സ്നേഹത്തിന്റെ അതിശ്രേഷ്ഠമായ മാർഗ്ഗം പിന്തുടരുക
യഹോവയാം ദൈവം സ്നേഹമാകുന്നു. (1 യോഹന്നാൻ 4:8) നാം ദൈവത്തെയും നമ്മുടെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് അവന്റെ പുത്രനായ യേശുക്രിസ്തു പറഞ്ഞു. (മത്തായി 22:37-40) എന്തിന്, ദൈവം ഈ അഖിലാണ്ഡത്തെ മുഴുവൻ പ്രവർത്തിപ്പിക്കുന്നത് ഈ ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്! അതുകൊണ്ട് എവിടെയായാലും നിത്യജീവൻ പ്രാപിക്കുന്നതിന് നാം സ്നേഹത്തിന്റെ മാർഗ്ഗം പിന്തുടരണം.
ദൈവം ഇസ്രയേൽ ജനതയോടു സ്നേഹം പ്രകടമാക്കി. എന്നാൽ പിന്നീട് അവിശ്വസ്തത നിമിത്തം ആ സ്ഥാപനത്തെ തള്ളിക്കളഞ്ഞു. അതിനുശേഷം, തന്റെ പുതിയ സ്ഥാപനമെന്ന നിലയിൽ യേശുവിന്റെ ശിഷ്യൻമാരുടെ സഭയെ അവൻ തിരിച്ചറിയിച്ചു. എങ്ങനെ? വിവിധ ഭാഷകളിൽ സംസാരിക്കാനും പ്രവചിക്കാനും അവരെ പ്രാപ്തരാക്കിയ പരിശുദ്ധാത്മാവിന്റെ സവിശേഷ പ്രത്യക്ഷതകളിലൂടെ. അപ്രകാരം പൊ. യു. 33-ലെ പെന്തെക്കൊസ്തിൽ 3,000 യഹൂദൻമാരും യഹൂദ മതാനുസാരികളും വിശ്വാസികളായിത്തീരുകയും ദൈവത്തിന്റെ പുതിയ സ്ഥാപനത്തിനുവേണ്ടി പഴയതിനെ ഉപേക്ഷിക്കുകയും ചെയ്തു. (പ്രവൃത്തികൾ 2:1-41) അതിനുശേഷം ആത്മാവിന്റെ വരങ്ങൾ യേശുവിന്റെ അപ്പൊസ്തലൻമാരിലൂടെ നൽകപ്പെട്ടിരുന്നതിനാൽ അവരുടെ മരണത്തോടെ അത്തരം പ്രത്യക്ഷതകൾ നിലച്ചുപോയി. (പ്രവൃത്തികൾ 8:5-18; 19:1-6) എന്നാൽ അതിനോടകം ദൈവത്തിന്റെ പ്രീതി ആത്മീയ ഇസ്രായേലിൻമേലാണ് ഉള്ളതെന്ന് ഈ വരങ്ങൾ തെളിയിച്ചിരുന്നു.—ഗലാത്യർ 6:16.
ആത്മാവിന്റെ വരങ്ങളുടെ ഫലമായി ഉളവായ അത്ഭുതങ്ങൾ പ്രയോജനപ്രദങ്ങളായിരുന്നു. എന്നിരുന്നാലും മററുള്ളവരോടു സ്നേഹം അഥവാ നിസ്വാർത്ഥമായ താൽപ്പര്യം പ്രകടമാക്കുന്നത് ആത്മാവിന്റെ വരങ്ങൾ ഉണ്ടായിരിക്കുന്നതിനേക്കാൾ കൂടുതൽ പ്രധാനമാണ്. കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ (ഏതാണ്ട് പൊ. യു. 55-ൽ) അപ്പൊസ്തലനായ പൗലോസ് ഇത് പ്രകടമാക്കി. അതിൽ അവൻ സ്നേഹത്തെപ്പററി “അതിശ്രേഷ്ഠമായൊരു മാർഗ്ഗം” എന്ന നിലയിൽ സംസാരിച്ചു. ആ മാർഗ്ഗം 1 കൊരിന്ത്യർ 13-ാം അദ്ധ്യായത്തിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു.
സ്നേഹമില്ലെങ്കിൽ നാം ഏതുമില്ല
പൗലോസ് ഇപ്രകാരം ന്യായവാദം ചെയ്തു: “ഞാൻ മനുഷ്യരുടെയും ദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.” (1 കൊരിന്ത്യർ 13:1) സ്നേഹമില്ലാതെ ആത്മാവ് നൽകുന്ന ഒരു മാനുഷഭാഷയിലോ അല്ലെങ്കിൽ സ്വർഗ്ഗീയമായ ഒരു ദൂത ഭാഷയിലോ സംസാരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ആളുകൾക്കു മനസ്സിലാകാത്ത ഒരു ഭാഷയിൽ പതിനായിരം വാക്കുകൾ സംസാരിക്കുന്നതിനേക്കാൾ ഉദ്ബുദ്ധമാക്കുന്ന അഞ്ചു വാക്കുകൾ സംസാരിക്കാനാണ് പൗലോസ് കൂടുതൽ ഇഷ്ടപ്പെട്ടത്. (1 കൊരിന്ത്യർ 14:19) സ്നേഹമില്ലാത്ത ഒരു വ്യക്തി “ഒരു മുഴങ്ങുന്ന ചെമ്പോ”—ഉച്ചത്തിലുള്ള ശല്യമായി തോന്നുന്ന മണി—സംഗീതാത്മകമല്ലാതെ “ചിലമ്പുന്ന കൈത്താളമോ” പോലെയായിരിക്കും. സ്നേഹമില്ലാതെ ഭാഷാവരം ഉപയോഗിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും അവന്റെ ജനത്തെ സഹായിക്കുന്നതിനുമുള്ള ആശ്വാസപ്രദവും ആത്മീയമായി കെട്ടുപണിചെയ്യുന്നതുമായ ഒരു വിധമല്ലായിരുന്നു. ഇന്ന് ക്രിസ്തീയ ശുശ്രൂഷയിൽ ആളുകൾക്കു മനസ്സിലാകുന്ന ഭാഷ ഉപയോഗിച്ചുകൊണ്ട് നാം സ്നേഹം പ്രകടമാക്കുന്നു.
തുടർന്ന് അപ്പൊസ്തലൻ പറഞ്ഞു: “എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.” (1 കൊരിന്ത്യർ 13:2) അത്ഭുതകരമായ പ്രവചനവും വിശുദ്ധ മർമ്മങ്ങൾ സംബന്ധിച്ചുള്ള ഗ്രാഹ്യവും ആത്മാവു നൽകുന്ന പരിജ്ഞാനവും മററുള്ളവർക്ക് പ്രയോജനം ചെയ്തേക്കാം, എന്നാൽ അത്തരം വരങ്ങൾ ഉള്ളവർക്ക് സ്നേഹമില്ല എങ്കിൽ അവർക്കു തന്നെ യാതൊരു പ്രയോജനവും ലഭിക്കുകയില്ല. വിശുദ്ധ മർമ്മങ്ങളെ സംബന്ധിച്ചുള്ള പ്രത്യേക ഗ്രാഹ്യം മററുള്ളവരെ സഹായിക്കാൻ പൗലോസ് ഉപയോഗിച്ചു, അറിവിന്റെ ഒരു വരം കപ്പൽചേതത്തിൽപ്പെട്ടവരുടെ അതിജീവനം മുൻകൂട്ടിപ്പറയാൻ അവനെ പ്രാപ്തനാക്കി. (പ്രവൃത്തികൾ 27:20-44; 1 കൊരിന്ത്യർ 4:1, 2) എന്നിരുന്നാലും, അവന് ‘സകല ജ്ഞാനവും സകല വിശ്വാസവും’ ഉണ്ടായിരുന്നെങ്കിലും സ്നേഹമില്ലായിരുന്നെങ്കിൽ യഹോവയുടെ ദൃഷ്ടിയിൽ അവൻ യാതൊന്നും ആയിരിക്കുമായിരുന്നില്ല.
ബൈബിൾ പ്രവചനങ്ങളും വിശുദ്ധ രഹസ്യങ്ങളും മനസ്സിലാക്കുന്നതിന് യഹോവയുടെ ആത്മാവ് അവന്റെ സാക്ഷികളെ പ്രാപ്തരാക്കുകയും അത്തരം അറിവ് മററുള്ളവർക്ക് പകർന്നു കൊടുക്കുന്നതിന് അവരെ നയിക്കുകയും ചെയ്യുന്നു. (യോവേൽ 2:28, 29) ആത്മാവ് പർവ്വത സമാനമായ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിന് ആവശ്യമായ വിശ്വാസം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. (മത്തായി 17:20) ആത്മാവ് ഈ കാര്യങ്ങൾ ചെയ്യുന്നതിനാൽ അവയിൽ നിന്ന് വ്യക്തിപരമായ മഹത്വം തേടുന്നത് തെററാണ്. ദൈവ മഹത്വത്തിനായും അവനോടും സഹമനുഷ്യരോടുമുള്ള സ്നേഹത്താലും കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ നാം ഒന്നുമല്ല.—ഗലാത്യർ 5:6.
സ്നേഹരഹിതമായ ത്യാഗങ്ങളാൽ പ്രയോജനം നേടുന്നില്ല
പൗലോസ് പറഞ്ഞു: “മററുള്ളവരെ പോഷിപ്പിക്കാൻ വേണ്ടി ഞാൻ എനിക്കുള്ളത് എല്ലാം ദാനം ചെയ്താലും, വീമ്പു പറയാൻ കഴിയേണ്ടതിനു ഞാൻ എന്റെ ശരീരത്തെ ഏൽപ്പിച്ചു കൊടുത്താലും എനിക്കു സ്നേഹമില്ല എങ്കിൽ എനിക്കു യാതൊരു പ്രയോജനവുമില്ല.” (1 കൊരിന്ത്യർ 13:3, NW) സ്നേഹമില്ലാതെ തനിക്കുള്ളതെല്ലാം മററുള്ളവരെ പോററാൻ വേണ്ടി കൊടുത്താലും പൗലോസിനു പ്രയോജനം ലഭിക്കുമായിരുന്നില്ല. നമ്മുടെ ദാനത്തിന്റെ പിന്നിലെ സ്നേഹം നിമിത്തമാണ് ദൈവം നമുക്ക് പ്രതിഫലം നൽകുന്നത്, അല്ലാതെ അവയുടെ ഭൗതിക മൂല്യം നിമിത്തമോ ഭോഷ്ക്കു പറഞ്ഞ അനന്യാസിനെയും സഫീരയെയും പോലെ ദാതാക്കളെന്ന നിലയിൽ നാം മഹത്വം തേടുന്നതുകൊണ്ടുമോ അല്ല. (പ്രവൃത്തികൾ 5:1-11) യഹൂദ്യയിലെ വിശ്വാസികൾക്കു വേണ്ടിയുള്ള ദുരിതാശ്വാസ ശുശ്രൂഷയോടുള്ള ബന്ധത്തിൽ സ്നേഹപൂർവ്വം തന്നെത്തന്നെ ചെലവിട്ടുകൊണ്ട് പൗലോസ് ഒരു നല്ല ദൃഷ്ടാന്തം വച്ചു.—1 കൊരിന്ത്യർ 16:1-4; 2 കൊരിന്ത്യർ 8:1-24; 9:7.
സത്യത്തിന്റെ ഒരു സാക്ഷിയെന്ന നിലയിൽ സ്നേഹമില്ലാതെ ഒരുവൻ രക്തസാക്ഷിത്വം വരിക്കുന്നുവെങ്കിൽ പോലും ദൈവമുമ്പിൽ അതിന് യാതൊരു അർത്ഥവുമില്ല. (സദൃശവാക്യങ്ങൾ 25:27) യേശു തന്റെ ബലിയെപ്പററി സംസാരിച്ചുവെങ്കിലും അതിനെപ്പററി വീമ്പു പറഞ്ഞില്ല. വീമ്പു പറയുന്നതിനു പകരം സ്നേഹം നിമിത്തം അവൻ മനസ്സോടെ തന്നെത്തന്നെ നൽകി. (മർക്കോസ് 10:45; എഫെസ്യർ 5:2; എബ്രായർ 10:5-10) അവന്റെ ആത്മീയ സഹോദരങ്ങൾ ദൈവസേവനത്തിൽ ‘അവരുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി’ അർപ്പിക്കുന്നു, സ്വയം മഹത്വീകരിക്കുന്ന രക്തസാക്ഷിത്വത്തിലല്ല മറിച്ച് യഹോവയെ മഹത്വീകരിക്കുകയും അവനോടുള്ള അവരുടെ സ്നേഹം പ്രകടമാക്കുകയും ചെയ്യുന്ന അനാഡംബരമായ വിധങ്ങളിൽ തന്നെ.—റോമർ 12:1, 2.
സ്നേഹം നമ്മെക്കൊണ്ട് പ്രവർത്തിപ്പിക്കുന്ന ചില വിധങ്ങൾ
പൗലോസ് എഴുതി: “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു.” (1 കൊരിന്ത്യർ 13:4എ) അനേകരെ സംബന്ധിച്ചിടത്തോളം ആദാമിന്റെ പാപത്തിനു ശേഷമുള്ള ദൈവത്തിന്റെ ദീർഘക്ഷമ രക്ഷയിലേക്കു നയിക്കുന്ന അനുതാപത്തെ അർത്ഥമാക്കിയിരിക്കുന്നു. (2 പത്രോസ് 3:9, 15) നമുക്കു സ്നേഹമുണ്ടെങ്കിൽ നാം ക്ഷമാപൂർവ്വം മററുള്ളവരെ സത്യം പഠിപ്പിക്കും. നാം വികാര വിസ്ഫോടനങ്ങൾ ഒഴിവാക്കുകയും പരിഗണനയുള്ളവരും ക്ഷമിക്കുന്നവരും ആയിരിക്കുകയും ചെയ്യും. (മത്തായി 18:21, 22) സ്നേഹം ദയ കാണിക്കുകയും ചെയ്യുന്നു, ദൈവത്തിന്റെ ദയ നിമിത്തം നാം അവനിലേക്ക് ആകർഷിക്കപ്പെടുന്നു. അവന്റെ ആത്മാവിന്റെ ദയ എന്ന ഫലം അവൻ നമ്മിൽ നിന്ന് ആവശ്യപ്പെടുന്നതിലധികം നാം മററുള്ളവരിൽ നിന്ന് ആവശ്യപ്പെടാതെ നമ്മെ കാക്കുന്നു. (എഫേസ്യർ 4:32) നന്ദിയില്ലാത്തവരോടു പോലും നാം ദയ കാണിക്കാൻ സ്നേഹം ഇടയാക്കുന്നു.—ലൂക്കോസ് 6:35.
പൗലോസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല.” (1 കൊരിന്ത്യർ 13:4ബി) അസൂയ ഒരുവനെ ദൈവരാജ്യത്തിന് അയോഗ്യനാക്കുന്ന ജഡത്തിന്റെ പ്രവൃത്തികളിൽ ഒന്നാണ്. (ഗലാത്യർ 5:19-21) മറെറാരാളുടെ വസ്തുവകകളോ അനുകൂല സാഹചര്യങ്ങളോ സംബന്ധിച്ച് അസൂയാലുക്കളായിരിക്കുന്നതിൽ നിന്ന് സ്നേഹം നമ്മെ തടയുന്നു. നാം ആഗ്രഹിച്ച ഒരു സേവനപദവി അയാൾക്കു ലഭിക്കുന്നുവെങ്കിൽ സ്നേഹം നാം അയാളോടൊത്തു സന്തോഷിക്കുന്നതിനും അയാൾക്കു പിന്തുണ കൊടുക്കുന്നതിനും സഭയുടെ പ്രയോജനത്തിനായി അയാൾ ഉപയോഗിക്കപ്പെടാൻ കഴിയുന്നതിൽ ദൈവത്തിനു നന്ദി കൊടുക്കുന്നതിനും ഇടയാക്കും.
സ്നേഹം “നിഗളിക്കുന്നില്ലാ”ത്തതിനാൽ ദൈവത്തിന്റെ സേവനത്തിൽ നാം ചെയ്യാൻ അവൻ അനുവദിച്ചിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചു വീമ്പിളക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നില്ല. ആത്മീയ വരങ്ങൾ തങ്ങളിൽ നിന്ന് വന്നുവെന്നപോലെ കൊരിന്ത്യരിൽ ചിലർ വീമ്പു മുഴക്കി, എന്നാൽ അവ ദൈവത്തിൽ നിന്നായിരുന്നു, ആധുനിക നാളിൽ സ്ഥാപനത്തിലെ പദവികൾ ദൈവത്തിൽ നിന്നായിരിക്കുന്നതുപോലെതന്നെ. അപ്പോൾ ദൈവസ്ഥാപനത്തിലെ നമ്മുടെ നില സംബന്ധിച്ചു വീമ്പു പറയുന്നതിനു പകരം വീഴാതിരിക്കാൻ നമുക്കു സൂക്ഷിക്കാം. (1 കൊരിന്ത്യർ 1:31; 4:7; 10:12) സ്നേഹം “ചീർക്കുന്നില്ല,” എന്നാൽ സ്നേഹരഹിതനായ ഒരാളുടെ മനസ്സ് സ്വാപ്രാധാന്യത്തിന്റെ വികാരത്താൽ ഊതി വീർക്കാൻ ഇടയായേക്കാം. സ്നേഹമുള്ളയാളുകൾ തങ്ങൾ മററുള്ളവരേക്കാൾ ശ്രേഷ്ഠരാണെന്ന് വിചാരിക്കുന്നില്ല.—1 കൊരിന്ത്യർ 4:18, 19; ഗലാത്യർ 6:3.
അയോഗ്യമോ സ്വാർത്ഥപരമോ ദ്വേഷ്യമുള്ളതോ അല്ല
സ്നേഹം “അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല.” (1 കൊരിന്ത്യർ 13:5എ) അതു നല്ല മര്യാദകൾക്കും ദൈവികമായ നടത്തക്കും അധികാരത്തോടുള്ള ആദരവിനും ക്രിസ്തീയ യോഗങ്ങളിലെ മാന്യമായ പെരുമാററത്തിനും പ്രചോദിപ്പിക്കുന്നു. (എഫേസ്യർ 5:3-5; 1 കൊരിന്ത്യർ 11:17-34; 14:40; യൂദ 4, 8-10 താരതമ്യം ചെയ്യുക.) സ്നേഹം, ഒരു ശരീരത്തിലെ വിവിധ ഭാഗങ്ങളെപ്പോലെ തന്നെ എല്ലാവരും വേണ്ടപ്പെട്ടവരാണ് എന്ന തോന്നൽ ഉളവാക്കുന്നതിനാൽ സ്നേഹമുള്ള ഒരു സഭ സമാധാനത്തിന്റെയും അഭയത്തിന്റെയും ഒരു സ്ഥലമാണ്. (1 കൊരിന്ത്യർ 12:22-25) ‘സ്വാർത്ഥം അന്വേഷിക്കുന്നതിനു’ പകരം, സ്നേഹം ചിലപ്പോൾ നാം നമ്മുടെ അവകാശങ്ങൾ ത്യജിക്കാനും മററുള്ളവരിലും അവരുടെ ക്ഷേമത്തിലും താൽപ്പര്യം പ്രകടമാക്കാനും ഇടയാക്കുന്നു. (ഫിലിപ്പിയർ 2:1-4) നമ്മുടെ ശുശ്രൂഷയാൽ ‘ചിലരെ രക്ഷിക്കേണ്ടതിന്നു എല്ലാവർക്കും എല്ലാമായിത്തീരാൻ’ സ്നേഹം ഇടയാക്കുന്നു.—1 കൊരിന്ത്യർ 9:22, 23.
സ്നേഹം “ദ്വേഷ്യപ്പെടുന്നില്ല.” കോപാവേശങ്ങൾ പാപപൂർണ്ണമായ ജഡത്തിന്റെ പ്രവൃത്തികളാണ്, എന്നാൽ സ്നേഹം നമ്മെ “കോപത്തിന് താമസമുള്ളവരാക്കുന്നു.” (യാക്കോബ് 1:19; ഗലാത്യർ 5:19, 20) നാം നീതീകരിക്കാവുന്ന വിധത്തിൽ കോപിഷ്ഠരായിത്തീർന്നാൽ തന്നെ, പിശാചിന് ഇടം കൊടുത്തുകൊണ്ട് പ്രകോപിതാവസ്ഥയിൽ തുടരാൻ സ്നേഹം നമ്മെ അനുവദിക്കുന്നില്ല. (എഫേസ്യർ 4:26, 27) സഹവിശ്വാസികൾ ഏതെങ്കിലും നിർദ്ദേശം അനുസരിക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ, മൂപ്പൻമാർ വിശേഷിച്ചും കോപം ഒഴിവാക്കണം.
സ്നേഹത്തെപ്പററി പൗലോസ് ഇങ്ങനെയും പറഞ്ഞു: അതു “ദോഷം കണക്കിടുന്നില്ല.” (1 കൊരിന്ത്യർ 13:5ബി) ഒരു പേരേടിൽ കണക്കെഴുതി സൂക്ഷിക്കുന്നതുപോലെ സ്നേഹം ദ്രോഹ പ്രവൃത്തികളുടെ പട്ടിക എഴുതി സൂക്ഷിക്കുന്നില്ല. അത് സഹവിശ്വാസികളിൽ നൻമ കാണുന്നു, യഥാർത്ഥമോ സാങ്കൽപ്പികമോ ആയ ദ്രോഹപ്രവൃത്തികൾക്ക് പകരം വീട്ടുന്നതുമില്ല. (സദൃശവാക്യങ്ങൾ 20:22; 24:29; 25:21, 22) “സമാധാനത്തിന് ഇടയാക്കുന്ന കാര്യങ്ങൾ പിൻപററാൻ” സ്നേഹം നമ്മെ സഹായിക്കുന്നു. (റോമർ 14:19, NW) പൗലോസും ബാർന്നബാസും തമ്മിൽ ഒരു തർക്കമുണ്ടായിട്ട് അവർ വേർപിരിഞ്ഞു ദൈവസേവനത്തിനു പോയി, എന്നാൽ സ്നേഹം ആ ഭിന്നത പരിഹരിക്കുകയും പക വച്ചുകൊണ്ടിരിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു.—ലേവ്യാപുസ്തകം 19:17, 18; പ്രവൃത്തികൾ 15:36-41.
നീതിയും സത്യവും ഇഷ്ടപ്പെടുന്നു
സ്നേഹത്തെക്കുറിച്ച് പൗലോസ് തുടർന്ന് ഇങ്ങനെ പറഞ്ഞു: അത് “അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു.” (1 കൊരിന്ത്യർ 13:6) ചിലർ അനീതിയിൽ വളരെയധികം സന്തോഷിക്കുന്നതിനാൽ “അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല.” (സദൃശവാക്യങ്ങൾ 4:16) എന്നാൽ ദൈവത്തിന്റെ സ്ഥാപനത്തിൽ നാം അന്യോന്യം പൊരുതുകയോ ആരെങ്കിലും പാപത്തിന്റെ കെണിയിൽ അകപ്പെട്ടാൽ അതിൽ സന്തോഷിക്കുകയോ ചെയ്യുകയില്ല. (സദൃശവാക്യങ്ങൾ 17:5; 24:17, 18) കൊരിന്ത് സഭയിൽ ദൈവത്തോടും നീതിയോടും വേണ്ടത്ര സ്നേഹമുണ്ടായിരുന്നെങ്കിൽ അവിടെ ദുർമ്മാർഗ്ഗം വച്ചുപൊറുപ്പിക്കപ്പെടുമായിരുന്നില്ല. (1 കൊരിന്ത്യർ 5:1-13) മററു കാര്യങ്ങളോടൊപ്പം നീതിയോടുള്ള സ്നേഹം ടെലിവിഷനിലോ സിനിമയിലോ നാടകസ്റേറജിലോ ചിത്രീകരിക്കപ്പെടുന്ന അനീതി കണ്ടാസ്വദിക്കുന്നതിൽ നിന്ന് നമ്മെ തടയും.
സ്നേഹം “സത്യത്തിൽ സന്തോഷിക്കുന്നു.” ഇവിടെ സത്യത്തെ അനീതിയോട് വിപരീത താരതമ്യം ചെയ്തിരിക്കുന്നു. ആളുകളെക്കൊണ്ട് നീതി പ്രവർത്തിപ്പിക്കാൻ അവരുടെമേലുള്ള സത്യത്തിന്റെ സ്വാധീനത്തിൽ നാം സന്തോഷിക്കാൻ സ്നേഹം ഇടയാക്കുന്നു എന്നാണ് പ്രകടമായും ഇതിന്റെ അർത്ഥം. ആളുകളെ കെട്ടുപണി ചെയ്യുന്ന കാര്യങ്ങളിലും സത്യത്തിന്റെയും നീതിയുടെയും പക്ഷം പുരോഗമിക്കാനിടയാക്കുന്ന കാര്യങ്ങളിലും നാം സന്തോഷം കണ്ടെത്തുന്നു. സ്നേഹം ഭോഷ്ക്കു പറയുന്നതിൽ നിന്ന് നമ്മെ തടയുന്നു, നീതിമാൻമാർ നിരപരാധികളെന്നു തെളിയുമ്പോൾ അത് നമ്മെ സന്തോഷിപ്പിക്കുന്നു, ദൈവത്തിന്റെ സത്യം വിജയം വരിക്കുന്നതിൽ നാം സന്തോഷിക്കാൻ അത് ഇടയാക്കുന്നു.—സങ്കീർത്തനം 45:4.
സ്നേഹം സകല കാര്യങ്ങളും ചെയ്യുന്ന വിധം
സ്നേഹത്തെ സംബന്ധിച്ചുള്ള തന്റെ നിർവചനം തുടരവേ പൗലോസ് എഴുതി: അത് “എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.” (1 കൊരിന്ത്യർ 13:7) ‘എല്ലാം പൊറുത്തു’കൊണ്ട്, ഒരു നല്ല മേൽക്കൂര മഴയെ തടുത്തു നിറുത്തുന്നതുപോലെ സ്നേഹം നീരസത്തെ തടയുന്നു. ആരെങ്കിലും നമ്മോടു തെററു ചെയ്യുകയും എന്നാൽ പിന്നീടു ക്ഷമ യാചിക്കുകയും ചെയ്താൽ, ആ കാര്യങ്ങൾ സംബന്ധിച്ചു കുശുകുശുക്കുന്നതിനു പകരം തെററു ചെയ്തയാളിനോടു ക്ഷമിച്ചുകൊണ്ടു നാം ആ ദ്രോഹം പൊറുക്കാൻ സ്നേഹം ഇടയാക്കുന്നു. സ്നേഹത്തിൽ ‘നമ്മുടെ സഹോദരനെ നേടാൻ’ നാം ശ്രമിക്കുന്നു.—മത്തായി 18:15-17; കൊലൊസ്സ്യർ 3:13.
സ്നേഹം ദൈവവചനത്തിലുള്ളതു “എല്ലാം വിശ്വസിക്കു”കയും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ നൽകപ്പെടുന്ന ആത്മീയാഹാരത്തിനു നാം നന്ദിയുള്ളവരായിരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. (മത്തായി 24:45-47) നാം എളുപ്പം കബളിപ്പിക്കപ്പെടാവുന്നവരല്ലെങ്കിലും അവിശ്വാസമുള്ള ഒരു ഹൃദയമുണ്ടായിരിക്കുന്നതിൽ നിന്നു സ്നേഹം നമ്മെ തടയുകയും സഹവിശ്വാസികളിൽ മോശമായ ആന്തരം ആരോപിക്കാതെ നമ്മെ കാത്തു സൂക്ഷിക്കുകയും ചെയ്യും. (സഭാപ്രസംഗി 7:21, 22) സ്നേഹം ദൈവരാജ്യത്തെ സംബന്ധിച്ചുള്ള സത്യങ്ങൾ പോലെ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന “എല്ലാം പ്രത്യാശിക്കുക”യും ചെയ്യുന്നു. സ്നേഹത്താൽ പ്രേരിതരായി നാം പരിശോധനാകരമായ സാഹചര്യങ്ങളിൽ ഏററം നല്ലതു സംഭവിക്കാൻ വേണ്ടി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രത്യാശക്കുള്ള കാരണത്തെപ്പററി മററുള്ളവരോടു പറയാനും സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (1 പത്രൊസ് 3:15) കൂടാതെ സ്നേഹം നമുക്കെതിരെയുള്ള പാപങ്ങൾ ഉൾപ്പെടെ “എല്ലാം സഹിക്കുന്നു.” (സദൃശവാക്യങ്ങൾ 10:12) പീഡനങ്ങളെയും മററു പരിശോധനകളെയും സഹിക്കാനും ദൈവത്തോടുള്ള സ്നേഹം നമ്മെ സഹായിക്കുന്നു.
പൗലോസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.” (1 കൊരിന്ത്യർ 13:8എ, NW) യഹോവ ഒരിക്കലും അവസാനിക്കാത്തതുപോലെ തന്നെ അതും ഒരിക്കലും അവസാനിക്കുകയോ നിലച്ചുപോകയോ ചെയ്യുന്നില്ല. നമ്മുടെ നിത്യനായ ദൈവം സ്നേഹത്തിന്റെ സാരസംഗ്രഹം തന്നെ ആയതിനാൽ, ഈ ഗുണം ഒരിക്കലും നിലച്ചു പോകയില്ല. (1 തിമൊഥെയോസ് 1:17; 1 യോഹന്നാൻ 4:16) അഖിലാണ്ഡം എന്നും സ്നേഹത്താൽ ഭരിക്കപ്പെടും. അതുകൊണ്ട്, നമ്മുടെ സ്വാർത്ഥപരമായ സ്വഭാവവിശേഷങ്ങളെ തരണം ചെയ്യുന്നതിനും ദൈവാത്മാവിന്റെ ഒരിക്കലും നിന്നുപോകാത്ത ഈ ഫലം പ്രകടമാക്കുന്നതിനും ദൈവം നമ്മെ സഹായിക്കുന്നതിനു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.—ലൂക്കോസ് 11:13.
നീങ്ങിപ്പോകേണ്ടിയിരുന്ന കാര്യങ്ങൾ
പിൽക്കാലത്തേക്ക് വിരൽചൂണ്ടിക്കൊണ്ട് പൗലോസ് ഇപ്രകാരം എഴുതി: “പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നു പോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.” (1 കൊരിന്ത്യർ 13:8ബി) ‘പ്രവചനവരം’ അതുണ്ടായിരുന്നവരെ പുതിയ പ്രവചനങ്ങൾ ഉച്ചരിക്കാൻ പ്രാപ്തരാക്കി. ദൈവത്തിന്റെ സ്ഥാപനമെന്ന നിലയിൽ ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ടശേഷം അത്തരം വരങ്ങൾ നീങ്ങിപ്പോയെങ്കിലും പ്രവചിക്കാനുള്ള അവന്റെ പ്രാപ്തി ഒരിക്കലും നീങ്ങിപ്പോകുന്നില്ല, മാത്രവുമല്ല, ഇന്നു നമുക്ക് ആവശ്യമായിരിക്കുന്ന എല്ലാ പ്രവചനങ്ങളും അവന്റെ വചനത്തിലുണ്ട്. വിവിധ ഭാഷകളിൽ സംസാരിക്കാൻ ആത്മാവിനാൽ നൽകപ്പെട്ട പ്രാപ്തിയും നിലച്ചുപോയി, മുൻകൂട്ടിപ്പറയപ്പെട്ടതുപോലെ പ്രത്യേക ജ്ഞാനവും “നീങ്ങിപ്പോയി.” എന്നാൽ യഹോവയുടെ പൂർത്തീകരിക്കപ്പെട്ട വചനം രക്ഷക്കുവേണ്ടി നാം അറിയേണ്ടതു എല്ലാം നൽകുന്നു. (റോമർ 10:8-10) അതുകൂടാതെ, ദൈവത്തിന്റെ ജനം ആത്മാവിനാൽ നിറഞ്ഞിരിക്കുകയും അതിന്റെ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.
പൗലോസ് ഇപ്രകാരം തുടർന്നു: “അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.” (1 കൊരിന്ത്യർ 13:9, 10) ജ്ഞാനത്തിന്റെയും പ്രവചനത്തിന്റെയും വരങ്ങൾ അപൂർണ്ണമായിരുന്നു. പ്രത്യക്ഷത്തിൽ അത്തരം പ്രവചനം എല്ലാ വിശദാംശങ്ങളും നൽകിയില്ല. ഓരോ പ്രവാചകനും താൻ പ്രവചിച്ച കാര്യങ്ങൾ സംബന്ധിച്ച് പൂർണ്ണമായ അറിവില്ലാതിരുന്നതിനാൽ അംശമായി മാത്രമേ ഭാവി വെളിപ്പെടുത്തിയുള്ളു. എന്നിരുന്നാലും, ഇന്ന്, പ്രവചനത്തെ സംബന്ധിച്ചുള്ള ഗ്രാഹ്യം ക്രമേണ പൂർണ്ണമായിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, ബൈബിൾ പ്രവചനങ്ങളെ നിവർത്തിക്കുന്ന വസ്തുതകൾ 1914-ൽ യേശുവിനു മനുഷ്യവർഗ്ഗത്തിൻമേൽ രാജ്യാധികാരം ലഭിച്ചു എന്നതിന് ഉറപ്പു നൽകുന്നു. അന്നു മുതൽ നാം “അന്ത്യകാലത്താ”യിരുന്നിട്ടുണ്ട്, ബൈബിൾ പ്രവചനങ്ങളെ സംബന്ധിച്ചുള്ള ആത്മീയമായ ജ്ഞാനത്തിലും ഗ്രാഹ്യത്തിലും തുടർച്ചയായ വളർച്ച നാം ആസ്വദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (ദാനിയേൽ 12:4) അതുകൊണ്ട് നാം പൂർണ്ണമായ ജ്ഞാനത്തിലേക്ക് അടുക്കുകയാണ്, “പൂർണ്ണമായത്” ആസന്നമായിരിക്കണം.
ഏററം മഹത്തായ ഗുണം നിലനിൽക്കുന്നു
സഭയുടെ പുരോഗതിയെ സൂചിപ്പിച്ചുകൊണ്ട്, പൗലോസ് ഇപ്രകാരം എഴുതി: “ഞാൻ ശിശുവായിരുന്നപ്പോൾ, ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.” (1 കൊരിന്ത്യർ 13:11) ഒരു ശിശു പരിമിതമായ അറിവിന്റെയും ശാരീരിക വളർച്ചയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനാൽ അതിന് ഒരു തൊട്ടിലിൽ ആട്ടപ്പെടുന്നതുപോലെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും സ്വാധീനിക്കപ്പെടാൻ കഴിയും. എന്നാൽ ഒരു പുരുഷൻ ശാരീരികമായി കൂടുതൽ വളർച്ച പ്രാപിച്ചവനും കൂടുതൽ പരിജ്ഞാനമുള്ളവനുമാണ്, അയാൾ സാധാരണയായി എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നില്ല. ശൈശവത്തിലെ ചിന്തകളും മനോഭാവങ്ങളും രീതികളും അയാൾ തള്ളിക്കളഞ്ഞിരിക്കുന്നു. സമാനമായി, ദൈവത്തിന്റെ ഭൗമിക സ്ഥാപനം അതിന്റെ ശൈശവം പിന്നിട്ട് വളർച്ചപ്രാപിച്ചപ്പോൾ അതിനു മേലാൽ ആത്മാവിന്റെ പ്രവചനവരവും ഭാഷാവരവും പരിജ്ഞാനത്തിന്റെ വരവും ആവശ്യമില്ല എന്ന് ദൈവം തീരുമാനിച്ചു. പ്രായപൂർത്തിയിലെത്തിയ ഇന്നത്തെ സഭയിലെ അംഗങ്ങൾക്കും അത്തരം വരങ്ങളുടെ ആവശ്യം അനുഭവപ്പെടുന്നില്ലെങ്കിലും ദൈവാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ അവനെ സേവിക്കാൻ അവർ സന്തോഷമുള്ളവരാണ്.
പൗലോസ് ഇപ്രകാരം കൂട്ടിച്ചേർത്തു: “ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും.” (1 കൊരിന്ത്യർ 13:12) സഭയുടെ ശൈശവകാലത്ത്, ചില കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ സമയം വന്നെത്തിയിരുന്നില്ല. അതുകൊണ്ട് ക്രിസ്ത്യാനികൾ നല്ല പ്രതിഫലന പ്രതലമില്ലാത്ത ഒരു ലോഹകണ്ണാടിയിൽ നോക്കിയാലെന്നവണ്ണം അവ അവ്യക്തമായ രൂപത്തിലേ കാണപ്പെട്ടിരുന്നുള്ളു. (പ്രവൃത്തികൾ 1:6, 7) എന്നാൽ നാം ഒരു അവ്യക്തമായ വീക്ഷണത്തിന് അപ്പുറമാണ്. ഇന്നു പ്രവചനത്തിന്റെയും മാതൃകയുടെയും നിവൃത്തി മുഖാമുഖം കാണുന്നു, എന്തുകൊണ്ടെന്നാൽ ഇത് വെളിപ്പെടുത്തലിനുള്ള ദൈവത്തിന്റെ സമയമാണ്. (സങ്കീർത്തനം 97:11; ദാനിയേൽ 2:28) പൗലോസ് തന്നെ ദൈവത്തെ അറിഞ്ഞിരുന്നുവെങ്കിലും, യഹോവയെ സംബന്ധിച്ചുള്ള അറിവിന്റെ പാരമ്യവും അവനുമായുള്ള ഏററം അടുത്ത ബന്ധവും അപ്പൊസ്തലന്റെ ക്രിസ്തീയ ഗതിക്കുള്ള പൂർണ്ണപ്രതിഫലം ലഭിക്കുമാറ് അവൻ സ്വർഗ്ഗീയ ജീവനിലേക്ക് ഉയർപ്പിക്കപ്പെടുമ്പോൾ മാത്രമേ കൈവരുമായിരുന്നുള്ളു.
സ്നേഹത്തെ സംബന്ധിച്ചുള്ള തന്റെ സാരസംഗ്രഹം ഉപസംഹരിച്ചുകൊണ്ട്, പൗലോസ് എഴുതി: “ആകയാൽ, വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനിൽക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ.” (1 കൊരിന്ത്യർ 13:13) ആത്മാവിന്റെ അത്ഭുതവരങ്ങളില്ലെങ്കിലും ഇന്ന് സഭക്കു കൂടുതൽ പൂർണ്ണമായ പരിജ്ഞാനവും കൂടുതൽ സമ്പന്നമായ വിശ്വാസത്തിനും പ്രത്യാശക്കും സ്നേഹത്തിനുമുള്ള കാരണവുമുണ്ട്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന സകലവും നിവൃത്തിയായാലെന്നവണ്ണമുള്ള വിശ്വാസം അതിനുണ്ട്. (എബ്രായർ 11:1) ദൈവത്തിന്റെ വചനത്തിൽ മുൻകൂട്ടിപ്പറയപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നിവൃത്തിയാകുമ്പോൾ വിശ്വാസത്തിന്റെ വശങ്ങൾ അവസാനിക്കും. പ്രത്യാശിക്കുന്ന കാര്യങ്ങൾ നാം കാണുമ്പോൾ പ്രത്യാശയുടെ വശങ്ങൾ നിന്നുപോകും. എന്നാൽ സ്നേഹം എന്നേക്കും നിലനിൽക്കും. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ എല്ലാവരും സ്നേഹത്തിന്റെ അതിശ്രേഷ്ഠമായ മാർഗ്ഗം പിന്തുടർന്നുകൊണ്ടേയിരിക്കട്ടെ.