യഹോവയെ അവിടുത്തെ വചനത്തിലൂടെ അറിയുക
“ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് അവർ ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ എന്നാകുന്നു.”—യോഹന്നാൻ 17:3, NW.
1, 2. (എ) തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നപോലെ “അറിയുക” “അറിവ്” എന്നതിന്റെ അർഥമെന്താണ്? (ബി) എന്തു ദൃഷ്ടാന്തങ്ങൾ ഈ അർഥം വ്യക്തമാക്കുന്നു?
ഒരാളെ വെറും പരിചയക്കാരനെന്നപോലെ അറിയുന്നത് അല്ലെങ്കിൽ എന്തെങ്കിലും ഉപരിപ്ലവമായി അറിയുന്നതു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നപ്രകാരം, “അറിയുക”, “അറിവ്” എന്ന വാക്കുകളുടെ അർഥത്തിന് അപര്യാപ്തമാണ്. ബൈബിളിൽ “അനുഭവത്തിൽക്കൂടി അറിയുന്ന നടപടി,” “വ്യക്തികൾക്കിടയിലുള്ള ഒരു വിശ്വാസ ബന്ധം” പ്രകടമാക്കുന്ന അറിവ് അതിൽ ഉൾപ്പെടുന്നു. (ദ ന്യൂ ഇൻറർ നാഷനൽ ഡിക്ഷ്നറി ഓഫ് ന്യൂ ടെസ്ററമെൻറ്) യെഹെസ്ക്കേലിന്റെ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന ആ പല സംഗതികളെയുംപോലെ യഹോവയെ അവിടുത്തെ ചില പ്രത്യേക പ്രവൃത്തികൾ കണക്കിലെടുത്തുകൊണ്ട് അറിയുന്നത് അതിൽ ഉൾപ്പെടുന്നു. അവിടെ ദൈവം അധർമികൾക്കെതിരെ ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ടു ന്യായവിധി നടത്തി: ‘ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.’—യെഹെസ്ക്കേൽ 38:23.
2 “അറിയുക”, “അറിവ്” ഇവ ഉപയോഗിക്കാവുന്ന വിവിധ വിധങ്ങൾ ചില ദൃഷ്ടാന്തങ്ങളിലൂടെ വ്യക്തമാക്കാവുന്നതാണ്. തന്റെ നാമത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട അനേകരോടു “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല” എന്ന് യേശു പറഞ്ഞപ്പോൾ അവരുമായി തനിക്കു ഒരു ബന്ധവും ഇല്ലായിരുന്നുവെന്ന് അർഥമാക്കി. (മത്തായി 7:23) ക്രിസ്തു “പാപം അറിയാത്തവ”നാണെന്നു രണ്ടു കൊരിന്ത്യർ 5:21 പറയുന്നു. ക്രിസ്തുവിനു പാപത്തെപ്പററി ഒരു അറിവും ഇല്ലായിരുന്നുവെന്നല്ല മറിച്ച്, പാപത്തിൽ അവിടുന്നു വ്യക്തിപരമായി ഏർപ്പെട്ടില്ല എന്നാണ് അത് അർഥമാക്കുന്നത്. അപ്രകാരം, “ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് അവർ ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ എന്നാകുന്നു” എന്നു യേശു പറഞ്ഞപ്പോൾ ദൈവത്തെപ്പററിയും യേശുവിനെപ്പററിയും എന്തെങ്കിലുമൊക്കെ അറിയുന്നതിലും അധികം ഉൾപ്പെട്ടിരുന്നു.—മത്തായി 7:21 താരതമ്യം ചെയ്യുക.
3. യഹോവ സത്യദൈവത്തെ തിരിച്ചറിയിക്കുന്ന ഒരു അടയാളം പ്രദർശിപ്പിക്കുന്നുവെന്ന് എന്തു തെളിയിക്കുന്നു?
3 യഹോവയുടെ അനേകം ഗുണങ്ങളും അവിടുത്തെ വചനമായ ബൈബിളിലൂടെ അറിയാൻ കഴിയും. അവയിലൊന്നു കൃത്യതയോടെ പ്രവചിക്കുന്നതിനുള്ള കഴിവാണ്. ഈ കഴിവു സത്യദൈവത്തിന്റെ ഒരു അടയാളമായി തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു: “സംഭവിപ്പാനുള്ളതു അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്നു അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിപ്പാനുള്ളതു നമ്മെ കേൾപ്പിക്കട്ടെ. നിങ്ങൾ ദേവൻമാർ എന്നു ഞങ്ങൾ അറിയേണ്ടതിന്നു മേലാൽ വരുവാനുള്ളതു പ്രസ്താവിപ്പിൻ.” (യെശയ്യാവു 41:22, 23) യഹോവ തന്റെ വചനത്തിൽ ഭൂമിയുടെ സൃഷ്ടിയെപ്പററിയും അതിലെ ജീവനെപ്പററിയും ഉള്ള ആദ്യകാര്യങ്ങൾ പറയുന്നു. അവിടുന്ന് സംഭവിക്കാൻപോകുന്ന കാര്യങ്ങൾ വളരെ മുന്നമേ പറയുകയും അതു സംഭവിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് ഇപ്പോൾപോലും “സംഭവിപ്പാനുള്ളതു നമ്മെ കേൾപ്പിക്കുന്നു”, വിശേഷിച്ച് ഈ “അന്ത്യനാളുകളിൽ” സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ.—2 തിമൊഥെയൊസ് 3:1-5, 13; ഉല്പത്തി 1:1-30; യെശയ്യാവു 53:1-12; ദാനീയേൽ 8:3-12, 20-25; മത്തായി 24:3-21; വെളിപ്പാടു 6:1-8; 11:18.
4. തന്റെ ശക്തിയെന്ന ഗുണം യഹോവ ഉപയോഗിച്ചിട്ടുള്ളത് എപ്രകാരമാണ്, അതു വീണ്ടും അവിടുന്ന് എപ്രകാരം ഉപയോഗിക്കും?
4 യഹോവയുടെ മറെറാരു ഗുണം ശക്തിയാണ്. നക്ഷത്രങ്ങൾ പ്രകാശവും ചൂടും വർഷിക്കുന്ന അണുസംയോജന ചൂളകളായി പ്രവർത്തിക്കുന്ന ആകാശത്ത് ഇതു തെളിവായിക്കാണുന്നു. മത്സരികളായ മനുഷ്യരോ ദൂതൻമാരോ യഹോവയുടെ പരമാധികാരത്തെ വെല്ലുവിളിക്കുമ്പോൾ, അവിടുത്തെ നല്ലനാമത്തെയും നീതിയുള്ള മാനദണ്ഡങ്ങളെയും പരിരക്ഷിക്കുന്നതിന് അവിടുന്നു തന്റെ ശക്തിയെ “ഒരു യുദ്ധവീരൻ” എന്ന നിലയിൽ ഉപയോഗിക്കുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ അവിടുന്നു നോഹയുടെ കാലത്തും, സോദോമിലും ഗൊമോറയിലും അതുപോലെതന്നെ ഇസ്രയേലിന്റെ ചെങ്കടലിൽക്കൂടിയുള്ള മോചനത്തിലും ചെയ്തപോലെ തന്റെ ശക്തി നാശകരമായ രീതിയിൽ പുറപ്പെടുവിക്കുന്നതിനു മടിക്കുന്നില്ല. (പുറപ്പാടു 15:3-7; ഉല്പത്തി 7:11, 12, 24; 19:24, 25) വേഗത്തിൽ ദൈവം “സാത്താനെ . . . നിങ്ങളുടെ കാൽക്കീഴെ ചതെച്ചു കളയു”ന്നതിനായി ശക്തി ഉപയോഗിക്കും.—റോമർ 16:20.
5. ശക്തിയോടൊപ്പം ഏതു ഗുണവുംകൂടി യഹോവയിൽ കുടികൊള്ളുന്നു?
5 എങ്കിലും അപരിമിതമായ ഈ ശക്തിയുണ്ടായിരുന്നിട്ടുപോലും താഴ്മയുണ്ട്. സങ്കീർത്തനം 18:35, 36 പറയുന്നു: “നിന്റെ സൌമ്യത [താഴ്മ, NW] എന്നെ വലിയവനാക്കിയിരിക്കുന്നു. ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി.” “ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേൽപ്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്യു”ന്നതിന്, ദൈവത്തിന്റെ താഴ്മ അവിടുത്തെ അനുവദിക്കുന്നു.—സങ്കീർത്തനം 113:6, 7.
6. യഹോവയുടെ ഏതു ഗുണം ജീവരക്ഷാകരമാണ്?
6 മനുഷ്യരുമായി ഇടപെടുന്നതിൽ യഹോവയുടെ കരുണ ജീവരക്ഷാകരമാണ്. മനശ്ശെ ഞടുക്കുന്ന കൃത്യങ്ങൾ ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തോടു ക്ഷമിച്ചപ്പോൾ എത്രമാത്രം കരുണയാണു കാണിച്ചത്! യഹോവ പറയുന്നു: “ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കയും . . . ചെയ്താൽ . . . അവൻ ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.” (യെഹെസ്ക്കേൽ 33:14-16; 2 ദിനവൃത്താന്തം 33:1-6, 10-13) ദിവസത്തിൽ 7 പ്രാവശ്യം ക്ഷമിച്ചുകൊണ്ട് 77 പ്രാവശ്യം ക്ഷമിക്കാൻ പ്രോത്സാഹിപ്പിച്ചപ്പോൾ യേശു യഹോവയെ പ്രതിഫലിപ്പിക്കുകയായിരുന്നു!—സങ്കീർത്തനം 103:8-14; മത്തായി 18:21, 22; ലൂക്കൊസ് 17:4.
ചേതോവികാരമുള്ള ഒരു ദൈവം
7. യഹോവ ഗ്രീക്കുദൈവങ്ങളിൽനിന്നും എപ്രകാരമാണു വ്യത്യസ്തനായിരിക്കുന്നത്, എന്തു ബഹുമൂല്യ പദവിയാണു നമുക്കായി തുറന്നിരിക്കുന്നത്?
7 എപ്പിക്കൂര്യരെപോലുള്ള ഗ്രീക്കു തത്ത്വജ്ഞാനികൾ ദൈവങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിലും മനുഷ്യനിൽ ഏന്തെങ്കിലും താത്പര്യമെടുക്കുന്നതിനോ അവന്റെ വികാരങ്ങളാൽ ബാധിക്കപ്പെടുന്നതിനോ കഴിയാത്തവണ്ണം അവർ ഭൂമിയിൽനിന്നും അതിവിദൂരതയിൽ സ്ഥിതിചെയ്യുന്നതായി വീക്ഷിച്ചിരുന്നു. യഹോവയും അവിടുത്തെ വിശ്വസ്ത സാക്ഷികളും തമ്മിലുള്ള ബന്ധം എത്ര വ്യത്യസ്തമാണ്! “യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു.” (സങ്കീർത്തനം 149:4) ജലപ്രളയത്തിനുമുമ്പു ദുഷ്ടജനങ്ങൾ അവിടുന്ന് അനുതപിക്കുന്നതിനും അവിടുത്തെ “ഹൃദയത്തിനു ദുഃഖമാ”കുന്നതിനും ഇടയാക്കി. ഇസ്രയേൽ അതിന്റെ അവിശ്വസ്തതയാൽ യഹോവയ്ക്കു വേദനയും ദുഃഖവും കൈവരുത്തി. ക്രിസ്ത്യാനികൾക്കു തങ്ങളുടെ അനുസരണക്കേടുമൂലം യഹോവയുടെ ആത്മാവിനെ വ്യസനിപ്പിക്കാനാകും; എന്നാൽ അവരുടെ വിശ്വസ്തതയാൽ അവർക്ക് അവിടുത്തെ സന്തോഷിപ്പിക്കാൻ കഴിയും. ഭൂമിയിലെ നിസ്സാര മനുഷ്യന് അഖിലാണ്ഡത്തിന്റെ സ്രഷ്ടാവിനെ ദുഃഖിപ്പിക്കുന്നതിനോ സന്തോഷിപ്പിക്കുന്നതിനോ കഴിയുമെന്നു വിചാരിക്കുന്നത് എത്ര വിസ്മയാവഹമാണ്! അവിടുന്നു നമുക്കുവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും വീക്ഷണത്തിൽ നമുക്ക് അവിടുത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ബഹുമൂല്യ പദവിയുണ്ടെന്നുള്ളത് എത്ര അത്ഭുതകരമാണ്.—ഉല്പത്തി 6:6; സങ്കീർത്തനം 78:40, 41; സദൃശവാക്യങ്ങൾ 27:11; യെശയ്യാവു 63:10; എഫെസ്യർ 4:30.
8. അബ്രഹാം യഹോവയോടുള്ള തന്റെ സംസാരസ്വാതന്ത്ര്യം ഉപയോഗിച്ചത് എപ്രകാരം?
8 യഹോവയുടെ സ്നേഹം നമുക്കു വലിയ “സംസാരസ്വാതന്ത്ര്യം” അനുവദിക്കുന്നുവെന്നു ദൈവവചനം പ്രകടമാക്കുന്നു. (1 യോഹന്നാൻ 4:17, NW) യഹോവ സോദോമിനെ നശിപ്പിക്കാൻ വന്നപ്പോൾ അബ്രഹാമിന്റെ കാര്യം കുറിക്കൊള്ളുക. അബ്രഹാം യഹോവയോടു പറഞ്ഞു: “ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? പക്ഷെ ആ പട്ടണത്തിൽ അമ്പതുനീതിമാൻമാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാൻമാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ? ഇങ്ങനെ നീ ഒരു നാളും ചെയ്യുന്നതല്ലല്ലോ? . . . സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?” ദൈവത്തോടു പറഞ്ഞ വാക്കുകൾ നോക്കുക! എങ്കിലും നീതിമാൻമാരായ 50 ആളുകൾ അവിടെ ഉണ്ടെങ്കിൽ സോദോമിനെ രക്ഷിക്കാമെന്നു യഹോവ സമ്മതിച്ചു. അബ്രഹാം തുടർന്നും യഹോവയോടു സംസാരിച്ച് ആ സംഖ്യ 50-ൽനിന്നും 20 ആക്കികുറച്ചു. താൻ കൂടുതൽ സമ്മർദം ചെലുത്തുന്നതായി അദ്ദേഹം ശങ്കിച്ചു. അദ്ദേഹം പറഞ്ഞു: “[യഹോവ] കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തുപേരെ അവിടെ കണ്ടാലോ.” “ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല” എന്ന് അരുളിച്ചെയ്തുകൊണ്ടു വീണ്ടും യഹോവ സമ്മതിക്കുന്നു.—ഉല്പത്തി 18:23-33.
9. അബ്രഹാം അപ്രകാരം സംസാരിക്കുവാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ട്, നമുക്കിതിൽനിന്നും എന്തു പഠിക്കാൻ കഴിയും?
9 യഹോവ എന്തുകൊണ്ടാണ് അബ്രഹാമിന് ഇപ്രകാരം സംസാരിക്കാൻ തക്കവണ്ണം സംസാരസ്വാതന്ത്ര്യം അനുവദിച്ചത്? ഒരു സംഗതി, അബ്രഹാമിന്റെ മനോവ്യഥ യഹോവ അറിയുന്നുണ്ടായിരുന്നു. അബ്രഹാമിന്റെ സഹോദരപുത്രനായ ലോത്ത് സോദോം പട്ടണത്തിൽ താമസിക്കുന്നുണ്ടെന്നും അവന്റെ സുരക്ഷിതത്വത്തിൽ അബ്രഹാം ചിന്തയുള്ളവനാണെന്നും അവിടുന്ന് അറിഞ്ഞിരുന്നു. കൂടാതെ അബ്രഹാം ദൈവത്തിന്റെ സ്നേഹിതനായിരുന്നു. (യാക്കോബ് 2:23) നമ്മോട് ഒരാൾ പരുഷമായി സംസാരിക്കുമ്പോൾ, വിശേഷിച്ച് അയാൾ ഏതെങ്കിലും വിധത്തിലുള്ള വൈകാരികസമ്മർദത്തിൻ കീഴിലായിരിക്കുന്ന ഒരു സുഹൃത്താണെങ്കിൽ അയാളുടെ വാക്കുകൾക്കു പിന്നിലുള്ള ചേതോവികാരങ്ങളെ തിരിച്ചറിയുന്നതിനും സാഹചര്യങ്ങൾ കണക്കിലെടുക്കുന്നതിനും നാം ശ്രമിക്കാറുണ്ടോ? അബ്രഹാമിന്റെ കാര്യത്തിലെന്നപോലെ യഹോവ നമ്മുടെ സംസാരസ്വാതന്ത്ര്യത്തിന്റെ ഉപയോഗത്തെയും മനസ്സിലാക്കുന്നവനായിരിക്കും എന്നു കാണുന്നത് ഒരു ആശ്വാസമല്ലേ?
10. സംസാരസ്വാതന്ത്ര്യം നമ്മെ പ്രാർഥനയിൽ എങ്ങനെ സഹായിക്കുന്നു?
10 വിശേഷാൽ “പ്രാർഥന കേൾക്കുന്നവൻ” എന്ന നിലയിൽ നാം അവിടുത്തെ അന്വേഷിക്കുമ്പോൾ, നാം കഠിനമായി ദുഃഖിതരായിരിക്കുകയും വൈകാരികമായി കുഴങ്ങിയിരിക്കുകയും ചെയ്യുന്ന അവസരത്തിൽ നമ്മുടെ ദേഹി അവിടേക്കു പകരുന്നതിനുവേണ്ടി നാം ഈ സംസാരസ്വാതന്ത്ര്യത്തിനായി കെഞ്ചിയാചിക്കുന്നു. (സങ്കീർത്തനം 51:17; 65:2, 3) വാക്കുകൾ പോരാതെവരുന്ന ആ സമയങ്ങളിൽ “ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു,” യഹോവ അതു ശ്രദ്ധിക്കുകയും ചെയ്യുന്നു. അവിടുന്ന് നമ്മുടെ ചിന്തനങ്ങളെ അറിയുന്നു: “എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൻമേൽ ഇല്ല.” എന്നിരുന്നാലും നാം ചോദിക്കുകയും അന്വേഷിക്കുകയും മുട്ടുകയും ചെയ്തുകൊണ്ടിരിക്കേണ്ടതുണ്ട്.—റോമർ 8:26; സങ്കീർത്തനം 139:2, 4; മത്തായി 7:7, 8.
11. യഹോവ യഥാർഥത്തിൽ നമുക്കായി കരുതുന്നുവെന്ന് എപ്രകാരം പ്രകടമാക്കിയിരിക്കുന്നു?
11 യഹോവ കരുതുന്നു. താൻ സൃഷ്ടിച്ച ജീവനുവേണ്ടി കരുതൽചെയ്യുന്നു. “എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു. നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.” (സങ്കീർത്തനം 145:15, 16) കുററിക്കാടുകളിലെ പക്ഷികളെ അവിടുന്നു പോററുന്നതെങ്ങനെ എന്നുകാണാൻ നമ്മെ ക്ഷണിക്കുന്നു. വയലിലെ ലില്ലികളെ നോക്കുക, എത്ര മനോഹരമായി അവിടുന്ന് അവയെ ഉടുപ്പിക്കുന്നു. അവയ്ക്കുവേണ്ടി ചെയ്യുന്നതിലധികം ദൈവം നമുക്കുവേണ്ടി ചെയ്യുമെന്നു യേശു കൂട്ടിച്ചേർത്തു. അതുകൊണ്ടു നാം എന്തിന് ഉത്കണ്ഠാകുലരാകണം? (ആവർത്തനം 32:10; മത്തായി 6:26-32; 10:29-31) “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ” എന്ന് ഒന്നു പത്രൊസ് 5:7 നിങ്ങളെ ക്ഷണിക്കുന്നു.
“അവിടുത്തെ സത്തയുടെ കൃത്യമായ പ്രതിരൂപം”
12, 13. യഹോവയെ സൃഷ്ടിയിൽക്കൂടിയും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവിടുത്തെ പ്രവർത്തികളിൽക്കൂടിയും കാണുന്നതിനു പുറമേ നമുക്ക് എപ്രകാരം അവിടുത്തെ കാണുന്നതിനും കേൾക്കുന്നതിനും സാധ്യമാകുന്നു?
12 യഹോവയാം ദൈവത്തെ അവിടുത്തെ സൃഷ്ടിയിലൂടെ നമുക്കു കാണാൻ കഴിയും; ബൈബിളിൽ അവിടുത്തെ പ്രവർത്തികൾ വായിക്കുന്നതിനാൽ നമുക്ക് അവിടുത്തെ കാണാൻ കഴിയും; യേശുക്രിസ്തുവിനെ സംബന്ധിച്ചു രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നമുക്ക് അവിടുത്തെ കാണാൻ കഴിയും. യോഹന്നാൻ 12:45-ൽ യേശുതന്നെ അപ്രകാരം പറയുന്നു: “എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.” വീണ്ടും, യോഹന്നാൻ 14:9-ൽ പറയുന്നു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.” കൊലൊസ്സ്യർ 1:15 പ്രസ്താവിക്കുന്നു: “[യേശു] അദൃശ്യനായ ദൈവത്തിന്റെ പ്രതിമ . . . ആകുന്നു.” എബ്രായർ 1:3 [NW] പ്രഖ്യാപിക്കുന്നു: “[യേശു] [ദൈവത്തിന്റെ] തേജസ്സിന്റെ പ്രതിഫലനവും അവിടുത്തെ സത്തയുടെ കൃത്യമായ പ്രതിരൂപവും” ആകുന്നു.
13 യഹോവ തന്റെ പുത്രനെ അയച്ചത് ഒരു മറുവില പ്രദാനം ചെയ്യുന്നതിനു മാത്രമല്ല, പിന്നെയോ വാക്കിലും പ്രവൃത്തിയിലും അനുകരിക്കുന്നതിന് ഒരു ദൃഷ്ടാന്തം വെക്കുന്നതിനുകൂടിയാണ്. യേശു ദൈവത്തിന്റെ വചനങ്ങൾ സംസാരിച്ചു. യോഹന്നാൻ 12:50-ൽ “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്ന് അവിടുന്നു പറഞ്ഞു. അവിടുന്നു തന്റെ സ്വന്തമായി ഒന്നും ചെയ്തില്ല പിന്നെയോ ദൈവം പറഞ്ഞ കാര്യങ്ങളാണ് അവിടുന്നു ചെയ്തത്. യോഹന്നാൻ 5:30-ൽ “എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല” എന്ന് അവിടുന്നു പറഞ്ഞു.—യോഹന്നാൻ 6:38.
14. (എ) യേശുവിന് അനുകമ്പ തോന്നുവാൻ ഇടയാക്കിയ കാഴ്ചകൾ ഏതെല്ലാം? (ബി) യേശുവിന്റെ സംസാരരീതി ആളുകൾ അവിടുത്തെ ശ്രദ്ധിക്കുന്നതിലേക്കു കൂട്ടിവരുത്തിയത് എന്തുകൊണ്ട്?
14 അവിടുന്നു കുഷ്ഠരോഗികളും ബലഹീനരും ബധിരരും കുരുടരും ഭൂതബാധിതരും മരിച്ചവരെപ്പററി വിലപിക്കുന്നവരും ആയ ആളുകളെ കണ്ടു. അനുകമ്പതോന്നി അവിടുന്നു രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തു. ജനക്കൂട്ടം ആത്മീയമായി കുഴഞ്ഞവരും ചിന്നിയവരും ആയിരിക്കുന്നതുകണ്ട് അവിടുന്ന് അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി. അവിടുന്ന് അവരെ പഠിപ്പിച്ചതു ശരിയായ വാക്കുകളാൽ മാത്രമല്ല, പിന്നെയോ തന്റെ ഹൃദയത്തിൽനിന്നുള്ള ലാവണ്യവാക്കുകൾകൊണ്ടായിരുന്നു, അതു മററുള്ളവരുടെ ഹൃദയത്തിലേക്കു നേരെ കടന്നു, അത് അവരെ യേശുവിലേക്ക് അടുപ്പിച്ചു, അത് അവിടുത്തെ ശ്രദ്ധിക്കുന്നതിനായി അവരെ അതികാലത്തു ദേവാലയത്തിലേക്കു വരുത്തി, അത് അവർ അവിടുത്തെ സന്തോഷത്തോടെ ശ്രദ്ധിക്കുന്നതിന് അവിടുത്തെ അനുഗമിക്കുന്നതിന് ഇടയാക്കി. ‘ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല’ എന്നു പ്രഖ്യാപിച്ചുകൊണ്ട് അവിടുത്തെ ശ്രവിക്കുന്നതിനായി അവർ കൂട്ടംകൂടി. അവിടുന്നു പഠിപ്പിക്കുന്ന വിധത്തിൽ വിസ്മയിച്ചുപോയി. (യോഹന്നാൻ 7:46; മത്തായി 7:28, 29; മർക്കൊസ് 11:18; 12:37; ലൂക്കൊസ് 4:22; 19:48; 21:38) ശത്രുക്കൾ അവിടുത്തെ ചോദ്യങ്ങളാൽ കുടുക്കാൻ ശ്രമിച്ചപ്പോൾ അവിടുന്ന് അവരെ ഖണ്ഡിച്ചുകൊണ്ട് നിശബ്ദരാക്കി.—മത്തായി 22:41-46; മർക്കൊസ് 12:34; ലൂക്കൊസ് 20:40.
15. യേശുവിന്റെ പഠിപ്പിക്കലിന്റെ കേന്ദ്രവിഷയം എന്തായിരുന്നു, അതു പരത്തുന്നതിൽ അവിടുന്നു മററുള്ളവരെ എത്രത്തോളം ഉൾപ്പെടുത്തി?
15 അവിടുന്നു “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു ഘോഷിക്കുകയും “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കാൻ” കേൾവിക്കാരെ പ്രേരിപ്പിക്കുകയും ചെയ്തു. “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിക്കുന്നതിനും “സകല ജാതികളെയും ശിഷ്യരാക്കു”ന്നതിനും “ഭൂമിയുടെ അററത്തോളവും” ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുന്നതിനും വേണ്ടി അവിടുന്നു മററുള്ളവരെ അയച്ചു. ഇന്ന് 45 ലക്ഷത്തോളം യഹോവയുടെ സാക്ഷികൾ ആ കാര്യങ്ങൾ ചെയ്തുകൊണ്ട് അവിടുത്തെ കാൽച്ചുവടുകൾ പിന്തുടരുന്നു.—മത്തായി 4:17; 6:33; 10:7; 28:20; പ്രവൃത്തികൾ 1:8.
16. യഹോവയുടെ സ്നേഹമെന്ന ഗുണം എങ്ങനെ കഠിനമായ പരീക്ഷണത്തിനു വിധേയമായി, എന്നാൽ അതു മനുഷ്യവർഗത്തിനുവേണ്ടി എന്തു സാധിച്ചു?
16 “ദൈവം സ്നേഹം തന്നെ” എന്ന് 1 യോഹന്നാൻ 4:8-ൽ നമ്മോടു പറഞ്ഞിരിക്കുന്നു. തന്റെ ഏകജാതനായ പുത്രനെ മരിക്കാനായി ഭൂമിയിലേക്കയച്ചപ്പോൾ ഈ വിശിഷ്ടമായ ഗുണം വിഭാവനചെയ്യാവുന്നതിലേക്കുംവെച്ച് ഏററവും വേദനാജനകമായ പരീക്ഷണത്തിനു വിധേയമായി. ഈ പ്രിയപുത്രൻ സഹിച്ച യാതനയും തന്റെ സ്വർഗീയ പിതാവിനോടുള്ള യാചനയും, കഠിനമായ പരീക്ഷണത്തിൻകീഴിൽ യഹോവയ്ക്കു ഭൂമിയിൽ തന്നോടു നിർമലത മുറുകെ പിടിക്കുന്നവരുണ്ടായിരിക്കാൻ കഴിയുകയില്ല എന്ന പിശാചിന്റെ വെല്ലുവിളി തെററാണെന്ന് ഈ നടപടിയിൽ യേശു തെളിയിച്ചെങ്കിൽപ്പോലും യഹോവയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിരിക്കും. യേശുവിന്റെ ത്യാഗത്തിന്റെ ആധിക്യവും നാം വിലമതിക്കേണ്ടതുണ്ട്, കാരണം നമുക്കുവേണ്ടി മരിക്കാനാണ് ദൈവം അവിടുത്തെ അയച്ചത്. (യോഹന്നാൻ 3:16) ഇത് എളുപ്പമുള്ള, പെട്ടന്നുള്ള ഒരു മരണമായിരുന്നില്ല. ദൈവവും യേശുവും അനുഭവിച്ച വേദനയും നമുക്കുവേണ്ടിയുള്ള അവരുടെ ത്യാഗത്തിന്റെ ആധിക്യവും വിലമതിക്കുന്നതിനു നമുക്കു സംഭവങ്ങൾ സംബന്ധിച്ച ബൈബിൾരേഖ പരിശോധിക്കാം.
17-19. യേശു തനിക്കു വരാനിരുന്ന കഠിനപരീക്ഷണത്തെ എങ്ങനെ വിവരിച്ചു?
17 സംഭവിക്കാൻ പോകുന്നത് എന്താണെന്നു യേശു നാലു പ്രാവശ്യമെങ്കിലും തന്റെ അപ്പോസ്തലൻമാരോടു വിവരിച്ചു. അതു സംഭവിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് അവിടുന്നു പറഞ്ഞു: “ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതൻമാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും. അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും . . . ചെയ്യും.”—മർക്കൊസ് 10:33, 34.
18 റോമാക്കാരുടെ പ്രഹരത്തിന്റെ ഘോരത മനസ്സിലാക്കിക്കൊണ്ടു തനിക്കു സംഭവിക്കാനിരുന്നതു സംബന്ധിച്ചു യേശുവിനു സമ്മർദം അനുഭവപ്പെട്ടു. അടിക്കുന്നതിനുള്ള തോലുകൊണ്ടുള്ള ചാട്ടവാറിൽ ലോഹക്കഷണങ്ങളും ആടിന്റെ എല്ലുകളും പതിപ്പിച്ചിരുന്നു; അതുകൊണ്ടു പ്രഹരം തുടരുമ്പോൾ മുതുകും കാലുകളും രക്തമൊലിക്കുന്ന കീറിപ്പറിഞ്ഞ മാംസപാളികൾ ആയിത്തീർന്നിരുന്നു. മുന്നിലുള്ള കഠിനപരീക്ഷണം തന്നിൽ സൃഷ്ടിക്കുന്ന വൈകാരിക സംഘർഷത്തെപ്പററി സൂചിപ്പിച്ചുകൊണ്ട് മാസങ്ങൾക്കുമുമ്പു യേശു, നാം ലൂക്കൊസ് 12:50-ൽ വായിക്കുന്നപ്രകാരം “എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു” എന്നു പറഞ്ഞു.
19 സമയം സമാഗതമായതോടെ സമ്മർദം അത്യധികമായി. ഇതേപ്പററി അവിടുന്നു തന്റെ സ്വർഗീയ പിതാവിനോടു സംസാരിച്ചു: “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.” (യോഹന്നാൻ 12:27) തന്റെ ഏകജാതനായ പുത്രന്റെ ഈ യാചന യഹോവയെ എങ്ങനെ ബാധിച്ചിരിക്കും! തന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾ മുമ്പു യേശു ഗെത്ത്ശെമനയിൽവെച്ചു പത്രോസിനോടും യാക്കോബിനോടും യോഹന്നാനോടും കഠിനവേദയോടെ അസ്വസ്ഥനായി: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു” എന്നു പറഞ്ഞു. മിനിററുകൾക്കുശേഷം അവിടുന്ന് ഈ വിഷയത്തെ സംബന്ധിച്ചു യഹോവയോട് അവസാന പ്രാർഥന നടത്തി: “‘പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ.’ പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (മത്തായി 26:38; ലൂക്കൊസ് 22:42, 44) ഇതു വൈദ്യശാസ്ത്രപരമായി രക്തസ്വേദം (Hematidrosis) എന്നറിയപ്പെടുന്ന സംഗതി ആയിരിക്കാവുന്നതാണ്. ഇതു വിരളമായാണെങ്കിലും ഉയർന്ന വൈകാരിക അവസ്ഥകളിൽ സംഭവിച്ചേക്കാം.
20. തന്റെ കഠിനപരീക്ഷണത്തെ വിജയിക്കാൻ യേശുവിനെ സഹായിച്ചതെന്ത്?
20 ഗെത്ത്ശെമനയിലെ ഈ സമയത്തെപ്പററി എബ്രായർ 5:7 പറയുന്നു: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തിനിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” “മരണത്തിൽനിന്നും രക്ഷിപ്പാൻ കഴിയുന്നവൻ” മരണത്തിൽനിന്നും യേശുവിനെ രക്ഷപെടുത്താഞ്ഞ സ്ഥിതിക്ക് ഏതർഥത്തിലാണ് അവിടുത്തെ പ്രാർഥന അനുകൂലമായി കേട്ടത്? ലൂക്കൊസ് 22:43 അതിനുത്തരം നൽകുന്നു: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” ദൈവം അയച്ച ദൂതൻ യേശുവിനു കഠിനപരീക്ഷണം സഹിക്കുന്നതിനു ശക്തിനൽകിയതു പ്രാർഥനക്കുള്ള ഉത്തരമായിട്ടായിരുന്നു.
21. (എ) യേശു കഠിനപരീക്ഷയിൽ വിജയശ്രീലാളിതനായി എന്ന് എന്തു പ്രകടമാക്കുന്നു? (ബി) നമ്മുടെ പരീക്ഷണങ്ങൾ വർധിക്കുമ്പോൾ നാം എപ്രകാരം പറയാൻ ആഗ്രഹിക്കേണ്ടതുണ്ട്?
21 അനന്തരഫലത്തിൽ നിന്ന് ഇതു ദൃശ്യമായിരുന്നു. ആന്തരിക പോരാട്ടം അവസാനിച്ചപ്പോൾ യേശു പത്രോസിന്റെയും യാക്കോബിന്റെയും യോഹന്നാന്റെയും അടുത്തേക്കു തിരികെപ്പോയി പറഞ്ഞു: “എഴുന്നേല്പിൻ; നാം പോക.” (മർക്കൊസ് 14:42) ഫലത്തിൽ അവിടുന്ന് ഇപ്രകാരം പറയുകയായിരുന്നു, ‘ഒരു ചുംബനത്താൽ ഒററിക്കൊടുക്കപ്പെടാനും ജനക്കൂട്ടത്താൽ അറസ്ററുചെയ്യപ്പെടാനും നിയമവിരുദ്ധമായി വിചാരണചെയ്യപ്പെടാനും തെററായി കുററംവിധിക്കപ്പെടാനും വേണ്ടി ഞാൻ പോകട്ടെ. പരിഹാസത്തിനും തുപ്പലിനും പ്രഹരത്തിനും വിധേയനാകുവാനും ദണ്ഡനസ്തംഭത്തിൽ തറയ്ക്കപ്പെടുവാനും ഞാൻ പോകട്ടെ.’ ആറുമണിക്കൂർ അവിടുന്നു കഠിനവേദനയിൽ അവസാനത്തോളം സഹിച്ചുനിന്നുകൊണ്ട് അവിടെ തൂങ്ങിക്കിടന്നു. മരിക്കുമ്പോൾ വിജയഹർഷത്തിൽ അവിടുന്നു വിളിച്ചുപറഞ്ഞു: “നിവൃത്തിയായി.” (യോഹന്നാൻ 19:30) അവിടുന്ന് അചഞ്ചലനായി നിലകൊള്ളുകയും യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ തന്റെ അഖണ്ഡത തെളിയിക്കുകയും ചെയ്തു. ഭൂമിയിൽ ചെയ്യുന്നതിനുവേണ്ടി യഹോവ നിയോഗിച്ച സകലകാര്യങ്ങളും അവിടുന്നു നിവൃത്തിക്കുകയുണ്ടായി. നാം മരിക്കുമ്പോഴോ അർമഗെദ്ദോൻ ആഞ്ഞടിക്കുമ്പോഴോ യഹോവയിൽനിന്നു നമുക്കു ലഭിച്ചിരിക്കുന്ന നിയോഗത്തെ സംബന്ധിച്ച് “നിവൃത്തിയായി” എന്നു നമുക്കു പറയാൻ കഴിയുമോ?
22. യഹോവയുടെ പരിജ്ഞാനം ഏതളവിൽ വ്യാപിക്കുമെന്ന് എന്തു പ്രകടമാക്കുന്നു?
22 സംഗതി എന്തുതന്നെയായാലും ദ്രുതഗതിയിൽ അടുത്തുകൊണ്ടിരിക്കുന്ന യഹോവയുടെ തക്കസമയത്തു “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കും” എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—യെശയ്യാവു 11:9.
നിങ്ങൾ ഓർക്കുന്നുണ്ടോ?
◻ അറിയുകയും അറിവുണ്ടായിരിക്കുകയും ചെയ്യുക എന്നതിന്റെ അർഥമെന്ത്?
◻ യഹോവയുടെ കരുണയും ക്ഷമയും അവിടുത്തെ വചനത്തിൽ എപ്രകാരമാണു നമ്മെ കാണിച്ചുതന്നിരിക്കുന്നത്?
◻ അബ്രഹാം യഹോവയുടെ അടുത്തു സംസാരസ്വാതന്ത്ര്യം എങ്ങനെ ഉപയോഗിച്ചു?
◻ നമുക്ക് യേശുവിലേക്കു നോക്കുന്നതിനും അവിടുന്നിൽ യഹോവയുടെ ഗുണങ്ങൾ കാണുന്നതിനും കഴിയുന്നത് എന്തുകൊണ്ട്?