നമ്മുടെ സഹോദരൻമാരോടുള്ള വിലമതിപ്പ്
“നിർവ്യാജ സഹോദരപ്രീതിയോടെ . . . , ഹൃദയത്തിൽനിന്ന് അന്യോന്യം ഉററു സ്നേഹിക്കുക.”—1 പത്രോസ് 1:22.
1. യഹോവയുടെ സാക്ഷികൾ സത്യക്രിസ്ത്യാനിത്വം ആചരിക്കുന്നുണ്ടെന്ന് അനേകർക്ക് ബോധ്യം വരുത്തിയതെന്താണ്?
സ്നേഹം സത്യക്രിസ്ത്യാനിത്വത്തിന്റെ കുറിയടയാളമാണ്. യേശു തന്റെ അപ്പോസ്തലൻമാരുമായി പങ്കുപററിയ അവസാനത്തെ ഭക്ഷണവേളയിൽ അവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ഇത് ദൃഢീകരിച്ചു: “നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്ന് ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന നൽകുകയാകുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണമെന്നുതന്നെ. നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) അനേകമാളുകൾ രാജ്യഹാളിലെ ഒരു മീററിംഗിനു ഹാജരാകുകയോ വലിയ ഒരു സമ്മേളനത്തിനു പോകുകയോ ചെയ്തപ്പോൾ യഹോവയുടെ സാക്ഷികൾ സത്യക്രിസ്ത്യാനിത്വം ആചരിക്കുന്നുണ്ടെന്ന് അവർക്ക് ആദ്യമായി ബോദ്ധ്യപ്പെട്ടു. അവർ സ്നേഹം പ്രവർത്തനത്തിലിരിക്കുന്നതു നിരീക്ഷിച്ചു, ഇതിനാൽ അവർ ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യൻമാരിൽപെട്ടവരാണെന്ന് അവർ അറിഞ്ഞു.
2. ക്രിസ്ത്യാനിത്വത്തിന്റെ വ്യതിരിക്ത ലക്ഷണമായ സ്നേഹത്തെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എന്തു പറഞ്ഞു?
2 യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ ഈ വ്യതിരിക്ത ലക്ഷണം യഹോവയുടെ ഇന്നത്തെ ജനത്തിന്റെ ഇടയിൽ ദൃശ്യമായിരിക്കുന്നതിൽ നമ്മളെല്ലാം സന്തോഷിക്കുന്നു. എന്നിരുന്നാലും, ആദിമ ക്രിസ്ത്യാനികളെപ്പോലെ, നമ്മുടെ സഹോദരൻമാരോട് വിലമതിപ്പു പ്രകടമാക്കാനുള്ള കൂടുതലായ മാർഗ്ഗങ്ങൾ നാം നിരന്തരം തേടേണ്ടതാണെന്ന് നാം തിരിച്ചറിയുന്നുണ്ട്. പൗലോസ് തെസ്സലോനിക്യയിലെ സഭക്ക് ഇങ്ങനെ എഴുതി: “നിങ്ങൾക്ക് അന്യോന്യമുള്ള സ്നേഹം വർദ്ധിക്കാൻ, അതെ, സമൃദ്ധമാകാൻ, കർത്താവ് ഇടയാക്കട്ടെ.” (1 തെസ്സലോനീക്യർ 3:12) നമുക്ക് അന്യോന്യമുള്ള സ്നേഹം എങ്ങനെ വർദ്ധിപ്പിക്കാം?
സ്നേഹവും സഹോദരപ്രീതിയും
3. ഒരു ശുദ്ധജീവിതം നയിക്കുന്നതിനു പുറമേ ക്രിസ്ത്യാനികൾക്ക് എന്താവശ്യമാണെന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു?
3 ഏഷ്യാമൈനറിലെ ക്രിസ്തീയ സഭകളെ അഭിസംബോധനചെയ്ത് എഴുതിയ ഒരു പൊതുലേഖനത്തിൽ അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ദേഹികളെ [അല്ലെങ്കിൽ ജീവിതത്തെ] നിർവ്യാജസഹോദരപ്രീതിയെന്ന [ഫിലദൽഫിയാ] ഫലത്തോടെ സത്യത്തോടുള്ള അനുസരണത്താൽ നിർമ്മലീകരിച്ചിരിക്കുന്ന സ്ഥിതിക്ക്, ഹൃദയത്തിൽനിന്ന് അന്യോന്യം ഉററു സ്നേഹിക്കുക. [അഗാപെയോയുടെ ഒരു രൂപം].” (1 പത്രോസ് 1:22) നമ്മുടെ ജീവിതത്തെ നിർമ്മലീകരിച്ചാൽ മാത്രം പോരെന്ന് പത്രോസ് പ്രകടമാക്കുന്നു. പുതിയ കല്പന ഉൾപ്പെടെയുള്ള സത്യത്തോടുള്ള നമ്മുടെ അനുസരണം നിർവ്യാജ സഹോദരപ്രീതിയിലും അന്യോന്യമുള്ള ഉററ സ്നേഹത്തിലും കലാശിക്കണം.
4. നാം ഏതു ചോദ്യങ്ങൾ ചോദിക്കണം, ഈ ബന്ധത്തിൽ യേശു എന്തു പറഞ്ഞു?
4 നമ്മുടെ സഹോദരൻമാരോടുള്ള നമ്മുടെ സ്നേഹവും വിലമതിപ്പും നമുക്കിഷ്ടമുള്ളവരോടു മാത്രം പ്രകടമാക്കാനാണോ ചായ്വ്? ഇവരോട് നാം ഉദാരമതികളാകാൻ പ്രവണത കാട്ടിക്കൊണ്ട് അവരുടെ ദൗർബല്യങ്ങളുടെ നേരെ കണ്ണടക്കുകയും നമുക്ക് സ്വാഭാവികമായ അടുപ്പം തോന്നാത്ത മററുള്ളവരുടെ തെററുകളും ദൗർബല്യങ്ങളും പെട്ടെന്നു കണ്ടുപിടിക്കുകയും ചെയ്യുന്നുവോ? “നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാൽ [അഗാപെയോയുടെ രൂപം] നിങ്ങൾക്ക് എന്ത് പ്രതിഫലമാണുള്ളത്? നികുതിപിരിവുകാരും അതുതന്നെ ചെയ്യുന്നില്ലയോ?” എന്ന് യേശു പറഞ്ഞു.—മത്തായി 5:46.
5. “സ്നേഹം” എന്നും “പ്രീതി” എന്നും അർത്ഥമുള്ള ഗ്രീക്ക് പദങ്ങൾ തമ്മിൽ ബൈബിൾ പണ്ഡിതൻ എന്തു വ്യത്യാസം കല്പിക്കുന്നു?
5 പുതിയനിയമപദങ്ങൾ എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസ്സർ വില്യം ബെർക്ലേ “പ്രീതി” എന്നു വിവർത്തനംചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തെയും “സ്നേഹം” എന്നു വിവർത്തനംചെയ്തിരിക്കുന്ന പദത്തെയും കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈ വാക്കുകൾ [“പ്രീതി” എന്നർത്ഥമുള്ള ഫീലിയായും ബന്ധപ്പെട്ട ക്രിയയായ ഫീലിയോയും] സംബന്ധിച്ച് സുന്ദരമായ ഒരു ഊഷ്മളതയുണ്ട്. അതിന്റെ അർത്ഥം ഒരാളെ വാൽസല്യപൂർവകമായ ആദരവോടെ വീക്ഷിക്കുകയെന്നാണ്. . . . സ്നേഹം എന്നതിന്റെ വളരെയേറെ സാധാരണമായിരിക്കുന്ന പുതിയനിയമ പദങ്ങൾ അഗാപെ എന്ന നാമവും അഗാപൻ എന്ന ക്രിയയുമാണ്. . . . ഫീലിയാ ഒരു സുന്ദരമായ പദമായിരുന്നു, എന്നാൽ അതു തീർച്ചയായും ഊഷ്മളതയുടെയും അടുപ്പത്തിന്റെയും പ്രിയത്തിന്റെയും പദമായിരുന്നു. . . .അഗാപെക്ക് മനസ്സിനോടാണ് ബന്ധം: നമ്മുടെ ഹൃദയങ്ങളിൽ ആവശ്യപ്പെടാതെയുണ്ടാകുന്ന ഒരു വികാരം മാത്രമല്ല അത്; അത് നാം കരുതിക്കൂട്ടി അനുസരിച്ചു ജീവിക്കുന്ന ഒരു തത്വമാണ്. അഗാപെയിക്ക് സമുന്നതമായി മനഃശക്തിയോടാണ് ബന്ധമുള്ളത്. അത് ഒരു ജയിച്ചടക്കലും ഒരു വിജയവും ഒരു നേട്ടവുമാണ്. ആരും ഒരിക്കലും തന്റെ ശത്രുക്കളെ സ്വാഭാവികമായി സ്നേഹിച്ചിട്ടില്ല. ഒരുവന്റെ ശത്രുക്കളെ സ്നേഹിക്കുന്നത് നമ്മുടെ സ്വാഭാവിക ചായ്വുകളുടെയും വികാരങ്ങളുടെയുമെല്ലാം ഒരു ജയിച്ചടക്കലാണ്. ഈ അഗാപെ . . . യഥാർഥത്തിൽ സ്നേഹിക്കാൻ കഴിയാത്തതിനെ സ്നേഹിക്കുന്നതിന്, നാം ഇഷ്ടപ്പെടാത്ത ആളുകളെ സ്നേഹിക്കുന്നതിന്, ഉള്ള ശക്തിയാണ്.”
6. (എ) നാം ഏതു ഉള്ളറിയുന്ന ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കേണ്ടതാണ്? (ബി) പത്രോസ് പറയുന്നതനുസരിച്ച് നമുക്ക് നമ്മുടെ സഹോദരപ്രീതി സ്വാഭാവികമായി ആകർഷിക്കപ്പെടുന്നവരിൽ പരിമിതപ്പെടുത്താൻ കഴിയാത്തതെന്തുകൊണ്ട്?
6 ചിലരെ അപേക്ഷിച്ച് മററു ചില സഹോദരൻമാരോട്, ഊഷ്മളതയേറിയ വികാരങ്ങളുണ്ടായിരിക്കാൻ തിരുവെഴുത്തുകൾ അനുവദിക്കുന്നുണ്ടെന്നുള്ള വ്യാജേന നാം നമ്മുടെ വികാരങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുകയാണോ? (യോഹന്നാൻ 19:26; 20:2) നാം ആകർഷിക്കപ്പെടുന്നവരോടു മാത്രമായി ഊഷ്മള സഹോദരപ്രീതി കാട്ടുമ്പോൾ നാം ബാദ്ധ്യസ്ഥരായിരിക്കുന്നതുകൊണ്ടു മാത്രം ചിലരോട് ചിന്തിതമായ ഒരു തണുത്ത “സ്നേഹം” പ്രകടമാക്കാൻ കഴിയുമെന്ന് നാം വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ, നമുക്ക് പത്രോസിന്റെ പ്രബോധനത്തിന്റെ ആശയം നഷ്ടപ്പെട്ടു. നാം സത്യത്തോടുള്ള നമ്മുടെ അനുസരണത്താൽ നമ്മുടെ ദേഹികളെ വേണ്ടത്ര നിർമ്മലീകരിച്ചിട്ടില്ല, എന്തുകൊണ്ടെന്നാൽ പത്രോസ് ഇങ്ങനെ പറയുന്നു: “സത്യത്തോടുള്ള അനുസരണത്താൽ നിങ്ങൾക്ക് നിങ്ങളുടെ സഹോദരക്രിസ്ത്യാനികളോട് ആത്മാർത്ഥമായ പ്രീതി തോന്നുന്നതുവരെ നിങ്ങൾ നിങ്ങളുടെ ദേഹികളെ നിർമ്മലീകരിച്ചിരിക്കുന്നതുകൊണ്ട് മുഴുഹൃദയത്തോടെ നിങ്ങളുടെ മുഴുശക്തിയോടും കൂടെ അന്യോന്യം സ്നേഹിക്കുക.”—1 പത്രോസ് 1:22, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
“നിർവ്യാജ സഹോദരപ്രീതി”
7, 8. “നിർവ്യാജം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ ഉത്ഭവം എങ്ങനെയാണ്, അതുകൊണ്ട് പത്രോസ് ഈ പദം ഉപയോഗിച്ചതെന്തുകൊണ്ട്?
7 അപ്പോസ്തലനായ പത്രോസ് കുറേക്കൂടെ മുന്നോട്ടു പോകുന്നു. നമ്മുടെ സഹോദരപ്രീതി നിർവ്യാജമായിരിക്കണമെന്ന് അവൻ പറയുന്നു. “നിർവ്യാജം” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന പദം മുഖംമൂടികൊണ്ടു മുഖം മറച്ചു സംസാരിച്ച നാടക നടൻമാർക്കുപയോഗിക്കപ്പെട്ട ഒരു ഗ്രീക്ക് പദത്തിന്റെ നിഷേധരൂപത്തിൽ നിന്നാണ് ഉളവാകുന്നത്. ഇത് ഒരു നാടകത്തിൽ പല വ്യത്യസ്ത കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടാൻ അവരെ പ്രാപ്തരാക്കി. അങ്ങനെ ആ വാക്കിന് കപടഭാവം, അല്ലെങ്കിൽ കപടവേഷം അല്ലെങ്കിൽ നാട്യം എന്ന അർത്ഥം കൈവന്നു.
8 നമ്മുടെ ഉള്ളിന്റെ ഉള്ളിൽ സഭയിലെ ചില സഹോദരീസഹോദരൻമാരോട് എങ്ങനെയുള്ള വിചാരമാണുള്ളത്? നാം യോഗങ്ങളിൽ അവരെ കാണുമ്പോൾ നിർബന്ധത്താൽ ചിരിക്കുകയും പെട്ടെന്ന് നോട്ടം മാററുകയും അല്ലെങ്കിൽ കടന്നുപോകുകയുമാണോ? അതിലും മോശമായി, അവരെ അശേഷം അഭിവാദ്യംചെയ്യാതെ ഒഴിഞ്ഞുമാറാൻ നാം ശ്രമിക്കുകയാണോ? അങ്ങനെയെങ്കിൽ, നമ്മുടെ സഹക്രിസ്ത്യാനികളോട് ആത്മാർത്ഥമായ പ്രീതി തോന്നുന്ന ഘട്ടംവരെ നമ്മുടെ ദേഹികളെ നിർമ്മലീകരിക്കേണ്ടിയിരുന്ന നമ്മുടെ “സത്യത്തോടുള്ള അനുസരണം” സംബന്ധിച്ച് എന്തു പറയാൻ കഴിയും? “നിർവ്യാജം” എന്ന പദം ഉപയോഗിച്ചതിനാൽ നമ്മുടെ സഹോദരൻമാരോടുള്ള നമ്മുടെ പ്രീതി ഷോയിക്കുവേണ്ടി നടിക്കുന്നതായിരിക്കരുതെന്ന് പത്രോസ് പറയുകയാണ്. അത് യഥാർത്ഥം, ഹൃദയംഗമം ആയിരിക്കണം.
“ഹൃദയത്തിൽനിന്ന് ഉററ സ്നേഹിക്കുക”
9, 10. നാം അന്യോന്യം “ഉററ്” അഥവാ “നീട്ടി” സ്നേഹിക്കണമെന്ന് പറഞ്ഞപ്പോൾ പത്രോസ് എന്താണർത്ഥമാക്കിയത്?
9 പത്രോസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഹൃദയത്തിൽനിന്ന് അന്യോന്യം ഉററ [അക്ഷരീയമായി “നീട്ടി”] സ്നേഹിക്കുക.” നമുക്ക് സ്വാഭാവികമായ ഇഷ്ടം ഉള്ളവരും അത് തിരിച്ചു പ്രകടിപ്പിക്കുന്നവരുമായവരോട് സ്നേഹം കാട്ടാൻ ഹൃദയം നീട്ടേണ്ടയാവശ്യമില്ല. എന്നാൽ അന്യോന്യം “നീട്ടി” സ്നേഹിക്കാനാണ് പത്രോസ് നമ്മോടു പറയുന്നത്. ക്രിസ്ത്യാനികളുടെ ഇടയിൽ പ്രകടമാക്കപ്പെടുമ്പോൾ അഗാപേ സ്നേഹം നാം നമ്മുടെ ശത്രുക്കളോടു കാണിക്കേണ്ടതുപോലുള്ള ബൗദ്ധിക സ്നേഹം, ചിന്തിത സ്നേഹം, മാത്രമായിരിക്കുന്നില്ല. (മത്തായി 5:44) അത് ഉററ സ്നേഹമാണ്, ശ്രമവും ആവശ്യമാണ്. അതിൽ നാം സാധാരണമായി ആകർഷിക്കപ്പെടുകയില്ലാത്തവരെയും ഉൾക്കൊള്ളാൻതക്കവണ്ണം ഹൃദയങ്ങളെ നീട്ടി വിശാലമാക്കുന്നത് ഉൾപ്പെടുന്നു.
10 ഗ്രീക്ക് പുതിയ നിയമത്തിന്റെ ഭാഷാ താക്കോൽ [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ ഫ്രിററ്സ് റീനെക്കർ 1 പത്രോസ് 1:22-ൽ “ഉററ്” അഥവാ “നീട്ടി” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന പദത്തെക്കുറിച്ച് അഭിപ്രായം പറയുന്നു. അദ്ദേഹം എഴുതുന്നു: “അടിസ്ഥാന ആശയം ആത്മാർത്ഥതയുടെയും തീക്ഷ്ണതയുടെയുമാണ് (ഒരു കാര്യം നിസ്സാരമായി ചെയ്യാതെ . . . നീട്ടിചെയ്യുന്നതിന്റെ) (ഹോർട്ട്).” നീട്ടുകയെന്നതിന് മററുള്ളവയുടെ കൂട്ടത്തിൽ “പരമാവധി വലിയുന്നതുവരെ വലിച്ചുനീട്ടുക” എന്നർത്ഥമുണ്ട്. അതുകൊണ്ട് ഹൃദയത്തിൽനിന്ന് ഉററു സ്നേഹിക്കുകയെന്നതിന് നമ്മുടെ സകല ക്രിസ്തീയ സഹപ്രവർത്തകരോടും സഹോദരപ്രീതിയുണ്ടായിരിക്കാൻ നമ്മുടെ ശ്രമങ്ങളിൽ പരമാവധി അദ്ധ്വാനം ചെലുത്തുക എന്ന അർത്ഥമുണ്ട്. നമ്മുടെ ചില സഹോദരീസഹോദരൻമാർ നമ്മുടെ ഊഷ്മള പ്രീതിയിൽ ഇടമില്ലാതെ ഞെരുങ്ങുന്നുണ്ടോ? എങ്കിൽ, നാം വിശാലരാകണം.
“വിശാലരാകുക”
11, 12. (എ) അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് ഏതു ബുദ്ധിയുപദേശം കൊടുത്തു? (ബി) ഈ കാര്യത്തിൽ പൗലോസ് ഒരു നല്ല ദൃഷ്ടാന്തം വെച്ചതെങ്ങനെ?
11 അപ്പോസ്തലനായ പൗലോസിന് പ്രത്യക്ഷത്തിൽ കൊരിന്തിലെ സഭയിൽ ഇതിന്റെ ആവശ്യം അനുഭവപ്പെട്ടു. അവിടത്തെ ക്രിസ്ത്യാനികൾക്ക് അവൻ ഇങ്ങനെ എഴുതി: “കൊരിന്ത്യരേ, ഞങ്ങളുടെ വായ് നിങ്ങളിലേക്ക് തുറന്നിരിക്കുന്നു, ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. നിങ്ങൾ ഞങ്ങളുടെ ഉള്ളിൽ ഇടമില്ലാതെ ഞെരുങ്ങുന്നില്ല, എന്നാൽ നിങ്ങളുടെ സ്വന്തം വാത്സല്യങ്ങളിൽ നിങ്ങൾ ഇടമില്ലാതെ ഞെരുങ്ങുന്നു. അതുകൊണ്ട് മക്കളോടെന്നപോലെ ഞാൻ സംസാരിക്കുകയാണ്—പകരം കൊടുക്കുന്ന പ്രതിഫലംപോലെ നിങ്ങളും വിശാലരാകുക.”—2 കൊരിന്ത്യർ 6:11-13.
12 നമ്മുടെ സഹോദരീസഹോദരൻമാരെയെല്ലാം ഉൾപ്പെടുത്താൻതക്കവണ്ണം നമുക്ക് നമ്മുടെ ഹൃദയങ്ങളെ എങ്ങനെ വിശാലമാക്കാം? ഈ കാര്യത്തിൽ പൗലോസ് നല്ല ദൃഷ്ടാന്തം വെച്ചു. അവൻ തന്റെ സഹോദരൻമാരിലെ നൻമ തേടുകയും അവരുടെ പോരായ്മകൾ നിമിത്തമല്ല, പിന്നെയോ അവരുടെ സൽഗുണങ്ങൾ നിമിത്തം അവരെ ഓർക്കുകയും ചെയ്തു എന്ന് സ്പഷ്ടമാണ്. റോമിലെ ക്രിസ്ത്യാനികൾക്കുള്ള അവന്റെ ലേഖനത്തിന്റെ അവസാന അദ്ധ്യായം ഇത് വിശദമാക്കുന്നു. നമുക്ക് റോമർ 16-ാം അദ്ധ്യായം പരിശോധിച്ച് തന്റെ സഹോദരീസഹോദരൻമാരോടുള്ള പൗലോസിന്റെ ക്രിയാത്മക മനോഭാവത്തെ അത് എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്ന് കാണാം.
ഊഷ്മളമായ വിലമതിപ്പ്
13. പൗലോസ് ഫേബയോടുള്ള തന്റെ വിലമതിപ്പു പ്രകടമാക്കിയതെങ്ങനെ, എന്തുകൊണ്ട്?
13 പൗലോസ് തന്റെ മൂന്നാമത്തെ മിഷനറിയാത്രയിൽ ക്രി.വ. 56-ാമാണ്ടോടടുത്താണ് കൊരിന്തിൽനിന്ന് റോമർക്കുള്ള തന്റെ ലേഖനം എഴുതിയത്. പ്രത്യക്ഷത്തിൽ അവൻ അതിന്റെ കൈയെഴുത്തു പ്രതി അടുത്തുള്ള കെംക്രെയ സഭയിലെ അംഗമായിരുന്ന ഫേബയെന്ന ഒരു ക്രിസ്തീയ സ്ത്രീയെ ഭരമേല്പിച്ചു, അവർ റോമിലേക്കു പോകുകയായിരുന്നു. (1ഉം 2ഉം വാക്യങ്ങൾ വായിക്കുക.) അവൻ എത്ര ഊഷ്മളമായി അവരെ റോമിലെ സഹോദരൻമാർക്കു ശുപാർശചെയ്യുന്നുവെന്ന് കാണുക. ഒരുപക്ഷേ തിരക്കേറിയ തുറമുഖമായ കെംക്രെയയിലൂടെയുള്ള അവരുടെ സഞ്ചാരത്തിൽ പൗലോസ് ഉൾപ്പെടെ അനേകം ക്രിസ്ത്യാനികളെ അവൾ ഏതെങ്കിലും വിധങ്ങളിൽ പിന്താങ്ങിയിരുന്നു. മറെറല്ലാ മനുഷ്യരെയും പോലെ ഒരു അപൂർണ്ണ പാപിയായിരുന്നതിനാൽ നിസ്സംശയമായി ഫേബക്കും അവളുടെ ദൗർബല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഫേബയുടെ ദൗർബല്യങ്ങളെക്കുറിച്ച് റോമൻ സഭക്കു മുന്നറിയിപ്പുകൊടുക്കുന്നതിനു പകരം “വിശുദ്ധൻമാർക്കു യോഗ്യമായ ഒരു വിധത്തിൽ കർത്താവിൽ അവളെ സ്വാഗതംചെയ്യാൻ” പൗലോസ് അവരെ ഉദ്ബോധിപ്പിച്ചു. എത്ര നല്ല ക്രിയാത്മകമായ മനോഭാവം!
14. പൗലോസ് പ്രിസ്ക്കയെയും അക്വിലയെയുംകുറിച്ച് ഏതു ദയാപൂർവകമായ കാര്യങ്ങൾ പറഞ്ഞു?
14 മൂന്നാം വാക്യം മുതൽ 15-ാം വാക്യം വരെ പേർപറഞ്ഞിരിക്കുന്ന 20തിലധികം ക്രിസ്ത്യാനികൾക്കും വ്യക്തിപരമായും കൂട്ടമായും പറഞ്ഞിരിക്കുന്ന മററനേകർക്കും പൗലോസ് അഭിവാദനങ്ങളയക്കുന്നു. (3, 4 വാക്യങ്ങൾ വായിക്കുക.) പ്രിസ്ക്കയോടും (അല്ലെങ്കിൽ പ്രിസ്ക്കില്ലയോടും; പ്രവൃത്തികൾ 18:2 താരതമ്യംചെയ്യുക) അക്വിലായോടും പൗലോസിന് അനുഭവപ്പെട്ട സഹോദരപ്രീതി നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമോ? ഈ ഇണകൾ പൗലോസിനെ പ്രതി അപകടങ്ങൾക്കു വിധേയരാക്കപ്പെട്ടിരുന്നു. ഇപ്പോൾ അവൻ ഈ സഹപ്രവർത്തകരെ നന്ദിയോടെ അഭിവാദനംചെയ്യുകയും വിജാതീയ സഭകൾക്കുവേണ്ടി അവർക്ക് നന്ദി അയക്കുകയും ചെയ്തു. ഈ ഹൃദയംഗമമായ അഭിവാദനങ്ങളാൽ അക്വിലായും പ്രിസ്ക്കില്ലയും എത്ര പ്രോൽസാഹിതരായിരുന്നിരിക്കണം!
15. അന്ത്രോനിക്കസിനും യൂനിയാസിനും അഭിവാദനങ്ങളയച്ചപ്പോൾ പൗലോസ് ഔദാര്യവും താഴ്മയും പ്രകടമാക്കിയതെങ്ങനെ?
15 പ്രത്യക്ഷത്തിൽ പൗലോസ് ക്രിസ്തുവിന്റെ മരണശേഷം ഒന്നോ രണ്ടോ വർഷങ്ങൾക്കകം ഒരു അർപ്പണബോധമുള്ള ക്രിസ്ത്യാനിയായിത്തീർന്നു. അവൻ റോമർക്കുള്ള ലേഖനമെഴുതിയപ്പോഴേക്ക് അവൻ ക്രിസ്തുവിനാൽ ജനതകൾക്കുവേണ്ടിയുള്ള ഒരു പ്രമുഖ അപ്പോസ്തലനായി അനേക വർഷക്കാലം ഉപയോഗിക്കപ്പെട്ടിരുന്നു. (പ്രവൃത്തികൾ 9:15; റോമർ 1:1; 11:13) എന്നിരുന്നാലും അവന്റെ ഔദാര്യവും വിനയവും കാണുക. (7-ാം വാക്യം വായിക്കുക.) “അപ്പോസ്തലൻമാരുടെ [അയക്കപ്പെട്ടവരുടെ] ഇടയിലെ ഗണനീയ പുരുഷൻമാർ” എന്ന നിലയിൽ അവൻ അന്ത്രോനിക്കസിനെയും യൂനിയാസിനെയും അഭിവാദനംചെയ്യുകയും തന്നെക്കാൾ ദീർഘകാലം അവർ ക്രിസ്തുവിനെ സേവിച്ചതായി സമ്മതിക്കുകയും ചെയ്തു. ക്ഷുദ്രമായ അസൂയയുടെ കണികപോലുമില്ല!
16. (എ) പൗലോസ് റോമിൽ പാർത്തിരുന്ന മററു ക്രിസ്ത്യാനികളെക്കുറിച്ച് ഏതു സ്നേഹമസൃണമായ വാക്കുകളിൽ സംസാരിച്ചു? (ബി) ഈ അഭിവാദനങ്ങൾ “നിർവ്യാജ സഹോദരപ്രീതി”യുടെ ദൃഷ്ടാന്തങ്ങളായിരുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
16 എപ്പൈനത്തൊസ്, അംപ്ലിയാത്തൊസ്, സ്താക്കു എന്നിങ്ങനെയുള്ള ആദിമ ക്രിസ്ത്യാനികളെ സംബന്ധിച്ച് നമുക്ക് ഒന്നുംതന്നെ അറിയാൻപാടില്ല. ( 5, 8, 9 വാക്യങ്ങൾ വായിക്കുക.) എന്നാൽ പൗലോസ് ആ മൂന്നുപേരെയും അഭിവാദനംചെയ്യുന്ന വിധത്തിൽനിന്ന് അവർ വിശ്വസ്ത പുരുഷൻമാരായിരുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവർ ഓരോരുത്തരും പൗലോസിന് പ്രിയരായിത്തീർന്നിരുന്നു. തന്നിമിത്തം “എന്റെ പ്രിയനേ” എന്ന് അവൻ അവരിൽ ഓരോരുത്തരേയും വിളിച്ചു. “ക്രിസ്തുവിൽ അംഗീകാരമുള്ളവ”നെന്നും “കർത്താവിൽ തെരഞ്ഞെടുക്കപ്പെട്ടവൻ” എന്നും പരാമർശിച്ചുകൊണ്ട് പൗലോസ് അപ്പെലേസിനെയും രൂഫൊസിനെയും കുറിച്ചു ദയാപൂർവം പ്രസ്താവിച്ചു. ( 10ഉം 13ഉം വാക്യങ്ങൾ വായിക്കുക.) ഈ രണ്ടു ക്രിസ്ത്യാനികൾക്ക് എത്ര നല്ല അനുമോദനമാണു കൊടുക്കുന്നത്! പൗലോസിന്റെ തുറന്ന സംസാരത്തെക്കുറിച്ചറിയുമ്പോൾ അവ വെറും ഉപചാരമല്ലായിരുന്നുവെന്ന് നമുക്കുറപ്പുണ്ടായിരിക്കാൻ കഴിയും. (2 കൊരിന്ത്യർ 10:18 താരതമ്യപ്പെടുത്തുക.) സാന്ദർഭികമായി, രൂഫൊസിന്റെ അമ്മയെ അഭിവാദനംചെയ്യാനും പൗലോസ് മറന്നില്ല.
17. പൗലോസ് തന്റെ സഹോദരിമാരോട് ആഴമായ വിലമതിപ്പു പ്രകടമാക്കിയതെങ്ങനെ?
17 അത് സഹോദരിമാരോടുള്ള പൗലോസിന്റെ വിലമതിപ്പിലേക്കു നമ്മെ വരുത്തുന്നു. രൂഫൊസിന്റെ അമ്മക്കു പുറമേ പൗലോസ് വേറെ ആറു ക്രിസ്തീയ സ്ത്രീകളെക്കുറിച്ചെങ്കിലും പറഞ്ഞു. ഫേബയെയും പ്രിസ്ക്കയെയും കുറിച്ച് അവൻ എത്ര ദയാപൂർവം സംസാരിച്ചുവെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാൽ എത്ര ഊഷ്മളമായ സഹോദരപ്രീതിയോടെ അവൻ മറിയയെയും ത്രുഫൈനെയേയും ത്രുഫോസെയെയും പെർസിസിനെയും അഭിവാദനം ചെയ്തെന്നു കാണുക. (6, 12 വാക്യങ്ങൾ വായിക്കുക.) തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി “അനേകം ജോലികൾ ചെയ്ത” ഈ കഠിനാദ്ധ്വാനികളായ സഹോദരിമാരിലേക്ക് അവന്റെ ഹൃദയം പകരപ്പെട്ടുവെന്ന് ഒരുവന് അനുഭവപ്പെടാൻ കഴിയും. തന്റെ സഹോദരീസഹോദരൻമാരോട് അവരുടെ അപൂർണ്ണതകൾ ഗണ്യമാക്കാതെ പൗലോസ് പ്രകടമാക്കിയ ഹൃദയംഗമമായ വിലമതിപ്പ് കാണുന്നത് എത്ര കെട്ടുപണിചെയ്യുന്നതാണ്!
നമ്മുടെ സഹോദരങ്ങളെക്കുറിച്ച് സംശയാലുക്കളല്ല
18. നമുക്ക് പൗലോസിനെ അനുകരിക്കാൻ എങ്ങനെ ശ്രമിക്കാൻ കഴിയും, എന്നാൽ എന്ത് ആവശ്യമായിരുന്നേക്കാം?
18 പൗലോസിനെ അനുകരിച്ചുകൊണ്ട് സഭയിലെ ഓരോ സഹോദരനെയും സഹോദരിയെയും സംബന്ധിച്ച് എന്തെങ്കിലും നല്ല കാര്യം പറയാൻ ശ്രമിക്കരുതോ? ചിലരുടെ കാര്യത്തിൽ നിങ്ങൾക്ക് അശേഷം പ്രശ്നമുണ്ടായിരിക്കയില്ല. മററുള്ളവരുടെ കാര്യത്തിൽ അല്പം അന്വേഷണം ആവശ്യമായിരിക്കാം. അവരെ മെച്ചമായി മനസ്സിലാക്കാൻ അവരോടൊത്ത് കുറേ സമയം ചെലവഴിക്കാൻ ശ്രമിക്കരുതോ? തീർച്ചയായും നിങ്ങൾ അവരിൽ പ്രിയങ്കരങ്ങളായ ഗുണങ്ങൾ കണ്ടുപിടിക്കും. അവർ കഴിഞ്ഞ കാലത്തേതിലുമധികം നിങ്ങളെ വിലമതിക്കാനിടയാകില്ലെന്ന് ആരറിയുന്നു?
19. നാം നമ്മുടെ സഹോദരൻമാരുടെ ആന്തരങ്ങളെ സംശയിക്കരുതാത്തതെന്തുകൊണ്ട്, യഹോവ നമുക്ക് സ്നേഹത്തിന്റെ നല്ല മാതൃക വെക്കുന്നതെങ്ങനെ?
19 നാം നമ്മുടെ സഹോദരങ്ങളുടെ ആന്തരത്തെ സംശയിക്കരുത്. അവരെല്ലാം യഹോവയെ സ്നേഹിക്കുന്നു; അല്ലായിരുന്നെങ്കിൽ അവർ യഹോവക്ക് തങ്ങളുടെ ജീവനെ സമർപ്പിക്കുകയില്ലായിരുന്നു. ലോകത്തിന്റെ അനായാസ വഴികളിലേക്കു പിന്തിരിഞ്ഞുപോകുന്നതിൽനിന്ന് അവരെ തടയുന്നതെന്താണ്? അത് യഹോവയോടും അവന്റെ നീതിയോടും ക്രിസ്തുവിൻകീഴിലെ അവന്റെ രാജ്യത്തോടുമുള്ള അവരുടെ സ്നേഹമാണ്. (മത്തായി 6:33) എന്നാൽ വിശ്വസ്തരായി നിലനിൽക്കുന്നതിന് അവരെല്ലാം വിവിധ വിധങ്ങളിൽ കഠിനപോരാട്ടം നടത്തേണ്ടതുണ്ട്. അതുനിമിത്തം യഹോവ അവരെ സ്നേഹിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) അവൻ അവരുടെ തെററുകളും കുറവുകളും ഗണ്യമാക്കാതെ അവരെ തന്റെ ദാസരായി സ്വീകരിക്കുന്നു. വാസ്തവമിതാകയാൽ അവരെ നമ്മുടെ മൃദുല വാൽസല്യങ്ങളിൽ ഉൾപ്പെടുത്താതിരിക്കാൻ നാം ആരാണ്?—റോമർ 12:9, 10; 14:4.
20. (എ) റോമർക്കുള്ള പൗലോസിന്റെ എഴുത്തനുസരിച്ച്, നാം ആരെക്കുറിച്ചു മാത്രമേ സംശയാലുക്കളായിരിക്കാവൂ, ഈ കാര്യത്തിൽ നമുക്ക് ആരുടെ നേതൃത്വം സുരക്ഷിതമായി പിന്തുടരാം? (ബി) മററു പ്രകാരത്തിൽ നാം നമ്മുടെ സഹോദരങ്ങളെ എങ്ങനെ പരിഗണിക്കണം?
20 “ഭിന്നതകളും ഇടർച്ചക്ക് അവസരങ്ങളും ഉണ്ടാക്കുന്നവരെ”യും “നിങ്ങൾ പഠിച്ച ഉപദേശത്തിനു വിരുദ്ധമായി” പ്രവർത്തിക്കുന്നവരെയും മാത്രം സംശയിക്കാനാണ് പൗലോസ് നമുക്ക് മുന്നറിയിപ്പുനൽകുന്നത്. അങ്ങനെയുള്ളവരുടെ മേൽ ദൃഷ്ടിവെച്ച് അവരെ ഒഴിവാക്കാൻ പൗലോസ് നമ്മോടു പറയുന്നു. (റോമർ 16:17) സഭാമൂപ്പൻമാർ അവരെ സഹായിക്കാൻ ശ്രമിച്ചിരിക്കും. (യൂദാ 22, 23) അതുകൊണ്ട് ചിലരെ ഒഴിവാക്കേണ്ട ആവശ്യമുണ്ടെങ്കിൽ നമ്മെ അറിയിക്കാൻ നമുക്ക് മൂപ്പൻമാരെ ആശ്രയിക്കാൻ കഴിയും. അങ്ങനെയല്ലാത്തപക്ഷം, സകല സഹോദരൻമാരും നിർവ്യാജ സഹോദരപ്രീതി അർഹിക്കുന്നവരാണെന്ന് നാം പരിഗണിക്കണം, അവരെ ഹൃദയത്തിൽനിന്ന് ഉററു സ്നേഹിക്കാൻ നാം പഠിക്കണം.
21, 22. (എ) നമ്മുടെ മുമ്പാകെ എന്തു സ്ഥിതിചെയ്യുന്നു? (ബി) ഏതു സാഹചര്യങ്ങൾ പൊന്തിവന്നേക്കാം, അതുകൊണ്ട് എന്തു ചെയ്യാൻ സമയം വൈകിയിരിക്കുന്നു? (സി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
21 സാത്താനും അവന്റെ ഭൂതങ്ങളും അവന്റെ മുഴുലോകവ്യവസ്ഥിതിയും നമുക്കെതിരാണ്. ഹാർ-മഗെദ്ദോൻ നമ്മുടെ മുമ്പിലുണ്ട്. മാഗോഗിലെ ഗോഗിന്റെ ആക്രമണത്തോടെ അതിന്റെ കാഞ്ചി വലിച്ചു വിടുന്നതായിരിക്കും. (യെഹെസ്ക്കേൽ 38ഉം 39ഉം അദ്ധ്യായങ്ങൾ) ആ സമയത്ത് നമുക്ക് നമ്മുടെ സഹോദരങ്ങളെ പൂർവാധികം ആവശ്യമായിരിക്കും. നാം വിശേഷാൽ വിലമതിക്കാത്തവരുടെ സഹായം നമുക്കാവശ്യമായിരിക്കുന്നതായി നാം കണ്ടെത്തിയേക്കാം. അല്ലെങ്കിൽ ഇവർക്കുതന്നെ നമ്മുടെ സഹായത്തിന്റെ അത്യാവശ്യമുണ്ടായിരിക്കാം. നമ്മുടെ സഹോദരങ്ങളോടെല്ലാമുള്ള വിലമതിപ്പു വർദ്ധിപ്പിച്ചുകൊണ്ട് വിശാലരാകാനുള്ള സമയം ഇപ്പോഴാണ്.
22 തീർച്ചയായും നമ്മുടെ സഹോദരൻമാരോടുള്ള വിലമതിപ്പിൽ സഭാമൂപ്പൻമാരോടുള്ള നമ്മുടെ ഉചിതമായ ആദരവ് ഉൾപ്പെടുന്നു. ഈ കാര്യത്തിൽ, എല്ലാ സഹോദരൻമാരോടും മാത്രമല്ല, തങ്ങളുടെ സഹമൂപ്പൻമാരോടും ഉചിതമായ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് മൂപ്പൻമാർതന്നെ നല്ല മാതൃകകളായിരിക്കണം. കീഴ്പ്പെടലിന്റെ ഈ വശം അടുത്ത ലേഖനത്തിൽ പരിചിന്തിക്കപ്പെടും. (w88 10/1)
പുനരവലോകന പോയിൻറുകൾ
□ സത്യക്രിസ്ത്യാനിത്വത്തിന്റെ വ്യതിരിക്ത ലക്ഷണമെന്താണ്?
□ സ്നേഹവും സഹോദരപ്രീതിയും ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
□ നമുക്ക് അന്യോന്യം “ഉററ്” അഥവാ “നീട്ടി” എങ്ങനെ സ്നേഹിക്കാൻ കഴിയും?
□ റോമർ 16-ാം അദ്ധ്യായത്തിൽ പൗലോസ് തന്റെ സഹോദരീസഹോദരൻമാരോട് എങ്ങനെ വിലമതിപ്പു പ്രകടമാക്കി?
□ നാം നമ്മുടെ സഹോദരങ്ങളുടെ ആന്തരത്തെ സംശയിക്കരുതാത്തതെന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
നിങ്ങൾ സ്വാഭാവികമായി ആകർഷിക്കപ്പെടാത്തവരിലെ പ്രിയങ്കരങ്ങളായ ഗുണങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുക