യോഹന്നാൻ എഴുതിയത്
17 ഇതു സംസാരിച്ചിട്ട് യേശു ആകാശത്തേക്കു നോക്കി പറഞ്ഞു: “പിതാവേ, സമയമായി. പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്താൻ അങ്ങ് പുത്രനെ മഹത്ത്വപ്പെടുത്തേണമേ.+ 2 അങ്ങ് അവനു നൽകിയിട്ടുള്ളവർക്കെല്ലാം+ അവൻ നിത്യജീവൻ കൊടുക്കേണ്ടതിന്+ എല്ലാ മനുഷ്യരുടെ മേലും അങ്ങ് പുത്രന് അധികാരം കൊടുത്തിരിക്കുന്നല്ലോ.+ 3 ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും+ അവർ അറിയുന്നതാണു+ നിത്യജീവൻ.+ 4 അങ്ങ് ഏൽപ്പിച്ച ജോലി ചെയ്തുതീർത്ത ഞാൻ+ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.+ 5 അതുകൊണ്ട് പിതാവേ, ഇപ്പോൾ അങ്ങയുടെ അടുത്ത് എന്നെ മഹത്ത്വപ്പെടുത്തേണമേ. ലോകം ഉണ്ടാകുന്നതിനു മുമ്പ്, ഞാൻ അങ്ങയുടെ അടുത്തായിരുന്നപ്പോഴുണ്ടായിരുന്ന മഹത്ത്വം+ വീണ്ടും തരേണമേ.
6 “ലോകത്തിൽനിന്ന് അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കു ഞാൻ അങ്ങയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നു.*+ അവർ അങ്ങയുടേതായിരുന്നു. അങ്ങ് അവരെ എനിക്കു തന്നു. അവർ അങ്ങയുടെ വചനം അനുസരിച്ചിരിക്കുന്നു. 7 അങ്ങ് എനിക്കു തന്നതെല്ലാം അങ്ങയിൽനിന്നുള്ളതാണെന്ന് അവർക്ക് ഇപ്പോൾ മനസ്സിലായി. 8 കാരണം അങ്ങ് എനിക്കു തന്ന വചനങ്ങളാണു ഞാൻ അവർക്കു കൊടുത്തത്.+ അതെല്ലാം സ്വീകരിച്ച അവർ, ഞാൻ അങ്ങയുടെ പ്രതിനിധിയായിട്ടാണു വന്നതെന്നു+ വ്യക്തമായി മനസ്സിലാക്കുകയും അങ്ങാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.+ 9 അവർക്കുവേണ്ടി ഞാൻ അപേക്ഷിക്കുന്നു. ഞാൻ അപേക്ഷിക്കുന്നതു ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നിട്ടുള്ളവർക്കുവേണ്ടിയാണ്. കാരണം അവർ അങ്ങയുടേതാണ്. 10 എന്റേതെല്ലാം അങ്ങയുടേതും അങ്ങയുടേത് എന്റേതും ആണല്ലോ.+ അവരുടെ ഇടയിൽ എനിക്കു മഹത്ത്വം ലഭിച്ചിരിക്കുന്നു.
11 “ഇനി ഞാൻ ലോകത്തിലില്ല. ഞാൻ അങ്ങയുടെ അടുത്തേക്കു വരുകയാണ്.+ എന്നാൽ അവർ ലോകത്തിലാണ്. പരിശുദ്ധപിതാവേ, നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്+ അങ്ങ് എനിക്കു തന്നിരിക്കുന്ന അങ്ങയുടെ പേര് ഓർത്ത് അവരെ കാത്തുകൊള്ളേണമേ.+ 12 ഞാൻ അവരുടെകൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു തന്ന അങ്ങയുടെ പേര് ഓർത്ത് ഞാൻ അവരെ കാത്തു. ഞാൻ അവരെ സംരക്ഷിച്ചു.+ ആ നാശപുത്രനല്ലാതെ+ അവരിൽ ആരും നശിച്ചുപോയിട്ടില്ല.+ തിരുവെഴുത്തു നിറവേറണമല്ലോ.+ 13 ഇപ്പോൾ ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. ഞാൻ ഈ കാര്യങ്ങൾ ഇവിടെ ലോകത്തുവെച്ച് സംസാരിക്കുന്നത് എന്റെ സന്തോഷം അവരിൽ നിറയാൻവേണ്ടിയാണ്.+ 14 ഞാൻ അങ്ങയുടെ വചനം അവർക്കു നൽകിയിരിക്കുന്നു. എന്നാൽ ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് ലോകം അവരെ വെറുക്കുന്നു.+
15 “അവരെ ഈ ലോകത്തുനിന്ന് കൊണ്ടുപോകണമെന്നല്ല, ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണമെന്നാണു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നത്.+ 16 ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ+ അവരും ലോകത്തിന്റെ ഭാഗമല്ല.+ 17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.+ അങ്ങയുടെ വചനം സത്യമാണ്.+ 18 അങ്ങ് എന്നെ ലോകത്തേക്ക് അയച്ചതുപോലെതന്നെ ഞാൻ അവരെയും ലോകത്തേക്ക് അയയ്ക്കുന്നു.+ 19 സത്യത്താൽ അവരും വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
20 “അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം കേട്ട് എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. 21 പിതാവേ, അങ്ങ് എന്നോടും ഞാൻ അങ്ങയോടും യോജിപ്പിലായിരിക്കുന്നതുപോലെ+ അവർ എല്ലാവരും ഒന്നായിരിക്കാനും+ അവരും നമ്മളോടു യോജിപ്പിലായിരിക്കാനും വേണ്ടി ഞാൻ അപേക്ഷിക്കുന്നു. അങ്ങനെ അങ്ങാണ് എന്നെ അയച്ചതെന്നു ലോകത്തിനു വിശ്വാസംവരട്ടെ. 22 നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്+ അങ്ങ് എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. 23 അങ്ങ് എന്നോടും ഞാൻ അവരോടും യോജിപ്പിലായതുകൊണ്ട് അവരെല്ലാം ഒന്നായിത്തീരും.+ അങ്ങനെ അങ്ങ് എന്നെ അയച്ചെന്നും എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചെന്നും ലോകം അറിയട്ടെ. 24 പിതാവേ, ലോകാരംഭത്തിനു മുമ്പുതന്നെ+ അങ്ങ് എന്നെ സ്നേഹിച്ചതുകൊണ്ട് എന്നെ മഹത്ത്വം അണിയിച്ചല്ലോ. അങ്ങ് എനിക്കു തന്നവർ അതു കാണേണ്ടതിന് അവർ ഞാനുള്ളിടത്ത് എന്റെകൂടെയുണ്ടായിരിക്കണം+ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്. 25 നീതിമാനായ പിതാവേ, ലോകത്തിന് ഇതുവരെ അങ്ങയെ അറിയില്ല.+ എന്നാൽ എനിക്ക് അങ്ങയെ അറിയാം.+ അങ്ങാണ് എന്നെ അയച്ചതെന്ന് ഇവർക്കും അറിയാം. 26 ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.+ അങ്ങനെ, അങ്ങ് എന്നോടു കാണിച്ച സ്നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”+