യഹോവയുടെ ആരാധനയ്ക്ക് നമ്മുടെ ജീവിതത്തിലുള്ള ഉചിതമായ സ്ഥാനം
“നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.”—സങ്കീർത്തനം 145:2.
1. ആരാധനയോടുള്ള ബന്ധത്തിൽ യഹോവ എന്താണു പ്രതീക്ഷിക്കുന്നത്?
“നിന്റെ ദൈവമായ യഹോവയായ ഞാൻ സമ്പൂർണ ഭക്തി നിഷ്കർഷിക്കുന്ന ദൈവമാകുന്നു.” (പുറപ്പാട് 20:5, NW) ആ പ്രഖ്യാപനം മോശ യഹോവയിൽനിന്നു കേൾക്കുകയും പിന്നീട് ഇസ്രായേൽ ജനതയെ അഭിസംബോധന ചെയ്തപ്പോൾ ആവർത്തിക്കുകയും ചെയ്തു. (ആവർത്തനപുസ്തകം 5:9) തന്റെ ദാസൻമാർ തന്നെ സമ്പൂർണമായി ആരാധിക്കാൻ യഹോവയാം ദൈവം പ്രതീക്ഷിച്ചിരുന്നു എന്ന കാര്യത്തിൽ മോശക്കു യാതൊരു സംശയവുമില്ലായിരുന്നു.
2, 3. (എ) സീനായി പർവതത്തിനു സമീപം സംഭവിച്ച സംഗതി അസാധാരണമായ ഒന്നായിരുന്നുവെന്ന് ഇസ്രായേല്യരെ ബോധ്യപ്പെടുത്തിയത് എന്തായിരുന്നു? (ബി) ഇസ്രായേല്യരുടെയും ദൈവത്തിന്റെ ഇന്നത്തെ ദാസരുടെയും ആരാധന സംബന്ധിച്ചു നാം ഏതു ചോദ്യങ്ങൾ പരിശോധിക്കുന്നതാണ്?
2 സീനായി പർവതത്തിനു സമീപം പാളയമിറങ്ങിയ ഇസ്രായേല്യരും അവരോടൊപ്പം ഈജിപ്ത് വിട്ടുപോന്ന “വലിയോരു സമ്മിശ്രപുരുഷാരവും” അസാധാരണമായ ഒരു സംഭവത്തിനു ദൃക്സാക്ഷികളായി. (പുറപ്പാടു 12:38) പത്തു പ്രഹരങ്ങൾ അഥവാ ബാധകൾ മൂലം അപമാനിതരായ ഈജിപ്തിലെ ദൈവങ്ങളുടെ ആരാധനയുമായി അതിന് യാതൊരുവിധത്തിലും സാദൃശ്യമില്ലായിരുന്നു. യഹോവ തന്റെ സാന്നിധ്യം മോശയുടെ മുന്നിൽ വെളിപ്പെടുത്തിയപ്പോൾ ഭീതിജനകമായ പ്രതിഭാസം ഉടലെടുത്തു: ഇടിമുഴക്കവും മിന്നലും കാതടക്കുന്ന ശബ്ദത്തിൽ കാഹളധ്വനിയും. അവ മുഴു പാളയത്തെയും ഭയപരവശരാക്കി. അടുത്തതായി, മുഴു പർവതവും കുലുങ്ങിയതിനാൽ തീയും പുകയും ഉണ്ടായി. (പുറപ്പാടു 19:16-20; എബ്രായർ 12:18-21) സംഭവിച്ചത് ഒരു അസാധാരണ സംഗതിയായിരുന്നുവെന്നതിനു കൂടുതൽ തെളിവ് ഏതെങ്കിലും ഇസ്രായേല്യന് ആവശ്യമായിരുന്നുവെങ്കിൽ അത് ഉടനെ ലഭിക്കുമായിരുന്നു. ദൈവനിയമത്തിന്റെ രണ്ടാമതൊരു പ്രതി കൈപ്പററിയശേഷം മോശ പർവതത്തിൽനിന്ന് ഇറങ്ങിവന്നു. നിശ്വസ്ത വൃത്താന്തപ്രകാരം, “അവന്റെ [മോശയുടെ] മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ടു അവർ [ജനങ്ങൾ] അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.” തീർച്ചയായും മറക്കാനാവാത്ത, അമാനുഷികമായ ഒരു അനുഭവംതന്നെ!—പുറപ്പാടു 34:30.
3 ദൈവത്തിന്റെ ആ സവിശേഷ ജനതയെ സംബന്ധിച്ചിടത്തോളം യഹോവയുടെ ആരാധന എന്തു സ്ഥാനം വഹിച്ചിരുന്നുവെന്നകാര്യത്തിൽ ചോദ്യമേ ഉദിച്ചിരുന്നില്ല. അവൻ അവരുടെ വിമോചകൻ ആയിരുന്നു. അവർ തങ്ങളുടെ ജീവനുവേണ്ടി അവനോടു കടപ്പെട്ടിരുന്നു. അവൻ അവരുടെ നിയമദാതാവുമായിരുന്നു. എന്നാൽ അവർ യഹോവയുടെ ആരാധന ഒന്നാം സ്ഥാനത്തു വെച്ചിരുന്നോ? ദൈവത്തിന്റെ ആധുനിക ദാസൻമാരെ സംബന്ധിച്ചെന്ത്? അവരുടെ ജീവിതത്തിൽ യഹോവയുടെ ആരാധന എന്തു സ്ഥാനം വഹിക്കുന്നു?—റോമർ 15:4.
ഇസ്രായേല്യരുടെ യഹോവയുടെ ആരാധന
4. മരുഭൂമിയിലെ താത്കാലിക താമസത്തിനുവേണ്ടിയുള്ള ഇസ്രായേല്യരുടെ പാളയത്തിന്റെ രൂപകൽപ്പന എപ്രകാരമായിരുന്നു, പാളയത്തിന്റെ മധ്യത്തിൽ എന്തായിരുന്നു?
4 ഇസ്രായേല്യർ മരുഭൂമിയിൽ പാളയമിറങ്ങിയിരിക്കുന്നതിന്റെ ഒരു വിഹഗവീക്ഷണം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ നിങ്ങൾ എന്തു കാണുമായിരുന്നു? ഒരുപക്ഷേ 30 ലക്ഷമോ അതിലധികമോ വരുന്ന ജനങ്ങളെ താമസിപ്പിച്ചുകൊണ്ടു വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമായി മുമ്മൂന്നു ഗോത്രങ്ങൾ വീതം ഗണംഗണമായി, നിരനിരയായി ക്രമത്തിൽ പടുത്തുയർത്തിയിരുന്ന കൂടാരങ്ങൾ. കുറച്ചുകൂടി അടുത്തുചെന്നു നോക്കിയിരുന്നെങ്കിൽ പാളയത്തിന്റെ മധ്യത്തോടടുത്തു മറെറാരു ഗണത്തെയും നിങ്ങൾ കാണുമായിരുന്നു. കൂടാരങ്ങളുടെ ഈ നാലു ചെറു കൂട്ടങ്ങളിലായിരുന്നു ലേവി ഗോത്രത്തിലെ കുടുംബങ്ങൾ താമസിച്ചിരുന്നത്. പാളയത്തിന്റെ കൃത്യം മധ്യത്തിലായി ഒരു തുണിമറകൊണ്ടു തിരിച്ചിരുന്നത് അതിവിശിഷ്ടമായ ഒരു നിർമാണമായിരുന്നു. ഇതായിരുന്നു യഹോവയുടെ പദ്ധതിപ്രകാരം “ജ്ഞാനികളായ” ഇസ്രായേല്യർ പണിതുയർത്തിയ “സമാഗമനകൂടാരം” അഥവാ തിരുനിവാസം.—സംഖ്യാപുസ്തകം 1:52, 53; 2:3, 10, 17, 18, 25; പുറപ്പാടു 35:10.
5. ഇസ്രായേലിൽ തിരുനിവാസംകൊണ്ടുള്ള ഉദ്ദേശ്യമെന്തായിരുന്നു?
5 മരുഭൂമിയിലെ യാത്രയിൽ 40 പാളയസ്ഥലങ്ങളിൽ ഇസ്രായേല്യർ തിരുനിവാസം പണിതുയർത്തുകയും അത് അവരുടെ താവളത്തിന്റെ കേന്ദ്രസ്ഥാനമായിത്തീരുകയും ചെയ്തിരുന്നു. (സംഖ്യാപുസ്തകം, 33-ാം അധ്യായം) യഹോവ തന്റെ ജനത്തിന്റെ ഇടയിൽ അവരുടെ പാളയത്തിന്റെ മധ്യേ വസിക്കുന്നതായി ബൈബിൾ വർണിക്കുന്നത് ഉചിതമാണ്. അവന്റെ മഹിമ തിരുനിവാസത്തിൽ നിറഞ്ഞിരുന്നു. (പുറപ്പാടു 29:43-46; 40:34; സംഖ്യാപുസ്തകം 5:3; 11:20; 16:3) ഔർ ലിവിങ് ബൈബിൾ എന്ന പുസ്തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കൂടെ കൊണ്ടുപോകാമായിരുന്ന ഈ തിരുനിവാസം അത്യന്തം പ്രധാനപ്പെട്ട ഒന്നായിരുന്നു. കാരണം, അതു ഗോത്രങ്ങൾക്ക് മതപരമായ കൂടിവരവിനുള്ള ഒരു കേന്ദ്രസ്ഥാനമായി വർത്തിച്ചു. അങ്ങനെ ഇത് മരുഭൂമിയിലൂടെ വർഷങ്ങളോളം അലഞ്ഞുനടന്ന കാലത്ത് അവരെ ഏകീകൃതരാക്കുകയും ഒററക്കെട്ടായ പ്രവർത്തനം സാധ്യമാക്കിത്തീർക്കുകയും ചെയ്തു.” അതിലുപരിയായി സ്രഷ്ടാവിനുള്ള ആരാധനയാണു തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവെന്ന് ഇസ്രായേല്യരെ നിരന്തരം ഓർമിപ്പിക്കുന്ന ഒന്നായും തിരുനിവാസം നിലകൊണ്ടു.
6, 7. ആരാധനയ്ക്കുവേണ്ടി തിരുനിവാസത്തിനു പകരമായിത്തീർന്നത് എന്തായിരുന്നു, അത് ഇസ്രായേൽ ജനതയെ സഹായിച്ചതെങ്ങനെ?
6 ഇസ്രായേല്യർ വാഗ്ദത്തദേശത്ത് എത്തിച്ചേർന്നശേഷവും തിരുനിവാസം ഇസ്രായേലിന്റെ ആരാധനാ കേന്ദ്രമായി തുടർന്നു. (യോശുവ 18:1; 1 ശമൂവേൽ 1:3) കാലക്രമേണ, സ്ഥിരമായ ഒരു കെട്ടിടം പണിയാൻ ദാവീദ് രാജാവു നിർദേശിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ പുത്രനായ ശലോമോൻ പിന്നീടു പണിത ആലയം. (2 ശമൂവേൽ 7:1-10) അതിന്റെ ഉദ്ഘാടനച്ചടങ്ങിൽ യഹോവയുടെ അംഗീകാരം ആ കെട്ടിടത്തിനുമേൽ ഉണ്ടെന്നു സൂചിപ്പിക്കുന്നതിന് ഒരു മേഘം അവരോഹണം ചെയ്തു. “ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു” എന്ന് ശലോമോൻ പ്രാർഥിച്ചു. (1 രാജാക്കൻമാർ 8:12, 13; 2 ദിനവൃത്താന്തം 6:2) പുതുതായി നിർമിച്ച ആലയം ജനതയുടെ ഭക്ത്യാദരങ്ങൾക്കുവേണ്ടിയുള്ള കേന്ദ്രമായി മാറി.
7 ഇസ്രായേലിലെ പുരുഷൻമാർ ദൈവാനുഗ്രഹത്തെപ്രതി വർഷത്തിൽ മൂന്നു പ്രാവശ്യം യെരുശലേം ദേവാലയത്തിലെ ആനന്ദജനകമായ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയിരുന്നു. ദൈവാരാധനയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന “അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ” എന്ന് ഉചിതമായും, ഈ കൂടിവരവുകൾക്കു പേർവിളിക്കപ്പെട്ടു. (ലേവ്യപുസ്തകം 23:2, 4) ദൈവഭക്തിയുള്ള സ്ത്രീകൾ കുടുംബത്തിലെ മററംഗങ്ങളോടൊപ്പം അതിൽ ഹാജരായിരുന്നു.—1 ശമൂവേൽ 1:3-7; ലൂക്കൊസ് 2:41-44.
8. യഹോവയുടെ ആരാധനയ്ക്കുള്ള പ്രാധാന്യം സംബന്ധിച്ചു സങ്കീർത്തനം 84:1-12 സാക്ഷ്യപ്പെടുത്തുന്നതെങ്ങനെ?
8 തങ്ങളുടെ ജീവിതത്തിൽ ആരാധന എത്ര പ്രധാനമായിരുന്നുവെന്നു നിശ്വസ്ത സങ്കീർത്തനക്കാർ വാഗ്വൈഭവത്തോടെ സമ്മതിച്ചു. “സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!” എന്ന് കോരഹ് പുത്രൻമാർ പാടി. തീർച്ചയായും അവർ കേവലം ഒരു മണിമാളികയെ പുകഴ്ത്തുകയായിരുന്നില്ല. മറിച്ച്, “എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അവർ യഹോവയാം ദൈവത്തെ സ്തുതിച്ചു. ലേവ്യരുടെസേവനം അവർക്കു വലിയ സന്തുഷ്ടി കൈവരുത്തി. “നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാൻമാർ” എന്ന് അവർ പ്രഖ്യാപിച്ചു. “അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും.” വാസ്തവത്തിൽ മുഴു ഇസ്രായേല്യരും ഇങ്ങനെ പാടി: “ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ . . . പെരുവഴികൾ ഉണ്ടു. . . . അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.” യെരുശലേമിലേക്കുള്ള ഒരു ഇസ്രായേല്യന്റെ യാത്ര ദീർഘവും ക്ഷീണിപ്പിക്കുന്നതുമായിരുന്നെങ്കിലും അവൻ തലസ്ഥാനനഗരിയിൽ എത്തുന്നതോടെ ബലം വീണ്ടെടുക്കുകയായി. “നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടൻമാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവല്ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം. . . . സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ” എന്നു പാടിക്കൊണ്ട് യഹോവയെ ആരാധിക്കുന്നതിനുള്ള തന്റെ പദവിയെ പുകഴ്ത്തിയപ്പോൾ അവന്റെ ഹൃദയം ആനന്ദത്തിൽ ആറാടി. യഹോവയുടെ ആരാധനയ്ക്ക് ആ ഇസ്രായേല്യർ നൽകിയ മുൻഗണനയെ ഇത്തരം ആശയപ്രകടനങ്ങൾ വെളിപ്പെടുത്തുന്നു.—സങ്കീർത്തനം 84:1-12.
9. യഹോവയുടെ ആരാധന മുൻപന്തിയിൽ വയ്ക്കുന്നതിൽ ഇസ്രായേൽ ജനത പരാജയപ്പെട്ടപ്പോൾ അവർക്ക് എന്തു സംഭവിച്ചു?
9 ദുഃഖകരമെന്നു പറയട്ടെ, സത്യാരാധന പ്രമുഖസ്ഥാനത്തു വയ്ക്കുന്നതിൽ ഇസ്രായേല്യർ പരാജയപ്പെട്ടു. യഹോവയോടുള്ള തങ്ങളുടെ തീക്ഷ്ണതയ്ക്കു തുരങ്കം വയ്ക്കാൻ വ്യാജ ദൈവങ്ങളോടുള്ള ഭക്തിയെ അവർ അനുവദിച്ചു. തദനന്തരം, യഹോവ അവരെ ശത്രുക്കൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും അവരെ ബാബിലോനിൽ പ്രവാസത്തിലേക്കു പിടിച്ചുകൊണ്ടുപോകുന്നിന് അനുവദിക്കുകയും ചെയ്തു. 70 വർഷത്തിനുശേഷം ഇസ്രായേല്യർ സ്വദേശത്തു തിരിച്ചെത്തിയപ്പോൾ യഹോവ അവർക്കു ഹഗ്ഗായി, സെഖര്യാവ്, മലാഖി എന്നീ പ്രവാചകൻമാരിലൂടെ പ്രചോദനമേകുന്ന അനുശാസനങ്ങൾ നൽകി. ആലയം പുതുക്കിപ്പണിയുന്നതിനും സത്യാരാധന പുനഃസ്ഥാപിക്കുന്നതിനും പുരോഹിതനായ എസ്രായും ഗവർണറായ നെഹെമ്യാവും ദൈവജനത്തെ പ്രേരിപ്പിച്ചു. എന്നാൽ നൂററാണ്ടുകൾ കഴിഞ്ഞപ്പോൾ സത്യാരാധന ദേശത്തു വീണ്ടും കുറഞ്ഞ പ്രാധാന്യമുള്ളതായിത്തീർന്നു.
സത്യാരാധനയെപ്രതി ഒന്നാം നൂററാണ്ടിലെ തീക്ഷ്ണത
10, 11. യേശു ഭൂമിയിലായിരുന്നപ്പോൾ വിശ്വസ്തരായ ആളുകളുടെ ജീവിതത്തിൽ യഹോവയുടെ ആരാധനയ്ക്ക് എന്തു സ്ഥാനമാണുണ്ടായിരുന്നത്?
10 യഹോവയുടെ നിയമിത സമയത്തു മിശിഹാ പ്രത്യക്ഷനായി. വിശ്വസ്തർ രക്ഷയ്ക്കുവേണ്ടി യഹോവയിലേക്കു നോക്കുന്നുണ്ടായിരുന്നു. (ലൂക്കൊസ് 2:25; 3:15) 84 വയസ്സുണ്ടായിരുന്ന ഒരു വിധവയായിരുന്ന ഹന്നാ “ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്ന”തായി ലൂക്കോസിന്റെ സുവിശേഷം വ്യക്തമായി വിവരിക്കുന്നു.—ലൂക്കൊസ് 2:37.
11 “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 4:34) ആലയത്തിൽ പണമിടപാടുകാരെ അഭിമുഖീകരിച്ചപ്പോൾ യേശു എപ്രകാരം പ്രതികരിച്ചുവെന്നത് അനുസ്മരിക്കുക. അവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ പീഠങ്ങളും അവൻ മറിച്ചിട്ടു. മർക്കോസ് ഇങ്ങനെ വിവരിക്കുന്നു: “[യേശു] ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളൻമാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു.” (മർക്കൊസ് 11:15-17) അതേ, പട്ടണത്തിന്റെ മറെറാരുഭാഗത്തേക്കു സാധനങ്ങൾ ചുമന്നുകൊണ്ടു കുറുക്കുവഴിയായി ആലയത്തിന്റെ മുററത്തുകൂടെ കടന്നുപോകുന്നതിനുപോലും യേശു ആരെയും അനുവദിച്ചില്ല. “മുമ്പേ അവന്റെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ” എന്ന് യേശു മുമ്പു നൽകിയ ഉപദേശത്തെ ദൃഢീകരിക്കുന്നതായിരുന്നു അവന്റെ പ്രവൃത്തികൾ. (മത്തായി 6:33) യഹോവക്കു തന്റെ സമ്പൂർണ ഭക്തി നൽകുന്നതിനു യേശു നമുക്ക് ഉത്കൃഷ്ടമായ മാതൃക വെച്ചിട്ടു പോയിരിക്കുന്നു. താൻ പ്രസംഗിച്ചതെല്ലാം അവൻ യഥാർഥത്തിൽ പ്രവർത്തിക്കുകയുണ്ടായി.—1 പത്രൊസ് 2:21.
12. യേശുവിന്റെ ശിഷ്യൻമാർ യഹോവയുടെ ആരാധനയ്ക്കു നൽകിയ മുൻഗണന എങ്ങനെ പ്രകടമാക്കി?
12 പീഡിതരെങ്കിലും വിശ്വസ്തരായ യഹൂദർക്ക്, വ്യാജമത ആചാരങ്ങളെന്ന ചുമടുകളിൽനിന്നു വിടുതൽ നൽകുന്നതിനുള്ള തന്റെ നിയോഗം പൂർത്തിയാക്കിക്കൊണ്ടും യേശു തന്റെ ശിഷ്യൻമാർക്കു പിൻപററുന്നതിനു മാതൃക വയ്ക്കുകയുണ്ടായി. (ലൂക്കൊസ് 4:18) ശിഷ്യരെ ഉളവാക്കുന്നതിനും അവർക്കു സ്നാപനം നൽകുന്നതിനുമുള്ള യേശുവിന്റെ കൽപ്പന അനുസരിച്ച് ആദിമ ക്രിസ്ത്യാനികൾ തങ്ങളുടെ ഉയിർപ്പിക്കപ്പെട്ട കർത്താവിനെക്കുറിച്ചുള്ള യഹോവയുടെ ഹിതമെന്തെന്നു സധൈര്യം പ്രഖ്യാപിച്ചു. ആരാധനയിൽ അവർ തനിക്കു നൽകിയ മുൻഗണനയിൽ യഹോവ സന്തുഷ്ടനായിരുന്നു. തൻമൂലം, ദൈവത്തിന്റെ ദൂതൻ അത്ഭുതകരമായി അപ്പോസ്തലനായ പത്രോസിനെയും യോഹന്നാനെയും തടവിൽനിന്നു മോചിപ്പിച്ചിട്ട്, “നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ” എന്ന് അവർക്കു നിർദേശം നൽകി. നവോത്തേജനം ലഭിച്ച അവർ അനുസരിച്ചു. ദിനമ്പ്രതി യെരുശലേമിലെ ആലയത്തിലും വീടുതോറും അവർ “വിടാതെ ഉപദേശിക്കുകയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.”—പ്രവൃത്തികൾ 1:8; 4:29, 30; 5:20, 42; മത്തായി 28:19, 20.
13, 14. ആദിമ ക്രിസ്ത്യാനികളുടെ നാളുകൾ മുതൽ ദൈവദാസൻമാരോട് എന്തു ചെയ്യാനാണു സാത്താൻ ശ്രമിച്ചിട്ടുള്ളത്? (ബി) ദൈവത്തിന്റെ വിശ്വസ്ത ദാസർ എന്തു ചെയ്യുന്നതിൽ തുടർന്നിരിക്കുന്നു?
13 അവരുടെ പ്രസംഗവേലയ്ക്ക് എതിർപ്പു വർധിച്ചപ്പോൾ സമയോചിതമായ ഉപദേശം എഴുതുന്നതിനു ദൈവം തന്റെ വിശ്വസ്ത ദാസൻമാർക്കു മാർഗനിർദേശം നൽകി. “അവൻ [യഹോവ] നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ” എന്ന് പൊ.യു. (പൊതുയുഗം) 60 കഴിഞ്ഞു താമസിയാതെ പത്രോസ് എഴുതി. “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.” ആദിമ ക്രിസ്ത്യാനികൾ നിസ്സംശയമായും ആ വാക്കുകളിൽ വിശ്വാസമർപ്പിച്ചു. അൽപ്പകാലത്തേക്കു കഷ്ടം സഹിച്ചശേഷം ദൈവം തങ്ങളുടെ പരിശീലനം അവസാനിപ്പിക്കുമെന്ന് അവർ അറിഞ്ഞിരുന്നു. (1 പത്രൊസ് 5:7-10) യഹൂദ വ്യവസ്ഥിതിയുടെ ആ അന്തിമ നാളുകളിൽ സത്യക്രിസ്ത്യാനികൾ യഹോവയുടെ സ്നേഹപുരസ്സരമായ ആരാധന ഉയർത്തിപ്പിടിച്ചു.—കൊലൊസ്സ്യർ 1:23.
14 അപ്പോസ്തലനായ പൗലോസ് മുൻകൂട്ടിപ്പറഞ്ഞതുപോലെ വിശ്വാസത്യാഗം, സത്യാരാധനയിൽനിന്നുള്ള ഒരു വ്യതിചലനം, സംഭവിക്കുകയുണ്ടായി. (പ്രവൃത്തികൾ 20:29, 30; 2 തെസ്സലൊനീക്യർ 2:3) ഒന്നാം നൂററാണ്ടിന്റെ അവസാന ദശകങ്ങളിലെ സാക്ഷ്യങ്ങൾ ഇതിനുവേണ്ട തെളിവുകളുടെ കൂമ്പാരമായി നിലകൊള്ളുന്നു. (1 യോഹന്നാൻ 2:18, 19) യഥാർഥ ക്രിസ്ത്യാനികളുടെ ഇടയിൽ സാത്താൻ വിജയപ്രദമായ രീതിയിൽ കൃത്രിമ ക്രിസ്ത്യാനികളെ വിതച്ചു. കോതമ്പുതുല്യമായ ക്രിസ്ത്യാനികളിൽനിന്ന് ഈ “കള” തിരിച്ചറിയുക പ്രയാസകരമാക്കിത്തീർത്തു. എന്നുവരികിലും, കഴിഞ്ഞ നൂററാണ്ടുകളിലൊക്കെ ചില വ്യക്തികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും ദൈവാരാധന ഒന്നാമതു വയ്ക്കുകയുണ്ടായി. എന്നാൽ “ജനതകളുടെ നിയമിത കാലങ്ങൾ” കഴിയുന്നതിനുമുമ്പ് സത്യാരാധന ഉയർത്തിപ്പിടിക്കാൻ ദൈവം തന്റെ ദാസൻമാരെ വീണ്ടും കൂട്ടിച്ചേർക്കുകയുണ്ടായില്ല.—മത്തായി 13:24-30, 36-43; ലൂക്കോസ് 21:24, NW.
യഹോവയുടെ ആരാധന ഇന്ന് ഉയർത്തപ്പെട്ടിരിക്കുന്നു
15. എങ്ങനെയാണ് 1919 മുതൽ യെശയ്യാവു 2:2-4-ലെയും മീഖാ 4:1-4-ലെയും പ്രവചനങ്ങൾ നിവൃത്തിയേറിയത്?
15 സത്യദൈവത്തിന്റെ ആരാധന ഉയർത്തിപ്പിടിച്ച ധൈര്യപൂർവകമായ ലോകവ്യാപക സാക്ഷീകരണ പ്രസ്ഥാനം ഏറെറടുക്കുന്നതിന് 1919 മുതൽ യഹോവ തന്റെ അഭിഷിക്ത ശേഷിപ്പിനെ ശക്തരാക്കി. 1935-ൽ പ്രതീകാത്മക “വേറെ ആടുക”ളുടെ വന്നുചേരലോടെ “യഹോവയുടെ പർവ്വതത്തി”ലേക്ക് ആത്മീയമായി ആരോഹണം ചെയ്യുന്ന ആളുകളുടെ പ്രവാഹം വർധിച്ചുകൊണ്ടേയിരിക്കുന്നു. 1993-ലെ സേവന വർഷത്തിൽ 47,09,889 യഹോവയുടെ സാക്ഷികൾ അവന്റെ ഉന്നതമായ ആരാധനയോടു കൂടിച്ചേരുന്നതിനു മററുള്ളവരെ ക്ഷണിച്ചുകൊണ്ട് അവനെ സ്തുതിക്കുകയുണ്ടായി. അത് ആത്മീയമായി അധഃപതിച്ച നിലയിലുള്ള വ്യാജമതലോകസാമ്രാജ്യത്തിന്റെ വിശേഷിച്ചും, ക്രൈസ്തവലോകത്തിലെ, വിഭാഗീയ “കുന്നുകളി”ൽനിന്ന് എത്രയോ വിഭിന്നം!—യോഹന്നാൻ 10:16; യെശയ്യാവു 2:2-4; മീഖാ 4:1-4.
16. യെശയ്യാവു 2:10-22-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതിന്റെ വീക്ഷണത്തിൽ യഹോവയുടെ എല്ലാ ദാസരും എന്തു ചെയ്യേണ്ടതാവശ്യമാണ്?
16 വ്യാജമതത്തോടു പററിനിൽക്കുന്നവർ തങ്ങളുടെ പള്ളികളെയും അരമനകളെയും എന്തിന്, വൈദികരെപ്പോലും “ഉന്നത”മായി കരുതി അവർക്ക് ഉത്കൃഷ്ട സ്ഥാനപ്പേരുകളും ബഹുമതികളും നൽകുന്നു. എന്നാൽ യെശയ്യാവു മുൻകൂട്ടിപ്പറഞ്ഞതെന്താണെന്നു ശ്രദ്ധിക്കുക: “മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷൻമാരുടെ ഉന്നതഭാവം കുനിയും യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.” ഇത് എന്നായിരിക്കും? ‘മിത്ഥ്യാമൂർത്തികൾ അശേഷം ഇല്ലാതെയാകുന്ന’ ആസന്നമായ മഹോപദ്രവത്തിൽ. ഭയദ്യോതകമായ ആ സമയം ആസന്നമായിരുന്നതിന്റെ വീക്ഷണത്തിൽ എല്ലാ ദൈവദാസൻമാരും തങ്ങളുടെ ജീവിതത്തിൽ യഹോവയുടെ ആരാധനയ്ക്കുള്ള സ്ഥാനം എന്താണെന്നു സഗൗരവം പരിശോധിക്കേണ്ടതുണ്ട്.—യെശയ്യാവു 2:10-22.
17. യഹോവയുടെ ആരാധനയ്ക്കു യഹോവയുടെ ദാസൻമാർ നൽകുന്ന മുൻഗണന എങ്ങനെയാണു പ്രദർശിപ്പിക്കുന്നത്?
17 ലോകവ്യാപകമായ സഹോദരവർഗമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ പ്രസംഗവേലയിലുള്ള അവരുടെ തീക്ഷ്ണത നിമിത്തം സുപ്രസിദ്ധരാണ്. അവരുടെ ആരാധന ആഴ്ചയിൽ ഒരു മണിക്കൂർ നേരത്തേക്കോമറേറാ മാററിവച്ചിരിക്കുന്ന വെറും നാമമാത്രമായ ഒന്നല്ല. അല്ല, അത് അവരുടെ മുഴു ജീവിതരീതിയാണ്. (സങ്കീർത്തനം 145:2) വാസ്തവത്തിൽ, കഴിഞ്ഞവർഷം 6,20,000 സാക്ഷികൾ ക്രിസ്തീയ ശുശ്രൂഷയിൽ മുഴുസമയം പങ്കുപററുന്നതിനുവേണ്ടി തങ്ങളുടെ കാര്യാദികളെല്ലാം ക്രമീകരിക്കുകയുണ്ടായി. ശേഷിച്ചവർ യഹോവയുടെ ആരാധന തീർച്ചയായും അവഗണിക്കുന്നില്ല. അവരുടെ കുടുംബ ഉത്തരവാദിത്വങ്ങൾ ലൗകിക ജോലി ചെയ്യാൻ അവരെ നിർബന്ധിക്കുന്നുവെങ്കിലും അവരുടെ ദൈനംദിന സംഭാഷണങ്ങളിലും പരസ്യ പ്രസംഗവേലയിലും യഹോവയുടെ ആരാധന പ്രമുഖസ്ഥാനം വഹിക്കുന്നു.
18, 19. സാക്ഷികളുടെ ജീവിതകഥകൾ വായിച്ചതിലൂടെ നിങ്ങൾക്കു ലഭിച്ചിരിക്കാനിടയുള്ള പ്രോത്സാഹനത്തിന്റെ ദൃഷ്ടാന്തങ്ങൾ എടുത്തുപറയുക.
18 വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സാക്ഷികളുടെ ജീവിതകഥകൾ വ്യത്യസ്ത സഹോദരീസഹോദരൻമാർ തങ്ങളുടെ ജീവിതത്തിൽ യഹോവയുടെ ആരാധന പ്രഥമ സ്ഥാനത്തു വെച്ചിരിക്കുന്ന വിധം സംബന്ധിച്ച് ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു. ആറു വയസ്സിൽ യഹോവക്കുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച ഒരു യുവ സഹോദരി മിഷനറി സേവനം തന്റെ ലക്ഷ്യമാക്കി. യുവ സഹോദരീസഹോദരൻമാരേ, യഹോവയുടെ ആരാധന നിങ്ങളുടെ ജീവിതത്തിൽ മുൻപന്തിയിൽ വയ്ക്കാൻ സഹായിക്കുന്ന എന്തു ലാക്കു നിങ്ങൾക്കു തിരഞ്ഞെടുക്കാനാവും?—വീക്ഷാഗോപുരത്തിന്റെ 1992, ജൂൺ 1-ലെ 26-30 പേജുകളിലുള്ള “ആറു വയസ്സിൽ വെച്ച ഒരു ലക്ഷ്യത്തെ പിന്തുടരൽ” എന്ന ലേഖനം കാണുക.
19 യഹോവയുടെ ആരാധന ഉചിതമായ സ്ഥാനത്തു വയ്ക്കുന്നതിന്റെ മറെറാരു ദൃഷ്ടാന്തമാണു വിധവയായ, പ്രായംചെന്ന വേറൊരു സഹോദരി. സത്യം പഠിക്കുന്നതിന് അവർ സഹായിച്ചവരിൽനിന്നു സഹിഷ്ണുതയ്ക്കുള്ള വലിയ പ്രോത്സാഹനം അവർ കണ്ടെത്തി. അവർ സഹോദരിയുടെ “കുടുംബ”മായിരുന്നു. (മർക്കൊസ് 3:31-35) സമാനമായ സാഹചര്യത്തിലാണു നിങ്ങളെങ്കിൽ സഭയിലെ ചെറുപ്പക്കാരുടെ പിന്തുണയും സഹായവും നിങ്ങൾ സ്വീകരിക്കുമോ? (വീക്ഷാഗോപുരത്തിന്റെ 1992, ഒക്ടോബർ 1-ലെ 21-3 പേജുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന “ഞാൻ കൊയ്ത്തുകാലത്ത് ചെവികൊടുത്തു” എന്ന ലേഖനത്തിൽ വിനിഫ്രെഡ് റെമി സഹോദരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നതെങ്ങനെയെന്നു കാണുക.) മുഴുസമയ സേവകരേ, യഹോവയുടെ ആരാധന നിങ്ങളുടെ ജീവിതത്തിൽ മുൻപന്തിയിൽ വരുന്നുവെന്ന് നിങ്ങളുടെ നിയമിത സ്ഥലത്തു താഴ്മയോടെ സേവനമനുഷ്ഠിച്ചുകൊണ്ട്, ദിവ്യാധിപത്യ നിർദേശങ്ങൾക്കു മനസ്സോടെ കീഴ്പെട്ടുകൊണ്ട് പ്രകടിപ്പിക്കുവിൻ. (ദ വാച്ച്ടവറിന്റെ 1991 ഡിസംബർ 1-ലെ 24-7 പേജുകളിലുള്ള “യഹോവയുടെ സ്ഥാപനത്തോട് അടുത്തു പററിനിൽക്കുന്നു” എന്ന ലേഖനത്തിൽ വിവരിച്ചിരിക്കുന്ന റോയ് റ്യാൻ സഹോദരന്റെ ദൃഷ്ടാന്തം ദയവായി ശ്രദ്ധിക്കുക.) നാം യഹോവയുടെ സേവനത്തിനു പ്രഥമസ്ഥാനം നൽകുമ്പോൾ അവൻ നമ്മെ കാത്തുകൊള്ളുമെന്ന ഉറപ്പു നമുക്കുണ്ടെന്ന് ഓർക്കുക. ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ എവിടെനിന്നു ലഭിക്കുമെന്നതിനെക്കുറിച്ചു നാം വ്യാകുലപ്പെടേണ്ടതില്ല. ഓലവ്, സോണിയ സ്പ്രിങ് സഹോദരിമാരുടെ അനുഭവങ്ങൾ ഇതു ചിത്രീകരിക്കുന്നു.—വീക്ഷാഗോപുരം 1994, ഫെബ്രുവരി 1-ലെ 20-5 പേജുകളിലുള്ള “ഞങ്ങൾ ഒന്നാമതു രാജ്യം അന്വേഷിച്ചു” എന്ന ലേഖനം കാണുക.
20. ഉചിതമായ ഏതു ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്?
20 അപ്പോൾ, വ്യക്തിപരമായി ചൂഴ്ന്നിറങ്ങുന്ന ചില ചോദ്യങ്ങൾ സ്വയം ചോദിക്കാൻ നാം ബാധ്യസ്ഥരല്ലേ? യഹോവയുടെ ആരാധനയ്ക്ക് എന്റെ ജീവിതത്തിൽ എന്തു സ്ഥാനമാണുള്ളത്? കഴിവിന്റെ പരമാവധി ദൈവഹിതം ചെയ്യുന്നതിനുവേണ്ടി എന്റെ സമർപ്പണത്തിനു യോജിച്ചവിധത്തിലാണോ ഞാൻ ജീവിക്കുന്നത്? ജീവിതത്തിന്റെ ഏതെല്ലാം വശങ്ങളിൽ എനിക്കു പുരോഗമിക്കാൻ കഴിയും? ജീവിതത്തിൽ നാം പ്രഥമസ്ഥാനം നൽകിയിരിക്കുന്നതു നമ്മുടെ സ്നേഹനിധിയായ പിതാവാം പരമാധീശ കർത്താവായ യഹോവയുടെ ആരാധനയ്ക്കു വേണ്ടിയാണ്. അതിനായി നമ്മുടെ വസ്തുവകകൾ നാം എങ്ങനെ ഉപയോഗിക്കുന്നുവെന്നു പര്യാലോചിക്കുന്നതിനു പിൻവരുന്ന ലേഖനത്തിന്റെ ശ്രദ്ധയോടെയുള്ള പരിചിന്തനം നമുക്ക് അവസരം പ്രദാനം ചെയ്യും.—സഭാപ്രസംഗി 12:13; 2 കൊരിന്ത്യർ 13:5.
പുനരവലോകനത്തിൽ
◻ ആരാധനയോടുള്ള ബന്ധത്തിൽ യഹോവ എന്താണു പ്രതീക്ഷിക്കുന്നത്?
◻ തിരുനിവാസം എന്തിന്റെ ഓർമിപ്പിക്കലായി സേവിച്ചു?
◻ പൊ.യു. ഒന്നാം നൂററാണ്ടിൽ സത്യാരാധനയിലെ തീക്ഷ്ണതയുടെ കാര്യത്തിൽ മുന്തിയ ദൃഷ്ടാന്തമായിരുന്നത് ആരായിരുന്നു, എങ്ങനെ?
◻ 1919 മുതൽ യഹോവയുടെ ആരാധന എങ്ങനെയാണ് ഉന്നതമാക്കപ്പെട്ടിരിക്കുന്നത്?