ബൈബിൾവാക്യങ്ങളുടെ വിശദീകരണം
റോമർ 12:12, 13—“ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ”
“പ്രത്യാശ ഓർത്ത് സന്തോഷിക്കുക. കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുക. മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.”—റോമർ 12:12, പുതിയ ലോക ഭാഷാന്തരം.
“ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ.”—റോമർ 12:12, 13, സത്യവേദപുസ്തകം.
റോമർ 12:12-ന്റെ അർഥം
ഈ വാക്യത്തിൽ അപ്പോസ്തലനായ പൗലോസ് മൂന്നു കാര്യങ്ങൾ ചെയ്യാൻ റോമിലെ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. അത് എതിർപ്പുകളും മറ്റു പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ വിശ്വസ്തരായി നിൽക്കാൻ അവരെ സഹായിക്കുമായിരുന്നു.
“പ്രത്യാശ ഓർത്ത് സന്തോഷിക്കുക.” നിത്യം ജീവിക്കാനുള്ള മഹത്തായ പ്രത്യാശ ക്രിസ്ത്യാനികൾക്കുണ്ട്: ചിലർക്ക് അത് സ്വർഗത്തിലും, കൂടുതൽ ആളുകൾക്ക് പറുദീസാഭൂമിയിലും. (സങ്കീർത്തനം 37:29; യോഹന്നാൻ 3:16; വെളിപാട് 14:1-4; 21:3, 4) മനുഷ്യൻ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ദൈവരാജ്യംa പരിഹരിക്കുമെന്ന ഉറപ്പും ഈ പ്രത്യാശയിലുണ്ട്. (ദാനിയേൽ 2:44; മത്തായി 6:10) ദൈവത്തിന്റെ ആരാധകർക്ക് പ്രശ്നങ്ങൾ ഉള്ളപ്പോഴും സന്തോഷിക്കാൻ കഴിയും. കാരണം തങ്ങൾ പ്രത്യാശിക്കുന്ന കാര്യങ്ങൾ തീർച്ചയായും സംഭവിക്കുമെന്നും സഹിച്ചുനിന്നാൽ ദൈവാംഗീകാരം കിട്ടുമെന്നും അവർക്ക് ഉറപ്പാണ്.—മത്തായി 5:11, 12; റോമർ 5:3-5.
“കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുക.” “സഹിച്ചുനിൽക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയെ ബൈബിളിൽ മിക്കപ്പോഴും “ഓടിപ്പോകാതെ ഒരിടത്തുതന്നെ തുടരുക,” “മടുത്തുപിന്മാറാതിരിക്കുക,” “കുലുങ്ങിപ്പോകാതിരിക്കുക” എന്നീ അർഥങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളത്. ക്രിസ്ത്യാനികൾ ഈ ‘ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട്’b അവർ ഉപദ്രവങ്ങൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ അവർക്കു സഹനശക്തിയും വേണം. (യോഹന്നാൻ 15:18-20; 2 തിമൊഥെയൊസ് 3:12) ഒരു ക്രിസ്ത്യാനി ദൈവത്തെ സേവിക്കുമ്പോൾ അദ്ദേഹത്തിനു പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അത് അദ്ദേഹത്തിന്റെ വിശ്വാസം വർധിപ്പിക്കും. അതായത് ദൈവം പ്രതിഫലം കൊടുക്കുമെന്ന വിശ്വാസം ശക്തമാകും. (മത്തായി 24:13) അങ്ങനെ ഒരു ബോധ്യം ഉള്ളതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ക്ഷമയോടെയും സന്തോഷത്തോടെയും സഹിച്ചുനിൽക്കാനും കഴിയും.—കൊലോസ്യർ 1:11.
“മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക.” വിശ്വസ്തരായി തുടരാൻ ക്രിസ്ത്യാനികൾ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. (ലൂക്കോസ് 11:9; 18:1) അവർ എപ്പോഴും ദൈവത്തിന്റെ മാർഗനിർദേശങ്ങൾ തേടുകയും ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യും. (കൊലോസ്യർ 4:2; 1 തെസ്സലോനിക്യർ 5:17) ദൈവം തങ്ങളുടെ അപേക്ഷകൾ കേൾക്കുമെന്ന് അവർക്ക് ഉറപ്പുണ്ട്. കാരണം ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും ദൈവത്തെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നവരാണ് അവർ. (1 യോഹന്നാൻ 3:22; 5:14) മാത്രമല്ല മടുത്തുപിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ, നേരിടുന്ന പ്രശ്നം എന്തുതന്നെയാണെങ്കിലും വിശ്വസ്തരായി തുടരാനുള്ള ശക്തി ദൈവം തങ്ങൾക്കു തരുമെന്ന് ക്രിസ്ത്യാനികൾക്ക് അറിയാം.—ഫിലിപ്പിയർ 4:13.
റോമർ 12:12-ന്റെ സന്ദർഭം
റോമിലുണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് ഏതാണ്ട് എ.ഡി. 56-ൽ പൗലോസ് എഴുതിയതാണ് ഈ കത്ത്. ഈ പുസ്തകത്തിന്റെ 12-ാം അധ്യായത്തിൽ ചില നല്ല ഉപദേശങ്ങൾ പൗലോസ് ക്രിസ്ത്യാനികൾക്കു നൽകുന്നു. ഉദാഹരണത്തിന്, ക്രിസ്തീയഗുണങ്ങൾ എങ്ങനെ കാണിക്കാം, സഹവിശ്വാസികളോടും മറ്റുള്ളവരോടും എങ്ങനെ ഇടപെടാം, പീഡനങ്ങൾ നേരിടുമ്പോഴും സമാധാനത്തോടെ എങ്ങനെ പെരുമാറാം എന്നതിനെക്കുറിച്ചൊക്കെ. (റോമർ 12:9-21) ഈ ഉപദേശങ്ങൾ അവർക്കു ലഭിച്ചത് കൃത്യസമയത്തായിരുന്നു. കാരണം പെട്ടെന്നുതന്നെ റോമിലുള്ള ക്രിസ്ത്യാനികൾ ക്രൂരമായ ഉപദ്രവങ്ങൾ നേരിടാൻ പോകുകയായിരുന്നു.
കുറച്ച് വർഷങ്ങൾക്കുശേഷം, അതായത് എ.ഡി. 64-ൽ റോമൻ നഗരത്തിന് വലിയ നാശം വരുത്തിവെച്ച ഒരു തീപിടുത്തം ഉണ്ടായി. നീറോ ചക്രവർത്തിയാണ് അതിനു കാരണക്കാരൻ എന്ന് ആളുകൾ പറഞ്ഞുപരത്തി. റോമൻ ചരിത്രകാരനായ റ്റാസിറ്റസ് പറയുന്നതനുസരിച്ച് ആ ആരോപണത്തിൽനിന്ന് തലയൂരാൻ നീറോ ചക്രവർത്തി ഈ ദുരന്തത്തിനു കാരണക്കാർ ക്രിസ്ത്യാനികളാണെന്നു വരുത്തിത്തീർത്തു. ഇതായിരിക്കണം ക്രിസ്ത്യാനികൾക്ക് ശക്തമായ ഉപദ്രവങ്ങൾ നേരിടാനുണ്ടായ കാരണം. എതിർപ്പുകൾ എങ്ങനെ സഹിക്കാമെന്നുള്ള പൗലോസിന്റെ ഉപദേശം, ആ ബുദ്ധിമുട്ടേറിയ സമയത്തും വിശ്വസ്തരായിരിക്കാനും മാന്യത കൈവിടാതിരിക്കാനും അവരെ സഹായിച്ചു. (1 തെസ്സലോനിക്യർ 5:15; 1 പത്രോസ് 3:9) അന്നത്തെ ക്രിസ്ത്യാനികളുടെ മാതൃകയിൽനിന്ന് ഇന്നത്തെ ദൈവദാസർക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്.
റോമറുടെ പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നടപ്പിലാക്കുന്നതിനുവേണ്ടി ദൈവം സ്വർഗത്തിൽ സ്ഥാപിച്ച ഗവൺമെന്റാണ് ദൈവരാജ്യം. കൂടുതൽ വിവരങ്ങൾക്കായി “എന്താണ് ദൈവരാജ്യം?” എന്ന ലേഖനം കാണുക.
b ബൈബിളിൽ “ലോകം” എന്നു പറഞ്ഞിരിക്കുന്ന പദത്തിന് ദൈവത്തിൽനിന്ന് അകന്ന മനുഷ്യസമൂഹത്തെ കുറിക്കാനാകും.