ലേവ്യ
5 “‘സാക്ഷിമൊഴി+ കൊടുക്കാനുള്ള പരസ്യമായ ആഹ്വാനം* കേട്ടിട്ടും ഒരാൾ, താൻ സാക്ഷിയായിരിക്കുകയോ കാണുകയോ മനസ്സിലാക്കുകയോ ചെയ്ത കാര്യത്തെപ്പറ്റി വിവരം കൊടുക്കാതിരുന്നാൽ അതു പാപമാണ്. അവൻ സ്വന്തം തെറ്റിന് ഉത്തരം പറയണം.
2 “‘ഒരാൾ ശുദ്ധിയില്ലാത്ത എന്തിലെങ്കിലും തൊട്ടാൽ അശുദ്ധനാകും. അതു ചത്തുകിടക്കുന്ന, ശുദ്ധിയില്ലാത്ത ഒരു വന്യമൃഗമോ വളർത്തുമൃഗമോ കൂട്ടമായി കാണപ്പെടുന്ന ജീവിയോ ആകട്ടെ അതിനെ തൊട്ടാൽ അവൻ അശുദ്ധനാകും.+ അക്കാര്യം തിരിച്ചറിയുന്നില്ലെങ്കിൽപ്പോലും അവൻ കുറ്റക്കാരനാണ്. 3 അറിയാതെ ആരെങ്കിലും മനുഷ്യന്റെ അശുദ്ധിയിൽ+—ഒരാളെ അശുദ്ധനാക്കുന്ന അശുദ്ധമായ എന്തിലെങ്കിലും—തൊട്ടാൽ അത് അറിയുമ്പോൾ അവൻ കുറ്റക്കാരനാകും.
4 “‘ചിന്താശൂന്യമായി സത്യം ചെയ്ത ഒരാൾ അതിന്റെ ഗൗരവം സംബന്ധിച്ച് ബോധവാനല്ലെന്നിരിക്കട്ടെ. താൻ ഉദ്ദേശിച്ച കാര്യം നല്ലതായാലും ചീത്തയായാലും ചിന്താശൂന്യമായാണു സത്യം ചെയ്തതെന്നു പിന്നീടു തിരിച്ചറിയുമ്പോൾ അവൻ കുറ്റക്കാരനാകും.*+
5 “‘ഇപ്പറഞ്ഞ ഏതെങ്കിലും കാര്യത്തിൽ അവൻ കുറ്റക്കാരനായിത്തീരുന്നെങ്കിൽ താൻ ചെയ്ത പാപം എന്താണെന്ന് അവൻ ഏറ്റുപറയണം.+ 6 പാപത്തിനു പരിഹാരമായി അവൻ യഹോവയ്ക്ക് അപരാധയാഗം കൊണ്ടുവരുകയും വേണം.+ ആട്ടിൻപറ്റത്തിൽനിന്ന് ഒരു പെണ്ണാട്ടിൻകുട്ടിയെയാണ് ഇങ്ങനെ പാപയാഗത്തിനായി കൊണ്ടുവരേണ്ടത്. അതു ചെമ്മരിയാടോ കോലാടോ ആകാം. അപ്പോൾ പുരോഹിതൻ അവനു പാപപരിഹാരം വരുത്തും.
7 “‘പക്ഷേ ഒരു ആടിനെ അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ, അപരാധയാഗമായി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ യഹോവയുടെ മുന്നിൽ കൊണ്ടുവരണം; ഒന്നു പാപയാഗത്തിനും മറ്റേതു ദഹനയാഗത്തിനും.+ 8 അവയെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. പുരോഹിതൻ ആദ്യം അർപ്പിക്കുന്നതു പാപയാഗത്തിനുള്ളതിനെയായിരിക്കും. പുരോഹിതൻ അതിന്റെ കഴുത്തിന്റെ മുൻഭാഗം മുറിക്കും. പക്ഷേ തല വേർപെടുത്തില്ല. 9 പാപയാഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് അവൻ യാഗപീഠത്തിന്റെ വശത്ത് തളിക്കും.+ ബാക്കി രക്തം യാഗപീഠത്തിന്റെ ചുവട്ടിലേക്കു വാർന്നുപോകാൻ ഇടയാക്കും. ഇത് ഒരു പാപയാഗമാണ്. 10 മറ്റേതിനെ അവൻ പതിവ് നടപടിക്രമമനുസരിച്ച്+ ദഹനയാഗമായി അർപ്പിക്കും. അവൻ ചെയ്ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.+
11 “‘എന്നാൽ പാപത്തിനുവേണ്ടി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ ഒരു ഏഫായുടെ പത്തിലൊന്ന്*+ അളവ് നേർത്ത ധാന്യപ്പൊടി അവൻ പാപയാഗമായി കൊണ്ടുവരണം. അതിൽ എണ്ണ ചേർക്കുകയോ അതിനു മുകളിൽ കുന്തിരിക്കം വെക്കുകയോ അരുത്. കാരണം ഇതൊരു പാപയാഗമാണ്. 12 അവൻ അതു പുരോഹിതന്റെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* അതിൽനിന്ന് കൈ നിറയെ എടുത്ത് യാഗപീഠത്തിൽ, യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളുടെ മുകളിൽ വെച്ച് ദഹിപ്പിക്കും.* ഇതൊരു പാപയാഗമാണ്. 13 അവൻ ചെയ്തത് ഇവയിൽ ഏതു പാപമായാലും പുരോഹിതൻ അവനുവേണ്ടി പാപപരിഹാരം വരുത്തും. അങ്ങനെ അവനു ക്ഷമ കിട്ടും.+ ഈ യാഗവസ്തുവിൽ ബാക്കിയുള്ള ഭാഗം ധാന്യയാഗത്തിന്റെ കാര്യത്തിലെന്നപോലെതന്നെ പുരോഹിതനുള്ളതാണ്.’”+
14 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 15 “യഹോവയുടെ വിശുദ്ധവസ്തുക്കൾക്കെതിരെ+ അറിയാതെ പാപം ചെയ്ത് ആരെങ്കിലും അവിശ്വസ്തത കാണിക്കുന്നെങ്കിൽ, അവൻ ആട്ടിൻപറ്റത്തിൽനിന്ന് ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം.+ അതിന്റെ മൂല്യം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരമുള്ള+ വെള്ളിപ്പണത്തിൽ കണക്കാക്കിയതായിരിക്കണം. 16 കൂടാതെ, വിശുദ്ധസ്ഥലത്തിന് എതിരെ അവൻ ചെയ്ത പാപത്തിനു നഷ്ടപരിഹാരവും കൊടുക്കണം. കണക്കാക്കിയ തുകയോടൊപ്പം അഞ്ചിലൊന്നുംകൂടെ ചേർത്ത് അവൻ അതു പുരോഹിതനെ ഏൽപ്പിക്കണം.+ അപരാധയാഗത്തിനുള്ള ആൺചെമ്മരിയാടിനെ അർപ്പിച്ച് പുരോഹിതൻ അവനു പാപപരിഹാരം+ വരുത്തുകയും അവനു ക്ഷമ കിട്ടുകയും ചെയ്യും.+
17 “ചെയ്യരുതെന്ന് യഹോവ കല്പിച്ചിരിക്കുന്ന എന്തെങ്കിലും ചെയ്ത് ഒരാൾ പാപം ചെയ്യുന്നെങ്കിൽ, അതിനെക്കുറിച്ച് ബോധവാനല്ലെങ്കിൽപ്പോലും അവൻ കുറ്റക്കാരനാണ്.+ അവന്റെ തെറ്റിന് അവൻ ഉത്തരം പറയണം. 18 അപരാധയാഗത്തിനുവേണ്ടി അവൻ ആട്ടിൻപറ്റത്തിൽനിന്ന്, ന്യൂനതയില്ലാത്തതും കണക്കാക്കിയ മൂല്യത്തിന് ഒത്തതും ആയ ഒരു ആൺചെമ്മരിയാടിനെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം.+ അപ്പോൾ അവൻ അബദ്ധവശാൽ അറിയാതെ ചെയ്തുപോയ തെറ്റിനു പുരോഹിതൻ പാപപരിഹാരം വരുത്തുകയും അവനു ക്ഷമ കിട്ടുകയും ചെയ്യും. 19 ഇതൊരു അപരാധയാഗമാണ്. യഹോവയ്ക്കെതിരെ പാപം ചെയ്ത് അവൻ കുറ്റക്കാരനായല്ലോ.”