സഭാപ്രസംഗകൻ
7 വിശേഷതൈലത്തെക്കാൾ സത്പേര്*+ നല്ലത്. ജനനദിവസത്തെക്കാൾ മരണദിവസവും നല്ലത്. 2 വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്.+ അതാണല്ലോ എല്ലാ മനുഷ്യന്റെയും അവസാനം. ജീവിച്ചിരിക്കുന്നവർ ഇതു മനസ്സിൽപ്പിടിക്കണം. 3 ചിരിയെക്കാൾ വ്യസനം നല്ലത്.+ കാരണം, മുഖത്തെ ദുഃഖം ഹൃദയത്തിനു ഗുണം ചെയ്യുന്നു.+ 4 ബുദ്ധിമാന്റെ ഹൃദയം വിലാപഭവനത്തിലാണ്, മണ്ടന്മാരുടെ ഹൃദയമോ ആനന്ദഭവനത്തിലും.*+
5 വിഡ്ഢികളുടെ പാട്ടു കേൾക്കുന്നതിനെക്കാൾ ബുദ്ധിമാന്റെ ശകാരം കേൾക്കുന്നതു+ നല്ലത്. 6 കലത്തിന്റെ അടിയിലെ തീയിൽ മുള്ള് എരിഞ്ഞുപൊട്ടുന്ന ശബ്ദംപോലെയാണു വിഡ്ഢിയുടെ ചിരി.+ ഇതും വ്യർഥതയാണ്. 7 പക്ഷേ, അടിച്ചമർത്തലിന് ഇരയായാൽ ബുദ്ധിമാനും ഭ്രാന്തനായേക്കാം. കൈക്കൂലി ഹൃദയത്തെ ദുഷിപ്പിക്കുന്നു.+
8 ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്. അഹങ്കാരഭാവത്തെക്കാൾ ക്ഷമാശീലം നല്ലത്.+ 9 പെട്ടെന്നു നീരസപ്പെടരുത്.+ നീരസം വിഡ്ഢികളുടെ ഹൃദയത്തിലല്ലേ ഇരിക്കുന്നത്?*+
10 “കഴിഞ്ഞ കാലം ഇപ്പോഴത്തെക്കാൾ നല്ലതായിരുന്നതിന്റെ കാരണം എന്ത്” എന്നു നീ ചോദിക്കരുത്. നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.+
11 പൈതൃകസ്വത്തുകൂടിയുണ്ടെങ്കിൽ ജ്ഞാനം ഏറെ നല്ലത്. പകൽവെളിച്ചം കാണുന്നവർക്കെല്ലാം* അതു ഗുണം ചെയ്യും. 12 കാരണം, പണം ഒരു സംരക്ഷണമായിരിക്കുന്നതുപോലെ+ ജ്ഞാനവും ഒരു സംരക്ഷണമാണ്.+ പക്ഷേ, അറിവിന്റെ മേന്മ ഇതാണ്: ജ്ഞാനം ഒരുവന്റെ ജീവനെ സംരക്ഷിക്കുന്നു.+
13 സത്യദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കുക. ദൈവം വളച്ചത് ആർക്കു നേരെയാക്കാൻ കഴിയും?+ 14 നല്ല ദിവസത്തിൽ അതിന്റെ നന്മയെ പ്രതിഫലിപ്പിക്കുക.+ പക്ഷേ ദുരന്തദിവസത്തിൽ, ആ ദിവസംപോലെതന്നെ ഈ ദിവസവും ദൈവം ഒരുക്കിയെന്ന കാര്യം ഓർക്കുക.+ അതുകൊണ്ടുതന്നെ, തങ്ങൾക്കു ഭാവിയിൽ സംഭവിക്കാൻപോകുന്നതൊന്നും മനുഷ്യർക്കു മുന്നമേ കൃത്യമായി അറിയാനാകില്ല.+
15 എന്റെ വ്യർഥജീവിതത്തിൽ+ ഞാൻ എല്ലാം കണ്ടിട്ടുണ്ട്. നീതി പ്രവർത്തിക്കുമ്പോൾത്തന്നെ മരിച്ചുപോകുന്ന നീതിമാനെയും+ അതേസമയം, തെറ്റുകൾ ചെയ്തിട്ടും ദീർഘകാലം ജീവിക്കുന്ന ദുഷ്ടനെയും ഞാൻ കണ്ടിരിക്കുന്നു.+
16 അതിനീതിമാനായിരിക്കരുത്;+ അതിബുദ്ധിമാനായി ഭാവിക്കാനും പാടില്ല.+ എന്തിനു നീ നാശം വിളിച്ചുവരുത്തണം?+ 17 അതിദുഷ്ടനായിരിക്കരുത്; വിഡ്ഢിയായിരിക്കുകയുമരുത്.+ എന്തിനു നീ നിന്റെ സമയത്തിനു മുമ്പേ മരിക്കണം?+ 18 ഇവയിൽ ഒരു മുന്നറിയിപ്പു വിട്ടുകളയാതെതന്നെ മറ്റേതും മുറുകെ പിടിക്കുന്നതാണ് ഏറ്റവും നല്ലത്.+ ദൈവത്തെ ഭയപ്പെടുന്നവൻ അതു രണ്ടും ഗൗനിക്കും.
19 ബുദ്ധിമാന്റെ ജ്ഞാനം നഗരത്തിലെ പത്തു ബലവാന്മാരെക്കാൾ അവനെ ശക്തനാക്കുന്നു.+ 20 ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ലല്ലോ.+
21 ആളുകൾ പറയുന്ന ഓരോ വാക്കിനും വേണ്ടതിലധികം ശ്രദ്ധ കൊടുക്കരുത്.+ അല്ലെങ്കിൽ, നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാനിടയാകും. 22 നീതന്നെ പലപ്പോഴും മറ്റുള്ളവരെ ശപിച്ചിട്ടുണ്ടെന്ന് ഉള്ളിന്റെ ഉള്ളിൽ നിനക്കു നന്നായി അറിയാമല്ലോ.+
23 “ഞാൻ ബുദ്ധിമാനാകും” എന്നു പറഞ്ഞ് ഇവയെല്ലാം ഞാൻ എന്റെ ജ്ഞാനം ഉപയോഗിച്ച് പരിശോധിച്ചു. പക്ഷേ, അത് എനിക്ക് അപ്രാപ്യമായിരുന്നു. 24 ഉള്ളതെല്ലാം എന്റെ കൈയെത്താദൂരത്താണ്. അവ വളരെ ആഴമുള്ളവയുമാണ്. ആർക്ക് അവ ഗ്രഹിക്കാനാകും?+ 25 ജ്ഞാനം, കാര്യങ്ങൾക്കു പിന്നിലെ കാരണം എന്നിവയെക്കുറിച്ച് അറിയാനും അപഗ്രഥിക്കാനും അന്വേഷിക്കാനും ഞാൻ ഹൃദയം തിരിച്ചു. മണ്ടത്തരത്തിന്റെ ദുഷ്ടതയും ഭ്രാന്തിന്റെ വിവരക്കേടും ഗ്രഹിക്കാനും ഞാൻ മനസ്സുവെച്ചു.+ 26 തുടർന്ന്, ഞാൻ ഇതു കണ്ടെത്തി: വേട്ടക്കാരന്റെ വലപോലുള്ള ഒരു സ്ത്രീ മരണത്തെക്കാൾ കയ്പേറിയവളാണ്. അവളുടെ ഹൃദയം മീൻവലകൾപോലെയും കൈകൾ തടവറയിലെ ചങ്ങലകൾപോലെയും ആണ്. സത്യദൈവത്തെ പ്രസാദിപ്പിക്കുന്നവൻ അവളിൽനിന്ന് രക്ഷപ്പെടും.+ പാപിയോ അവളുടെ പിടിയിലാകും.+
27 “ഞാൻ കണ്ടെത്തിയത് ഇതാണ്” എന്നു സഭാസംഘാടകൻ+ പറയുന്നു: “ഒരു നിഗമനത്തിലെത്താൻ കാര്യങ്ങൾ ഒന്നൊന്നായി പരിശോധിച്ചെങ്കിലും 28 ഞാൻ നിരന്തരം അന്വേഷിച്ചതു കണ്ടെത്തിയിട്ടില്ല. ആയിരം പേരിൽ ഒരു പുരുഷനെ* ഞാൻ കണ്ടെത്തി. പക്ഷേ, അവരിൽ ഒരു സ്ത്രീയെ ഞാൻ കണ്ടെത്തിയില്ല. 29 ഒരു കാര്യം മാത്രം ഞാൻ കണ്ടെത്തിയിരിക്കുന്നു: സത്യദൈവം മനുഷ്യവർഗത്തെ നേരുള്ളവരായി സൃഷ്ടിച്ചു.+ അവർ പക്ഷേ പല കുടിലപദ്ധതികളും മനയുന്നു.”+