കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്ത്
2 നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും+ എന്നെ നേരിൽ കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 2 അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസം തോന്നണമെന്നും+ അവർ സ്നേഹത്തിൽ ഒന്നായിത്തീരണമെന്നും+ അവർ അവരുടെ ഗ്രാഹ്യത്തെപ്പറ്റി പൂർണബോധ്യമുള്ളവരായിട്ട് അവർക്ക് അതിന്റെ അനുഗ്രഹങ്ങളെല്ലാം* കിട്ടണമെന്നും അങ്ങനെ, അവർ ദൈവത്തിന്റെ പാവനരഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ* അറിവ് നേടണമെന്നും ആണ് എന്റെ ആഗ്രഹം.+ 3 ക്രിസ്തുവിലാണു ജ്ഞാനത്തിന്റെയും അറിവിന്റെയും നിധികളൊക്കെ ഭദ്രമായി മറഞ്ഞിരിക്കുന്നത്.+ 4 വശ്യമായ വാദമുഖങ്ങളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണു ഞാൻ ഇതു പറയുന്നത്. 5 ശരീരംകൊണ്ട് ഞാൻ അകലെയാണെങ്കിലും മനസ്സുകൊണ്ട് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ നല്ല ചിട്ടയും+ ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും+ കണ്ട് ഞാൻ സന്തോഷിക്കുന്നു.
6 അതുകൊണ്ട് കർത്താവായ ക്രിസ്തുയേശുവിനെ സ്വീകരിച്ചിരിക്കുന്ന നിങ്ങൾ ഇനിയും അതുപോലെതന്നെ ക്രിസ്തുവിനോടുള്ള യോജിപ്പിൽ നടക്കുക. 7 നിങ്ങളെ പഠിപ്പിച്ചതുപോലെ ക്രിസ്തുവിൽ വേരൂന്നിയും പണിതുയർത്തപ്പെട്ടും+ വിശ്വാസത്തിൽ സ്ഥിരതയുള്ളവരായും+ നിലകൊള്ളുക. നിങ്ങളിൽ ദൈവത്തോടുള്ള നന്ദിയും നിറഞ്ഞുകവിയട്ടെ.+
8 സൂക്ഷിക്കുക! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും+ ആരും നിങ്ങളെ വശീകരിച്ച് അടിമകളാക്കരുത്.* അവയ്ക്ക് ആധാരം മനുഷ്യപാരമ്പര്യങ്ങളും ലോകത്തിന്റെ ചിന്താഗതികളും* ആണ്, ക്രിസ്തുവിന്റെ ഉപദേശങ്ങളല്ല. 9 ക്രിസ്തുവിലാണല്ലോ എല്ലാ ദൈവികഗുണങ്ങളും അതിന്റെ പൂർണരൂപത്തിലുള്ളത്.*+ 10 അങ്ങനെ നിങ്ങളും, എല്ലാ ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും തലയായ ക്രിസ്തുവിലൂടെ+ തികഞ്ഞവരായിരിക്കുന്നു. 11 ക്രിസ്തുവുമായുള്ള ബന്ധംമൂലം നിങ്ങളും പരിച്ഛേദനയേറ്റതാണ്.* പക്ഷേ അതു കൈകൊണ്ട് ചെയ്യുന്ന പരിച്ഛേദനയല്ല, ജഡശരീരത്തെ* ഉരിഞ്ഞുകളയുന്ന+ ക്രിസ്തുവിന്റെ പരിച്ഛേദനയാണ്.+ 12 കാരണം ക്രിസ്തുവിന്റേതുപോലുള്ള ഒരു സ്നാനമേറ്റ്+ ക്രിസ്തുവിന്റെകൂടെ അടക്കപ്പെട്ട നിങ്ങൾ ക്രിസ്തുവുമായുള്ള ബന്ധംമൂലം ക്രിസ്തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടു.+ മരിച്ചവരിൽനിന്ന് ക്രിസ്തുവിനെ ഉയിർപ്പിച്ച ദൈവത്തിന്റെ+ അത്ഭുതപ്രവൃത്തിയിലുള്ള വിശ്വാസമായിരുന്നു അതിന് അടിസ്ഥാനം.
13 അഗ്രചർമികളായിരുന്നതുകൊണ്ടും സ്വന്തം പിഴവുകൾകൊണ്ടും നിങ്ങൾ മരിച്ചവരായിരുന്നെങ്കിലും ദൈവം നിങ്ങളെ ക്രിസ്തുവിന്റെകൂടെ ജീവിപ്പിച്ചു.+ ദൈവം ദയാപുരസ്സരം നമ്മുടെ എല്ലാ പിഴവുകളും ക്ഷമിച്ചു.+ 14 നമുക്കെതിരെ നിലകൊണ്ട, ചട്ടങ്ങൾ നിറഞ്ഞ+ ലിഖിതനിയമത്തെ+ ദൈവം മായ്ച്ചുകളഞ്ഞു.+ ദൈവം അതിനെ ദണ്ഡനസ്തംഭത്തിൽ* തറച്ച് നമ്മുടെ വഴിയിൽനിന്ന് നീക്കിക്കളഞ്ഞു.+ 15 ദണ്ഡനസ്തംഭംകൊണ്ട്* ദൈവം ഗവൺമെന്റുകളെയും അധികാരങ്ങളെയും അടിയറവ് പറയിച്ച്*+ പരാജിതരെപ്പോലെ ജയഘോഷയാത്രയിൽ പരസ്യമായി പ്രദർശിപ്പിച്ചിരിക്കുന്നു.
16 അതുകൊണ്ട് എന്തു കഴിക്കുന്നു, എന്തു കുടിക്കുന്നു+ എന്നതിലും ഏതെങ്കിലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരിക്കുന്ന കാര്യത്തിലും ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ.+ 17 അവ വരാനിരിക്കുന്നവയുടെ വെറുമൊരു നിഴലാണ്.+ പക്ഷേ യാഥാർഥ്യം ക്രിസ്തുവാണ്.+ 18 കപടവിനയത്തിലും ദൂതന്മാരുടെ ആരാധനയിലും രസിച്ചുകൊണ്ട് താൻ കണ്ട ചില ദർശനങ്ങൾക്കുവേണ്ടി വാദിക്കുന്ന* ആരും നിങ്ങളുടെ സമ്മാനം തട്ടിത്തെറിപ്പിക്കാൻ സമ്മതിക്കരുത്.+ ജഡികചിന്താഗതി വെച്ചുപുലർത്തുന്ന അവർ ഒരു അടിസ്ഥാനവുമില്ലാതെ അഹങ്കരിക്കുന്നവരാണ്. 19 തലയായ ക്രിസ്തുവുമായി+ അവർക്ക് ഉറ്റ ബന്ധമില്ല. ക്രിസ്തുവിലൂടെയാണല്ലോ ശരീരം മുഴുവൻ സന്ധിബന്ധങ്ങളാലും ഞരമ്പുകളാലും* കൂട്ടിയിണക്കപ്പെട്ട് പോഷണം കിട്ടി ദൈവം വളർത്തുന്നതനുസരിച്ച് വളരുന്നത്.+
20 നിങ്ങൾ ലോകത്തിന്റെ ചിന്താഗതികളുടെ*+ കാര്യത്തിൽ ക്രിസ്തുവിന്റെകൂടെ മരിച്ചെങ്കിൽ, പിന്നെ ലോകത്തിന്റെ ഭാഗമാണെന്നപോലെ ഇപ്പോഴും, 21 “തൊടരുത്, പിടിക്കരുത്, രുചിക്കരുത്” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്കു കീഴ്പെട്ട് ജീവിക്കുന്നത് എന്തിനാണ്?+ 22 ഈ മനുഷ്യകല്പനകളും ഉപദേശങ്ങളും+ ഉപയോഗംകൊണ്ട് നശിച്ചുപോകുന്നവയെക്കുറിച്ചുള്ളതല്ലേ? 23 അവ സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഭക്തിപ്രകടനങ്ങൾ, കപടവിനയം, ദേഹപീഡനം+ എന്നിവയിലൂടെ ജ്ഞാനത്തിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ജഡാഭിലാഷങ്ങളെ അടക്കിനിറുത്താൻ ഉപകരിക്കുന്നില്ല.