അധ്യായം 19
“നദി ഒഴുകിയെത്തുന്നിടത്തെല്ലാം ഏതു ജീവിയും ജീവിക്കും”
മുഖ്യവിഷയം: ദേവാലയത്തിൽനിന്ന് ഒരു നദി ഒഴുകുന്നതായി കണ്ട ദർശനത്തിനു പുരാതനകാലത്തും ഇന്നും ഭാവിയിലും ഉള്ള നിവൃത്തി
1, 2. യഹസ്കേൽ 47:1-12 അനുസരിച്ച് യഹസ്കേൽ എന്തെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്തു? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
ദേവാലയദർശനം കണ്ടുകൊണ്ടിരുന്ന യഹസ്കേൽ ഇപ്പോൾ മറ്റൊരു അത്ഭുതദൃശ്യത്തിനു സാക്ഷിയാകുന്നു. പാവനമായ ആ ദേവാലയത്തിൽനിന്ന് അതാ, ഒരു നദി ഒഴുകുന്നു! നല്ല കണ്ണീരുപോലെ തെളിഞ്ഞ ജലം! അത് ഒഴുകുന്ന ദിശയിൽ അദ്ദേഹം അതിന്റെ ഓരത്തുകൂടെ നടന്നുനീങ്ങുന്നു. (യഹസ്കേൽ 47:1-12 വായിക്കുക.) വിശുദ്ധമന്ദിരത്തിന്റെ വാതിൽപ്പടിയുടെ അടിയിൽനിന്ന് അല്പാല്പമായി ഒഴുകിവരുന്ന ആ വെള്ളം ആലയത്തിന്റെ കിഴക്കേ കവാടത്തിന് അടുത്തുകൂടെ ദേവാലയസമുച്ചയത്തിനു പുറത്തേക്ക് ഒഴുകുകയാണ്. ദേവാലയം കൊണ്ടുനടന്നുകാണിച്ച ആ ദൈവദൂതൻ ഇപ്പോൾ യഹസ്കേലിനെയുംകൊണ്ട് ആലയത്തിൽനിന്ന് ഇറങ്ങുന്നു. പിന്നിടുന്ന ദൂരം അളന്നളന്നാണ് അവർ മുന്നോട്ടു നീങ്ങുന്നത്. വെള്ളത്തിലൂടെ അക്കര കടക്കാൻ ദൂതൻ ഇടയ്ക്കിടെ യഹസ്കേലിനോടു പറയുന്നുമുണ്ട്. അതിന്റെ ആഴം പെട്ടെന്നു കൂടുന്നതായി പ്രവാചകൻ തിരിച്ചറിയുന്നു. ആ അരുവി ഒരു ജലപ്രവാഹമായി മാറുകയാണ്. നീന്താതെ അക്കര കടക്കാൻ പറ്റാത്തത്ര വലിയൊരു ജലപ്രവാഹം!
2 നദി ചാവുകടലിലേക്കാണ് ഒഴുകുന്നതെന്ന് യഹസ്കേലിനു മനസ്സിലായി. ആ കടലിലേതു ജീവികൾക്കൊന്നും വസിക്കാനാകാത്ത, ഉപ്പുരസമുള്ള വെള്ളമാണെങ്കിലും നദിയിലെ ജലം ചെന്നുചേരുന്ന സ്ഥലങ്ങളിലെ ജലമത്രയും ശുദ്ധമാകുന്നതായും അവിടെ അനേകമനേകം മത്സ്യങ്ങളുള്ളതായും യഹസ്കേൽ കണ്ടു. നദീതീരത്ത് എല്ലാ തരം വൃക്ഷങ്ങളും ഇടതിങ്ങി വളരുന്നു. ഓരോ മാസവും പോഷകഗുണമുള്ള പുതിയ കായ്കൾ അവയിൽ ഉണ്ടാകും. അവയുടെ ഇലകൾക്കു രോഗം ഭേദമാക്കാൻ കഴിവുണ്ട്. ഇതെല്ലാം കണ്ടപ്പോൾ യഹസ്കേലിന്റെ ഹൃദയത്തിൽ ശാന്തിയും പ്രത്യാശയും നിറഞ്ഞുകാണും. പക്ഷേ ദേവാലയദർശനത്തിന്റെ ഈ ഭാഗത്തിന് യഹസ്കേലിന്റെയും മറ്റു പ്രവാസികളുടെയും കാര്യത്തിൽ എന്തു പ്രാധാന്യമാണുണ്ടായിരുന്നത്? അതിന് ഇന്നു നമ്മുടെ നാളിൽ എന്തെങ്കിലും പ്രസക്തിയുണ്ടോ?
ദർശനത്തിലെ നദിയും പ്രവാസികളും
3. യഹസ്കേലിന്റെ ദർശനത്തിലെ നദി അക്ഷരാർഥത്തിലുള്ളതാണെന്നു പുരാതനകാലത്തെ ജൂതന്മാർ കരുതിക്കാണില്ലാത്തത് എന്തുകൊണ്ട്?
3 ദർശനത്തിലെ ആ നദി അക്ഷരാർഥത്തിലുള്ളതാണെന്ന് എന്തായാലും അന്നത്തെ ജൂതന്മാർ കരുതിക്കാണില്ല. പകരം അവരുടെ മനസ്സിലേക്ക് അപ്പോൾ വന്നതു ദൈവം വെളിപ്പെടുത്തിക്കൊടുത്ത മറ്റൊരു പുനഃസ്ഥാപനപ്രവചനമായിരിക്കാം. സാധ്യതയനുസരിച്ച്, ഇരുന്നൂറിലധികം വർഷം മുമ്പ് യോവേൽ പ്രവാചകൻ രേഖപ്പെടുത്തിയ ഒരു പ്രവചനം! (യോവേൽ 3:18 വായിക്കുക.) യോവേലിന്റെ ആ വാക്കുകൾ വായിച്ചപ്പോൾ പർവതങ്ങളിൽനിന്ന് അക്ഷരാർഥത്തിൽ “മധുരമുള്ള വീഞ്ഞ് ഇറ്റിറ്റുവീഴും” എന്നോ മലകളിൽനിന്ന് അക്ഷരാർഥത്തിൽ “പാൽ ഒഴുകും” എന്നോ ജൂതപ്രവാസികൾ ഉറപ്പായും കരുതിയിട്ടുണ്ടാകില്ല. “യഹോവയുടെ ഭവനത്തിൽനിന്ന്” ഒരു അരുവി പുറപ്പെടുമെന്ന വാക്കുകളും അവർ അത്തരത്തിൽ എടുത്തുകാണില്ല. സമാനമായി, ദർശനത്തിൽ യഹസ്കേൽ കണ്ട നദിയും അക്ഷരാർഥത്തിലെടുക്കേണ്ടതല്ലെന്നു മറ്റു പ്രവാസികൾക്കു മനസ്സിലായിക്കാണും.a അപ്പോൾപ്പിന്നെ യഹോവ ആ ദർശനത്തിലൂടെ എന്തു സന്ദേശമാണു നൽകിയത്? മറ്റു ചില തിരുവെഴുത്തുകൾ പരിശോധിച്ചാൽ ആ ദർശനത്തിലെ ചില ഭാഗങ്ങളുടെ അർഥം എന്താണെന്നു നമുക്കു മനസ്സിലാകും. അതിൽ മൂന്നെണ്ണം മാത്രം നമുക്ക് ഇപ്പോൾ നോക്കാം. നമുക്കുള്ള സ്നേഹനിർഭരമായ ചില ഉറപ്പുകളെക്കുറിച്ച് വ്യക്തമായൊരു ചിത്രം അതു വരച്ചുകാട്ടുന്നുണ്ട്.
4. (എ) യഹസ്കേലിന്റെ ദർശനത്തിലെ നദി, യഹോവയിൽനിന്നുള്ള എന്തെല്ലാം അനുഗ്രഹങ്ങളെക്കുറിച്ച് ജൂതന്മാർക്കു പ്രതീക്ഷ പകർന്നുകാണും? (ബി) ബൈബിളിൽ കാണുന്ന “നദി,” “വെള്ളം” എന്നീ പദപ്രയോഗങ്ങൾ യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുമെന്ന് ഉറപ്പേകുന്നത് എങ്ങനെ? (“യഹോവയിൽനിന്നുള്ള അനുഗ്രഹനദികൾ” എന്ന ചതുരം കാണുക.)
4 അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു നദി. ബൈബിളിൽ “നദി,” “വെള്ളം” എന്നീ പദപ്രയോഗങ്ങൾ യഹോവയിൽനിന്നുള്ള ജീവദായകമായ അനുഗ്രഹങ്ങളെ ചിത്രീകരിക്കാനാണു പലപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. അത്തരമൊരു നദി ദേവാലയത്തിൽനിന്ന് പുറപ്പെടുന്നതായി യഹസ്കേൽ ദർശനത്തിൽ കണ്ടതുകൊണ്ട് ദൈവജനത്തിന് ഒരു കാര്യം മനസ്സിലായിക്കാണും: അവർ ശുദ്ധാരാധനയോടു പറ്റിനിൽക്കുന്നിടത്തോളം കാലം യഹോവയുടെ ജീവദായകമായ ആത്മീയാനുഗ്രഹങ്ങൾ അവരിലേക്ക് ഒഴുകിയെത്തും. എന്തെല്ലാം അനുഗ്രഹങ്ങൾ? പുരോഹിതന്മാർ അവർക്കു വീണ്ടും ആത്മീയവിദ്യാഭ്യാസം നൽകിത്തുടങ്ങും. ദേവാലയത്തിൽ വീണ്ടും ബലിയർപ്പണം ആരംഭിക്കുന്നതോടെ, തങ്ങളുടെ പാപങ്ങൾക്കു പരിഹാരം ലഭിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാനും കഴിയുമായിരുന്നു. (യഹ. 44:15, 23; 45:17) വീണ്ടും ശുദ്ധരാകാനുള്ള അവസരമാണ് അവർക്ക് അതിലൂടെ ലഭിക്കുമായിരുന്നത്. ദേവാലയത്തിൽനിന്ന് പുറപ്പെടുന്ന ശുദ്ധജലം ഒരു ആലങ്കാരികാർഥത്തിൽ അവരെ കഴുകിവെടിപ്പാക്കുമായിരുന്നു.
5. നദിയെക്കുറിച്ചുള്ള ദർശനം, എല്ലാവർക്കും വേണ്ടുവോളം അനുഗ്രഹങ്ങൾ ലഭിക്കുമോ എന്ന ഉത്കണ്ഠയെ ദൂരീകരിച്ചത് എങ്ങനെ?
5 എന്നാൽ എല്ലാവർക്കും വേണ്ടത്ര അനുഗ്രഹങ്ങൾ എപ്പോഴും ലഭിക്കുമായിരുന്നോ? ആർക്കെങ്കിലും അങ്ങനെയൊരു ഉത്കണ്ഠയുണ്ടായിരുന്നെങ്കിൽ അതിനെ അസ്ഥാനത്താക്കുന്ന ഒരു കാര്യം ആ ദർശനത്തിൽ കണ്ടിരുന്നു. നദിയുടെ ആഴവും പരപ്പും അത്ഭുതകരമായി കൂടിക്കൂടിവരുന്നത് യഹസ്കേൽ ശ്രദ്ധിച്ചു. വെള്ളം ഒഴുകിത്തുടങ്ങിയത് അല്പാല്പമായിട്ടാണെങ്കിലും വെറും ഒരു മൈൽ ദൂരം പിന്നിട്ടപ്പോഴേക്കും അതൊരു വൻ ജലപ്രവാഹമായി മാറി. (യഹ. 47:3-5) എന്താണ് അതു സൂചിപ്പിച്ചത്? മാതൃദേശത്ത് തിരികെ എത്തിയ ജൂതന്മാരുടെ ജനസംഖ്യ വർധിക്കുമായിരുന്നെങ്കിലും അതനുസരിച്ച് യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളും വർധിച്ചുവരുമായിരുന്നു. അതെ, ആ നദി ചിത്രീകരിച്ചതു സമൃദ്ധിയെയാണ്!
6. (എ) പ്രാവചനികചിത്രം ഏത് ഉറപ്പേകി? (ബി) എന്നാൽ ആ ദർശനത്തിൽ ഏതു മുന്നറിയിപ്പുകൂടെയുണ്ടായിരുന്നു? (അടിക്കുറിപ്പു കാണുക.)
6 ജീവൻ പകരുന്ന ജലം. ആ നദി ചാവുകടലിൽ ചെന്നുചേർന്നപ്പോൾ അതിന്റെ ഭൂരിഭാഗവും ശുദ്ധമാകുന്നതായി യഹസ്കേൽ ദർശനത്തിൽ കണ്ടു. അപ്പോൾ, മഹാസമുദ്രത്തിലെ (അതായത്, മെഡിറ്ററേനിയൻ കടൽ.) മത്സ്യവൈവിധ്യത്തോടു കിടപിടിക്കാൻപോന്ന മത്സ്യസമ്പത്ത് അതിൽ ഉണ്ടായി. ചാവുകടലിന്റെ തീരത്ത് സാധ്യതയനുസരിച്ച്, വളരെ അകലെയായി സ്ഥിതിചെയ്തിരുന്ന രണ്ടു പട്ടണങ്ങൾക്കിടയിലുള്ള ദൂരമത്രയും ഒരു വമ്പൻ മത്സ്യവ്യവസായം തഴച്ചുവളരാൻമാത്രം സമൃദ്ധമായിരുന്നു അതിലെ മത്സ്യസമ്പത്ത്. “നദി ഒഴുകിയെത്തുന്നിടത്തെല്ലാം ഏതു ജീവിയും ജീവിക്കും” എന്ന് ആ ദൂതൻ പറഞ്ഞു. എന്നാൽ അതിന്റെ അർഥം യഹോവയുടെ ഭവനത്തിൽനിന്ന് ഒഴുകിയെത്തിയ വെള്ളം ചാവുകടലിൽ എല്ലായിടത്തും എത്തിച്ചേർന്നു എന്നാണോ? അല്ല. ജീവദായകമായ ജലം ചെന്നെത്താത്ത ചില ചതുപ്പുനിലങ്ങൾ ഉണ്ടായിരിക്കുമെന്ന് ആ ദൂതൻ വിശദീകരിച്ചു. അത്തരം സ്ഥലങ്ങളെ ‘ഉപ്പിനായി ഉപേക്ഷിക്കും’ എന്നും ദൂതൻ പറഞ്ഞു.b (യഹ. 47:8-11) ഈ പ്രാവചനികചിത്രം നൽകിയ ഒരു ഉറപ്പ് ഇതായിരുന്നു: ശുദ്ധാരാധന ആളുകൾക്കു പുതുജീവൻ പകരുകയും ആലങ്കാരികാർഥത്തിൽ അവർ തഴച്ചുവളരാൻ ഇടയാക്കുകയും ചെയ്യും. എന്നാൽ അതോടൊപ്പം ഒരു മുന്നറിയിപ്പുമുണ്ടായിരുന്നു: എല്ലാവരും യഹോവയുടെ അനുഗ്രഹങ്ങൾ സ്വീകരിക്കില്ല, എല്ലാവരും ശുദ്ധരാകുകയുമില്ല.
7. ദർശനത്തിൽ കണ്ട നദീതീരത്തെ വൃക്ഷങ്ങൾ പ്രവാസികളായ ജൂതന്മാർക്ക് എന്ത് ഉറപ്പേകി?
7 ഭക്ഷണത്തിനും രോഗശാന്തിക്കും ഉപകരിക്കുന്ന വൃക്ഷങ്ങൾ. നദീതീരത്ത് മരങ്ങൾ നിൽക്കുന്നതായും യഹസ്കേൽ ദർശനത്തിൽ കണ്ടു. അത് ആ പ്രാവചനികചിത്രത്തിന് ഏറെ മനോഹാരിത പകരുന്നുണ്ട്, അല്ലേ? എന്നാൽ അത് ആ ദർശനത്തിനു വളരെയധികം അർഥവും പകരുന്നുണ്ട്. എല്ലാ മാസവും ആ വൃക്ഷങ്ങളിൽ സ്വാദിഷ്ഠമായ പുതിയ കായ്കൾ ഉണ്ടാകുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ യഹസ്കേലിനും മറ്റു പ്രവാസികൾക്കും എത്ര സന്തോഷം തോന്നിക്കാണും! യഹോവ അവരെ ആത്മീയമായി പോഷിപ്പിക്കുമെന്നു പ്രവചനത്തിലെ ഈ ഭാഗവും അവർക്ക് ഉറപ്പേകി. ആകർഷകമായ ആ പ്രാവചനികചിത്രം അവർക്കു മറ്റ് എന്ത് ഉറപ്പു നൽകിക്കാണും? ആ വൃക്ഷങ്ങളുടെ ഇലകൾ ‘രോഗം ഭേദമാക്കാൻ ഉപകരിക്കും’ എന്നു പറഞ്ഞിരിക്കുന്നു. (യഹ. 47:12) പ്രവാസികൾ മാതൃദേശത്ത് തിരികെ എത്തുമ്പോൾ അവർക്ക് ഏറ്റവും ആവശ്യം ആത്മീയമായ രോഗശാന്തിയാണെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. അതുതന്നെയാണ് യഹോവ വാഗ്ദാനം ചെയ്തതും. യഹോവ അത് എങ്ങനെയാണു ചെയ്തതെന്ന് ഈ പുസ്തകത്തിന്റെ 9-ാം അധ്യായത്തിൽ ചർച്ച ചെയ്തിട്ടുള്ള മറ്റു പുനഃസ്ഥാപനപ്രവചനങ്ങൾ വിശദീകരിക്കുന്നുണ്ട്.
8. യഹസ്കേലിന്റെ ദർശനത്തിനു വലിയൊരു നിവൃത്തിയുണ്ടായിരിക്കുമെന്ന് എന്തു സൂചിപ്പിക്കുന്നു?
8 എന്നാൽ തിരികെ എത്തിയ പ്രവാസികൾ ആ പ്രവചനങ്ങളുടെ ഭാഗികമായ നിവൃത്തിയേ കണ്ടുള്ളൂ എന്നും 9-ാം അധ്യായത്തിൽ നമ്മൾ കണ്ടിരുന്നു. യഥാർഥത്തിൽ അതിനു കാരണക്കാർ ആ ജനംതന്നെയായിരുന്നു. ഒന്നു ചിന്തിച്ചുനോക്കൂ! ധാർമികാധഃപതനവും അനുസരണക്കേടും ശുദ്ധാരാധനയോടുള്ള അവഗണനയും അവരുടെ ഇടയിൽ ഇടയ്ക്കിടെ തലപൊക്കുമ്പോൾ യഹോവയ്ക്ക് എങ്ങനെ അവരെ മുഴുവനായി അനുഗ്രഹിക്കാനാകും? മറ്റു ജൂതന്മാരുടെ പെരുമാറ്റം കണ്ടപ്പോൾ, വിശ്വസ്തരായവർക്കു തീർച്ചയായും വേദനയും നിരാശയും തോന്നിക്കാണും. എങ്കിലും യഹോവയുടെ വാഗ്ദാനങ്ങൾ വെറുതേയാകില്ലെന്ന് അവർക്ക് അറിയാമായിരുന്നു. ആ വാഗ്ദാനങ്ങൾ എന്തായാലും നിറവേറുകതന്നെ ചെയ്യും. (യോശുവ 23:14 വായിക്കുക.) അതുകൊണ്ട് ന്യായമായും യഹസ്കേലിന്റെ ദർശനത്തിന് ഒരിക്കൽ വലിയൊരു നിവൃത്തിയുണ്ടാകുമായിരുന്നു. പക്ഷേ, എപ്പോൾ?
നദി ഇന്നും ഒഴുകുന്നു!
9. യഹസ്കേലിന്റെ ദേവാലയദർശനത്തിനു വലിയൊരു നിവൃത്തിയുണ്ടാകുന്നത് എപ്പോൾ?
9 ഈ പ്രസിദ്ധീകരണത്തിന്റെ 14-ാം അധ്യായത്തിൽ കണ്ടതുപോലെ, യഹസ്കേലിന്റെ ദേവാലയദർശനത്തിന് “അവസാനനാളുകളിൽ” വലിയൊരു നിവൃത്തിയുണ്ട്. ശുദ്ധാരാധന മുമ്പെന്നത്തേതിലും ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയരുന്ന ഒരു സമയമാണ് അത്. (യശ. 2:2) യഹസ്കേലിന്റെ ദർശനത്തിലെ ഈ ഭാഗം ഇക്കാലത്ത് നിറവേറുന്നത് എങ്ങനെയാണ്?
10, 11. (എ) ഇന്ന് ഒരു നദിപോലെ നമ്മളിലേക്ക് ഒഴുകിയെത്തുന്ന അനുഗ്രഹങ്ങൾ ഏതെല്ലാമാണ്? (ബി) അവസാനനാളുകളിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളുടെ ഒഴുക്കു വർധിച്ചിരിക്കുന്നത് എങ്ങനെ?
10 അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു നദി. യഹോവയുടെ ഭവനത്തിൽനിന്ന് ഒഴുകിവരുന്ന വെള്ളം, ഇന്നത്തെ ഏതെല്ലാം അനുഗ്രഹങ്ങളാണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്? നമ്മുടെ ആത്മീയ ആരോഗ്യത്തിനും പോഷണത്തിനും ഉപകരിക്കുന്ന എല്ലാം അതിൽപ്പെടും. അതിൽ ഏറ്റവും പ്രധാനം, യേശു മോചനവിലയായി അർപ്പിച്ച ബലിയാണ്. ജലം നമ്മളെ ശുദ്ധീകരിക്കുന്നതുപോലെ ആ ബലി നമ്മുടെ പാപങ്ങളുടെ ക്ഷമ സാധ്യമാക്കുന്നു. നമ്മളെ ശുദ്ധീകരിക്കാൻ കഴിവുള്ള ജീവദായകമായ ജലത്തോടു താരതമ്യപ്പെടുത്തിയിരിക്കുന്ന മറ്റൊരു കാര്യം ദൈവവചനത്തിലെ നിർമലമായ സത്യങ്ങളാണ്. (എഫെ. 5:25-27) ഇക്കാലത്ത് അത്തരം അനുഗ്രഹങ്ങൾ നമ്മളിലേക്ക് ഒഴുകിയെത്തുന്നത് എങ്ങനെയാണ്?
11 1919-ൽ യഹോവയുടെ ദാസന്മാർ ഏതാനും ആയിരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആവശ്യമായ ആത്മീയാഹാരം അവർക്ക് അന്നു ലഭിക്കുകയും ചെയ്തു. പിന്നീടുള്ള പതിറ്റാണ്ടുകളിൽ അവരുടെ എണ്ണം അടിക്കടി വർധിച്ചു. ഇന്ന്, 80 ലക്ഷത്തിലധികം വരുന്ന വലിയൊരു ജനസമൂഹമാണ് അവർ. എന്നാൽ അതിനനുസരിച്ച് നിർമലമായ ജലത്തിന്റെ ഒഴുക്കു കൂടിയോ? തീർച്ചയായും! ആത്മീയസത്യങ്ങളുടെ അതിസമൃദ്ധമായ ഒരു ഒഴുക്കുതന്നെ ഇന്നു കാണാനാകും. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം ബൈബിളുകളും പുസ്തകങ്ങളും മാസികകളും ലഘുപത്രികകളും ലഘുലേഖകളും ഒക്കെയായി ശതകോടിക്കണക്കിനു പ്രസിദ്ധീകരണങ്ങളാണു ദൈവജനത്തിന്റെ കൈകളിലേക്ക് ഒഴുകിയെത്തിയത്. യഹസ്കേൽ ദർശനത്തിൽ കണ്ട നദിയുടെ ആഴവും പരപ്പും പെട്ടെന്നു കൂടിയതിനോടു സമാനമായൊരു കാര്യം ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകമെങ്ങും ആത്മീയദാഹമുള്ള ആളുകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് നിർമലമായ സത്യങ്ങളുടെ ഒഴുക്കും അതിശീഘ്രം വർധിക്കുകയാണ്. കാലങ്ങളായി ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെ അച്ചടിച്ച പ്രതികൾ ഉപയോഗത്തിലുണ്ട്. എന്നാൽ ഇപ്പോൾ, jw.org എന്ന വെബ്സൈറ്റിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ 900-ത്തിലധികം ഭാഷകളിൽ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാണ്. ശരിയായ ഹൃദയനിലയുള്ള ആളുകളെ സത്യത്തിന്റെ ഈ ജലം എങ്ങനെയാണു സ്വാധീനിക്കുന്നത്?
12. (എ) ബൈബിൾസത്യങ്ങൾ ആളുകൾക്കു പ്രയോജനം ചെയ്തിരിക്കുന്നത് എങ്ങനെ? (ബി) കാലോചിതമായ ഏതു മുന്നറിയിപ്പാണു ദർശനം നമുക്കു തരുന്നത്? (അടിക്കുറിപ്പും കാണുക.)
12 ജീവൻ പകരുന്ന ജലം. “നദി ഒഴുകിയെത്തുന്നിടത്തെല്ലാം ഏതു ജീവിയും ജീവിക്കും” എന്ന് യഹസ്കേലിനോടു പറഞ്ഞിരുന്നു. നമ്മൾ ഉൾപ്പെടെ, പുനഃസ്ഥാപിക്കപ്പെട്ട ആത്മീയദേശത്ത് കഴിയുന്ന എല്ലാവരിലേക്കും സത്യത്തിന്റെ സന്ദേശം ഒഴുകിയെത്തുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. സ്വീകാര്യക്ഷമമായ ഹൃദയമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കു ബൈബിൾസത്യങ്ങൾ പുതുജീവനും ആത്മീയാരോഗ്യവും പകർന്നിരിക്കുന്നു. എന്നാൽ ആ ദർശനത്തിൽ കാലോചിതമായ ഒരു മുന്നറിയിപ്പുമുണ്ട്: ചിലർ തുടക്കത്തിൽ ബൈബിൾസത്യങ്ങൾ സ്വീകരിച്ചേക്കാമെങ്കിലും പിന്നീട് അവരുടെ മനോഭാവത്തിനു മാറ്റം വന്നേക്കാം. യഹസ്കേൽ ദർശനത്തിൽ കണ്ട ചാവുകടലിലെ ചതുപ്പുനിലങ്ങളും ചേറ്റുനിലങ്ങളും പോലെയായിരിക്കും അവർ. ഹൃദയത്തിന്റെ സ്വീകാര്യക്ഷമത നഷ്ടപ്പെടുന്നതോടെ അവർ ബൈബിൾസത്യങ്ങൾ അംഗീകരിക്കാനും ബാധകമാക്കാനും വിസമ്മതിക്കും.c നമുക്ക് ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ!—ആവർത്തനം 10:16-18 വായിക്കുക.
13. ദർശനത്തിലെ വൃക്ഷങ്ങൾ ഇന്നു നമ്മളെ എന്തെല്ലാം പാഠങ്ങളാണു പഠിപ്പിക്കുന്നത്?
13 ഭക്ഷണത്തിനും രോഗശാന്തിക്കും ഉപകരിക്കുന്ന വൃക്ഷങ്ങൾ. ദർശനത്തിൽ നദീതീരത്ത് നിൽക്കുന്നതായി കണ്ട വൃക്ഷങ്ങളിൽനിന്ന് ഇന്നു നമുക്ക് എന്തെങ്കിലും പാഠങ്ങൾ പഠിക്കാനുണ്ടോ? തീർച്ചയായും! പ്രോത്സാഹജനകമായ അനേകം പാഠങ്ങൾ അതിലുണ്ട്. എല്ലാ മാസവും ആ വൃക്ഷങ്ങളിൽ സ്വാദിഷ്ഠമായ പുതിയ കായ്കൾ ഉണ്ടാകുന്നതായി പറഞ്ഞിരിക്കുന്നത് ഓർക്കുന്നില്ലേ? അതിലെ ഇലകൾക്കു രോഗം ഭേദമാക്കാനുള്ള കഴിവുമുണ്ടായിരുന്നു. (യഹ. 47:12) നമ്മൾ സേവിക്കുന്ന ദൈവം നമ്മളെ ആത്മീയാർഥത്തിൽ സമൃദ്ധമായി പോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നെന്ന് അതു പഠിപ്പിക്കുന്നു. യഥാർഥത്തിൽ നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്നതും അതുതന്നെയാണ്. ഇന്നത്തെ ലോകം ആത്മീയമായ രോഗാവസ്ഥയിലും പട്ടിണിയിലും കഴിയുമ്പോൾ യഹോവ നമുക്കായി നൽകുന്നത് എന്തെല്ലാമാണെന്ന് ഓർത്തുനോക്കൂ. നമ്മുടെ ഏതെങ്കിലും പ്രസിദ്ധീകരണത്തിലെ ഒരു ലേഖനം വായിച്ചപ്പോഴോ ഒരു സമ്മേളനമോ കൺവെൻഷനോ കൂടിയപ്പോഴോ ഒരു വീഡിയോയോ പ്രക്ഷേപണപരിപാടിയോ കണ്ടുതീർന്നപ്പോഴോ അതു ശരിക്കും ഒരു അനുഗ്രഹമായിരുന്നെന്നു നിങ്ങൾക്കു തോന്നിയിട്ടില്ലേ? അതെ, നമ്മൾ സുഭിക്ഷതയിലാണ്! (യശ. 65:13, 14) ഈ ആത്മീയഭക്ഷണം നമ്മുടെ ആത്മീയാരോഗ്യം വർധിപ്പിക്കുന്നുണ്ടോ? അധാർമികത, അത്യാഗ്രഹം, വിശ്വാസരാഹിത്യം എന്നിവപോലുള്ള പാപങ്ങളിൽനിന്ന് അകന്നുനിൽക്കാൻ ദൈവവചനത്തിൽ അധിഷ്ഠിതമായ ഉപദേശങ്ങൾ നമ്മളെ സഹായിക്കുന്നു. ഗുരുതരമായ പാപം വരുത്തിവെക്കുന്ന ആത്മീയരോഗാവസ്ഥയിൽനിന്ന് കരകയറാൻ ക്രിസ്ത്യാനികളെ സഹായിക്കുന്ന ഒരു ക്രമീകരണവും യഹോവ ഏർപ്പെടുത്തിയിട്ടുണ്ട്. (യാക്കോബ് 5:14 വായിക്കുക.) യഹസ്കേലിന്റെ ദർശനത്തിലെ വൃക്ഷങ്ങൾ സൂചിപ്പിക്കുന്നതുപോലെ നമ്മൾ ശരിക്കും അനുഗൃഹീതരാണ്!
14, 15. (എ) ശുദ്ധമാകാതെ കിടന്ന ചതുപ്പുനിലങ്ങളിൽനിന്ന് നമുക്ക് ഏതു പാഠമാണു പഠിക്കാനുള്ളത്? (ബി) യഹസ്കേലിന്റെ ദർശനത്തിലെ നദി ഇന്നു നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്?
14 എന്നാൽ ശുദ്ധമാകാതെ കിടന്ന ചതുപ്പുനിലങ്ങളിൽനിന്നും നമുക്ക് ഒരു പാഠം പഠിക്കാനുണ്ട്. നമ്മുടെ ജീവിതത്തിലേക്കു യഹോവയുടെ അനുഗ്രഹങ്ങൾ ഒഴുകിയെത്തുന്നതിനു തടയിടാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല. രോഗാതുരമായ ഈ ലോകത്തിലെ അനേകരെപ്പോലെ നമ്മളും രോഗാവസ്ഥയിൽത്തന്നെ തുടർന്നാൽ അത് എത്ര ദയനീയമായിരിക്കും! (മത്താ. 13:15) വാസ്തവത്തിൽ നമ്മുടെ ആഗ്രഹം ആ അനുഗ്രഹനദിയിൽനിന്ന് പ്രയോജനം നേടാനാണ്. ദൈവവചനത്തിലെ സത്യം എന്ന ശുദ്ധമായ ജലം ഉത്സാഹത്തോടെ കുടിക്കുമ്പോഴും അത്തരം സത്യങ്ങൾ പ്രസംഗപ്രവർത്തനത്തിലൂടെ മറ്റുള്ളവരെ അറിയിക്കുമ്പോഴും വിശ്വസ്തനായ അടിമയിൽനിന്ന് പരിശീലനം ലഭിച്ച മൂപ്പന്മാർ സ്നേഹപുരസ്സരം നിർദേശങ്ങളും ആശ്വാസവും സഹായവും തരുമ്പോഴും നമ്മൾ യഹസ്കേലിന്റെ ദർശനത്തിലെ നദിയെക്കുറിച്ച് ഓർത്തേക്കാം. ചെല്ലുന്നിടത്തെല്ലാം ജീവനും സൗഖ്യവും പകരുന്ന ഒരു നദിയാണ് അത്.
15 എന്നാൽ ദർശനത്തിലെ ആ നദിക്കു ഭാവിയിലുണ്ടാകാനിരിക്കുന്ന നിവൃത്തിയോ? നദിയെക്കുറിച്ചുള്ള ദർശനഭാഗത്തിനു പൂർണമായ അർഥത്തിൽ ഒരു നിവൃത്തിയുണ്ടാകുന്നതു വരാനിരിക്കുന്ന പറുദീസയിലായിരിക്കും. നമ്മൾ ഇനി പഠിക്കാൻപോകുന്നത് അതിനെക്കുറിച്ചാണ്.
ദർശനവും പറുദീസയിലെ അതിന്റെ നിവൃത്തിയും
16, 17. (എ) പറുദീസയിൽ ജീവജലനദിയുടെ ആഴവും പരപ്പും മുമ്പെന്നത്തേതിലും വർധിക്കുന്നത് എങ്ങനെയായിരിക്കും? (ബി) പറുദീസയിൽ ആ അനുഗ്രഹനദിയിൽനിന്ന് നമുക്ക് എന്തു പ്രയോജനം ലഭിക്കും?
16 പറുദീസയിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൂടെ ജീവിതം പരമാവധി ആസ്വദിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ഭാവനയിൽ കാണാറുണ്ടോ? യഹസ്കേലിന്റെ ദർശനത്തിലെ നദിയെക്കുറിച്ച് പഠിക്കുന്നതു നിങ്ങളുടെ മനസ്സിലെ ആ ചിത്രത്തിനു കൂടുതൽ മിഴിവേകും. എങ്ങനെ? ദർശനത്തിന്റെ സുവ്യക്തമായ മൂന്നു സവിശേഷതകൾ നമുക്ക് ഇപ്പോൾ ഒന്നുകൂടെ നോക്കാം. യഹോവയ്ക്കു നമ്മളോടുള്ള സ്നേഹത്തിനു തെളിവേകുന്ന കാര്യങ്ങളാണ് അവ ഓരോന്നും.
17 അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു നദി. പറുദീസയിൽ ആ ആലങ്കാരികനദിയുടെ ആഴവും പരപ്പും മുമ്പെന്നത്തേതിലും വളരെയേറെ വർധിക്കും. കാരണം ആ നദി ആത്മീയമായ അനുഗ്രഹങ്ങൾക്കു പുറമേ ഭൗതികാനുഗ്രഹങ്ങളും വർഷിക്കുന്ന ഒരു സമയമായിരിക്കും അത്. യേശുവിന്റെ ആയിരംവർഷവാഴ്ചയുടെ സമയത്ത്, വിശ്വസ്തരായവർ മോചനവിലയിൽനിന്ന് ഇന്നത്തേതിലും വളരെയേറെ പ്രയോജനം നേടും. ദൈവരാജ്യഗവൺമെന്റിന്റെ സഹായത്താൽ അങ്ങനെ അവർ ക്രമേണ പൂർണതയിലേക്കു നടന്നടുക്കും! മേലാൽ രോഗങ്ങളോ ഡോക്ടർമാരോ നഴ്സുമാരോ ആശുപത്രികളോ ആരോഗ്യ ഇൻഷ്വറൻസോ ഉണ്ടായിരിക്കില്ല! അർമഗെദോനെ അതിജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളിലേക്കു ജീവജലം ഒഴുകിയെത്തും. “മഹാകഷ്ടതയിലൂടെ” കടന്നുവരുന്ന അവരെ തിരുവെഴുത്തുകൾ “മഹാപുരുഷാരം” എന്നാണു വിളിച്ചിരിക്കുന്നത്. (വെളി. 7:9, 14) എന്നാൽ അന്ന് ആ അനുഗ്രഹനദി ഒഴുകിത്തുടങ്ങുമ്പോൾ അതിന്റെ ഒഴുക്കു നമ്മളെ അതിശയിപ്പിച്ചേക്കാമെങ്കിലും പിന്നീട് വരാനിരിക്കുന്ന ഗംഭീരമായ ജലപ്രവാഹത്തോടുള്ള താരതമ്യത്തിൽ അതു വളരെ നേർത്ത ഒരു അരുവി മാത്രമായിരിക്കും. യഹസ്കേലിന്റെ ദർശനത്തിൽ കണ്ടതുപോലെ, ആവശ്യമനുസരിച്ച് നദിയുടെ ആഴവും പരപ്പും കൂടിക്കൂടിവരും.
18. ആയിരംവർഷവാഴ്ചക്കാലത്ത് “ജീവജലനദി” ഒരു വലിയ ജലപ്രവാഹമായി മാറുന്നത് എങ്ങനെയായിരിക്കും?
18 ജീവൻ പകരുന്ന ജലം. ആയിരംവർഷവാഴ്ചക്കാലത്ത് “ജീവജലനദി” ഒരു വലിയ ജലപ്രവാഹമായി മാറും. (വെളി. 22:1) അന്നു പുനരുത്ഥാനപ്പെടുന്നവരുടെ എണ്ണം ലക്ഷങ്ങളും കോടികളും കവിഞ്ഞുയരും. പറുദീസയിൽ എന്നെന്നും ജീവിക്കാനുള്ള അവസരമായിരിക്കും അവർക്കു തുറന്നുകിട്ടുക! ഏറെ നാളുകളായി, മരിച്ച് മണ്ണോടു ചേർന്ന് ‘ശക്തിയില്ലാതെ’ കിടന്നിരുന്ന അനേകമനേകം ആളുകളുടെ ആ പുനരുത്ഥാനം ദൈവരാജ്യത്തിലൂടെ യഹോവ ചൊരിയുന്ന ഒരു അനുഗ്രഹമായിരിക്കും. (യശ. 26:19) എന്നാൽ പുനരുത്ഥാനപ്പെടുന്ന എല്ലാവരും എന്നെന്നും ജീവിച്ചിരിക്കുമോ?
19. (എ) പറുദീസയിൽ ദൈവം സത്യത്തിന്റെ പുതുജലം ലഭ്യമാക്കുമെന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) ചിലരെ ഭാവിയിൽ ‘ഉപ്പിനായി ഉപേക്ഷിക്കുന്നത്’ എങ്ങനെയായിരിക്കും?
19 അത് ഓരോരുത്തരുടെയും തീരുമാനമാണ്. അന്നു പുതിയ ചുരുളുകൾ തുറക്കുമെന്നു നമുക്ക് അറിയാം. അതുകൊണ്ട് യഹോവയിൽനിന്ന് വരുന്ന ഉന്മേഷപ്രദമായ ജലത്തിൽ, പുതുതായി വെളിപ്പെടുത്തിയ സത്യങ്ങളുമുണ്ടായിരിക്കും. നമുക്ക് അന്നു പുതിയ ആത്മീയനിർദേശങ്ങൾ കിട്ടും. അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ നിങ്ങൾക്ക് ആവേശം തോന്നുന്നില്ലേ? എന്നാൽ ചിലർ ആ നിർദേശങ്ങൾ തള്ളിക്കളഞ്ഞ് യഹോവയോട് അനുസരണക്കേടു കാണിക്കാൻ തീരുമാനിക്കും. ആയിരംവർഷവാഴ്ചയുടെ സമയത്ത് ചില വ്യക്തികൾ യഹോവയെ ധിക്കരിച്ചേക്കാം. എന്നാൽ പറുദീസയിലെ സ്വച്ഛമായ ജീവിതം താറുമാറാക്കാൻ അവരെ ഒരിക്കലും അനുവദിക്കില്ല. (യശ. 65:20) യഹസ്കേലിന്റെ ദർശനത്തിലെ ഏതു ഭാഗമായിരിക്കും അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്? ഒന്നും വിളയാതെ, ‘ഉപ്പിനായി ഉപേക്ഷിച്ചിട്ടിരിക്കുന്ന’ ചതുപ്പുനിലങ്ങൾ! വിലതീരാത്ത ജീവജലം കുടിക്കാൻ ധിക്കാരത്തോടെ വിസമ്മതിക്കുന്നത് എത്ര ബുദ്ധിമോശമായിരിക്കും! ആയിരംവർഷവാഴ്ചയ്ക്കു ശേഷം ധിക്കാരികളുടെ ഒരു കൂട്ടം സാത്താന്റെ പക്ഷം ചേരും. എന്നാൽ യഹോവയുടെ നീതിയുള്ള ഭരണം തള്ളിക്കളയുന്ന എല്ലാവരുടെയും ഗതി ഒന്നുതന്നെയായിരിക്കും: നിത്യനാശം!—വെളി. 20:7-12.
20. ആയിരംവർഷവാഴ്ചക്കാലത്ത് നമ്മുടെ പ്രയോജനത്തിനായി ഏർപ്പെടുത്തുന്ന ഏതു ക്രമീകരണത്തെക്കുറിച്ചാണ് യഹസ്കേൽ കണ്ട വൃക്ഷങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നത്?
20 ഭക്ഷണത്തിനും രോഗശാന്തിക്കും ഉപകരിക്കുന്ന വൃക്ഷങ്ങൾ. നമ്മൾ ഓരോരുത്തരും നിത്യജീവൻ നേടണമെന്നാണ് യഹോവയുടെ ആഗ്രഹം. ശരിക്കും യഹോവ വെച്ചുനീട്ടുന്ന അമൂല്യമായ ഒരു സമ്മാനമാണ് അത്. നമുക്ക് ആർക്കും അതിനുള്ള അവസരം നഷ്ടമാകരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, യഹസ്കേൽ കണ്ട വൃക്ഷങ്ങളുടേതിനോടു സമാനമായ ഒരു ക്രമീകരണം യഹോവ പറുദീസയിലും ഏർപ്പെടുത്തും. എന്നാൽ യഹോവയിൽനിന്ന് ആത്മീയാനുഗ്രഹങ്ങൾ മാത്രമല്ല ഭൗതികാനുഗ്രഹങ്ങളും ലഭിക്കുന്ന ഒരു സമയമായിരിക്കും അത്. യേശുവും 1,44,000 സഹഭരണാധികാരികളും ആയിരംവർഷവാഴ്ചക്കാലത്ത് സ്വർഗത്തിൽ രാജാക്കന്മാരായി ഭരണം നടത്തും. 1,44,000 പേർ അടങ്ങുന്ന ആ പുരോഹിതഗണം ക്രിസ്തു മോചനവിലയായി അർപ്പിച്ച ബലിയുടെ പ്രയോജനങ്ങൾ മനുഷ്യർക്കു ലഭ്യമാക്കും. അങ്ങനെ വിശ്വസ്തരായ മനുഷ്യരെ പൂർണതയിലേക്ക് ഉയർത്താൻ അവർ സഹായിക്കും. (വെളി. 20:6) ആത്മീയവും ഭൗതികവും ആയ രോഗശാന്തിക്ക് ഉപകരിക്കുന്ന ഈ ക്രമീകരണം നമ്മളെ ഓർമിപ്പിക്കുന്നത് യഹസ്കേൽ നദിക്കരയിൽ കണ്ട, സ്വാദിഷ്ഠമായ കായ്കളും രോഗം ഭേദമാക്കാൻ കഴിവുള്ള ഇലകളും നിറഞ്ഞ വൃക്ഷങ്ങളെയാണ്. യഹസ്കേൽ കണ്ട ആ കാഴ്ചയ്ക്ക് അപ്പോസ്തലനായ യോഹന്നാൻ രേഖപ്പെടുത്തിയ മറ്റൊരു പ്രവചനഭാഗവുമായി സമാനതയുണ്ട്. (വെളിപാട് 22:1, 2 വായിക്കുക.) യോഹന്നാൻ കണ്ട വൃക്ഷങ്ങളുടെ ഇലകൾ ‘ജനതകളെ സുഖപ്പെടുത്താനുള്ളതായിരുന്നു.’ ആ 1,44,000 പേരുടെ പൗരോഹിത്യസേവനങ്ങളിൽനിന്ന് വിശ്വസ്തരായ ദശലക്ഷക്കണക്കിനു മനുഷ്യർ പ്രയോജനം നേടും.
21. ദർശനത്തിൽ യഹസ്കേൽ കണ്ട നദിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്, അടുത്തതായി നമ്മൾ എന്താണു കാണാൻപോകുന്നത്? (“ഒരു അരുവി വൻ ജലപ്രവാഹമാകുന്നു!” എന്ന ചതുരം കാണുക.)
21 ദർശനത്തിൽ യഹസ്കേൽ കണ്ട നദിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ സമാധാനവും പ്രത്യാശയും നിറയുന്നില്ലേ? എത്ര വിസ്മയകരമായ ഒരു കാലമാണു നമ്മളെ കാത്തിരിക്കുന്നത്! യഹോവയാകട്ടെ ആ സമയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പേ ഉജ്ജ്വലമായ വാങ്മയചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്തു. അവയുടെ വലിയ നിവൃത്തി കാണാൻ യഹോവ ക്ഷമയോടെ നമ്മളെ ക്ഷണിക്കുകയായിരുന്നു. ആ പ്രവചനങ്ങൾ മുൻകൂട്ടി സൂചിപ്പിച്ച യാഥാർഥ്യങ്ങൾ ഒന്നൊന്നായി നിറവേറുമ്പോൾ അതു കാണാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? എന്നാൽ പറുദീസയിൽ നമുക്ക് ഓരോരുത്തർക്കും ഒരു ഇടമുണ്ടായിരിക്കുമോ എന്നു നിങ്ങൾ ചിലപ്പോൾ സംശയിച്ചേക്കാം. എങ്കിൽ യഹസ്കേൽ പ്രവചനത്തിന്റെ ഉപസംഹാരഭാഗങ്ങൾ നമ്മളെ സഹായിക്കും. അതിനെക്കുറിച്ചാണ് നമ്മൾ അടുത്തതായി കാണാൻപോകുന്നത്.
a ഇതിനു പുറമേ, തങ്ങളുടെ മാതൃദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് ഓർക്കുന്നുണ്ടായിരുന്ന ജൂതപ്രവാസികൾ, ഇത് ഒരു അക്ഷരീയനദിയല്ലെന്നു മനസ്സിലാക്കിയിരിക്കാം. കാരണം ഈ നദി ഉത്ഭവിക്കുന്നത് ഒരു ഉയർന്ന പർവതത്തിൽ ഇരിക്കുന്ന ആലയത്തിൽനിന്നാണ്. എന്നാൽ ദർശനത്തിൽ പറഞ്ഞിരിക്കുന്ന പ്രദേശത്ത് അങ്ങനെയൊരു പർവതമോ ആലയമോ ഇല്ല. ഇനി, ദർശനം സാധ്യതയനുസരിച്ച് സൂചിപ്പിക്കുന്നത് ഈ നദി നേരെ, തടസ്സങ്ങളൊന്നുമില്ലാതെ ചാവുകടലിലേക്ക് ഒഴുകുന്നു എന്നാണ്. ഭൂമിശാസ്ത്രപരമായി നോക്കിയാൽ അതും അസാധ്യമാണ്.
b ഈ പദപ്രയോഗം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു നല്ലൊരു അർഥത്തിലാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. ഉപ്പു വേർതിരിച്ചെടുക്കുന്നതു ചാവുകടൽപ്രദേശത്ത് ദീർഘകാലമായി നിലനിന്നുപോന്നിട്ടുള്ള വളരെ ലാഭമുള്ള ഒരു വ്യവസായമാണ് എന്നതാണ് അവർ അതിനു ചൂണ്ടിക്കാട്ടുന്ന കാരണം. സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാനാണു പ്രധാനമായും ഉപ്പ് ഉപയോഗിച്ചിരുന്നത്. എന്നാൽ ആ ചതുപ്പുനിലങ്ങൾ “ശുദ്ധമാകില്ല” എന്നു തിരുവെഴുത്തുകൾ എടുത്തുപറഞ്ഞിട്ടുണ്ടെന്നു ശ്രദ്ധിക്കുക. യഹോവയുടെ ഭവനത്തിൽനിന്നുള്ള ജീവദായകമായ ജലം എത്താത്തതുകൊണ്ട് അത്തരം സ്ഥലങ്ങൾ ജീവനില്ലാതെ അശുദ്ധമായിത്തന്നെ കിടക്കും എന്നാണു പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ചതുപ്പുനിലങ്ങൾ ‘ഉപ്പിനായി ഉപേക്ഷിക്കും’ എന്നു പറഞ്ഞിരിക്കുന്നതു സാധ്യതയനുസരിച്ച് മോശമായ ഒരർഥത്തിലാണ്.—സങ്കീ. 107:33, 34; യിരെ. 17:6.
c സമാനമായൊരു ആശയമാണു വലയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിലുമുള്ളത്. വലയിൽ ധാരാളം മീനുകൾ കുടുങ്ങുന്നെങ്കിലും എല്ലാം ‘കൊള്ളാവുന്നവയല്ല.’ കൊള്ളാത്തവയെ എറിഞ്ഞുകളയും. യഹോവയുടെ സംഘടനയുമായി സഹവസിക്കുന്നവരിൽ ഗണ്യമായൊരു സംഖ്യ വിശ്വസ്തരല്ലെന്നു പിൽക്കാലത്ത് തെളിഞ്ഞേക്കാം എന്ന മുന്നറിയിപ്പാണു യേശു ഇതിലൂടെ നൽകിയത്.—മത്താ. 13:47-50; 2 തിമൊ. 2:20, 21.