അധ്യായം നാല്
ഒരു പടുകൂറ്റൻ ബിംബത്തിന്റെ ഉയർച്ചയും വീഴ്ചയും
1. നെബൂഖദ്നേസർ രാജാവ് ദാനീയേലിനെയും മറ്റുള്ളവരെയും പ്രവാസികളാക്കിയ ശേഷം ഒരു പതിറ്റാണ്ടു കഴിഞ്ഞ് ഉയർന്നുവന്ന ഒരു സാഹചര്യത്തിൽ നാം തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
നെബൂഖദ്നേസർ രാജാവ് ദാനീയേലിനെയും യഹൂദാ ‘ദേശത്തിലെ പ്രധാനികളെയും’ ബാബിലോണിയൻ അടിമത്തത്തിൽ ആക്കിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. (2 രാജാക്കന്മാർ 24:15) ജീവനു ഭീഷണി ഉയർത്തുന്ന ഒരു സാഹചര്യം ഉയർന്നുവരുമ്പോൾ യുവാവായ ദാനീയേൽ രാജസദസ്സിൽ സേവനം അനുഷ്ഠിക്കുകയാണ്. എന്നാൽ നാം ഇതിൽ തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ കാര്യത്തിൽ യഹോവയാം ദൈവം ഇടപെടുന്ന വിധം, ദാനീയേലിന്റെയും മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കുന്നതിനു പുറമേ നമ്മുടെ കാലം വരെ നീണ്ടുനിൽക്കുന്ന ബൈബിൾ പ്രവചനത്തിലെ മാറിമാറിവരുന്ന ലോകശക്തികളെ കുറിച്ചുള്ള ഗ്രാഹ്യം നമുക്കു നൽകുകയും ചെയ്യുന്നു.
രാജാവ് ഒരു വിഷമ പ്രശ്നത്തെ അഭിമുഖീകരിക്കുന്നു
2. നെബൂഖദ്നേസരിന് ആദ്യത്തെ പ്രാവചനിക സ്വപ്നം ഉണ്ടായത് എന്ന്?
2 “നെബൂഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി” എന്നു ദാനീയേൽ എഴുതുന്നു. (ദാനീയേൽ 2:1) ആ സ്വപ്നം കണ്ട നെബൂഖദ്നേസർ ബാബിലോൺ സാമ്രാജ്യത്തിന്റെ രാജാവ് ആയിരുന്നു. പൊ.യു.മു. 607-ൽ യെരൂശലേമിനെയും അതിലെ ആലയത്തെയും നശിപ്പിക്കാൻ യഹോവയാം ദൈവം അവനെ അനുവദിച്ചതു നിമിത്തം അവൻ ഫലത്തിൽ ലോകഭരണാധിപൻ ആയിത്തീർന്നിരുന്നു. ലോക ഭരണാധിപൻ എന്ന നിലയിലുള്ള നെബൂഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ (പൊ.യു.മു. 606/605) ദൈവം അവനു ഭീതിപ്പെടുത്തുന്ന ഒരു സ്വപ്നം നൽകി.
3. രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കാൻ കഴിയാഞ്ഞത് ആർക്ക്, നെബൂഖദ്നേസർ എങ്ങനെ പ്രതികരിച്ചു?
3 ആ സ്വപ്നം നെബൂഖദ്നേസരിനെ വളരെയേറെ വ്യാകുലപ്പെടുത്തിയതിനാൽ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. സ്വാഭാവികമായും, അതിന്റെ അർഥം അറിയാൻ അവൻ ആകാംക്ഷയുള്ളവനായി. എന്നാൽ ശക്തനായ ആ രാജാവ് സ്വപ്നം മറന്നുപോയി! അതുകൊണ്ട് അവൻ ബാബിലോണിലെ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും വിളിച്ചു വരുത്തുകയും സ്വപ്നം വിവരിക്കാനും അതു വ്യാഖ്യാനിക്കാനും അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അത് അവരുടെ കഴിവിന് അതീതമായിരുന്നു. അവരുടെ പരാജയത്തിൽ അത്യന്തം ക്രുദ്ധനായ നെബൂഖദ്നേസർ “ബാബേലിലെ സകല വിദ്വാന്മാരെയും നശിപ്പിപ്പാൻ കല്പനകൊടുത്തു.” നിയമിത വധനിർവാഹകനും ദാനീയേലും മുഖാമുഖം കണ്ടുമുട്ടാൻ ആ കൽപ്പന ഇടയാക്കുമായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, അവനും അവന്റെ മൂന്ന് എബ്രായ കൂട്ടാളികളായ ഹനന്യാവും മീശായേലും അസര്യാവും ബാബിലോണിലെ വിദ്വാന്മാരുടെ കൂട്ടത്തിലാണ് എണ്ണപ്പെട്ടിരുന്നത്.—ദാനീയേൽ 2:2-14.
ദാനീയേൽ രക്ഷയ്ക്ക് എത്തുന്നു
4. (എ) നെബൂഖദ്നേസരിന്റെ സ്വപ്നത്തിന്റെ ഉള്ളടക്കവും അർഥവും ദാനീയേൽ മനസ്സിലാക്കിയത് എങ്ങനെ? (ബി) യഹോവയാം ദൈവത്തോടുള്ള കൃതജ്ഞതയാൽ ദാനീയേൽ എന്തു പറഞ്ഞു?
4 നെബൂഖദ്നേസരിന്റെ കർശനമായ കൽപ്പനയുടെ കാരണം മനസ്സിലാക്കിയപ്പോൾ “ദാനീയേൽ അകത്തുചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.” അവന്റെ അപേക്ഷ അനുവദിച്ചു. വീട്ടിൽ തിരിച്ചെത്തിയ ദാനീയേൽ തന്റെ മൂന്നു സുഹൃത്തുക്കളുമൊത്ത് “ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷി”ച്ചുകൊണ്ടു പ്രാർഥിച്ചു. ആ രാത്രിയിൽത്തന്നെ യഹോവ ഒരു ദർശനത്തിൽ ആ സ്വപ്നത്തിന്റെ പൊരുൾ ദാനീയേലിനു വെളിപ്പെടുത്തി. അപ്പോൾ അവൻ കൃതജ്ഞതാപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ. അവൻ കാലങ്ങളെയും സമയങ്ങളെയും മാററുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.” ആ ഉൾക്കാഴ്ച നൽകിയതിനു ദാനീയേൽ യഹോവയെ സ്തുതിച്ചു.—ദാനീയേൽ 2:15-23.
5. (എ) രാജാവിന്റെ മുമ്പിൽ ദാനീയേൽ യഹോവയ്ക്കു ബഹുമതി നൽകിയത് എങ്ങനെ? (ബി) ദാനീയേലിന്റെ വിശദീകരണം നമുക്ക് ഇന്നു താത്പര്യമുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ട്?
5 അടുത്ത ദിവസം ദാനീയേൽ ബാബിലോണിലെ വിദ്വാന്മാരെ വധിക്കാൻ നിയമിക്കപ്പെട്ടിരുന്ന, രാജാവിന്റെ പ്രധാന അംഗരക്ഷകനായ അര്യോക്കിനെ സമീപിച്ചു. ദാനീയേലിനു സ്വപ്നം വ്യാഖ്യാനിക്കാൻ കഴിയുമെന്നു മനസ്സിലായപ്പോൾ അര്യോക്ക് അവനെ വേഗം രാജാവിന്റെ അടുക്കൽ കൊണ്ടുപോയി. തനിക്കായി യാതൊരു ബഹുമതിയും സ്വീകരിക്കാതെ നെബൂഖദ്നേസരിനോടു ദാനീയേൽ ഇങ്ങനെ പറഞ്ഞു: “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു [“നാളുകളുടെ അന്തിമ ഭാഗത്ത്,” NW] സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു.” ബാബിലോണിയ സാമ്രാജ്യത്തിന്റെ ഭാവി മാത്രമല്ല, നെബൂഖദ്നേസരിന്റെ കാലം മുതൽ നമ്മുടെ നാൾ വരെയും അതിനു ശേഷവുമുള്ള ലോകസംഭവങ്ങളുടെ സംഗ്രഹവും വെളിപ്പെടുത്താൻ ദാനീയേൽ സജ്ജനായിരുന്നു.—ദാനീയേൽ 2:24-30.
സ്വപ്നം—ഓർമിക്കുന്നു
6, 7. ദാനീയേൽ രാജാവിനെ ഓർമപ്പെടുത്തിയ സ്വപ്നം എന്ത്?
6 ദാനീയേൽ പിൻവരുന്ന പ്രകാരം വിശദീകരിച്ചപ്പോൾ നെബൂഖദ്നേസർ ഏകാഗ്രതയോടെ ശ്രദ്ധിച്ചു: “അല്ലയോ രാജാവേ, അങ്ങു നോക്കിക്കൊണ്ടിരുന്നപ്പോൾ, അതാ! ഒരു പടുകൂറ്റൻ ബിംബം. വലുതും അസാധാരണ ശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിൽക്കുകയായിരുന്നു, അതിന്റെ രൂപം ഭീതിദമായിരുന്നു. ആ ബിംബത്തിന്റെ തല നല്ല സ്വർണം കൊണ്ടുള്ളതും നെഞ്ചും കൈകളും വെള്ളികൊണ്ടുള്ളതും വയറും തുടകളും താമ്രംകൊണ്ടുള്ളതും കാലുകൾ ഇരിമ്പുകൊണ്ടുള്ളതും പാദങ്ങൾ പാതി ഇരിമ്പും പാതി കളിമണ്ണും കൊണ്ടുള്ളതും ആയിരുന്നു. കൈകൊണ്ടല്ലാതെ ഒരു കല്ല് വെട്ടിയെടുക്കപ്പെടുന്നതുവരെ അങ്ങു നോക്കിക്കൊണ്ടേയിരുന്നു. അതു ബിംബത്തിന്റെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള പാദങ്ങളിൽ ഇടിച്ച് അവയെ തകർത്തുകളഞ്ഞു. ആ സമയത്ത്, ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും സ്വർണവും എല്ലാം ഒന്നിച്ചു തകർന്ന് വേനൽക്കാലത്തെ കളത്തിലെ പതിർപോലെ ആയിത്തീർന്നു. അവയുടെ കണികപോലും കാണാതവണ്ണം കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി. ബിംബത്തെ ഇടിച്ച കല്ലാണെങ്കിൽ, അത് ഒരു മഹാപർവതമായി മുഴു ഭൂമിയിലും നിറഞ്ഞു.”—ദാനീയേൽ 2:31-35, NW.
7 ദാനീയേൽ സ്വപ്നം വെളിപ്പെടുത്തിയതു കേട്ടപ്പോൾ നെബൂഖദ്നേസർ എത്ര പുളകിതൻ ആയിരുന്നിരിക്കണം! എന്നാൽ അതുപോരാ! ദാനീയേൽ ആ സ്വപ്നം വ്യാഖ്യാനിക്കുക കൂടി ചെയ്താലേ ബാബിലോണിലെ വിദ്വാന്മാരുടെ ജീവൻ സംരക്ഷിക്കപ്പെടുമായിരുന്നുള്ളൂ. തന്നെയും തന്റെ മൂന്ന് എബ്രായ സുഹൃത്തുക്കളെയും ഉൾപ്പെടുത്തിക്കൊണ്ടു ദാനീയേൽ ഇങ്ങനെ പ്രഖ്യാപിച്ചു: “ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമന[സ്സിനെ] അറിയിക്കാം.”—ദാനീയേൽ 2:36.
ശ്രദ്ധേയമായ ശ്രേഷ്ഠതയുള്ള ഒരു രാജ്യം
8. (എ) സ്വർണംകൊണ്ടുള്ള തല ആര് അല്ലെങ്കിൽ എന്ത് ആണെന്നായിരുന്നു ദാനീയേലിന്റെ വ്യാഖ്യാനം? (ബി) സ്വർണംകൊണ്ടുള്ള തല അസ്തിത്വത്തിൽ വന്നത് എന്ന്?
8 “രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു. മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാററിന്നും തിരുമനസ്സി[നെ] അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.” (ദാനീയേൽ 2:37, 38) യെരൂശലേമിനെ നശിപ്പിക്കാൻ പൊ.യു.മു. 607-ൽ യഹോവ നെബൂഖദ്നേസരിനെ ഉപയോഗിച്ച ശേഷമായിരുന്നു മേൽപ്പറഞ്ഞ വാക്കുകൾ അവനു ബാധകമായത്. കാരണം, യെരൂശലേമിൽ സിംഹാസനസ്ഥരാക്കപ്പെട്ട രാജാക്കന്മാർ യഹോവയുടെ അഭിഷിക്ത രാജാവായ ദാവീദിന്റെ വംശാവലിയിൽ പെട്ടവർ ആയിരുന്നു. ഭൂമി മേലുള്ള യഹോവയുടെ പരമാധികാരത്തെ പ്രതിനിധാനം ചെയ്ത ദൈവത്തിന്റെ പ്രതീകാത്മക രാജ്യമായ യഹൂദയുടെ തലസ്ഥാനമായിരുന്നു യെരൂശലേം. പൊ.യു.മു. 607-ൽ ആ നഗരം നശിപ്പിക്കപ്പെട്ടതോടെ, ദൈവത്തിന്റെ ഈ പ്രതീകാത്മക രാജ്യം ഇല്ലാതായി. (1 ദിനവൃത്താന്തം 29:23; 2 ദിനവൃത്താന്തം 36:17-21) ബിംബത്തിന്റെ ലോഹ ഭാഗങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെട്ട തുടർന്നുള്ള ലോകശക്തികൾക്ക് ഇപ്പോൾ ദൈവത്തിന്റെ പ്രതീകാത്മക രാജ്യത്തിന്റെ ഇടപെടൽ കൂടാതെ ലോകാധിപത്യം പ്രയോഗിക്കാൻ കഴിയുമായിരുന്നു. പുരാതന കാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഏറ്റവും അമൂല്യ ലോഹമായ സ്വർണംകൊണ്ടുള്ള തലയെന്ന നിലയിൽ നെബൂഖദ്നേസരിന് യെരൂശലേമിനെ നശിപ്പിച്ചുകൊണ്ട് ആ രാജ്യത്തെ മറിച്ചിട്ടതിന്റെ ബഹുമതി ഉണ്ടായിരുന്നു.—63-ാം പേജിലെ, “യോദ്ധാവായ ഒരു രാജാവ് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നു” എന്ന ഭാഗം കാണുക.
9. സ്വർണംകൊണ്ടുള്ള തല എന്തിനെ പ്രതിനിധാനം ചെയ്തു?
9 43 വർഷം വാഴ്ച നടത്തിയ നെബൂഖദ്നേസർ ബാബിലോണിയൻ സാമ്രാജ്യം ഭരിച്ച ഒരു രാജവംശത്തിന്റെ തലവൻ ആയിരുന്നു. അവന്റെ മരുമകനായ നബോണീഡസും മൂത്തപുത്രനായ എവീൽ-മെരോദക്കയും അതിന്റെ ഭാഗമായിരുന്നു. ആ രാജവംശം 43 വർഷം കൂടെ, അതായത് പൊ.യു.മു. 539-ൽ നബോണീഡസിന്റെ മകനായ ബേൽശസ്സരിന്റെ മരണം വരെ തുടർന്നു. (2 രാജാക്കന്മാർ 25:27; ദാനീയേൽ 5:30) അതുകൊണ്ട് സ്വപ്നത്തിൽ കണ്ട ബിംബത്തിന്റെ സ്വർണംകൊണ്ടുള്ള തല നെബൂഖദ്നേസരിനെ മാത്രമല്ല, ആ മുഴു ബാബിലോണിയൻ രാജവംശത്തെയും പ്രതിനിധാനം ചെയ്തു.
10. (എ) ബാബിലോണിയൻ ലോകശക്തി നീണ്ടുനിൽക്കില്ലെന്നു നെബൂഖദ്നേസരിന്റെ സ്വപ്നം സൂചിപ്പിച്ചത് എപ്രകാരം? (ബി) ബാബിലോനെ കീഴടക്കുന്നവനെ കുറിച്ചു യെശയ്യാ പ്രവാചകൻ എന്തു മുൻകൂട്ടി പറഞ്ഞു? (സി) മേദോ-പേർഷ്യ ബാബിലോനെക്കാൾ താണതായിരുന്നത് ഏത് അർഥത്തിൽ?
10 ദാനീയേൽ നെബൂഖദ്നേസരിനോടു പറഞ്ഞു: “തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറെറാരു രാജത്വവും . . . ഉത്ഭവിക്കും.” (ദാനീയേൽ 2:39) ബിംബത്തിന്റെ വെള്ളികൊണ്ടുള്ള നെഞ്ചിനാലും കൈകളാലും പ്രതിനിധാനം ചെയ്യപ്പെട്ട ഒരു രാജ്യം നെബൂഖദ്നേസരിന്റെ രാജവംശത്തിന്റെ പിന്നാലെ അധികാരത്തിൽ വരുമായിരുന്നു. ഏതാണ്ട് 200 വർഷം മുമ്പു യെശയ്യാവ് ഈ രാജ്യത്തെക്കുറിച്ചു പ്രവചിച്ചിരുന്നു. അതിന്റെ ജയശാലിയാം രാജാവായ കോരെശിന്റെ പേരുപോലും അവൻ മുൻകൂട്ടി പറഞ്ഞിരുന്നു. (യെശയ്യാവു 13:1-17; 21:2-9; 44:24–45:7, 13) മേദോ-പേർഷ്യൻ സാമ്രാജ്യമായിരുന്നു അത്. ബാബിലോണിയൻ സാമ്രാജ്യത്തിന്റെ സംസ്കാരത്തെക്കാൾ ഒട്ടും പിന്നിലല്ലാഞ്ഞ മഹത്തായ ഒരു സംസ്കാരം മേദോ-പേർഷ്യയിൽ വികാസം പ്രാപിച്ചെങ്കിലും ഈ രണ്ടാമത്തെ രാജ്യം സ്വർണത്തെക്കാൾ മൂല്യം കുറഞ്ഞ ലോഹമായ വെള്ളിയാലാണു പ്രതിനിധാനം ചെയ്യപ്പെടുന്നത്. ദൈവത്തിന്റെ പ്രതീകാത്മക രാജ്യമായിരുന്ന യഹൂദയെ അതിന്റെ തലസ്ഥാനമായ യെരൂശലേമിനോടൊപ്പം മറിച്ചിട്ടതിന്റെ ബഹുമതി ഇല്ലായിരുന്നു എന്ന അർഥത്തിൽ അതു ബാബിലോണിയൻ ലോകശക്തിയെക്കാൾ താണതായിരുന്നു.
11. നെബൂഖദ്നേസരിന്റെ രാജവംശം അവസാനിച്ചത് എന്ന്?
11 സ്വപ്നം വ്യാഖ്യാനിച്ച് ഏതാണ്ട് 60 വർഷം കഴിഞ്ഞപ്പോൾ, നെബൂഖദ്നേസരിന്റെ രാജവംശം അവസാനിക്കുന്നതു ദാനീയേൽ കണ്ടു. മേദോ-പേർഷ്യൻ സൈന്യം പൊ.യു.മു. 539 ഒക്ടോബർ 5/6-നു രാത്രിയിൽ, അജയ്യമെന്നു തോന്നിയ ബാബിലോനെ കീഴടക്കി ബേൽശസ്സർ രാജാവിനെ വധിച്ചപ്പോൾ ദാനീയേൽ അവിടെ ഉണ്ടായിരുന്നു. ബേൽശസ്സരിന്റെ മരണത്തോടെ, സ്വപ്നത്തിൽ കണ്ട ബിംബത്തിന്റെ സ്വർണംകൊണ്ടുള്ള തലയായ ബാബിലോണിയൻ സാമ്രാജ്യം ഇല്ലാതായി.
ഒരു രാജ്യം പ്രവാസികളെ സ്വതന്ത്രരാക്കുന്നു
12. പൊ.യു.മു. 537-ൽ കോരെശ് പുറപ്പെടുവിച്ച കൽപ്പന പ്രവാസികളായ യഹൂദന്മാർക്കു പ്രയോജനം ചെയ്തത് എങ്ങനെ?
12 പൊ.യു.മു. 539-ൽ, പ്രബല ലോകശക്തി ആയിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തെ നീക്കം ചെയ്ത് മേദോ-പേർഷ്യ ആ സ്ഥാനം കയ്യടക്കി. 62-ാം വയസ്സിൽ മേദ്യനായ ദാര്യാവേശ് കീഴടക്കപ്പെട്ട ബാബിലോൺ നഗരത്തിന്റെ ആദ്യ ഭരണാധിപനായി. (ദാനീയേൽ 5:30, 31) കുറച്ചു കാലത്തേക്ക് അവനും പേർഷ്യക്കാരനായ കോരെശും കൂടി മേദോ-പേർഷ്യൻ സാമ്രാജ്യത്തിൽ സംയുക്ത വാഴ്ച നടത്തി. ദാര്യാവേശ് മരിച്ചപ്പോൾ കോരെശ് പേർഷ്യൻ സാമ്രാജ്യത്തിന്റെ ഏക തലവനായി. കോരെശിന്റെ ഭരണം ബാബിലോണിലെ യഹൂദന്മാർക്ക് അടിമത്തത്തിൽനിന്നുള്ള വിടുതലിനെ അർഥമാക്കി. സ്വദേശത്തേക്കു മടങ്ങിപ്പോയി യെരൂശലേമും യഹോവയുടെ ആലയവും പുനർനിർമിക്കാൻ ബാബിലോണിലെ യഹൂദ പ്രവാസികളെ അനുവദിച്ചുകൊണ്ട് പൊ.യു.മു. 537-ൽ കോരെശ് ഒരു കൽപ്പന പുറപ്പെടുവിച്ചു. എന്നാൽ, യഹൂദയിലും യെരൂശലേമിലും ദൈവത്തിന്റെ പ്രതീകാത്മക രാജ്യം പുനഃസ്ഥാപിതമായില്ല.—2 ദിനവൃത്താന്തം 36:22, 23; എസ്രാ 1:1–2:2എ.
13. നെബൂഖദ്നേസർ സ്വപ്നത്തിൽ കണ്ട ബിംബത്തിന്റെ വെള്ളി കൊണ്ടുള്ള നെഞ്ചും കൈകളും എന്തിനെ ചിത്രീകരിച്ചു?
13 സ്വപ്നത്തിൽ കണ്ട ബിംബത്തിന്റെ വെള്ളികൊണ്ടുള്ള നെഞ്ചും കൈകളും മഹാനായ കോരെശ് മുതലുള്ള പേർഷ്യൻ രാജാക്കന്മാരുടെ പരമ്പരയെ ചിത്രീകരിച്ചു. ആ രാജവംശം 200-ലേറെ വർഷം നിലനിന്നു. ഒരു സൈനിക മുന്നേറ്റം നടത്തിക്കൊണ്ടിരിക്കെ പൊ.യു.മു. 530-ൽ കോരെശ് മരിച്ചെന്നു കരുതപ്പെടുന്നു. അവനു ശേഷം പേർഷ്യൻ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ അവരോധിക്കപ്പെട്ട ഏകദേശം 12 രാജാക്കന്മാരിൽ കുറഞ്ഞതു 2 പേരെങ്കിലും യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് അനുകൂലമായി പ്രവർത്തിച്ചു. ഒരാൾ ദാര്യാവേശ് ഒന്നാമനും (പേർഷ്യക്കാരൻ) മറ്റെയാൾ അർത്ഥഹ്ശഷ്ടാവ് ഒന്നാമനും ആയിരുന്നു.
14, 15. മഹാനായ ദാര്യാവേശും അർത്ഥഹ്ശഷ്ടാവ് ഒന്നാമനും യഹൂദന്മാർക്ക് എന്തു സഹായം ചെയ്തു?
14 മഹാനായ കോരെശിനു ശേഷമുള്ള പേർഷ്യൻ രാജാക്കന്മാരിൽ മൂന്നാമൻ ആയിരുന്നു ദാര്യാവേശ് ഒന്നാമൻ. സാധ്യതയനുസരിച്ച്, കാംബിസസ്സ് രണ്ടാമനും സഹോദരനായ ബാർഡിയായും (അല്ലെങ്കിൽ ഒരുപക്ഷേ പുരോഹിത വർഗത്തിൽപെട്ട ഗുമാട്ടാ എന്നു പേരായ ഒരു നാട്യക്കാരനും) ആയിരുന്നു അവനു മുമ്പു ഭരിച്ചിരുന്ന രണ്ടു പേർ. പൊ.യു.മു. 521-ൽ, മഹാനായ ദാര്യാവേശ് എന്നും അറിയപ്പെടുന്ന ദാര്യാവേശ് ഒന്നാമൻ സിംഹാസനസ്ഥൻ ആയപ്പോൾ യെരൂശലേമിലെ ആലയത്തിന്റെ പുനർനിർമാണ വേല നിരോധനത്തിൻ കീഴിൽ ആയിരുന്നു. പൊ.യു.മു. 520-ൽ, കോരെശിന്റെ കൽപ്പന ഉൾപ്പെടുന്ന രേഖ അഹ്മെഥാ (എക്ബാറ്റന) രേഖാശാലയിൽനിന്നു കണ്ടുകിട്ടിയപ്പോൾ ദാര്യാവേശ് ആ നിരോധനം നീക്കി. മാത്രമല്ല, ആലയ പുനർനിർമാണത്തിനായി രാജഭണ്ഡാരത്തിൽനിന്നു പണം നൽകുകയും ചെയ്തു.—എസ്രാ 6:1-12.
15 അർത്ഥഹ്ശഷ്ടാവ് ഒന്നാമൻ ആയിരുന്നു യഹൂദ പുനഃസ്ഥിതീകരണ ശ്രമങ്ങളെ സഹായിച്ച അടുത്ത പേർഷ്യൻ ഭരണാധികാരി. തന്റെ പിതാവായ അഹശ്വേരോശിന്റെ (സെർക്സിസ് ഒന്നാമന്റെ) പിൻഗാമിയായി പൊ.യു.മു. 475-ൽ അവൻ അധികാരമേറ്റു. അർത്ഥഹ്ശഷ്ടാവിന്റെ വലതു കൈ ഇടതു കൈയെക്കാൾ നീളം കൂടിയത് ആയിരുന്നതിനാൽ അവനു ലോംഗിമാനസ് എന്ന മറുപേർ ലഭിച്ചു. പൊ.യു.മു. 455-ൽ, അതായത് അവന്റെ വാഴ്ചയുടെ 20-ാം ആണ്ടിൽ അവൻ തന്റെ യഹൂദ പാനപാത്രവാഹകനായ നെഹെമ്യാവിനെ യഹൂദയിലെ ഗവർണറായും യെരൂശലേമിന്റെ മതിലുകൾ പുനർനിർമിക്കാനായും നിയോഗിച്ചു. ഈ നടപടി ദാനീയേൽ പുസ്തകം 9-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന ‘വർഷങ്ങളുടെ എഴുപത് ആഴ്ചവട്ടങ്ങൾ’ക്കു തുടക്കം കുറിക്കുകയും നസറായനായ യേശു എന്ന മിശിഹായുടെ അഥവാ ക്രിസ്തുവിന്റെ പ്രത്യക്ഷപ്പെടലിന്റെയും മരണത്തിന്റെയും തീയതികൾ സ്ഥിരീകരിക്കുകയും ചെയ്തു.—ദാനീയേൽ 9:24-27; നെഹെമ്യാവു 1:1; 2:1-18.
16. മേദോ-പേർഷ്യൻ ലോകശക്തി അസ്തമിച്ചത് എന്ന്, അന്ന് ആരായിരുന്നു രാജാവ്?
16 അർത്ഥഹ്ശഷ്ടാവ് ഒന്നാമനു ശേഷം പേർഷ്യൻ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ വാഴ്ച നടത്തിയ ആറു രാജാക്കന്മാരിൽ അവസാനത്തെ ആൾ ദാര്യാവേശ് മൂന്നാമൻ ആയിരുന്നു. അവന്റെ ഭരണം പൊ.യു.മു. 331-ൽ പൊടുന്നനെ അവസാനിച്ചു. പുരാതന നീനെവേക്ക് അടുത്തുള്ള ഗ്വാഗാമെലയിൽവെച്ച് അവൻ മഹാനായ അലക്സാണ്ടറിൽനിന്ന് അതിശക്തമായ പരാജയം ഏറ്റുവാങ്ങിയപ്പോൾ ആയിരുന്നു അത്. ഈ പരാജയം നെബൂഖദ്നേസരിന്റെ സ്വപ്നത്തിലെ ബിംബത്തിന്റെ വെള്ളികൊണ്ടുള്ള ഭാഗത്താൽ പ്രതിനിധാനം ചെയ്യപ്പെട്ട മേദോ-പേർഷ്യൻ ലോകശക്തിക്ക് അന്ത്യം കുറിച്ചു. തുടർന്നു വരാനിരുന്ന ലോകശക്തി ചില വിധങ്ങളിൽ ശ്രേഷ്ഠവും മറ്റു ചില വിധങ്ങളിൽ താണതും ആയിരുന്നു. നെബൂഖദ്നേസരിന്റെ സ്വപ്നം ദാനീയേൽ തുടർന്നു വ്യാഖ്യാനിക്കുന്നതു നാം കേൾക്കുമ്പോൾ അതു വ്യക്തമായിത്തീരുന്നു.
വിശാലമെങ്കിലും താണ രാജ്യം
17-19. (എ) താമ്രംകൊണ്ടുള്ള വയറും തുടകളും ഏതു ലോകശക്തിയെ പ്രതിനിധാനം ചെയ്തു, അതിന്റെ ഭരണാധിപത്യം എത്ര വ്യാപകമായിരുന്നു? (ബി) ആരായിരുന്നു അലക്സാണ്ടർ മൂന്നാമൻ? (സി) ഗ്രീക്ക് ഒരു അന്താരാഷ്ട്ര ഭാഷ ആയിത്തീർന്നത് എങ്ങനെ, അത് എന്തിനു തികച്ചും അനുയോജ്യമായിരുന്നു?
17 ആ കൂറ്റൻ ബിംബത്തിന്റെ വയറും തുടകളും “സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വ”മാണെന്നു ദാനീയേൽ നെബൂഖദ്നേസരിനോടു പറഞ്ഞു. (ദാനീയേൽ 2:32, 39) ഈ മൂന്നാമത്തെ രാജ്യം ബാബിലോണിയയ്ക്കും മേദോ-പേർഷ്യയ്ക്കും പിന്നാലെ രംഗപ്രവേശം ചെയ്യുമായിരുന്നു. താമ്രം വെള്ളിയെക്കാൾ മൂല്യം കുറഞ്ഞത് ആയിരിക്കുന്നതുപോലെ ഈ പുതിയ ലോകശക്തി മേദോ-പേർഷ്യയെക്കാൾ താണത് ആയിരിക്കുമായിരുന്നു—യഹോവയുടെ ജനത്തെ വിടുവിക്കുന്നതു പോലെയുള്ള യാതൊരു പദവിയാലും അതു ബഹുമാനിക്കപ്പെടില്ല എന്നതിനാൽത്തന്നെ. എന്നാൽ, ഈ താമ്രസമാന രാജ്യം “സർവ്വഭൂമിയിലും വാഴു”മായിരുന്നു. ബാബിലോണിയയെയോ മേദോ-പേർഷ്യയെയോ അപേക്ഷിച്ച് ഇതു കൂടുതൽ വിസ്തൃതം ആയിരിക്കുമെന്ന് അതു സൂചിപ്പിച്ചു. ഈ ലോകശക്തിയെ കുറിച്ചു ചരിത്ര വസ്തുതകൾ എന്താണു സാക്ഷ്യപ്പെടുത്തുന്നത്?
18 പൊ.യു.മു. 336-ൽ, മാസിഡോണിയൻ സിംഹാസനത്തിന്റെ അവകാശിയായ ശേഷം അധികം താമസിയാതെ, 20 വയസ്സുള്ള, അതിമോഹിയായ അലക്സാണ്ടർ മൂന്നാമൻ ഒരു ജയിച്ചടക്കൽ പരമ്പരയ്ക്കു തുടക്കം കുറിച്ചു. സൈനിക വിജയങ്ങൾ നിമിത്തം അദ്ദേഹം മഹാനായ അലക്സാണ്ടർ എന്നു വിളിക്കപ്പെടാൻ ഇടയായി. ഒന്നിനു പുറകെ ഒന്നായി വിജയം കൊയ്തുകൊണ്ട് അദ്ദേഹം പേർഷ്യൻ സാമ്രാജ്യത്തിലേക്കു കുതിച്ചുകയറി. പൊ.യു.മു. 331-ൽ, ഗ്വാഗാമെല യുദ്ധത്തിൽ അദ്ദേഹം ദാര്യാവേശ് മൂന്നാമനെ തോൽപ്പിച്ചതോടെ പേർഷ്യൻ സാമ്രാജ്യം നിലംപതിക്കാൻ തുടങ്ങി. അലക്സാണ്ടർ ഗ്രീസിനെ ബൈബിൾ ചരിത്രത്തിലെ പുതിയ ലോകശക്തി ആക്കുകയും ചെയ്തു.
19 ഗ്വാഗാമെല വിജയത്തിനു ശേഷം അലക്സാണ്ടർ ബാബിലോൺ, സൂസാ, പെർസെപൊലിസ്, അഹ്മെഥാ എന്നീ പേർഷ്യൻ തലസ്ഥാനങ്ങൾ പിടിച്ചെടുത്തു. പേർഷ്യൻ സാമ്രാജ്യത്തിന്റെ ഇതര ഭാഗങ്ങൾ കീഴടക്കിയ ശേഷം അദ്ദേഹം തന്റെ ജയിച്ചടക്കൽ പശ്ചിമ ഇന്ത്യയിലേക്കു വ്യാപിപ്പിച്ചു. കീഴടക്കപ്പെട്ട ദേശങ്ങളിൽ ഗ്രീക്കു കോളനികൾ സ്ഥാപിതമായി. അങ്ങനെ ഗ്രീക്കു ഭാഷയും സംസ്കാരവും സാമ്രാജ്യത്തിൽ ഉടനീളം വ്യാപിച്ചു. ഗ്രീക്കു സാമ്രാജ്യം അതിനു മുമ്പ് ഉണ്ടായിരുന്ന മറ്റ് എല്ലാ സാമ്രാജ്യങ്ങളെയുംകാൾ വലുതായിത്തീർന്നു. ദാനീയേൽ പ്രവചിച്ചതുപോലെ, താമ്ര രാജ്യം ‘സർവ്വഭൂമിയിലും വാഴ്ച’ നടത്തി. ഗ്രീക്ക് (കൊയ്നി) ഒരു അന്താരാഷ്ട്ര ഭാഷ ആയിത്തീർന്നു എന്നതായിരുന്നു അതിന്റെ ഒരു ഫലം. കൃത്യമായ ആശയപ്രകടനത്തിനുള്ള പ്രാപ്തി നിമിത്തം അതു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ എഴുതാനും ദൈവരാജ്യത്തിന്റെ സുവാർത്ത പ്രചരിപ്പിക്കാനും തികച്ചും അനുയോജ്യമെന്നു തെളിഞ്ഞു.
20. മഹാനായ അലക്സാണ്ടറിന്റെ മരണശേഷം ഗ്രീക്കു സാമ്രാജ്യത്തിന് എന്തു സംഭവിച്ചു?
20 മഹാനായ അലക്സാണ്ടർ എട്ടു വർഷം മാത്രമാണു ലോകഭരണാധിപൻ എന്ന നിലയിൽ ജീവിച്ചിരുന്നത്. ഒരു യുവാവ് ആയിരിക്കെ, 32-ാം വയസ്സിൽ ഒരു വിരുന്നിനെ തുടർന്ന് അദ്ദേഹം രോഗബാധിതനായി. അതിനുശേഷം അധികം താമസിയാതെ പൊ.യു.മു. 323 ജൂൺ 13-ന് അദ്ദേഹം മരിച്ചു. കാലക്രമത്തിൽ അദ്ദേഹത്തിന്റെ വലിയ സാമ്രാജ്യം നാലു പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. ഓരോന്നിലും അദ്ദേഹത്തിന്റെ ഓരോ ജനറൽമാർ ഭരണം നടത്തി. അങ്ങനെ ഒരു വലിയ രാജ്യത്തിൽനിന്നു നാലു രാജ്യങ്ങൾ ഉളവായി. ക്രമേണ അവ റോമൻ സാമ്രാജ്യത്തിൽ ലയിച്ചു. താമ്രസമാന ലോകശക്തി പൊ.യു.മു. 30 വരെ മാത്രമേ നിലനിന്നുള്ളൂ. ആ നാലു രാജ്യങ്ങളിൽ അവസാനത്തേത്—ഈജിപ്തിൽ വാഴ്ച നടത്തിയ ടോളമി രാജവംശം—അന്നു റോമിനു കീഴടങ്ങി.
ഇടിച്ചു തകർക്കുന്ന ഒരു രാജ്യം
21. “നാലാമത്തെ രാജത്വ”ത്തെ ദാനീയേൽ വർണിച്ചത് എങ്ങനെ?
21 സ്വപ്നത്തിൽ കണ്ട ബിംബത്തെ കുറിച്ചുള്ള വിശദീകരണം ദാനീയേൽ തുടർന്നു: “നാലാമത്തെ രാജത്വം [ബാബിലോണും മേദോ-പേർഷ്യയ്ക്കും ഗ്രീസിനും ശേഷമുള്ളത്] ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ; തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.” (ദാനീയേൽ 2:40) തകർക്കാനുള്ള ശക്തിയുടെയും പ്രാപ്തിയുടെയും കാര്യത്തിൽ ഈ ലോകശക്തി ഇരിമ്പുപോലെ ആയിരിക്കുമായിരുന്നു—സ്വർണം, വെള്ളി, താമ്രം എന്നിവയാൽ പ്രതിനിധാനം ചെയ്യപ്പെട്ട സാമ്രാജ്യങ്ങളെക്കാൾ ശക്തമായതുതന്നെ. റോമാ സാമ്രാജ്യം അത്തരമൊരു ശക്തി ആയിരുന്നു.
22. റോമാ സാമ്രാജ്യം ഇരിമ്പുസമാനം ആയിരുന്നത് എങ്ങനെ?
22 റോം ഗ്രീക്കു സാമ്രാജ്യത്തെ ഇടിച്ചുതകർക്കുകയും മേദോ-പേർഷ്യ, ബാബിലോൺ എന്നീ ലോകശക്തികളുടെ ശിഷ്ടഭാഗങ്ങളെ വിഴുങ്ങുകയും ചെയ്തു. യേശുക്രിസ്തു ഉദ്ഘോഷിച്ച ദൈവരാജ്യത്തോടു യാതൊരു ആദരവും കാട്ടാതെ അതു പൊ.യു. 33-ൽ അവനെ ഒരു ദണ്ഡനസ്തംഭത്തിൽ തറച്ചു കൊന്നു. സത്യക്രിസ്ത്യാനിത്വത്തെ തകർക്കാനുള്ള ശ്രമത്തിൽ റോം യേശുവിന്റെ ശിഷ്യന്മാരെ പീഡിപ്പിച്ചു. അതിനു പുറമേ, പൊ.യു. 70-ൽ റോമാക്കാർ യെരൂശലേമും അതിലെ ആലയവും നശിപ്പിച്ചു.
23, 24. ബിംബത്തിന്റെ കാലുകൾ റോമാ സാമ്രാജ്യത്തെ കൂടാതെ മറ്റെന്തിനെയും ചിത്രീകരിക്കുന്നു?
23 നെബൂഖദ്നേസർ കണ്ട സ്വപ്നത്തിലെ ബിംബത്തിന്റെ ഇരിമ്പു കാലുകൾ റോമാ സാമ്രാജ്യത്തെ മാത്രമല്ല, അതിന്റെ രാഷ്ട്രീയ അതിവളർച്ചയെയും ചിത്രീകരിച്ചു. വെളിപ്പാടു 17:10-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകൾ പരിചിന്തിക്കുക: “അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മററവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.” യോഹന്നാൻ അപ്പൊസ്തലൻ ഈ വാക്കുകൾ കുറിക്കുമ്പോൾ അവൻ റോമാക്കാരാൽ നാടുകടത്തപ്പെട്ടു പത്മൊസ് ദ്വീപിൽ കഴിയുകയായിരുന്നു. ഈജിപ്ത്, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ് എന്നിവ ആയിരുന്നു വീണുപോയ അഞ്ചു രാജാക്കന്മാർ അഥവാ ലോകശക്തികൾ. ആറാമത്തേതായ റോമാ സാമ്രാജ്യം അപ്പോഴും അധികാരത്തിൽ ഉണ്ടായിരുന്നു. എന്നാൽ അതും വീഴേണ്ടതായിരുന്നു. റോം പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഒന്നിൽനിന്ന് ഏഴാമത്തെ രാജാവ് ഉയർന്നു വരുമായിരുന്നു. അത് ഏതു ലോകശക്തി ആയിരിക്കുമായിരുന്നു?
24 ഒരിക്കൽ റോമാ സാമ്രാജ്യത്തിന്റെ ഒരു വടക്കുപടിഞ്ഞാറൻ ഭാഗമായിരുന്നു ബ്രിട്ടൻ. 1763 എന്ന വർഷം ആയപ്പോഴേക്കും അതു ബ്രിട്ടീഷ് സാമ്രാജ്യമായി മാറിയിരുന്നു—സപ്ത സാഗരങ്ങളും അടക്കിവാണ ബ്രിട്ടാനിയ തന്നെ. അതിന്റെ 13 അമേരിക്കൻ കോളനികൾ 1776 ആയപ്പോഴേക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അമേരിക്കൻ ഐക്യനാടുകളായി. എന്നാൽ പിൽക്കാല വർഷങ്ങളിൽ, ബ്രിട്ടനും ഐക്യനാടുകളും യുദ്ധത്തിലും സമാധാനത്തിലും പങ്കാളികൾ ആയിത്തീർന്നു. അങ്ങനെ, ബൈബിൾ പ്രവചനത്തിലെ ഏഴാമത്തെ ലോകശക്തിയായി ആംഗ്ലോ-അമേരിക്കൻ സഖ്യം നിലവിൽ വന്നു. റോമാ സാമ്രാജ്യത്തെപ്പോലെ, ഇരിമ്പുസമാന അധികാരം പ്രയോഗിച്ചുകൊണ്ട് അത് “ഇരിമ്പുപോലെ ബലമുള്ളതാ”ണെന്നു തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് സ്വപ്നത്തിലെ ബിംബത്തിന്റെ ഇരിമ്പു കാലുകൾ റോമാ സാമ്രാജ്യത്തെയും ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തിയെയും പ്രതിനിധാനം ചെയ്യുന്നു.
ഉടഞ്ഞുപോകുന്ന ഒരു മിശ്രിതം
25. ബിംബത്തിന്റെ പാദങ്ങളെയും കാൽവിരലുകളെയും കുറിച്ചു ദാനീയേൽ എന്തു പറഞ്ഞു?
25 ദാനീയേൽ നെബൂഖദ്നേസരിനോടു തുടർന്ന് ഇങ്ങനെ പറഞ്ഞു: “കാലും [“പാദവും,” NW] കാൽവിരലും പാതി കളിമണ്ണും പാതി ഇരിമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും. കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ [“മനുഷ്യവർഗ സന്തതികളാൽ,” NW] തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.”—ദാനീയേൽ 2:41-43.
26. പാദങ്ങളും കാൽവിരലുകളും പ്രതിനിധാനം ചെയ്ത ഭരണാധിപത്യം പ്രത്യക്ഷമാകുന്നത് എന്ന്?
26 നെബൂഖദ്നേസർ കണ്ട സ്വപ്നത്തിലെ ബിംബത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെട്ട ലോകശക്തികളുടെ പിന്തുടർച്ച തലയിൽ തുടങ്ങി പാദം വരെ ദീർഘിച്ചു. യുക്ത്യാനുസൃതം, “ഇരിമ്പും കളിമണ്ണും ഇടകലർന്ന” പാദവും കാൽവിരലും, “അന്ത്യകാല”ത്തു നിലവിലിരിക്കുമായിരുന്ന, മാനുഷ ഭരണത്തിന്റെ അന്തിമ പ്രത്യക്ഷതയെ ചിത്രീകരിക്കുമായിരുന്നു.—ദാനീയേൽ 12:4.
27. (എ) ഇരിമ്പും കളിമണ്ണും ഇടകലർന്ന പാദങ്ങളും കാൽവിരലുകളും ഏതു തരം ലോകാവസ്ഥയെ ചിത്രീകരിക്കുന്നു? (ബ) ബിംബത്തിന്റെ പത്തു കാൽവിരലുകൾ എന്തിനെ ചിത്രീകരിക്കുന്നു?
27 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം ഭൂമിയിലെ ജനസംഖ്യയുടെ നാലിൽ ഒന്നിനെ ഭരിച്ചിരുന്നു. മറ്റു യൂറോപ്യൻ സാമ്രാജ്യങ്ങൾ ദശലക്ഷങ്ങളെ നിയന്ത്രിച്ചിരുന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധം സാമ്രാജ്യങ്ങളുടെ സ്ഥാനത്തു രാഷ്ട്ര സംഘങ്ങൾ ഉടലെടുക്കാൻ കാരണമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഈ പ്രവണതയ്ക്ക് ആക്കംകൂടി. ദേശീയത കൂടുതലായി വളർന്നതോടെ, ലോക രാഷ്ട്രങ്ങളുടെ എണ്ണം ശ്രദ്ധേയമാംവണ്ണം വർധിച്ചു. ബിംബത്തിന്റെ പത്തു കാൽവിരലുകൾ ഈ എല്ലാ സമകാലീക ശക്തികളെയും ഗവൺമെന്റുകളെയും ചിത്രീകരിക്കുന്നു. കാരണം, ബൈബിളിൽ പത്ത് എന്ന സംഖ്യ ചില അവസരങ്ങളിൽ ഭൗമിക സമ്പൂർണതയെ അർഥമാക്കുന്നു.—പുറപ്പാടു 34:28; മത്തായി 25:1; വെളിപ്പാടു 2:10 എന്നിവ താരതമ്യം ചെയ്യുക.
28, 29. (എ) ദാനീയേൽ പറയുന്നതനുസരിച്ച്, കളിമണ്ണ് എന്തിനെ പ്രതിനിധാനം ചെയ്തു? (ബി) ഇരിമ്പും കളിമണ്ണും കൂട്ടിക്കലർത്തുന്നതിനെ കുറിച്ച് എന്തു പറയാവുന്നതാണ്?
28 നാം ഇപ്പോൾ ജീവിക്കുന്നത് ‘അന്ത്യകാലത്ത്’ ആയതിനാൽ, നാം ബിംബത്തിന്റെ പാദത്തിങ്കൽ എത്തിച്ചേർന്നിരിക്കുന്നു. ബിംബത്തിന്റെ ഇരിമ്പും കളിമണ്ണും ഇടകലർന്ന പാദത്താലും കാൽവിരലുകളാലും ചിത്രീകരിക്കപ്പെടുന്ന ഗവൺമെന്റുകളിൽ ചിലത് ഇരിമ്പു സമാനമാണ്, അഥവാ ഏകാധിപത്യപരമോ സ്വേച്ഛാധിപത്യപരമോ ആണ്. മറ്റുള്ളവ കളിമൺ സമാനമാണ്. ഏതു വിധത്തിൽ? ദാനീയേൽ കളിമണ്ണിനെ “മനുഷ്യവർഗ സന്തതിക”ളുമായി ബന്ധപ്പെടുത്തി. (ദാനീയേൽ 2:43, NW) മനുഷ്യവർഗ സന്തതികളെ മെനഞ്ഞിരിക്കുന്ന കളിമണ്ണിന് ഉടഞ്ഞുപോകുന്ന സ്വഭാവം ഉണ്ടെങ്കിലും, തങ്ങളെ ഭരിക്കുന്ന ഗവൺമെന്റുകളിൽ സ്വാധീനം ചെലുത്താൻ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളെ ശ്രദ്ധിക്കാൻ പരമ്പരാഗത ഇരിമ്പുസമാന ഭരണാധിപത്യങ്ങൾ അധികമധികം നിർബന്ധിതമായിട്ടുണ്ട്. (ഇയ്യോബ് 10:9) എന്നാൽ, ഇരിമ്പും കളിമണ്ണും തമ്മിൽ കൂടിച്ചേരാത്തതുപോലെ, ഏകാധിപത്യ ഭരണവും സാധാരണ ജനങ്ങളും തമ്മിൽ ചേരുന്നില്ല. ബിംബത്തിന്റെ പതന സമയത്ത് തീർച്ചയായും ലോകം രാഷ്ട്രീയമായി തകർന്നു ശിഥിലമാകും!
29 പാദങ്ങളുടെയും വിരലുകളുടെയും വിഭജിതാവസ്ഥ മുഴു ബിംബത്തിന്റെയും തകർച്ചയ്ക്കു കാരണമാകുമോ? ആ ബിംബത്തിന് എന്തു സംഭവിക്കും?
ഒരു നാടകീയ പാരമ്യം!
30. നെബൂഖദ്നേസരിന്റെ സ്വപ്നത്തിന്റെ പാരമ്യം വർണിക്കുക.
30 സ്വപ്നത്തിന്റെ പാരമ്യം പരിഗണിക്കുക. രാജാവിനോടു ദാനീയേൽ ഇങ്ങനെ പറഞ്ഞു: “കൈകൊണ്ടല്ലാതെ ഒരു കല്ല് വെട്ടിയെടുക്കപ്പെടുന്നതുവരെ അങ്ങു നോക്കിക്കൊണ്ടേയിരുന്നു. അതു ബിംബത്തിന്റെ ഇരിമ്പും കളിമണ്ണും കൊണ്ടുള്ള പാദങ്ങളിൽ ഇടിച്ച് അവയെ തകർത്തുകളഞ്ഞു. ആ സമയത്ത്, ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും സ്വർണവും എല്ലാം ഒന്നിച്ചു തകർന്നു വേനൽക്കാലത്തെ കളത്തിലെ പതിർപോലെ ആയിത്തീർന്നു. അവയുടെ കണികപോലും കാണാതവണ്ണം കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി. ബിംബത്തെ ഇടിച്ച കല്ലാണെങ്കിൽ, അത് ഒരു മഹാപർവതമായി മുഴു ഭൂമിയിലും നിറഞ്ഞു.”—ദാനീയേൽ 2:34, 35, NW.
31, 32. നെബൂഖദ്നേസരിന്റെ സ്വപ്നത്തിന്റെ അന്തിമ ഭാഗത്തെ കുറിച്ച് എന്തു മുൻകൂട്ടി പറയപ്പെട്ടു?
31 പ്രവചനം തുടർന്ന് ഇങ്ങനെ വിശദീകരിച്ചു: “ആ രാജാക്കന്മാരുടെ കാലത്തു സ്വർഗസ്ഥനായ ദൈവം ഒരുനാളും നശിപ്പിക്കപ്പെടാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനത്തിനും കൈമാറപ്പെടില്ല. അത് ഈ രാജ്യങ്ങളെ എല്ലാം തകർത്ത് അവസാനിപ്പിക്കുകയും അനിശ്ചിത കാലത്തോളം നിലനിൽക്കുകയും ചെയ്യും; പർവതത്തിൽനിന്നു കൈകൊണ്ടല്ലാതെ ഒരു കല്ല് വെട്ടിയെടുക്കപ്പെടുകയും അത് ഇരിമ്പ്, താമ്രം, കളിമണ്ണ്, വെള്ളി, സ്വർണം എന്നിവയെ തകർത്തുകളയുകയും ചെയ്തതായി നീ കണ്ടതുപോലെ തന്നെ. ഇതിനു ശേഷം എന്തു സംഭവിക്കുമെന്നു മഹാദൈവംതന്നെ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നം ആശ്രയയോഗ്യവും അതിന്റെ വ്യാഖ്യാനം വിശ്വസനീയവും ആകുന്നു.”—ദാനീയേൽ 2:44, 45, NW.
32 ദാനീയേൽ സ്വപ്നവും അതിന്റെ അർഥവും വിശദീകരിച്ചപ്പോൾ, ദാനീയേലിന്റെ ദൈവം മാത്രമാണു “രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും” എന്നു നെബൂഖദ്നേസർ സമ്മതിച്ചു. രാജാവ് ദാനീയേലിനും അവന്റെ മൂന്ന് എബ്രായ കൂട്ടാളികൾക്കും വലിയ ഉത്തരവാദിത്വ സ്ഥാനങ്ങളും നൽകി. (ദാനീയേൽ 2:46-49) എന്നാൽ, ദാനീയേലിന്റെ ‘വിശ്വസനീയ വ്യാഖ്യാന’ത്തിന് ആധുനിക കാലത്ത് എന്തു പ്രസക്തിയാണുള്ളത്?
‘ഒരു പർവതം ഭൂമിയിൽ നിറയുന്നു’
33. ഏതു “പർവത”ത്തിൽ നിന്നാണ് “കല്ല്” വെട്ടിയെടുക്കപ്പെട്ടത്, അത് എപ്പോൾ, എങ്ങനെ സംഭവിച്ചു?
33 1914 ഒക്ടോബറിൽ “ജനതകളുടെ നിയമിത കാലങ്ങൾ” അവസാനിച്ചപ്പോൾ, “സ്വർഗസ്ഥനായ ദൈവം” തന്റെ അഭിഷിക്ത പുത്രനായ യേശുക്രിസ്തുവിനെ “രാജാധിരാജാവും കർത്താധികർത്താവും” എന്ന നിലയിൽ സിംഹാസനസ്ഥൻ ആക്കിക്കൊണ്ടു സ്വർഗീയ രാജ്യം സ്ഥാപിച്ചു.a (ലൂക്കൊസ് 21:24, NW; വെളിപ്പാടു 12:1-5; 19:16) അതുകൊണ്ട്, യഹോവയുടെ സാർവത്രിക പരമാധികാരമാകുന്ന “പർവത”ത്തിൽനിന്നു മിശിഹൈക രാജ്യമായ “കല്ല്” വെട്ടിയെടുക്കപ്പെട്ടതു മനുഷ്യ കരങ്ങളാൽ ആയിരുന്നില്ല, പ്രത്യുത ദിവ്യ ശക്തിയാൽ ആയിരുന്നു. ദൈവം അമർത്യത നൽകിയിരിക്കുന്ന യേശുക്രിസ്തുവിന്റെ കരങ്ങളിലാണ് ഈ സ്വർഗീയ ഗവൺമെന്റ്. (റോമർ 6:9; 1 തിമൊഥെയൊസ് 6:15, 16) അതുകൊണ്ട്, യഹോവയുടെ സാർവത്രിക പരമാധികാരത്തിന്റെ ഒരു പ്രകടനമായ, “നമ്മുടെ കർത്താവിന്റെയും [ദൈവത്തിന്റെയും] അവന്റെ ക്രിസ്തുവിന്റെയും രാജ്യം” മറ്റൊരുവനും കൈമാറപ്പെടില്ല. അത് എന്നേക്കും നിലനിൽക്കും.—വെളിപ്പാടു 11:15.
34. ദൈവരാജ്യത്തിന്റെ ജനനം “ആ രാജാക്കന്മാരുടെ കാലത്ത്” നടന്നത് എങ്ങനെ?
34 “ആ രാജാക്കന്മാരുടെ കാല”ത്തായിരുന്നു രാജ്യത്തിന്റെ ജനനം. (ദാനീയേൽ 2:44, NW) ബിംബത്തിന്റെ പത്തു കാൽവിരലുകളാൽ ചിത്രീകരിക്കപ്പെട്ട രാജാക്കന്മാർ മാത്രമായിരുന്നില്ല അവർ, പിന്നെയോ ഇരിമ്പും താമ്രവും വെള്ളിയും സ്വർണവും കൊണ്ടുള്ള ഭാഗങ്ങളാൽ ചിത്രീകരിക്കപ്പെട്ടവരും അവരിൽ ഉൾപ്പെട്ടിരുന്നു. ബാബിലോൺ, പേർഷ്യ, ഗ്രീസ്, റോം എന്നീ സാമ്രാജ്യങ്ങൾ ലോകശക്തികൾ അല്ലാതായെങ്കിലും 1914-ലും അവയുടെ ശിഷ്ടഭാഗങ്ങൾ സ്ഥിതിചെയ്തിരുന്നു. അന്ന് ടർക്കിഷ് ഒട്ടോമൻ സാമ്രാജ്യം ബാബിലോണിയൻ പ്രദേശം അധീനപ്പെടുത്തിയിരുന്നു. പേർഷ്യ (ഇറാൻ), ഗ്രീസ്, ഇറ്റലിയിലെ റോം എന്നിവിടങ്ങളിൽ ദേശീയ ഗവൺമെന്റുകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു.
35. “കല്ല്” ബിംബത്തെ എന്നായിരിക്കും പ്രഹരിക്കുക, ബിംബത്തിന്റെ തകർച്ച എത്ര പൂർണമായിരിക്കും?
35 ദൈവത്തിന്റെ സ്വർഗീയ രാജ്യം താമസിയാതെ പ്രതീകാത്മക ബിംബത്തിന്റെ പാദങ്ങളിൽ പ്രഹരിക്കും. തത്ഫലമായി, അതിനാൽ ചിത്രീകരിക്കപ്പെടുന്ന എല്ലാ രാജ്യങ്ങളും തകർന്നു തരിപ്പണമാകും. തീർച്ചയായും, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തി”ൽ, പ്രസ്തുത ബിംബം പൊടിയായി തീരത്തക്കവിധം ആ “കല്ല്” അതിനെ അത്ര ശക്തമായി പ്രഹരിക്കും. തുടർന്ന് ദൈവത്തിന്റെ കൊടുങ്കാറ്റ് അവയെ കളത്തിലെ പതിർപോലെ പറപ്പിച്ചുകളയുകയും ചെയ്യും. (വെളിപ്പാടു 16:14, 16) അതിനുശേഷം കല്ല് ഒരു പർവതത്തിന്റെ വലിപ്പത്തിൽ വളർന്ന് മുഴുഭൂമിയിലും നിറഞ്ഞതുപോലെ, ദൈവരാജ്യം “ഭൂമിയിൽ ഒക്കെയും” സ്വാധീനം ചെലുത്തുന്ന ഭരണകൂട പർവതം ആയിത്തീരും.—ദാനീയേൽ 2:35.
36. മിശിഹൈക രാജ്യത്തെ ഒരു സുസ്ഥിര ഗവൺമെന്റ് എന്നു വിളിക്കാവുന്നത് എന്തുകൊണ്ട്?
36 മിശിഹൈക രാജ്യം സ്വർഗീയമാണെങ്കിലും, ഭൂമിയിലെ അനുസരണമുള്ള മുഴു നിവാസികളുടെയും അനുഗ്രഹത്തിനായി അത് അതിന്റെ അധികാരം നമ്മുടെ ഭൂഗോളത്തിലേക്കു വ്യാപിപ്പിക്കും. ഈ സുസ്ഥിര ഗവൺമെന്റ് “ഒരുനാളും നശിപ്പിക്കപ്പെടാത്ത”തും “മറ്റൊരു ജനത്തിനും കൈമാറപ്പെ”ടാത്തതും ആയിരിക്കും. മർത്യരായ മാനുഷ ഭരണാധിപന്മാരുടെ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി അത് “അനിശ്ചിത കാലത്തോളം” അതേ, എന്നേക്കും ‘നിലനിൽക്കും.’ (ദാനീയേൽ 2:44, NW) എന്നുമെന്നും അതിലെ ഒരു പ്രജ ആയിരിക്കാനുള്ള പദവി നിങ്ങൾക്ക് ഉണ്ടായിരിക്കട്ടെ.
[അടിക്കുറിപ്പുകൾ]
a ഈ പുസ്തകത്തിന്റെ 6-ാം അധ്യായം കാണുക.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• നെബൂഖദ്നേസരിന്റെ സ്വപ്നത്തിലെ വലിയ ബിംബത്തിന്റെ വ്യത്യസ്ത ഭാഗങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ലോകശക്തികൾ ഏവ?
• ഇരിമ്പും കളിമണ്ണും ഇടകലർന്ന പാദങ്ങളും പത്തു കാൽവിരലുകളും ഏതു ലോകാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു?
• എപ്പോൾ, ഏതു “പർവത”ത്തിൽനിന്നാണ് “കല്ല്” വെട്ടിയെടുക്കപ്പെട്ടത്?
• “കല്ല്” ബിംബത്തെ എപ്പോൾ പ്രഹരിക്കും?
[63-67 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
യോദ്ധാവായ ഒരു രാജാവ് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നു
ബാബിലോണിന്റെ കിരീടാവകാശിയായ രാജകുമാരനും സൈന്യവും സിറിയയിലെ കർക്കെമീശിൽവെച്ച് ഫറവോൻ നെഖോയുടെ ഈജിപ്ഷ്യൻ സേനയെ ഛിന്നഭിന്നമാക്കുന്നു. പരാജിതരായ ഈജിപ്തുകാർ തെക്കോട്ടു സ്വദേശം ലക്ഷ്യമാക്കി പായുന്നു. ബാബിലോണിയർ അവരെ പിന്തുടരുന്നു. എന്നാൽ ബാബിലോണിൽനിന്നുള്ള ഒരു സന്ദേശം തിരിച്ചുപോകാൻ ജയശാലിയായ രാജകുമാരനെ നിർബന്ധിതനാക്കുന്നു. അവന്റെ പിതാവായ നെബൊപോളസ്സർ മരിച്ചു എന്നതായിരുന്നു സന്ദേശം. തടവുകാരോടൊപ്പം കൊള്ളമുതലും കൊണ്ടുവരാനുള്ള ഉത്തരവാദിത്വം തന്റെ ജനറൽമാരെ ഏൽപ്പിച്ചിട്ടു നെബൂഖദ്നേസർ പെട്ടെന്നു നാട്ടിലേക്കു മടങ്ങിവന്ന് തന്റെ പിതാവു വെച്ചൊഴിഞ്ഞ സിംഹാസനം കയ്യേൽക്കുന്നു.
അങ്ങനെ പൊ.യു.മു. 624-ൽ ബാബിലോണിയൻ സിംഹാസനത്തിൽ അവരോധിതനായ നെബൂഖദ്നേസർ നവബാബിലോണിയൻ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഭരണാധിപനായി. ഒരിക്കൽ അസീറിയൻ ലോകശക്തിയുടെ അധീനതയിൽ ആയിരുന്ന പ്രദേശങ്ങൾ 43 വർഷം ദീർഘിച്ച തന്റെ ഭരണകാലത്ത് അവൻ കൈവശപ്പെടുത്തി. സിറിയ പിടിച്ചെടുത്തുകൊണ്ടു വടക്കോട്ടും പാലസ്തീൻ പിടിച്ചെടുത്തുകൊണ്ടു പടിഞ്ഞാറോട്ട് ഈജിപ്തിന്റെ അതിർത്തിവരെയും അവൻ തന്റെ സാമ്രാജ്യം വികസിപ്പിച്ചു.—ഭൂപടം കാണുക.
തന്റെ വാഴ്ചയുടെ 4-ാം ആണ്ടിൽ (പൊ.യു.മു. 620) നെബൂഖദ്നേസർ യഹൂദയെ തന്റെ സാമന്ത രാജ്യമാക്കി. (2 രാജാക്കന്മാർ 24:1) മൂന്നു വർഷം കഴിഞ്ഞപ്പോൾ, യഹൂദന്മാരുടെ മത്സരം നിമിത്തം ബാബിലോൺ യെരൂശലേമിനെ ഉപരോധിച്ചു. നെബൂഖദ്നേസർ യെഹോയാക്കീമിനെയും ദാനീയേലിനെയും മറ്റുള്ളവരെയും ബന്ദികളാക്കി. യഹോവയുടെ ആലയത്തിൽനിന്നു കുറെ പാത്രങ്ങളും അവൻ കൊണ്ടുപോയി. യെഹോയാക്കീമിന്റെ ചിറ്റപ്പനായ സിദെക്കീയാവിനെ അവൻ യഹൂദയിലെ സാമന്ത രാജാവാക്കി.—2 രാജാക്കന്മാർ 24:2-17; ദാനീയേൽ 1:6, 7.
കുറേക്കാലം കഴിഞ്ഞപ്പോൾ, ഈജിപ്തുമായി സഖ്യം സ്ഥാപിച്ചുകൊണ്ട് സിദെക്കീയാവും മത്സരിച്ചു. യെരൂശലേമിനെ വീണ്ടും ഉപരോധിച്ച നെബൂഖദ്നേസർ പൊ.യു.മു. 607-ൽ അതിന്റെ മതിൽ ഇടിച്ചു തകർത്ത് ആലയത്തിനു തീ വെച്ച് ആ നഗരം നശിപ്പിച്ചു. അവൻ സിദെക്കീയാവിന്റെ പുത്രന്മാരെ എല്ലാവരെയും കൊല്ലുകയും അവന്റെ കണ്ണു പൊട്ടിക്കുകയും അവനെ ബന്ധിച്ചു ബാബിലോണിലേക്കു തടവുകാരനായി കൊണ്ടുപോകുകയും ചെയ്തു. നെബൂഖദ്നേസർ ജനങ്ങളിൽ മിക്കവരെയും ബന്ദികളായി പിടിച്ചു. അവശേഷിച്ച ആലയ ഉപകരണങ്ങളും അവൻ ബാബിലോണിലേക്കു കൊണ്ടുപോയി. “ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.”—2 രാജാക്കന്മാർ 24:18–25:21.
നെബൂഖദ്നേസർ സോർ നഗരത്തെ ഉപരോധിച്ച് അതിനെയും കീഴടക്കി. ആ ഉപരോധം 13 വർഷം നീണ്ടുനിന്നു. ആ ഉപരോധ സമയത്ത് ഹെൽമറ്റുമായി ഉരസി അവന്റെ യോദ്ധാക്കളുടെ തല “കഷണ്ടിയായി.” ഉപരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച വസ്തുക്കൾ ചുമന്ന് അവരുടെ തോളിലെ “തോലുരിഞ്ഞുപോയി.” (യെഹെസ്കേൽ 29:18) ഒടുവിൽ, സോർ ബാബിലോണിയൻ സേനയ്ക്കു കീഴടങ്ങി.
സ്പഷ്ടമായും, ബാബിലോൺ രാജാവ് ബുദ്ധിശാലിയായ ഒരു സൈനിക തന്ത്രജ്ഞൻ ആയിരുന്നു. ചില സാഹിത്യ കൃതികൾ, വിശേഷിച്ചും ബാബിലോണിയൻ ഉത്ഭവമുള്ളവ, അവനെ നീതിനിഷ്ഠനായ ഒരു രാജാവായി ചിത്രീകരിക്കുകയും ചെയ്യുന്നു. നെബൂഖദ്നേസർ നീതിനിഷ്ഠൻ ആയിരുന്നെന്നു തിരുവെഴുത്തുകൾ വ്യക്തമായി പറയുന്നില്ലെങ്കിലും, “ബാബേൽ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ,” മത്സരിച്ചവൻ ആണെങ്കിലും സിദെക്കീയാവിനോടു മാന്യമായി പെരുമാറുമെന്ന് യിരെമ്യാ പ്രവാചകൻ പറഞ്ഞു. (യിരെമ്യാവു 38:17, 18) യെരൂശലേമിന്റെ നാശത്തെ തുടർന്ന് നെബൂഖദ്നേസർ യിരെമ്യാവിനോട് ആദരവോടെ ഇടപെട്ടു. യിരെമ്യാവിനെ കുറിച്ച് രാജാവ് ഇപ്രകാരം കൽപ്പിച്ചു: “നീ അവനെ വരുത്തി, അവന്റെമേൽ ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക.”—യിരെമ്യാവു 39:11, 12; 40:1-4.
ഒരു ഭരണാധികാരി എന്ന നിലയിൽ, നെബൂഖദ്നേസർ ദാനീയേലിന്റെയും കൂട്ടാളികളായ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്-നെഗോവിന്റെയും—അവരുടെ എബ്രായ പേരുകൾ യഥാക്രമം ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിങ്ങനെ ആയിരുന്നു—ഗുണങ്ങളും പ്രാപ്തികളും വേഗം തിരിച്ചറിഞ്ഞു. തന്മൂലം രാജാവ് അവരെ തന്റെ രാജ്യത്ത് ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ആക്കി.—ദാനീയേൽ 1:6, 7, 19-21; 2:49.
നെബൂഖദ്നേസരിന്റെ മതഭക്തി പ്രധാനമായും മുഖ്യ ബാബിലോണിയൻ ദേവനായിരുന്ന മർദൂക്കിനോട് ആയിരുന്നു. അവൻ തന്റെ എല്ലാ ജയിച്ചടക്കലുകളുടെയും ബഹുമതി മർദൂക്കിനു നൽകി. അവൻ ബാബിലോണിൽ മർദൂക്കിന്റെയും മറ്റു നിരവധി ബാബിലോണിയൻ ദേവന്മാരുടെയും ക്ഷേത്രങ്ങൾ പണിയുകയും മോടിപിടിപ്പിക്കുകയും ചെയ്തു. ദൂരാ സമഭൂമിയിൽ സ്ഥാപിച്ച സ്വർണ ബിംബം മർദൂക്കിനു സമർപ്പിക്കപ്പെട്ടത് ആയിരുന്നിരിക്കാം. തന്റെ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുന്ന കാര്യത്തിൽ നെബൂഖദ്നേസർ ഭാവികഥനവിദ്യയിൽ അത്യധികം ആശ്രയിച്ചിരുന്നതായി തോന്നുന്നു.
അക്കാലത്തെ ഏറ്റവും വലിയ മതിലുകളോടു കൂടിയ ബാബിലോണിനെ പുനരുദ്ധരിച്ചതിലും നെബൂഖദ്നേസർ അഭിമാനംകൊണ്ടിരുന്നു. തന്റെ പിതാവ് നിർമാണം തുടങ്ങിവെച്ച നഗരത്തിന്റെ ഭീമാകാരമായ ഇരട്ട ഭിത്തി പൂർത്തിയാക്കിയതോടെ നെബൂഖദ്നേസർ തന്റെ തലസ്ഥാനത്തെ പ്രത്യക്ഷത്തിൽ അജയ്യമാക്കി. രാജാവ് നഗര മധ്യത്തിലെ ഒരു പഴയ കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും ഏകദേശം രണ്ടു കിലോമീറ്റർ വടക്കു മാറി ഒരു വേനൽക്കാല കൊട്ടാരം പണിയുകയും ചെയ്തു. മാതൃദേശത്തെ വനങ്ങളും കുന്നുകളും കാണാൻ കൊതിച്ച മേദ്യക്കാരിയായ തന്റെ രാജ്ഞിയെ പ്രീതിപ്പെടുത്താൻ നെബൂഖദ്നേസർ, പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന തൂങ്ങുന്ന ഉദ്യാനങ്ങൾ (hanging gardens) നിർമിച്ചെന്നു പറയപ്പെടുന്നു.
ഒരിക്കൽ ബാബിലോണിയൻ രാജകൊട്ടാരത്തിലൂടെ ഉലാത്തവേ, “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ” എന്നു രാജാവു വമ്പു പറഞ്ഞു. “ഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ” അവനു ബുദ്ധിഭ്രമം പിടിച്ചു. ദാനീയേൽ മുൻകൂട്ടി പറഞ്ഞിരുന്നതു പോലെതന്നെ, അവൻ ഏഴു വർഷത്തേക്കു ഭരണം നടത്താൻ കഴിയാതെ പുല്ലുതിന്നു ജീവിച്ചു. ആ കാലം അവസാനിച്ചപ്പോൾ രാജ്യം വീണ്ടും നെബൂഖദ്നേസരിന്റെ കരങ്ങളിലായി. തുടർന്ന് പൊ.യു.മു. 582-ൽ തന്റെ മരണംവരെ അവൻ വാഴ്ച നടത്തി.—ദാനീയേൽ 4:30-36.
നിങ്ങൾ എന്തു ഗ്രഹിച്ചു?
പിൻവരുന്ന നിലകളിൽ നെബൂഖദ്നേസരിനെ കുറിച്ച് എന്തു പറയാനാകും?
• ഒരു സൈനിക തന്ത്രജ്ഞൻ
• ഒരു ഭരണാധിപൻ
• മർദൂക്കിന്റെ ഒരു ആരാധകൻ
• ഒരു നിർമാതാവ്
[ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ബാബിലോണിയൻ സാമ്രാജ്യം
ചെങ്കടൽ
യെരൂശലേം
യൂഫ്രട്ടീസ് നദി
ടൈഗ്രീസ് നദി
നീനെവേ
സൂസാ
ബാബിലോൺ
ഊർ
[ചിത്രം]
ബാബിലോൺ, അക്കാലത്തെ ഏറ്റവും വലിയ മതിലുകളോടു കൂടിയ നഗരം
[ചിത്രം]
മർദൂക്കിന്റെ ചിഹ്നമായിരുന്നു വ്യാളി
[ചിത്രം]
ബാബിലോണിലെ പ്രസിദ്ധമായ തൂങ്ങുന്ന ഉദ്യാനങ്ങൾ
[56-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ദാനീയേൽ പ്രവചനത്തിലെ ലോകശക്തികൾ
പടുകൂറ്റൻ ബിംബം (ദാനീയേൽ 2:31-45)
ബാബിലോണിയ പൊ.യു.മു. 607 മുതൽ
മേദോ-പേർഷ്യ പൊ.യു.മു. 539 മുതൽ
ഗ്രീസ് പൊ.യു.മു. 331 മുതൽ
റോം പൊ.യു.മു. 30 മുതൽ
ആംഗ്ലോ-അമേരിക്കൻ ലോകശക്തി പൊ.യു. 1763 മുതൽ
രാഷ്ട്രീയമായി ഭിന്നിച്ച ലോകം അന്ത്യകാലത്ത്
[47-ാം പേജ് നിറയെയുള്ള ചിത്രം]
[58-ാം പേജ് നിറയെയുള്ള ചിത്രം]