുറ. 32:9, 10.
14. യഹോവ പറഞ്ഞതിനോട് മോശ പ്രതികരിച്ചത് എങ്ങനെ?
14 വിവരണം തുടരുന്നു: “മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു? മലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ. നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു.”—പുറ. 32:11-14.a
15, 16. (എ) യഹോവയുടെ വാക്കുകൾ മോശയ്ക്ക് എന്തിനുള്ള അവസരം നൽകി? (ബി) യഹോവ ‘അനുതപിച്ചത്’ ഏതർഥത്തിലാണ്?
15 മോശ യഹോവയുടെ ചിന്തയെ തിരുത്തേണ്ട ആവശ്യം ഉണ്ടായിരുന്നോ? തീർച്ചയായും ഇല്ല. തനിക്കു ചെയ്യാൻ തോന്നിയത് എന്താണെന്നു പറയുകയായിരുന്നു യഹോവ; അല്ലാതെ അത് അവന്റെ അന്തിമ തീരുമാനമായിരുന്നില്ല. യഹോവ മോശയെ പരീക്ഷിക്കുകയായിരുന്നു, പിൽക്കാലത്ത് യേശു ഫിലിപ്പോസിനെയും ഗ്രീക്കുകാരിയായ സ്ത്രീയെയും പരീക്ഷിച്ചതുപോലെ. അതെ, മോശയ്ക്ക് തന്റെ വീക്ഷണം തുറന്നുപറയാനുള്ള ഒരു അവസരം നൽകുകയായിരുന്നു യഹോവ.b തനിക്കും ഇസ്രായേല്യർക്കും ഇടയിൽ മധ്യസ്ഥനായി വർത്തിക്കാൻ യഹോവയാണ് മോശയെ നിയമിച്ചത്; ആ സ്ഥാനത്തെ താൻ മാനിക്കുന്നുവെന്നും യഹോവ ഈ അവസരത്തിൽ തെളിയിച്ചു. ആകട്ടെ, മോശ എങ്ങനെയാണ് പ്രതികരിച്ചത്? ജനത്തെക്കൊണ്ട് സഹികെട്ട് അവന്റെ ക്ഷമ നശിച്ചോ? ഇസ്രായേൽ ജനതയെ മറന്ന് തന്റെ സന്തതികളെ ‘വലിയോരു ജാതിയാക്കാൻ’ അവൻ സമ്മതിച്ചോ?
16 യഹോവയുടെ നീതിയിൽ തനിക്ക് വിശ്വാസമുണ്ടെന്ന്, താൻ അതിൽ ആശ്രയിക്കുന്നെന്ന് തെളിയിക്കുന്നതായിരുന്നു മോശയുടെ പ്രതികരണം. അവന്റെ മറുപടിയിൽ അൽപ്പംപോലും സ്വാർഥതയില്ലായിരുന്നു. യഹോവയുടെ നാമത്തെക്കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവൻ, അത് ദുഷിക്കപ്പെടരുതെന്ന് അവൻ ആഗ്രഹിച്ചു. ഇക്കാര്യത്തിൽ ‘യഹോവയുടെ മനസ്സ് അറിഞ്ഞവനാണ്’ താനെന്ന് മോശ തെളിയിച്ചു. (1 കൊരി. 2:16) എന്തായിരുന്നു ഫലം? ഒരു നിശ്ചിതഗതി പിൻപറ്റാൻ യഹോവ ഉറച്ചിരുന്നില്ല; അതുകൊണ്ടുതന്നെ അവൻ “അനുതപിച്ചു” എന്ന് ദൈവവചനം പറയുന്നു. ജനത്തെ മുഴുവൻ നശിപ്പിക്കാൻ യഹോവയ്ക്ക് ആദ്യം തോന്നിയെങ്കിലും അവൻ ആ അനർഥം വരുത്തിയില്ല എന്നേ എബ്രായ ഭാഷയിൽ ഈ വാക്കിന് അർഥമുള്ളൂ.
അബ്രാഹാമിനോട് യഹോവ ഇടപെട്ട വിധം
17. അബ്രാഹാമിനോട് യഹോവ ക്ഷമയോടെ ഇടപെട്ടത് എങ്ങനെ?
17 തന്റെ ദാസന്മാർക്ക് തന്നിലുള്ള വിശ്വാസവും ആശ്രയവും പ്രകടിപ്പിക്കാനുള്ള അവസരം യഹോവ നൽകുന്നു എന്നു തെളിയിക്കുന്ന മറ്റൊരു ഉദാഹരണം നമുക്കു നോക്കാം. സൊദോം നഗരത്തെ നശിപ്പിക്കാൻ പോകുന്നു എന്നകാര്യം അറിഞ്ഞ അബ്രാഹാം അതേക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ഒന്നിനുപുറകെ ഒന്നായി എട്ടുചോദ്യങ്ങളാണ് അബ്രാഹാം യഹോവയോടു ചോദിച്ചത്, യഹോവ അതെല്ലാം ക്ഷമയോടെ ശ്രദ്ധിച്ചുകേട്ടു. ഒരു ഘട്ടത്തിൽ അബ്രാഹാം വികാരാധീനനായി പറഞ്ഞു: “ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?”—ഉല്പ. 18:22-33.
18. യഹോവ അബ്രാഹാമിനോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്കെന്തു മനസ്സിലാക്കാം?
18 ഈ വിവരണത്തിൽനിന്ന്, യഹോവ ചിന്തിക്കുന്ന വിധത്തെക്കുറിച്ച് നമുക്കെന്തു പഠിക്കാം? ശരിയായ തീരുമാനമെടുക്കാൻ യഹോവ അബ്രാഹാമിന്റെ ന്യായവാദങ്ങൾ കേൾക്കേണ്ടതുണ്ടായിരുന്നോ? ഇല്ല. യഹോവയ്ക്ക് താൻ എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആദ്യംതന്നെ അബ്രാഹാമിനോടു പറയാമായിരുന്നു. പക്ഷേ തന്റെ തീരുമാനം ഉൾക്കൊള്ളാനും തന്റെ വീക്ഷണം മനസ്സിലാക്കാനും യഹോവ അബ്രാഹാമിന് സാവകാശം നൽകുകയായിരുന്നു. യഹോവയുടെ കരുണയും നീതിയും എത്രയധികമാണെന്നു ഗ്രഹിക്കാൻ അബ്രാഹാമിന് അങ്ങനെ അവസരം ലഭിച്ചു. അതെ, ഒരു സുഹൃത്തിനോടെന്നപോലെയാണ് യഹോവ അവനോട് ഇടപെട്ടത്.—യെശ. 41:8; യാക്കോ. 2:23.
നമുക്കുള്ള പാഠങ്ങൾ
19. നമുക്കെങ്ങനെ ഇയ്യോബിനെ അനുകരിക്കാം?
19 ‘യഹോവയുടെ മനസ്സിനെക്കുറിച്ച്’ ഈ ലേഖനത്തിൽ നാം എന്താണ് പഠിച്ചത്? ദൈവവചനത്തിൽനിന്നു ഗ്രഹിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം നാം യഹോവയുടെ മനസ്സ് അറിയാൻ ശ്രമിക്കേണ്ടത്. നമ്മുടെ പരിമിതികൾ യഹോവയ്ക്കുണ്ടെന്ന് നാം ഒരിക്കലും കരുതരുത്; നമ്മുടെ നിലവാരങ്ങളുടെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ അവനെ വിധിക്കുകയുമരുത്. ഇയ്യോബ് പറഞ്ഞു: “ഞാൻ അവനോടു (ദൈവത്തോട്) പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.” (ഇയ്യോ. 9:32) യഹോവയുടെ മനസ്സ് അറിഞ്ഞുതുടങ്ങുമ്പോൾ നമ്മളും ഇയ്യോബിനെപ്പോലെ പറയാൻ പ്രേരിതരാകും: “എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?”—ഇയ്യോ. 26:14.
20. ഒരു തിരുവെഴുത്തു ഭാഗം മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ നാം എന്തു ചെയ്യണം?
20 ഒരു തിരുവെഴുത്തു ഭാഗം വായിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട യഹോവയുടെ വീക്ഷണം നമുക്ക് മനസ്സിലാകുന്നില്ലെങ്കിൽ എന്തു ചെയ്യണം? ആ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയശേഷവും വ്യക്തമായ ഉത്തരം ലഭിക്കുന്നില്ലെങ്കിൽ യഹോവയിലുള്ള നമ്മുടെ വിശ്വാസത്തിന്റെ ഒരു പരിശോധനയായി അതിനെ കാണുക. തിരുവെഴുത്തുകളിലെ ചില പ്രസ്താവനകൾ യഹോവയുടെ ഗുണങ്ങളിലുള്ള നമ്മുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. ദൈവം ചെയ്യുന്നതെല്ലാം മനസ്സിലാക്കാൻ നമുക്കാവില്ല എന്ന കാര്യം താഴ്മയോടെ നമുക്ക് സമ്മതിക്കാം. (സഭാ. 11:5) പൗലോസ് അപ്പൊസ്തലന്റെ ഈ വാക്കുകൾ എത്ര അർഥവത്താണ്: “ഹാ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം! അവന്റെ ന്യായവിധികൾ എത്ര അപ്രമേയം! അവന്റെ വഴികൾ എത്ര ദുർഗ്രഹം! യഹോവയുടെ മനസ്സ് അറിഞ്ഞവൻ ആർ? അവന് ഉപദേഷ്ടാവായവൻ ആർ? പ്രതിഫലത്തിനായി അവനു ദാനം കൊടുത്തിട്ടുള്ളവൻ ആർ? സകലതും അവനിൽനിന്നും അവനിലൂടെയും അവനുവേണ്ടിയും ഉള്ളവയല്ലോ. അവന് എന്നേക്കും മഹത്ത്വം. ആമേൻ.”—റോമ. 11:33-36.
[അടിക്കുറിപ്പുകൾ]
a സംഖ്യാപുസ്തകം 14:11-20-ൽ സമാനമായ ഒരു വിവരണം കാണാം.
b “എന്നെ വിടുക” എന്ന് പുറപ്പാടു 32:10-ൽ തർജമ ചെയ്തിരിക്കുന്ന എബ്രായ ശൈലിയെ ഒരു ക്ഷണമായി കണക്കാക്കാം എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. യഹോവയ്ക്കും ജനത്തിനും ഇടയ്ക്ക് നിൽക്കാൻ അഥവാ മധ്യസ്ഥത വഹിക്കാൻ മോശയെ ക്ഷണിച്ചതിന്റെ, അവന് അനുവാദം കൊടുത്തതിന്റെ സൂചനയായിരിക്കാം അത് എന്നാണ് അവർ പറയുന്നത്. (സങ്കീ. 106:23; യെഹെ. 22:30) എന്തായിരുന്നാലും, തന്റെ അഭിപ്രായം തുറന്നുപറയാൻ മോശയ്ക്ക് സ്വാതന്ത്ര്യം തോന്നി.
ഓർമിക്കുന്നുവോ?
• നമ്മുടേതായ അളവുകോലുകൾവെച്ച് യഹോവയെ അളക്കുന്നത് ഒഴിവാക്കാൻ നമുക്കെങ്ങനെ കഴിയും?
• യേശുവിന്റെ പ്രവൃത്തികൾ മനസ്സിലാക്കുന്നത് “യഹോവയുടെ സഖിത്വം” നേടാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
• മോശയും അബ്രാഹാമുമായുള്ള യഹോവയുടെ സംഭാഷണങ്ങളിൽനിന്ന് നിങ്ങൾ എന്തു പാഠം പഠിച്ചു?
[5-ാം പേജിലെ ചിത്രങ്ങൾ]
മോശയോടും അബ്രാഹാമിനോടും യഹോവ ഇടപെട്ട വിധത്തിൽനിന്ന് അവന്റെ ചിന്തയെക്കുറിച്ച് നമുക്കെന്തു പഠിക്കാം?