ബൈബിൾ പുസ്തക നമ്പർ 26—യെഹെസ്കേൽ
എഴുത്തുകാരൻ: യെഹെസ്കേൽ
എഴുതിയ സ്ഥലം: ബാബിലോൻ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 591
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 613-ഏകദേശം 591
1. ബാബിലോനിലെ പ്രവാസികളുടെ സാഹചര്യങ്ങൾ എന്തായിരുന്നു, അവർ ഏതു പുതിയ പരിശോധനകളെ അഭിമുഖീകരിച്ചു?
പൊ.യു.മു. 617-ൽ യഹൂദാരാജാവായ യെഹോയാഖീൻ യെരുശലേമിനെ നെബുഖദ്നേസരിന് അടിയറവെച്ചു, അവൻ ദേശത്തെ പ്രമുഖരെയും യഹോവയുടെ ആലയത്തിലെയും രാജഗൃഹത്തിലെയും നിക്ഷേപങ്ങളെയും ബാബിലോനിലേക്കു കൊണ്ടുപോയി. ബന്ദികളിൽ രാജകുടുംബവും പ്രഭുക്കളും ശൂരൻമാരും വീരൻമാരും കരകൗശലവിദഗ്ധരും പണിക്കാരും പുരോഹിതനായ ബൂസിയുടെ പുത്രൻ യെഹെസ്കേലും ഉൾപ്പെട്ടിരുന്നു. (2 രാജാ. 24:11-17; യെഹെ. 1:1-3) ദുഃഖഭാരം നിറഞ്ഞ ഹൃദയങ്ങളോടെ പ്രവാസികളായ ഈ ഇസ്രായേല്യർ കുന്നുകളും അരുവികളും താഴ്വരകളുമുളള ഒരു ദേശത്തുനിന്നു വിസ്തൃതമായ സമതലങ്ങളിലൊന്നിലേക്കുളള തങ്ങളുടെ ക്ഷീണിപ്പിക്കുന്ന യാത്ര പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ അവർ ഒരു ശക്തമായ സാമ്രാജ്യത്തിൻമധ്യേ അന്യമായ ആചാരങ്ങളും പുറജാതിയാരാധനയുമുളള ഒരു ജനത്താൽ ചുററപ്പെട്ടു കേബാർനദീതീരത്തു വസിച്ചു. സ്വന്തം വീടുകളുണ്ടായിരിക്കുന്നതിനും വേലക്കാരെ സൂക്ഷിക്കുന്നതിനും വ്യാപാരത്തിലേർപ്പെടുന്നതിനും നെബുഖദ്നേസർ ഇസ്രായേല്യരെ അനുവദിച്ചു. (യെഹെ. 8:1; യിരെ. 29:5-7; എസ്രാ 2:65) കർമോത്സുകരെങ്കിൽ, അവർക്ക് അഭിവൃദ്ധിപ്പെടാൻ കഴിയുമായിരുന്നു. അവർ ബാബിലോന്യമതത്തിന്റെയും ഭൗതികത്വത്തിന്റെയും കെണികളിൽ വീഴുമോ? അവർ യഹോവക്കെതിരെ മത്സരിക്കുന്നതിൽ തുടരുമോ? അവർ തങ്ങളുടെ പ്രവാസത്തെ യഹോവയിൽനിന്നുളള ശിക്ഷണമായി സ്വീകരിക്കുമോ? അവർ തങ്ങളുടെ പ്രവാസദേശത്തു പുതിയ പരിശോധനകളെ അഭിമുഖീകരിക്കുമായിരുന്നു.
2. (എ) യെരുശലേമിന്റെ നാശത്തിനു മുമ്പത്തെ നിർണായകവർഷങ്ങളിൽ ഏതു മൂന്നു പ്രവാചകൻമാർ മുന്തിനിന്നിരുന്നു? (ബി) സാർഥകമായി യെഹെസ്കേൽ എങ്ങനെ സംബോധനചെയ്യപ്പെടുന്നു, അവന്റെ പേരിന്റെ അർഥമെന്താണ്? (സി) യെഹെസ്കേൽ ഏതു വർഷങ്ങളിലാണു പ്രവചിച്ചത്, അവന്റെ ജീവിതത്തെയും മരണത്തെയും കുറിച്ച് എന്തറിയപ്പെടുന്നു?
2 യെരുശലേമിന്റെ നാശത്തിലേക്കു നയിക്കുന്ന ഈ നിർണായകവർഷങ്ങളിൽ, യഹോവ തനിക്കുതന്നെയോ ഇസ്രായേല്യർക്കോ ഒരു പ്രവാചകന്റെ സേവനം വേണ്ടെന്നുവെച്ചില്ല. യിരെമ്യാവ് യെരുശലേമിൽതന്നെ നിലയുറപ്പിച്ചു, ദാനീയേൽ ബാബിലോൻ രാജധാനിയിലായിരുന്നു, യെഹെസ്കേൽ ബാബിലോനിലെ യഹൂദപ്രവാസികൾക്കുളള പ്രവാചകനായിരുന്നു. യെഹെസ്കേൽ പുരോഹിതനും പ്രവാചകനുംകൂടെയായിരുന്നു, ഇതേ ബഹുമതി യിരെമ്യാവും പിന്നീടു സെഖര്യാവും ആസ്വദിച്ചിരുന്നു. (യെഹെ. 1:3) യെഹെസ്കേലിന്റെ പുസ്തകത്തിലുടനീളം അവൻ “മനുഷ്യപുത്രൻ” എന്നു 90-ൽപ്പരം പ്രാവശ്യം സംബോധന ചെയ്യപ്പെട്ടിരിക്കുന്നു. ഇത് അവന്റെ പ്രവചനം പഠിക്കുമ്പോൾ സാർഥകമായ ഒരു ആശയമാണ്, കാരണം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ സമാനമായി യേശു “മനുഷ്യപുത്രൻ” എന്ന് ഏകദേശം 80 പ്രാവശ്യം പരാമർശിക്കപ്പെടുന്നുണ്ട്. (യെഹെ. 2:1; മത്താ. 8:20) യെഹെസ്കേൽ (എബ്രായ, യെചെസ്ക്കേൽ) എന്ന അവന്റെ പേരിന്റെ അർഥം “ദൈവം ബലപ്പെടുത്തുന്നു” എന്നാണ്. യെഹോയാഖീന്റെ പ്രവാസത്തിന്റെ അഞ്ചാം വർഷമായ പൊ.യു.മു. 613-ൽ ആയിരുന്നു യെഹെസ്കേൽ യഹോവയാൽ ഒരു പ്രവാചകനായി നിയുക്തനായത്. 22 വർഷം കഴിഞ്ഞു പ്രവാസത്തിന്റെ 27-ാം വർഷത്തിലും അവൻ വേലയിലേർപ്പെട്ടിരിക്കുന്നതായി നാം വായിക്കുന്നു. (യെഹെ. 1:1, 2; 29:17) അവൻ വിവാഹിതനായിരുന്നു, എന്നാൽ നെബുഖദ്നേസർ യെരുശലേമിന്റെ അന്തിമ ഉപരോധം തുടങ്ങിയ ദിവസംതന്നെ അവന്റെ ഭാര്യ മരിച്ചു. (24:2, 18) അവന്റെ മരണത്തീയതിയും വിധവും അറിയപ്പെടുന്നില്ല.
3. യെഹെസ്കേലിന്റെ ലേഖകപദവിയെക്കുറിച്ചും യെഹെസ്കേൽ എന്ന പുസ്തകത്തിന്റെ കാനോനികത്വത്തെയും വിശ്വാസ്യതയെയും കുറിച്ചും എന്തു പറയാൻ കഴിയും?
3 യെഹെസ്കേൽ യഥാർഥത്തിൽ തന്റെ നാമം വഹിക്കുന്ന ഈ പുസ്തകം എഴുതിയെന്നും അതിനു തിരുവെഴുത്തുകാനോനിൽ സമുചിതമായ ഒരു സ്ഥാനമുണ്ടെന്നുമുളളതിനു തർക്കമില്ല. അത് എസ്രായുടെ നാളിലെ കാനോനിൽ ഉൾപ്പെടുത്തിയിരുന്നു, ആദിമ ക്രിസ്തീയ കാലങ്ങളിലെ പുസ്തകപ്പട്ടികകളിൽ, ശ്രദ്ധേയമായി ഓറിജന്റെ കാനോനിൽ, കാണപ്പെടുന്നുമുണ്ട്. അതിന്റെ വിശ്വാസ്യത അതിലെ പ്രതീകങ്ങളും യിരെമ്യാവിലെയും വെളിപാടിലെയും പ്രതീകങ്ങളും തമ്മിലുളള ശ്രദ്ധേയമായ സാമ്യത്താലും സാക്ഷ്യപ്പെടുത്തപ്പെടുന്നു.—യെഹെ. 24:2-12—യിരെ. 1:13-15; യെഹെ. 23:1-49—യിരെ. 3:6-11; യെഹെ. 18:2-4—യിരെ. 31:29, 30; യെഹെ. 1:5, 10—വെളി. 4:6, 7; യെഹെ. 5:17—വെളി. 6:8; യെഹെ. 9:4—വെളി. 7:3; യെഹെ. 2:9; 3:1—വെളി. 10:2, 8-10; യെഹെ. 23:22, 25, 26—വെളി. 17:16; 18:8; യെഹെ. 27:30, 36—വെളി. 18:9, 17-19; യെഹെ. 37:27—വെളി. 21:3; യെഹെ. 48:30-34—വെളി. 21:12, 13; യെഹെ. 47:1, 7, 12—വെളി. 22:1, 2.
4. യെഹെസ്കേലിന്റെ പ്രവചനങ്ങൾക്ക് ഏതു നാടകീയ നിവൃത്തികൾ ഉണ്ടായിട്ടുണ്ട്?
4 വിശ്വാസ്യതയുടെ കൂടുതലായ തെളിവ് സോർ, ഈജിപ്ത്, ഏദോം എന്നിങ്ങനെയുളള അയൽജനതകൾക്കെതിരായ യെഹെസ്കേലിന്റെ പ്രവചനങ്ങളുടെ നാടകീയമായ നിവൃത്തിയാലും കാണാവുന്നതാണ്. ദൃഷ്ടാന്തത്തിന്, സോർ ശൂന്യമാക്കപ്പെടുമെന്ന് യെഹെസ്കേൽ പ്രവചിച്ചു. ഇതു നെബുഖദ്നേസർ 13 വർഷത്തെ ഉപരോധശേഷം നഗരം പിടിച്ചടക്കിയപ്പോൾ ഭാഗികമായി നിവൃത്തിയേറി. (യെഹെ. 26:2-21) ഈ പോരാട്ടം സോരിനു പൂർണമായ അന്തം കൈവരുത്തിയില്ല. എന്നിരുന്നാലും, അതു മുഴുവനായി നശിപ്പിക്കപ്പെടണമെന്നുളളതായിരുന്നു യഹോവയുടെ ന്യായവിധി. അവൻ യെഹെസ്കേൽ മുഖാന്തരം ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ഞാൻ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും. . . . നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെളളത്തിൽ ഇട്ടുകളയും.” (26:4, 12) മഹാനായ അലക്സാണ്ടർ 250 വർഷം കഴിഞ്ഞു ദ്വീപനഗരമായ സോരിനെതിരെ നീങ്ങിയപ്പോൾ ഇതെല്ലാം നിവൃത്തിയേറി. അലക്സാണ്ടറിന്റെ പടയാളികൾ ശൂന്യമാക്കപ്പെട്ട വൻകരനഗരത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ ചുരണ്ടിയെടുത്തു സമുദ്രത്തിലിട്ടു ദ്വീപനഗരത്തിലേക്ക് 800 മീററർ നീളമുളള ഒരു വരമ്പുണ്ടാക്കി. പിന്നീട്, സങ്കീർണമായ ഒരു ഉപരോധത്താൽ പൊ.യു.മു. 332-ൽ നഗരം പിടിക്കുന്നതിനു 46 മീററർ പൊക്കമുളള മതിലുകളിൽ കയറി അവർ ആക്രമണം നടത്തി. ആയിരങ്ങൾ കൊല്ലപ്പെട്ടു. അതിലും കൂടുതൽ പേർ അടിമത്തത്തിനു വിൽക്കപ്പെട്ടു. കൂടാതെ യെഹെസ്കേൽ പ്രവചിച്ചിരുന്നതുപോലെ, സോർ ഒരു ‘വെറുമ്പാറയും വലവിരിപ്പാനുളള സ്ഥലവുമായിത്തീർന്നു.’ (26:14)a യെഹെസ്കേലിന്റെ പ്രവചനനിവൃത്തിയായി വാഗ്ദത്തനാടിന്റെ മറുഭാഗത്തു വഞ്ചകരായ ഏദോമ്യരും നിർമൂലമാക്കപ്പെട്ടു. (25:12, 13; 35:2-9)b തീർച്ചയായും, യെരുശലേമിന്റെ നാശത്തെയും ഇസ്രായേലിന്റെ പുനഃസ്ഥാപനത്തെയും സംബന്ധിച്ച യെഹെസ്കേലിന്റെ പ്രവചനങ്ങളും കൃത്യമെന്നു തെളിഞ്ഞു.—17:12-21; 36:7-14.
5. യെഹെസ്കേലിന്റെ ആദിമ പ്രവചനങ്ങളോടു യഹൂദൻമാർ എങ്ങനെ പ്രതികരിച്ചു?
5 യെഹെസ്കേലിന്റെ പ്രവാചക ജീവിതവൃത്തിയുടെ ആദിമവർഷങ്ങളിൽ അവൻ അവിശ്വസ്ത യെരുശലേമിനെതിരായ ദൈവത്തിന്റെ സുനിശ്ചിത ന്യായവിധികൾ പ്രഖ്യാപിക്കുകയും വിഗ്രഹാരാധനക്കെതിരെ പ്രവാസികൾക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. (14:1-8; 17:12-21) ബന്ദികളായ യഹൂദൻമാർ അനുതാപത്തിന്റെ യഥാർഥ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. അവരുടെ ഉത്തരവാദിത്വപ്പെട്ടവർ യെഹെസ്കേലിനോട് ആലോചന ചോദിക്കുന്നത് ഒരു പതിവാക്കി, എന്നാൽ യെഹെസ്കേൽ അവർക്ക് അറിയിച്ചുകൊടുത്ത യഹോവയുടെ സന്ദേശങ്ങൾക്ക് അവർ ശ്രദ്ധ കൊടുത്തില്ല. അവർ തങ്ങളുടെ വിഗ്രഹാരാധനയും ഭൗതികത്വനടപടികളുമായി മുമ്പോട്ടുതന്നെ പോയി. അവരുടെ ആലയത്തിന്റെയും വിശുദ്ധനഗരത്തിന്റെയും രാജവംശത്തിന്റെയും നഷ്ടം ഒരു ഭയങ്കര ഞെട്ടലായിട്ടാണ് അനുഭവപ്പെട്ടത്, എന്നാൽ അതു ചുരുക്കം ചിലരെ മാത്രമേ താഴ്മയിലേക്കും അനുതാപത്തിലേക്കും ഉണർത്തിയുളളു.—സങ്കീ. 137:1-9.
6. യെഹെസ്കേലിന്റെ പിൽക്കാല പ്രവചനങ്ങൾ എന്തിനു ദൃഢത കൊടുക്കുന്നു, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിന് ഊന്നൽകൊടുക്കുന്നതെങ്ങനെ?
6 പിൽക്കാല വർഷങ്ങളിലെ യെഹെസ്കേലിന്റെ പ്രവചനങ്ങൾ പുനഃസ്ഥാപനത്തിന്റെ പ്രത്യാശയെ ദൃഢീകരിച്ചു. അവരുടെ വീഴ്ചയിൽ അയൽജനതകൾ ആഹ്ലാദിച്ചതുകൊണ്ട് അവ അവരെയും ശാസിച്ചു. അവരുടെ സ്വന്തം അവമാനവും ഒപ്പം ഇസ്രായേലിന്റെ പുനഃസ്ഥാപനവും അവരുടെ കൺമുമ്പിൽ യഹോവയെ വിശുദ്ധീകരിക്കും. ചുരുക്കത്തിൽ, അടിമത്തത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും ഉദ്ദേശ്യം ഇതായിരുന്നു: ‘യഹൂദൻമാരിലും ജനതകളിലും പെട്ട ജനങ്ങളായ നിങ്ങൾ ഞാൻ യഹോവയാണെന്ന് അറിയേണ്ടിവരും.’ (യെഹെ. 39:7, 22) യഹോവയുടെ നാമത്തിന്റെ ഈ വിശുദ്ധീകരണം പുസ്തകത്തിലുടനീളം ഊന്നിപ്പറയപ്പെട്ടിരിക്കുന്നു, “ഞാൻ യഹോവയെന്നു നിങ്ങൾ [അല്ലെങ്കിൽ, അവർ] അറിയേണ്ടിവരും” എന്ന പദപ്രയോഗം 60-ൽപ്പരം പ്രാവശ്യം വരുന്നുണ്ട്.—6:7, NW അടിക്കുറിപ്പ്.
യെഹെസ്കേലിന്റെ ഉളളടക്കം
7. യെഹെസ്കേലിന്റെ പുസ്തകം സ്വാഭാവികമായി ഏതു മൂന്നു വിഭാഗങ്ങളിൽ പെടുന്നു?
7 പുസ്തകത്തിനു മൂന്നു ഭാഗങ്ങളാണു സ്വാഭാവികമായുളളത്. 1 മുതൽ 24 വരെയുളള അധ്യായങ്ങളടങ്ങിയ ഒന്നാമത്തേതിൽ യെരുശലേമിന്റെ ഉറപ്പായ നാശത്തെക്കുറിച്ചുളള മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നു. അധ്യായങ്ങൾ 25 മുതൽ 32 വരെയുളള രണ്ടാം ഭാഗത്തിൽ പല പുറജാതീയ ജനതകളുടെയും നാശത്തിന്റെ പ്രവചനങ്ങൾ അടങ്ങിയിരിക്കുന്നു. അവസാനത്തെ ഭാഗമായ 33-48 വരെയുളള അധ്യായങ്ങളിൽ പുനഃസ്ഥാപന പ്രവചനങ്ങൾ അടങ്ങിയിരിക്കുന്നു, അവ ഒരു പുതിയ ആലയത്തിന്റെയും വിശുദ്ധ നഗരത്തിന്റെയും ദർശനത്തിൽ പര്യവസാനിക്കുന്നു. പ്രവചനങ്ങളിൽ അധികഭാഗവും കാലാനുക്രമമായും വിഷയാനുക്രമത്തിലുമാണു ക്രമീകരിച്ചിരിക്കുന്നത്.
8. യെഹെസ്കേൽ തന്റെ പ്രാരംഭ ദർശനത്തിൽ എന്തു കാണുന്നു?
8 യഹോവ യെഹെസ്കേലിനെ കാവൽക്കാരനായി നിയോഗിക്കുന്നു (1:1–3:27). പൊ.യു.മു. 613-ലെ തന്റെ പ്രാരംഭ ദർശനത്തിൽ, യെഹെസ്കേൽ വടക്കുനിന്നുളള ഒരു ഉഗ്രമായ കാററും ഒപ്പം ഒരു മേഘപിണ്ഡവും സ്ഫുരിക്കുന്ന തീയും കാണുന്നു. അതിൽനിന്ന് ഒരു മനുഷ്യന്റെയും ഒരു സിംഹത്തിന്റെയും ഒരു കാളയുടെയും ഒരു കഴുകന്റെയും മുഖങ്ങളുളള ചിറകുളള നാലു ജീവികൾ വരുന്നു. അവയ്ക്ക് എരിയുന്ന കനലുകളുടെ കാഴ്ചയാണുളളത്, ഒരു പ്രകാരത്തിൽ പറഞ്ഞാൽ ഓരോന്നിനോടുംകൂടെ കണ്ണുകൾ നിറഞ്ഞ വിളുമ്പുകളുളളതായി ഭയങ്കര പൊക്കമുളള ഒരു ചക്രത്തിന്റെ നടുവിലുളള ഒരു ചക്രവുമുണ്ട്. അവ നിരന്തരമായ ഐക്യത്തിൽ ഏതു ദിശയിലും നീങ്ങുന്നു. ജീവികളുടെ തലക്കുമീതെ ഒരു വിരിവിന്റെ സാദൃശ്യമുണ്ട്. വിരിവിനുമീതെ “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത”യുളള ഒരു സിംഹാസനമുണ്ട്.—1:28.
9. യെഹെസ്കേലിന്റെ നിയോഗത്തിൽ എന്തുൾപ്പെടുന്നു?
9 യഹോവ കവിണ്ണുവീണ യെഹെസ്കേലിനെ വിളിക്കുന്നു: “മനുഷ്യപുത്രാ, നിവിർന്നുനില്ക്ക.” അനന്തരം അവൻ അവനെ ഇസ്രായേലിനും ചുററുപാടുമുളള മത്സരജനതകൾക്കും പ്രവാചകനായി നിയോഗിക്കുന്നു. അവർ ശ്രദ്ധിക്കുന്നോ ഇല്ലയോ എന്നതു പ്രശ്നമല്ല. കുറഞ്ഞപക്ഷം കർത്താവായ യഹോവയുടെ ഒരു പ്രവാചകൻ അവരുടെ മധ്യേ ഉണ്ടായിരുന്നുവെന്ന് അവർ അറിയും. യഹോവ യെഹെസ്കേലിനെക്കൊണ്ട് ഒരു പുസ്തകചുരുൾ തീററിക്കുന്നു. അത് അവന്റെ വായിൽ തേൻപോലെ മധുരമുളളതായിത്തീരുന്നു. അവൻ അവനോടു പറയുന്നു: “മനുഷ്യപുത്രാ ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവൽക്കാരനാക്കിയിരിക്കുന്നു.” (2:1; 3:17) യെഹെസ്കേൽ വിശ്വസ്തതയോടെ മുന്നറിയിപ്പു കൊടുക്കണം, അല്ലെങ്കിൽ മരിക്കും.
10. ഇസ്രായേലിനുളള ഏത് അടയാളം യെഹെസ്കേൽ അഭിനയിക്കുന്നു?
10 യെരുശലേമിന്റെ ഉപരോധം അഭിനയിക്കുന്നു (4:1–7:27). ഒരു ഇഷ്ടികമേൽ യെരുശലേമിന്റെ ഒരു ആകൃതി കൊത്താൻ യഹോവ യെഹെസ്കേലിനോടു പറയുന്നു. അവൻ ഇസ്രായേലിന് ഒരു അടയാളമായി ഒരു ഹാസ്യമായ ഉപരോധം നടത്തേണ്ടതാണ്. ആ സംഗതി ബോധ്യപ്പെടുത്തുന്നതിന് അവൻ ഇടതുവശം കുത്തി ഇഷ്ടികയുടെ മുമ്പിൽ 390 ദിവസം കിടക്കണം, വലതുവശം കുത്തി 40 ദിവസവും. അതേസമയം വളരെ തുച്ഛമായ ഒരു ആഹാരക്രമപ്രകാരം വേണം അവൻ ഉപജീവിക്കാൻ. പാചകഇന്ധനത്തിന്റെ ഒരു മാററത്തിനുവേണ്ടി യഹോവയോടുളള ഒരു ദീനമായ അഭ്യർഥനയാൽ യെഹെസ്കേൽ യഥാർഥമായി രംഗം അഭിനയിക്കുന്നുണ്ടെന്നു സൂചിപ്പിക്കപ്പെടുന്നു.—4:9-15.
11. (എ) ഉപരോധത്തിന്റെ അനർഥകരമായ അവസാനത്തെ യെഹെസ്കേൽ വരച്ചുകാട്ടുന്നത് എങ്ങനെ? (ബി) ആശ്വാസമുണ്ടാകുകയില്ലാത്തത് എന്തുകൊണ്ട്?
11 യെഹെസ്കേലിന്റെ മുടി കത്രിപ്പിച്ചുകൊണ്ടും താടി വടിപ്പിച്ചുകൊണ്ടും യഹോവ അവനെക്കൊണ്ട് ഉപരോധത്തിന്റെ അനർഥകരമായ അന്തം ചിത്രീകരിപ്പിക്കുന്നു. മുടിയുടെ മൂന്നിലൊന്ന് അവൻ ചുട്ടെരിക്കണം, മൂന്നിലൊന്ന് ഒരു വാൾകൊണ്ടു കൊത്തിനുറുക്കണം, മൂന്നിലൊന്ന് കാററത്തു ചിതറിക്കണം. അങ്ങനെ ഉപരോധത്തിന്റെ അവസാനം യെരുശലേം നിവാസികളിൽ ചിലർ ക്ഷാമത്താലും പകർച്ചവ്യാധിയാലും വാളിനാലും മരിക്കും, ശേഷിച്ചവർ ജനതകളുടെ ഇടയിൽ ചിതറിക്കപ്പെടും. യഹോവ അവളെ ശൂന്യമാക്കും. എന്തുകൊണ്ട്? അവളുടെ അധഃപതിച്ചതും വെറുക്കത്തക്കതുമായ വിഗ്രഹാരാധന നിമിത്തം. സമ്പത്ത് ആശ്വാസം നേടുകയില്ല. യഹോവയുടെ ക്രോധദിവസത്തിൽ യെരുശലേമിലെ ജനം തങ്ങളുടെ വെളളി തെരുവുകളിൽ എറിഞ്ഞുകളയും, “ഞാൻ യഹോവയെന്ന് അവർ അറിയേണ്ടിവരും.”—7:27, NW.
12. യെഹെസ്കേൽ വിശ്വാസത്യാഗിയായ യെരുശലേമിന്റെ ദർശനത്തിൽ ഏതു മ്ലേച്ഛകാര്യങ്ങൾ കാണുന്നു?
12 വിശ്വാസത്യാഗിയായ യെരുശലേമിനെ സംബന്ധിച്ച യെഹെസ്കേലിന്റെ ദർശനം (8:1–11:25). ഇപ്പോൾ പൊ.യു.മു. 612 ആണ്. ഒരു ദർശനത്തിൽ യെഹെസ്കേൽ വിദൂരത്തിലുളള യെരുശലേമിലേക്കു കൊണ്ടുപോകപ്പെടുന്നു. അവിടെ യഹോവയുടെ ആലയത്തിൽ സംഭവിക്കുന്ന മ്ലേച്ഛകാര്യങ്ങൾ അവൻ കാണുന്നു. പ്രാകാരത്തിൽ യഹോവയെ തീക്ഷ്ണതക്കു പ്രചോദിപ്പിക്കുന്ന വെറുക്കത്തക്ക ഒരു ബിംബമുണ്ട്. ചുവർ തുരന്നപ്പോൾ യെഹെസ്കേൽ പ്രായമുളള 70 പുരുഷൻമാർ അറയ്ക്കത്തക്ക ജന്തുക്കളുടെയും കാഷ്ഠവിഗ്രഹങ്ങളുടെയും ചുവരിലുളള കൊത്തുരൂപങ്ങളുടെ മുമ്പാകെ ആരാധിക്കുന്നതു കണ്ടു. “യഹോവ നമ്മെ കാണുന്നില്ല; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവർ ഒഴികഴിവു കണ്ടെത്തുന്നു. (8:12) വടക്കേ പടിവാതിലിങ്കൽ സ്ത്രീകൾ പുറജാതിദേവനായ തമ്മൂസിനെ ചൊല്ലി കരയുകയാണ്. എന്നാൽ അതു മാത്രമല്ല! ആലയത്തിന്റെ പ്രവേശനത്തിങ്കൽത്തന്നെ ആലയത്തിങ്കലേക്കു പുറംതിരിച്ച് 25 പുരുഷൻമാർ നിൽപ്പുണ്ട്, അവർ സൂര്യനെ ആരാധിക്കുകയാണ്. അവർ യഹോവയെ മുഖത്തുനോക്കി അശുദ്ധമാക്കുകയാണ്, അവൻ ക്രോധപൂർവം തീർച്ചയായും പ്രവർത്തിക്കും!
13. ചണവസ്ത്രം ധരിച്ച മനുഷ്യനും ആയുധങ്ങളോടുകൂടിയ ആറു പുരുഷൻമാരും ഏത് ആജ്ഞകൾ നിറവേററുന്നു?
13 ഇപ്പോൾ നോക്കൂ! ആറു പുരുഷൻമാർ തകർക്കുന്ന ആയുധങ്ങൾ കൈകളിലേന്തി പ്രത്യക്ഷപ്പെടുന്നു. അവരുടെ ഇടയിൽ ഏഴാമതൊരാൾ ചണവസ്ത്രം ധരിച്ചു സെക്രട്ടറിയുടെ മഷിക്കുപ്പിയുമായി വരുന്നു. ചണവസ്ത്രം ധരിച്ച ഈ മനുഷ്യനോടു നഗരത്തിലൂടെ കടന്നുപോയി അതിന്റെ നടുവിൽ നടക്കുന്ന മ്ലേച്ഛകാര്യങ്ങൾ നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷൻമാരുടെ നെററിയിൽ ഒരു അടയാളമിടാൻ യഹോവ കൽപ്പിക്കുന്നു. അടുത്തതായി, അവൻ ആ ആറുപേരോടു പുറപ്പെട്ടുചെന്ന് അടയാളമില്ലാത്ത സകലരെയും, “വൃദ്ധൻമാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ” എന്നു പറയുന്നു. അവർ ഇതു ചെയ്യുന്നു, ആലയത്തിനു മുമ്പിലെ വൃദ്ധരിൽ തുടങ്ങുന്നു. ചണവസ്ത്രം ധരിച്ച മനുഷ്യൻ: “എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു” എന്ന വസ്തുത അറിയിക്കുന്നു.—9:6, 11.
14. യഹോവയുടെ മഹത്ത്വവും ന്യായവിധികളും സംബന്ധിച്ചു ദർശനം അന്തിമമായി എന്തു കാണിക്കുന്നു?
14 യെഹെസ്കേൽ വീണ്ടും കെരൂബുകൾക്കുമീതെ ഉയർന്നുനിൽക്കുന്ന യഹോവയുടെ മഹത്ത്വം കാണുന്നു. ഒരു കെരൂബ് ചക്രപ്പണിക്കിടയിൽനിന്നു തീക്കനലുകൾ നീട്ടുന്നു, ചണവസ്ത്രം ധരിച്ച മനുഷ്യൻ അവ വാങ്ങുകയും നഗരത്തിൻമേൽ വിതറുകയും ചെയ്യുന്നു. ഇസ്രായേലിലെ ചിതറിക്കപ്പെട്ടവരെ സംബന്ധിച്ചാണെങ്കിൽ, അവരെ വീണ്ടും ശേഖരിക്കുമെന്നും അവർക്കു പുതിയ ഒരു ആത്മാവിനെ കൊടുക്കുമെന്നും യഹോവ വാഗ്ദത്തം ചെയ്യുന്നു. എന്നാൽ യെരുശലേമിലെ ഈ ദുഷ്ട വ്യാജാരാധകരെസംബന്ധിച്ചെന്ത്? “ഞാൻ അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരംകൊടുക്കും” എന്നു യഹോവ പറയുന്നു. (11:21) യഹോവയുടെ മഹത്ത്വം നഗരത്തിൻമീതെനിന്ന് ഉയരുന്നതായി കാണപ്പെടുന്നു, യെഹെസ്കേൽ ദർശനത്തെക്കുറിച്ചു പ്രവാസികളായ ജനത്തോടു പറഞ്ഞുതുടങ്ങുന്നു.
15. കൂടുതലായ ഏതു ദൃഷ്ടാന്തത്താൽ യെരുശലേം നിവാസികൾ അടിമത്തത്തിലേക്കു പോകുമെന്നതിന്റെ ഉറപ്പിനെ പ്രകടമാക്കുന്നു?
15 ബാബിലോനിൽവച്ചു യെരുശലേമിനെ സംബന്ധിച്ച കൂടുതലായ പ്രവചനങ്ങൾ (12:1–19:14). യെഹെസ്കേൽ മറെറാരു പ്രതീകാത്മക രംഗത്ത് അഭിനേതാവായിത്തീരുന്നു. പകൽസമയത്ത് അവൻ തന്റെ ഭവനത്തിൽനിന്നു പ്രവാസത്തിനുളള തന്റെ സാമഗ്രികൾ പുറത്തുകൊണ്ടുവരുന്നു. അനന്തരം രാത്രിയിൽ മുഖംമറച്ച് അവൻ നഗര മതിലിലെ ഒരു ദ്വാരത്തിലൂടെ പോകുന്നു. ഇത് ഒരു അടയാളമാണെന്ന് അവൻ വിശദീകരിക്കുന്നു: “അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.” (12:11) തങ്ങളുടെ സ്വന്തം മനോഭാവപ്രകാരം നടക്കുന്ന ആ മൂഢ പ്രവാചകൻമാർ! അവർ “സമാധാനം ഇല്ലാതെയിരിക്കെ, സമാധാനം” എന്നു വിളിച്ചുകൂകുന്നു. (13:10) നോഹയും ദാനിയേലും ഇയ്യോബും യെരുശലേമിൽ ഉണ്ടായിരുന്നാൽതന്നെ അവർക്കു തങ്ങളേത്തന്നെയല്ലാതെ മറെറാരു ദേഹിയെ വിടുവിക്കാൻ കഴിയില്ല.
16. യെരുശലേമിന്റെ വിലയില്ലായ്മയെ ചിത്രീകരിക്കുന്നത് എങ്ങനെ, എന്നാൽ ഒരു പുനഃസ്ഥാപനം ഉണ്ടാകാനിരിക്കുന്നത് എന്തുകൊണ്ട്?
16 നഗരം വിലകെട്ട ഒരു മുന്തിരിപോലെയാണ്. മരം കാലുകളല്ല, കുററികൾപോലും ഉണ്ടാക്കാൻ കൊളളുകയില്ല! അതു രണ്ടററത്തും കത്തിപ്പോയതും നടുക്കു കരിഞ്ഞതുമാണ്—ഉപയോഗശൂന്യം. യെരുശലേം എത്ര വിശ്വാസരഹിതവും വിലകെട്ടതുമായിത്തീർന്നിരിക്കുന്നു! കനാന്യരുടെ ദേശത്തു ജനിച്ച അവൾ ഉപേക്ഷിക്കപ്പെട്ട ഒരു ശിശുവിനെപ്പോലെ യഹോവയാൽ കൈക്കൊളളപ്പെട്ടു. അവൻ അവളെ വളർത്തുകയും അവളുമായി ഒരു വിവാഹഉടമ്പടി ചെയ്യുകയും ചെയ്തു. അവൻ അവളെ സുന്ദരിയാക്കി, “രാജത്വവും” കൊടുത്തു. (16:13) എന്നാൽ അവൾ കടന്നുപോകുന്ന ജനതകളിലേക്കു തിരിഞ്ഞ് ഒരു വേശ്യയായിത്തീർന്നിരിക്കുന്നു. അവൾ അവരുടെ പ്രതിമകളെ ആരാധിക്കുകയും തന്റെ പുത്രൻമാരെ തീയിൽ ദഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവളുടെ അവസാനം ഇതേ ജനതകളാലുളള, അവളുടെ കാമുകൻമാരാലുളള, നാശമായിരിക്കും. അവൾ അവളുടെ സഹോദരിമാരായ സോദോമിനെയും ശമര്യയെയുംകാൾ മോശമാണ്. അങ്ങനെയൊക്കെയാണെങ്കിലും, കരുണാസമ്പന്നനായ യഹോവയാം ദൈവം അവൾക്കു പാപപരിഹാരം വരുത്തുകയും തന്റെ ഉടമ്പടിപ്രകാരം അവളെ പുനഃസ്ഥാപിക്കുകയും ചെയ്യും.
17. കഴുകന്റെയും മുന്തിരിയുടെയും കടങ്കഥയാൽ യഹോവ എന്തു പ്രകടമാക്കുന്നു?
17 യഹോവ പ്രവാചകനോട് ഒരു കടങ്കഥ പറയുകയും പിന്നീട് അതിന്റെ വ്യാഖ്യാനം നൽകുകയും ചെയ്യുന്നു. അതു യെരുശലേം സഹായത്തിനായി ഈജിപ്തിലേക്കു തിരിയുന്നതിന്റെ മൗഢ്യം വിശദമാക്കുന്നു. ഒരു വലിയ കഴുകൻ (നെബുഖദ്നേസർ) വന്ന് ഒരു ഉയരമുളള ദേവദാരുവിന്റെ അഗ്രം (യെഹോയാഖീൻ) നുള്ളിയെടുക്കുകയും അയാളെ ബാബിലോനിലേക്കു കൊണ്ടുപോകുകയും അയാളുടെ സ്ഥാനത്ത് ഒരു മുന്തിരി (സിദെക്കീയാവ്) നടുകയും ചെയ്യുന്നു. മുന്തിരി അതിന്റെ ശാഖകൾ മറെറാരു കഴുകന്റെ (ഈജിപ്ത്) നേരെ തിരിക്കുന്നു, എന്നാൽ അതു വിജയപ്രദമാണോ? അതു വേരോടെ പിഴുതുമാററപ്പെടുന്നു! യഹോവതന്നെ ഉയരമുളള ദേവദാരു വൃക്ഷാഗ്രത്തുനിന്ന് ഒരു ഇളംകൊമ്പ് എടുക്കുകയും അതിനെ പൊക്കവും ഉയരവുമുളള ഒരു പർവതത്തിൽ പറിച്ചുനടുകയും ചെയ്യും. അവിടെ അതു “പലവിധം ചിറകുളള പക്ഷികളൊക്കെയും” വസിക്കുന്ന സ്ഥലമായ ഒരു ഗംഭീര ദേവദാരുവായിത്തീരും. യഹോവ അതു ചെയ്തിരിക്കുന്നുവെന്ന് എല്ലാവരും അറിയേണ്ടിവരും.—17:23, 24.
18. (എ) യഹൂദപ്രവാസികളെ ശാസിക്കുന്നതിൽ യഹോവ ഏതു തത്ത്വങ്ങൾ പ്രസ്താവിക്കുന്നു? (ബി) യഹൂദാരാജാക്കൻമാർക്ക് ഏതു ന്യായവിധി വരാനിരിക്കുന്നു?
18 “അപ്പൻമാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു” എന്ന യഹൂദാപ്രവാസികളുടെ പഴമൊഴി നിമിത്തം യഹോവ അവരെ ശാസിക്കുന്നു. അല്ല, “പാപം ചെയ്യുന്ന ദേഹി മരിക്കും.” (18:2, 4) നീതിമാൻമാർ തുടർന്നു ജീവിക്കും. ദുഷ്ടൻമാരുടെ മരണത്തിൽ യഹോവ സന്തോഷിക്കുന്നില്ല. ദുഷ്ടൻമാർ അവരുടെ ദുഷ്ടവഴികൾ വിട്ടുമാറി ജീവിക്കുന്നതു കാണുന്നതാണ് അവന്റെ സന്തോഷം. യഹൂദയിലെ രാജാക്കൻമാരെ സംബന്ധിച്ചാണെങ്കിൽ, അവരെ ബാലസിംഹങ്ങളെപ്പോലെ ഈജിപ്തും ബാബിലോനും കെണിയിൽ വീഴിച്ചിരിക്കുന്നു. അവരുടെ ശബ്ദം “ഇനി യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാ”തിരിക്കും.—19:9.
19. (എ) വിനാശത്തിന്റെ പശ്ചാത്തലത്തിൽ യെഹെസ്കേൽ ഏതു പ്രത്യാശ അറിയിക്കുന്നു? (ബി) അവൻ ഇസ്രായേലിന്റെയും യഹൂദയുടെയും അവിശ്വസ്തതയെയും അതിന്റെ ഫലങ്ങളെയും ദൃഷ്ടാന്തങ്ങളാൽ വിശദീകരിക്കുന്നതെങ്ങനെ?
19 യെരുശലേമിനെതിരെ അപലപനങ്ങൾ (20:1–23:49). കാലം പൊ.യു.മു. 611-ലേക്കു നീങ്ങിയിരിക്കുന്നു. വീണ്ടും പ്രവാസികളുടെ ഇടയിലെ മൂപ്പൻമാർ യഹോവയോട് ആലോചന ചോദിക്കുന്നതിന് യെഹെസ്കേലിന്റെ അടുക്കലേക്കു വരുന്നു. അവർ കേൾക്കുന്നത് ഇസ്രായേലിന്റെ മത്സരത്തിന്റെയും അധഃപതിച്ച വിഗ്രഹാരാധനയുടെയും നീണ്ട ചരിത്രത്തിന്റെ ഒരു ആവർത്തനവും അവൾക്കെതിരെ ന്യായവിധി നടത്തുന്നതിനു യഹോവ ഒരു വാൾ വിളിച്ചുവരുത്തിയിരിക്കുന്നതായ മുന്നറിയിപ്പുമാണ്. അവൻ യെരുശലേമിനെ “ഉൻമൂലനാശം, ഉൻമൂലനാശം, ഉൻമൂലനാശം” ആക്കും. എന്നാൽ മഹത്ത്വമാർന്ന പ്രത്യാശ! യഹോവ രാജത്വം (“കിരീടം”) “നിയമപരമായ അവകാശ”വുമായി വരുന്ന ഒരുവനുവേണ്ടി വെച്ചേക്കുകയും അവനു കൊടുക്കുകയും ചെയ്യും. (21:26, 27, NW) “രക്തപാതകമുളള പട്ടണ”മായ യെരുശലേമിൽ ചെയ്യുന്ന വെറുക്കത്തക്ക കാര്യങ്ങളെ യെഹെസ്കേൽ പുനരവലോകനംചെയ്യുന്നു. ഇസ്രായേൽഗൃഹം “കിട്ടം”പോലെയായിത്തീർന്നിരിക്കുന്നു, അതു യെരുശലേമിൽ കൂട്ടിച്ചേർത്ത് ഒരു ഉലയിലെന്നപോലെ ഉരുക്കേണ്ടതാണ്. (22:2, 18) ശമര്യയുടെയും (ഇസ്രായേൽ) യഹൂദയുടെയും അവിശ്വസ്തത രണ്ടു സഹോദരിമാരാൽ ചിത്രീകരിക്കപ്പെടുന്നു. ഓഹോലായെന്ന നിലയിൽ ശമര്യ അസീറിയക്കാരുമായി വ്യഭിചാരത്തിലേർപ്പെടുകയും അവളുടെ കാമുകരാൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഓഹോലീബാ എന്ന നിലയിൽ യഹൂദാ ഒരു പാഠം പഠിക്കാതെ അധികം മോശമായതു ചെയ്യുന്നു, ആദ്യം അസീറിയയുമായും പിന്നെ ബാബിലോനുമായും വ്യഭിചരിച്ചുകൊണ്ടുതന്നെ. അവൾ പൂർണമായി നശിപ്പിക്കപ്പെടും, “ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.”—23:49.
20. ഉപരോധിക്കപ്പെട്ട യെരുശലേം എന്തിനോട് ഉപമിക്കപ്പെടുന്നു, അവളുടെമേലുളള തന്റെ ന്യായവിധിയെസംബന്ധിച്ചു യഹോവ ഏതു ശക്തമായ അടയാളം കൊടുക്കുന്നു?
20 യെരുശലേമിന്റെ അന്തിമ ഉപരോധം തുടങ്ങുന്നു (24:1-27). സമയം പൊ.യു.മു. 609. പത്താം മാസം പത്താംതീയതിയായ അന്നു ബാബിലോൻരാജാവ് യെരുശലേമിനെ ഉപരോധിച്ചിരിക്കുന്നുവെന്നു യഹോവ യെഹെസ്കേലിനോട് അറിയിക്കുന്നു. അവൻ മതിലുകളോടുകൂടിയ നഗരത്തെ വാവട്ടമുളള ഒരു കുട്ടകത്തോടു താരതമ്യപ്പെടുത്തുന്നു. അതിലെ വിശിഷ്ടനിവാസികൾ അതിലെ മാംസമാണ്. അതു ചൂടാക്കുക! യെരുശലേമിന്റെ മ്ലേച്ഛമായ വിഗ്രഹാരാധനയുടെ സകല അശുദ്ധിയും പുഴുങ്ങിക്കളയുക! അന്നേദിവസംതന്നെ യെഹെസ്കേലിന്റെ ഭാര്യ മരിക്കുന്നു. എന്നാൽ യഹോവയോടുളള അനുസരണത്തിൽ പ്രവാചകൻ ദുഃഖിക്കുന്നില്ല. ജനം യെരുശലേമിന്റെ നാശത്തിൽ ദുഃഖിക്കരുത് എന്നതിന്റെ ഒരു അടയാളമാണിത്, എന്തുകൊണ്ടെന്നാൽ അതു യഹോവയിൽനിന്നുളള ഒരു ന്യായവിധിയാണ്, അവൻ ആരാണെന്ന് അവർ അറിയേണ്ടതിന്നുതന്നെ. “അവരുടെ മഹത്വമുളള സന്തോഷത്തിന്റെ” നാശത്തെക്കുറിച്ച് അറിയിക്കാൻ രക്ഷപ്പെട്ട ഒരാളെ യഹോവ അയയ്ക്കും, അയാളുടെ വരവുവരെ യെഹെസ്കേൽ പ്രവാസികളോടു മേലാൽ സംസാരിക്കരുത്.—24:25.
21. ജനതകൾ യഹോവയെയും അവന്റെ പ്രതികാരത്തെയുംകുറിച്ച് എങ്ങനെ അറിയേണ്ടിവരും?
21 ജനതകൾക്കെതിരായ പ്രവചനങ്ങൾ (25:1–32:32). ചുററുപാടുമുളള ജനതകൾ യെരുശലേമിന്റെ പതനത്തിൽ സന്തോഷിക്കുമെന്നും യഹൂദയുടെ ദൈവത്തിൻമേൽ നിന്ദ വരുത്തുന്നതിനുളള ഒരു അവസരമായി അതിനെ ഉപയോഗിക്കുമെന്നും യഹോവ മുൻകൂട്ടിക്കാണുന്നു. അവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല! അമ്മോൻ പൗരസ്ത്യർക്കു കൊടുക്കപ്പെടും, മോവാബും അങ്ങനെതന്നെ. ഏദോം ഒരു ശൂന്യസ്ഥലമാക്കപ്പെടും. ഫെലിസ്ത്യർക്കെതിരെ വലിയ പ്രതികാരക്രിയകൾ നടത്തപ്പെടും. അവരെല്ലാം “ഞാൻ പ്രതികാരം അവരോടു നടത്തുമ്പോൾ, ഞാൻ യഹോവ എന്നു അവർ അറിയും.”—25:17.
22. സോരിനെക്കുറിച്ച് ഏതു പ്രത്യേക പ്രസ്താവം ഉണ്ടാകുന്നു, സീദോനോടുളള ബന്ധത്തിൽ യഹോവ എങ്ങനെ വിശുദ്ധീകരിക്കപ്പെടും?
22 സോരിനു പ്രത്യേക ശ്രദ്ധ ലഭിക്കുന്നു. തന്റെ തഴച്ചുവളരുന്ന വ്യാപാരത്തിൽ അഭിമാനം പൂണ്ട അവൾ സമുദ്രമധ്യേയുളള മനോഹരമായ ഒരു കപ്പൽപോലെയാണ്, എന്നാൽ പെട്ടെന്നുതന്നെ അവൾ വെളളങ്ങളുടെ ആഴങ്ങളിൽ തകർന്നു താണുപോകും. “ഞാൻ ദൈവം” എന്ന് അവളുടെ നേതാവു വമ്പുപറയുന്നു. (28:9) തന്റെ പ്രവാചകൻ സോരിലെ രാജാവിനെക്കുറിച്ച് ഒരു വിലാപഗീതം എഴുതിക്കൊടുക്കാൻ യഹോവ ഇടയാക്കുന്നു: സുഭഗനായ ഒരു അഭിഷിക്ത കെരൂബെന്ന നിലയിൽ അയാൾ ദൈവത്തിന്റെ തോട്ടമായ ഏദെനിലായിരുന്നു; എന്നാൽ യഹോവ അയാളെ അശുദ്ധൻ എന്നെണ്ണി തന്റെ പർവതത്തിൽനിന്നു പുറത്താക്കും. അകത്തുനിന്നുളള ഒരു തീ അയാളെ വിഴുങ്ങിക്കളയും. പുച്ഛഭാവമുളള സീദോന്റെമേൽ നാശം വരുത്തുന്നതിനാലും താൻ വിശുദ്ധീകരിക്കപ്പെടുമെന്നു യഹോവ പറയുന്നു.
23. ഈജിപ്ത് എന്ത് അറിയേണ്ടിവരും, ഇത് എങ്ങനെ സംഭവിക്കും?
23 ഇപ്പോൾ തന്റെ മുഖം ഈജിപ്തിനെതിരെയും അതിന്റെ ഫറവോനെതിരെയും തിരിക്കാനും അവർക്കെതിരെ പ്രവചിക്കാനും യഹോവ യെഹെസ്കേലിനോടു പറയുന്നു. “ഈ നദി എനിക്കുളളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു” എന്നു ഫറവോൻ വീമ്പിളക്കുന്നു. (29:3) ഫറവോനും അയാളിൽ വിശ്വസിക്കുന്ന ഈജിപ്തുകാരും യഹോവ ദൈവമാകുന്നുവെന്ന് അറിയേണ്ടിവരും, ഈ പാഠം പഠിപ്പിക്കുന്നതു 40 വർഷത്തെ ഒരു ശൂന്യമാക്കലിനാലായിരിക്കും. ഇവിടെ യെഹെസ്കേൽ യഥാർഥത്തിൽ പിന്നീടു തനിക്കു പൊ.യു.മു. 591-ൽ വെളിപ്പെടുത്തപ്പെട്ട കുറേ വിവരങ്ങൾ ചേർക്കുന്നു. സോരിനെ ക്ഷീണിപ്പിച്ചതിലുളള നെബുഖദ്നേസരുടെ സേവനത്തിനു യഹോവ ഈജിപ്ത് ഒരു പ്രതിഫലമായി കൊടുക്കും. (സോർനിവാസികൾ തങ്ങളുടെ സ്വത്തിൽ അധികപങ്കുമായി ദ്വീപനഗരത്തിലേക്കു രക്ഷപ്പെട്ടതുകൊണ്ടു നെബുഖദ്നേസർ സോരിൽ വളരെ കുറച്ചു കൊളളയേ എടുത്തുളളു.) ഒരു വിലാപഗീതത്തിൽ നെബുഖദ്നേസർ ഈജിപ്തിലെ പ്രശംസയെ കൊളളയടിക്കുമെന്നും “ഞാൻ യഹോവയെന്ന് അവർ അറിയേണ്ടിവരും” എന്നും യെഹെസ്കേൽ അറിയിക്കുന്നു.—32:15, NW.
24. (എ) കാവൽക്കാരനെന്ന നിലയിൽ യെഹെസ്കേലിന്റെ ഉത്തരവാദിത്വം എന്താണ്? (ബി) യെരുശലേമിന്റെ പതനത്തെക്കുറിച്ചുളള വാർത്തയിങ്കൽ യെഹെസ്കേൽ പ്രവാസികളോട് ഏതു സന്ദേശം പ്രഘോഷിക്കുന്നു? (സി) 34-ാം അധ്യായത്തിൽ അനുഗ്രഹത്തിന്റെ ഏതു വാഗ്ദത്തം പ്രദീപ്തമാക്കപ്പെടുന്നു?
24 പ്രവാസികളുടെ കാവൽക്കാരൻ; പുനഃസ്ഥാപനം മുൻകൂട്ടിപ്പറയുന്നു (33:1–37:28). യഹോവ കാവൽക്കാരനെന്ന നിലയിലുളള യെഹെസ്കേലിന്റെ ഉത്തരവാദിത്വം അവനുമായി പുനരവലോകനം ചെയ്യുന്നു. “കർത്താവിന്റെ വഴി ചൊവ്വുളളതല്ല” എന്നു ജനം പറയുന്നു. അതുകൊണ്ട് അവർ എത്ര തെററിപ്പോയിരിക്കുന്നുവെന്ന് യെഹെസ്കേൽ അവർക്കു വ്യക്തമാക്കിക്കൊടുക്കണം. (33:17) എന്നാൽ ഇപ്പോൾ പൊ.യു.മു. 607, പത്താം മാസത്തിന്റെ അഞ്ചാം ദിവസമാണ്.c പ്രവാചകനോടു “നഗരം പിടിക്കപ്പെട്ടുപോയി” എന്നു പറയാൻ രക്ഷപ്പെട്ട ഒരാൾ യെരുശലേമിൽനിന്നു വന്നെത്തുന്നു. (33:21) പ്രവാസികളോടു സംസാരിക്കാൻ വീണ്ടും സ്വതന്ത്രനായ യെഹെസ്കേൽ യഹൂദയെ രക്ഷിക്കാനുളള ഏതു ചിന്തയും വ്യർഥമാണെന്ന് അവരോടു പറയുന്നു. അവർ യഹോവയുടെ വചനം കേൾക്കാൻ യെഹെസ്കേലിന്റെ അടുക്കലേക്കു വരുന്നുവെങ്കിലും അദ്ദേഹം അവർക്കു പ്രേമഗീതങ്ങൾ പാടുന്ന ഒരുവനെപ്പോലെയാണ്, നല്ല ഒരു കമ്പിവാദ്യം വായിക്കുന്ന ഇമ്പകരമായ ശബ്ദമുളള ഒരുവനെപ്പോലെയാണ്. അവർ ശ്രദ്ധിക്കുന്നില്ല. ഏതായാലും അതു നിവൃത്തിയേറുമ്പോൾ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകനുണ്ടായിരുന്നുവെന്ന് അവർ അറിയും. തങ്ങളേത്തന്നെ പോററുന്നതിന് ആട്ടിൻകൂട്ടങ്ങളെ ഉപേക്ഷിച്ചിരിക്കുന്ന വ്യാജ ഇടയൻമാരെ യെഹെസ്കേൽ ശകാരിക്കുന്നു. പൂർണതയുളള ഇടയനായ യഹോവ ചിതറിപ്പോയ ആടുകളെ കൂട്ടിച്ചേർക്കുകയും അവയെ ഇസ്രായേൽപർവതങ്ങളിലെ കൊഴുപ്പുളള ഒരു മേച്ചൽസ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്യും. അവിടെ അവൻ അവരുടെമേൽ ഒരു ഇടയനെ ‘അവന്റെ ദാസനായ ദാവീദിനെത്തന്നെ’ എഴുന്നേൽപ്പിക്കും. (34:23) യഹോവതന്നെ അവരുടെ ദൈവമായിത്തീരും. അവൻ ഒരു സമാധാന ഉടമ്പടി ചെയ്യുകയും അവരുടെമേൽ അനുഗ്രഹങ്ങളുടെ മാരി ചൊരിയുകയും ചെയ്യും.
25. (എ) യഹോവ ദേശത്തെ എന്തുകൊണ്ട്, എങ്ങനെ, ഏദെൻപോലെയാക്കും? (ബി) ഉണങ്ങിയ അസ്ഥികളുടെ ദർശനത്താൽ എന്തു ചിത്രീകരിക്കപ്പെടുന്നു? രണ്ടു കോലുകളുടേതിനാലോ?
25 യെഹെസ്കേൽ വീണ്ടും സേയീർപർവതത്തിന് (ഏദോം) ശൂന്യത പ്രവചിക്കുന്നു. എന്നിരുന്നാലും, ഇസ്രായേലിലെ ശൂന്യമാക്കപ്പെട്ട സ്ഥലം പുനർനിർമിക്കപ്പെടും, എന്തുകൊണ്ടെന്നാൽ യഹോവക്കു തന്റെ വിശുദ്ധനാമത്തോടു സഹതാപം തോന്നും, അതിനെ ജനതകളുടെ മുമ്പാകെ വിശുദ്ധീകരിക്കാൻ തന്നെ. അവൻ തന്റെ ജനത്തിന് ഒരു പുതിയ ഹൃദയവും ഒരു പുതിയ ആത്മാവും കൊടുക്കും, അവരുടെ ദേശം വീണ്ടും “ഏദെൻതോട്ടം പോലെ” ആയിത്തീരും. (36:35) യെഹെസ്കേൽ ഇപ്പോൾ ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ്വരയായി പ്രതിനിധാനംചെയ്യപ്പെടുന്ന ഇസ്രായേലിന്റെ ഒരു ദർശനം കാണുന്നു. യെഹെസ്കേൽ അസ്ഥികളെക്കുറിച്ചു പ്രവചിക്കുന്നു. അവയ്ക്ക് അത്ഭുതകരമായി മാംസവും ശ്വാസവും ജീവനും വീണ്ടും ഉണ്ടാകാൻ തുടങ്ങുന്നു. അങ്ങനെതന്നെ യഹോവ ബാബിലോനിലെ അടിമത്തത്തിന്റെ ശവക്കുഴികൾ തുറക്കുകയും ഇസ്രായേലിനെ അതിന്റെ ദേശത്തു വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്യും. യെഹെസ്കേൽ യഹൂദയും എഫ്രയീമുമാകുന്ന രണ്ട് ഇസ്രായേൽ ഗൃഹങ്ങളെയും പ്രതിനിധാനംചെയ്യുന്ന രണ്ടു കോലുകൾ എടുക്കുന്നു. അവ അവന്റെ കൈയിൽ ഒരു കോൽ ആയിത്തീരുന്നു. അങ്ങനെ, യഹോവ ഇസ്രായേലിനെ പുനഃസ്ഥാപിക്കുമ്പോൾ അവർ അവന്റെ ദാസനായ “ദാവീദിന്റെ” കീഴിലെ ഒരു സമാധാന ഉടമ്പടിയിൽ ഏകീകരിക്കപ്പെടും.—37:24.
26. മാഗോഗിലെ ഗോഗ് ആക്രമിക്കുന്നത് എന്തുകൊണ്ട്, ഫലമെന്ത്?
26 പുനഃസ്ഥാപിക്കപ്പെട്ട ഇസ്രായേലിൻമേലുളള മാഗോഗിലെ ഗോഗിന്റെ ആക്രമണം (38:1–39:29). പിന്നെ പുതിയ ഒരു കേന്ദ്രത്തിൽനിന്നുളള ആക്രമണം ഉണ്ടാകും! യഹോവയുടെ പുനഃസ്ഥാപിക്കപ്പെട്ട ജനത്തിന്റെ കൊതിപ്പിക്കുന്ന സമാധാനത്താലും ഐശ്വര്യത്താലും ആകർഷിക്കപ്പെട്ടു മാഗോഗിലെ ഗോഗ് ഭ്രാന്തമായ ഒരു ആക്രമണം നടത്തും. അവൻ അവരെ വിഴുങ്ങിക്കളയാൻ പാഞ്ഞുചെല്ലും. ഇതിങ്കൽ യഹോവ തന്റെ ക്രോധാഗ്നിയോടെ എഴുന്നേൽക്കും. അവൻ ഓരോരുത്തരുടെയും വാൾ അവന്റെ സഹോദരനെതിരെ തിരിക്കുകയും അവരുടെമേൽ മഹാമാരിയും രക്തവും കൻമഴയുടെ പ്രവാഹപ്രളയവും തീയും ഗന്ധകവും വരുത്തുകയും ചെയ്യും. യഹോവ “യിസ്രായേലിൽ പരിശുദ്ധനായ”വൻ ആണെന്ന് അറിഞ്ഞുകൊണ്ട് അവർ നിപതിക്കും. (39:7) അവന്റെ ജനം അന്നു ശത്രുക്കളുടെ തകർക്കപ്പെട്ട യുദ്ധോപകരണങ്ങൾകൊണ്ടു തീ കത്തിക്കുകയും അസ്ഥികൾ “ഗോഗ്പുരുഷാരത്തിന്റെ താഴ്വര”യിൽ കുഴിച്ചുമൂടുകയും ചെയ്യും. (39:11) ശവംതീനിപക്ഷികളും മൃഗങ്ങളും കൊല്ലപ്പെടുന്നവരുടെ മാംസം തിന്നുകയും അവരുടെ രക്തം കുടിക്കുകയും ചെയ്യും. അന്നുമുതൽ ഇസ്രായേൽ സുരക്ഷിതത്വത്തിൽ വസിക്കും. അവരെ വിറപ്പിക്കാൻ ആരുമുണ്ടായിരിക്കയില്ല. യഹോവ അവരുടെമേൽ തന്റെ ആത്മാവിനെ പകരും.
27. ഇസ്രായേൽദേശത്തേക്കുളള ദർശനപരമായ ഒരു സന്ദർശനത്തിൽ യെഹെസ്കേൽ എന്തു കാണുന്നു, ദൈവത്തിന്റെ മഹത്ത്വം എങ്ങനെ പ്രത്യക്ഷപ്പെടുന്നു?
27 യെഹെസ്കേലിന്റെ ആലയദർശനം (40:1–48:35). നാം പൊ.യു.മു. 593 എന്ന വർഷത്തിലേക്കു വരുന്നു. അതു ശലോമോന്റെ ആലയം നശിപ്പിക്കപ്പെട്ടശേഷമുളള 14-ാം വർഷമാണ്, പ്രവാസികളുടെ ഇടയിലെ അനുതാപമുളളവർക്കു പ്രോത്സാഹനവും പ്രത്യാശയും ആവശ്യമാണ്. യഹോവ ഒരു ദർശനത്തിൽ യെഹെസ്കേലിനെ ഇസ്രായേൽദേശത്തേക്കു വഹിച്ചുകൊണ്ടുപോകുകയും അവനെ വളരെ ഉയർന്ന ഒരു പർവതത്തിൽ നിർത്തുകയും ചെയ്യുന്നു. ഇവിടെ അവൻ ദർശനത്തിൽ ഒരു ആലയവും “തെക്കുമാറി ഒരു നഗരത്തിന്റെ രൂപ”വും കാണുന്നു. “നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോടു അറിയിക്ക” എന്ന് ഒരു ദൂതൻ അവനോടു നിർദേശിക്കുന്നു. (40:2, 4) അനന്തരം അവൻ യെഹെസ്കേലിനെ ആലയത്തിന്റെ സകല വിശദാംശങ്ങളും അതിന്റെ പ്രാകാരങ്ങളും കാണിക്കുകയും മതിലുകൾ, പടിവാതിലുകൾ, കാവൽമാളികകൾ, ഭോജനശാലകൾ വിശുദ്ധം, അതിവിശുദ്ധം എന്നിവ അടങ്ങിയ ആലയംതന്നെയും അളക്കുകയും ചെയ്യുന്നു. അവൻ യെഹെസ്കേലിനെ കിഴക്കേ പടിവാതിൽക്കലേക്കു കൊണ്ടുപോകുന്നു. “അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുവഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെളളത്തിന്റെ ഇരെച്ചൽ പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.” (43:2) ദൂതൻ യെഹെസ്കേലിനെ മന്ദിരവും (അല്ലെങ്കിൽ ആലയം) യാഗപീഠവും അതിലെ യാഗങ്ങളും പുരോഹിതൻമാരുടെയും ലേവ്യരുടെയും പ്രമാണിമാരുടെയും അവകാശങ്ങളും കടമകളും ദേശത്തിന്റെ വിഭാഗിക്കലും സംബന്ധിച്ചു പൂർണമായി ഉദ്ബോധിപ്പിക്കുന്നു.
28. ആലയത്തിൽനിന്നു പുറപ്പെടുന്ന നീരൊഴുക്കിനെസംബന്ധിച്ച് യെഹെസ്കേലിന്റെ ദർശനം എന്തു പ്രകടമാക്കുന്നു, നഗരവും അതിന്റെ പേരുംസംബന്ധിച്ച് എന്തു വെളിപ്പെടുത്തപ്പെടുന്നു?
28 ദൂതൻ യെഹെസ്കേലിനെ ആലയത്തിന്റെ കവാടത്തിങ്കലേക്കു തിരികെ കൊണ്ടുവരുന്നു, അവിടെ ആലയത്തിന്റെ ഉമ്മരപ്പടിയിൽനിന്നു യാഗപീഠത്തിന്റെ തെക്കുവശത്തുകൂടെ കിഴക്കോട്ടു വെളളം പുറപ്പെടുന്നതു പ്രവാചകൻ കാണുന്നു. അത് ഒരു തുളളിയായി ആരംഭിക്കുന്നു, എന്നാൽ അത് ഒരു കുത്തിയൊഴുക്കായിത്തീരുന്നതുവരെ അധികമധികം വലുതായിത്തീരുന്നു. പിന്നീടതു ചെങ്കടലിലേക്ക് ഒഴുകുന്നു, അവിടെ മത്സ്യം ജീവനിലേക്കു വരുകയും ഒരു മത്സ്യബന്ധനവ്യവസായം തഴച്ചുവളരുകയും ചെയ്യുന്നു. കുത്തിയൊഴുക്കിന്റെ ഇരു വശങ്ങളിലും വൃക്ഷങ്ങൾ ആളുകൾക്ക് ആഹാരവും രോഗശാന്തിയും പ്രദാനംചെയ്യുന്നു. പിന്നീടു ദർശനം 12 ഗോത്രങ്ങളുടെ അവകാശങ്ങൾ നൽകുന്നു, അന്യദേശവാസിയെയും പ്രമാണിയെയും ഒഴിവാക്കുന്നില്ല. ഗോത്രങ്ങളുടെ പേരിട്ടിരിക്കുന്ന 12 പടിവാതിലുകളോടുകൂടിയ തെക്കുഭാഗത്തെ വിശുദ്ധനഗരത്തെ വർണിക്കുകയും ചെയ്യുന്നു. നഗരത്തിന് അതിമഹത്തായ ഒരു നാമം വിളിക്കേണ്ടതാണ്: “യഹോവ അവിടെ.”—48:35.
എന്തുകൊണ്ടു പ്രയോജനപ്രദം
29. യഹൂദപ്രവാസികൾക്ക് യെഹെസ്കേലിന്റെ പ്രവചനത്തിൽനിന്ന് ഏതു വിധത്തിൽ പ്രയോജനം കിട്ടി?
29 യഹോവ യെഹെസ്കേലിനു കൊടുത്ത പ്രഖ്യാപനങ്ങളും ദർശനങ്ങളും വാഗ്ദാനങ്ങളുമെല്ലാം വിശ്വസ്തമായി പ്രവാസത്തിലെ യഹൂദൻമാരോടു വിവരിക്കപ്പെട്ടു. അനേകർ പ്രവാചകനെ അവമാനിക്കുകയും പരിഹസിക്കുകയും ചെയ്തുവെങ്കിലും ചിലർ വിശ്വസിക്കുകതന്നെ ചെയ്തു. ഇവർക്ക് അതിയായി പ്രയോജനം കിട്ടി. അവർ പുനഃസ്ഥാപനവാഗ്ദത്തങ്ങളാൽ ബലപ്പെടുത്തപ്പെട്ടു. അടിമത്തത്തിലേക്കു കൊണ്ടുപോകപ്പെട്ട മററു ജനതകളിൽനിന്നു വ്യത്യസ്തമായി അവർ തങ്ങളുടെ ദേശീയ താദാത്മ്യം കാത്തുസൂക്ഷിക്കുകയും മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ യഹോവ പൊ.യു.മു. 537-ൽ ഒരു ശേഷിപ്പിനെ പുനഃസ്ഥാപിക്കുകയും ചെയ്തു. (യെഹെ. 28:25, 26; 39:21-28; എസ്രാ 2:1; 3:1) അവർ യഹോവയുടെ ആലയം പുനർനിർമിക്കുകയും അവിടെ സത്യാരാധന പുതുക്കുകയും ചെയ്തു.
30. യെഹെസ്കേലിൽ വിവരിക്കപ്പെടുന്ന ഏതു തത്ത്വങ്ങൾ ഇന്നു നമുക്കു മൂല്യവത്താണ്?
30 യെഹെസ്കേലിൽ വിവരിച്ചിരിക്കുന്ന തത്ത്വങ്ങൾ ഇന്നു നമുക്കും അമൂല്യമാണ്. വിശ്വാസത്യാഗത്തിനും വിഗ്രഹാരാധനക്കും ഒപ്പം മത്സരത്തിനും യഹോവയുടെ അപ്രീതിയിലേക്കു മാത്രമേ നയിക്കാൻ കഴിയൂ. (യെഹെ. 6:1-7; 12:2-4, 11-16) ഓരോരുത്തരും സ്വന്തം പാപത്തിന് ഉത്തരവാദിയായിരിക്കും. എന്നാൽ തന്റെ തെററായ ഗതിയിൽനിന്നു പിൻമാറുന്നവനോടു യഹോവ ക്ഷമിക്കും. ആ ഒരുവനോടു കരുണ കാട്ടപ്പെടും, അവൻ ജീവിച്ചിരിക്കുകയും ചെയ്യും. (18:20-22) ദൈവദാസൻമാർ യെഹെസ്കേലിനെപ്പോലെ, പ്രയാസകരമായ നിയമനങ്ങളിലും പരിഹാസത്തിനും നിന്ദക്കും കീഴിലുംപോലും വിശ്വസ്തരായ കാവൽക്കാരായിരിക്കണം. ദുഷ്ടൻമാരുടെ രക്തം നമ്മുടെ തലമേൽ വരത്തക്കവണ്ണം മുന്നറിയിപ്പു കൊടുക്കാതെ അവർ മരിക്കാൻ നാം അനുവദിക്കരുത്. (3:17; 33:1-9) ദൈവജനത്തിന്റെ ഇടയൻമാർക്ക് ആട്ടിൻകൂട്ടത്തെ പരിപാലിക്കാനുളള ഭാരിച്ച ഉത്തരവാദിത്വമുണ്ട്.—34:2-10.
31. യെഹെസ്കേലിലെ ഏതു പ്രവചനങ്ങൾ മിശിഹായുടെ വരവിനെ മുൻകൂട്ടിപ്പറയുന്നു?
31 യെഹെസ്കേലിന്റെ പുസ്തകത്തിൽ പ്രമുഖമായിട്ടുളളതാണു മിശിഹായെ സംബന്ധിച്ച പ്രവചനങ്ങൾ. അവൻ ദാവീദിന്റെ സിംഹാസനത്തിനു “നിയമപരമായ അവകാശമുളള” ഒരുവനും അതു കൊടുക്കപ്പെടേണ്ടവനുമായി പരാമർശിക്കപ്പെടുന്നു. രണ്ടു സ്ഥലങ്ങളിൽ അവൻ “എന്റെ ദാസനായ ദാവീദ്” എന്നും “ഇടയനും” “രാജാവും” “പ്രമാണി”യും എന്നും പറയപ്പെടുന്നു. (21:27; 34:23, 24; 37:24, 25) ദാവീദ് പണ്ടേ മരിച്ചുപോയിരുന്നതുകൊണ്ട് യെഹെസ്കേൽ ദാവീദിന്റെ പുത്രനും കർത്താവുമായിരിക്കേണ്ട ഒരുവനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. (സങ്കീ. 110:1; മത്താ. 22:42-45) യെശയ്യാവിനെപ്പോലെ യെഹെസ്കേലും യഹോവ ഉയർത്താനിരിക്കുന്ന ഒരു ഇളം കൊമ്പു നടുന്നതിനെക്കുറിച്ചു പറയുന്നു.—യെഹെ. 17:22-24; യെശ. 11:1-3.
32. യെഹെസ്കേലിന്റെ ആലയദർശനം “വിശുദ്ധനഗര”ത്തിന്റെ വെളിപാടിലെ ദർശനവുമായി എങ്ങനെ ഒത്തുവരുന്നു?
32 യെഹെസ്കേലിന്റെ ആലയദർശനത്തെ ‘വിശുദ്ധനഗരമായ യെരുശലേമിന്റെ’ വെളിപാടിലെ ദർശനവുമായി താരതമ്യപ്പെടുത്തുന്നതു രസകരമാണ്. (വെളി. 21:10) വ്യത്യാസങ്ങൾ ശ്രദ്ധിക്കാനുണ്ട്; ദൃഷ്ടാന്തമായി യെഹെസ്കേലിന്റെ ആലയം വേറിട്ടതും നഗരത്തിന്റെ വടക്കു സ്ഥിതിചെയ്യുന്നതുമാണ്. അതേസമയം വെളിപാടിലെ നഗരത്തിലുളള ആലയം യഹോവതന്നെയാണ്. എന്നിരുന്നാലും, രണ്ടിലും ജീവജലത്തിന്റെ ഒഴുക്കും മാസംതോറും ഫലംകായിക്കുന്നതും രോഗശാന്തി വരുത്തുന്ന ഇലകളോടുകൂടിയതുമായ വൃക്ഷങ്ങളും യഹോവയുടെ മഹത്ത്വത്തിന്റെ സാന്നിധ്യവുമുണ്ട്. ഓരോ ദർശനവും യഹോവയുടെ രാജത്വത്തോടും അവനു വിശുദ്ധസേവനം അനുഷ്ഠിക്കുന്നവർക്കുവേണ്ടിയുളള രക്ഷയുടെ കരുതലിനോടുമുളള വിലമതിപ്പിന് അതിന്റേതായ സംഭാവന ചെയ്യുന്നു.—യെഹെ. 43:4, 5—വെളി. 21:11; യെഹെ. 47:1, 8, 9, 12—വെളി. 22:1-3.
33. യെഹെസ്കേൽ എന്തിനു ദൃഢത കൊടുക്കുന്നു, ഇപ്പോൾ തങ്ങളുടെ ജീവിതത്തിൽ യഹോവയെ വിശുദ്ധീകരിക്കുന്നവർക്ക് എന്തു ഫലമുണ്ടാകും?
33 യെഹെസ്കേലിന്റെ പുസ്തകം യഹോവ വിശുദ്ധനാണെന്നുളളതിനു ദൃഢത കൊടുക്കുന്നു. യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണം മറെറന്തിനെക്കാളും പ്രാധാന്യമുളളതാണെന്ന് അത് അറിയിക്കുന്നു. “എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; . . . ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” പ്രവചനം പ്രകടമാക്കുന്നതുപോലെ, മാഗോഗിലെ ഗോഗ് ഉൾപ്പെടെ ആ നാമത്തെ അശുദ്ധമാക്കുന്ന എല്ലാവരെയും നശിപ്പിച്ചുകൊണ്ട് അവൻ തന്റെ നാമത്തെ വിശുദ്ധീകരിക്കും. സ്വീകാര്യമായ ആരാധനക്കുളള വ്യവസ്ഥകൾ നിറവേററിക്കൊണ്ടു തങ്ങളുടെ ജീവിതത്തിൽ യഹോവയെ ഇപ്പോൾ വിശുദ്ധീകരിക്കുന്ന എല്ലാവരും ജ്ഞാനികളാണ്. ഇവർ അവന്റെ ആലയത്തിൽനിന്ന് ഒഴുകുന്ന നദിയാൽ രോഗശാന്തിയും നിത്യജീവനും പ്രാപിക്കും. “യഹോവ അവിടെ” എന്നു വിളിക്കപ്പെടുന്ന നഗരം മഹത്ത്വത്തിൽ മികച്ചതും മനോഹാരിതയിൽ അതുല്യവുമാണ്!—യെഹെ. 36:23; 38:16; 48:35.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 531, 1136.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 681-2.
c രക്ഷപ്പെട്ടയാൾ യെരുശലേമിൽനിന്നു വന്നത് 12-ാം വർഷത്തിലായിരുന്നുവെന്നു മാസറെററിക് പാഠം പറയുന്നുവെന്നിരിക്കെ, മററു കൈയെഴുത്തുപ്രതികൾ “പതിനൊന്നാം വർഷം” എന്നു വായിക്കപ്പെടുന്നു, ഈ വാക്യം അങ്ങനെയാണു ലാംസയും മോഫററും അതുപോലെതന്നെ ഒരു അമേരിക്കൻ ഭാഷാന്തരവും വിവർത്തനംചെയ്യുന്നത്.