സിംഹം—ആഫ്രിക്കയിലെ സടയുള്ള മാർജാര രാജൻ
കെനിയയിലെ “ഉണരുക!” ലേഖകൻ
ആഫ്രിക്കയിലെ സെരങ്കെറ്റി സമതലത്തിൽ ബാലസൂര്യൻ കിരണങ്ങൾ വാരിവിതറുന്നു. രാവിലത്തെ കുളിർ കാറ്റിൽ ഞങ്ങൾ ലാൻഡ് റോവറിൽ ഇരുന്ന് സിംഹികളും കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു പറ്റത്തെ നിരീക്ഷിക്കുകയാണ്. അവയുടെ മഞ്ഞകലർന്ന തവിട്ടുനിറത്തിലുള്ള മിനുമിനുത്ത കുപ്പായം ഉണങ്ങിക്കരിഞ്ഞ നീളൻ പുല്ലിനോടു നന്നായി ഇണങ്ങും. സിംഹക്കുട്ടികൾ കളിപ്രിയരും ഊർജസ്വലരും ആണ്. അവ സിംഹികളുടെ പൊണ്ണൻ ശരീരങ്ങൾക്കു ചുറ്റും ഓടിച്ചാടി കളിക്കുന്നു. സിംഹികളാകട്ടെ അവയുടെ കോമാളിത്തരം ഗൗനിക്കുന്ന ഭാവമേ ഇല്ല.
സിംഹക്കൂട്ടം പെട്ടെന്നു നിശ്ചലമാവുന്നു. അവയുടെ നോട്ടം ദൂരെ എവിടെയോ ആണ്. വണ്ടിയിലിരുന്നു ഞങ്ങൾ അവയുടെ നോട്ടം പിന്തുടർന്നു. അവ എന്തിനെയാണു നോക്കുന്നതെന്നു ഞങ്ങൾക്കു പിടികിട്ടി. പ്രഭാത വെളിച്ചത്തിൽ അതികായനായ ഒരു ആൺസിംഹത്തിന്റെ മനോഹര രൂപം ദൃശ്യമാവുന്നു. ഞങ്ങളുടെയും അവന്റെയും കണ്ണുകൾ തമ്മിൽ ഉടക്കുന്നു, അവൻ ഞങ്ങളെ തുറിച്ചുനോക്കുകയാണ്. ഞങ്ങളുടെ ശരീരം വിറകൊണ്ടു. രാവിലത്തെ തണുപ്പേറ്റല്ല, അവൻ ഞങ്ങളെ നോട്ടമിടുന്നതു കണ്ട്. പേടിപ്പെടുത്തുന്ന രൂപമാണെങ്കിലും അവൻ കാഴ്ചയ്ക്കു സുന്ദരനാണ്. കറുത്ത വരകളോടുകൂടിയ സ്വർണനിറത്തിലുള്ള ഇടതൂർന്ന സട അവന്റെ വലിയ തലയെ ആവരണം ചെയ്യുന്നു. തവിട്ടുമഞ്ഞ നിറത്തിലുള്ള അവന്റെ വലിയ കണ്ണുകളിൽ ജാഗ്രത നിഴലിക്കുന്നു. എന്നാൽ, പെട്ടെന്ന് സ്വന്തം കുടുംബം അവന്റെ ശ്രദ്ധ ആകർഷിക്കുന്നു. പിന്നെ അവരിലേക്കായി അവന്റെ നോട്ടം, അവരുടെ അടുത്തേക്ക് അവൻ നീങ്ങുകയായി.
അന്തസ്സുറ്റ, രാജകീയ നടത്തമാണ് അവന്റേത്. ഒന്നു തിരിഞ്ഞുപോലും നോക്കാതെ അവൻ ഞങ്ങളുടെ വാഹനത്തിന്റെ മുമ്പിലൂടെ നടന്ന് സിംഹികളുടെയും കുഞ്ഞുങ്ങളുടെയും അടുത്തെത്തുന്നു. അവയെല്ലാം എഴുന്നേറ്റ് അവനെ വരവേൽക്കുന്നു. പിന്നെ മാർജാര വർഗത്തിന്റെ സവിശേഷ രീതിയിൽ, ഓരോരുത്തരായി അവന്റെ ബലിഷ്ഠമായ മോന്തയിൽ കവിൾ ഉരുമ്മി അഭിവാദ്യം ചെയ്യുന്നു. സിംഹക്കൂട്ടത്തിന് ഇടയിലേക്കു ചെല്ലുന്ന അവൻ നടന്നു ക്ഷീണിച്ചെന്നവണ്ണം നിലത്തേക്കുവീണു മലർന്നു കിടക്കുന്നു. തുടർന്ന് മുഴുപറ്റവും മയക്കത്തിലേക്കു വഴുതി വീഴുകയായി. പ്രഭാത സൂര്യന്റെ ഇളം ചൂടുള്ള കിരണങ്ങൾ അവയെ തൊട്ടു തലോടുന്നു. കാറ്റത്ത് ഉലയുന്ന പൊൻനിറമുള്ള പുൽപ്പരപ്പിൽ ഞങ്ങൾ സമാധാനത്തിന്റെയും സംതൃപ്തിയുടെയും ഒരു അന്തരീക്ഷം ദർശിക്കുന്നു.
കൗതുകമുണർത്തുന്ന ഹൃദയഹാരിയായ ഒരു മൃഗം
ഒരുപക്ഷേ സിംഹത്തെ പോലെ മറ്റൊരു മൃഗവും മനുഷ്യന്റെ ഭാവനയെ ഇത്രമാത്രം തൊട്ടുണർത്തിയിട്ടുണ്ടാവില്ല. ദീർഘനാൾ മുമ്പ്, ആഫ്രിക്കൻ കലാകാരന്മാർ, ഇര തേടുന്ന സിംഹങ്ങളുടെ ചിത്രങ്ങൾ വരച്ച് ശിലകളെ അലങ്കരിച്ചിരുന്നു. പൂർണമായി വളർന്ന സടയുള്ള സിംഹങ്ങളുടെ കൂറ്റൻ കൽ പ്രതിമകൾകൊണ്ട് പുരാതനകാലത്തെ കൊട്ടാരങ്ങളും ദേവാലയങ്ങളും അലങ്കരിച്ചിരുന്നു. ഇന്നാണെങ്കിൽ, ഹൃദയഹാരിയായ ഈ മാർജാര വർഗത്തെ കാണാൻ ആളുകൾ മൃഗശാലകളിലേക്ക് ഒഴുകുന്നു. സിംഹം പുസ്തകങ്ങളിലും ചലച്ചിത്രങ്ങളിലും വിശേഷവത്കരിക്കപ്പെട്ടിട്ടുണ്ട്. അതിന് ഉദാഹരണമാണ് ബോൺ ഫ്രീ. ആദ്യം പുസ്തകത്തിന്റെ രൂപത്തിലും പിന്നീട് ചലച്ചിത്രത്തിന്റെ രൂപത്തിലും അതു പുറത്തുവന്നു. കൂട്ടിനുള്ളിൽ വളർത്തുകയും ഒടുവിൽ തുറന്നു വിടുകയും ചെയ്ത അനാഥനായ ഒരു സിംഹക്കുട്ടിയെ കുറിച്ചുള്ള യഥാർഥ വിവരണമാണ് അത്. കൂടാതെ, ദുഷ്ടനായ നരഭോജി എന്ന നിലയിൽ സിംഹത്തിന് കഥകളിൽ വില്ലന്റെ പരിവേഷം നൽകിയിട്ടുണ്ട്—ഭാഗികമായി ഇതു സത്യമാണ്. സിംഹം കൗതുകമുണർത്തുന്ന ഹൃദയഹാരിയായ ഒരു മൃഗമായി നിലകൊള്ളുന്നതിൽ അതിശയമില്ല!
സിംഹങ്ങൾക്ക് അങ്ങേയറ്റം ആക്രമണകാരികൾ ആയിരിക്കാൻ കഴിയും. അതേസമയം ചിലപ്പോൾ അവ പൂച്ചക്കുട്ടികളെപ്പോലെ സൗമ്യരും കളിപ്രിയരും ആണ്. തൃപ്തരായിരിക്കുമ്പോൾ ശാന്തമായി മുരളുന്ന അവയ്ക്ക് എട്ടു കിലോമീറ്റർ അകലെ കേൾക്കാവുന്ന വിധം ഗർജിക്കാനും കഴിയും. ചിലപ്പോൾ അവ ഉദാസീനരും മടിയരും ആയി കാണപ്പെട്ടേക്കാം, എന്നാൽ അവയ്ക്ക് അമ്പരപ്പിക്കുന്ന വേഗത്തിൽ ഓടാനുള്ള പ്രാപ്തിയുണ്ട്. ധൈര്യത്തിന്റെ അനശ്വര പ്രതീകമായി സിംഹങ്ങളെ മനുഷ്യൻ കണക്കാക്കുന്നു. ധീരനായ ഒരു വ്യക്തിയെ സിംഹഹൃദയമുള്ളവനായി വർണിക്കാറുണ്ട്.
സിമ്പാa—സാമൂഹിക വാസനയുള്ള ഒരു മാർജാരൻ
മാർജാര വർഗത്തിൽവെച്ച് ഏറ്റവും സാമൂഹിക വാസനയുള്ള ഒരു മൃഗമാണ് സിംഹം. പ്രൈഡുകൾ എന്ന് ഇംഗ്ലീഷിൽ വിളിക്കപ്പെടുന്ന വലിയ കുടുംബ ഘടകങ്ങൾ ആയിട്ടാണ് അവ കഴിയുന്നത്. ഒരു പ്രൈഡിൽ അതായത് സിംഹപറ്റത്തിൽ ഏതാനും അംഗങ്ങൾ മുതൽ 30-ലേറെ അംഗങ്ങൾ വരെ വരാം. അതിൽ അടുത്ത ബന്ധുക്കൾ ആയിരുന്നേക്കാവുന്ന സിംഹികളുടെ ഒരു കൂട്ടം ഉൾപ്പെടുന്നു. അവ ഒന്നിച്ചു കഴിയുകയും വേട്ടയാടുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യുന്നു. ആയുഷ്കാലം മുഴുവൻ നീണ്ടുനിന്നേക്കാവുന്ന ഈ ഉറ്റ ബന്ധം സിംഹ കുടുംബ ഘടകത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നുവെന്നു മാത്രമല്ല അതിന്റെ അതിജീവനം ഉറപ്പാക്കുകയും ചെയ്യുന്നു.
ഓരോ പറ്റത്തിലും പൂർണ വളർച്ചയെത്തിയ ഒന്നോ രണ്ടോ ആൺസിംഹങ്ങൾ ഉണ്ടായിരിക്കും. അവ തങ്ങളുടെ പറ്റത്തിന്റെ ആവാസക്ഷേത്രത്തിനു റോന്തു ചുറ്റുകയും മൂത്രമൊഴിച്ച് അതിർത്തി അടയാളപ്പെടുത്തുകയും ചെയ്യുന്നു. തലയെടുപ്പുള്ള ഈ മൃഗങ്ങൾക്ക്, കറുത്ത മൂക്കിന്റെ അറ്റം മുതൽ രോമാവൃതമായ വാലറ്റം വരെ മൂന്നു മീറ്ററിലധികം നീളം കണ്ടേക്കാം. അവയ്ക്ക് 225 കിലോയിൽ അധികം തൂക്കവും വരാം. പറ്റത്തിന്റെ അധിപർ ആൺസിംഹങ്ങൾ ആണെങ്കിലും നേതൃത്വം വഹിക്കുന്നതു പെൺസിംഹങ്ങളാണ്. തണലത്തേക്കു മാറാനോ വേട്ടയാടാനോ ഒക്കെ തുടക്കമിടുന്നതു സാധാരണഗതിയിൽ സിംഹികളാണ്.
സിംഹികൾ സാധാരണമായി രണ്ടു കൊല്ലം കൂടുമ്പോഴാണ് പ്രസവിക്കുന്നത്. പിറന്നു വീഴുന്ന സമയത്ത് സിംഹക്കുട്ടികൾ തീർത്തും നിസ്സഹായരാണ്. കുഞ്ഞുങ്ങളെ വളർത്തുന്നത് ഒരു കൂട്ടായ സംരംഭമാണ്. ഒരു പറ്റത്തിലെ സിംഹികളെല്ലാം ചേർന്നാണ് അതിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും മുലയൂട്ടുകയും ചെയ്യുന്നത്. സിംഹക്കുട്ടികൾ വളരെ വേഗം വളരുന്നു; രണ്ടു മാസം ആകുമ്പോഴേക്കും അവ ഓടിക്കളിക്കാൻ തുടങ്ങുന്നു. അവ പൂച്ചക്കുട്ടികളെപ്പോലെ ഉരുണ്ടുമറിയുകയും ഗുസ്തി പിടിക്കുകയും കളിക്കൂട്ടുകാരുടെമേൽ ചാടി വീഴുകയും നീളൻ പുല്ലുകൾക്കിടയിൽ തുള്ളിക്കളിക്കുകയുമൊക്കെ ചെയ്യുന്നു. അനങ്ങുന്ന എന്തും അവയുടെ ശ്രദ്ധ ആകർഷിക്കുന്നു. അവ പൂമ്പാറ്റകളെ ചാടിപ്പിടിക്കാൻ ഒരുങ്ങുകയും പ്രാണികളുടെ പുറകെ ഓടുകയും കമ്പുകളും വള്ളികളും ഇട്ടു കളിക്കുകയും ചെയ്യുന്നു. അവയെ ഏറ്റവും രസിപ്പിക്കുന്നത് അമ്മ വാലനക്കുന്നതാണ്. കുഞ്ഞുങ്ങളെ കളിപ്പിക്കാൻ വേണ്ടിത്തന്നെ അവൾ അതു വെറുതെ അനക്കിക്കൊണ്ടിരിക്കും.
ഓരോ പറ്റവും പല ചതുരശ്ര ഹെക്ടറുകൾ വരുന്ന, വ്യക്തമായി വേർതിരിക്കപ്പെട്ട ആവാസക്ഷേത്രത്തിന് ഉള്ളിലാണു കഴിയുന്നത്. സിംഹങ്ങൾക്കു ധാരാളം വെള്ളവും തണലുമുള്ള ഉയർന്ന സ്ഥലങ്ങളോടാണു പ്രിയം. അവിടെ അവ ആന, ജിറാഫ്, കാട്ടുപോത്ത് തുടങ്ങിയ സമതലപ്രദേശത്തെ മൃഗങ്ങളോടൊപ്പം കഴിയുന്നു. സിംഹം ജീവിതത്തിന്റെ അധിക ഭാഗവും ഉറങ്ങി കഴിച്ചുകൂട്ടുന്നു. വേട്ടയാടലിനും ഇണചേരലിനും കുറഞ്ഞ സമയമേ അവ എടുക്കുന്നുള്ളൂ. ദിവസം 20 മണിക്കൂർ വരെ അവ ഉറങ്ങിയോ വിശ്രമിച്ചോ വെറുതെ കുത്തിയിരുന്നോ ചെലവഴിച്ചേക്കാമെന്നതു നിങ്ങളെ അതിശയിപ്പിച്ചേക്കാം. നല്ല ഉറക്കത്തിൽ ആയിരിക്കുമ്പോൾ അവ നിരുപദ്രവകാരികളും മെരുക്കമുള്ളവയും ആയി കാണപ്പെടുന്നു. എന്നാൽ അതു കണ്ട് സിംഹം ഒരു പാവം മൃഗമാണെന്നു ധരിച്ചുപോകരുതേ—വന്യ മൃഗങ്ങളിൽവെച്ച് അങ്ങേയറ്റം ക്രൂരതയേറിയ ഒന്നാണു സിംഹം!
വേട്ടയാടുന്ന മൃഗം
വൈകുന്നേരമാകുന്നതോടെ, ചുട്ടുപഴുത്ത വെയിൽ ആറുകയായി. ഞങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന സിംഹക്കൂട്ടത്തിലെ മൂന്നു സിംഹികൾ ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേൽക്കുകയാണ്. വിശപ്പു കാരണം അവ വേട്ടയ്ക്കുള്ള ഒരുക്കമാണ്. പഴുത്തുണങ്ങുന്ന പുൽപ്രദേശത്തേക്കു കണ്ണോടിച്ചുകൊണ്ട് അവ മണം പിടിക്കുന്നു. അതാ, ദേശാടകരായ വലിയ ഒരു പറ്റം കുതിരമാനുകൾ. കാണാൻ ചന്തമില്ലാത്ത ദശസഹസ്രക്കണക്കിനു വരുന്ന ആ മാൻ കൂട്ടം ഞങ്ങളുടെ തെക്കുവശത്തു ശാന്തമായി മേയുകയാണ്. മൂന്നു സിംഹികൾ പാത്തും പതുങ്ങിയും നിരപ്പല്ലാത്ത ആ പ്രദേശത്തുകൂടെ അവയെ ലക്ഷ്യമാക്കി നീങ്ങുന്നു. മൂന്നു ഭാഗത്തുനിന്നായി അവ ആ കൂട്ടത്തെ സമീപിക്കുന്നു. നീളൻ പുല്ലുകൾക്ക് ഇടയ്ക്ക് മഞ്ഞകലർന്ന തവിട്ടുനിറമുള്ള ആ പൂച്ചകളെ തിരിച്ചറിയാൻ കഴിയില്ലെന്നുതന്നെ പറയാം. അങ്ങനെ അവ ഒന്നുമറിയാതെ നിൽക്കുന്ന മാൻ കൂട്ടത്തിന്റെ 30 മീറ്റർ അടുത്തെത്തുന്നു. പിന്നെ ഇരയെ ലക്ഷ്യമാക്കി ഒറ്റ കുതിപ്പായി. മിന്നൽ വേഗത്തിൽ അവ മാൻകൂട്ടത്തിലേക്കു പാഞ്ഞുകയറുന്നു. പേടിച്ചരണ്ട മാനുകൾ ജീവനുംകൊണ്ട് നാലുപാടും ഓടുന്നു. നൂറുകണക്കിനു കുളമ്പടികളേറ്റ് മണ്ണിളകുന്നു. എങ്ങും ചുവന്ന പൊടിപടലം. പൊടി അടങ്ങുമ്പോൾ വല്ലാതെ കിതച്ചുകൊണ്ടു നിൽക്കുന്ന മൂന്നു സിംഹികൾ മാത്രം. ഇര പിടികൊടുക്കാതെ കടന്നുകളഞ്ഞു. ഒരുപക്ഷേ വേട്ടയ്ക്കുള്ള ഒരു അവസരം കൂടെ ഇന്നു രാത്രി വീണുകിട്ടിയേക്കാം, ഒരുപക്ഷേ കിട്ടിയില്ലെന്നും വരാം. സിംഹങ്ങൾ നല്ല ചുണയും വേഗവും ഉള്ളവയാണെങ്കിലും വേട്ടയാടുന്നതിൽ അവ 30 ശതമാനമേ വിജയിക്കാറുള്ളൂ. അതുകൊണ്ട് സിംഹങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഒരു ഭീഷണിയാണ് പട്ടിണി.
പൂർണ വളർച്ചയെത്തിയ ഒരു സിംഹത്തിന്റെ ശക്തി അപാരമാണ്. പറ്റങ്ങളായി വേട്ടയാടുന്ന സിംഹങ്ങൾ 1,300-ലധികം കിലോ തൂക്കമുള്ള മൃഗങ്ങളെ വീഴ്ത്തി കൊല്ലുന്നതായി അറിയപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ അവയ്ക്കു മണിക്കൂറിൽ 59 കിലോമീറ്റർ വരെ വേഗം പ്രാപിക്കാൻ കഴിയും. എന്നാൽ ആ വേഗം അവയ്ക്കു ദീർഘനേരം നിലനിർത്താനാവില്ല. അതുകൊണ്ട് പതിയിരുന്നാണ് അവ ഇരപിടിക്കുന്നത്. 90 ശതമാനം വേട്ടയാടലും സിംഹികളാണു നിർവഹിക്കുന്നത്. എന്നാൽ ആഹാരത്തിന്റെ സിംഹ ഭാഗവും വലിപ്പം കൂടുതലുള്ള ആൺസിംഹങ്ങൾക്കാണു സാധാരണമായി ലഭിക്കുന്നത്. വേട്ട കുറവാണെങ്കിൽ ചിലപ്പോൾ കൊടിയ വിശപ്പു മൂലം സിംഹങ്ങൾ വേട്ടയാടി കിട്ടുന്നത് കുഞ്ഞുങ്ങൾക്കു പോലും കൊടുക്കാതെ മുഴുവൻ അകത്താക്കിയേക്കാം.
വേട്ടയാടപ്പെടുന്ന മൃഗം
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെമ്പാടും ഏഷ്യ, യൂറോപ്പ്, ഇന്ത്യ, പാലസ്തീൻ എന്നിവയുടെ ചില ഭാഗങ്ങളിലും സിംഹരാജൻ ദീർഘകാലം മുമ്പ് സ്വൈരവിഹാരം നടത്തിയിരുന്നു. വേട്ടയാടുന്ന മൃഗം എന്ന നിലയിൽ അതും മനുഷ്യനും തമ്മിൽ പോരാട്ടത്തിലാണ്. വളർത്തുമൃഗങ്ങൾക്കു ഭീഷണി ആയിരിക്കുന്നതുകൊണ്ടും മനുഷ്യനെ ആക്രമിക്കുന്നതുകൊണ്ടും കണ്ണിൽ പെട്ടാൽ വെടിവെച്ചു വീഴ്ത്തേണ്ട മൃഗമായിത്തീർന്നു സിംഹം. ജനസംഖ്യാ സ്ഫോടനം സിംഹത്തിന്റെ ആവാസത്തിന്റെ വിസ്തൃതി വളരെയധികം കുറച്ചിട്ടുണ്ട്. ആഫ്രിക്കയ്ക്കു വെളിയിലുള്ള വനങ്ങളിൽ സിംഹങ്ങളുടെ എണ്ണം ഇന്ന് ഏതാനും ശതങ്ങളായി ചുരുങ്ങിയിരിക്കുന്നു. സംരക്ഷിത മേഖലകളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തിക്കുള്ളിൽ കഴിയുന്ന സിംഹങ്ങൾ മാത്രമാണ് ഇന്ന് മനുഷ്യന്റെ ആക്രമണത്തിൽനിന്നു സുരക്ഷിതമായിരിക്കുന്നത്.
സന്തോഷകരമെന്നു പറയട്ടെ, ഹൃദയഹാരിയായ ഈ മൃഗത്തെ മാറ്റങ്ങൾ കാത്തിരിക്കുന്നു. സിംഹം മനുഷ്യരുമായി സമാധാനത്തിൽ കഴിയുന്ന ഒരു വരുംകാലത്തെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്. (യെശയ്യാവു 11:6-9) നമ്മുടെ സ്നേഹധനനായ സ്രഷ്ടാവ് പെട്ടെന്നുതന്നെ ഇതൊരു യാഥാർഥ്യമാക്കും. അപ്പോൾ ആഫ്രിക്കയിലെ സടയുള്ള മാർജാര രാജൻ മറ്റു സൃഷ്ടികളുമായി യോജിപ്പിലും സമാധാനത്തിലും കഴിഞ്ഞുകൂടും.
[അടിക്കുറിപ്പുകൾ]
a “സിംഹ”ത്തിന് സ്വാഹിലി ഭാഷയിൽ പറയുന്ന പേരാണ് സിമ്പാ.
[19-ാം പേജിലെ ചതുരം]
സിംഹം ഗർജിക്കുമ്പോൾ
കിലോമീറ്ററുകൾ അകലെ കേൾക്കാവുന്ന വിധത്തിൽ ഗർജിക്കാനുള്ള സിംഹങ്ങളുടെ അതുല്യ പ്രാപ്തി പ്രസിദ്ധമാണ്. സിംഹ ഗർജനം “പ്രകൃതിയിലെ ഏറ്റവും മതിപ്പുളവാക്കുന്ന ശബ്ദങ്ങളിൽ” ഒന്നായി കണക്കാക്കപ്പെടുന്നു. സിംഹങ്ങൾ ഗർജിക്കുന്നത് സാധാരണഗതിയിൽ രാത്രികാലങ്ങളിലും പുലർച്ചയ്ക്കും ആണ്. ആൺസിംഹവും പെൺസിംഹവും ഗർജിക്കാറുണ്ട്. ചിലപ്പോഴാണെങ്കിൽ മുഴു പറ്റവും ഒന്നിച്ചു ഗർജിക്കുന്നു.
ഗർജനംകൊണ്ടു പല സംഗതികളും സാധിക്കുന്നതായി സിംഹങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ആവാസക്ഷേത്രത്തിന്റെ അതിർവരമ്പുകൾ വിളിച്ചറിയിക്കാനോ കോപം പ്രകടിപ്പിക്കാനോ തങ്ങളുടെ ആവാസക്ഷേത്രത്തിൽ കടക്കുന്ന മറ്റ് ആൺസിംഹങ്ങളെ വിരട്ടാനോ ഒക്കെ ആൺസിംഹങ്ങൾ ഗർജിക്കാറുണ്ട്. അക്രമാസക്തരും അഹങ്കാരികളും അത്യാർത്തിപൂണ്ടവരുമായ അശ്ശൂരിലെയും ബാബിലോനിലെയും ഭരണാധികാരികളെ, ദൈവജനത്തെ ഉഗ്രമായി എതിർക്കുകയും തിന്നു കളയുകയും ചെയ്ത ഗർജിക്കുന്ന, “സടയുള്ള യുവ സിംഹങ്ങൾ” ആയി ബൈബിൾ വർണിക്കുന്നത് ഉചിതമാണ്.—യെശയ്യാവു 5:29, NW; യിരെമ്യാവു 50:17.
ദൂരത്തായിരിക്കുമ്പോഴോ ഇരുട്ടത്തോ പരസ്പരം കണ്ടുപിടിക്കാൻ ഗർജനം ഒരു പറ്റത്തിലെ അംഗങ്ങളെ സഹായിക്കുന്നു. ഇരപിടിച്ചശേഷം ഗർജിക്കുന്നത് തീറ്റ ഇരിക്കുന്ന സ്ഥാനം കണ്ടുപിടിക്കാൻ പറ്റത്തിലെ മറ്റ് അംഗങ്ങളെ സഹായിക്കുന്നു. സിംഹങ്ങളുടെ ഈ പ്രത്യേകതയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ബൈബിൾ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം [“സടയുള്ള യുവ സിംഹം,” NW] ഗുഹയിൽനിന്നു ഒച്ച പുറപ്പെടുവിക്കുമോ?”—ആമോസ് 3:4.
അതിശയകരമെന്നു പറയട്ടെ, വന്യ മൃഗങ്ങളെ വേട്ടയാടുമ്പോൾ, ഇരയെ വിരട്ടുന്നതിനുള്ള ഒരു വേട്ടയാടൽ തന്ത്രമായി സിംഹങ്ങൾ ഗർജിക്കാറില്ല. ആഫ്രിക്കയിലെ സസ്തനികൾക്കുള്ള പെരുമാറ്റ വഴികാട്ടി (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ റിച്ചാർഡ് എസ്റ്റിസ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഇരയെ വിരട്ടി പതിയിരിക്കുന്നിടത്തേക്ക് ആനയിക്കുന്നതിനായി സിംഹങ്ങൾ ഗർജിക്കുന്നതായി യാതൊന്നും സൂചിപ്പിക്കുന്നില്ല (ഇര മൃഗങ്ങൾ സാധാരണഗതിയിൽ സിംഹ ഗർജനം ഗൗനിക്കാറില്ലെന്നാണ് അനുഭവത്തിൽനിന്ന് എനിക്കു പറയാനുള്ളത്).”
അങ്ങനെയെങ്കിൽ, “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്ന”വനായി ബൈബിൾ സാത്താനെ വർണിക്കുന്നത് എന്തുകൊണ്ട്? (1 പത്രൊസ് 5:8) വന്യ മൃഗങ്ങൾ സിംഹ ഗർജനം കേട്ട് പേടിക്കാറുള്ളതായി കാണാറില്ലെങ്കിലും മനുഷ്യന്റെയും വളർത്തു മൃഗങ്ങളുടെയും കാര്യം അങ്ങനെയല്ല. രാത്രിയിലെ ഇരുട്ടിൽ മാറ്റൊലികൊള്ളുന്ന സിംഹ ഗർജനം വീടിനു വെളിയിൽ ആയിരിക്കുന്ന ഏതൊരു മനുഷ്യനെയും കൂടിനു വെളിയിൽ ആയിരിക്കുന്ന ഏതൊരു മൃഗത്തെയും പേടിപ്പെടുത്തും. ദീർഘകാലം മുമ്പു നടത്തിയ ഈ പ്രസ്താവന തികച്ചും സത്യമാണ്: “സിംഹം ഗർജ്ജിച്ചിരിക്കുന്നു; ആർ ഭയപ്പെടാതിരിക്കും?”—ആമോസ് 3:8.
മനുഷ്യരെ ഭയപ്പെടുത്തി കീഴ്പെടുത്താൻ സാത്താൻ വിദഗ്ധനാണ്. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ദൈവ ജനത്തിനു താങ്ങായി ശക്തനായ ഒരാൾ ഉണ്ട്. യഹോവയുടെ താങ്ങിലുള്ള ഉറച്ച വിശ്വാസത്താൽ, ശക്തനായ ഈ “അലറുന്ന സിംഹ”ത്തെ അവർക്കു വിജയകരമായി ചെറുത്തുനിൽക്കാൻ കഴിയും. “വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്”ക്കാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു.—1 പത്രൊസ് 5:9.