ബൈബിൾ പുസ്തക നമ്പർ 14—2 ദിനവൃത്താന്തം
എഴുത്തുകാരൻ: എസ്രാ
എഴുതിയ സ്ഥലം: യെരുശലേം (?)
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 460
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 1037-537
1. എസ്രാ എപ്പോൾ ദിനവൃത്താന്തങ്ങൾ പൂർത്തിയാക്കി, ഏത് ഉദ്ദേശ്യത്തിന്റെ വീക്ഷണത്തിൽ?
ഒന്നും രണ്ടും ദിനവൃത്താന്തങ്ങൾ തെളിവനുസരിച്ച് ആദ്യം ഒററ പുസ്തകമായിരുന്നതുകൊണ്ടു പശ്ചാത്തലവും എഴുത്തുകാരൻ ആരെന്നുളളതും എഴുത്തിന്റെ കാലവും കാനോനികത്വവും വിശ്വാസ്യതയും സംബന്ധിച്ചു മുൻ അധ്യായത്തിൽ അവതരിപ്പിച്ച വാദങ്ങൾ രണ്ടു പുസ്തകങ്ങൾക്കും ബാധകമാണ്. സമർപ്പിക്കപ്പെട്ട തെളിവിൻപ്രകാരം എസ്രാ സാധ്യതയനുസരിച്ചു യെരുശലേമിൽവെച്ചു പൊ.യു.മു. ഏതാണ്ടു 460-ൽ രണ്ടു ദിനവൃത്താന്തം പൂർത്തിയാക്കി. നഷ്ടപ്പെടുന്നതിന്റെ അപകടത്തിലായിരുന്ന ചരിത്രവിവരങ്ങൾ സംരക്ഷിക്കുകയെന്നത് എസ്രായുടെ ഉദ്ദേശ്യമായിരുന്നു. പരിശുദ്ധാത്മാവിന്റെ സഹായവും ഒപ്പം ഒരു ചരിത്രകാരനെന്ന നിലയിൽ വിശദാംശങ്ങൾ പിടിച്ചെടുക്കാനും സമാഹരിക്കാനുമുളള എസ്രായുടെ സാമർഥ്യവും കൃത്യവും സ്ഥിരവുമായ ഒരു രേഖ ചമയ്ക്കാൻ അവനെ പ്രാപ്തനാക്കി. ചരിത്രവസ്തുതയെന്നു താൻ കരുതിയതിനെ അവൻ ഭാവിയിലേക്കു സൂക്ഷിച്ചു. നൂററാണ്ടുകൾകൊണ്ടു രേഖപ്പെടുത്തിയിരുന്ന വിശുദ്ധ എബ്രായ ലിഖിതങ്ങളുടെ മുഴു ശേഖരവും ഇപ്പോൾ ഒരുമിച്ചുകൂട്ടേണ്ടത് ആവശ്യമായിരുന്നതുകൊണ്ടും എസ്രായുടെ വേല അത്യന്തം സമയോചിതമായിരുന്നു.
2. ദിനവൃത്താന്തങ്ങളുടെ കൃത്യതയെ സംശയിക്കുന്നതിനു കാരണമില്ലാത്തത് എന്തുകൊണ്ട്?
2 എസ്രായുടെ നാളിലെ യഹൂദൻമാർക്ക് എസ്രായുടെ നിശ്വസ്ത ദിനവൃത്താന്തത്തിൽനിന്നു വലിയ പ്രയോജനം കിട്ടി. അത് അവരുടെ പ്രബോധനത്തിനും സഹിഷ്ണുതക്കു പ്രോത്സാഹിപ്പിക്കാൻവേണ്ടിയുമാണ് എഴുതപ്പെട്ടത്. തിരുവെഴുത്തുകളിൽനിന്നുളള ആശ്വാസത്താൽ അവർക്കു പ്രത്യാശ ഉണ്ടായിരിക്കാൻ കഴിയുമായിരുന്നു. അവർ ദിനവൃത്താന്തത്തെ ബൈബിൾകാനോന്റെ ഭാഗമായി സ്വീകരിച്ചു. അതു വിശ്വാസയോഗ്യമാണെന്ന് അവർ അറിഞ്ഞിരുന്നു. അവർക്കു മററു നിശ്വസ്ത എഴുത്തുകളുമായും എസ്രാ പരാമർശിച്ച നിരവധി ലൗകിക ചരിത്രങ്ങളുമായും അത് ഒത്തുനോക്കാൻ കഴിയുമായിരുന്നു. നിശ്വസ്തമല്ലാത്ത ലൗകികചരിത്രങ്ങൾ നശിക്കാൻ അവർ അനുവദിച്ചുവെന്നിരിക്കെ ദിനവൃത്താന്തത്തെ അവർ ശ്രദ്ധാപൂർവം സംരക്ഷിച്ചു. സെപ്ററുവജിൻറ് വിവർത്തകൻമാർ ദിനവൃത്താന്തത്തെ എബ്രായ ബൈബിളിന്റെ ഭാഗമായി ഉൾപ്പെടുത്തി.
3. ദിനവൃത്താന്തം വിശ്വാസ്യമാണെന്നു മററു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നതെങ്ങനെ?
3 യേശുക്രിസ്തുവും ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാരും അതിനെ വിശ്വാസ്യമായും നിശ്വസ്തമായും സ്വീകരിച്ചു. യഹോവയുടെ പ്രവാചകൻമാരെയും ദാസൻമാരെയും കൊന്നവളും കല്ലെറിഞ്ഞവളുമെന്ന നിലയിൽ യെരുശലേമിനെ അപലപിച്ചപ്പോൾ യേശുവിന്റെ മനസ്സിൽ 2 ദിനവൃത്താന്തം 24:21-ൽ രേഖപ്പെടുത്തിയിരുന്നതുപോലെയുളള സംഭവങ്ങൾ ഉണ്ടായിരുന്നുവെന്നതിനു സംശയമില്ല. (മത്താ. 23:35; 5:12; 2 ദിന. 36:16) യാക്കോബ് അബ്രഹാമിനെ “യഹോവയുടെ സ്നേഹിതൻ” എന്നു പരാമർശിച്ചപ്പോൾ ഒരുപക്ഷേ അദ്ദേഹം 2 ദിനവൃത്താന്തം 20:7-ലെ എസ്രായുടെ പ്രസ്താവനയെ പരാമർശിക്കുകയായിരുന്നു. (യാക്കോ. 2:23, NW) ഈ പുസ്തകത്തിൽ തെററാതെ നിവൃത്തിയേറിയ പ്രവചനങ്ങളും അടങ്ങിയിരിക്കുന്നു.—2 ദിന. 20:17, 24; 21:14-19; 34:23-28; 36:17-20.
4. പുരാവസ്തുശാസ്ത്രസംബന്ധമായ ഏതു കണ്ടുപിടിത്തം രണ്ടു ദിനവൃത്താന്തത്തിന്റെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തുന്നു?
4 രണ്ടു ദിനവൃത്താന്തത്തിന്റെ വിശ്വാസ്യതയെ പുരാവസ്തുശാസ്ത്രവും സാക്ഷ്യപ്പെടുത്തുന്നു. പുരാതനബാബിലോന്റെ സ്ഥാനത്തു നടത്തിയ ഖനനം നെബുഖദ്നേസരുടെ വാഴ്ചക്കാലത്തോടു ബന്ധപ്പെട്ട കളിമണ്ണിഷ്ടികകൾ പുറത്തെടുത്തിട്ടുണ്ട്. അതിലൊന്നു “യഹൂദ്ദേശത്തെ രാജാവായ യോക്കിന്റെ,” അതായത് “യഹൂദാദേശത്തെ രാജാവായ യെഹോയാഖീ”ന്റെ, പേർ പറയുന്നു.a ഇതു നെബുഖദ്നേസറുടെ വാഴ്ചയുടെ ഏഴാം വർഷത്തിൽ യെഹോയാഖീൻ ബാബിലോനിലേക്കു ബന്ദിയായി കൊണ്ടുപോകപ്പെടുന്നതിനെക്കുറിച്ചുളള ബൈബിൾവിവരണത്തോടു നന്നായി യോജിക്കുന്നു.
5. രണ്ടു ദിനവൃത്താന്തത്തിൽ ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തിയിരിക്കുന്നു, പത്തു-ഗോത്ര രാജ്യത്തിനുപകരം യഹൂദയുടെ ചരിത്രം വിശേഷവൽക്കരിച്ചിരിക്കുന്നത് എന്തുകൊണ്ട്?
5 രണ്ടു ദിനവൃത്താന്തത്തിലെ രേഖ പൊ.യു.മു. 1037-ൽ തുടങ്ങിയ ശലോമോന്റെ വാഴ്ചമുതൽ യെരുശലേമിലെ യഹോവയുടെ ആലയം പണിയാൻ പൊ.യു.മു. 537-ൽ കോരേശ് പുറപ്പെടുവിച്ച കൽപ്പനവരെയുളള യഹൂദയിലെ സംഭവങ്ങൾ രേഖപ്പെടുത്തുന്നു. ഈ 500 വർഷത്തെ ചരിത്രത്തിൽ യഹൂദയുടെ കാര്യങ്ങളിൽ ഉൾപ്പെടുമ്പോൾ മാത്രമാണു പത്തുഗോത്രരാജ്യത്തെ പരാമർശിക്കുന്നത്, പൊ.യു.മു. 740-ലെ വടക്കേരാജ്യത്തിന്റെ നാശത്തെക്കുറിച്ചു പറയുന്നുപോലുമില്ല. ഇതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ പുരോഹിതനായ എസ്രാ മുഖ്യമായി തത്പരനായിരുന്നതു ശരിയായ സ്ഥലത്തെ, യെരുശലേമിലെ തന്റെ ആലയത്തിലെ, യഹോവയുടെ ആരാധനയിലും യഹോവ ഉടമ്പടിചെയ്തിരുന്ന ദാവീദിന്റെ വംശത്തിലെ രാജ്യത്തിലുമായിരുന്നു. അങ്ങനെ, സത്യാരാധനക്ക് അനുകൂലമായും യഹൂദയിൽനിന്നു വരാനുളള ഭരണാധികാരിയുടെ പ്രതീക്ഷയിലും എസ്രാ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തെക്കൻരാജ്യത്തിൻമേലാണ്.—ഉല്പ. 49:10.
6. ഏതു വശങ്ങളിൽ രണ്ടു ദിനവൃത്താന്തം ഉന്നമിപ്പിക്കുന്നതും ഉത്തേജിപ്പിക്കുന്നതുമാണ്?
6 എസ്രാ ഉന്നമിപ്പിക്കുന്ന ഒരു വീക്ഷണമാണു സ്വീകരിക്കുന്നത്. രണ്ടു ദിനവൃത്താന്തത്തിന്റെ 36 അധ്യായങ്ങളിൽ ആദ്യത്തെ 9 എണ്ണം ശലോമോന്റെ വാഴ്ചയ്ക്കു വിനിയോഗിക്കുന്നു, ഇവയിൽ 6-ഉം യഹോവയുടെ ആലയത്തിന്റെ ഒരുക്കലിനും സമർപ്പണത്തിനും വേണ്ടിത്തന്നെ. രേഖ ശലോമോന്റെ വ്യതിചലനത്തെക്കുറിച്ചുളള പരാമർശം ഒഴിവാക്കുന്നു. ശേഷിച്ച 27 അധ്യായങ്ങളിൽ 14 എണ്ണം യഹോവയുടെ ആരാധനയോടുളള സമ്പൂർണഭക്തിസംബന്ധിച്ച ദാവീദിന്റെ ദൃഷ്ടാന്തത്തെ അടിസ്ഥാനപരമായി പിന്തുടർന്ന അഞ്ചു രാജാക്കൻമാരെക്കുറിച്ചു പ്രതിപാദിക്കുന്നു: ആസാ, യെഹോശാഫാത്ത്, യോഥാം, ഹിസ്കിയാവ്, യോശീയാവ് എന്നിവരെക്കുറിച്ചുതന്നെ. മറേറ 13 അധ്യായങ്ങളിൽപ്പോലും വഷളരായ രാജാക്കൻമാരുടെ നല്ല വശങ്ങൾ ഊന്നിപ്പറയാനും എസ്രാ ശ്രദ്ധ ചെലുത്തുന്നു. അവൻ സത്യാരാധനയുടെ പുനഃസ്ഥാപനത്തോടും സംരക്ഷണത്തോടും ബന്ധപ്പെട്ട സംഭവങ്ങളെ എല്ലായ്പോഴും ഊന്നിപ്പറയുന്നു. എത്ര ഉത്തേജകം!
രണ്ടു ദിനവൃത്താന്തത്തിന്റെ ഉളളടക്കം
7. യഹോവ ശലോമോനെ “അത്യന്തം മഹത്വപ്പെടു”ത്തുന്നത് എങ്ങനെ?
7 ശലോമോന്റെ വാഴ്ചയുടെ മഹത്ത്വം (1:1–9:31). രണ്ടു ദിനവൃത്താന്തം തുടങ്ങുമ്പോൾ ദാവീദിന്റെ പുത്രനായ ശലോമോൻ രാജത്വത്തിൽ ശക്തിപ്രാപിക്കുന്നതായി നാം കാണുന്നു. യഹോവ അവനോടുകൂടെ ഇരുന്ന് അവനെ “അത്യന്തം മഹത്വപ്പെടുത്തി”ക്കൊണ്ടിരിക്കുന്നു. ശലോമോൻ ഗിബെയോനിൽ യാഗങ്ങളർപ്പിക്കുമ്പോൾ യഹോവ അവനു രാത്രിയിൽ പ്രത്യക്ഷപ്പെട്ട് “ഞാൻ നിനക്കു എന്തുതരേണം; ചോദിച്ചുകൊൾക” എന്നു പറയുന്നു. യഹോവയുടെ ജനത്തെ ശരിയായി ഭരിക്കുന്നതിനു ശലോമോൻ അറിവിനും ജ്ഞാനത്തിനുംവേണ്ടി അപേക്ഷിക്കുന്നു. ഈ നിസ്വാർഥമായ അപേക്ഷ നിമിത്തം ദൈവം ശലോമോനു ജ്ഞാനവും അറിവും മാത്രമല്ല, “മുമ്പുളള രാജാക്കൻമാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ” സമ്പത്തും ധനവും മാനവും കൊടുക്കുമെന്നു വാഗ്ദത്തംചെയ്യുന്നു. നഗരത്തിലേക്കു പ്രവഹിക്കുന്ന സമ്പത്തു വളരെ വലുതായതിനാൽ കാലക്രമത്തിൽ ശലോമോൻ “പൊന്നും വെളളിയും . . . കല്ലുപോലെ” ആക്കാനിടയാകുന്നു.—1:1, 7, 12, 15.
8. ആലയംപണി എങ്ങനെ പുരോഗമിക്കുന്നു, അതിന്റെ നിർമാണത്തിന്റെ ചില വിശദാംശങ്ങളേവ?
8 ശലോമോൻ യഹോവയുടെ ആലയം പണിയുന്ന വേലയ്ക്കുവേണ്ടി പണിക്കാരെ ചേർക്കുന്നു, സോരിലെ ഹീരാം രാജാവ് മരവും ഒരു വിദഗ്ധപണിക്കാരനെയും അയച്ചുകൊടുത്തുകൊണ്ടു സഹകരിക്കുന്നു. “[ശലോമോന്റെ] വാഴ്ചയുടെ നാലാമാണ്ടിൽ” പണി തുടങ്ങുന്നു, അതു ഏഴരവർഷം കഴിഞ്ഞു പൊ.യു.മു. 1027-ൽ പൂർത്തിയാവുന്നു. (3:2) ആലയത്തിന്റെ മുമ്പിൽത്തന്നെ 120 മുഴം (53.4 മീ) ഉയരമുളള ഒരു വലിയ മണ്ഡപമുണ്ട്. “[യഹോവ] ഉറപ്പോടെ സ്ഥാപിക്കട്ടെ” എന്നർഥമുളള യാഖീൻ എന്നും പ്രത്യക്ഷത്തിൽ “ബലത്തിൽ” എന്നർഥമുളള ബോവസ് എന്നും പേരുളള രണ്ടു കൂററൻ ചെമ്പുതൂണുകൾ മണ്ഡപത്തിനു മുമ്പിൽ നിൽക്കുന്നു. (3:17) ആലയം അതിൽത്തന്നെ താരതമ്യേന ചെറുതാണ്, 60 മുഴം (26.7 മീ.) നീളവും 30 മുഴം (13.4 മീ.) ഉയരവും 20 മുഴം (8.9 മീ.) വീതിയുമേ അതിനുളളു. എന്നാൽ അതിന്റെ ചുവരുകളും മച്ചും സ്വർണം പൊതിഞ്ഞതാണ്; അതിന്റെ ഏററവും അകത്തെ മുറിയായ അതിവിശുദ്ധംതന്നെ സ്വർണംകൊണ്ടു വിപുലമായി അലങ്കരിച്ചിരിക്കുന്നു. അതിൽ രണ്ടു സ്വർണ കെരൂബുകളും അടങ്ങിയിരിക്കുന്നു. ഓരോന്നും അറയുടെ ഓരോ വശത്താണ്, അവയുടെ ചിറകുകൾ മധ്യത്തിൽ മുട്ടത്തക്കവണ്ണം വിരിച്ചുനിൽക്കുന്നു.
9. പ്രാകാരത്തിലെയും ആലയത്തിലെയും സാധനസാമഗ്രികളെയും ഉപകരണങ്ങളെയും വർണിക്കുക.
9 അകത്തെ പ്രാകാരത്തിൽ, 20 മുഴം (9 മീ.) ചതുരവും 10 മുഴം (4.5 മീ.) ഉയരവുമുളള ഒരു വലിയ ചെമ്പുയാഗപീഠമുണ്ട്. പ്രാകാരത്തിലെ മറെറാരു ശ്രദ്ധേയമായ വസ്തു വാർപ്പുകടലാണ്, ഓരോ ദിശയിലും മൂന്നുവീതമായി പുറത്തേക്കു നോക്കിനിൽക്കുന്ന 12 ചെമ്പുകാളകളുടെ പുറത്ത് ഇരിക്കുന്ന ഒരു വലിയ ചെമ്പുതൊട്ടിയാണിത്. ഈ കടലിനു “മൂവായിരം ബത്ത്” (66,000 ലി.) വെളളം ഉൾക്കൊളളാൻ കഴിയും, പുരോഹിതൻമാർക്കു തങ്ങളേത്തന്നെ കഴുകാനാണ് അതുപയോഗിക്കുന്നത്. (4:5) കൂടാതെ, പ്രാകാരത്തിൽ അലങ്കൃത വണ്ടികളിൽ ഇരിക്കുന്ന പത്തു ചെറിയ ചെമ്പുതൊട്ടികളുണ്ട്, ഈ വെളളത്തിൽ ഹോമയാഗങ്ങളോടു ബന്ധപ്പെട്ടതെല്ലാം കഴുകുന്നു. വാർപ്പുകടലിൽനിന്നാണ് അവ നിറയ്ക്കുന്നത്, വെളളം ആവശ്യമുളളടത്തേക്കെല്ലാം അവ ചക്രത്തിൽ നീക്കിക്കൊണ്ടുപോകുന്നു. ഇതിനുപുറമേ, പത്തു പൊൻനിലവിളക്കുകളും ആലയാരാധനക്കുവേണ്ടിയുളള മററനേകം ഉപകരണങ്ങളും ഉണ്ട്, ചിലതു സ്വർണംകൊണ്ടും ചിലതു വെളളികൊണ്ടും ഉളളവ.b
10. പെട്ടകം അതിവിശുദ്ധത്തിലേക്കു കൊണ്ടുവരുമ്പോൾ എന്തു സംഭവിക്കുന്നു?
10 ഒടുവിൽ, ഏഴരവർഷത്തെ പണിക്കുശേഷം, യഹോവയുടെ ആലയം പൂർത്തീകരിക്കപ്പെടുന്നു. (1 രാജാ. 6:1, 38) അതിന്റെ ഉദ്ഘാടനദിവസമാണു യഹോവയുടെ സാന്നിധ്യത്തിന്റെ പ്രതീകത്തെ ഈ ശോഭനമായ സൗധത്തിന്റെ ഏററവും അകത്തെ അറയിലേക്കു കൊണ്ടുവരാനുളള സമയം. പുരോഹിതൻമാർ “യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിൻകീഴെ കൊണ്ടുചെന്നു വെച്ചു.” അപ്പോൾ എന്തു സംഭവിക്കുന്നു? ലേവ്യരായ പാട്ടുകാരും സംഗീതക്കാരും സംഘഗാനത്തിൽ യഹോവയെ സ്തുതിക്കുമ്പോൾ ആലയത്തിൽ ഒരു മേഘം നിറയുന്നു, “യഹോവയുടെ തേജസ്സു” സത്യദൈവത്തിന്റെ ആലയത്തെ നിറയ്ക്കുന്നതുകൊണ്ടു പുരോഹിതൻമാർക്കു ശുശ്രൂഷചെയ്യുന്നതിനു നിൽക്കാൻ കഴിയുന്നില്ല. (2 ദിന. 5:7, 13, 14) അങ്ങനെ യഹോവ ആലയത്തിന് അംഗീകാരം പ്രകടമാക്കുകയും അവിടത്തെ തന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.
11. ശലോമോൻ ഏതു പ്രാർഥന നടത്തുന്നു, അവൻ എന്തപേക്ഷിക്കുന്നു?
11 മൂന്നു മുഴം (1.3 മീ.) ഉയരമുളള ഒരു ചെമ്പു പീഠം ഈ അവസരത്തിനുവേണ്ടി നിർമിച്ചിരിക്കുന്നു, അത് അകത്തെ പ്രാകാരത്തിൽ വലിയ ചെമ്പുയാഗപീഠത്തിനടുത്തു വെച്ചിരിക്കുന്നു. ഈ ഉയർന്ന നിലയിൽ ശലോമോനെ ആലയസമർപ്പണത്തിനുവേണ്ടി കൂടിവന്നിരിക്കുന്ന വമ്പിച്ച ജനക്കൂട്ടത്തിനു കാണാൻ കഴിയും. തേജസ്സിൻമേഘം മുഖാന്തരമുളള യഹോവയുടെ സാന്നിധ്യത്തിന്റെ അത്ഭുതകരമായ പ്രത്യക്ഷതയെ തുടർന്നു ശലോമോൻ ജനസമൂഹത്തിനു മുമ്പാകെ മുട്ടുകുത്തുകയും നന്ദിയുടെയും സ്തുതിയുടെയും ഒരു വികാരനിർഭരമായ പ്രാർഥന നടത്തുകയും ചെയ്യുന്നു, അതിൽ ക്ഷമക്കും അനുഗ്രഹത്തിനുംവേണ്ടിയുളള അപേക്ഷകളുടെ ഒരു പരമ്പര അടങ്ങിയിരിക്കുന്നു. ഉപസംഹാരമായി അവൻ അഭ്യർഥിക്കുന്നു: “ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ. യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുളള കൃപകളെ ഓർക്കേണമേ.”—6:40, 42.
12. യഹോവ എങ്ങനെ ശലോമോന്റെ പ്രാർഥനക്ക് ഉത്തരമരുളുന്നു, ഏതു സന്തോഷ പ്രകടനത്തോടെ 15 ദിവസത്തെ ആഘോഷം അവസാനിക്കുന്നു?
12 ശലോമോന്റെ ഈ പ്രാർഥന യഹോവ കേൾക്കുന്നുവോ? ശലോമോൻ പ്രാർഥിച്ചുതീരുന്നയുടനെ, ആകാശത്തുനിന്നു തീയിറങ്ങി ഹോമയാഗത്തെയും ബലികളെയും ദഹിപ്പിക്കുന്നു, “യഹോവയുടെ തേജസ്സ്” ആലയത്തെ നിറയ്ക്കുന്നു. ഇതു സകല ജനവും സാഷ്ടാംഗപ്രണാമം നടത്തുന്നതിലേക്കും യഹോവക്കു നന്ദി കൊടുക്കുന്നതിലേക്കും നയിക്കുന്നു, “അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉളളതു.” (7:1, 3) പിന്നീടു യഹോവക്ക് ഒരു വലിയ യാഗം കഴിക്കുന്നു. സമർപ്പണത്തിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തെ തുടർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന കായ്കനിപ്പെരുന്നാളും വേലയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒരു ശബത്തും ആചരിക്കുന്നു. സന്തുഷ്ടവും ആത്മീയമായി ബലപ്പെടുത്തുന്നതുമായ ഈ 15 ദിവസത്തെ ആഘോഷത്തിനുശേഷം ശലോമോൻ സന്തോഷവും ഹൃദയസുഖവുമുളളവരായി ജനത്തെ അവരുടെ വീടുകളിലേക്ക് അയയ്ക്കുന്നു. (7:10) യഹോവയും പ്രസാദിച്ചിരിക്കുന്നു. അവൻ ശലോമോനോടു രാജ്യ ഉടമ്പടി സ്ഥിരീകരിക്കുകയും അതേസമയം അനുസരണക്കേടിന്റെ ഹാനികരമായ പരിണതഫലങ്ങളെക്കുറിച്ചു മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നു.
13. (എ) ആലയംപണിക്കുശേഷം ഏതു നിർമാണപ്രവർത്തനം നടക്കുന്നു? (ബി) ശലോമോന്റെ രാജ്യം കണ്ടപ്പോൾ ശേബയിലെ രാജ്ഞി എന്ത് അഭിപ്രായം പറയുന്നു?
13 ശലോമോൻ ഇപ്പോൾ തന്റെ ഭരണപ്രദേശത്തെല്ലാം വിപുലമായ നിർമാണപ്രവർത്തനം നടത്തുകയും തനിക്കുവേണ്ടി ഒരു കൊട്ടാരം മാത്രമല്ല, കോട്ടകെട്ടിയുറപ്പിച്ച നഗരങ്ങളും സംഭരണനഗരങ്ങളും രഥനഗരങ്ങളും കുതിരക്കാർക്കുവേണ്ടിയുളള നഗരങ്ങളും, അതുപോലെതന്നെ പണിയണമെന്നു താനാഗ്രഹിക്കുന്ന സകലവും പണിയുകയും ചെയ്യുന്നു. അതു മഹത്തായ സമ്പൽസമൃദ്ധിയുടെയും സമാധാനത്തിന്റെയും കാലഘട്ടമാണ്, കാരണം രാജാവും ജനവും യഹോവയുടെ ആരാധനയിൽ ശ്രദ്ധാലുക്കളാണ്. 1,900 കിലോമീററർ അകലെനിന്നുളള ശേബയിലെ രാജ്ഞിപോലും ശലോമോന്റെ സമ്പൽസമൃദ്ധിയെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും കേൾക്കുകയും നേരിട്ടു കാണുന്നതിനു ദീർഘിച്ച, ദുർഘടമായ യാത്ര നടത്തുകയും ചെയ്യുന്നു. അവൾ നിരാശിതയാകുന്നുണ്ടോ? അശേഷമില്ല, എന്തുകൊണ്ടെന്നാൽ അവൾ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു . . . ഈ നിന്റെ ഭൃത്യൻമാരും ഭാഗ്യവാൻമാർ.” (9:6, 7) ഭൂമിയിലെ മറെറാരു രാജാവും ധനത്തിലും ജ്ഞാനത്തിലും ശലോമോനെക്കാൾ മികച്ചുനിൽക്കുന്നില്ല. അവൻ യെരുശലേമിൽ 40 വർഷം വാഴുന്നു.
14. ഇസ്രായേലിന്റെ മഹത്ത്വം വളരെ പെട്ടെന്ന് ഉരിയപ്പെട്ടത് എന്തുകൊണ്ട്?
14 രെഹബെയാമിന്റെയും അബീയാവിന്റെയും വാഴ്ചകൾ (10:1–13:22). ശലോമോന്റെ പുത്രനായ രെഹബെയാമിന്റെ കർക്കശവും മർദകവുമായ ഭരണം വടക്കുളള പത്തുഗോത്രങ്ങൾ യൊരോബെയാമിന്റെ കീഴിൽ പൊ.യു.മു. 997-ൽ മത്സരിക്കുന്നതിനുളള പ്രകോപനമുളവാക്കുന്നു. എന്നിരുന്നാലും, രണ്ടു രാജ്യങ്ങളിലെയും പുരോഹിതൻമാരും ലേവ്യരും രെഹബെയാമിനോടുകൂടെ നിലയുറപ്പിക്കുകയും രാജ്യഉടമ്പടിയോടുളള വിശ്വസ്തതയെ ദേശീയത്വത്തിനുപരിയായി വെക്കുകയും ചെയ്യുന്നു. രെഹബെയാം പെട്ടെന്നുതന്നെ യഹോവയുടെ നിയമത്തെ ഉപേക്ഷിക്കുന്നു, ഈജിപ്തിലെ ശീശക്ക് രാജാവ് യെരുശലേമിലേക്ക് ആക്രമിച്ചുകടക്കുകയും യഹോവയുടെ ആലയത്തിൽനിന്നു നിക്ഷേപങ്ങളെല്ലാം അപഹരിക്കുകയും ചെയ്യുന്നു. നിർമിച്ചശേഷം കഷ്ടിച്ചു 30 വർഷം കഴിഞ്ഞ്, ഈ ശോഭനമായി അലങ്കരിച്ചിരിക്കുന്ന സൗധങ്ങളിൽനിന്ന് അവയുടെ മഹത്ത്വം കവർന്നുകളയുന്നത് എത്ര സങ്കടകരമാണ്! കാരണമോ: ജനത “യഹോവയോട് അവിശ്വസ്തമായി പെരുമാറി.” തക്കസമയത്തു രെഹബെയാം തന്നേത്തന്നെ താഴ്ത്തുന്നു, തൻനിമിത്തം യഹോവ ജനതയെ പൂർണമായി നശിപ്പിക്കുന്നില്ല.—12:2, NW.
15. രെഹബെയാമിന്റെ മരണത്തെ തുടർന്ന് ഏതു യുദ്ധങ്ങൾ നടക്കുന്നു, യഹൂദ ഇസ്രായേലിനെതിരെ ശ്രേഷ്ഠമെന്നു തെളിയുന്നത് എന്തുകൊണ്ട്?
15 രെഹബെയാം മരിക്കുമ്പോൾ അവന്റെ 28 പുത്രൻമാരിൽ അബീയാവു രാജാവാക്കപ്പെടുന്നു. അബീയാവിന്റെ മൂന്നുവർഷത്തെ വാഴ്ചക്കാലത്തു വടക്കുളള ഇസ്രായേലുമായി രക്തരൂഷിതമായ യുദ്ധങ്ങൾ നടക്കുന്നു. യഹൂദയുടെ 4,00,000 വരുന്ന സൈന്യത്തിന്റെ ഇരട്ടിയായി യൊരോബെയാമിന്റെ കീഴിൽ 8,00,000 പേരുണ്ട്. തുടർന്നുനടക്കുന്ന ഭയങ്കരയുദ്ധങ്ങളിൽ ഇസ്രായേലിന്റെ പടയാളികൾ പകുതിയിലും കുറഞ്ഞുപോകുന്നു. അഞ്ചുലക്ഷത്തോളം കാളക്കുട്ടിയാരാധകർ നശിപ്പിക്കപ്പെടുന്നു. യഹൂദാപുത്രൻമാർ “തങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു” ശ്രേഷ്ഠരെന്നു തെളിയുന്നു.—13:18.
16. ആസയുടെ അടിയന്തിരമായ പ്രാർഥനക്കു യഹോവ ഉത്തരം കൊടുക്കുന്നത് എങ്ങനെ?
16 ദൈവഭയമുളള ആസാരാജാവ് (14:1–16:14). അബീയാവിന്റെ പുത്രനായ ആസാ അവന്റെ പിൻഗാമിയായി ഭരിക്കുന്നു. ആസാ സത്യാരാധനയുടെ ഒരു വക്താവാണ്. അവൻ ദേശത്തുനിന്നു പ്രതിമാരാധന നീക്കി ശുദ്ധിവരുത്താനുളള പ്രസ്ഥാനം നടപ്പിലാക്കുന്നു. എന്നാൽ നോക്കൂ! യഹൂദയെ പത്തുലക്ഷം എത്യോപ്യരുടെ ഒരു അപ്രതിരോധ്യ സൈന്യം ഭീഷണിപ്പെടുത്തുന്നു. ആസാ ഇങ്ങനെ പ്രാർഥിക്കുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നുനേരെ പുറപ്പെട്ടുവന്നിരിക്കുന്നു.” അവന് ഒരു തകർപ്പൻ വിജയം കൊടുത്തുകൊണ്ടു യഹോവ ഉത്തരം കൊടുക്കുന്നു.—14:11.
17. യഹൂദയിലെ ആരാധനയെ നവീകരിക്കാൻ ആസ പ്രോത്സാഹിതനാകുന്നത് എങ്ങനെ, എന്നാൽ അവൻ എന്തിനു ശകാരിക്കപ്പെടുന്നു?
17 ആസായോടു: “നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും” എന്നു പറയാൻ ദൈവത്തിന്റെ ആത്മാവ് അസര്യാവിന്റെമേൽ വരുന്നു. (15:2) അതിയായി പ്രോത്സാഹിതനായി ആസാ യഹൂദയിലെ ആരാധനയെ നവീകരിക്കുന്നു, യഹോവയെ അന്വേഷിക്കുകയില്ലാത്ത ഏതൊരുവനും വധിക്കപ്പെടണമെന്നു ജനം ഒരു ഉടമ്പടിചെയ്യുന്നു. എന്നിരുന്നാലും, ഇസ്രായേലിലെ രാജാവായ ബയെശാ യഹൂദയിലേക്കുളള ഇസ്രായേല്യരുടെ ഒഴുക്കു തടയാൻ വേലിക്കെട്ടുകൾ ഉയർത്തുമ്പോൾ ഇസ്രായേലിനെതിരെ പോരാടുന്നതിനു സഹായത്തിനായി യഹോവയിലേക്കു നോക്കുന്നതിനുപകരം സിറിയയിലെ രാജാവായ ബെൻഹദദിനെ കൂലിക്കുവിളിച്ചതിൽ ആസാ ഗൗരവമായ ഒരു തെററുചെയ്യുന്നു. ഇതിനു യഹോവ അവനെ ശകാരിക്കുന്നു. ഇതു സംഭവിച്ചെങ്കിലും ആസായുടെ ഹൃദയം “അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു”വെന്നു തെളിയുന്നു. (15:17) അവൻ തന്റെ വാഴ്ചയുടെ 41-ാം വർഷം മരിക്കുന്നു.
18. (എ) യെഹോശാഫാത്ത് സത്യാരാധനക്കുവേണ്ടി എങ്ങനെ നിരന്തരയത്നം നടത്തുന്നു, എന്തു ഫലങ്ങളോടെ? (ബി) അവന്റെ വിവാഹസഖ്യം മിക്കവാറും വിപത്തിലേക്കു നയിക്കുന്നത് എങ്ങനെ?
18 യെഹോശാഫാത്തിന്റെ നല്ല വാഴ്ച (17:1–20:37). ആസായുടെ പുത്രൻ യെഹോശാഫാത്ത് പ്രതിമാരാധനക്കെതിരായ പോരാട്ടം തുടരുകയും ഒരു പ്രത്യേക വിദ്യാഭ്യാസപ്രസ്ഥാനം ഉദ്ഘാടനംചെയ്യുകയും ചെയ്യുന്നു, പ്രബോധകർ യഹോവയുടെ ന്യായപ്രമാണപുസ്തകത്തിൽനിന്നു ജനങ്ങളെ പഠിപ്പിച്ചുകൊണ്ടു യഹൂദാനഗരങ്ങളിലുടനീളം സഞ്ചരിക്കുന്നു. വലിയ സമ്പൽസമൃദ്ധിയുടെയും സമാധാനത്തിന്റെയും ഒരു സമയം തുടർന്നുവരുന്നു, യെഹോശാഫാത്ത് “മേല്ക്കുമേൽ പ്രബലനായ്തീ”രുന്നു. (17:12) എന്നാൽ അപ്പോൾ അവൻ ഇസ്രായേലിലെ ദുഷ്ടനായ ആഹാബ്രാജാവുമായി ഒരു വിവാഹസഖ്യത്തിലേർപ്പെടുകയും യഹോവയുടെ പ്രവാചകനായ മീഖായാവിന്റെ വാക്കുകൾ അവഗണിച്ചുകൊണ്ട്, വളർന്നുകൊണ്ടിരുന്ന സിറിയൻശക്തിക്കെതിരെ യുദ്ധംചെയ്യാൻ അവനെ സഹായിക്കുന്നതിന് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. രാമോത്ത്-ഗിലെയാദിൽവെച്ച് ആഹാബ് യുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ അവൻ കഷ്ടിച്ചു ജീവനുംകൊണ്ടു രക്ഷപ്പെടുന്നു. യഹോവയുടെ പ്രവാചകനായ യേഹൂ ദുഷ്ടനായ ആഹാബുമായി കൂട്ടുകൂടിയതിൽ യെഹോശാഫാത്തിനെ ശകാരിക്കുന്നു. അതിനുശേഷം യെഹോശാഫാത്ത് ദേശത്തുടനീളം ന്യായാധിപൻമാരെ നിയമിക്കുന്നു, ദൈവഭയത്തിൽ തങ്ങളുടെ കർത്തവ്യങ്ങൾ നിറവേററാൻ അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു.
19. യെഹോശാഫാത്തിന്റെ വാഴ്ചയുടെ പരമകാഷ്ഠയിൽ യുദ്ധം ദൈവത്തിന്റേതാണെന്നു തെളിയുന്നത് എങ്ങനെ?
19 ഇനിയാണു യെഹോശാഫാത്തിന്റെ വാഴ്ചയുടെ പാരമ്യത്തിലെത്തുന്നത്. മോവാബിന്റെയും അമ്മോന്റെയും സേയീർ പർവതപ്രദേശത്തിന്റെയും സംയുക്തസൈന്യങ്ങൾ കവിഞ്ഞൊഴുകുന്ന ശക്തിയോടെ യഹൂദക്കെതിരെ നീങ്ങുന്നു. ഏൻ-ഗദിമരുഭൂമിയിലൂടെ അവർ ഇരച്ചുകയറുന്നു. ജനതയെ ഭയം പിടികൂടുന്നു. യെഹോശാഫാത്തും സകല യഹൂദയും “അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ” യഹോവയുടെ മുമ്പാകെ നിൽക്കുകയും പ്രാർഥനയിൽ അവനെ അന്വേഷിക്കുകയും ചെയ്യുന്നു. യഹോവയുടെ ആത്മാവ് ലേവ്യനായ യഹസീയേലിന്റെമേൽ വരുന്നു, അവൻ കൂടിവന്ന ജനക്കൂട്ടത്തോടു വിളിച്ചുപറയുന്നു: “യെഹൂദ്യർ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത്രാജാവും ആയുളേളാരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ. നാളെ അവരുടെ നേരെ ചെല്ലുവിൻ; . . . യഹോവ നിങ്ങളോടുകൂടെ ഉണ്ടു.” യഹൂദ അതിരാവിലെ എഴുന്നേററു മുന്നണിയിൽ ലേവ്യസംഗീതക്കാരുമായി മാർച്ചുചെയ്യുന്നു. യെഹോശാഫാത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നു: “യഹോവയിൽ വിശ്വസിപ്പിൻ . . . അവന്റെ പ്രവാചകൻമാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർഥരാകും.” സംഗീതക്കാർ സന്തോഷപൂർവം യഹോവയെ പുകഴ്ത്തുന്നു, “അവന്റെ ദയ എന്നേക്കും ഉളളതല്ലോ.” (20:13, 15-17, 20, 21) ആക്രമണകാരികളായ സൈന്യങ്ങൾ അന്യോന്യം നിർമൂലമാക്കത്തക്കവണ്ണം അവർക്കെതിരെ ഒരു പതിയിരിപ്പ് ഏർപ്പെടുത്തിക്കൊണ്ടു യഹോവ അത്യത്ഭുതകരമായ വിധത്തിൽ തന്റെ സ്നേഹദയ പ്രത്യക്ഷമാക്കുന്നു. മരൂഭൂമിയിലെ കാവൽഗോപുരത്തിങ്കലേക്കു വരുമ്പോൾ ആഹ്ലാദഭരിതരായ യഹൂദ്യർ മൃതദേഹങ്ങൾ മാത്രമാണു കാണുന്നത്. സത്യമായി, യുദ്ധം ദൈവത്തിന്റേതാണ്! തന്റെ 25 വർഷത്തെ വാഴ്ചയുടെ അവസാനംവരെ യെഹോശാഫാത്ത് വിശ്വസ്തതയോടെ യഹോവയുടെ മുമ്പാകെ നടക്കുന്നു.
20. ഏതു വിപത്തുകൾ യെഹോരാമിന്റെ വാഴ്ചയുടെ സവിശേഷതയാണ്?
20 യെഹോരാം, അഹസ്യാവ്, അഥല്യാ എന്നിവരുടെ ഹീനമായ വാഴ്ചകൾ (21:1–23:21). യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാം തന്റെ സഹോദരൻമാരെയെല്ലാം കൊന്നുകൊണ്ടു ഹീനമായി തുടക്കമിടുന്നു. എന്നിരുന്നാലും, ദാവീദുമായുളള തന്റെ ഉടമ്പടിനിമിത്തം യഹോവ അവനെ കൊല്ലാതിരിക്കുന്നു. ഏദോം മത്സരിക്കാൻ തുടങ്ങുന്നു. യഹോവ യെഹോരാമിന്റെ ഗൃഹത്തിനിട്ട് ഒരു വലിയ പ്രഹരമേൽപ്പിക്കുമെന്നും അവൻ ദാരുണമായി മരിക്കുമെന്നും അവനു മുന്നറിയിപ്പുകൊടുത്തുകൊണ്ട് ഏലിയാവ് എവിടെനിന്നോ ഒരു എഴുത്തയയ്ക്കുന്നു. (21:12-15) പ്രവചനമനുസരിച്ച്, ഫെലിസ്ത്യരും അറബികളും യെരുശലേമിനെ ആക്രമിക്കുകയും കൊളളയടിക്കുകയും ചെയ്യുന്നു. രാജാവ് എട്ടുവർഷത്തെ വാഴ്ചക്കുശേഷം അറയ്ക്കത്തക്ക ഒരു കുടൽരോഗം ബാധിച്ചു മരിക്കുന്നു.
21. യഹൂദയിലെ അഥല്യായുടെ ഭരണത്തിൽനിന്ന് ഏതു ദുഷ്ഫലങ്ങളുണ്ടാകുന്നു, എന്നാൽ ദാവീദിന്റെ സിംഹാസനം പുനഃസ്ഥാപിക്കുന്നതിൽ യെഹോയാദാ വിജയിക്കുന്നത് എങ്ങനെ?
21 യെഹോരാമിന്റെ അതിജീവിക്കുന്ന ഏക പുത്രൻ അഹസ്യാവ് (യഹോവാഹാസ്) അവന്റെ പിൻഗാമിയായിത്തീരുന്നു, എന്നാൽ ആഹാബിന്റെയും ഇസബേലിന്റെയും പുത്രിയായ, അവന്റെ മാതാവ് അഥല്യാ അവനെ മോശമായി സ്വാധീനിക്കുന്നു. ആഹാബ്ഗൃഹത്തെ യേഹൂ തുടച്ചുനീക്കുന്നതോടെ ഒരു വർഷംകഴിഞ്ഞ് അവന്റെ വാഴ്ച വെട്ടിച്ചുരുക്കപ്പെടുന്നു. ഇതിങ്കൽ, അഥല്യാ തന്റെ പൗത്രൻമാരെയെല്ലാം കൊലപ്പെടുത്തുകയും സിംഹാസനം കവർന്നെടുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും അഹസ്യാവിന്റെ ഒരു പുത്രൻ അതിജീവിക്കുന്നു. അവൻ ഒരു വയസ്സു പ്രായമുളള യോവാശ് (യെഹോവാസ്) ആണ്, അവനെ തന്റെ അമ്മായിയായ യെഹോശബത്ത് യഹോവയുടെ ആലയത്തിലേക്കു ഒളിച്ചുകടത്തുന്നു. അഥല്യാ ആറുവർഷം വാഴുന്നു, അനന്തരം യെഹോശബത്തിന്റെ ഭർത്താവും മഹാപുരോഹിതനുമായ യെഹോയാദാ സധൈര്യം ബാലനായ യോവാശിനെ കൊണ്ടുപോയി “ദാവീദിന്റെ പുത്രൻമാരിൽ” ഒരുവനെന്ന നിലയിൽ രാജാവായി പ്രഖ്യാപിക്കുന്നു. യഹോവയുടെ ആലയത്തിലേക്കു വരുമ്പോൾ അഥല്യാ തന്റെ വസ്ത്രം കീറുകയും “ഗൂഢാലോചന! ഗൂഢാലോചന!” എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. എന്നാൽ പ്രയോജനമുണ്ടാകുന്നില്ല. യെഹോയാദാ അവളെ ആലയത്തിൽനിന്നു പുറത്താക്കിക്കുകയും കൊല്ലിക്കുകയും ചെയ്യുന്നു.—23:3, 13-15, NW.
22. യോശീയാവിന്റെ ഭരണം നന്നായി തുടങ്ങുന്നുവെങ്കിലും മോശമായി അവസാനിക്കുന്നത് എങ്ങനെ?
22 യോവാശ്, അമസ്യാവ്, ഉസ്സീയാവ് എന്നിവരുടെ വാഴ്ചകൾ നന്നായി തുടക്കമിടുകയും മോശമായി അവസാനിക്കുകയും ചെയ്യുന്നു (24:1–26:23). യോവാശ് 40 വർഷം വാഴുന്നു, നല്ല സ്വാധീനം ചെലുത്താൻതക്കവണ്ണം യെഹോയാദാ ജീവിച്ചിരിക്കുന്നടത്തോളം കാലം അവൻ ശരി ചെയ്യുന്നു. അവൻ യഹോവയുടെ ആലയത്തിൽ താത്പര്യമെടുക്കുകയും അതു പുതുക്കിപ്പണിയുകയും പോലും ചെയ്യുന്നു. എന്നിരുന്നാലും, യെഹോയാദാ മരിക്കുമ്പോൾ വിശുദ്ധസ്തംഭങ്ങളെയും വിഗ്രഹങ്ങളെയും സേവിക്കാൻ യഹോവയുടെ ആരാധനയിൽനിന്ന് അകന്നുമാറുന്നതിനു യഹൂദയിലെ പ്രഭുക്കൻമാർ യോവാശിനെ സ്വാധീനിക്കുന്നു. രാജാവിനെ ശാസിക്കാൻ യെഹോയാദയുടെ പുത്രനായ സെഖര്യാവിനെ ദൈവാത്മാവു പ്രേരിപ്പിക്കുമ്പോൾ യോവാശ് ആ പ്രവാചകനെ കല്ലെറിഞ്ഞുകൊല്ലിക്കുന്നു. അധികം താമസിയാതെ സിറിയക്കാരുടെ ഒരു ചെറുസൈന്യം ആക്രമിക്കുന്നു, വളരെ വലിയ യഹൂദ്യസൈന്യത്തിന് അതിനെ പിന്തിരിപ്പിക്കാൻ കഴിയുന്നില്ല, എന്തുകൊണ്ടെന്നാൽ അവർ “തങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നു.” (24:24) ഇപ്പോൾ യോവാശിന്റെ സ്വന്തം ദാസൻമാർ എഴുന്നേററ് അവനെ വധിക്കുന്നു.
23. അമസ്യാവ് അവിശ്വസ്തതയുടെ ഏതു മാതൃക പിന്തുടരുന്നു?
23 അമസ്യാവു തന്റെ പിതാവായ യോവാശിന്റെ പിൻഗാമിയായി ഭരിക്കുന്നു. അവൻ തന്റെ 29 വർഷത്തെ വാഴ്ചക്കു നന്നായി തുടക്കമിടുന്നു. എന്നാൽ പിന്നീട് ഏദോമ്യരുടെ വിഗ്രഹങ്ങളെ സ്ഥാപിച്ച് ആരാധിക്കുന്നതുകൊണ്ടു യഹോവയുടെ പ്രീതിയിൽനിന്നു വീണുപോകുന്നു. “ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു,” യഹോവയുടെ പ്രവാചകൻ അവനു മുന്നറിയിപ്പു കൊടുക്കുന്നു. (25:16) എന്നിരുന്നാലും, അമസ്യാവ് ഗർവിയായിത്തീരുകയും വടക്കുളള ഇസ്രായേലിനെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ദൈവവചനപ്രകാരം, അവൻ ഇസ്രായേല്യരുടെ കൈകളാൽ അപമാനകരമായ ഒരു പരാജയം ഏററുവാങ്ങുന്നു. ആ പരാജയത്തിനുശേഷം, ഗൂഢാലോചകർ എഴുന്നേററ് അവനെ വധിക്കുന്നു.
24. ഉസ്സീയാവിന്റെ ബലം അവന്റെ ദൗർബല്യമായിത്തീരുന്നത് എങ്ങനെ, എന്തു ഫലത്തോടെ?
24 അമസ്യാവിന്റെ പുത്രനായ ഉസ്സീയാവ് തന്റെ പിതാവിന്റെ കാൽചുവടുകളെ പിന്തുടരുന്നു. അവൻ 52 വർഷത്തിൽ ഏറിയ ഭാഗത്തും നന്നായി ഭരിക്കുകയും ഒരു സൈനികവിദഗ്ധനും ഒരു ഗോപുരനിർമാതാവും “കൃഷിപ്രിയ”നുമെന്ന ഖ്യാതി നേടുകയും ചെയ്യുന്നു. (26:10) അവൻ സൈന്യത്തെ സജ്ജമാക്കുകയും യന്ത്രവൽക്കരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അവന്റെ ശക്തി അവന്റെ ദൗർബല്യമായിത്തീരുന്നു. അവൻ ഉദ്ധതനായിത്തീരുകയും യഹോവയുടെ ആലയത്തിൽ ധൂപം കാട്ടുന്ന പൗരോഹിത്യകടമ ഏറെറടുക്കാൻ മുതിരുകയും ചെയ്യുന്നു. ഇതു നിമിത്തം, യഹോവ അവനെ കുഷ്ഠത്താൽ പ്രഹരിക്കുന്നു. തത്ഫലമായി, അവൻ യഹോവയുടെ ആലയത്തിൽനിന്നും രാജഭവനത്തിൽനിന്നും അകന്നു മാറിപ്പാർക്കേണ്ടിവരുന്നു, പകരം അവന്റെ പുത്രനായ യോഥാം ജനത്തിനു ന്യായപാലനം ചെയ്യുന്നു.
25. യോഥാം വിജയിക്കുന്നത് എന്തുകൊണ്ട്?
25 യോഥാം യഹോവയെ സേവിക്കുന്നു (27:1-9). യോഥാം തന്റെ പിതാവിൽനിന്നു വ്യത്യസ്തമായി ‘യഹോവയുടെ ആലയത്തിലേക്കു കടന്നില്ല.’ പകരം അവൻ ‘യഹോവെക്കു പ്രസാദമായുളളതു ചെയ്യുന്നു.’ (27:2) അവന്റെ 16 വർഷത്തെ വാഴ്ചക്കാലത്ത് അവൻ വളരെയധികം നിർമാണപ്രവർത്തനം നടത്തുകയും അമ്മോന്യരുടെ ഒരു വിപ്ലവത്തെ വിജയകരമായി അമർച്ചചെയ്യുകയും ചെയ്യുന്നു.
26. ആഹാസ് ദുഷ്ടതയുടെ അഭൂതപൂർവമായ ആഴങ്ങളിലേക്ക് ആണ്ടിറങ്ങുന്നത് എങ്ങനെ?
26 ദുഷ്ടരാജാവായ ആഹാസ് (28:1-27). യോഥാമിന്റെ പുത്രനായ ആഹാസ് 21 യഹൂദ്യരാജാക്കൻമാരിൽ പരമ ദുഷ്ടരിൽ ഒരുവനെന്നു തെളിയുന്നു. അവൻ പുറജാതിദൈവങ്ങൾക്കു ഹോമയാഗങ്ങളെന്ന നിലയിൽ സ്വന്തം പുത്രൻമാരെ അർപ്പിക്കത്തക്കവണ്ണം അങ്ങേയററംവരെ പോകുന്നു. തത്ഫലമായി യഹോവ അവനെ ക്രമത്തിൽ സിറിയയുടെയും ഇസ്രായേലിന്റെയും എദോമിന്റെയും ഫെലിസ്ത്യയുടെയും സൈന്യങ്ങൾക്കു കൈവിട്ടുകളയുന്നു. അങ്ങനെ ആഹാസ് ‘യഹൂദയിൽ നിർമ്മര്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു’ യഹോവ യഹൂദയെ താഴ്ത്തുന്നു. (28:19) അടിക്കടി വഷളത്തം ചെയ്തുകൊണ്ട് ആഹാസ് സിറിയയിലെ ദൈവങ്ങൾക്കു ബലിയർപ്പിക്കുന്നു, എന്തുകൊണ്ടെന്നാൽ സിറിയക്കാർ യുദ്ധത്തിൽ അവനെക്കാൾ ശ്രേഷ്ഠരെന്നു തെളിയുന്നു. അവൻ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടയ്ക്കുകയും യഹോവയുടെ ആരാധനക്കുപകരം പുറജാതിദൈവങ്ങളുടെ ആരാധന ഏർപ്പെടുത്തുകയും ചെയ്യുന്നു. ഉടൻതന്നെയല്ലെങ്കിലും ആഹാസിന്റെ വാഴ്ച 16 വർഷത്തിനുശേഷം അവസാനിക്കുന്നു.
27. ഹിസ്കിയാവ് യഹോവയുടെ ആരാധനയിൽ തീക്ഷ്ണത പ്രകടമാക്കുന്നത് എങ്ങനെ?
27 വിശ്വസ്തരാജാവായ ഹിസ്കിയാവ് (29:1–32:33). ആഹാസിന്റെ പുത്രനായ ഹിസ്കിയാവ് യെരുശലേമിൽ 29 വർഷം വാഴുന്നു. അവന്റെ ആദ്യപ്രവൃത്തി യഹോവയുടെ ആലയം വീണ്ടും തുറക്കുകയും വാതിലുകളുടെ കേടുപോക്കുകയുമാണ്. അനന്തരം അവൻ പുരോഹിതൻമാരെയും ലേവ്യരെയും കൂട്ടിവരുത്തുന്നു, ആലയത്തെ വൃത്തിയാക്കാനും യഹോവയുടെ സേവനത്തിനുവേണ്ടി അതിനെ വിശുദ്ധീകരിക്കാനും അവർക്കു നിർദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു. യഹോവയുടെ ഉഗ്രകോപത്തെ പിന്തിരിപ്പിക്കുന്നതിനു യഹോവയുമായി ഒരു ഉടമ്പടിചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവൻ പ്രഖ്യാപിക്കുന്നു. യഹോവയുടെ ആരാധന മഹത്തായ ഒരു വിധത്തിൽ പുനരാരംഭിക്കുന്നു.
28. ഹിസ്കിയാവ് യെരുശലേമിൽ ഏതു വമ്പിച്ച ഉത്സവം നടത്തുന്നു, ജനം തങ്ങളുടെ സന്തോഷം എങ്ങനെ പ്രകടമാക്കുന്നു?
28 ഒരു വമ്പിച്ച പെസഹ ആഘോഷിക്കാൻ ആസൂത്രണം ചെയ്യുന്നു, എന്നാൽ ഒന്നാംമാസത്തിൽ അത് ഒരുക്കാൻ സമയമില്ലാത്തതുകൊണ്ടു ന്യായപ്രമാണത്തിലെ ഒരു വ്യവസ്ഥയെ പ്രയോജനപ്പെടുത്തുന്നു, അങ്ങനെ അതു ഹിസ്കിയാവിന്റെ വാഴ്ചയുടെ ഒന്നാം വർഷത്തിന്റെ രണ്ടാം മാസം ആഘോഷിക്കുന്നു. (2 ദിന. 30:2, 3; സംഖ്യ. 9:10, 11) ഹാജരാകുന്നതിനു മുഴുയഹൂദയെയും മാത്രമല്ല, ഇസ്രായേലിനെയും രാജാവു ക്ഷണിക്കുന്നു. എഫ്രയീമിലും മനശ്ശെയിലും സെബുലൂനിലുമുളള ചിലർ ക്ഷണത്തെ പരിഹസിക്കുന്നുവെങ്കിലും മററുളളവർ തങ്ങളേത്തന്നെ താഴ്ത്തുകയും സകല യഹൂദയോടുംകൂടെ യെരുശലേമിലേക്കു വരുകയും ചെയ്യുന്നു. പെസഹയെതുടർന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കുന്നു. അത് ഏഴു ദിവസത്തെ എത്ര സന്തോഷകരമായ ഉത്സവമാണ്! തീർച്ചയായും അതു വളരെ പരിപുഷ്ടിപ്പെടുത്തുന്നതായതുകൊണ്ടു മുഴുസഭയും ഉത്സവത്തെ ഏഴുദിവസംകൂടെ നീട്ടുന്നു. “യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരുശലേമിൽ സംഭവിച്ചിട്ടില്ല.” (2 ദിന. 30:26) ആത്മീയമായി പുനഃസ്ഥാപിക്കപ്പെട്ട ജനം യഹൂദയിൽനിന്നും ഇസ്രായേലിൽനിന്നും വിഗ്രഹാരാധന നീക്കംചെയ്യുന്നതിനു തുടർന്ന് ഒരു ധ്വംസന പ്രസ്ഥാനം നടപ്പിലാക്കുന്നു. അതേസമയം ഹിസ്കിയാവിനെ സംബന്ധിച്ചിടത്തോളം അവൻ ലേവ്യർക്കും ആലയസേവനങ്ങൾക്കും വേണ്ടിയുളള ഭൗതികസംഭാവനകൾ പുനഃസ്ഥാപിക്കുന്നു.
29. യഹോവയിലുളള ഹിസ്കിയാവിന്റെ സമ്പൂർണമായ ആശ്രയത്തിന് അവൻ പ്രതിഫലം കൊടുക്കുന്നത് എങ്ങനെ?
29 പിന്നീട് അസീറിയയിലെ രാജാവായ സൻഹേരീബ് യഹൂദയെ ആക്രമിക്കുകയും യെരുശലേമിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഹിസ്കിയാവ് ധൈര്യമവലംബിച്ചു നഗരത്തിന്റെ പ്രതിരോധസംവിധാനങ്ങളുടെ കേടുപോക്കി ശത്രുവിന്റെ പരിഹാസങ്ങളെ വെല്ലുവിളിക്കുന്നു. യഹോവയിൽ സമ്പൂർണമായി ആശ്രയിച്ചുകൊണ്ട് അവൻ സഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. യഹോവ വിശ്വാസത്തോടെയുളള ഈ പ്രാർഥനക്കു നാടകീയമായി ഉത്തരംകൊടുക്കുന്നു. അവൻ “ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർരാജാവിന്റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കൻമാരെയും സേനാപതികളെയും സംഹരി”ച്ചു തുടങ്ങുന്നു. (32:21) സൻഹേരീബ് ലജ്ജിതനായി സ്വദേശത്തേക്കു മടങ്ങുന്നു. അയാളുടെ ദൈവങ്ങൾക്കുപോലും മുഖം രക്ഷിക്കാൻ അയാളെ സഹായിക്കാൻ കഴിയുന്നില്ല, എന്തുകൊണ്ടെന്നാൽ പിന്നീട് അയാൾ അവയുടെ ബലിപീഠത്തിങ്കൽ സ്വന്തം പുത്രൻമാരാൽ കൊല്ലപ്പെടുന്നു. (2 രാജാ. 19:7) യഹോവ അത്ഭുതകരമായി ഹിസ്കിയാവിന്റെ ജീവനെ നീട്ടിക്കൊടുക്കുന്നു, അവനു വലിയ ധനവും മഹത്ത്വവും ഉണ്ടാകാനിടയാകുന്നു. അവന്റെ മരണത്തിങ്കൽ സകല യഹൂദയും അവനെ ബഹുമാനിക്കുന്നു.
30. (എ) മനശ്ശെ ഏതു ദുഷ്ടതയിലേക്കു തിരികെ പോകുന്നു, എന്നാൽ അവന്റെ അനുതാപത്തെ തുടർന്ന് എന്തു സംഭവിക്കുന്നു? (ബി) ആമോന്റെ ഹ്രസ്വമായ വാഴ്ചയുടെ സവിശേഷതയെന്ത്?
30 മനശ്ശെയും ആമോനും ദുഷ്ടഭരണം നടത്തുന്നു (33:1-25). ഹിസ്കിയാവിന്റെ പുത്രനായ മനശ്ശെ തന്റെ പിതാമഹനായ ആഹാസിന്റെ ദുഷ്ടഗതിയിലേക്കു തിരിച്ചുപോയി ഹിസ്കിയാവിന്റെ വാഴ്ചക്കാലത്തു നേടിയ സകല നൻമയും കളഞ്ഞുകുളിക്കുന്നു. അവൻ ഉന്നതസ്ഥലങ്ങളെ പണിയുകയും വിശുദ്ധസ്തംഭങ്ങൾ നാട്ടുകയും ചെയ്യുന്നതുകൂടാതെ, തന്റെ പുത്രൻമാരെ വ്യാജദൈവങ്ങൾക്കു ബലികഴിക്കുക പോലും ചെയ്യുന്നു. ഒടുവിൽ, യഹോവ അസീറിയയിലെ രാജാവിനെ യഹൂദക്കെതിരെ വരുത്തുന്നു, മനശ്ശെയെ ബാബിലോനിലേക്കു ബന്ദിയായി കൊണ്ടുപോകുന്നു. അവിടെ അവൻ തന്റെ ദുഷ്പ്രവൃത്തിയെക്കുറിച്ച് അനുതപിക്കുന്നു. യഹോവ അവനെ രാജത്വത്തിൽ പുനഃസ്ഥാപിച്ചുകൊണ്ടു കരുണകാണിക്കുമ്പോൾ അവൻ ഭൂതാരാധനയെ പിഴുതുമാററി സത്യമതത്തെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, നീണ്ട 55 വർഷത്തെ വാഴ്ചക്കുശേഷം മനശ്ശെ മരിക്കുമ്പോൾ അവന്റെ മകൻ ആമോൻ സിംഹാസനാരൂഢനാകുകയും വീണ്ടും വ്യാജാരാധനയെ ദുഷ്ടമായി പിന്തുണക്കുകയും ചെയ്യുന്നു. രണ്ടു വർഷംകഴിഞ്ഞ് അവന്റെ സ്വന്തം ദാസൻമാർ അവനെ വധിക്കുന്നു.
31. യോശീയാവിന്റെ ധീരമായ വാഴ്ചയുടെ വിശേഷതകളെന്ത്?
31 യോശീയാവിന്റെ ധീരമായ വാഴ്ച (34:1–35:27). ആമോന്റെ ഒരു പുത്രനായ യുവാവായ യോശീയാവ് സത്യാരാധന പുനഃസ്ഥാപിക്കുന്നതിനു ധീരമായ ഒരു ശ്രമം നടത്തുന്നു. അവൻ ബാലുകളുടെ യാഗപീഠങ്ങളെയും കൊത്തപ്പെട്ട പ്രതിമകളെയും ഇടിച്ചുവീഴിക്കുകയും യഹോവയുടെ ആലയത്തിന്റെ അററകുററപ്പണികൾ നടത്തുകയും ചെയ്യുന്നു, അവിടെ “മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം,” നിസ്സംശയമായി മൂലപ്രതി, കണ്ടെത്തപ്പെടുന്നു. (34:14) എന്നിരുന്നാലും, അപ്പോൾത്തന്നെ സംഭവിച്ചുകഴിഞ്ഞ അവിശ്വസ്തതക്കു ദേശത്തിൻമേൽ അനർഥം ഭവിക്കുമെന്നു നീതിമാനായ യോശീയാവിനോടു പറയപ്പെടുന്നു, എന്നാൽ അവന്റെ നാളിലായിരിക്കുകയില്ല. അവന്റെ വാഴ്ചയുടെ 18-ാമാണ്ടിൽ അവൻ ഒരു മുന്തിയ പെസഹ ആഘോഷത്തിന് ഏർപ്പാടുചെയ്യുന്നു. 31 വർഷത്തെ വാഴ്ചക്കുശേഷം യൂഫ്രട്ടീസിലേക്കു പോകുന്ന വഴിയിൽ ദേശത്തുകൂടെ കടന്നുപോകുന്നതിൽനിന്ന് ഈജിപ്ഷ്യൻസൈന്യങ്ങളെ തടയുന്നതിനുളള വ്യർഥശ്രമത്തിൽ യോശീയാവു മരണപ്പെടുന്നു.
32. അവസാനത്തെ നാലു രാജാക്കൻമാർ യഹൂദയെ അതിന്റെ വിപത്കരമായ അന്ത്യത്തിലേക്കു നയിക്കുന്നത് എങ്ങനെ?
32 യെഹോവാഹാസും യെഹോയാക്കീമും യെഹോയാഖീനും സിദെക്കീയാവും യെരുശലേമിന്റെ ശൂന്യമാക്കലും (36:1-23). അവസാനത്തെ നാലു യഹൂദ്യരാജാക്കൻമാരുടെ ദുഷ്ടത പെട്ടെന്നുതന്നെ ജനതയെ അതിന്റെ വിപത്കരമായ അന്ത്യത്തിലെത്തിക്കുന്നു. യോശീയാവിന്റെ പുത്രനായ യെഹോവാഹാസ് മൂന്നുമാസം മാത്രം വാഴുന്നു, പിന്നെ ഈജിപ്തിലെ നെഖോ ഫറവോനാൽ നീക്കംചെയ്യപ്പെടുന്നു. അവനു പകരം അവന്റെ സഹോദരൻ എല്യാക്കീം വരുന്നു, അവന്റെ പേർ യെഹോയാക്കീം എന്നു മാററിയിടുന്നു. അവന്റെ വാഴ്ചക്കാലത്താണു പുതിയ ലോകശക്തിയായ ബാബിലോൻ യഹൂദയെ കീഴടക്കുന്നത്. (2 രാജാ. 24:1) യെഹോയാക്കീം മത്സരിക്കുമ്പോൾ നെബുഖദ്നേസർ അവനെ ശിക്ഷിക്കുന്നതിനു പൊ.യു.മു. 618-ൽ യെരുശലേമിലേക്കു വരുന്നു, എന്നാൽ 11 വർഷം ഭരിച്ചശേഷം അതേവർഷം യെഹോയാക്കീം മരിക്കുന്നു. 18 വയസ്സുപ്രായമുളള അദ്ദേഹത്തിന്റെ പുത്രനായ യെഹോയാഖീൻ അവനുപകരം വാഴുന്നു. കഷ്ടിച്ചു മൂന്നു മാസത്തെ വാഴ്ചക്കുശേഷം യെഹോയാഖീൻ നെബുഖദ്നേസറിനു കീഴടങ്ങുകയും ബാബിലോനിലേക്കു ബന്ദിയായി പിടിച്ചുകൊണ്ടുപോകപ്പെടുകയും ചെയ്യുന്നു. നെബുഖദ്നേസർ ഇപ്പോൾ യോശീയാവിന്റെ മൂന്നാമത്തെ ഒരു പുത്രനെ, യെഹോയാഖീന്റെ പിതൃസഹോദരനായ സിദെക്കീയാവിനെ, സിംഹാസനത്തിൽ അവരോധിക്കുന്നു. സിദെക്കീയാവ് “യഹോവയുടെ വായിൽനിന്നുളള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്താ”ൻ വിസമ്മതിച്ചുകൊണ്ടു 11 വർഷം ഹീനമായി വാഴ്ച നടത്തുന്നു. (2 ദിന. 36:12) വൻതോതിലുളള അവിശ്വസ്തതയാൽ പുരോഹിതൻമാരും ജനവും ഒരുപോലെ യഹോവയുടെ ആലയത്തെ അശുദ്ധമാക്കുന്നു.
33. (എ) “യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു” 70 വർഷത്തെ ശൂന്യകാലം തുടങ്ങുന്നത് എങ്ങനെ? (ബി) രണ്ടു ദിനവൃത്താന്തത്തിന്റെ അവസാനത്തെ രണ്ടു വാക്യങ്ങളിൽ ഏതു ചരിത്രപ്രധാനമായ കൽപ്പന രേഖപ്പെടുത്തിയിരിക്കുന്നു?
33 ഒടുവിൽ, സിദെക്കീയാവ് ബാബിലോന്യ നുകത്തിനെതിരെ മത്സരിക്കുന്നു, ഈ പ്രാവശ്യം നെബുഖദ്നേസർ കരുണ കാണിക്കുന്നില്ല. യഹോവയുടെ ക്രോധം പൂർണമാണ്, ഉപശാന്തിയില്ല. യെരുശലേം നിപതിക്കുന്നു, അതിലെ ആലയം കൊളളയടിക്കപ്പെടുന്നു, ചുട്ടെരിക്കപ്പെടുന്നു. 18 മാസത്തെ ഉപരോധത്തെ അതിജീവിക്കുന്നവർ ബാബിലോനിലേക്കു ബന്ദികളായി കൊണ്ടുപോകപ്പെടുന്നു. യഹൂദാ ശൂന്യമായി കിടക്കുന്നു. അങ്ങനെ, പൊ.യു.മു. 607 എന്ന ഈ വർഷംതന്നെ “യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു . . . എഴുപതു സംവത്സരം തികയു”ന്നതിനു ശൂന്യകാലം തുടങ്ങുന്നു. (36:21) ദിനവൃത്താന്തകാരൻ പിന്നീടു പൊ.യു.മു. 537-ലെ കോരേശിന്റെ ചരിത്രപ്രധാനമായ കൽപ്പന ഒടുവിലത്തെ രണ്ടു വാക്യങ്ങളിൽ രേഖപ്പെടുത്തുന്നതിന് ഏതാണ്ട് 70 വർഷത്തെ ഈ വിടവു ചാടിക്കടക്കുന്നു. യഹൂദബന്ദികൾ സ്വതന്ത്രരായി വിട്ടയയ്ക്കപ്പെടാനിരിക്കുകയാണ്! യെരുശലേം വീണ്ടും ഉയർന്നുവരണം!
എന്തുകൊണ്ടു പ്രയോജനപ്രദം
34. എസ്രായുടെ വിവരങ്ങളുടെ തിരഞ്ഞെടുപ്പിൽ എന്തു ദൃഢീകരിക്കപ്പെടുന്നു, ഇതു ജനതക്കു പ്രയോജനകരമായിരിക്കുന്നത് എങ്ങനെ?
34 രണ്ടു ദിനവൃത്താന്തം, പൊ.യു.മു. 1037-537 വരെയുളള ഈ സംഭവബഹുലമായ കാലഘട്ടത്തെ സംബന്ധിച്ച അതിന്റെ ശക്തമായ സാക്ഷ്യം മററു സാക്ഷികളുടെ സാക്ഷ്യത്തോടു കൂട്ടുന്നു. മാത്രവുമല്ല, അതു മററു കാനോനിക ചരിത്രങ്ങളിൽ കാണാത്ത മൂല്യവത്തായ അനുബന്ധ വിവരങ്ങൾ നൽകുന്നു—ദൃഷ്ടാന്തമായി 2 ദിനവൃത്താന്തം 19, 20 എന്നീ അധ്യായങ്ങളും 29 മുതൽ 31 വരെയുളള അധ്യായങ്ങളും. എസ്രായുടെ വിവരങ്ങളുടെ തിരഞ്ഞെടുപ്പു പൗരോഹിത്യവും അതിന്റെ സേവനവും ആലയവും രാജ്യഉടമ്പടിയും പോലെയുളള ജനതയുടെ ചരിത്രത്തിലെ അടിസ്ഥാനപരവും സ്ഥിരവുമായ ഘടകങ്ങളെ ദൃഢീകരിച്ചു. മിശിഹായുടെയും അവന്റെ രാജ്യത്തിന്റെയും പ്രത്യാശയിൽ ജനതയെ ഒരുമിപ്പിച്ചുനിർത്തുന്നതിന് ഇതു പ്രയോജനകരമായിരുന്നു.
35. രണ്ടു ദിനവൃത്താന്തങ്ങളുടെ അവസാനവാക്യങ്ങളിൽ ഏതു പ്രധാന ആശയങ്ങൾ തെളിയിക്കപ്പെടുന്നു?
35 രണ്ടു ദിനവൃത്താന്തത്തിലെ അവസാനവാക്യങ്ങൾ (36:17-23) യിരെമ്യാവു 25:12-ന്റെ നിവൃത്തിക്കു തർക്കമററ തെളിവുനൽകുന്നതിനു പുറമേ ദേശത്തിന്റെ സമ്പൂർണമായ ശൂന്യമാക്കൽമുതൽ യെരുശലേമിലെ യഹോവയുടെ ആരാധനയുടെ പൊ.യു.മു. 537-ലെ പുനഃസ്ഥാപനംവരെ പൂർണമായും 70 വർഷം എണ്ണേണ്ടതാണെന്നു പ്രകടമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ശൂന്യമാക്കൽ പൊ.യു.മു. 607-ലാണു തുടങ്ങുന്നത്.c—യിരെ. 29:10; 2 രാജാ. 25:1-26; എസ്രാ 3:1-6.
36. (എ) രണ്ടു ദിനവൃത്താന്തത്തിൽ ഏതു ശക്തമായ ബുദ്ധ്യുപദേശം അടങ്ങിയിരിക്കുന്നു? (ബി) അതു രാജ്യം സംബന്ധിച്ച പ്രതീക്ഷയെ ബലപ്പെടുത്തുന്നത് എങ്ങനെ?
36 ക്രിസ്തീയ വിശ്വാസത്തിൽ നടക്കുന്നവർക്കു രണ്ടു ദിനവൃത്താന്തത്തിൽ ശക്തമായ ബുദ്ധ്യുപദേശം അടങ്ങിയിരിക്കുന്നു. യഹൂദാരാജാക്കൻമാരിൽ അനേകർ നന്നായി തുടക്കമിട്ടെങ്കിലും ദുഷ്ടവഴികളിലേക്കു പിൻമാറിപ്പോയി. വിജയം ദൈവത്തോടുളള വിശ്വസ്തതയിൽ ആശ്രയിച്ചിരിക്കുന്നുവെന്ന് ഈ ചരിത്രരേഖ എത്ര ശക്തമായി ചിത്രീകരിക്കുന്നു! അതുകൊണ്ടു നാം “നാശത്തിലേക്കു പിൻമാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തി”ലായിരിക്കാനുളള മുന്നറിയിപ്പു സ്വീകരിക്കേണ്ടതാണ്. (എബ്രാ. 10:39) രോഗവിമുക്തനായപ്പോൾ വിശ്വസ്തരാജാവായ ഹിസ്കിയാവുപോലും അഹങ്കരിച്ചു, അവൻ പെട്ടെന്നുതന്നെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടുമാത്രമാണ് അവനു യഹോവയുടെ കോപം ഒഴിവാക്കാൻ കഴിഞ്ഞത്. രണ്ടു ദിനവൃത്താന്തം യഹോവയുടെ വിശിഷ്ട ഗുണങ്ങളെ മഹിമപ്പെടുത്തുകയും അവന്റെ നാമത്തെയും പരമാധികാരത്തെയും പുകഴ്ത്തുകയും ചെയ്യുന്നു. യഹോവയോടുളള സമ്പൂർണഭക്തിയുടെ നിലപാടിലാണു മുഴുചരിത്രവും അവതരിപ്പിക്കുന്നത്. അതു യഹൂദയുടെ രാജവംശത്തിനും ദൃഢത കൊടുക്കുമ്പോൾ, വിശ്വസ്തനാം “ദാവീദിന്റെ പുത്രനായ” യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിൻകീഴിൽ നിർമലാരാധന ഉന്നതമാക്കപ്പെടുന്നതു കാണാനുളള നമ്മുടെ പ്രതീക്ഷയെ അതു ബലിഷ്ഠമാക്കുന്നു.—മത്താ. 1:1; പ്രവൃ. 15:16, 17.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 147.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 750-1; വാല്യം 2, പേജുകൾ 1076-8.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 463; വാല്യം 2, പേജ് 326.