ത്രിത്വം
നിർവ്വചനം: ക്രൈസ്തവലോകത്തിലെ മതങ്ങളുടെ കേന്ദ്രോപദേശം. അത്താനാസിയോസിന്റെ വിശ്വാസപ്രമാണമനുസരിച്ച് മൂന്ന് ദിവ്യ ആളുകളുണ്ട് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്), അവരിൽ ഓരോരുത്തരും നിത്യനും, ഓരോരുത്തരും സർവ്വശക്തനും ആരും മററുളളവരിൽനിന്ന് വലുതോ ചെറുതോ അല്ലാത്തവനുമാണ് എന്ന് പറയപ്പെടുന്നു. ഓരോരുത്തരും ദൈവമാണ്, എന്നാൽ മൂന്നുപേരും കൂടെ ചേരുമ്പോഴും ഒരു ദൈവമെയുളളു എന്നും പറയപ്പെടുന്നു. ഈ മൂന്ന് “ആളുകൾ വേർപെട്ട, വെവ്വേറെയായ വ്യക്തികളല്ല മറിച്ച് ദിവ്യസാരാംശം അടങ്ങിയ മൂന്നു രൂപങ്ങൾ മാത്രമാണെന്നും ഈ വിശ്വാസപ്രമാണം സംബന്ധിച്ച മററു പ്രസ്താവനകൾ ഊന്നിപ്പറയുന്നു. അപ്രകാരം ചില ത്രിത്വവാദികൾ യേശുക്രിസ്തു ദൈവമാണെന്നും അല്ലെങ്കിൽ യേശുവും പരിശുദ്ധാരൂപിയും യഹോവ തന്നെയാണെന്നുമുളള തങ്ങളുടെ വിശ്വാസം ഊന്നിപ്പറയുന്നു. ഒരു ബൈബിൾ ഉപദേശമല്ല.
ത്രിത്വോപദേശം എവിടെനിന്ന് ഉത്ഭവിച്ചു?
ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “ത്രിത്വമെന്ന പദമോ അത്തരത്തിൽ വ്യക്തമായ ഒരു ഉപദേശമോ പുതിയനിയമത്തിൽ കാണപ്പെടുന്നില്ല, യേശുവും അവന്റെ അനുയായികളും: ‘ഇസ്രായേലേ കേൾക്ക: നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്’ (ആവ. 6:4) എന്ന പഴയനിയമത്തിലെ പ്രസ്താവനയെ എതിർക്കാൻ ഉദ്ദേശിച്ചതുമില്ല. . . . ത്രിത്വോപദേശം സാവകാശം അനേക നൂററാണ്ടുകളിലൂടെയും പല ഭിന്നതകളിലൂടെയുമാണ് വികാസം പ്രാപിച്ചത് . . . നാലാം നൂററാണ്ടിന്റെ അവസാനത്തോടെ ത്രിത്വോപദേശം ഏതാണ്ട് ഇന്നോളം നിലനിന്നുപോന്നിട്ടുളള രൂപം കൈക്കൊണ്ടു.”—(1976), മൈക്രോപ്പീഡിയ, വാല്യം X, പേ. 126.
ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം പറയുന്നു: ‘മൂന്നാളുകൾ ചേർന്നുളള ഒരു ദൈവം’ എന്ന നിർദ്ദിഷ്ട രൂപം നാലാം നൂററാണ്ടിനു മുമ്പ് ഉറപ്പായി സ്ഥാപിക്കപ്പെട്ടിരുന്നില്ല, തീർച്ചയായും ക്രിസ്തീയ ജീവിതത്തിലേക്കോ അതിന്റെ വിശ്വാസ പ്രമാണത്തിലേക്കോ സ്വീകരിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും ത്രിത്വ വിശ്വാസത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കൃത്യമായും ഈ നിർദ്ദിഷ്ട രൂപം തന്നെയാണ്. അപ്പോസ്തലിക പിതാക്കൻമാർക്കിടയിൽ അത്തരമൊരു മനോഭാവത്തോടൊ കാഴ്ചപ്പാടോടൊ വിദൂരത്തിലെങ്കിലും അടുത്തുവരുന്ന യാതൊന്നുമില്ലായിരുന്നു.”—(1967), വാല്യം XIV, പേ. 299.
ദി എൻസൈക്ലോപ്പീഡിയ അമേരിക്കാനായിൽ നാം ഇപ്രകാരം വായിക്കുന്നു: “ക്രിസ്ത്യാനിത്വം യഹൂദമതത്തിൽനിന്ന് വന്നിട്ടുളളതാണ്, യഹൂദമതമാകട്ടെ വളരെ കർശനമായി ഏകദൈവത്തിൽ [ദൈവം ഒരാൾ മാത്രമാണെന്ന്] വിശ്വസിച്ചിരുന്നു. യെരൂശലേമിൽ നിന്ന് നിഖ്യായിലേക്ക് നയിച്ച വഴി യാതൊരു പ്രകാരത്തിലും നേരായ ഒന്നായിരുന്നില്ല. നാലാം നൂററാണ്ടിലെ ത്രിത്വവാദം ദൈവത്തിന്റെ സ്വഭാവം സംബന്ധിച്ച ആദിമ ക്രിസ്ത്യാനികളുടെ പഠിപ്പിക്കലിനെ കൃത്യമായി പ്രതിഫലിപ്പിച്ചില്ല; മറിച്ച് അത് ഈ പഠിപ്പക്കലിൽ നിന്നുളള ഒരു വ്യതിചലനമായിരുന്നു.”—(1956), വാല്യം XXVII, പേ. 294L.
നോവേ ഡിക്ഷെനെയർ യൂണിവേഴ്സൽ പറയുന്നതനുസരിച്ച്, “ക്രിസ്തീയസഭകൾ പഠിപ്പിക്കുന്ന മൂന്നു ദിവ്യവ്യക്തികളടങ്ങിയ ത്രിത്വവിശ്വാസത്തിന് ജൻമം നൽകിയ ത്രിത്വഗുണങ്ങളുടെ തത്വജ്ഞാനപരമായ അടിസ്ഥാനം നൽകിയത് പ്ലേറേറാണിക ത്രിത്വവിശ്വാസമാണെന്ന് കാണാം, അതുതന്നെയും പുരാതന ജനതകളുടെ നേരത്തെയുളള ത്രിത്വങ്ങളുടെ പുനർക്രമീകരണം മാത്രമായിരുന്നു. . . . ദിവ്യത്രിത്വം സംബന്ധിച്ച ഈ ഗ്രീക്ക് തത്വചിന്തകന്റെ [പ്ലേറേറാ പൊ. യു. മു. 4-ാം നൂററാണ്ട്] ആശയം എല്ലാ പുരാതന [പുറജാതി] മതങ്ങളിലും കാണാൻ കഴിയും.”—(പാരീസ്, 1865-1870) എം. ലക്കാട്രേ എഡിററ് ചെയ്തത്, വാല്യം 2, പേ. 1467.
ഡിക്ഷനറി ഓഫ് ദി ബൈബിൾ എന്ന തന്റെ ഗ്രന്ഥത്തിൽ ജോൺ എൽ. മക്കൻസി, എസ്സ്. ജെ. പറയുന്നു: “ഏക സ്വഭാവത്തിലുളള മൂന്നാളുകൾ എന്ന ആശയം ‘വ്യക്തി’ ‘സ്വഭാവം’ എന്ന പദങ്ങളുപയോഗിച്ചാണ് നിർവ്വചിക്കപ്പെട്ടിരിക്കുന്നത്, അവയാകട്ടെ ഗ്രീക്ക് തത്വജ്ഞാനത്തിൽനിന്നും എടുത്തിട്ടുളള പദങ്ങളാണ്; വാസ്തവത്തിൽ അവ ബൈബിളിൽ കാണപ്പെടുന്നില്ല. ചില ദൈവശാസ്ത്രജ്ഞൻമാർ ഈ പദങ്ങളും ‘സാരാംശം’ ‘തത്വം’ എന്നിങ്ങനെയുളള മററു പല പദങ്ങളും തെററായി ദൈവത്തിനു ബാധകമാക്കിക്കൊണ്ട് ദീർഘകാലം വാഗ്വാദങ്ങൾ നടത്തിയതിന്റെ ഫലമായിട്ടാണ് ത്രിത്വത്തിനുളള നിർവ്വചനം ഉരുത്തിരിഞ്ഞു വന്നത്.”—(ന്യൂയോർക്ക്, 1965), പേ. 899.
ത്രിത്വവാദികൾതന്നെ സമ്മതിക്കുന്നതുപോലെ “ത്രിത്വം” എന്ന പദമോ ത്രിത്വവിശ്വാസത്തിന്റെ ഒരു പ്രഖ്യാപനമോ ബൈബിളിൽ കാണപ്പെടുന്നില്ലെങ്കിലും ആ വിശ്വാസത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആശയം അവിടെ കാണപ്പെടുന്നുണ്ടോ?
“പരിശുദ്ധാത്മാവ്” ഒരു വ്യക്തി ആണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
പരിശുദ്ധാത്മാവിനെ (“പരിശുദ്ധാരൂപിയെ,” KJ) പരാമർശിക്കുന്ന ചില ഒററപ്പെട്ട വാക്യങ്ങൾ ആളത്വത്തെ സൂചിപ്പിക്കുന്നതായി തോന്നിയേക്കാം. ഉദാഹരണത്തിന് പരിശുദ്ധാത്മാവിനെപ്പററി ‘പഠിപ്പിക്കുകയും’ ‘സാക്ഷ്യം വഹിക്കുകയും’ ‘സംസാരിക്കുകയും’ ‘കേൾക്കുകയും’ ചെയ്യുന്ന ഒരു സഹായി (ഗ്രീക്ക്, പാരക്ലിറേറാസ്; “ആശ്വാസകൻ,” KJ; “വക്താവ്,” JB, NE) എന്നനിലയിൽ പരാമർശിച്ചിരിക്കുന്നു. (യോഹ. 14:16, 17, 26; 15:26; 16:13) എന്നാൽ ആളുകൾ പരിശുദ്ധാത്മാവിനാൽ “നിറഞ്ഞു” എന്നും ചിലർ അതിൽ ‘സ്നാപനമേററു’ അല്ലെങ്കിൽ അതിനാൽ “അഭിഷേകം ചെയ്യപ്പെട്ടു” എന്നും മററു വാക്യങ്ങൾ പറയുന്നു. (ലൂക്കോ. 1:41; മത്താ. 3:11; പ്രവൃ. 10:38) പരിശുദ്ധാത്മാവിനെ സംബന്ധിച്ച ഈ പരാമർശനങ്ങൾ തീർച്ചയായും ഒരു ആളിന് യോജിക്കുന്നില്ല. ബൈബിൾ മൊത്തത്തിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് ഈ വാക്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. യുക്തിയനുസരിച്ച് നാം എന്തു നിഗമനത്തിലെത്തിച്ചേരുന്നു? ആദ്യം പറഞ്ഞ വാക്യങ്ങളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന് ആളത്വം ആരോപിക്കുന്ന ഒരു അലങ്കാരമാണ് ഉപയോഗിച്ചിരിക്കുന്നത്; ബൈബിൾ ജ്ഞാനത്തിനും പാപത്തിനും മരണത്തിനും ജലത്തിനും രക്തത്തിനും ആളത്വം ആരോപിക്കുന്നതുപോലെതന്നെ. (“ആത്മാവ്” എന്ന ശീർഷകത്തിൻ കീഴിൽ 380, 381 പേജുകൾ കൂടെ കാണുക.)
പിതാവിന്റെ വ്യക്തിപരമായ നാമം യഹോവ എന്നാണെന്ന് വിശുദ്ധ തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. പുത്രൻ യേശുക്രിസ്തുവാണെന്നും അവ നമ്മെ അറിയിക്കുന്നു. എന്നാൽ തിരുവെഴുത്തുകളിൽ ഒരിടത്തും പരിശുദ്ധാത്മാവിന് വ്യക്തിപരമായ ഒരു നാമം നൽകപ്പെട്ടിട്ടില്ല.
സ്തേഫാനോസിന് സ്വർഗ്ഗത്തിന്റെ ഒരു ദർശനം നൽകപ്പെട്ടു എന്നും അതിൽ “ദൈവത്തിന്റെ വലതുഭാഗത്ത് യേശു നിൽക്കുന്ന”തായി അവൻ കണ്ടു എന്നും പ്രവൃത്തികൾ 7:55, 56 റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ അവൻ പരിശുദ്ധാത്മാവിനെ കണ്ടതായി പറഞ്ഞില്ല. (വെളിപ്പാട് 7:10; 22:1, 3 കൂടെ കാണുക.)
ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “പു[തിയ] നി[യമ]ത്തിലെ ഭൂരിപക്ഷം വാക്യങ്ങളും പരിശുദ്ധാത്മാവിനെ ആരോ ആയിട്ടല്ല എന്തോ ആയിട്ടാണ് വെളിപ്പെടുത്തുന്നത്; വിശേഷിച്ചും ആത്മാവും ദൈവത്തിന്റെ ശക്തിയുമായിട്ടുളള സമാന്തരപ്രയോഗങ്ങളിൽ ഇതു കാണാൻ കഴിയും.” (1967, വാല്യം XIII, പേ. 575) അത് ഇപ്രകാരവും റിപ്പോർട്ടു ചെയ്യുന്നു: “വ്യപദേഷ്ടാക്കൾ [രണ്ടാം നൂററാണ്ടിലെ ക്രിസ്തീയ ഗ്രീക്ക് എഴുത്തുകാർ] ആത്മാവിനെപ്പററി വളരെ മടിച്ചു സംസാരിച്ചു; ഒരളവിലുളള മുൻവിചാരത്തോടെ വ്യക്തിത്വമാരോപിക്കാതെ എന്ന് പറയേണ്ടിയിരിക്കുന്നു.”—വാല്യം XIV, പേ. 296.
പിതാവും പുത്രനും വേർപെട്ടവരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളല്ല എന്ന് പഠിപ്പിക്കുന്നവരോട് ബൈബിൾ യോജിക്കുന്നുണ്ടോ?
മത്താ. 26:39, RS: “അൽപദൂരം കൂടി മുമ്പോട്ടുപോയി അവൻ [യേശുക്രിസ്തു] കമിഴ്ന്നു വീണു പ്രാർത്ഥിച്ചു, ‘പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് നീങ്ങിപ്പോകട്ടെ; എന്നാലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, നീ ഇച്ഛിക്കുന്നതുപോലെയാകട്ടെ.’” (പിതാവും പുത്രനും വ്യത്യസ്തവ്യക്തികളല്ലായിരുന്നെങ്കിൽ അത്തരം പ്രാർത്ഥന അർത്ഥശൂന്യമായിരിക്കുമായിരുന്നു. യേശു തന്നോടുതന്നെ പ്രാർത്ഥിക്കുകയായിരിക്കുമായിരുന്നു. അവന്റെ ഇഷ്ടം അവശ്യം അവന്റെ പിതാവിന്റെതുതന്നെ ആയിരിക്കുമായിരുന്നു.)
യോഹ. 8:17, 18, RS: “[യേശു യഹൂദ പരീശൻമാരോട് ഇങ്ങനെ മറുപടി പറഞ്ഞു:] രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമാണെന്ന് നിങ്ങളുടെ നിയമത്തിൽ എഴുതപ്പെട്ടിട്ടുണ്ടല്ലോ; ഞാൻ എനിക്കുതന്നെ സാക്ഷ്യം വഹിക്കുന്നു, എന്നെ അയച്ച പിതാവും എനിക്ക് സാക്ഷ്യം വഹിക്കുന്നു.” (അതുകൊണ്ട് പിതാവിൽ നിന്ന് വേർപെട്ട വ്യത്യസ്തനായ ഒരു വ്യക്തിയായിരിക്കുന്നതായി യേശു സുനിശ്ചിതമായി തന്നെപ്പററിത്തന്നെ പറഞ്ഞു.)
“യഹോവ” എന്നതിൻ കീഴിൽ 197, 198 പേജുകൾ കൂടെ കാണുക.
ത്രിത്വത്തിന്റെ ഭാഗമായി പറയപ്പെട്ടിരിക്കുന്നവരെല്ലാം നിത്യൻമാരാണെന്ന്, ആർക്കും ആരംഭമില്ലെന്ന്, ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
കൊലൊ. 1:15, 16, RS: “അവൻ [യേശുക്രിസ്തു] അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകല സൃഷ്ടിക്കും ആദ്യജാതനും ആകുന്നു; സ്വർഗ്ഗത്തിലുളളതും ഭൂമിയിലുളളതും എല്ലാം അവനിൽ സൃഷ്ടിക്കപ്പെട്ടു.” ഏതർത്ഥത്തിലാണ് യേശുക്രിസ്തു “സകല സൃഷ്ടിക്കും ആദ്യജാത”നായിരിക്കുന്നത്? (1) “ആദ്യജാതൻ” ഇവിടെ അർത്ഥമാക്കുന്നത് പ്രധാനപ്പെട്ട, ഏററം ശ്രേഷ്ഠനായ, ഏററം ശ്രദ്ധേയനായ എന്നാണ് എന്ന് ത്രിത്വവാദികൾ പറയുന്നു; അപ്രകാരം ക്രിസ്തു സൃഷ്ടിയുടെ ഭാഗമായിട്ടല്ല സൃഷ്ടിക്കപ്പെട്ടവയോടുളള ബന്ധത്തിൽ ഏററം ശ്രദ്ധേയനായിരിക്കുന്നതായി മനസ്സിലാക്കപ്പെടണം. അങ്ങനെയാണെങ്കിൽ, ത്രിത്വവിശ്വാസം ശരിയാണെങ്കിൽ പിതാവും പരിശുദ്ധാത്മാവും കൂടെ സകല സൃഷ്ടിക്കും ആദ്യജാതനായിരിക്കുന്നതായി പറയപ്പെടാത്തത് എന്തുകൊണ്ടാണ്? എന്നാൽ ബൈബിൾ ഇത് പുത്രനുവേണ്ടി മാത്രമേ ഉപയോഗിക്കുന്നുളളു. “ആദ്യജാതൻ” എന്നതിന്റെ പതിവുളള അർത്ഥമനുസരിച്ച് യഹോവയുടെ പുത്രൻമാരുടെ കുടുംബത്തിൽ യേശു ഏററം മൂത്തവനാണ് എന്ന് അത് സൂചിപ്പിക്കുന്നു. (2) കൊലൊസ്സ്യർ 1:15-ന് മുമ്പായി “ആദ്യജാതൻ” എന്ന പദപ്രയോഗം ബൈബിളിൽ 30-ലധികം പ്രാവശ്യം കാണപ്പെടുന്നു. ഓരോതവണയും ജീവികൾക്ക് അത് ഉപയോഗിക്കപ്പെട്ടിരിക്കുന്നിടത്ത് ഒരേ അർത്ഥമാണുളളത്—ആദ്യജാതൻ ആ കൂട്ടത്തിന്റെ ഭാഗമാണ്. “ഇസ്രായേലിന്റെ ആദ്യജാതൻ” ഇസ്രായേലിന്റെ പുത്രൻമാരിൽ ഒരാളാണ്; “ഫറവോന്റെ ആദ്യജാതൻ” ഫറവോന്റെ കുടുംബത്തിൽപെട്ടവനാണ്; “മൃഗത്തിന്റെ കടിഞ്ഞൂലുകളും” മൃഗങ്ങൾ തന്നെയാണ്. അപ്പോൾ പിന്നെ അതിന് കൊലൊസ്സ്യർ 1:15-ൽ ചിലർ ഒരു വ്യത്യസ്തമായ അർത്ഥം കൊടുക്കാൻ ഇടയാക്കുന്നത് എന്താണ്? അത് ബൈബിളിലെ പദപ്രയോഗമാണോ അതോ അത് അവർ നേരത്തെ മുറുകെ പിടിച്ചിരിക്കുന്നതും തെളിവന്വേഷിക്കുന്നതുമായ ഒരു വിശ്വാസമാണോ? (3) “അവനിൽ എല്ലാം സൃഷ്ടിക്കപ്പെട്ടു . . . അവനിലൂടെയും അവനായിട്ടും എല്ലാം സൃഷ്ടിക്കപ്പെട്ടു” എന്ന് കൊലൊസ്സ്യർ 1:16, 17 (RS) പറയുമ്പോൾ അത് സൃഷ്ടിക്കപ്പെട്ടവയിൽനിന്ന് യേശുവിനെ ഒഴിവാക്കി നിർത്തുന്നുണ്ടോ? “എല്ലാം” എന്ന് ഇവിടെ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക് വാക്ക് പാസ് എന്നതിന്റെ ഒരു വിഭക്തി രൂപമായ പാൻററാ ആണ്. ലൂക്കോസ് 13:2-ൽ RS അത് “മറെറല്ലാം” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്; JB “മറെറന്തും” എന്ന് വായിക്കപ്പെടുന്നു. NE “മററാരെയും” എന്ന് പറയുന്നു. (ലൂക്കോസ് 21:29 NE-യിലും ഫിലിപ്പ്യർ 2:21 JB-യിലും കൂടെ കാണുക.) പുത്രനെ സംബന്ധിച്ച് ബൈബിൾ പറയുന്ന മറെറല്ലാററിനോടുമുളള ചേർച്ചയിൽ കൊലൊസ്സ്യർ 1:16,17-ലെ പാൻററാക്ക് NW അതേ അർത്ഥം തന്നെ കൊടുക്കുന്നു; അതുകൊണ്ട് ഭാഗികമായി അത് ഇങ്ങനെ വായിക്കപ്പെടുന്നു, “അവൻ മുഖാന്തരം മറെറല്ലാം സൃഷ്ടിക്കപ്പെട്ടു . . . മറെറല്ലാം അവനിലൂടെയും അവനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടു.” അപ്രകാരം അവൻ സൃഷ്ടിക്കപ്പെട്ട ഒരുവനായി, ദൈവത്താൽ ഉൽപാദിപ്പിക്കപ്പെട്ട സൃഷ്ടിയുടെ ഭാഗമായിരിക്കുന്നതായി കാണിക്കപ്പെട്ടിരിക്കുന്നു.
വെളി. 1:1; 3:14, RS: “യേശുക്രിസ്തുവിന്റെ വെളിപ്പാട്, ദൈവം അത് അവനു കൊടുത്തു . . . ‘ലാവോദിക്യ സഭയുടെ ദൂതന് എഴുതുക: “വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടിയുടെ ആരംഭവും [ഗ്രീക്ക്, ആർക്കേ] ആയ ആമേൻ പറയുന്നു.”’” (KJ, Dy, CC, NW എന്നിവയും മററുളളവയും സമാനമായി വായിക്കപ്പെടുന്നു.) ആ വിവർത്തനം ശരിയാണോ? പുത്രൻ ‘ദൈവത്തിന്റെ സൃഷ്ടിയുടെ ആരംഭകൻ’ ആണ്, അവൻ അതിന്റെ ‘ആത്യന്തിക ഉറവായിരുന്നു’ എന്നാണ് അർത്ഥമാക്കപ്പെട്ടിരിക്കുന്നത് എന്നത്രെ ചിലർ കൈക്കൊണ്ടിരിക്കുന്ന വീക്ഷണം. എന്നാൽ ലിഡലിന്റെയും സ്കോട്ടിന്റെയും ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ ആർക്കെയുടെ ആദ്യ അർത്ഥമായി കൊടുത്തിരിക്കുന്നത് “ആരംഭം” എന്നാണ്. (ഓക്സ്ഫോർഡ്, 1968, പേ. 252) വെളിപ്പാട് 3:14-ൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ഒരു സൃഷ്ടിയാണെന്നും, ദൈവത്തിന്റെ സൃഷ്ടികളിൽ ആദ്യത്തവനാണെന്നും അവന് ഒരു ആരംഭം ഉണ്ടെന്നും ഉളളതാണ് യുക്ത്യാനുസൃതമായ നിഗമനം. അനേകം ബൈബിൾ വ്യാഖ്യാതാക്കൾ സമ്മതിക്കുന്നപ്രകാരം പുത്രൻ വ്യക്തിത്വമാരോപിക്കപ്പെട്ട ജ്ഞാനമായി പരാമർശിക്കപ്പെട്ടിരിക്കുന്നിടമായ സദൃശവാക്യങ്ങൾ 8:22 താരതമ്യം ചെയ്യുക. RS, NE, JB എന്നിവയെല്ലാം അനുസരിച്ച് അവിടെ സംസാരിക്കുന്നയാൾ “സൃഷ്ടിക്കപ്പെട്ട”തായി പറയപ്പെട്ടിരിക്കുന്നു.)
മശിഹായെ സംബന്ധിച്ച് പ്രവാചകപരമായി മീഖാ 5:2 (KJ) പറയുന്നു: “അവന്റെ പുറപ്പാട് പണ്ടേയുളളത്, നിത്യതയിൽ നിന്നുതന്നെ ഉളളതാകുന്നു.” Dy ഇപ്രകാരം വായിക്കപ്പെടുന്നു: “അവന്റെ പുറപ്പാട് ആരംഭത്തിൽ തന്നെ, നിത്യതയുടെ നാളുകളിൽ നിന്നുതന്നെയുളളത്.” അത് അവനെ ദൈവത്തെപ്പോലെതന്നെ ആക്കുന്നുണ്ടോ? “നിത്യതയുടെ നാളുകളിൽ” എന്ന് പറയുന്നതിനുപകരം ആ എബ്രായ പദപ്രയോഗം RS, “പുരാതന നാളുകളിൽ” എന്നും JB, “പണ്ടേയുളള നാളുകളിൽ” എന്നും NW, “അനിശ്ചിതകാല നാളുകളിൽ” എന്നും വിവർത്തനം ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധാർഹമാണ്. മുകളിൽ ചർച്ചചെയ്യപ്പെട്ട വെളിപ്പാട് 3:14-ന്റെ വെളിച്ചത്തിൽ വീക്ഷിക്കപ്പെടുമ്പോൾ യേശുവിന് ആരംഭമില്ലായിരുന്നു എന്ന് മീഖാ 5:2 തെളിയിക്കുന്നില്ല.
ത്രിത്വത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നവരിൽ ആരും മററുളളവരേക്കാൾ വലിയവരോ ചെറിയവരോ അല്ലെന്നും എല്ലാവരും തുല്യരും എല്ലാവരും സർവ്വശക്തരുമാണെന്നും ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
മർക്കോ. 13:32, RS: “ആ നാളും നാഴികയും സംബന്ധിച്ച് പിതാവല്ലാതെ സ്വർഗ്ഗത്തിലെ ദൂതൻമാരോ പുത്രനോ കൂടെ അറിയുന്നില്ല.” (പിതാവും പുത്രനും പരിശുദ്ധാത്മാവും ഒത്തുചേർന്ന് ഒരു ദൈവ ശിരസ്സായിരിക്കുന്ന തുല്യരായിരുന്നെങ്കിൽ തീർച്ചയായും സംഗതി അങ്ങനെയായിരിക്കുമായിരുന്നില്ല. ചിലർ നിർദ്ദേശിക്കുന്നതുപോലെ തന്റെ മനുഷ്യ പ്രകൃതത്താലാണ് പുത്രൻ പരിമിതിയുളളവനായിരുന്നതെങ്കിൽ പരിശുദ്ധാത്മാവിന് എന്തുകൊണ്ടാണ് അറിയാൻ പാടില്ലാഞ്ഞത് എന്ന ചോദ്യം അവശേഷിക്കുന്നു.)
മത്താ. 20:20-23, RS: “സെബദീപുത്രൻമാരുടെ അമ്മ . . . അവനോട് [യേശുവിനോട്] പറഞ്ഞു: ‘എന്റെ ഈ പുത്രൻമാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ നിന്റെ ഇടത്തും ഇരിക്കാൻ കൽപിച്ചാലും.’ എന്നാൽ യേശു ഉത്തരമായി പറഞ്ഞു: . . . ‘നിങ്ങൾ എന്റെ പാനപാത്രം കുടിക്കും, എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കാനുളള വരം നൽകുക എന്നത് എന്റേതല്ല; എന്റെ പിതാവ് അത് ആർക്കായി ഒരുക്കിയിരിക്കുന്നുവോ അവർക്ക് അത് കിട്ടും.’” (ചിലർ അവകാശപ്പെടുന്നതുപോലെ യേശു ദൈവമാണെങ്കിൽ ഇത് എത്ര വിചിത്രമായിരിക്കുന്നു! യേശു ഇവിടെ കേവലം “മനുഷ്യ സ്വഭാവ”മനുസരിച്ച് ഉത്തരം പറയുകയായിരുന്നോ? ത്രിത്വവാദികൾ പറയുന്നതുപോലെ യേശു വാസ്തവത്തിൽ “ദൈവ-മനുഷ്യൻ”—ഒരേ സമയം ദൈവവും മനുഷ്യനും, ഏതെങ്കിലും ഒന്നല്ല—ആയിരുന്നെങ്കിൽ അത്തരമൊരു വിശദീകരണം കൊടുക്കുന്നത് പരസ്പര യോജിപ്പിലായിരിക്കുമോ? പുത്രൻ പിതാവിന് തുല്യനല്ലെന്നും പിതാവ് തനിക്കായിത്തന്നെ ചില അവകാശങ്ങൾ നീക്കിവച്ചിട്ടുണ്ടെന്നുമല്ലേ മത്തായി 20:23 കാണിക്കുന്നത്?)
മത്താ. 12:31, 32, RS: “സകല പാപവും ദൂഷണവും മനുഷ്യരോട് ക്ഷമിക്കപ്പെടും, എന്നാൽ ആത്മാവിന് നേരെയുളള ദൂഷണമോ ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനു നേരെ ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ ആരെങ്കിലും സംസാരിച്ചാലോ ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും അവനോട് ക്ഷമിക്കപ്പെടുകയില്ല.” (പരിശുദ്ധാത്മാവ് ഒരു ആളായിരിക്കുകയും ദൈവമായിരിക്കുകയുമാണെങ്കിൽ ഈ വാക്യം ത്രിത്വവിശ്വാസത്തിന് നേരെ വിപരീതമായിരിക്കും, കാരണം ഏതോ വിധത്തിൽ പരിശുദ്ധാത്മാവ് പുത്രനേക്കാൾ വലിയവനാണെന്ന് അത് അർത്ഥമാക്കും. മറിച്ച് “ആത്മാവ്” ആരുടേതായിരിക്കുന്നുവോ ആ പിതാവ് മനുഷ്യപുത്രനായ യേശുവിനേക്കാൾ വലിയവനാണ് എന്നാണ് യേശുവിന്റെ വാക്കുകൾ കാണിക്കുന്നത്.)
യോഹ. 14:28, RS: “[യേശു പറഞ്ഞു:] നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; എന്തുകൊണ്ടെന്നാൽ പിതാവ് എന്നെക്കാൾ വലിയവനാകുന്നു.”
1 കൊരി. 11:3, RS: “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല അവളുടെ ഭർത്താവ്, ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” (അപ്പോൾ വ്യക്തമായും ക്രിസ്തു ദൈവമല്ല, ദൈവത്തിന് ക്രിസ്തുവിനേക്കാൾ ഉയർന്ന സ്ഥാനമാണുളളത്. ഇത് ക്രിസ്തു സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോയി ഏതാണ്ട് 22 വർഷം കഴിഞ്ഞ് പൊ. യു. ഏതാണ്ട് 55-ൽ ആണ് എഴുതപ്പെട്ടത് എന്ന് കുറിക്കൊളളുക. അതുകൊണ്ട് ഇവിടെ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന സത്യം സ്വർഗ്ഗത്തിലായിരിക്കുന്ന ദൈവവും ക്രിസ്തുവും തമ്മിലുളള ബന്ധത്തിന് ബാധകമാകുന്നു.)
1 കൊരി. 15:27, 28, RS: “‘ദൈവം സകലവും അവന്റെ [യേശുവിന്റെ] കാൽക്കീഴാക്കിയിരിക്കുന്നു.’ എന്നാൽ ‘സകലവും അവന്റെ കീഴിലാക്കിയിരിക്കുന്നു’ എന്നു പറയുമ്പോൾ സകലവും അവന് കാൽക്കീഴാക്കിക്കൊടുത്തവൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് സ്പഷ്ടമാണ്. സകലവും അവന് കീഴ്പ്പെട്ടു വന്നശേഷം ദൈവം സകലർക്കും സകലവും ആകേണ്ടതിന് പുത്രൻ തന്നെയും സകലവും കീഴാക്കിക്കൊടുത്തവന് കീഴ്പ്പെട്ടിരിക്കും.”
ഷദ്ദായി എന്ന എബ്രായ പദവും പന്റോക്രാത്തോർ എന്ന ഗ്രീക്കു പദവും “സർവ്വശക്തൻ” എന്നാണ് വിവർത്തനം ചെയ്യപ്പെടുന്നത്. മൂലഭാഷകളിലെ ഈ രണ്ടു പദങ്ങളും പിതാവായ യഹോവക്കാണ് ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത്. (പുറ. 6:3; വെളി. 19:6) ഈ പദങ്ങളിൽ ഒന്നും പുത്രനോ പരിശുദ്ധാത്മാവിനോ വേണ്ടി ഒരിക്കലും ഉപയോഗിച്ചിട്ടില്ല.
ത്രിത്വത്തിന്റെ ഭാഗമാണെന്ന് പറയപ്പെട്ടിരിക്കുന്ന ഓരോരുത്തരും ദൈവമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
പ്രാർത്ഥനയിൽ യേശു പറഞ്ഞു: “പിതാവേ, . . . ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ.” (യോഹ. 17:1-3, RS; ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.) (മിക്ക ഭാഷാന്തരങ്ങളും പിതാവിനോടുളള ബന്ധത്തിൽ “ഏകസത്യദൈവം” എന്ന പദപ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്. “ആര് മാത്രം യഥാർത്ഥത്തിൽ ദൈവമായിരിക്കുന്നുവോ” എന്നാണ് NE വായിക്കപ്പെടുന്നത്. അവനെപ്പോലെ മററു രണ്ടുപേർകൂടി അവനായിരിക്കുന്ന അതേ രീതിയിൽ ദൈവമായിട്ടുണ്ടെങ്കിൽ അവന് “ഏക സത്യദൈവമോ” “താൻ മാത്രം യഥാർത്ഥത്തിൽ ദൈവമായിരിക്കുന്നവനോ” ആയിരിക്കാൻ കഴിയുകയില്ല, ഉവ്വോ? “ദൈവങ്ങ”ളെന്നു പരാമർശിക്കപ്പെട്ടിരിക്കുന്ന മററുളളവരെല്ലാം ഒന്നുകിൽ വ്യാജദൈവങ്ങളോ അല്ലെങ്കിൽ സത്യദൈവത്തിന്റെ വെറും പ്രതിബിംബങ്ങളോ മാത്രമായിരിക്കണം.)
1 കൊരി. 8:5, 6, RS: “ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്ന് വിളിക്കപ്പെടുന്നവർ ഉണ്ടായിരുന്നേക്കാമെങ്കിലും—വാസ്തവത്തിൽ അനേകം ‘ദൈവങ്ങളും’ അനേകം ‘കർത്താക്കൻമാരും’ ഉണ്ട്—പിതാവായ ഏക ദൈവമെ നമുക്കുളളു; അവനിൽ നിന്ന് സകലവും ഉണ്ടായി, അവനായി നാം സ്ഥിതിചെയ്യുന്നു. യേശക്രിസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്, അവൻ മുഖാന്തരമാണ് സകലവും, അവൻ മുഖാന്തരം നാമും സ്ഥിതിചെയ്യുന്നു. (ഇത് പിതാവിനെ ക്രിസ്ത്യാനികളുടെ “ഏക ദൈവ”മായിട്ടും യേശുക്രിസ്തുവിൽ നിന്ന് തികച്ചും വ്യത്യസ്തനായിട്ടും അവതരിപ്പിക്കുന്നു.)
1 പത്രോ. 1:3, RS: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ!” (യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷവും തിരുവെഴുത്തുകൾ ആവർത്തിച്ച് പിതാവിനെ യേശുക്രിസ്തുവിന്റെ “ദൈവ”മെന്ന് പരാമർശിക്കുന്നു. യേശുവിന്റെ പുനരുത്ഥാനശേഷം യോഹന്നാൻ 20:17-ൽ അവൻ തന്നെ പിതാവിനെക്കുറിച്ച് “എന്റെ ദൈവം” എന്ന് പറഞ്ഞു. പിന്നീട് സ്വർഗ്ഗത്തിലെത്തിയ ശേഷം വെളിപ്പാട് 3:12-ൽ അവൻ അതേ പദങ്ങൾ വീണ്ടും ഉപയോഗിച്ചു. എന്നാൽ ബൈബിളിൽ ഒരിടത്തും പിതാവ് പുത്രനെപ്പററി “എന്റെ ദൈവം” എന്നു പറഞ്ഞതായിട്ടോ പിതാവോ പുത്രനോ പരിശുദ്ധാത്മാവിനെക്കുറിച്ച് “എന്റെ ദൈവം” എന്ന് പറഞ്ഞതായിട്ടോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.)
ക്രിസ്തു ദൈവമാണ് എന്ന് തെളിയിക്കാനുളള ശ്രമത്തിൽ ചിലർ ഉപയോഗിക്കുന്ന തിരുവെഴുത്തുകളെ സംബന്ധിച്ചുളള വിവരങ്ങൾക്ക് “യേശുക്രിസ്തു” എന്ന ശീർഷകത്തിൻ കീഴിൽ 212-216 പേജുകൾ കാണുക
തിയൊളോജിക്കൽ ഇൻവെസ്ററിഗേഷൻസ് എന്ന ഗ്രന്ഥത്തിൽ കാൾ റാനർ, എസ്സ്. ജെ., ഇപ്രകാരം സമ്മതിച്ചു പറയുന്നു: “Θεός [ദൈവം] എന്നത് ആത്മാവിന് ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല,” “ὁ θεός [അക്ഷരാർത്ഥത്തിൽ ദൈവം, the God] എന്നത് πνεῦμα ἅγιον [പരിശുദ്ധാത്മാവി]നെ സംബന്ധിച്ച് പറയാൻ പുതിയ നിയമത്തിൽ ഒരിക്കലും ഉപയോഗിച്ചിട്ടില്ല.”—(ബാൾട്ടിമോർ, എംഡി.; 1961), ജർമ്മൻ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ടത്, വാല്യം I, പേ. 138, 143.
ത്രിത്വവാദികൾ തങ്ങളുടെ വിശ്വാസത്തെ പിന്താങ്ങാൻ ഉപയോഗിക്കുന്ന ഏതെങ്കിലും തിരുവെഴുത്തുകൾ ആ പഠിപ്പിക്കലിന് ഒരു ഉറച്ച അടിസ്ഥാനം നൽകുന്നുവോ?
ദൈവത്തെ സംബന്ധിച്ചുളള സത്യം അറിയാൻ വേണ്ടി യഥാർത്ഥമായി അന്വേഷിക്കുന്ന ഒരു വ്യക്തി അപ്പോൾതന്നെ താൻ വിശ്വസിക്കുന്ന കാര്യങ്ങളോട് യോജിപ്പിലാണെന്ന് വരുത്തിത്തീർക്കാൻ കഴിയുന്ന ഒരു വാക്യം കണ്ടുപിടിക്കാൻ ബൈബിൾ പരിശോധിക്കുകയല്ല ചെയ്യുന്നത്. ദൈവത്തിന്റെ വചനം തന്നെ എന്തു പറയുന്നു എന്നറിയാൻ അയാൾ ആഗ്രഹിക്കുന്നു. ഒന്നിലധികം വിധങ്ങളിൽ മനസ്സിലാക്കാവുന്ന വാക്യങ്ങൾ ഉണ്ട് എന്ന് അയാൾ കണ്ടെത്തിയേക്കാം, എന്നാൽ അതേ വിഷയം സംബന്ധിച്ച മററു ബൈബിൾ പ്രസ്താവനകളുമായി അവ താരതമ്യം ചെയ്യുമ്പോൾ അവയുടെ അർത്ഥം വ്യക്തമാകും. ത്രിത്വത്തിനു “തെളിവായി” ഉപയോഗിക്കപ്പെടുന്ന മിക്കവാക്യങ്ങളും മൂന്നല്ല രണ്ടുപേരെ മാത്രമേ പരാമർശിക്കുന്നുളളു എന്ന് ആദ്യം തന്നെ കുറിക്കൊളേളണ്ടതാണ്; അതുകൊണ്ട് ആ വാക്യത്തിന് ത്രിത്വവാദികൾ നൽകുന്ന വിശദീകരണം ശരിയായിരുന്നാൽ തന്നെ ബൈബിൾ ത്രിത്വം പഠിപ്പിക്കുന്നു എന്ന് അവ തെളിയിക്കുന്നില്ല. പിൻവരുന്നവ പരിഗണിക്കുക:
(മററുപ്രകാരത്തിൽ സൂചിപ്പിക്കപ്പെടുന്നില്ലെങ്കിൽ തുടർന്നുളള ഭാഗത്ത് ഉദ്ധരിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകളെല്ലാം RS-ൽ നിന്നുളളവയാണ്.)
യഹോവക്കുളള സ്ഥാനപ്പേരുകൾ യേശുവിന് ഉപയോഗിച്ചിട്ടുളളതോ അങ്ങനെ ഉപയോഗിക്കപ്പെട്ടിരിക്കുന്നതായി ചിലർ അവകാശപ്പെടുന്നതോ ആയ വാക്യങ്ങൾ
ആൽഫയും ഒമേഗയും: ഈ സ്ഥാനപ്പേർ ഉചിതമായും ആർക്കുളളതാണ്? (1) വെളിപ്പാട് 1:8-ൽ അതിന്റെ ഉടമ സർവ്വശക്തനായ ദൈവമാണെന്ന് പറയപ്പെട്ടിരിക്കുന്നു. 11-ാം വാക്യത്തിൽ KJ അനുസരിച്ച് അത് തുടർന്നുളള വിവരണം യേശുക്രിസ്തുവായി തിരിച്ചറിയിക്കുന്ന ആളിന് ഉപയോഗിച്ചിരിക്കുന്നു. എന്നാൽ 11-ാം വാക്യത്തിലെ ആൽഫയും ഒമേഗയും എന്ന പ്രയോഗം വ്യാജമാണെന്ന് പണ്ഡിതൻമാർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് RS, NE, JB, NAB, Dy എന്നീ ഭാഷാന്തരങ്ങളിൽ അത് കാണപ്പെടുന്നില്ല. (2) വെളിപ്പാട് പുസ്തകത്തിന്റെ എബ്രായ ഭാഷയിലേക്കുളള പല വിവർത്തനങ്ങളും 8-ാം വാക്യത്തിൽ വിവരിച്ചിരിക്കുന്നത് യഹോവയെയാണെന്ന് തിരിച്ചറിയുന്നു, അതുകൊണ്ട് അവ അവിടെ ദൈവത്തിന്റെ വ്യക്തിപരമായ നാമം പുന:സ്ഥാപിച്ചിരിക്കുന്നു. NW, 1984-ലെ റഫറൻസ് പതിപ്പ്, കാണുക. (3) ആത്മീയ ജയശാലികളായിരിക്കുന്ന ക്രിസ്ത്യാനികൾ ആൽഫയും ഒമേഗയും എന്ന് വിളിക്കപ്പെടുന്നവന്റെ ‘പുത്രൻമാരാ’യിരിക്കും എന്ന് വെളിപ്പാട് 21:6, 7 സൂചിപ്പിക്കുന്നു. ആത്മാഭിഷിക്ത ക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിനോടുളള ബന്ധത്തെക്കുറിച്ച് അങ്ങനെ ഒരിക്കലും പറയപ്പെട്ടിട്ടില്ല. യേശു അവരെപ്പററി തന്റെ ‘സഹോദരൻമാർ’ എന്നാണ് പറഞ്ഞത്. (എബ്രാ. 2:11; മത്താ. 12:50; 25:40) എന്നാൽ യേശുവിന്റെ ആ ‘സഹോദരൻമാർ’ “ദൈവത്തിന്റെ പുത്രൻമാർ” എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്നു. (ഗലാ. 3:26; 4:6) (4) വെളിപ്പാട് 22:12-ൽ, TEV യേശു എന്ന പേരു കൂട്ടിച്ചേർത്തിരിക്കുന്നു, അതുകൊണ്ട് 13-ാം വാക്യത്തിലെ ആൽഫയും ഒമേഗയും യേശുവിന് ബാധകമാകുന്നതായി തോന്നാനിടയാക്കിയിരിക്കുന്നു. എന്നാൽ ഗ്രീക്കിൽ യേശു എന്ന പേര് അവിടെ കാണപ്പെടുന്നില്ല, മററു ഭാഷാന്തരങ്ങൾ അത് ഉൾപ്പെടുത്തുന്നതുമില്ല. (5) വെളിപ്പാട് 22:13-ൽ ആൽഫയും ഒമേഗയും “ആദിയും അന്തവും” ആയിരിക്കുന്നതായികൂടെ പറയപ്പെട്ടിരിക്കുന്നു, ആ പദങ്ങൾ വെളിപ്പാട് 1:17, 18-ൽ യേശുവിന് ഉപയോഗിച്ചിരിക്കുന്നു. സമാനമായി “അപ്പോസ്തലൻ” എന്ന പദം യേശുക്രിസ്തുവിനും അവന്റെ അനുയായികളിൽ ചിലർക്കും ഉപയോഗിച്ചിരിക്കുന്നു. അവർ ഒരേ ആളാണെന്നോ തുല്യസ്ഥാനമുളളവരാണെന്നോ അത് തെളിയിക്കുന്നില്ല, ഉവ്വോ? (എബ്രാ. 3:1) അതുകൊണ്ട് “ആൽഫയും ഒമേഗയും” എന്ന സ്ഥാനപ്പേര് പുത്രനല്ല സർവ്വശക്തനായ ദൈവമായ പിതാവിന് ബാധകമാകുന്നു എന്ന നിഗമനത്തിലേക്ക് തെളിവുകൾ വിരൽചൂണ്ടുന്നു.
രക്ഷകൻ: തിരുവെഴുത്തുകൾ ആവർത്തിച്ച് ദൈവത്തെ രക്ഷകൻ എന്ന് പരാമർശിക്കുന്നു. യെശയ്യാവ് 43:11-ൽ “ഞാനല്ലാതെ ഒരു രക്ഷകനുമില്ല” എന്ന് പോലും ദൈവം പറയുന്നു. യേശുവും രക്ഷകനെന്ന് വിളിക്കപ്പെട്ടിട്ടുളളതുകൊണ്ട് ദൈവവും യേശുവും ഒരാൾ തന്നെയാണോ? ഒരിക്കലുമല്ല. തീത്തോസ് 1:1-4-ൽ “നമ്മുടെ രക്ഷകനായ ദൈവത്തെ”ക്കുറിച്ചും പിന്നീട് “പിതാവായ ദൈവത്തെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തു”വിനെയും കുറിച്ചും പറയുന്നു. അതുകൊണ്ട് രണ്ടുപേരും രക്ഷകൻമാരാണ്. “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷകനായ ദൈവം” എന്ന് പറഞ്ഞുകൊണ്ട് യൂദാ 25 ആ ബന്ധം വ്യക്തമാക്കുന്നു. (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.) (പ്രവൃത്തികൾ 13:23 കൂടെ കാണുക.) ന്യായാധിപൻമാർ 3:9-ൽ യെശയ്യാവ് 43:11-ൽ ഉപയോഗിച്ചിരിക്കുന്ന അതേ എബ്രായ പദം (മൊശിയാ, “രക്ഷകൻ” അല്ലെങ്കിൽ “വിമോചകൻ” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്) ഇസ്രായേലിലെ ഒരു ന്യായാധിപനായിരുന്ന ഒത്നിയേലിന് ഉപയോഗിച്ചിരിക്കുന്നു. അത് തീർച്ചയായും ഒത്നിയേലിനെ യഹോവയാക്കിയില്ല, ഉവ്വോ? ഇസ്രായേലിന് രക്ഷ അല്ലെങ്കിൽ മോചനം കൈവരുത്തിയത് യഹോവ മാത്രമാണെന്നും ചുററുമുളള ജനതകളുടെ ദൈവങ്ങളിൽ നിന്ന് രക്ഷ വന്നില്ലെന്നുമാണ് 11-ാം വാക്യം അർത്ഥമാക്കുന്നത് എന്ന് യെശയ്യാവ് 43:1-12 വരെയുളള വാക്യങ്ങളുടെ ഒരു വായന കാണിച്ചുതരുന്നു.
ദൈവം: യെശയ്യാവ് 43:10-ൽ യഹോവ പറയുന്നു: “എനിക്കു മുമ്പേ ഒരു ദൈവവും ഉണ്ടാക്കപ്പെട്ടില്ല, എനിക്കുശേഷം ആരും ഉണ്ടാവുകയുമില്ല.” യെശയ്യാവ് 9:6-ൽ യേശുവിനെ പ്രവചനപരമായി “ശക്തനായ ദൈവം” എന്ന് വിളിച്ചിരിക്കുന്നതിനാൽ യേശു യഹോവതന്നെ ആയിരിക്കണം എന്നാണോ ഇതിന്റെ അർത്ഥം? വീണ്ടും അതിന്റെ സന്ദർഭം അല്ല! എന്ന് ഉത്തരം പറയുന്നു. വിഗ്രഹാരാധികളായ പുറജാതി ജനതകളൊന്നും യഹോവക്ക് മുമ്പേ ഒരു ദൈവത്തെ ഉണ്ടാക്കിയില്ല, എന്തുകൊണ്ടെന്നാൽ യഹോവക്ക് മുമ്പായി ആരും ഉണ്ടായിരുന്നില്ല. ഭാവിയിൽ എന്നെങ്കിലും പ്രവചിക്കാൻ കഴിയുന്ന ഒരു ജീവനുളള യഥാർത്ഥ ദൈവത്തെ അവർ ഉണ്ടാക്കുകയുമില്ലായിരുന്നു. (യെശ. 46:9, 10) ഉചിതമായി ദൈവമെന്ന് വിളിക്കപ്പെടുന്ന ആരെയും യഹോവ ഒരിക്കലും ആസ്തിക്യത്തിലേക്ക് കൊണ്ടുവന്നില്ല എന്ന് അതിന് അർത്ഥമില്ല. (സങ്കീ. 82:1, 6; യോഹ. 1:1, NW) യെശയ്യാവ് 9:6-ൽ യേശുവിനെ “ശക്തനായ ദൈവം” എന്ന് വിളിച്ചിരിക്കുന്നതുപോലെ യെശയ്യാവ് 10:21-ൽ യഹോവയെയും വിളിച്ചിരിക്കുന്നു; എന്നാൽ സർവ്വശക്തനായ ദൈവം എന്ന് വിളിച്ചിരിക്കുന്നത് യഹോവയെ മാത്രമാണ്.—ഉൽപ. 17:1.
ഒരു പ്രത്യേക സ്ഥാനപ്പേരോ വർണ്ണനാത്മകമായ പദപ്രയോഗമോ തിരുവെഴുത്തുകളിൽ ഒന്നിലധികം സ്ഥലത്തു കാണപ്പെടുന്നുവെങ്കിൽ അത് എല്ലായ്പ്പോഴും ഒരേ ആളിനെത്തന്നെ പരാമർശിക്കുന്നു എന്ന് നാം ചാടി നിഗമനം ചെയ്യരുത്. അത്തരം ന്യായവാദം നെബുഖദ്നേസ്സർ യേശുക്രിസ്തു ആയിരുന്നു എന്ന നിഗമനത്തിലേക്ക് നയിക്കും, എന്തുകൊണ്ടെന്നാൽ രണ്ടുപേരും “രാജാക്കൻമാരുടെ രാജാവ്” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു (ദാനി. 2:37; വെളി. 17:14); അതുപോലെ യേശുവിന്റെ ശിഷ്യൻമാർ യഥാർത്ഥത്തിൽ യേശുക്രിസ്തുവായിരുന്നു എന്ന നിഗമനത്തിലും; കാരണം യേശുവും ശിഷ്യൻമാരും “ലോകത്തിന്റെ പ്രകാശം” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. (മത്താ. 5:14; യോഹ. 8:12) നാം എല്ലായ്പ്പോഴും സന്ദർഭവും അതേ പദപ്രയോഗം ബൈബിളിൽ മററു ഭാഗങ്ങളിൽ കാണപ്പെടുന്നതും കണക്കിലെടുക്കണം.
വ്യക്തമായും യഹോവയെ പരാമർശിക്കുന്ന എബ്രായ തിരുവെഴുത്തുഭാഗങ്ങൾ നിശ്വസ്ത ബൈബിൾ എഴുത്തുകാർ യേശുക്രിസ്തുവിന് ബാധകമാക്കിയിരിക്കുന്നത്
യെശയ്യാവ് 40:3 വ്യക്തമായും യഹോവയുടെ മുമ്പാകെ വഴിയൊരുക്കുന്നതിനെപ്പററി ചർച്ചചെയ്യുമ്പോൾ യോഹന്നാൻ 1:23-ൽ യെശയ്യാവ് 40:3 ഉദ്ധരിച്ചുകൊണ്ട് യേശുക്രിസ്തുവിനു വഴിയൊരുക്കാൻ വേണ്ടി യോഹന്നാൻ സ്നാപകൻ ചെയ്തതിന് അത് ബാധകമാക്കിയിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ യേശു അവന്റെ പിതാവിനെ പ്രതിനിധാനം ചെയ്തു. അവൻ അവന്റെ പിതാവിന്റെ നാമത്തിൽ വന്നു, അവൻ പിതാവിന് പ്രസാദകരമായത് ചെയ്തതുകൊണ്ട് പിതാവ് എല്ലായ്പ്പോഴും തന്നോടുകൂടെയുണ്ടെന്ന് അവന് ഉറപ്പുമുണ്ടായിരുന്നു.—യോഹ. 5:43; 8:29.
സങ്കീർത്തനം 102 ദൈവത്തെ സംബോധന ചെയ്യുന്നുവെന്ന് അത് പറഞ്ഞിരിക്കെ, എബ്രായർ 1:10-12-ൽ സങ്കീർത്തനം 102:25-27 ഉദ്ധരിച്ച് അത് പുത്രന് ബാധകമാക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ സങ്കീർത്തനക്കാരൻ അവിടെ വർണ്ണിക്കുന്ന സൃഷ്ടിക്രിയകളെല്ലാം ദൈവം നിർവ്വഹിച്ചത് പുത്രനിലൂടെയാണ്. (കൊലൊസ്സ്യർ 1:15, 16; സദൃശവാക്യങ്ങൾ 8:22, 27-30 കാണുക.) എബ്രായർ 1:5ബി-യിൽ 2 ശമൂവേൽ 7:14-ൽ നിന്നുളള ഉദ്ധരണി ദൈവപുത്രന് ബാധകമാക്കിയിരിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ആ വാക്യം ആദ്യം ശലോമോന് ബാധകമായിരുന്നെങ്കിലും പിന്നീട് അത് യേശുക്രിസ്തുവിന് ബാധകമാക്കിയിരിക്കുന്നതിനാൽ ശലോമോനും യേശുക്രിസ്തുവും ഒരാളാണ് എന്ന് അതിനർത്ഥമില്ല. യേശു “ശലോമോനെക്കാൾ വലിയവനാണ്”, ശലോമോനാൽ മുൻനിഴലാക്കപ്പെട്ട വേല നിവൃത്തിക്കുകയും ചെയ്യുന്നു.—ലൂക്കോ. 11:31.
പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ഒരുമിച്ച് പരാമർശിക്കുന്ന തിരുവെഴുത്തുകൾ
മത്തായി 28:19; 2 കൊരിന്ത്യർ 13:14 എന്നിവ അതിനുളള ഉദാഹരണങ്ങളാണ്. എന്നാൽ ഈ വാക്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവും സഹതുല്യരാണെന്നോ സഹനിത്യൻമാരാണെന്നോ അവർ എല്ലാവരും ദൈവമാണെന്നോ പറയുന്നില്ല. ഇതിനോടകം 408-412 പേജുകളിൽ അവതരിപ്പിച്ച തിരുവെഴുത്തുപരമായ തെളിവുകൾ ആ വാക്യങ്ങളിൽ അത്തരം ആശയങ്ങൾ കണ്ടെത്തുന്നതിനെതിരെ വാദിക്കുന്നു.
മാക്ളിന്റോക്കിന്റെയും സ്റ്രേറാംഗിന്റെയും സൈക്ലോപ്പീഡിയ ഓഫ് ബിബ്ളിക്കൽ, തിയൊളോജിക്കൽ ആൻഡ് എക്ലിസിയാസ്ററിക്കൽ ലിറററേച്ചർ ത്രിത്വവിശ്വാസത്തിനുവേണ്ടി വാദിക്കുന്നുവെങ്കിലും മത്തായി 28:18-20-നെപ്പററി ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ഈ വാക്യം അതിൽതന്നെ പരാമർശിക്കപ്പെട്ടിരിക്കുന്ന മൂന്നു വിഷയങ്ങളുടെ വ്യക്തിത്വമോ തുല്യതയോ അല്ലെങ്കിൽ ദിവ്യത്വമോ അസന്നിഗ്ദ്ധമായി തെളിയിക്കുന്നില്ല.” (1981-ലെ പതിപ്പ്, വാല്യം X, പേ. 552) മൂന്നും കൂടി ഒന്നിച്ചു പരാമർശിക്കുന്ന മററു വാക്യങ്ങളെ സംബന്ധിച്ച് അവ അവയിൽതന്നെ ത്രിത്വം തെളിയിക്കാൻ “മതിയായതല്ല” എന്ന് മേൽപ്പറഞ്ഞ സൈക്ലോപ്പീഡിയ സമ്മതിക്കുന്നു. (ദൈവത്തെയും ക്രിസ്തുവിനെയും ദൂതൻമാരെയും കുറിച്ച് ഒരുമിച്ച് പറഞ്ഞിരിക്കുന്ന 1 തിമൊഥെയോസ് 5:21 താരതമ്യം ചെയ്യുക.)
എബ്രായ തിരുവെഴുത്തുകളിൽ ദൈവത്തിന് ബഹുവചന നാമങ്ങൾ ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങൾ
ഉൽപത്തി 1:1-ൽ “ദൈവ”മെന്ന സ്ഥാനപ്പേര് എലോഹിം എന്ന പദത്തിന്റെ വിവർത്തനമാണ്, എബ്രായയിൽ അത് ബഹുവചനരൂപമാണ്. ഇത് ത്രിത്വത്തിന്റെ ഒരു സൂചനയായി ത്രിത്വവാദികൾ വ്യാഖ്യാനിക്കുന്നു. “നമ്മുടെ ദൈവമായ [എലോഹിമിൽനിന്ന്] കർത്താവ് ഏക കർത്താവാകുന്നു” എന്ന് ആവർത്തനം 6:4 പറയുമ്പോൾ അത് ത്രിത്വത്തിലെ അംഗങ്ങൾക്കിടയിലുളള ഐക്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് അവർ വിശദീകരിക്കുന്നു.
ഇവിടെ എബ്രായ നാമത്തിന്റെ ബഹുവചനം മഹത്വത്തിന്റെ അല്ലെങ്കിൽ ശ്രേഷ്ഠതയുടെ ബഹുവചനമാണ്. (NAB, സെൻറ് ജോസഫ് എഡിഷൻ, ബൈബിൾ ഡിക്ഷ്നറി, പേ. 330; കൂടാതെ ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ, 1967, വാല്യം V, പേ. 287 കാണുക.) ഒരു ദൈവശിരസ്സിനുളളിലെ വ്യക്തികളുടെ ബഹുത്വത്തിന്റെ ആശയം അത് നൽകുന്നില്ല. അതേരീതിയിൽ ന്യായാധിപൻമാർ 16:23-ൽ വ്യാജദൈവമായ ദാഗോനെ പരാമർശിക്കുമ്പോൾ എലോഹിം എന്ന സ്ഥാനപ്പേരിന്റെ ഒരു രൂപം ഉപയോഗിച്ചിരിക്കുന്നു; എന്നാൽ ഒരു ദൈവമേ പരാമർശിക്കപ്പെടുന്നുളളു എന്ന് കാണിച്ചുകൊണ്ട് അതേത്തുടർന്നു വരുന്ന ക്രിയ ഏക വചനരൂപത്തിലാണ്. ഉൽപത്തി 42:30-ൽ യോസേഫ് ഈജിപ്ററിലെ “കർത്താവ്” (അഡോണെ, ശ്രേഷ്ഠതയുടെ ബഹുവചനം) ആയിരിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു.
ഗ്രീക്ക് ഭാഷയിൽ ‘മഹത്വത്തിന്റെ അല്ലെങ്കിൽ ശ്രേഷ്ഠതയുടെ ബഹുവചന’രൂപമില്ല. അതുകൊണ്ട് ഉൽപത്തി 1:1-ൽ LXX വിവർത്തകർ എലോഹിം എന്നതിന് പകരം ഹോ തേയോസ് (ദൈവം, ഏകവചനം) ഉപയോഗിച്ചു. മർക്കോസ് 12:29-ൽ ആവർത്തനം 6:4 ഉദ്ധരിച്ചുകൊണ്ട് യേശു നൽകുന്ന ഒരു മറുപടി രേഖപ്പെടുത്തിയിരിക്കുന്നിടത്ത് അതുപോലെതന്നെ ഗ്രീക്ക് ഏകവചനരൂപമായ ഹോ തേയോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ആവർത്തനം 6:4-ന്റെ എബ്രായ പാഠത്തിൽ ചതുരക്ഷരങ്ങൾ രണ്ടു പ്രാവശ്യം വരുന്നുണ്ട്. അതുകൊണ്ട് കൂടുതൽ ഉചിതമായി അത് “നമ്മുടെ ദൈവമായ യഹോവ ഏക യഹോവയാകുന്നു” (NW) എന്ന് വായിക്കപ്പെടേണ്ടതാണ്. ഇത് ആരോട് പ്രസ്താവിക്കപ്പെട്ടുവോ ആ ഇസ്രായേൽ ജനത ത്രിത്വത്തിൽ വിശ്വസിച്ചിരുന്നില്ല. ബാബിലോണിയാക്കാരും ഈജിപ്ററുകാരും ദൈവങ്ങളുടെ ത്രിത്വങ്ങളെ ആരാധിച്ചിരുന്നു, എന്നാൽ യഹോവ അവരിൽനിന്ന് വ്യത്യസ്തനാണെന്ന് ഇസ്രായേല്യർക്ക് വ്യക്തമാക്കി കൊടുക്കപ്പെട്ടു.
ഏതു ഭാഷാന്തരം ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ച് ഒരു വ്യക്തിക്ക് ഒന്നിലധികം നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയുന്ന വാക്യങ്ങൾ
ഒരു ബൈബിൾ ഭാഗം വ്യാകരണപരമായി ഒന്നിലധികം വിധങ്ങളിൽ ഭാഷാന്തരം ചെയ്യാൻ കഴിയുമെങ്കിൽ ശരിയായ ഭാഷാന്തരം ഏതാണ്? ബൈബിളിന്റെ ശേഷം ഭാഗങ്ങളുമായി യോജിപ്പിലുളളത്. ഒരു വ്യക്തി ബൈബിളിന്റെ ശേഷം ഭാഗങ്ങൾ അവഗണിക്കുകയും ഒരു പ്രത്യേക വാക്യത്തിന്റെ തനിക്ക് ഇഷ്ടപ്പെട്ട വിവർത്തനത്തെ ചുററിപ്പററി തന്റെ വിശ്വാസം കെട്ടുപണിചെയ്യുകയുമാണെങ്കിൽ അയാളുടെ വിശ്വാസം, ദൈവവചനത്തെയല്ല മറിച്ച് അയാളുടെ സ്വന്തം ആശയങ്ങളെയും ഒരുപക്ഷേ മറെറാരു അപൂർണ്ണ മനുഷ്യന്റെ ആശയങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
RS ഇപ്രകാരം വായിക്കപ്പെടുന്നു: “ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു.” (KJ, Dy, JB, NAB എന്നിവയും സമാനമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു.) എന്നിരുന്നാലും, NW വായിക്കുന്നത് ഇപ്രകാരമാണ്: “ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ഒരു ദൈവമായിരുന്നു. ഈ ഒരുവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു.”
യോഹന്നാൻ 1:1, 2-ന്റെ ഏതു ഭാഷാന്തരമാണ് സന്ദർഭത്തോട് യോജിക്കുന്നത്? യോഹന്നാൻ 1:18 പറയുന്നു: “ആരും ഒരുനാളും ദൈവത്തെ കണ്ടിട്ടില്ല.” “വചനം ജഡമായി നമ്മുടെയിടയിൽ പാർത്തു . . . നാം അവന്റെ മഹിമ കണ്ടിരിക്കുന്നു” എന്ന് 14-ാം വാക്യം വ്യക്തമായി പ്രസ്താവിക്കുന്നു. കൂടാതെ ആദിയിൽ അവൻ “ദൈവത്തോട് കൂടെയായിരുന്നു” എന്ന് 1, 2 വാക്യങ്ങൾ പറയുന്നു. ആർക്കെങ്കിലും ആരോടെങ്കിലും കൂടെയായിരിക്കാനും അതേസമയം ആ വ്യക്തിയായിരിക്കാനും കഴിയുമോ? യോഹന്നാൻ 17:3-ൽ “ഏകസത്യദൈവ”മെന്ന് യേശു തന്റെ പിതാവിനെ അഭിസംബോധന ചെയ്യുന്നു; അതുകൊണ്ട് യേശു “ഒരു ദൈവ”മെന്നനിലയിൽ തന്റെ പിതാവിന്റെ ദിവ്യഗുണങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമെ ചെയ്യുന്നുളളു.—എബ്രാ. 1:3.
“ഒരു ദൈവം” എന്നുളള വിവർത്തനം ഗ്രീക്ക് വ്യാകരണ നിയമങ്ങളോട് ചേർച്ചയിലാണോ? “വചനം ദൈവമായിരുന്നു” എന്ന് തന്നെ വിവർത്തനം ചെയ്യപ്പെടേണ്ടതാണ് എന്ന് ചില പ്രാമാണിക ഗ്രന്ഥങ്ങൾ ശക്തമായി വാദിക്കുന്നു. എന്നാൽ എല്ലാവരും അതിനോട് യോജിക്കുന്നില്ല. “ഉപപദം ഇല്ലാത്ത ഗുണസംബന്ധമായ ആഖ്യാത നാമങ്ങൾ: മർക്കോസ് 15:39-ഉം യോഹന്നാൻ 1:1-ഉം” എന്ന തന്റെ ലേഖനത്തിൽ ഫിലിപ്പ് ബി. ഹാർണർ “ക്രിയക്കു മുമ്പു വരുന്ന ഉപപദമില്ലാത്ത ഒരു ആഖ്യാതത്തോടുകൂടിയ” യോഹന്നാൻ 1:1-ലേതുപോലുളള അത്തരം വാചകങ്ങൾ “അർത്ഥത്തിൽ മുഖ്യമായും ഗുണസംബന്ധമാണ്. അവ ലോഗോസിന തെയോസിന്റെ സ്വഭാവമുണ്ടെന്ന് സൂചിപ്പിക്കുന്നു” എന്ന് പറയുകയുണ്ടായി. അദ്ദേഹം ഇങ്ങനെ നിർദ്ദേശിക്കുന്നു: “ഒരുപക്ഷേ ഈ വാചകം ‘വചനത്തിന് ദൈവത്തിന്റെ അതേ സ്വഭാവം ഉണ്ടായിരുന്നു’ എന്ന് ഭാഷാന്തരം ചെയ്യാൻ കഴിയും.” (ജേണൽ ഓഫ ബിബ്ലിക്കൽ ലിറററേച്ചർ, 1973, പേ. 85, 87) അങ്ങനെ, ഈ വാക്യത്തിൽ രണ്ടാമത്തെ തെയോസ എന്ന പദം നിശ്ചയോപപദം (ഹോ) കൂടാതെയുളളതാണെന്നും ഗ്രീക്ക് വാക്യത്തിലെ ക്രിയക്ക് മുമ്പ് വെച്ചിരിക്കുന്നു എന്നുമുളള വസ്തുത പ്രാധാന്യമുളളതാണ്. “വചനം ദൈവമായിരുന്നു” എന്ന് യോഹന്നാൻ 1:1-ൽ വിവർത്തനം ചെയ്യുന്നതിൽ നിർബന്ധം പിടിക്കുന്ന ഭാഷാന്തരക്കാർ ക്രിയക്കുമുമ്പ് ഉപപദമില്ലാത്ത ഒരു ഏകവചന ആഖ്യാതനാമം വരുന്ന മററു വാക്യങ്ങൾ വിവർത്തനം ചെയ്യുമ്പോൾ അനിശ്ചയോപപദം (ഒരു) ഉപയോഗിക്കാൻ മടിക്കുന്നില്ലെന്നുളളത് കൗതുകകരമാണ്. അങ്ങനെ യോഹന്നാൻ 6:70-ൽ JB-യും KJ-യും ഇസ്കരിയോത്താ യൂദായെ “ഒരു പിശാച്” എന്ന് പരാമർശിക്കുന്നു, യോഹന്നാൻ 9:17-ൽ അവർ യേശുവിനെ “ഒരു പ്രവാചകൻ” എന്നു വർണ്ണിക്കുന്നു.
ജോൺ എൽ. മക്കൻസി, എസ്സ്. ജെ. തന്റെ ഡിക്ഷനറി ഓഫ് ദി ബൈബിൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “യോഹന്നാൻ 1:1 കൃത്യമായി ഇങ്ങനെ വിവർത്തനം ചെയ്യപ്പെടണം, ‘വചനം ദൈവത്തോടുകൂടെ [= പിതാവ്] ആയിരുന്നു, വചനം ഒരു ദിവ്യനായിരുന്നു.’” (ബ്രായ്ക്കററ് അദ്ദേഹത്തിന്റേതാണ്. നീൽ ഒബ്സ്ററാററും ഇംപ്രിമാത്തൂറും സഹിതം പ്രസിദ്ധീകരിച്ചത്) (ന്യൂയോർക്ക്, 1965), പേ. 317.
മേൽപറഞ്ഞതിനോടുളള ചേർച്ചയിൽ, AT ഇങ്ങനെ വായിക്കപ്പെടുന്നു: “വചനം ദിവ്യനായിരുന്നു;” Mo, “ലോഗോസ് ദിവ്യനായിരുന്നു;” NTIV, “വചനം ഒരു ദൈവമായിരുന്നു.” തന്റെ ജർമ്മൻ ഭാഷാന്തരത്തിൽ ലുഡ്വിഗ് തിമ്മേ അത് ഈ വിധത്തിൽ പറഞ്ഞിരിക്കുന്നു, “വചനം ഒരുതരം ദൈവമായിരുന്നു.” (യേശുക്രിസ്തുവായിത്തീർന്ന) വചനത്തെ സംബന്ധിച്ച് “ഒരു ദൈവം” എന്ന് പറയുന്നത് ശേഷം തിരുവെഴുത്തുകളിലെ ആ പദത്തിന്റെ ഉപയോഗത്തോട് യോജിപ്പിലാണ്. ഉദാഹരണത്തിന് സങ്കീർത്തനം 82:1-6-ൽ ഇസ്രായേലിലെ മാനുഷ ന്യായാധിപൻമാരെ “ദൈവങ്ങൾ” എന്ന് വിളിച്ചിരിക്കുന്നു. (എബ്രായ, എലോഹിം; യോഹന്നാൻ 10:34-ൽ ഗ്രീക്ക്, തെയോയ്) എന്തുകൊണ്ടെന്നാൽ അവർ യഹോവയുടെ പ്രതിനിധികളായിരുന്നു, അവന്റെ നിയമം പ്രസ്താവിക്കേണ്ടിയുമിരുന്നു.
NW അനുബന്ധം, 1984 റഫറൻസ് എഡിഷൻ, പേ. 1579 കൂടെ കാണുക.
RS ഇങ്ങനെ വായിക്കപ്പെടുന്നു: “യേശു അവരോട് പറഞ്ഞു, ‘സത്യമായി, സത്യമായി, ഞാൻ നിങ്ങളോട് പറയുന്നു, അബ്രഹാം ആയിരുന്നതിനു മുമ്പേ ഞാൻ ആകുന്നു [ഗ്രീക്ക്, ഈഗോ ഐമി].’” (NE, KJ, TEV, JB, NAB എന്നിവയെല്ലാം “ഞാൻ ആകുന്നു” എന്ന് വായിക്കപ്പെടുന്നു, അത് ഒരു പദവി നാമമാണെന്ന് കാണിക്കാൻ ചിലർ വലിയ അക്ഷരം പോലും ഉപയോഗിച്ചിരിക്കുന്നു. അപ്രകാരം ആ പദപ്രയോഗത്തെ പുറപ്പാട് 3:14-മായി ബന്ധിപ്പിക്കാൻ അവർ ശ്രമിക്കുന്നു, അവിടെ അവരുടെ വിവർത്തനമനുസരിച്ച് ദൈവം തനിക്കുതന്നെ “ഞാൻ ആകുന്നു” എന്ന സ്ഥാനപ്പേർ ഉപയോഗിച്ചിരിക്കുന്നു.) എന്നിരുന്നാലും NW-ൽ യോഹന്നാൻ 8:58-ന്റെ അവസാനഭാഗം ഇപ്രകാരം വായിക്കപ്പെടുന്നു: “അബ്രഹാം ആസ്തിക്യത്തിൽ വരുന്നതിനു മുൻപേ ഞാൻ ഉണ്ടായിരുന്നു.” (AT, Mo, CBW, SE എന്നീ വിവർത്തനങ്ങളിലെ വാചകഘടനക്കും ഇതേ ആശയമാണുളളത്.)
ഏതു വിവർത്തനമാണ് സന്ദർഭത്തോടു ചേർച്ചയിലുളളത്? യേശു മറുപടി പറഞ്ഞ, യഹൂദൻമാരിൽനിന്നുളള ആ ചോദ്യം (57-ാം വാക്യം) പ്രായം സംബന്ധിച്ചായിരുന്നു, അവൻ ആരെന്നുളളതായിരുന്നില്ല. യുക്തിയനുസരിച്ച് യേശുവിന്റെ മറുപടിയും അവന്റെ പ്രായം, അവൻ എത്രകാലം അസ്തിത്വത്തിലുണ്ടായിരുന്നു എന്നതു സംബന്ധിച്ചായിരുന്നു. രസാവഹമായി, ഈഗോ ഐമി എന്നത് പരിശുദ്ധാത്മാവിന്റെ ഒരു സ്ഥാനപ്പേരാക്കാൻ ആരും ഒരു ശ്രമവും നടത്തിയിട്ടില്ല.
എ. ററി. റോബർട്ട്സനാലുളള ഏ ഗ്രാമർ ഓഫ് ദി ഗ്രീക്ക് ന്യൂ ടെസ്ററമെൻറ് ഇൻ ദി ലൈററ് ഓഫ് ഹിസ്റേറാറിക്കൽ റിസേർച്ച് എന്ന ഗ്രന്ഥം പറയുന്നു: “[ഐമി] എന്നുളള ക്രിയ . . . ചിലപ്പോൾ അത് [ഈഗോ ഐമി]യിൽ എന്നപോലെ (യോഹ. 8:58) മററു ക്രിയകൾപോലെയുളള ആഖ്യാതമെന്നനിലയിൽ അസ്തിത്വത്തെ കുറിക്കുന്നു.”—നാഷ്വിൽ, ടെന്നെ.; 1934, പേ. 394.
NW അനുബന്ധം 1984 റഫറൻസ് എഡിഷൻ, പേ. 1582, 1583 കൂടെ കാണുക.
JB ഇപ്രകാരം വായിക്കപ്പെടുന്നു: “നിങ്ങളെത്തന്നെയും താൻ സ്വന്ത രക്തത്താൽ വിലക്കുവാങ്ങിയ ദൈവത്തിന്റെ സഭയെ മേയിപ്പാൻ പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകൻമാരാക്കിവച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾക.” (KJ, Dy, NAB എന്നിവയിലും സമാനമായ പദപ്രയോഗമാണുളളത്.) എന്നിരുന്നാലും NW-ൽ വാക്യത്തിന്റെ അവസാനഭാഗം ഇങ്ങനെ വായിക്കപ്പെടുന്നു: “തന്റെ സ്വന്തം [പുത്രന്റെ] രക്തത്താൽ.” (TEV-യും അതുപോലെ തന്നെയാണ്. RS-ന്റെ 1953-ലെ പതിപ്പിൽ “സ്വന്തം രക്തത്താൽ” എന്നാണെങ്കിലും 1971-ലെ പതിപ്പിൽ “സ്വന്തം പുത്രന്റെ രക്തത്താൽ” എന്നാണ് വായിക്കപ്പെടുന്നത്. Ro-യും Da-യും വെറുതെ “സ്വന്തമായവന്റെ രക്തത്താൽ” എന്ന് വായിക്കപ്പെടുന്നു.)
ഇതിൽ ഏതു വിവർത്തനമാ(ങ്ങളാ)ണ് 1 യോഹന്നാൻ 1:7-നോട് യോജിക്കുന്നത്? അത് പറയുന്നു: “അവന്റെ [ദൈവത്തിന്റെ] പുത്രനായ യേശുവിന്റെ രക്തം സകല പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.” (വെളിപ്പാട് 1:4-6 കൂടെ കാണുക.) യോഹന്നാൻ 3:16-ൽ പറഞ്ഞിരിക്കുന്നതുപോലെ നമുക്ക് ജീവൻ ഉണ്ടാകേണ്ടതിന് ദൈവം തന്റെ ഏകജാതപുത്രനെ അയച്ചോ അതോ അവൻ തന്നെ മനുഷ്യനായി വന്നോ? ദൈവത്തിന്റെയല്ല അവന്റെ പുത്രന്റെ രക്തമാണ് ചൊരിയപ്പെട്ടത്.
NW അനുബന്ധം, 1984 റഫറൻസ് എഡിഷൻ പേ. 1580 കൂടെ കാണുക.
JB ഇപ്രകാരം വായിക്കപ്പെടുന്നു: “അവർ പൂർവ്വപിതാക്കൻമാരിൽനിന്ന് ജനിച്ചവർ, അവരുടെ ജഡത്തിൽനിന്നും രക്തത്തിൽ നിന്നുമല്ലോ എല്ലാവരിലും മീതെയുളള ക്രിസ്തു, എന്നെന്നും വാഴ്ത്തപ്പെട്ട ദൈവം വന്നത്! ആമേൻ.” (KJ, Dy സമാനമായി വായിക്കപ്പെടുന്നു.) എന്നിരുന്നാലും NW-ൽ ആ വാക്യത്തിന്റെ അവസാനഭാഗം ഇപ്രകാരം വായിക്കപ്പെടുന്നു: “ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്ന് ജനിച്ചു: എല്ലാവർക്കും മീതെയുളള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ. ആമേൻ.” (RS, NE, TEV, NAB, Mo എന്നിവയെല്ലാം NW-ലേതിനു സമാനമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു.)
ക്രിസ്തു “എല്ലാവർക്കും മീതെയു”ളളവനാണെന്നും അവൻ ദൈവമാണെന്നുമാണോ ഈ വാക്യം പറയുന്നത്? അതോ ദൈവത്തെയും ക്രിസ്തുവിനെയും അതു വ്യത്യസ്ത വ്യക്തികളായി പരാമർശിക്കുകയും ദൈവം “എല്ലാററിലും മീതെ”യാണെന്ന് പറയുകയും ചെയ്യുന്നുവോ? റോമർ 9:5-ന്റെ ഏതു വിവർത്തനമാണ് റോമർ 15:5, 6-നോട് ചേർച്ചയിലായിരിക്കുന്നത്? അത് ആദ്യം തന്നെ ദൈവത്തെ യേശുക്രിസ്തുവിൽനിന്ന് വേർതിരിച്ചു കാണിക്കുകയും അതിനുശേഷം “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താൻ” വായനക്കാരനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 1:3; എഫേസ്യർ 1:3 എന്നിവ കൂടെ കാണുക.) റോമർ 9-ാം അദ്ധ്യായത്തിൽ എന്താണ് തുടർന്ന് വരുന്നതെന്ന് പരിഗണിക്കുക. ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തി ജഡപ്രകാരമുളള അവകാശത്തെയല്ല ദൈവത്തിന്റെ ഇഷ്ടത്തെയാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് 6-13 വാക്യങ്ങൾ കാണിക്കുന്നു. ദൈവം എല്ലാററിനും മീതേയാണ് എന്ന വസ്തുത വിശേഷവൽക്കരിക്കാൻ 14-18 വാക്യങ്ങളിൽ പുറപ്പാട് 9:16-ൽ രേഖപ്പെടുത്തിയിരിക്കുന്ന, ഫറവോനോടുളള ദൈവത്തിന്റെ ദൂതിനെ പരാമർശിച്ചിരിക്കുന്നു. 19-24 വാക്യങ്ങളിൽ കുശവനും അയാൾ നിർമ്മിക്കുന്ന മൺപാത്രങ്ങളുമായുളള സാദൃശ്യത്തിൽ ദൈവത്തിന്റെ ശ്രേഷ്ഠത കൂടുതലായി ചിത്രീകരിച്ചിരിക്കുന്നു. അതുകൊണ്ട് 5-ാം വാക്യത്തിൽ “എല്ലാവർക്കും മീതെയുളള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ. ആമേൻ” എന്ന പദപ്രയോഗം എത്രയോ ഉചിതമാണ്!—NW.
ദി ന്യൂ ഇൻറർനാഷണൽ ഡിക്ഷനറി ഓഫ് ന്യൂ ടെസ്ററമെൻറ് തിയോളജി പ്രസ്താവിക്കുന്നു: “റോമർ 9:5-നെ സംബന്ധിച്ച് തർക്കമുണ്ട്. . . . ആ പദങ്ങൾ ക്രിസ്തുവിന് ബാധകമാക്കുക എളുപ്പവും ഭാഷാപരമായി തികച്ചും സാദ്ധ്യവുമാണ്. അപ്പോൾ ആ വാക്യം, ‘എല്ലാററിനുംമീതേയുളള ദൈവമായ ക്രിസ്തു എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ’ എന്ന് വായിക്കപ്പെടും. അപ്പോഴും ക്രിസ്തുവിനെ ദൈവത്തോട് പൂർണ്ണമായി തുല്യനാക്കാൻ കഴിയുകയില്ല, മറിച്ച് ദിവ്യസ്വഭാവമുളളവനായി വിവരിക്കാനേ കഴിയുകയുളളു, എന്തുകൊണ്ടെന്നാൽ തേയോസ് എന്ന പദത്തിന് നിശ്ചയോപപദമില്ല. . . . ആ പ്രസ്താവന ദൈവത്തിങ്കലേക്ക് തന്നെ തിരിച്ചു വിടപ്പെട്ടിരിക്കുന്ന ഒരു സ്തുതിയായി കണക്കാക്കുന്നതാണ് കുറച്ചുകൂടെ സ്വീകാര്യമായ വിശദീകരണം.”—(ഗ്രാൻഡ് റാപ്പിഡ്സ്, മിച്ചിഗൻ; 1976), ജർമ്മൻ ഭാഷയിൽനിന്ന് വിവർത്തനം ചെയ്യപ്പെട്ടത്, വാല്യം 2, പേ. 80.
NW അനുബന്ധം 1984 റഫറൻസ് എഡിഷൻ, പേ. 1580, 1581 കാണുക.
KJ ഇപ്രകാരം വായിക്കപ്പെടുന്നു: “ക്രിസ്തുയേശുവിലുണ്ടായിരുന്ന ഈ മനസ്സ് നിങ്ങളിലുമുണ്ടായിരിക്കട്ടെ: അവൻ ദൈവരൂപത്തിലായിരിക്കെ ദൈവത്തോട് സമനായിരിക്കുന്നത് കവർച്ചയെന്ന് വിചാരിച്ചില്ല.” (Dy-ക്കും അതേ പദപ്രയോഗമാണുളളത്. JB ഇപ്രകാരം വായിക്കപ്പെടുന്നു: “അവൻ ദൈവത്തോടുളള അവന്റെ സമത്വം മുറുകെപ്പിടിച്ചില്ല.”) എന്നാൽ NW-ൽ ആ വാക്യത്തിന്റെ അവസാനഭാഗം ഇപ്രകാരമാണ് വായിക്കപ്പെടുന്നത്: “അവൻ ദൈവരൂപത്തിൽ സ്ഥിതിചെയ്തിരുന്നെങ്കിലും അവൻ ഒരു പിടിച്ചെടുക്കലിനെപ്പററി, [ഗ്രീക്ക്, ഹാർപ്പാഗ്മോൻ] അതായത് ദൈവത്തോട് തുല്യനായിരിക്കണമെന്ന് ചിന്തിച്ചില്ല.” (RS, NE, TEV, NAB എന്നിവയും അതേ ആശയം നൽകുന്നു.)
ഏത് ആശയമാണ് സന്ദർഭത്തിന് ചേരുന്നത്? ഇവിടെ ചർച്ചചെയ്യപ്പെടുന്ന കാര്യത്തിൽ ക്രിസ്തുവിനെ അനുകരിക്കാൻ 5-ാം വാക്യം ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിക്കുന്നു. “ദൈവത്തോട് തുല്യനായിരിക്കുന്നത്” “കവർച്ചയല്ല” അവരുടെ അവകാശമാണ് എന്ന് പരിഗണിക്കാൻ അവർ പ്രോൽസാഹിപ്പിക്കപ്പെടുമോ? തീർച്ചയായും ഇല്ല! മറിച്ച് “ഒരു പിടിച്ചെടുക്കലിനെപ്പററി, അതായത് ദൈവത്തോട് തുല്യനായിരിക്കണമെന്ന് ചിന്തിക്കാഞ്ഞ”വനെ (NW) അവർക്ക് അനുകരിക്കാൻ കഴിയും. (ഉൽപത്തി 3:5 താരതമ്യപ്പെടുത്തുക.) ആ വിവർത്തനം “പിതാവ് എന്നെക്കാൾ വലിയവനാണ്” എന്ന് യേശുക്രിസ്തുതന്നെ പറഞ്ഞതിനോടു യോജിപ്പിലാണ്.—യോഹ. 14:28.
ദി എക്സ്പോസിറേറഴ്സ് ഗ്രീക്ക് റെറസ്ററമെൻറ് പറയുന്നു: “[ഹർപ്പാസോ] അല്ലെങ്കിൽ [ഹർപ്പാഗമോൻ ഉൾപ്പെടെ] അതിന്റെ ഏതെങ്കിലും വ്യുൽപ്പന്നങ്ങൾക്ക് ‘കൈവശം വച്ചുകൊണ്ടിരിക്കുക,’ ‘നിലനിർത്തുക’ എന്ന് അർത്ഥം വരുന്ന യാതൊരു വേദഭാഗവും നമുക്ക് കാണാൻ കഴിയുകയില്ല. അതിന് എല്ലായ്പ്പോഴും ‘പിടിച്ചെടുക്കുക,’ ‘അക്രമാസക്തമായി തട്ടിപ്പറിക്കുക’ എന്ന് അർത്ഥമുളളതായി തോന്നുന്നു. അങ്ങനെ ‘കടന്നുപിടിക്കുക’ എന്ന അർത്ഥത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ‘മുറുകെ പിടിക്കുക’ എന്നതിലേക്ക് വഴുതി മാറുന്നത് അനുവദനീയമല്ല.”—(ഗ്രാൻഡ് റാപ്പിഡ്സ്, മിച്ചിഗൻ; 1967), ഡബ്ളിയു. റോബർട്ട്സൺ നിക്കോൾ എഡിററു ചെയ്തത്, വാല്യം III, പേ. 436, 437.
KJ ഇപ്രകാരം വായിക്കപ്പെടുന്നു: “അവനിൽ [ക്രിസ്തു] ദൈവശിരസ്സിന്റെ [ഗ്രീക്ക്, തെയോററിറേറാസ്] സർവ്വ സമ്പൂർണ്ണതയും ദേഹരൂപത്തിൽ വസിക്കുന്നു.” (NE, RS, JB, NAB, Dy എന്നീ വിവർത്തനങ്ങളും സമാനമായ ആശയമാണ് നൽകുന്നത്.) എന്നിരുന്നാലും NW ഇപ്രകാരം വായിക്കപ്പെടുന്നു: “അവനിലാണ് ദിവ്യഗുണങ്ങളുടെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപത്തിൽ വസിക്കുന്നത്.” (AT, We, CKW “ദൈവ ശിരസ്സ്” എന്നതിനു പകരം “ദൈവ സ്വഭാവം” എന്ന് വായിക്കപ്പെടുന്നു. 2 പത്രോസ് 1:4 താരതമ്യം ചെയ്യുക.)
കൊലൊസ്സ്യർ 2:9-ന് എല്ലാവരും ഒരേ വ്യാഖ്യാനമല്ല നൽകുന്നത് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ കൊലൊസ്സ്യർക്കുളള നിശ്വസ്ത ലേഖനത്തിന്റെ ശേഷം ഭാഗങ്ങളോട് യോജിപ്പിലായിരിക്കുന്നത് എന്താണ്? ക്രിസ്തുവിന്, അവൻ ദൈവമായിരിക്കുന്നതുകൊണ്ട്, ത്രിത്വത്തിന്റെ ഒരു ഭാഗമായിരിക്കുന്നതുകൊണ്ട്, അവന്റേതായിരിക്കുന്ന എന്തെങ്കിലും അവനിൽ ഉണ്ടോ? അതോ അവനിൽ വസിക്കുന്ന “സമ്പൂർണ്ണത” മററാരുടെയെങ്കിലും തീരുമാനപ്രകാരം അവന്റേതായിത്തീർന്നതാണോ? കൊലൊസ്സ്യർ 1:19 (KJ, Dy) പറയുന്നു, അങ്ങനെയായിരിക്കാൻ “പിതാവിന് പ്രസാദം തോന്നിയതിനാൽ” എല്ലാ സമ്പൂർണ്ണതയും ക്രിസ്തുവിൽ വസിച്ചു എന്ന്. അത് “ദൈവത്തിന്റെ തന്നെ തെരഞ്ഞെടുപ്പിനാലായിരുന്നു” എന്ന് NE പറയുന്നു.
കാലൊസ്സ്യർ 2:9-നോട് ചേർന്നുളള സന്ദർഭം പരിഗണിക്കുക. 8-ാം വാക്യത്തിൽ മാനുഷ പാരമ്പര്യത്തിനും തത്വജ്ഞാനത്തിനും വേണ്ടി വാദിക്കുന്നവരാൽ വഴിതെററിക്കപ്പെടുന്നതിനെതിരെ വായനക്കാർക്ക് മുന്നറിയിപ്പ് നൽകപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൽ “ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും എല്ലാ നിക്ഷേപങ്ങളും ഒളിഞ്ഞിരിക്കുന്നു” എന്ന് അവരോട് പറയപ്പെട്ടിരിക്കുന്നു. “അവനിൽ വസിക്കാനും” “അവനിൽ വേരൂന്നിയും കെട്ടുപണിചെയ്യപ്പെട്ടും വിശ്വാസത്തിൽ ഉറപ്പുളളവരായിത്തീരാനും” അവർ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (3, 6, 7 വാക്യങ്ങൾ) അവനിലാണ്, അല്ലാതെ മാനുഷ തത്വജ്ഞാനത്തിന്റെ ഉപജ്ഞാതാക്കളിലോ ഉപദേഷ്ടാക്കളിലോ അല്ല മൂല്യവത്തായ ഒരു പൂർണ്ണത വസിക്കുന്നത്. ക്രിസ്തുവിൽ വസിക്കുന്ന പൂർണ്ണത ക്രിസ്തുവിനെ ദൈവം തന്നെയാക്കി എന്ന് അപ്പോസ്തലനായ പൗലോസ് ഇവിടെ പറയുകയായിരുന്നോ? ക്രിസ്തു “ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നതായി” പറയപ്പെട്ടിരിക്കുന്ന കൊലൊസ്സ്യർ 3:1 അനുസരിച്ച് അങ്ങനെയല്ല.—KJ, Dy, TEV, NAB കാണുക.
ലിഡലിന്റെയും സ്കോട്ടിന്റെയും ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ അനുസരിച്ച് തെയോട്ടെസ് (ആ നിർദ്ദേശിക രൂപത്തിൽ നിന്നാണ് തെയോറെററേറാസ് എടുത്തിട്ടുളളത്) എന്നതിന്റെ അർത്ഥം “ദിവ്യത്വം, ദിവ്യ സ്വഭാവം” എന്നാണ്. (ഓക്സ്ഫോർഡ്, 1968, പേ. 792) യഥാർത്ഥത്തിൽ ദിവ്യനോ ദിവ്യസ്വഭാവമുളളവനോ ആയിരിക്കുന്നത് ദൈവപുത്രനായ യേശുവിനെ പിതാവിനോട് സഹതുല്യനോ സഹനിത്യനോ ആക്കുന്നില്ല, എല്ലാ മനുഷ്യരും “മനുഷ്യത്വത്തിൽ” അല്ലെങ്കിൽ “മനുഷ്യ സ്വഭാവത്തിൽ” പങ്കു പററുന്നതിനാൽ അവർ സഹതുല്യരോ സമപ്രായക്കാരോ ആകാത്തതുപോലെ തന്നെ.
RS ഇപ്രകാരം വായിക്കപ്പെടുന്നു: “നമ്മുടെ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്വത്തിന്റെ പ്രത്യക്ഷതയായ നമ്മുടെ അനുഗൃഹീത പ്രത്യാശക്കായിട്ട് കാത്തിരിക്കുന്നു.” (NE, TEV, JB എന്നിവയിൽ സമാനമായ പദപ്രയോഗം കാണപ്പെടുന്നു.) എന്നിരുന്നാലും NW ഇപ്രകാരം വായിക്കപ്പെടുന്നു: “സന്തുഷ്ട പ്രത്യാശക്കായിട്ടും നമ്മുടെ മഹാദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും പ്രത്യക്ഷതക്കായിട്ടും നാം കാത്തിരിക്കുകയിൽ.” (NAB-ക്ക് സമാനമായ വിവർത്തനമാണുളളത്.)
“പിതാവായ ദൈവത്തെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനെയും”പരാമർശിക്കുന്ന തീത്തോസ് 1:4-നോട് ഇതിൽ ഏതു ഭാഷാന്തരമാണ് യോജിക്കുന്നത്? ദൈവം രക്ഷകനായിരിക്കുന്നതായി തിരുവെഴുത്തുകളിൽ പറയപ്പെട്ടിട്ടുണ്ടെങ്കിലും ഈ വാക്യം വ്യക്തമായും ദൈവത്തെയും ആരിലൂടെ ദൈവം രക്ഷ പ്രദാനം ചെയ്യുന്നുവോ ആ യേശുക്രിസ്തുവിനെയും വേർതിരിച്ചു കാണിക്കുന്നു.
ക്രിസ്തു ദൈവവും രക്ഷകനുമാണെന്ന് തീത്തോസ് 2:12 സൂചിപ്പിക്കുന്നു എന്ന് ചിലർ വാദിക്കുന്നു. രസാവഹമായി, RS, NE, TEV, JB എന്നീ ഭാഷാന്തരങ്ങൾ ഇത്തരം ഒരു വീക്ഷണം അനുവദിക്കത്തക്കതായ ഒരു വിധത്തിൽ തിത്തോസ് 2:12 വിവർത്തനം ചെയ്തിരിക്കുന്നു. എന്നാൽ 2 തെസ്സലൊനീക്യർ 1:12-ന്റെ വിവർത്തനത്തിൽ അവർ അതേ നിയമം അനുസരിച്ചിട്ടില്ല. ദി ഗ്രീക്ക് ടെസ്ററമെൻറ് എന്ന ഗ്രന്ഥത്തിൽ ഹെൻട്രി അൽഫോർഡ് ഇപ്രകാരം പ്രസ്താവിക്കുന്നു: “തീത്തോസ് 2:12-ൽ ദൈവത്തെയും ക്രിസ്തുവിനെയും വേർതിരിച്ചു കാണിക്കുന്ന ഒരു വിവർത്തനം ആ വാചകത്തിന്റെ എല്ലാ വ്യാകരണ നിബന്ധനകളെയും തൃപ്തിപ്പെടുത്തുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു: അത് ഘടനാപരമായും സന്ദർഭമനുസരിച്ചും കൂടുതൽ സാദ്ധ്യതയുളളതും അപ്പോസ്തലന്റെ രചനാരീതിയോട് കൂടുതൽ ചേർച്ചയിലുളളതുമാണെന്നും തന്നെ.”—(ബോസ്ററൺ, 1877), വാല്യം III, പേ. 421.
NW അനുബന്ധം, 1984 റഫറൻസ് എഡിഷൻ, പേ. 1581, 1582 കൂടെ കാണുക.
RS ഇപ്രകാരം വായിക്കപ്പെടുന്നു: “പുത്രനെക്കുറിച്ചോ അവൻ പറയുന്നു, ‘ദൈവമെ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുളളത്’.” (KJ, NE, TEV, Dy, JB, NAB എന്നിവയിലും കാണുന്നത് സമാനമായ വിവർത്തനങ്ങളാണ്.) എന്നിരുന്നാലും NW ഇപ്രകാരം വായിക്കപ്പെടുന്നു: “എന്നാൽ പുത്രനെ സംബന്ധിച്ചോ: ‘ദൈവം എന്നും എന്നേക്കും നിന്റെ സിംഹാസനമാകുന്നു.’” (AT, Mo, TC, By എന്നിവയും ഇതേ ആശയമാണ് നൽകുന്നത്.)
ഏതു വിവർത്തനമാണ് സന്ദർഭത്തോട് ചേർച്ചയിലായിരിക്കുന്നത്? തൊട്ടു മുമ്പുളള വാക്യങ്ങൾ ദൈവത്തെ അഭിസംബോധന ചെയ്യുന്നതായിട്ടല്ല ദൈവം സംസാരിക്കുന്നതായിട്ടാണ് പറയുന്നത്; തൊട്ടു പിന്നാലെ വരുന്ന വാക്യത്തിൽ “ദൈവം, നിന്റെ ദൈവം” എന്ന പദപ്രയോഗം കാണുന്നു. ഇവിടെ അഭിസംബോധന ചെയ്യപ്പെട്ടിരിക്കുന്നയാൾ അത്യുന്നതനായ ദൈവമല്ല എന്നും മറിച്ച് ആ ദൈവത്തിന്റെ ഒരു ആരാധകനാണ് എന്നും അത് കാണിക്കുന്നു. എബ്രായർ 1:8, സങ്കീർത്തനം 45:6-ൽ നിന്ന് ഉദ്ധരിക്കുന്നു, അതാകട്ടെ ആദ്യം ഇസ്രായേലിലെ ഒരു മാനുഷ രാജാവിനെ അഭിസംബോധന ചെയ്തിരുന്നു. സ്പഷ്ടമായി, ഈ സങ്കീർത്തനം രചിച്ച ബൈബിൾ എഴുത്തുകാരൻ ആ മാനുഷ രാജാവ് സർവ്വശക്തനായ ദൈവമാണെന്ന് വിചാരിച്ചില്ല. മറിച്ച് RS-ൽ സങ്കീർത്തനം 45:6 വായിക്കപ്പെടുന്നത് “നിന്റെ ദിവ്യ സിംഹാസനം” എന്നാണ്. (NE പറയുന്നു: “നിന്റെ സിംഹാസനം ദൈവത്തിന്റെ സിംഹാസനം പോലെയാണ്.” JP [7-ാം വാക്യം] “ദൈവത്താൽ നൽകപ്പെട്ട നിന്റെ സിംഹാസനം.”) സാദ്ധ്യതയനുസരിച്ച് സങ്കീർത്തനം 45 എഴുതപ്പെട്ടപ്പോൾ അഭിസംബോധന ചെയ്യപ്പെട്ട രാജാവായിരുന്ന ശലോമോൻ “യഹോവയുടെ സിംഹാസനത്തിൽ ഇരിക്കുന്നതായി” പറയപ്പെട്ടു. (1 ദിനവൃ. 29:23, NW) ക്രിസ്തുവിന്റെ രാജത്വത്തിന്റെ “സിംഹാസനം” അല്ലെങ്കിൽ ഉറവ്, അതിനെ പിന്താങ്ങുന്നവൻ, ദൈവമാണ് എന്ന വസ്തുതയോടുളള ചേർച്ചയിൽ ദൈവം അത്തരം അധികാരം അവന് നൽകുന്നു എന്ന് ദാനിയേൽ 7:13, 14-ഉം ലൂക്കോസ് 1:32-ഉം കാണിക്കുന്നു.
എബ്രായർ 1:8, 9; സങ്കീർത്തനം 45:6, 7-ൽ നിന്ന് ഉദ്ധരിക്കുന്നു, അതേ സംബന്ധിച്ച് ബൈബിൾ പണ്ഡിതനായ ബി. എഫ്. വെസ്ററ്കോട്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “LXX. രണ്ടു രീതിയിലുളള വിവർത്തനങ്ങൾ അനുവദിക്കുന്നു: [ഹൊ തെയോസ്] രണ്ടിടത്തും സംബോധികയായി കണക്കാക്കാവുന്നതാണ്. (ദൈവമേ, നിന്റെ സിംഹാസനം . . . അതുകൊണ്ട് ദൈവമേ, നിന്റെ ദൈവം . . . ) അല്ലെങ്കിൽ ആദ്യ രീതിയിൽ അതിനെ കർത്താവായിട്ടോ (അല്ലെങ്കിൽ ആഖ്യാതമായിട്ടോ) എടുക്കാം, (ദൈവം നിന്റെ സിംഹാസനമാകുന്നു, അല്ലെങ്കിൽ നിന്റെ സിംഹാസനം ദൈവമാകുന്നു . . . ) [ഹോ തെയോസ് സൂ] എന്നതിന് സമാനാധികരണമായിട്ട് രണ്ടാമത്തെ വിധത്താലാണെങ്കിൽ (അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ . . . ) ആദ്യം എഴുതപ്പെട്ടപ്പോൾ [എലോഹിം] ഒരു രാജാവിനെ അഭിസംബോധന ചെയ്തു പറഞ്ഞതായിരിക്കാൻ സാദ്ധ്യതയില്ല. ആ ആശയം LXX-ൽ [ഹോ തെയോസ്] സംബോധികയാണെന്നുളള വിശ്വാസത്തിനെതിരാണ്. അതുകൊണ്ട് വാക്യത്തിന്റെ ആദ്യഭാഗം ദൈവം നിന്റെ സിംഹാസനമാകുന്നു (അല്ലെങ്കിൽ നിന്റെ സിംഹാസനം ദൈവമാകുന്നു) എന്ന വിവർത്തനം സ്വീകരിക്കുകയാണ് ഏററം നല്ലത് എന്ന് തോന്നുന്നു, അതായത്, ‘നിന്റെ രാജ്യം നീക്കം ചെയ്യാനാവാത്ത പാറയായ ദൈവത്തിൻമേലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്’ എന്ന്.”—ദി എപ്പിസൽ ററു ദി ഹീബ്രൂസ് (ലണ്ടൻ, 1889), പേ. 25, 26.
KJ ഇപ്രകാരം വായിക്കപ്പെടുന്നു: “സ്വർഗ്ഗത്തിൽ സാക്ഷ്യം വഹിക്കുന്ന മൂവർ ഉണ്ട്, പിതാവ്, വചനം, പരിശുദ്ധാരൂപി; ഈ മൂവരും ഒന്നാണ്. ഭൂമിയിൽ സാക്ഷ്യം വഹിക്കുന്ന മൂവരും ഉണ്ട്, ആത്മാവ്, ജലം, രക്തം: അവരുടെ സാക്ഷ്യം ഒന്നുതന്നെ.” (Dy-യിലും ത്രിത്വത്തിന്റെ ഈ വാക്യം ഉൾപ്പെടുത്തിയിരിക്കുന്നു.) എന്നിരുന്നാലും NW-ൽ “സ്വർഗ്ഗത്തിൽ, പിതാവ്, വചനം, പരിശുദ്ധാരൂപി: ഇവർ മൂവരും ഒന്നാണ്. ഭൂമിയിൽ സാക്ഷ്യം വഹിക്കുന്ന മൂവരും ഉണ്ട്” എന്നീ വാക്കുകൾ വിട്ടു കളഞ്ഞിരിക്കുന്നു. (RS, NE, TEV, JB, NAB എന്നിവയും ഈ ത്രിത്വത്തിന്റെ വാക്യം വിട്ടുകളഞ്ഞിരിക്കുന്നു.)
ഈ ത്രിത്വ വാക്യത്തെ സംബന്ധിച്ച് പാഠനിരൂപകനായ എഫ്. എച്ച്. ഏ. സ്ക്രിവെനർ ഇപ്രകാരം എഴുതി: “തർക്കവിഷയമായ ഈ വാക്കുകൾ സെൻറ് യോഹന്നാനാൽ എഴുതപ്പെട്ടവയല്ല എന്നുളള നമ്മുടെ ബോദ്ധ്യം പ്രഖ്യാപിക്കാൻ നാം മടിച്ചു നിൽക്കേണ്ടതില്ല: അവ ആദ്യം ആഫ്രിക്കയിൽ നിന്നുളള ചില ലത്തീൻ പ്രതികളിലാണ് മാർജ്ജിനിൽ നിന്ന് ചേർക്കപ്പെട്ടത്. അവ 8-ാം വാക്യത്തെ സംബന്ധിച്ചുളള യാഥാസ്ഥിതികവും ഭക്തിപരവുമായ ഒരു വിശദീകരണമെന്ന നിലയിൽ അവിടെ ഉൾപ്പെടുത്തിയിരുന്നതാണ്: ലത്തീനിൽ നിന്ന് അത് രണ്ടോ മൂന്നോ പിൽക്കാല ഗ്രീക്ക് കൈയ്യെഴുത്തു പ്രതികളിലും അവിടെ നിന്ന് അവക്ക് ഒരു തരത്തിലും അർഹതയില്ലാത്ത സ്ഥാനത്ത്, ഗ്രീക്കിന്റെ അച്ചടിച്ച പതിപ്പുകളിലും കടന്നുകൂടി.”—ഏ പ്ലെയിൻ ഇൻട്രൊഡക്ഷൻ ററു ദി ക്രിട്ടിസിസം ഓഫ് ദി ന്യൂ ടെസ്ററമെൻറ് (കേംബ്രിഡ്ജ്, 1883, മൂന്നാം പതിപ്പ്), പേ. 654.
ഈ വാക്യം സംബന്ധിച്ച JB-യിലെ അടിക്കുറിപ്പും NW അനുബന്ധം, 1984 റഫറൻസ് എഡിഷൻ, പേ. 1580-ഉം കൂടെ കാണുക.
തങ്ങളുടെ വിശ്വാസത്തിന്റെ ഘടകങ്ങൾ ഉൾക്കൊളളുന്നു എന്ന് ത്രിത്വവാദികൾ അവകാശപ്പെടുന്ന മററ് തിരുവെഴുത്തുകൾ
ഈ വേദഭാഗങ്ങളിൽ ആദ്യത്തേത് പുത്രനെ സംബന്ധിച്ച് മാത്രവും മറേറത് പിതാവിനെയും പുത്രനെയും സംബന്ധിച്ചുമേ പറയുന്നുളളു എന്ന് കുറിക്കൊളളുക. അവയിലൊന്നും പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പരാമർശിക്കുകയോ അവർ മൂന്നും ചേർന്ന് ഒരു ദൈവമാണെന്നു പറയുകയോ ചെയ്യുന്നില്ല.
അവൻ ഇവിടെ പറഞ്ഞതിൽ നിന്ന് മരിച്ചവരുടെയിടയിൽ നിന്ന് യേശു തന്നെത്തന്നെ പുനരുത്ഥാനത്തിലേക്ക് കൊണ്ടുവരുമെന്നാണോ അവൻ അർത്ഥമാക്കിയത്? യേശു ദൈവമാണ് എന്നാണോ അതിന്റെ അർത്ഥം? എന്തുകൊണ്ടെന്നാൽ പ്രവൃത്തികൾ 2:32 പറയുന്നു, “ഈ യേശുവിനെ ദൈവം ഉയർപ്പിച്ചു.” തീർച്ചയായും അല്ല. അത്തരം ഒരു വീക്ഷണം യേശുവിനെ പുനരുത്ഥാനത്തിൽ കൊണ്ടുവന്നതിന്റെ മഹത്വം പുത്രനല്ല പിതാവിന് നൽകുന്ന ഗലാത്യർ 1:1-ന് വിരുദ്ധമായിരിക്കും. സമാനമായ പദപ്രയോഗരീതി ഉപയോഗിച്ചുകൊണ്ട് ലൂക്കോസ് 8:48-ൽ ഒരു സ്ത്രീയോട് യേശു ഇപ്രകാരം പറഞ്ഞത് ഉദ്ധരിച്ചിരിക്കുന്നു: “നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു.” അവൾ അവളെത്തന്നെ സൗഖ്യമാക്കിയോ? ഇല്ല; അവൾക്ക് വിശ്വാസം ഉണ്ടായിരുന്നതിനാൽ അവളെ സൗഖ്യമാക്കിയത് ക്രിസ്തുവിലൂടെയുളള ദൈവത്തിൽ നിന്നുളള ശക്തിയായിരുന്നു. (ലൂക്കോ. 8:46; പ്രവൃ. 10:38) അതുപോലെ ഒരു മനുഷ്യനെന്ന നിലയിലുളള യേശുവിന്റെ പൂർണ്ണമായ അനുസരണത്താൽ പിതാവ് തന്നെ മരിച്ചവരിൽ നിന്ന് ഉയർപ്പിക്കാനുളള ധാർമ്മികമായ അടിസ്ഥാനം യേശു നൽകി, അതുവഴി യേശുവിനെ ദൈവത്തിന്റെ പുത്രനായി അംഗീകരിച്ചുകൊണ്ടുതന്നെ. യേശുവിന്റെ വിശ്വസ്തമായ ജീവിതഗതി നിമിത്തം തന്റെ പുനരുത്ഥാനത്തിന് ഉത്തരവാദി യേശുവാണെന്ന് ഉചിതമായിത്തന്നെ പറയാൻ കഴിയുമായിരുന്നു.
വേഡ് പിക്ച്ചേഴ്സ് ഇൻ ദി ന്യൂ ടെസ്ററമെൻറ് എന്ന ഗ്രന്ഥത്തിൽ ഏ. ററി. റോബർട്ട്സൺ പറയുന്നു: “[യോഹന്നാൻ] 2:19-ൽ ‘മൂന്ന് ദിവസം കൊണ്ട് ഞാൻ അത് ഉയർത്തും’ എന്ന് യേശു പറഞ്ഞത് ഓർമ്മിക്കുക. പിതാവിനെ ആശ്രയിക്കാതെ സ്വന്ത നിലയിൽ മരിച്ചവരിൽ നിന്ന് തന്നെത്തന്നെ ഉയർപ്പിക്കുമെന്ന് അവൻ അർത്ഥമാക്കിയില്ല (റോമ. 8:11).”—(ന്യൂയോർക്ക്, 1932), വാല്യം V, പേ. 183.
“ഞാനും പിതാവും ഒന്നാകുന്നു” എന്ന് പറയുകയിൽ അവർ തുല്യരായിരുന്നു എന്ന് യേശു അർത്ഥമാക്കിയോ? അങ്ങനെ അർത്ഥമാക്കിയെന്ന് ചില ത്രിത്വവാദികൾ പറയുന്നു. എന്നാൽ യോഹന്നാൻ 17:21, 22-ൽ തന്റെ ശിഷ്യൻമാരെ സംബന്ധിച്ച് “അവർ എല്ലാവരും ഒന്നാകേണ്ടതിന്” എന്ന് യേശു പ്രാർത്ഥിച്ചു. അവൻ ഇപ്രകാരം കൂട്ടിച്ചേർത്തു, “നാമൊന്നായിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നാകേണ്ടതിന്.” ഈ സന്ദർഭങ്ങളിലെല്ലാം “ഒന്ന്” എന്നുളളതിന് അവൻ ഒരേ ഗ്രീക്ക് പദം (ഹെൻ) ആണ് ഉപയോഗിച്ചത്. പ്രസ്പഷ്ടമായി യേശുവിന്റെ ശിഷ്യൻമാരെല്ലാവരും ത്രിത്വത്തിന്റെ ഭാഗമായിത്തീരുന്നില്ല. എന്നാൽ അവർ പിതാവിനോടും പുത്രനോടും കൂടെ ഉദ്ദേശ്യത്തിന്റെ ഐക്യത്തിൽ പങ്കു ചേരുന്നു, ദൈവത്തെയും ക്രിസ്തുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതേ ഒരുമ തന്നെ.
ത്രിത്വത്തിലുളള വിശ്വാസം അതിനോട് പററിനിൽക്കുന്നവരെ ഏതു സ്ഥാനത്ത് ആക്കിവയ്ക്കുന്നു?
അത് അവരെ വളരെ അപകടകരമായ ഒരു സ്ഥാനത്ത് ആക്കി വയ്ക്കുന്നു. ത്രിത്വവിശ്വാസം ബൈബിളിൽ കാണപ്പെടുന്നില്ലെന്നും ബൈബിൾ പഠിപ്പിക്കുന്നതിനോട് അത് യോജിപ്പിലല്ല എന്നുമുളളതിന് തെളിവുകൾ അനിഷേധ്യമാണ്. (മുൻപേജുകൾ കാണുക.) അത് സത്യദൈവത്തെ തികച്ചും തെററായ രീതിയിൽ അവതരിപ്പിക്കുന്നു. എന്നിരുന്നാലും യേശുക്രിസ്തു പറഞ്ഞു: “സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കാൻ അങ്ങനെയുളളവരെയാണ് പിതാവ് അന്വേഷിക്കുന്നത്. ദൈവം ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” (യോഹ. 4:23, 24, RS) ആരുടെ ആരാധന ‘സത്യത്തിലുളള’തല്ലാതിരിക്കുന്നുവോ, ദൈവത്തിന്റെ സ്വന്തം വചനത്തിൽ പറഞ്ഞിരിക്കുന്ന സത്യങ്ങൾക്ക് ചേർച്ചയിലല്ലാതിരിക്കുന്നുവോ അങ്ങനെയുളളവർ “സത്യാരാധകര”ല്ല എന്ന് യേശു വ്യക്തമാക്കി. ഒന്നാം നൂററാണ്ടിലെ യഹൂദ മതനേതാക്കൻമാരോട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യത്തിനു വേണ്ടി നിങ്ങൾ ദൈവത്തിന്റെ വചനം നിഷ്ഫലമാക്കിയിരിക്കുന്നു. കപട ഭക്തിക്കാരെ! ‘ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു; മനുഷ്യരുടെ ഉപദേശങ്ങളെ വിശ്വാസസത്യങ്ങളായി പഠിപ്പിച്ചുകൊണ്ട് അവർ വ്യർത്ഥമായി എന്നെ ആരാധിക്കുന്നു’ എന്ന് പറഞ്ഞപ്പോൾ യെശയ്യാവ് നിങ്ങളെപ്പററി ശരിയായിത്തന്നെ പ്രവചിച്ചു.” (മത്താ. 15:6-9, RS) ബൈബിളിലെ വ്യക്തമായ സത്യങ്ങൾക്കു മേലായി മാനുഷ പാരമ്പര്യങ്ങൾക്കുവേണ്ടി വാദിക്കുന്ന ക്രൈസ്തവലോകത്തിലെ ആളുകൾക്ക് അത് ഇന്ന് തുല്യശക്തിയോടെതന്നെ ബാധകമാകുന്നു.
ത്രിത്വത്തെ സംബന്ധിച്ച് (ഇംഗ്ലീഷിലുളള) വിശ്വാസപ്രമാണം പറയുന്നത് അതിലെ അംഗങ്ങൾ “അഗ്രാഹ്യമാണ്” എന്നാണ്. ഈ വിശ്വാസം പഠിപ്പിക്കുന്നവർ മിക്കപ്പോഴും പറയാറുളളത് അത് ഒരു “മർമ്മ”മാണ് എന്നാണ്. “ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു,” എന്ന് യേശു പറഞ്ഞപ്പോൾ സ്പഷ്ടമായി അത്തരമൊരു ത്രിത്വദൈവമായിരുന്നില്ല യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. (യോഹ. 4:22, RS) നിങ്ങൾ ആരാധിക്കുന്ന ദൈവത്തെ നിങ്ങൾക്ക് യഥാർത്ഥത്തിൽ അറിയാമോ?
ഗൗരവതരമായ ചോദ്യങ്ങൾ നമ്മെ ഓരോരുത്തരെയും അഭിമുഖീകരിക്കുന്നു: നാം ആത്മാർത്ഥമായി സത്യത്തെ സ്നേഹിക്കുന്നുണ്ടോ? നാം വാസ്തവത്തിൽ ദൈവവുമായി ഒരു അംഗീകൃത ബന്ധം ആഗ്രഹിക്കുന്നുവോ? എല്ലാവരും യഥാർത്ഥത്തിൽ സത്യത്തെ സ്നേഹിക്കുന്നില്ല. അനേകർ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും അംഗീകാരം ഉണ്ടായിരിക്കുന്നതിനെ സത്യത്തോടും ദൈവത്തോടുമുളള സ്നേഹത്തിന് മേലായി പ്രതിഷ്ഠിച്ചിരിക്കുന്നു. (2 തെസ്സ. 2:9-12; യോഹ. 5:39-44) എന്നാൽ തന്റെ സ്വർഗ്ഗീയ പിതാവിനോടുളള ആത്മാർത്ഥമായ പ്രാർത്ഥനയിൽ യേശു പറഞ്ഞതുപോലെ: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും സംബന്ധിച്ചുളള അറിവ് ഉൾക്കൊളളുന്നത് നിത്യജീവനെ അർത്ഥമാക്കുന്നു.” (യോഹ. 17:3, NW) സങ്കീർത്തനം 144:15 സത്യസന്ധമായി ഇങ്ങനെ പറയുന്നു: “യഹോവ ദൈവമായിരിക്കുന്ന ജനം സന്തുഷ്ടരാകുന്നു!”—NW.
ആരെങ്കിലും ഇങ്ങനെ പറയുമ്പോൾ—
‘നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നുണ്ടോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അത് നമ്മുടെ നാളിൽ വളരെ സാധാരണയായ ഒരു വിശ്വാസമാണ്. എന്നാൽ യേശുവും അപ്പോസ്തലൻമാരും പഠിപ്പിച്ചത് അതല്ലായിരുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? അതുകൊണ്ട് ആരെ ആരാധിക്കണം എന്ന് യേശു ആവശ്യപ്പെട്ടുവോ ആ ഒരുവനെയാണ് ഞങ്ങൾ ആരാധിക്കുന്നത്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘യേശു പഠിപ്പിച്ചപ്പോൾ ഏററം വലുതെന്ന് അവൻ പറഞ്ഞ കൽപന ഇതാണ് . . . (മർക്കോ. 12:28-30).’ (2) ‘താൻ ദൈവത്തോട് തുല്യനാണെന്ന് യേശു ഒരിക്കലും അവകാശപ്പെട്ടില്ല. അവൻ പറഞ്ഞു . . . (യോഹ. 14:28)’. (3) ‘അപ്പോൾ ത്രിത്വോപദേശത്തിന്റെ ഉത്ഭവം എവിടെയാണ്? പരക്കെ അറിയപ്പെടുന്ന സർവ്വവിജ്ഞാനകോശങ്ങൾ അത് സംബന്ധിച്ച് പറയുന്നത് ശ്രദ്ധിക്കുക. (പേ. 405, 406 കാണുക.)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘ഇല്ല, ഞാൻ അത് വിശ്വസിക്കുന്നില്ല. എന്തുകൊണ്ടാണെന്നോ, ആ വിശ്വാസവുമായി എനിക്കു പൊരുത്തപ്പെടുത്താൻ കഴിയാത്ത ബൈബിൾ വാക്യങ്ങളുണ്ട്. അതിലൊന്ന് ഇതാണ് (മത്താ. 24:36) ഒരുപക്ഷേ നിങ്ങൾക്ക് അത് വിശദീകരിച്ചു തരാൻ കഴിഞ്ഞേക്കും.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘പുത്രൻ പിതാവിനോട് തുല്യനാണെങ്കിൽ പുത്രന് അറിയാൻ കഴിയാഞ്ഞ ചില കാര്യങ്ങൾ പിതാവ് അറിയുന്നതെങ്ങനെയാണ്?’ അത് യേശുവിന്റെ മനുഷ്യ സ്വഭാവം സംബന്ധിച്ചു മാത്രമാണ് എന്ന് അവർ പറയുന്നുവെങ്കിൽ ഇപ്രകാരം ചോദിക്കുക: (2) ‘എന്നാൽ പിന്നെ പരിശുദ്ധാത്മാവിന് അറിഞ്ഞുകൂടാത്തത് എന്തുകൊണ്ടാണ്?’ (ആ വ്യക്തി സത്യത്തിൽ ആത്മാർത്ഥമായ താൽപര്യം പ്രകടമാക്കുന്നുവെങ്കിൽ ദൈവത്തെ സംബന്ധിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു എന്ന് കാണിച്ചു കൊടുക്കുക.—സങ്കീ. 83:18; യോഹ. 4:23, 24)
മറെറാരു സാദ്ധ്യത: ‘ഞങ്ങൾ യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നു. എന്നാൽ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ല. എന്തുകൊണ്ടെന്നോ? എന്തുകൊണ്ടെന്നാൽ ക്രിസ്തുവിനെക്കുറിച്ച് അപ്പോസ്തലനായ പത്രോസ് വിശ്വസിച്ചതു തന്നെ ഞങ്ങളും വിശ്വസിക്കുന്നു. അവൻ പറഞ്ഞത് കുറിക്കൊളളുക . . . (മത്താ. 16:15-17).’
കൂടുതലായ മറെറാരു നിർദ്ദേശം: ‘ത്രിത്വം എന്നു പറയുമ്പോൾ എല്ലാവർക്കും ഒരേ ആശയമല്ല മനസ്സിലുളളത് എന്ന് ഞാൻ കണ്ടിരിക്കുന്നു. നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത് എന്ന് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ നിങ്ങളുടെ ചോദ്യത്തിന് കൂടുതൽ മെച്ചമായി ഉത്തരം പറയാൻ കഴിയുമായിരുന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘ആ വിശദീകരണം ഞാൻ വിലമതിക്കുന്നു. എന്നാൽ ബൈബിൾ പഠിപ്പിക്കുന്നത് മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങൾ “ത്രിത്വം” എന്ന പദം ബൈബിളിൽ എന്നെങ്കിലും കണ്ടിട്ടുണ്ടോ? . . . (നിങ്ങളുടെ ബൈബിളിലെ കൊൺകോഡൻസ് കാണിക്കുക.) എന്നാൽ ക്രിസ്തുവിനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? . . . ഉവ്വ്, ഞങ്ങൾ അവനിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഈ കൊൺകോഡൻസിൽ “ക്രിസ്തു” എന്നതിൻ കീഴിലെ പരാമർശനങ്ങളിൽ ഒന്ന് മത്തായി 16:16 ആണ്. (അത് വായിക്കുക.) അതാണ് ഞാൻ വിശ്വസിക്കുന്നത്.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ഉത്തരം പറയാം (ആ വ്യക്തി യോഹന്നാൻ 1:1-ലേക്ക് പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്നുവെങ്കിൽ): ‘ആ വാക്യം എനിക്കു പരിചിതമാണ്. ചില ഭാഷാന്തരങ്ങളിൽ അത് യേശു “ദൈവമാണെന്ന്” പറയുന്നു. മററ് ചിലത് അവൻ “ഒരു ദൈവമാണ്” എന്ന് പറയുന്നു. അതെന്തുകൊണ്ടാണ്?’ (1) ‘അത് അടുത്ത വാക്യം അവൻ “ദൈവത്തോടുകൂടെയായിരുന്നു” എന്ന് പറയുന്നതുകൊണ്ടാണോ?’ (2) ‘ഇവിടെ യോഹന്നാൻ 1:18-ൽ കാണപ്പെടുന്ന സംഗതി നിമിത്തവും കൂടെയായിരിക്കുമോ അത്?’ (3) ‘യേശു തന്നെ ആരെയെങ്കിലും ദൈവമായി ആരാധിക്കുന്നുണ്ടോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? (യോഹ. 20:17)’
‘ക്രിസ്തുവിന്റെ ദൈവത്വത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ഉവ്വ്, ഞാൻ തീർച്ചയായും അത് വിശ്വസിക്കുന്നു. എന്നാൽ ഒരുപക്ഷേ നിങ്ങൾ “ക്രിസ്തുവിന്റെ ദൈവത്വത്തെപ്പററി” പറയുമ്പോൾ നിങ്ങളുടെ മനസ്സിലുളളതായിരിക്കില്ല എന്റെ മനസ്സിലുളളത്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ഞാൻ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നോ? കൊളളാം, യെശയ്യാവ് 9:6-ൽ യേശുക്രിസ്തുവിനെ “ശക്തനായ ദൈവം” എന്ന് വർണ്ണിച്ചിരിക്കുന്നു, എന്നാൽ ബൈബിളിൽ അവന്റെ പിതാവിനെ മാത്രമാണ് സർവ്വശക്തനായ ദൈവം എന്ന് വിളിച്ചിരിക്കുന്നത്.’ (2) ‘കൂടാതെ യോഹന്നാൻ 17:3-ൽ യേശു തന്റെ പിതാവിനെപ്പററി “ഏകസത്യദൈവം” എന്ന് പറയുന്നു എന്നതും കുറിക്കൊളളുക. അതുകൊണ്ട് എത്രയായാലും യേശു സത്യദൈവത്തിന്റെ ഒരു പ്രതിബിംബം മാത്രമാണ്.’ (3) ‘ദൈവത്തിന് പ്രസാദമുളളവരായിരിക്കുന്നതിന് നമ്മുടെ ഭാഗത്ത് എന്താണ് ആവശ്യമായിരിക്കുന്നത്? (യോഹ. 4:23, 24)’