യൂദ എഴുതിയ കത്ത്
1 പിതാവായ ദൈവം തിരഞ്ഞെടുക്കുകയും+ സ്നേഹിക്കുകയും ചെയ്യുന്നവർക്ക്, യേശുക്രിസ്തുവിനുവേണ്ടി കാത്തുസൂക്ഷിക്കപ്പെടുന്നവർക്ക്,+ യേശുക്രിസ്തുവിന്റെ അടിമയും യാക്കോബിന്റെ സഹോദരനും ആയ യൂദ+ എഴുതുന്നത്:
2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ലഭിക്കട്ടെ.
3 പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായുള്ള രക്ഷയെക്കുറിച്ച്+ നിങ്ങൾക്ക് എഴുതാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ വിശുദ്ധരുടെ പക്കൽ എന്നെന്നേക്കുമായി* ഏൽപ്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടാൻ+ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതുന്നതാണ് അത്യാവശ്യം എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. 4 കാരണം നമ്മുടെ ദൈവത്തിന്റെ അനർഹദയയെ മറയാക്കി ധിക്കാരത്തോടെ പെരുമാറുകയും*+ നമ്മുടെ ഒരേ ഒരു യജമാനനും കർത്താവും ആയ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്ന,+ ദൈവഭക്തിയില്ലാത്ത ചിലർ നിങ്ങൾക്കിടയിൽ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവർക്കുള്ള ന്യായവിധിയെക്കുറിച്ച് തിരുവെഴുത്തുകളിൽ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.
5 നിങ്ങൾക്കു കാര്യങ്ങളൊക്കെ നന്നായി അറിയാമെങ്കിലും ചിലതു നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവ* ഈജിപ്ത് ദേശത്തുനിന്ന് ഒരു ജനത്തെ വിടുവിച്ച് കൊണ്ടുവന്നെങ്കിലും+ വിശ്വാസമില്ലാത്തവരെ പിന്നീടു നശിപ്പിച്ചുകളഞ്ഞു.+ 6 അതുപോലെ, സ്വന്തം സ്ഥാനം കാത്തുസൂക്ഷിക്കാതെ തങ്ങളുടെ വാസസ്ഥലം വിട്ട് പോയ ദൈവദൂതന്മാരെ+ ദൈവം നിത്യബന്ധനത്തിലാക്കി മഹാദിവസത്തിലെ ന്യായവിധിക്കുവേണ്ടി കൂരിരുട്ടിൽ സൂക്ഷിച്ചിരിക്കുന്നു.+ 7 അങ്ങനെതന്നെ, കടുത്ത ലൈംഗിക അധാർമികതയിലും* പ്രകൃതിവിരുദ്ധമായ ജഡികമോഹങ്ങളിലും*+ മുഴുകിയ സൊദോമിനെയും ഗൊമോറയെയും ചുറ്റുമുള്ള നഗരങ്ങളെയും ദൈവം നിത്യാഗ്നികൊണ്ട് ശിക്ഷിച്ചു. അവരെ നമുക്ക് ഒരു മുന്നറിയിപ്പായി തന്നിരിക്കുന്നു.+
8 ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങളുണ്ടായിട്ടും അവർ സ്വപ്നലോകത്ത് കഴിയുകയും ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ നിന്ദിക്കുകയും ദൈവം മാനിക്കുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്നു.+ 9 മുഖ്യദൂതനായ+ മീഖായേൽപോലും+ മോശയുടെ ശരീരത്തെക്കുറിച്ച്+ പിശാചുമായി വിയോജിപ്പുണ്ടായിട്ട് പിശാചിനോടു വാദിക്കുമ്പോൾ പിശാചിനെ അധിക്ഷേപിക്കാനോ കുറ്റം വിധിക്കാനോ മുതിർന്നില്ല.+ പകരം, “യഹോവ* നിന്നെ ശകാരിക്കട്ടെ”+ എന്നു പറഞ്ഞതേ ഉള്ളൂ. 10 എന്നാൽ ഇവരാകട്ടെ, തങ്ങൾക്കു മനസ്സിലാകാത്ത എല്ലാത്തിനെയും അധിക്ഷേപിക്കുന്നു.+ അതേസമയം വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ,+ സഹജമായി അവർ മനസ്സിലാക്കുന്ന കാര്യങ്ങളിലെല്ലാം അവർ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയും ചെയ്യുന്നു.
11 അവരുടെ കാര്യം കഷ്ടം! കാരണം അവർ കയീന്റെ വഴിയിൽ നടക്കുന്നു,+ പ്രതിഫലം മോഹിച്ച് ധൃതിയിൽ ബിലെയാമിന്റെ തെറ്റിലേക്കു ചെല്ലുന്നു;+ കോരഹിനെപ്പോലെ+ അവർ അധികാരസ്ഥാനത്തുള്ളവരോട് എതിർത്തുസംസാരിച്ച് നശിച്ചുപോകുന്നു.+ 12 നിങ്ങളുടെ സ്നേഹസത്കാരങ്ങളിൽ നിങ്ങളോടൊപ്പം തിന്നുകുടിക്കുന്ന ഇവർ വെള്ളത്തിൽ മറഞ്ഞുകിടക്കുന്ന പാറകളാണ്;+ നാണമില്ലാതെ സ്വന്തം വയറു നിറയ്ക്കുന്ന ഇടയന്മാർ;+ കാറ്റിൽ പാറിനടക്കുന്ന വരണ്ട മേഘങ്ങൾ;+ ഫലം കായ്ക്കുന്ന കാലമായിട്ടും* കായ്ക്കാത്തതും രണ്ടു പ്രാവശ്യം* ചത്തതും പിഴുതെറിയപ്പെട്ടതും ആയ മരങ്ങൾ; 13 സ്വന്തം നാണക്കേടു നുരച്ചുതള്ളുന്ന അലറുന്ന കടൽത്തിരകൾ;+ എന്നെന്നും കനത്ത കൂരിരുട്ടിൽ കഴിയാനിരിക്കുന്ന അലഞ്ഞുതിരിയുന്ന നക്ഷത്രങ്ങൾ.+
14 ആദാമിന്റെ ഏഴാം തലമുറക്കാരനായ ഹാനോക്ക്+ ഇങ്ങനെ പ്രവചിച്ചത് ഇവരെക്കുറിച്ചുകൂടെയാണ്: “ഇതാ, യഹോവ* തന്റെ ആയിരമായിരം വിശുദ്ധരോടുകൂടെ വന്നിരിക്കുന്നു;+ 15 എല്ലാവർക്കും എതിരെ ന്യായവിധി നടപ്പാക്കാനും+ ദൈവഭക്തിയില്ലാത്തവർ ഭക്തിവിരുദ്ധമായി ചെയ്ത എല്ലാ ദുഷ്ചെയ്തികളെയും ദൈവഭക്തിയില്ലാത്ത പാപികൾ തനിക്ക് എതിരെ പറഞ്ഞ മോശമായ എല്ലാ കാര്യങ്ങളെയും പ്രതി അവരെ കുറ്റം വിധിക്കാനും വേണ്ടി ദൈവം വന്നിരിക്കുന്നു.”+
16 അവർ പിറുപിറുപ്പുകാരും+ അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പരാതി പറയുന്നവരും സ്വന്തം മോഹങ്ങളനുസരിച്ച് നടക്കുന്നവരും ആണ്.+ അവർ പൊങ്ങച്ചം പറയുകയും വീമ്പിളക്കുകയും ചെയ്യുന്നു; കാര്യം നേടാനായി മുഖസ്തുതി പറയുന്നു.+
17 എന്നാൽ പ്രിയപ്പെട്ടവരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പോസ്തലന്മാർ മുമ്പ് പറഞ്ഞിട്ടുള്ള* കാര്യങ്ങൾ ഓർത്തുകൊള്ളുക. 18 “അന്ത്യകാലത്ത്, ഭക്തിവിരുദ്ധമായ സ്വന്തം മോഹങ്ങളനുസരിച്ച് ജീവിക്കുന്ന പരിഹാസികളുണ്ടാകും” എന്ന് അവർ നിങ്ങളോടു പല പ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ.+ 19 അത്തരം ആളുകൾ ചേരിതിരിവ് ഉണ്ടാക്കുന്നവരും+ ആത്മീയതയില്ലാത്തവരും* മൃഗീയരും* ആണ്. 20 എന്നാൽ പ്രിയപ്പെട്ടവരേ, നിത്യജീവന്റെ പ്രത്യാശയോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുന്ന നിങ്ങൾ+ നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുകയും പരിശുദ്ധാത്മാവിനു* ചേർച്ചയിൽ പ്രാർഥിക്കുകയും ചെയ്തുകൊണ്ട്+ 21 എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക.+ 22 വിശ്വാസങ്ങളെക്കുറിച്ച് സംശയമുള്ളവരോടു+ തുടർന്നും കരുണ കാണിക്കുക;+ 23 അവരെ തീയിൽനിന്ന് വലിച്ചെടുത്ത് രക്ഷിക്കുക.+ മറ്റുള്ളവരോടും കരുണ കാണിക്കുക. എന്നാൽ സൂക്ഷിക്കണമെന്നു മാത്രം. ജഡത്താൽ കറ പുരണ്ട അവരുടെ വസ്ത്രംപോലും നിങ്ങൾ വെറുക്കണം.+
24 വീണുപോകാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്ത്വത്തിന്റെ സന്നിധിയിൽ കളങ്കമില്ലാത്തവരായി+ മഹാസന്തോഷത്തോടെ നിറുത്താനും കഴിവുള്ള 25 നമ്മുടെ രക്ഷകനായ ഏകദൈവത്തിന്, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം* മഹത്ത്വവും പ്രതാപവും ശക്തിയും അധികാരവും എന്നത്തെയുംപോലെ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേൻ.