ഹാനികരമായ കുശുകുശുപ്പിനെതിരെ സൂക്ഷിക്കുക!
“വാക്കുകളുടെ പെരുപ്പത്തിൽ ലംഘനമില്ലാതിരിക്കുന്നില്ല, എന്നാൽ തന്റെ അധരങ്ങളെ നിയന്ത്രിക്കുന്നവൻ വിവേകപൂർവം പ്രവർത്തിക്കുകയാണ്.”—സദൃശവാക്യങ്ങൾ 10:19.
1. ദ്രോഹപൂർവകമായ കുശുകുശുപ്പ് അഥവാ ഏഷണി ഹാനികരമായിരിക്കുന്നതെങ്ങനെ?
മാരകമായ വിഷത്തെ ആരോഗ്യപ്രദമായ പാനീയമാക്കി മാററാൻ യാതൊന്നിനും കഴികയില്ല. ദ്രോഹകരമായ കുശുകുശുപ്പ് അഥവാ ഏഷണി ഉചിതമായി വിഷത്തോട് ഉപമിക്കപ്പെട്ടിട്ടുണ്ട്. അതിന് നേരുള്ള ഒരു മമനുഷ്യന്റെ സൽപേര് കവർന്നുകളയാനും കഴിയും. റോമൻകവിയായ ജൂവനെൽ ഏഷണിയെ “സകല വിഷങ്ങളിലുംവെച്ച് ഹാനികരമായ അത്” എന്നു വിളിക്കുകയുണ്ടായി. ഇംഗ്ലീഷ് നാടകകൃത്തായിരുന്ന വില്യം ഷെയ്ക്സ്പിയർ തന്റെ കഥാപാത്രങ്ങളിലൊരാളെക്കൊണ്ട് ഇങ്ങനെ പറയിച്ചു: “എന്നിൽനിന്ന് എന്റെ സൽപേര് ചൂണ്ടുന്നവൻ അവനെ ധനികനാക്കാത്തതും എന്നെ തീർച്ചയായും ദരിദ്രനാക്കുന്നതുമായതിനെയാണ് കവർന്നെടുക്കുന്നത്.”
2. ഏതു ചോദ്യങ്ങൾ പരിചിന്തനമർഹിക്കുന്നു?
2 എന്താണ് കുശുകുശുപ്പ്? അത് ഏഷണിയിൽനിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കാം? ഹാനികരമായ കുശുകുശുപ്പിനെതിരെ സൂക്ഷിക്കുന്നതെന്തിന്? ഇത് എങ്ങനെ ചെയ്യാൻ കഴിയും?
അവ വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ
3. കുശുകുശുപ്പും ഏഷണിയും തമ്മിലുള്ള വ്യത്യാസമെന്ത്?
3 കുശുകുശുപ്പ് “മററുള്ളവരെയും അവരുടെ കാര്യങ്ങളെയുംകുറിച്ചുള്ള, എല്ലായ്പ്പോഴും സത്യമല്ലാത്ത വ്യർത്ഥസംസാരമാണ്.” അത് “നിസ്സാരവും പരിചിതവുമായ സംസാരമോ എഴുത്തോ ആണ്.” നമ്മളെല്ലാം ആളുകളിൽ തത്പരരായതുകൊണ്ട്, നമ്മൾ ചിലപ്പോൾ മററുള്ളവരെക്കുറിച്ച് പരിപുഷ്ടിപ്പെടുത്തുന്ന നല്ല കാര്യങ്ങൾ പറയുന്നു. ഏഷണി വ്യത്യസ്തമാണ്. അത് “മറെറാരാളുടെ സൽപേരിനെയും കീർത്തിയെയും തകരാറിലാക്കാൻ ഉദ്ദേശിച്ചുള്ള തെററായ റിപ്പോർട്ടാണ്.” അങ്ങനെയുള്ള സംസാരം പൊതുവേ ദ്രോഹകരവും ക്രിസ്തീയവിരുദ്ധവുമാണ്.
4. ഒരു എഴുത്തുകാരൻ പറയുന്നതനുസരിച്ച്, ഏഷണി എങ്ങനെ തുടങ്ങിയേക്കാം, അത് എന്തിൽനിന്ന് ഉത്ഭവിക്കുന്നു?
4 നിർദ്ദോഷമായ കുശുകുശുപ്പ് ദ്രോഹകരമായ ഏഷണിയായി മാറിയേക്കാം. എഴുത്തുകാരനായ ആർതർ മീ ഇങ്ങനെ പറഞ്ഞു: “ഒട്ടുമിക്കപ്പോഴും ഒരു മനുഷ്യന് ഹാനികരമായതും അയാൾക്ക് നാശം വരുത്തിയേക്കാവുന്നതുമായ ഏഷണി കുശുകുശുപ്പിലാണ് തുടങ്ങുന്നത്, ആ കുശുകുശുപ്പു വരുന്നത് ഒരുപക്ഷേ, അലസതയെക്കാൾ മോശമായ യാതൊന്നിൽനിന്നുമല്ല. അത് ലോകത്തിലെ ഏററവും വലിയ തിൻമകളിലൊന്നാണ്, എന്നാൽ പൊതുവെ അത് അജ്ഞതയിൽനിന്ന് ഉളവാകുന്നു. നാം അതു കാണുന്നത് മുഖ്യമായി വളരെ കുറച്ചു ചെയ്യാനുള്ളവരുടെ ഇടയിലാണ്, പ്രത്യേക ജീവിതലക്ഷ്യമില്ലാത്തവരുടെ ഇടയിൽ.”
5. ഒന്നു തിമൊഥെയോസ് 5:11-15-ലെ പൗലോസിന്റെ ബുദ്ധിയുപദേശത്തിന്റെ സാരമെന്താണ്?
5 വ്യർത്ഥസംസാരം ഏഷണിയിലേക്കു നയിച്ചേക്കാമെന്നുള്ളതുകൊണ്ട് അപ്പോസ്തലനായ പൗലോസ് ചില കുശുകുശുപ്പുകാർക്കെതിരെ തുറന്നു സംസാരിച്ചു. സഭയിൽനിന്നുള്ള സഹായത്തിന് യോഗ്യരായ വിധവകളെക്കുറിച്ച് പറഞ്ഞശേഷം അവൻ ഇങ്ങനെ എഴുതി: “ഇളയ വിധവമാരെ ഒഴിവാക്കുക, എന്തുകൊണ്ടെന്നാൽ അവരുടെ ലൈംഗികപ്രചോദനങ്ങൾ അവർക്കും ക്രിസ്തുവിനുമിടയിൽ വന്നിരിക്കുമ്പോൾ, . . . അതേസമയം അവർ വീടുതോറും നടന്ന് മിനക്കെടാനും പഠിക്കുന്നു; അതെ, മിനക്കെടുന്നുവെന്നു മാത്രമല്ല, കുശുകുശുപ്പുകാരും മററുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവരും പറയരുതാത്ത കാര്യങ്ങൾ പറയുന്നവരുംതന്നെ. അതുകൊണ്ട് ശകാരിക്കാൻ എതിരാളിക്ക് പ്രേരണ കൊടുക്കാതിരിക്കുന്നതിന് ഇളയ വിധവമാർ വിവാഹം ചെയ്യാൻ, മക്കളെ പ്രസവിക്കാൻ, ഒരു കുടുംബത്തെ ഭരിക്കാൻ, ഞാൻ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ ഇപ്പോൾത്തന്നെ ചിലർ സാത്താനെ പിന്തുടരാൻ തിരിക്കപ്പെട്ടല്ലോ.”—1 തിമൊഥെയോസ് 5:11-15.
6. ഏഷണിയിലേക്കു നയിച്ചേക്കാവുന്ന തരം കുശുകുശുപ്പിന്റെ വ്യക്തിപരമായ ദൗർബല്യത്തെ തരണംചെയ്യാൻ എന്തു ചെയ്യണം?
6 പൗലോസ് ദിവ്യനിശ്വസ്തതയിൽ എഴുതിയതുകൊണ്ട്, അവൻ ആ സ്ത്രീകളെക്കുറിച്ച് അന്യായമായ പ്രസ്താവനകൾ ചെയ്യുകയായിരുന്നില്ല. അവൻ പറഞ്ഞത് വളരെ ഗൗരവമായ ചിന്തക്ക് വക നൽകുന്നു. ദൈവികഭക്തിയുള്ള യാതൊരു സ്ത്രീയും ‘തിരിഞ്ഞ് സാത്താനെ പിന്തുടരാൻ’ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, തന്നെ ഏഷണി പറയുന്നതിൽ കുററക്കാരിയാക്കുന്ന തരം സംസാരത്തിന്റെ ദൗർബല്യം തനിക്കുണ്ടെന്ന് ഒരു ക്രിസ്തീയസ്ത്രീ കണ്ടെത്തുന്നുവെങ്കിലോ? അപ്പോൾ അവൾ വിനീതമായി പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കണം: “സ്ത്രീകൾ ഏഷണിപറയുന്നവരായിരിക്കാതെ, ഗൗരവമുള്ളവരായിരിക്കണം.” അവൻ ഇങ്ങനെയും പറഞ്ഞു: “വൃദ്ധസ്ത്രീകൾ പെരുമാററത്തിൽ ആദരണീയരായി ഏഷണിക്കാരല്ലാത്തവരായിരിക്കട്ടെ.” (1 തിമൊഥെയോസ് 3:11; തീത്തോസ് 2:3) സഹോദരൻമാരും ഗൗരവപൂർവം ആ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം ബാധകമാക്കണം.
7. തിരുവെഴുത്തുപരമായി, നമ്മളെല്ലാം നാം പറയുന്നതിനെ നിയന്ത്രിക്കണമെന്ന് നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
7 തീർച്ചയായും, ചിലപ്പോൾ, നമ്മളെല്ലാം മററുള്ളവരെക്കുറിച്ചു സംസാരിക്കുന്നു, ശുശ്രൂഷയിലെ അവരുടെ അനുഭവങ്ങളെക്കുറിച്ചും മററും. എന്നിരുന്നാലും, നമുക്ക് ഒരിക്കലും ‘ഇരുന്ന് നമ്മുടെ സഹോദരനെതിരെ സംസാരി’ക്കാതിരിക്കാം. (സങ്കീർത്തനം 50:19, 20) തീർച്ചയായും, “വാക്കുകളുടെ പെരുപ്പത്തിൽ ലംഘനമില്ലാതിരിക്കുന്നില്ല, എന്നാൽ തന്റെ അധരങ്ങളെ നിയന്ത്രിക്കുന്നവൻ വിവേകപൂർവം പ്രവർത്തിക്കുന്നു”വെന്നുള്ളതുകൊണ്ട് വളരെയധികം സംസാരിക്കാതിരിക്കുന്നത് ജ്ഞാനമാണ്. (സദൃശവാക്യങ്ങൾ 10:19) അതുകൊണ്ട് നമ്മൾ കുശുകുശുപ്പിനെതിരെ സൂക്ഷിക്കണം, അത് ഹാനികരമാണെന്ന് തോന്നുന്നില്ലെങ്കിലും. നമുക്ക് എല്ലായ്പ്പോഴും ആളുകളെക്കുറിച്ചു സംസാരിക്കേണ്ട ആവശ്യമില്ല, കാരണം നാം നീതിനിഷ്ഠവും നിർമ്മലവും പ്രിയങ്കരവും സൽഗുണപൂർണ്ണവും സ്തുത്യർഹവുമായ കാര്യങ്ങൾ പരിചിന്തിക്കുന്നുവെങ്കിൽ പല നല്ല വിഷയങ്ങൾ തെരഞ്ഞെടുക്കാനുണ്ട്.—ഫിലിപ്പിയർ 4:8.
കുശുകുശുപ്പ് ഏഷണിയാകുന്ന വിധം
8. സഹക്രിസ്ത്യാനികളെ സംബന്ധിച്ച് സംസാരിക്കുന്നത് എല്ലായ്പ്പോഴും തെററല്ലാത്തതെന്തുകൊണ്ട്?
8 നാം പറയുന്നതു ശരിയും അതിൽനിന്ന് ദൂഷ്യഫലങ്ങൾ ഉളവാകാത്തതുമാണെങ്കിൽ സഹവിശ്വാസികളുടെ വയൽശുശ്രൂഷയെക്കുറിച്ചും മററ് ദൈവികപ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നതിൽ കുഴപ്പമില്ല. യഥാർത്ഥത്തിൽ, ഇത്തരം ക്രിയാത്മകപ്രസ്താവനകൾ മററുള്ളവരെ പ്രോൽസാഹിപ്പിച്ചേക്കാം. (പ്രവൃത്തികൾ 15:30-33 താരതമ്യപ്പെടുത്തുക.) ചില ക്രിസ്ത്യാനികൾ വിശ്വസ്ത മൂപ്പനായിരുന്ന ഗായോസിനെക്കുറിച്ച് സംസാരിച്ചു, അപ്പോസ്തലനായ യോഹന്നാൻ അയാൾക്ക് ഇങ്ങനെ എഴുതി: “പ്രിയനേ, നീ സഹോദരൻമാർക്കുവേണ്ടിയും കൂടാതെ അപരിചിതർക്കുവേണ്ടിയും ചെയ്യുന്ന എന്തിലും ഒരു വിശ്വസ്തവേലയാണ് നീ ചെയ്യുന്നത്, അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.” (3 യോഹന്നാൻ 5, 6) അതുകൊണ്ട് സഹക്രിസ്ത്യാനികളെക്കുറിച്ചു സംസാരിക്കുന്നത് എല്ലായ്പ്പോഴും തെററല്ല.
9. (എ) നിസ്സാരസംസാരം നിഷ്ക്കളങ്കരെ സംബന്ധിച്ച ഏഷണിയിലേക്കു മാറിയേക്കാവുന്നതെങ്ങനെ? (ബി) നമുക്ക് ഏതു ചോദ്യങ്ങൾ നമ്മോടുതന്നെ ഉചിതമായി ചോദിക്കാവുന്നതാണ്?
9 എന്നിരുന്നാലും, നാം നേരുള്ളവരുടെ സ്വകാര്യങ്ങളിലേക്ക് ചുഴിഞ്ഞുനോക്കുകയും അവരുടെ ആന്തരങ്ങളെ ചോദ്യംചെയ്യുകയും അല്ലെങ്കിൽ അവരുടെ നടത്തയെക്കുറിച്ച് സംശയങ്ങളുദിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ നിസ്സാരസംസാരത്തിന് അവരെ സംബന്ധിച്ചുള്ള ഏഷണിയായി മാറാൻ കഴിയും. നാം എന്റെ സംസാരം മറെറാരാളുടെ കീർത്തിക്ക് ഹാനിവരുത്തുമോ, ഞാൻ പറയുന്നത് സത്യമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുന്ന ശീലം നമുക്കു വളർത്താവുന്നതാണ്. (വെളിപ്പാട് 21:8) ഞാൻ അയാളുടെ സാന്നിദ്ധ്യത്തിൽ ഇതേ കാര്യങ്ങൾ പറയുമോ? അത് സഭയിൽ അനൈക്യം വിതക്കുമോ? എന്റെ പ്രസ്താവനകൾ അയാളുടെ സേവനപദവി നഷ്ടപ്പെടാനിടയാക്കുമോ? എന്റെ ഹൃദയത്തിൽ അസൂയ ഉണ്ടായിരുന്നേക്കുമോ? (ഗലാത്യർ 5:25, 26; തീത്തോസ് 3:3) എന്റെ പ്രസ്താവനകളുടെ ഫലം നല്ലതായിരിക്കുമോ അതോ തിൻമയായിരിക്കുമോ? (മത്തായി 7:17-20) ഞാൻ അപ്പോസ്തലൻമാരെക്കുറിച്ച് സമാനകാര്യങ്ങൾ പറയുമായിരുന്നോ? (2 കൊരിന്ത്യർ 10:10-12; 3 യോഹന്നാൻ 9, 10) അങ്ങനെയുള്ള സംസാരം യഹോവയോട് ആദരവുള്ളവർക്ക് യോജിച്ചതാണോ?
10, 11. സങ്കീർത്തനം 15:1, 3 അനുസരിച്ച് നാം ദൈവത്തിന്റെ അതിഥികളായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം എന്തു ചെയ്യുകയില്ല?
10 ദൈവത്തെ ആദരിക്കുന്നവരെ പരാമർശിച്ചുകൊണ്ട് സങ്കീർത്തനം 15:1 പറയുന്നു: “യഹോവേ, നിന്റെ കൂടാരത്തിൽ ആർ ഒരു അതിഥിയായിരിക്കും? നിന്റെ വിശുദ്ധ പർവതത്തിൽ ആർ വസിക്കും?” അങ്ങനെയുള്ള ഒരാളെക്കുറിച്ച് സങ്കീർത്തനക്കാരനായ ദാവീദ് ഉത്തരംപറയുന്നു: “അവൻ തന്റെ നാവുകൊണ്ട് ഏഷണി പറഞ്ഞിട്ടില്ല. അവൻ തന്റെ കൂട്ടുകാരന് യാതൊരു ദോഷവും ചെയ്തിട്ടില്ല, അവൻ തന്റെ ഉററ പരിചയക്കാരനെതിരെ ദൂഷണം സ്വീകരിച്ചിട്ടില്ല.” (സങ്കീർത്തനം 15:3) ഇവിടെ “ഏഷണി പറയുക” എന്ന പദം “പാദം വെക്കുക,” അങ്ങനെ “അങ്ങുമിങ്ങും പോകുക” എന്ന അർത്ഥമുള്ള ഒരു എബ്രായപദത്തിൽനിന്നു വരുന്നതാണ്. “നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പരത്തിക്കൊണ്ട് അങ്ങുമിങ്ങും പോകരുത്” എന്ന് ഇസ്രായേല്യരോടു കൽപ്പിക്കപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 19:16, ന്യൂ ഇൻറർനാഷനൽ വേർഷൻ.) ‘ഏഷണി പരത്തിക്കൊണ്ട് അങ്ങുമിങ്ങും പോകുന്നവൻ’ ദൈവത്തിന്റെ അതിഥിയും സുഹൃത്തുമല്ല.
11 ദൈവത്തിന്റെ സുഹൃത്തുക്കൾ തങ്ങളുടെ കൂട്ടുകാർക്ക് യാതൊരു ദോഷവും ചെയ്യുന്നില്ല. നേരുള്ള പരിചയക്കാർക്കെതിരായുള്ള ദൂഷണപരമായ കഥകളെ സത്യമായി സ്വീകരിക്കുന്നുമില്ല. സഹവിശ്വാസികളെക്കുറിച്ച് കള്ളക്കഥകൾ പരത്തുകയും അവർ ഇപ്പോൾത്തന്നെ സഹിക്കുന്ന ഭക്തികെട്ടവരുടെ കുത്സിതമായ നിന്ദകളോടു കൂട്ടുകയും ചെയ്യുന്നതിനു പകരം നാം അവരെക്കുറിച്ച് നല്ലത് സംസാരിക്കണം. നമ്മുടെ വിശ്വസ്തസഹോദരീസഹോദരൻമാരെക്കുറിച്ച് നിന്ദാപരമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവരുടെ ഭാരങ്ങൾ വർദ്ധിപ്പിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല.
പ്രയാസങ്ങൾ പൊന്തിവരുമ്പോൾ
12. നമ്മളുമായി വിയോജിപ്പുള്ള ഒരാളെക്കുറിച്ച് കുശുകുശുക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നുവെങ്കിൽ പ്രവൃത്തികൾ 15:36-41 നമ്മെ സഹായിച്ചേക്കാവുന്നതെങ്ങനെ?
12 അപൂർണ്ണരാകയാൽ നമ്മോടു ഗുരുതരമായി വിയോജിപ്പുണ്ടായ ഒരാൾക്കെതിരെ സംസാരിക്കാൻ നാം പരീക്ഷിക്കപ്പെട്ടേക്കാം. എന്നാൽ അപ്പോസ്തലനായ പൗലോസ് തന്റെ രണ്ടാമത്തെ മിഷനറിപര്യടനത്തിന് പുറപ്പെടാനിരുന്നപ്പോൾ സംഭവിച്ചതിനെക്കുറിച്ച് പരിചിന്തിക്കുക. മർക്കോസ് അവരോടുകൂടെ പോരണമെന്ന് ബർന്നബാസ് തീരുമാനിച്ചിരുന്നെങ്കിലും പൗലോസ് സമ്മതിച്ചില്ല, “[മർക്കോസ്] പംഫില്യയിൽനിന്ന് അവരെ വിട്ടുപോയതായും അവരോടുകൂടെ വേലക്ക് പോയില്ലെന്നും കാണുകയാൽത്തന്നെ.” അതിങ്കൽ, “ഒരു ഉഗ്രമായ കോപാവേശം ഉണ്ടായി, അവർ വേർപിരിഞ്ഞു. ബർന്നബാസ് മർക്കോസിനെ കൂട്ടി കുപ്രോസിലേക്കു പോയി, അതേ സമയം പൗലോസ് ശീലാസിനെ കൂട്ടി സിറിയയിലൂടെയും കിലിക്യയിലൂടെയും പോയി. (പ്രവൃത്തികൾ 15:36-41) പിന്നീട്, പൗലോസിനും ബർന്നബാസിനും മർക്കോസിനും ഇടയിലെ ഭിന്നത ശമിച്ചുവെന്ന് സ്പഷ്ടമാണ്, എന്തുകൊണ്ടെന്നാൽ മർക്കോസ് അപ്പോസ്തലനോടുകൂടെ റോമിൽ ഉണ്ടായിരുന്നു, അവനെക്കുറിച്ചു പൗലോസ് പ്രശംസിച്ചുപറയുകയും ചെയ്തു. (കൊലോസ്യർ 4:10) ഒരു വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും ആ ക്രിസ്ത്യാനികൾ സഹവിശ്വാസികളുടെ ഇടയിൽ അന്യോന്യം കുശുകുശുത്തുകൊണ്ടു നടന്നുവെന്നതിന് തെളിവില്ല.
13. പത്രോസ് ഉൾപ്പെട്ടിരുന്ന ഏതു സാഹചര്യങ്ങളിൽ, ഒരു സഹക്രിസ്ത്യാനിയെക്കുറിച്ച് കുശുകുശുക്കാൻ സാധ്യതയുണ്ടായിരുന്ന പ്രലോഭനത്തെ പൗലോസ് ചെറുത്തുനിന്നു?
13 പൗലോസ് കേഫാവിനെ (പത്രോസ്) ശാസിച്ചപ്പോഴും ഹാനികരമായ കുശുകുശുപ്പിനെ ആശ്രയിക്കാനുള്ള ഒരു സാദ്ധ്യതയെ അവൻ ചെറുത്തുനിന്നു. യെരുശലേമിൽനിന്ന് ചില യഹൂദ്യക്രിസ്ത്യാനികൾ വന്നിരുന്നതുകൊണ്ട് പത്രോസ് വിജാതീയവിശ്വാസികളുടെ കൂടെ ഭക്ഷണം കഴിക്കുന്നതിനും അവരോടുകൂടെ സഹവസിക്കുന്നതിനും ലജ്ജിച്ചിരുന്നു. പത്രോസിനെക്കുറിച്ച് രഹസ്യമായി സംസാരിക്കുന്നതിനു പകരം, പൗലോസ് “അവനെ മുഖാമുഖം ചെറുത്തുനിൽക്കുകയും” “അവരുടെയെല്ലാം മുമ്പാകെ” തുറന്നുസംസാരിക്കുകയും ചെയ്തു. (ഗലാത്യർ 2:11-14) പത്രോസും തന്റെ ശാസകനെക്കുറിച്ച് കുശുകുശുത്തില്ല. യഥാർത്ഥത്തിൽ, അവൻ പിന്നീട് അവനെ “നമ്മുടെ പ്രിയസഹോദരനായ പൗലോസ്” എന്ന് പരാമർശിച്ചു. (2 പത്രോസ് 3:15) അതുകൊണ്ട് ഒരു സഹവിശ്വാസിയെ തിരുത്തേണ്ട ആവശ്യമുണ്ടെങ്കിലും, അയാളെക്കുറിച്ച് കുശുകുശുക്കാൻ ഇത് ഒഴികഴിവു നൽകുന്നില്ല. അങ്ങനെയുള്ള സംസാരത്തിനെതിരെ സൂക്ഷിക്കാനും ഹാനികരമായ കുശുകുശുപ്പു പരത്താനുള്ള പ്രലോഭനത്തെ ചെറുക്കാനും വളരെ നല്ല കാരണങ്ങളുണ്ട്.
സൂക്തിക്കുന്നതെന്തിന്?
14. ഹാനികരമായ കുശുകുശുപ്പ് ശ്രദ്ധിക്കുകയൊ പരത്തുകയോ ചെയ്യാതിരിക്കേണ്ടതിന്റെ മുഖ്യകാരണമെന്താണ്?
14 ഹാനികരമായ കുശുകുശുപ്പ് ശ്രദ്ധിക്കാതിരിക്കുന്നതിനും അല്ലെങ്കിൽ അതിൽ പങ്കെടുക്കാതിരിക്കുന്നതിനുമുള്ള ഒരു മുഖ്യകാരണം നാം ഏഷണിയെ കുററംവിധിക്കുന്ന യഹോവയെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നുവെന്നതാണ്. നാം കണ്ടുകഴിഞ്ഞതുപോലെ, “ഏഷണിപറയാൻവേണ്ടി നീ നിന്റെ ജനത്തിന്റെ ഇടയിൽ ചുററി നടക്കരുത്. നീ നിന്റെ കൂട്ടുകാരന്റെ രക്തത്തിനെതിരെ എഴുന്നേൽക്കരുത്. ഞാൻ യഹോവയാകുന്നു”വെന്ന് ഇസ്രായേല്യരോടു കല്പിക്കപ്പെട്ടപ്പോൾ അങ്ങനെയുള്ള സംസാരത്തെ ദൈവം വീക്ഷിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കപ്പെട്ടു. (ലേവ്യപുസ്തകം 19:16) നാം ദിവ്യപ്രീതി ആസ്വദിക്കണമെങ്കിൽ, അപ്പോൾ, നാം നമ്മുടെ സംഭാഷണങ്ങളിൽ നാം പരാമർശിച്ചേക്കാവുന്ന ആരെക്കുറിച്ചും ഏഷണി പറയരുത്.
15. പ്രമുഖ ഏഷണിക്കാരൻ ആരാണ്, ഹാനികരമായ കുശുകുശുപ്പിൽ ഏർപ്പെടുന്നതിന് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൻമേൽ എന്ത് ഫലമുണ്ടായിരിക്കാൻ കഴിയും?
15 ഹാനികരമായ കുശുകുശുപ്പിൽ ഏർപ്പെടാതിരിക്കുന്നതിനുള്ള മറെറാരു കാരണം അങ്ങനെയുള്ള പ്രവർത്തനം യഹോവയെക്കുറിച്ച് മുൻപന്തിയിൽ നിന്ന് ഏഷണിപറയുന്ന സാത്താനെ അനുകരിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നതാണ്. ദൈവത്തിന്റെ ഈ മുഖ്യശത്രുവിന് ഉചിതമായി “പിശാച്” (ഗ്രീക്ക്, ഡയബോളോസ്) എന്ന പേർ കൊടുക്കപ്പെട്ടു, അതിന്റെ അർത്ഥം “ദൂഷകൻ” എന്നാണ്. ഹവ്വാ ദൈവത്തിനെതിരായ ദൂഷണത്തെ ശ്രദ്ധിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തപ്പോൾ ആദ്യത്തെ മനുഷ്യജോടി അവരുടെ അത്യുത്തമ സുഹൃത്തിൽനിന്ന് വേർപെടുത്തപ്പെട്ടു. (ഉല്പത്തി 3:1-24) നമുക്ക് ഒരിക്കലും സാത്താന്റെ ലക്ഷ്യങ്ങൾക്ക് കീഴ്പ്പെടുകയും ദിവ്യ അപ്രീതി അർഹിക്കുന്നതും തന്നിമിത്തം നമ്മുടെ ഉത്തമസുഹൃത്തായ യഹോവയാം ദൈവത്തിൽനിന്ന് നമ്മെ വേർപെടുത്താൻ കഴിയുന്നതുമായ ഹാനികരമായ സംസാരത്തിൽ ഉൾപ്പെടുകയും ചെയ്യാതിരിക്കാം.
16. ഒരു ഏഷണിക്കാരൻ ‘അന്യോന്യം പരിചയമുള്ളവരെ തമ്മിൽ വേർപെടുത്തുന്നതെങ്ങനെ’?
16 നാം ദ്രോഹബുദ്ധികളായ കുശുകുശുപ്പുകാരെ ശ്രദ്ധിക്കരുത്, കാരണം അവർ സുഹൃത്തുക്കളെ വേർപെടുത്തുന്നു. മിക്കപ്പോഴും ദൂഷകർ അതിശയോക്തി പറയുകയും തെററിദ്ധരിപ്പിക്കുകയും നുണപറയുകയും മുഖസ്തുതിപരമായ വാക്കുകൾ കൂനകൂട്ടുകയും ചെയ്യുന്നു. ഒരു വ്യക്തിയോട് അഭിമുഖമായി സംസാരിക്കുന്നതിനുപകരം, അവർ രഹസ്യമായി അയാളെക്കുറിച്ച് മന്ത്രിക്കുന്നു. അടിസ്ഥാനരഹിതമായ സംശയങ്ങൾ മിക്കപ്പോഴും ഉണർത്തപ്പെടുന്നു. അങ്ങനെ, “ഒരു ഏഷണിക്കാരൻ അന്യോന്യം പരിചയമുള്ളവരെ തമ്മിൽ വേർപെടുത്തുന്നു.”—സദൃശവാക്യങ്ങൾ 16:28.
17. നാം നിസ്സാര കുശുകുശുപ്പിൽ ആഴമായി ഉൾപ്പെടുന്നതിനെതിരെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?
17 നാം നിസ്സാരമായ കുശുകുശുപ്പിൽ ആഴമായി ഉൾപ്പെടുന്നതിനെതിരായി പോലും സൂക്ഷിക്കണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആരെയും ദ്രോഹിക്കാനുദ്ദേശിച്ചിട്ടില്ലാത്ത ഒരു പ്രസ്താവന ആവർത്തിക്കപ്പെടുമ്പോൾ ഹാനികരമായിത്തീർന്നേക്കാം. അത് ദൈവഭക്തനായ ഒരു വ്യക്തിയുടെ സൽപേര് കവർന്നുകൊണ്ട് അയാളുടെ കീർത്തിയെ തകരാറിലാക്കുന്നതുവരെ പോഷിപ്പിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാം. അതു സംഭവിക്കുകയാണെങ്കിൽ, കഥക്ക് ആരംഭമിടുകയോ അത് പരത്തുകപോലുമോ ചെയ്തത് നിങ്ങളാണെങ്കിൽ നിങ്ങൾക്ക് എന്ത് തോന്നും? നിങ്ങൾ ദ്രോഹംചെയ്യാനിടയുള്ള ഒരാളാണെന്ന് ആളുകൾ വീക്ഷിച്ചേക്കാം, തന്നിമിത്തം അവർ മേലാൽ നിങ്ങളുടെ സഹവാസം തേടാതിരുന്നേക്കാം.—സദൃശവാക്യങ്ങൾ 20:19 താരതമ്യപ്പെടുത്തുക.
18. കുശുകുശുപ്പ് ഒരു വ്യക്തിയെ ഒരു നുണയനാക്കിയേക്കാവുന്നതെങ്ങനെ?
18 സൂക്ഷിക്കേണ്ടതിന്റെ മറെറാരു കാരണം ഹാനികരമായ കുശുകുശുപ്പ് നിങ്ങളെ ഒരു നുണയൻ ആക്കിയേക്കാമെന്നതാണ്. “ഒരു ഏഷണിക്കാരന്റെ വാക്കുകൾ അത്യാഗ്രഹത്തോടെ വിഴുങ്ങേണ്ട വസ്തുക്കൾ പോലെയാണ്, അവ ഉദരത്തിന്റെ അന്തർഭാഗങ്ങളിലേക്ക് ഇറങ്ങുകതന്നെ ചെയ്യുന്നു.” (സദൃശവാക്യങ്ങൾ 26:22) നിങ്ങൾ ഭോഷ്ക്കുകൾ വിഴുങ്ങുകയും അവയെ ആവർത്തിക്കുകയും ചെയ്യുന്നുവെങ്കിലോ? ശരി, നുണകൾ ശരിയാണെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽപോലും, നിങ്ങൾ അതു പരത്തുമ്പോൾ നിങ്ങൾ നുണപറയുകയാണ്. അസത്യം വെളിപ്പെടുത്തപ്പെടുമ്പോൾ നിങ്ങൾ ഒരു നുണയനാണെന്ന് പരിഗണിക്കപ്പെട്ടേക്കാം. അതു സംഭവിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ? ദൈവം മതപരമായ ഭോഷ്ക്കുകൾക്ക് വ്യാജോപദേഷ്ടാക്കളെ ഉത്തരവാദികളാക്കുന്നില്ലേ? ഉവ്വ്, അവൻ നുണപറയുന്ന ഏഷണിക്കാരെയും ഉത്തരവാദികളാക്കുന്നു. യേശു ഇങ്ങനെ മുന്നറിയിപ്പുനൽകി: “മനുഷ്യർ പറയുന്ന ഏതു വ്യർത്ഥവാക്കിനും അവർ ന്യായവിധിദിവസത്തിൽ കണക്കുബോധിപ്പിക്കും; എന്തെന്നാൽ നിങ്ങൾ സ്വന്തവാക്കുകളാൽ കുററവിമുക്തരാക്കപ്പെടുകയും സ്വന്തവാക്കുകളാൽ കുററം വിധിക്കപ്പെടുകയും ചെയ്യും.” (മത്തായി 12:36, 37, ബയിങ്ടൺ) “നമ്മിലോരോരുത്തരും തനിക്കുവേണ്ടി ദൈവത്തോടു കണക്കുബോധിപ്പിക്ക”ണമെന്നുള്ളതുകൊണ്ട് അവൻ നുണയനായ ഒരു ഏഷണിക്കാരനായി നിങ്ങളെ കുററംവിധിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ?—റോമർ 14:12.
19. ഹാനികരമായ കുശുകുശുപ്പ് കൊലപാതകപരമായിരിക്കാൻ കഴിയുമെന്ന് പറയാവുന്നതെന്തുകൊണ്ട്?
19 ഹാനികരമായ കുശുകുശുപ്പ് പരത്തരുതാത്തതിന്റെ മറെറാരു കാരണം അത് കൊലപാതകപരമാകാമെന്നതാണ്. അതെ, അതിന് മാരകമായിരിക്കാൻ കഴിയും, ഒരു നിർദ്ദോഷിയുടെ സൽപ്പേരിനെ നശിപ്പിച്ചുകൊണ്ടുതന്നെ. ചില നാവുകൾ ‘മൂർച്ചയുള്ള വാളുകൾ’ ആകുന്നു. കയ്പേറിയ വാക്കുകൾ പതിയിരുന്ന് നിർദ്ദോഷിയുടെ നേരെ പായിക്കുന്ന അമ്പുകൾപോലെയാകുന്നു. ദാവീദ് ഇങ്ങനെ പ്രാർത്ഥിച്ചു: “നീ [യഹോവ] ദുഷ്പ്രവൃത്തിക്കാരുടെ രഹസ്യസംഭാഷണത്തിൽനിന്ന് എന്നെ മറയ്ക്കേണമേ, ദ്രോഹം പ്രവർത്തിക്കുന്നവരുടെ ആരവത്തിൽനിന്നുതന്നെ, അവർ ഒരു വാൾപോലെതന്നെ അവരുടെ നാവ് കൂർപ്പിച്ചിരിക്കുന്നു, അവർ നിർദ്ദോഷിയായ ഒരാളെ ഒളിസ്ഥലങ്ങളിൽനിന്ന് എയ്യാൻ തങ്ങളുടെ അമ്പ്, കഠിനസംസാരം, ഉന്നംപിടിച്ചിരിക്കുന്നു.” (സങ്കീർത്തനം 64:2-4) സങ്കീർത്തനക്കാരനെപ്പോലെ, ആശ്വാസത്തിനായി ദൈവത്തോട് പ്രാർത്ഥിക്കാൻ നിർബദ്ധനാകുന്ന ഘട്ടംവരെ ഒരു സമസൃഷ്ടിയെക്കുറിച്ച് അങ്ങനെയുള്ള ദുഷ്ടകാര്യങ്ങൾ പറയുന്നതിന് ഉത്തരവാദിയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങൾ കൊലപാതകമായിരിക്കുന്നതിന് കുററക്കാരനാകാൻ ആഗ്രഹിക്കുന്നുവോ?
20. (എ) ദൈവത്തിന്റെ സഭയെ സംബന്ധിച്ചിടത്തോളം അനുതാപമില്ലാത്ത ഒരു ഏഷണിക്കാരന് എന്ത് സംഭവിക്കാവുന്നതാണ്? (ബി) കുശുകുശുപ്പിനോടും ഏഷണിയോടുമുള്ള ബന്ധത്തിൽ മൂപ്പൻമാർ എന്ത് ജാഗ്രത പാലിക്കണം?
20 ഏഷണിക്ക് ദൈവസ്ഥാപനത്തിൽനിന്നുള്ള ബഹിഷ്ക്കരണത്തിലേക്കു നയിക്കാൻ കഴിയും; ഒരു ഏഷണിക്കാരൻ കൂട്ടായ്മയിൽനിന്ന് പുറത്താക്കപ്പെട്ടേക്കാം, ഒരുപക്ഷേ അനുതാപമില്ലാത്ത ഒരു നുണയനായിട്ടുതന്നെ. എന്നുവരികിലും, നിസ്സാരകുശുകുശുപ്പു സംബന്ധിച്ചു കുററക്കാരായിരിക്കുന്നവർക്കെതിരെ അങ്ങനെയുള്ള നടപടി എടുക്കാവുന്നതല്ല. മൂപ്പൻമാർ കേവല കുശുകുശുപ്പും ദ്രോഹകരമായ ഏഷണിയും തമ്മിൽ വ്യക്തമായ വ്യത്യാസം കല്പ്പിച്ചുകൊണ്ട് പ്രാർത്ഥനാപൂർവം കാര്യങ്ങളെ തൂക്കിനോക്കേണ്ടതാണ്. പുറത്താക്കപ്പെടുന്നതിന് ദുഷ്പ്രവൃത്തിക്കാരൻ ദ്രോഹബുദ്ധിയും അനുതാപമില്ലാത്തവനുമായ ഏഷണിക്കാരനായിരിക്കണം. മൂപ്പൻമാർ മനുഷ്യതാത്പര്യത്താൽ പ്രേരിതമായ, വ്യാജമോ ദ്രോഹപരമോ അല്ലാത്ത, നിസ്സാരകുശുകുശുപ്പിന് ആരെയെങ്കിലും പുറത്താക്കാൻ അധികാരപ്പെടുത്തപ്പെടുന്നില്ല. ഉചിതമായ പരിധിക്കപ്പുറം കാര്യങ്ങളെ പെരുപ്പിക്കരുത്, നിസ്സംശയമായി ഏഷണി ഉൾപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കാൻ കഴമ്പുള്ള സാക്ഷ്യം നൽകുന്ന സാക്ഷികൾ ഉണ്ടായിരിക്കണം. (1 തിമൊഥെയോസ് 5:19) അനുതാപമില്ലാത്ത ഏഷണിക്കാരെ പുറത്താക്കുന്നത് മുഖ്യമായി ദ്രോഹകരമായ കുശുകുശുപ്പിനു വിരാമമിടുന്നതിനുവേണ്ടിയാണ്, അങ്ങനെ സഭ പാപത്താൽ പുളിപ്പിക്കപ്പെടുന്നതിൽനിന്ന് ഒഴിവാക്കപ്പെടും. (1 കൊരിന്ത്യർ 5:6-8, 13) എന്നാൽ മൂപ്പൻമാർ വളരെ തിടുക്കംകാട്ടി തിരുവെഴുത്തുപരമല്ലാത്ത കാരണങ്ങളാൽ ആരെയെങ്കിലും പുറത്താക്കരുത്. പ്രാർത്ഥനയാലും ബുദ്ധിയുപദേശത്താലും അനുതപിക്കാനോ ക്ഷമായാചനംചെയ്യാനോ മററു പ്രകാരത്തിൽ പരിഹാരം വരുത്താനോ മാത്രമല്ല നാവിനെ മെരുക്കുന്നതിൽ തുടർച്ചയായി പുരോഗമിക്കാനും അയാളെ സഹായിക്കാൻ മിക്കപ്പോഴും അവർ പ്രാപ്തരാവും.
അത് ഏഷണിയാണോ?
21. ഒരു ദുഷ്പ്രവൃത്തിക്കാരനെക്കുറിച്ച് കുശുകുശുക്കുന്നതിനു പകരം നിങ്ങൾ എന്തു ചെയ്യണം?
21 ഒരു ജ്ഞാനപൂർണ്ണമായ പഴമൊഴി ഇങ്ങനെ പറയുന്നു: “ഏഷണി പറഞ്ഞുനടക്കുന്നവൻ രഹസ്യസംസാരം വെളിപ്പെടുത്തുന്നു, എന്നാൽ ആത്മാവിൽ വിശ്വസ്തനായവൻ ഒരു സംഗതി മറെച്ചുവെക്കുന്നു.” (സദൃശവാക്യങ്ങൾ 11:13) ആരെങ്കിലും രഹസ്യമായി ഗുരുതരമായ പാപത്തിൽ ഏർപ്പെടുകയാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ അതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ഏഷണിയായിരിക്കുമെന്ന് ഇതിനർത്ഥമുണ്ടോ? ഇല്ല. തീർച്ചയായും, നിങ്ങൾ ആ കാര്യം സംബന്ധിച്ച് കുശുകുശുക്കരുത്. മൂപ്പൻമാരുടെ സഹായം തേടാൻ പ്രോൽസാഹിപ്പിച്ചുകൊണ്ട് നിങ്ങൾ ദുഷ്പ്രവൃത്തിക്കാരനോട് സംസാരിക്കണം. (യാക്കോബ് 5:13-18) അയാൾ ന്യായമായ ഒരു കാലഘട്ടത്തിനുള്ളിൽ അതു ചെയ്യുന്നില്ലെങ്കിൽ, സഭയുടെ ശുദ്ധിയിലുള്ള താത്പര്യം മൂപ്പൻമാരെ വിവരം അറിയിക്കാൻ നിങ്ങളെ പ്രേരിപ്പിക്കണം.—ലേവ്യപുസ്തകം 5:1.
22. ഒന്നു കൊരിന്ത്യർ 1:11 കുശുകുശുപ്പിന് അധികാരപ്പെടുത്തുന്നില്ലെന്ന് നമുക്ക് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
22 അങ്ങനെയുള്ള വിവരം കൊടുക്കൽ ദുഷ്പ്രവൃത്തിക്കാരന്റെ ശിക്ഷണത്തിൽ കലാശിച്ചേക്കാം, അത് സന്തോഷകരമെന്നു തോന്നുകയില്ല. എന്നാലും, ശിക്ഷണത്താൽ പരിശീലിപ്പിക്കപ്പെട്ട ഒരു വ്യക്തി നീതിഫലം കൊയ്യുന്നു. (എബ്രായർ 12:11) ദുഷ്പ്രവൃത്തികൾ, അങ്ങനെയുള്ള കാര്യങ്ങൾ കൈകാര്യംചെയ്യാൻ നിയമിതരായവരോട് വെളിപ്പെടുത്തേണ്ടതാണ്, വിടുവാ പറഞ്ഞുനടക്കുന്ന കുശുകുശുപ്പുകരോടല്ല. കൊരിന്തിലെ ക്രിസ്ത്യാനികളോട് പൗലോസ് ഇങ്ങനെ പറഞ്ഞു: “എന്റെ സഹോദരൻമാരെ, നിങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉണ്ടെന്ന് നിങ്ങളെക്കുറിച്ച് ക്ലോവയുടെ വീട്ടുകാരാൽ എന്നോട് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.” (1 കൊരിന്ത്യർ 1:11) ആ വീട്ടുകാർ സഹവിശ്വാസികളെക്കുറിച്ച് കുശുകുശുക്കുകയായിരുന്നോ? അല്ലായിരുന്നു, എന്നാൽ അവരുടെ പാദങ്ങളെ ജീവന്റെ പാതയിലേക്കു തിരിച്ചുകൊണ്ടുവരാൻ സഹായമാവശ്യമുള്ളവരെ തുണക്കുന്നതിന് നടപടികൾ സ്വീകരിക്കാൻകഴിയുന്ന ഉത്തരവാദിത്തമുള്ള ഒരു മൂപ്പനോടാണ് വിവരമറിയിക്കപ്പെട്ടത്.
23. ഏതു ചോദ്യം പരിചിന്തനത്തിനവശേഷിക്കുന്നു?
23 ഹാനികരമായ കുശുകുശുപ്പിലെ ഉൾപ്പെടലിനെതിരെ സൂക്ഷിക്കാൻ നാം ഒരു വ്യക്തിയെ സഹായിക്കുന്നുവെങ്കിൽ, നാം അയാളുടെ നൻമക്കുവേണ്ടി എന്തെങ്കിലും ചെയ്യുകയാണ്. ഒരു ജ്ഞാനപഴമൊഴി ഇങ്ങനെ പറയുന്നു: “തന്റെ വായെ സൂക്ഷിക്കുന്നവർ തന്റെ ദേഹിയെ സൂക്ഷിക്കുന്നു. തന്റെ അധരങ്ങളെ മലർക്കെ തുറക്കുന്നവൻ—അവന് നാശമുണ്ടാകും.” (സദൃശവാക്യങ്ങൾ 13:3) അപ്പോൾ, ഹാനികരമായ കുശുകുശുപ്പിനും ദുഷ്ടമായ ഏഷണിക്കുമെതിരെ സൂക്ഷിക്കാൻ നല്ല കാരണങ്ങളുണ്ടെന്ന് വ്യക്തമാണ്. എന്നിരുന്നാലും, ഹാനികരമായ കുശുകുശുപ്പിനെ എങ്ങനെ തകർക്കാൻ കഴിയും? അടുത്ത ലക്കത്തിലെ ലേഖനം പറയും. (w89 10⁄15)
നങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ നിസ്സാരമായ കുശുകുശുപ്പും ഏഷണിയും തമ്മിലുള്ള വ്യത്യാസമെന്താണ്?
◻ കുശുകുശുപ്പ് എങ്ങനെ ഏഷണിയായിത്തീർന്നേക്കാം?
◻ ഹാനികരമായ കുശുകുശുപ്പിനെതിരെ സൂക്ഷിക്കേണ്ടതിന്റെ ചില കാരണങ്ങളേവ?
◻ നാം മറെറാരാളുടെ ഗുരുതരമായ ദുഷ്പ്രവൃത്തിയെക്കുറിച്ച് വിവരം അറിയിക്കുമ്പോൾ ഏഷണി ഉൾപ്പെട്ടിരിക്കാത്തതെന്തുകൊണ്ട്?
[27-ാം പേജിലെ ചിത്രം]
ഒരാളെക്കുറിച്ച് കുശുകുശുത്തുകൊണ്ട് അയാളുടെ പിന്നിൽ അമ്പെയ്യുന്നതുസംബന്ധിച്ച് നിങ്ങൾ ഒരിക്കലും കുററക്കാരനല്ലെന്ന് ഉറപ്പുവരുത്തുക