അധ്യായം 14
സഭയുടെ സമാധാനവും ശുദ്ധിയും കാത്തുസൂക്ഷിക്കാൻ
വർഷംതോറും ആയിരക്കണക്കിന് ആളുകളാണ് യഹോവയുടെ ആലയത്തിലേക്ക് ഒഴുകിവരുന്നത്. ശുദ്ധമായ സത്യാരാധനയുടെ വ്യാപനത്തെക്കുറിച്ചുള്ള ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയാണ് ഇത്. (മീഖ 4:1, 2) ‘ദൈവത്തിന്റെ സഭയിലേക്ക്’ അവരെയെല്ലാം സ്വാഗതം ചെയ്യുന്നതിൽ നമ്മൾ എത്ര സന്തോഷിക്കുന്നു! (പ്രവൃ. 20:28) അവർക്കു നമ്മളോടൊപ്പം യഹോവയെ സേവിക്കാനാകുന്നു, ശുദ്ധവും സമാധാനപൂർണവും ആയ ആത്മീയപറുദീസ ആസ്വദിക്കാനാകുന്നു. ഇതിനെല്ലാം അവർ നന്ദിയും വിലമതിപ്പും ഉള്ളവരാണ്. സഭയെ ശുദ്ധവും സമാധാനപൂർണവും ആയി നിലനിറുത്തുന്നതിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവും ദൈവവചനത്തിലെ തികവുറ്റ ഉപദേശങ്ങളും നമ്മളെ സഹായിക്കുന്നു.—സങ്കീ. 119:105; സെഖ. 4:6.
2 ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് നമ്മൾ “പുതിയ വ്യക്തിത്വം” ധരിക്കുന്നു. (കൊലോ. 3:10) അതുകൊണ്ട് നമ്മൾ നിസ്സാരമായ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും വിട്ടുകളയുന്നു. യഹോവ കാര്യങ്ങളെ കാണുന്നതുപോലെ കണ്ടുകൊണ്ട്, വിയോജിപ്പും ഭിന്നതയും ഉണ്ടാക്കുന്ന ലോകത്തിന്റെ കാഴ്ചപ്പാടുകളെ തള്ളിക്കളയുന്നു. അങ്ങനെ നമ്മൾ യാതൊരു അതിർവരമ്പുകളുമില്ലാതെ ഒരൊറ്റ സഹോദരകുടുംബമായി ഐക്യത്തോടെ സേവിക്കുന്നു.—പ്രവൃ. 10:34, 35.
3 എങ്കിലും, സഭയുടെ സമാധാനത്തെയും ഐക്യത്തെയും ബാധിക്കുന്ന പ്രശ്നങ്ങൾ ഇടയ്ക്കൊക്കെ തലപൊക്കാറുണ്ട്. എന്തായിരിക്കാം കാരണം? മിക്കപ്പോഴും, ബൈബിളുപദേശങ്ങൾ അനുസരിക്കാത്തതുതന്നെയാണു കാരണം. നമ്മൾ ഇപ്പോഴും അപൂർണരാണ്, അതിന്റേതായ ബലഹീനതകളും ചായ്വുകളും നമുക്കുണ്ടുതാനും. നമ്മളുടെ ഇടയിൽ പാപമില്ലാത്തവരായി ആരുമില്ലല്ലോ. (1 യോഹ. 1:10) ചിലപ്പോൾ നമ്മളിൽ ആരെങ്കിലുമൊക്കെ തെറ്റായ ഒരു ചുവടു വെച്ചേക്കാം. സഭയിലെ ആത്മീയവും ധാർമികവും ആയ ശുദ്ധി നഷ്ടപ്പെടാൻ, അശുദ്ധി കടന്നുവരാൻ, അത് ഇടയാക്കിയേക്കാം. ഇനി, നമ്മുടെ ചിന്താശൂന്യമായ വാക്കോ പ്രവൃത്തിയോ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. അല്ലെങ്കിൽ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞതോ ചെയ്തതോ നമ്മളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാകാം. (റോമ. 3:23) ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കാര്യങ്ങൾ നേരെയാക്കുന്നതിനു നമുക്ക് എന്തു ചെയ്യാൻ കഴിയും?
4 സ്നേഹവാനായ യഹോവ ഇതെല്ലാം മനസ്സിലാക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും ഉയർന്നുവരുമ്പോൾ എന്താണു ചെയ്യേണ്ടതെന്നു ദൈവത്തിന്റെ വചനം നമുക്കു പറഞ്ഞുതരുന്നുണ്ട്. സ്നേഹമുള്ള ഇടയന്മാരായ മൂപ്പന്മാർ നമ്മളെ ഓരോരുത്തരെയും സഹായിക്കാനായി ഒപ്പമുണ്ട്. അവർ നൽകുന്ന തിരുവെഴുത്തുപദേശങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ട് നമുക്കു മറ്റുള്ളവരുമായി നല്ല ബന്ധത്തിലേക്കു വീണ്ടും വരാൻ കഴിയും. ഒപ്പം യഹോവയുടെ അംഗീകാരം നിലനിറുത്താനും സാധിക്കും. നമ്മുടെ ഭാഗത്തെ ഏതെങ്കിലും തെറ്റിനു ശിക്ഷണമോ ശാസനയോ ലഭിക്കുകയാണെങ്കിൽ, നമ്മുടെ സ്വർഗീയപിതാവിനു നമ്മോടുള്ള സ്നേഹത്തിന്റെ തെളിവാണ് അത്തരം തിരുത്തലുകളെന്ന് ഉറപ്പുണ്ടായിരിക്കുക.—സുഭാ. 3:11, 12; എബ്രാ. 12:6.
നിസ്സാരമായ ഭിന്നതകൾ പരിഹരിച്ചുകൊണ്ട്
5 ചില അവസരങ്ങളിൽ സഹോദരങ്ങൾ തമ്മിൽ ചെറിയചെറിയ തർക്കങ്ങളോ പ്രശ്നങ്ങളോ ഒക്കെ ഉയർന്നുവരാറുണ്ട്. സഹോദരസ്നേഹംകൊണ്ട് അവയൊക്കെ അപ്പപ്പോൾ പരിഹരിച്ച് മുന്നോട്ടു പോകണം. (എഫെ. 4:26; ഫിലി. 2:2-4; കൊലോ. 3:12-14) മിക്കപ്പോഴും, സഹോദരങ്ങൾ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ പത്രോസ് അപ്പോസ്തലന്റെ പിൻവരുന്ന ഉപദേശം ബാധകമാക്കിയാൽ പരിഹരിക്കാവുന്നതേ ഉള്ളൂ: “നിങ്ങൾ പരസ്പരം അഗാധമായി സ്നേഹിക്കണം; കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്നേഹം അതെല്ലാം മറയ്ക്കുന്നു.” (1 പത്രോ. 4:8) ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ.” (യാക്കോ. 3:2) മറ്റുള്ളവർ നമുക്കു ചെയ്യണമെന്നു നമ്മൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കു ചെയ്തുകൊടുക്കണമെന്ന സുവർണനിയമം ബാധകമാക്കിക്കൊണ്ട്, സാധാരണഗതിയിലുള്ള നിസ്സാരപിഴവുകളൊക്കെ നമുക്കു പൊറുക്കുകയും മറക്കുകയും ചെയ്യാം.—മത്താ. 6:14, 15; 7:12.
6 നിങ്ങൾ പറഞ്ഞതോ ചെയ്തതോ ആയ എന്തെങ്കിലും മറ്റൊരാളെ വേദനിപ്പിച്ചതായി തിരിച്ചറിയുന്നെങ്കിൽ, ഒട്ടും സമയം കളയാതെ നിങ്ങൾതന്നെ സമാധാനം ഉണ്ടാക്കാൻ മുൻകൈയെടുക്കണം. ഓർക്കുക, യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെയും ഇതു ബാധിച്ചിട്ടുണ്ട്. യേശു തന്റെ ശിഷ്യന്മാരെ ഇങ്ങനെ ഉപദേശിച്ചു: “നീ കാഴ്ച അർപ്പിക്കാൻ യാഗപീഠത്തിന് അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ. നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ നിന്റെ കാഴ്ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട് ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന് നിന്റെ കാഴ്ച അർപ്പിക്കുക.” (മത്താ. 5:23, 24) ചിലപ്പോൾ മറ്റേ വ്യക്തി നിങ്ങളെ തെറ്റിദ്ധരിച്ചതാകാം. അങ്ങനെയെങ്കിൽ ആശയവിനിമയത്തിന്റെ വാതായനങ്ങൾ തുറന്നിടുക. സഭയിലെ സഹോദരങ്ങൾ എല്ലാവരും തമ്മിൽ നല്ല ആശയവിനിമയമുണ്ടെങ്കിൽ തെറ്റിദ്ധാരണകൾ ഏറിയ പങ്കും ഒഴിവാക്കാൻ കഴിയും. നമ്മുടെ അപൂർണതകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുമാകും.
ആവശ്യമായ തിരുവെഴുത്തുബുദ്ധിയുപദേശം കൊടുത്തുകൊണ്ട്
7 ചിലപ്പോൾ ഒരു വ്യക്തി ചിന്തിക്കുന്ന വിധത്തിനു മാറ്റം വരുത്താൻ ബുദ്ധിയുപദേശം നൽകണമെന്നു മേൽവിചാരകന്മാർ തീരുമാനിച്ചേക്കാം. ഇത് എല്ലായ്പോഴും അത്ര എളുപ്പമല്ല. ഗലാത്യയിലെ ക്രിസ്ത്യാനികൾക്കു പൗലോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “സഹോദരന്മാരേ, അറിയാതെയാണ് ഒരാൾ തെറ്റായ ഒരു ചുവടു വെക്കുന്നതെങ്കിൽപ്പോലും ആത്മീയയോഗ്യതയുള്ള നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ അയാളെ നേരെയാക്കാൻ നോക്കണം.”—ഗലാ. 6:1.
8 ആട്ടിൻകൂട്ടത്തെ വേണ്ടതുപോലെ മേയ്ക്കുന്നെങ്കിൽ, ആത്മീയമായ പല അപകടങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനും ഗുരുതരമായ പല പ്രശ്നങ്ങളും ഒഴിവാക്കാനും ഇടയന്മാർക്കു കഴിയും. തങ്ങൾ സഭയ്ക്കുവേണ്ടി ചെയ്യുന്ന സേവനം, യഹോവ യശയ്യയിലൂടെ നൽകിയ വാഗ്ദാനത്തിനു ചേർച്ചയിലാക്കാൻ മൂപ്പന്മാർ കഠിനശ്രമം ചെയ്യുന്നു. അവിടെ ഇങ്ങനെ പറയുന്നു: “അവർ ഓരോരുത്തരും കാറ്റത്ത് ഒരു ഒളിയിടവും, പെരുമഴയത്ത് ഒരു അഭയസ്ഥാനവും ആയിരിക്കും. അവർ വെള്ളമില്ലാത്ത ദേശത്ത് അരുവികൾപോലെയും, വരണ്ടുണങ്ങിയ ദേശത്ത് പടുകൂറ്റൻ പാറയുടെ തണൽപോലെയും ആകും.”—യശ. 32:2.
ക്രമംകെട്ടവരെ നിരീക്ഷണത്തിൽ വെച്ചുകൊണ്ട്
9 സഭയെ മോശമായി സ്വാധീനിച്ചേക്കാവുന്ന ചിലരെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “സഹോദരങ്ങളേ, ഞങ്ങളിൽനിന്ന് നിങ്ങൾക്കു കൈമാറിക്കിട്ടിയ പാരമ്പര്യങ്ങൾ അനുസരിക്കാതെ ക്രമംകെട്ട് നടക്കുന്ന എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുമാറണമെന്നു . . . ഞങ്ങൾ നിങ്ങളോടു നിർദേശിക്കുകയാണ്.” ഇക്കാര്യം ഒന്നുകൂടെ വ്യക്തമാക്കിക്കൊണ്ട് പൗലോസ് എഴുതി: “ഈ കത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തയാളെ നിരീക്ഷണത്തിൽ വെക്കണം. അയാൾക്കു നാണക്കേടു തോന്നാൻവേണ്ടി അയാളുമായി ഇടപഴകുന്നതു നിറുത്തുക. പക്ഷേ ഒരു ശത്രുവായി കാണാതെ ഒരു സഹോദരനായിത്തന്നെ കണ്ട് അയാളെ ഉപദേശിച്ച് നേർവഴിക്കാക്കാൻ നോക്കുക.”—2 തെസ്സ. 3:6, 14, 15.
10 ചിലപ്പോൾ, ഒരു വ്യക്തി സഭയിൽനിന്ന് പുറത്താക്കേണ്ട തരത്തിലുള്ള, ഗൗരവമേറിയ കുറ്റമൊന്നും ചെയ്യുന്നില്ലായിരിക്കാം. എന്നാൽ അയാൾ ക്രിസ്ത്യാനികൾ പിൻപറ്റേണ്ട ദൈവികനിലവാരങ്ങളെ തികഞ്ഞ അവഗണനയോടെ വീക്ഷിക്കുന്നുണ്ടാകും. എന്തൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്? അയാൾ തീരെ വൃത്തിയും വെടിപ്പും ഇല്ലാത്ത ആളോ അങ്ങേയറ്റം അലസതയും വിമർശനബുദ്ധിയും കാണിക്കുന്ന ആളോ ആയിരിക്കാം. ചിലപ്പോൾ അയാൾ “ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ട്” നടക്കുന്നുണ്ടാകും. (2 തെസ്സ. 3:11) അല്ലെങ്കിൽ മറ്റുള്ളവരെ മുതലെടുത്ത് സാമ്പത്തികനേട്ടങ്ങളുണ്ടാക്കാൻ ഗൂഢപദ്ധതികളിടുന്നുണ്ടായിരിക്കാം. അതുമല്ലെങ്കിൽ, തീർത്തും അനുചിതമായ വിനോദങ്ങളിൽ മുഴുകുന്നുണ്ടായിരിക്കാം. എന്തായാലും ക്രമംകെട്ട നടത്ത സഭയ്ക്കു ദുഷ്പേരുണ്ടാക്കാൻ പോന്നതാണ്, മറ്റു സഹോദരങ്ങളിലേക്കുകൂടി ആ സ്വാധീനം വ്യാപിക്കാനും സാധ്യതയുണ്ട്.
11 ക്രമംകെട്ട ഒരു മനുഷ്യനെ സഹായിക്കുന്നതിനായി മൂപ്പന്മാർ ആദ്യം അയാൾക്കു ബൈബിളിൽനിന്നുള്ള ബുദ്ധിയുപദേശം നൽകും. എന്നാൽ പല തവണ ബുദ്ധിയുപദേശം നൽകിയിട്ടും, ആ വ്യക്തി പിന്നെയും ബൈബിൾതത്ത്വങ്ങൾ അവഗണിക്കുകയാണെങ്കിലോ? അത്തരം ക്രമംകെട്ട നടത്തയെപ്പറ്റി ഒരു മുന്നറിയിപ്പുപ്രസംഗം സഭയിൽ നടത്തണമെന്നു മൂപ്പന്മാർ തീരുമാനിച്ചേക്കാം. എന്നാൽ അതിനു മുമ്പ്, ‘അങ്ങനെയൊരു പ്രസംഗം ആവശ്യമുണ്ടോ, സാഹചര്യം അത്ര ഗൗരവമുള്ളതാണോ, ആ പ്രശ്നം സഭയെ അസ്വസ്ഥമാക്കിയിട്ടുണ്ടോ’ എന്നീ കാര്യങ്ങൾ മൂപ്പന്മാർ നല്ല വിവേകത്തോടെ ആലോചിച്ച് തീരുമാനിക്കും. പ്രസംഗകൻ, ക്രമംകെട്ട നടത്തയെക്കുറിച്ച് ഉചിതമായ ബുദ്ധിയുപദേശങ്ങൾ നൽകും. പക്ഷേ ആ വ്യക്തിയുടെ പേര് പറയില്ല. ഈ പ്രസംഗത്തിൽ വിവരിച്ച സാഹചര്യത്തെക്കുറിച്ച് അറിയാവുന്നവർ അത്തരമൊരു വ്യക്തിയോട് അടുത്ത് ഇടപഴകുന്നത് ഒഴിവാക്കും. എന്നിരുന്നാലും ആ വ്യക്തിയുമായുള്ള ആത്മീയസഹവാസം നിറുത്താതെ അയാളെ ‘ഒരു സഹോദരനായിത്തന്നെ കണ്ട് അയാളെ ഉപദേശിച്ച് നേർവഴിക്കാക്കാൻ നോക്കും.’
12 ക്രമംകെട്ട വ്യക്തി നേരെയാകുമെന്ന പ്രതീക്ഷയോടെ സഭയിലെ വിശ്വസ്തരായ ക്രിസ്ത്യാനികൾ അയാളുമായുള്ള സഹവാസത്തിന്റെ കാര്യത്തിലെടുക്കുന്ന ഉറച്ച നിലപാട്, തന്റെ വഴികളെക്കുറിച്ച് ലജ്ജ തോന്നാനും മാറ്റം വരുത്താനും ആ വ്യക്തിയെ സഹായിച്ചേക്കും. അയാൾ ജീവിതഗതിക്കു മാറ്റം വരുത്തിയെന്നു വ്യക്തമാകുമ്പോൾ പിന്നീടങ്ങോട്ട്, നിരീക്ഷണത്തിലുള്ള ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തോടു പെരുമാറേണ്ട ആവശ്യമില്ല.
ഗൗരവമുള്ള ചില തെറ്റുകൾ കൈകാര്യം ചെയ്യുന്ന വിധം
13 തെറ്റുകൾ അവഗണിച്ചുകളയാനോ ക്ഷമിച്ചുകൊടുക്കാനോ മനസ്സു കാണിക്കുന്നതു നമ്മൾ അവ നിസ്സാരമായി കാണുന്നെന്നോ അംഗീകരിക്കുന്നെന്നോ അർഥമാക്കുന്നില്ല. എല്ലാ തെറ്റുകൾക്കും അപൂർണ്ണതയെ പഴിക്കാനാകില്ല. ഗൗരവമേറിയ തെറ്റുകൾ അവഗണിച്ചുകളയുന്നത് ഉചിതമായിരിക്കില്ല. (ലേവ്യ 19:17; സങ്കീ. 141:5) ചില പാപങ്ങൾ മറ്റു ചില പാപങ്ങളെക്കാൾ ഗൗരവമുള്ളതാണെന്നു മോശയിലൂടെ നൽകിയ നിയമം വ്യക്തമാക്കുന്നു. ക്രിസ്തീയക്രമീകരണത്തിലും അത് അങ്ങനെതന്നെയാണ്.—1 യോഹ. 5:16, 17.
14 സഹോദരങ്ങൾക്കിടയിൽ ഉയർന്നുവരാവുന്ന ഗൗരവമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു കൃത്യമായ ഒരു നടപടിക്രമം യേശു നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിനു യേശു വെച്ച പടികൾ ഏവയാണെന്നു നോക്കുക: “നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ (1) നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ ചെന്ന് സംസാരിച്ച് തെറ്റ് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കുക. അദ്ദേഹം നീ പറയുന്നതു കേൾക്കുന്നെങ്കിൽ നീ സഹോദരനെ നേടി. അദ്ദേഹം നീ പറയുന്നതു കേൾക്കുന്നില്ലെങ്കിൽ, (2) ഒന്നോ രണ്ടോ പേരെക്കൂടെ കൂട്ടിക്കൊണ്ട് ചെല്ലുക. അങ്ങനെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏതു കാര്യവും സ്ഥിരീകരിക്കാം. അദ്ദേഹം അവരെയും കൂട്ടാക്കുന്നില്ലെങ്കിൽ (3) സഭയെ അറിയിക്കുക. സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ ജനതകളിൽപ്പെട്ടവനെപ്പോലെയും നികുതിപിരിവുകാരനെപ്പോലെയും കണക്കാക്കുക.”—മത്താ. 18:15-17.
15 തുടർന്ന് യേശു, മത്തായി 18:23-35-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ദൃഷ്ടാന്തവും പറഞ്ഞു. അതിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ മത്തായി 18:15-17-ൽ പറയുന്ന പാപങ്ങളിൽ ഒന്ന്, സാമ്പത്തികമോ വസ്തുവകകൾ സംബന്ധിച്ചുള്ളതോ ആണെന്നു തോന്നുന്നു. കടം വാങ്ങിയ എന്തെങ്കിലും തിരിച്ചുകൊടുക്കാതിരിക്കുന്നതോ ഏതെങ്കിലും വിധത്തിൽ ചതിക്കുന്നതോ ഒക്കെയാകാം. അല്ലെങ്കിൽ ഏഷണിയാകാം. അത് ഒരാളുടെ സത്പേരിനെ കാര്യമായി ബാധിച്ചിട്ടുമുണ്ടാകാം.
16 സഭയിൽ ആരെങ്കിലും നിങ്ങൾക്കെതിരെ മേൽപ്പറഞ്ഞതുപോലുള്ള ഒരു പാപം ചെയ്തതായി തെളിവുണ്ടെങ്കിൽ നിങ്ങൾക്കുവേണ്ടി ഇടപെടാൻ ആവശ്യപ്പെട്ടുകൊണ്ട് മൂപ്പന്മാരെ സമീപിക്കാൻ തിരക്കു കൂട്ടരുത്. യേശു ഉപദേശിച്ചതുപോലെ നിങ്ങൾക്കു പരാതിയുള്ള വ്യക്തിയോട് ആദ്യം സംസാരിക്കുക. മറ്റ് ആരെയും ഉൾപ്പെടുത്താതെ നിങ്ങൾ രണ്ടു പേരും മാത്രമായി ആ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. ‘ഒരേ ഒരു തവണ മാത്രമേ പോയി അദ്ദേഹത്തിന്റെ തെറ്റു ബോധ്യപ്പെടുത്താവൂ’ എന്നു യേശു പറഞ്ഞില്ലെന്ന കാര്യം മനസ്സിൽപ്പിടിക്കുക. അതുകൊണ്ട് മറ്റേ വ്യക്തി തെറ്റു സംബന്ധിച്ച് ക്ഷമ ചോദിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും അദ്ദേഹത്തെ സമീപിക്കാമെന്നു തീരുമാനിക്കുന്നതു നന്നായിരിക്കും. പ്രശ്നം ഈ വിധത്തിൽ പരിഹരിക്കാൻ കഴിഞ്ഞാൽ, അദ്ദേഹം ചെയ്ത കുറ്റം നിങ്ങൾ മറ്റ് ആരോടും പറയാതിരുന്നതിൽ നിങ്ങളോട് അദ്ദേഹത്തിനു വിലമതിപ്പു തോന്നും. സഭയിലെ തന്റെ സത്പേര് നഷ്ടപ്പെടുത്താഞ്ഞതിൽ അദ്ദേഹത്തിനു നന്ദിയും തോന്നും. അങ്ങനെ നിങ്ങൾക്ക് ആ ‘സഹോദരനെ നേടാനാകും.’
17 തെറ്റു ചെയ്ത വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ക്ഷമ ചോദിക്കുകയും തെറ്റു തിരുത്താൻ ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്താൽ അടുത്ത പടിയിലേക്കു പോകേണ്ടതില്ല. ഇത്തരം തെറ്റുകൾ ഗുരുതരമാണെങ്കിലും അതിലുൾപ്പെട്ട വ്യക്തികൾക്കു തമ്മിൽ പരിഹരിക്കാവുന്നതാണ്.
18 “നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ ചെന്ന് സംസാരിച്ച്” തെറ്റു മനസ്സിലാക്കിക്കൊടുക്കുക എന്ന യേശുവിന്റെ നിർദേശപ്രകാരം നിങ്ങൾ ചെയ്തിട്ടും അദ്ദേഹത്തെ നേടാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്കു യേശു പറഞ്ഞ അടുത്ത പടി സ്വീകരിക്കാവുന്നതാണ്: ‘ഒന്നോ രണ്ടോ പേരെക്കൂടെ കൂട്ടിക്കൊണ്ട് ചെന്ന്’ ആ വ്യക്തിയുമായി വീണ്ടും സംസാരിക്കുക. നിങ്ങൾ കൂടെ കൊണ്ടുപോകുന്ന ആളുകൾക്കും നിങ്ങളുടെ സഹോദരനെ നേടാനുള്ള ആഗ്രഹമുണ്ടായിരിക്കണം. കൂടെ കൊണ്ടുപോകുന്ന ആളുകൾ ആരോപിക്കപ്പെട്ട കുറ്റത്തിനു ദൃക്സാക്ഷികളാണെങ്കിൽ നല്ലത്. ദൃക്സാക്ഷികൾ ആരുമില്ലെങ്കിൽ നിങ്ങൾ നടത്താൻ പോകുന്ന ചർച്ചയ്ക്കു സാക്ഷികളാകാൻ ഒന്നോ രണ്ടോ പേരോട് ആവശ്യപ്പെടാവുന്നതാണ്. പരിഹരിക്കേണ്ട വിഷയം സംബന്ധിച്ച് അനുഭവജ്ഞാനമുള്ളവരാണെങ്കിൽ, നടന്ന സംഭവത്തിനു പരാതിക്കാരൻ പറയുന്നത്ര ഗൗരവം കൊടുക്കേണ്ടതുണ്ടോ എന്നു നിർണയിക്കാനും അവർക്കു കഴിഞ്ഞേക്കും. ചർച്ചയ്ക്കു സാക്ഷികളായിട്ടു നിങ്ങൾ മൂപ്പന്മാരെയാണു തിരഞ്ഞെടുക്കുന്നതെങ്കിൽ അവർ ഇക്കാര്യത്തിൽ സഭയുടെ പ്രതിനിധികളല്ലെന്ന് ഓർക്കണം. കാരണം മൂപ്പന്മാരുടെ സംഘം ഈ ഘട്ടത്തിൽ അവരെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടില്ല.
19 പ്രശ്നം പരിഹരിക്കുന്നതിനു നിങ്ങൾ സഹോദരനുമായി ആദ്യം ഒറ്റയ്ക്കു സംസാരിച്ചു. പിന്നെ, ഒന്നോ രണ്ടോ ആളുകളെക്കൂടെ കൂട്ടിക്കൊണ്ട് ചെന്ന് സംസാരിച്ചു. ഇങ്ങനെ ആവർത്തിച്ച് ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. പ്രശ്നം വിട്ടുകളയാൻ നിങ്ങൾക്കു തോന്നുന്നുമില്ല. എങ്കിൽ നിങ്ങൾ ഈ വിഷയം സഭയിലെ മേൽവിചാരകന്മാരെ അറിയിക്കുക. ഓർക്കുക: മൂപ്പന്മാരുടെ ലക്ഷ്യം സഭയുടെ സമാധാനവും ശുദ്ധിയും കാത്തുസൂക്ഷിക്കുക എന്നതാണ്. മൂപ്പന്മാരെ സമീപിച്ചുകഴിഞ്ഞാൽ നിങ്ങൾ പ്രശ്നം അവർക്കു വിട്ടേക്കുക, എന്നിട്ട് യഹോവയിൽ ആശ്രയിക്കുക. ആരുടെയെങ്കിലും നടത്തയോ പെരുമാറ്റമോ കാരണം നിങ്ങൾ ഇടറിവീഴാനോ യഹോവയുടെ സേവനത്തിലുള്ള നിങ്ങളുടെ സന്തോഷം നഷ്ടപ്പെടാനോ ഒരിക്കലും അനുവദിക്കരുത്!—സങ്കീ. 119:165.
20 സഭയിലെ ഇടയന്മാർ ഈ വിഷയത്തിൽ അന്വേഷണം നടത്തും. ആ വ്യക്തി നിങ്ങളോടു ഗൗരവമേറിയ ഒരു പാപം ചെയ്തെന്നും അനുതപിക്കുന്നില്ലെന്നും ന്യായവും ഉചിതവും ആയ നഷ്ടപരിഹാരം നൽകാൻ തയാറല്ലെന്നും വ്യക്തമായാൽ, മേൽവിചാരകന്മാരുടെ ഒരു കമ്മിറ്റിക്ക് ആ ദുഷ്പ്രവൃത്തിക്കാരനെ സഭയിൽനിന്ന് പുറത്താക്കേണ്ടതായി വന്നേക്കാം. അങ്ങനെ അവർ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നു, സഭയുടെ ശുദ്ധി പാലിക്കുന്നു.—മത്താ. 18:17.
ഗുരുതരമായ ദുഷ്പ്രവൃത്തി ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന വിധം
21 ലൈംഗിക അധാർമികത, വ്യഭിചാരം, സ്വവർഗരതി, ദൈവനിന്ദ, വിശ്വാസത്യാഗം, വിഗ്രഹാരാധന തുടങ്ങിയവപോലുള്ള കടുത്ത പാപങ്ങൾക്ക്, ദ്രോഹിക്കപ്പെട്ട വ്യക്തിയിൽനിന്നുള്ള ക്ഷമ മാത്രം മതിയാകുന്നില്ല. (1 കൊരി. 6:9, 10; ഗലാ. 5:19-21) സഭയുടെ ആത്മീയശുദ്ധിക്കും ധാർമികശുദ്ധിക്കും ഭീഷണി ഉണ്ടായതുകൊണ്ട് ഇത്തരം ഗുരുതരമായ പാപങ്ങൾ മൂപ്പന്മാരെ അറിയിക്കേണ്ടതും അവർ കൈകാര്യം ചെയ്യേണ്ടതും ആണ്. (1 കൊരി. 5:6; യാക്കോ. 5:14, 15) ചില വ്യക്തികൾ, മൂപ്പന്മാരെ സമീപിച്ച് സ്വന്തം പാപങ്ങൾ തുറന്നുപറഞ്ഞേക്കാം. അല്ലെങ്കിൽ, മറ്റുള്ളവരുടെ ഏതെങ്കിലും ദുഷ്പ്രവൃത്തി സംബന്ധിച്ച വിവരം മൂപ്പന്മാരെ അറിയിച്ചേക്കാം. (ലേവ്യ 5:1; യാക്കോ. 5:16) സ്നാനമേറ്റ ഒരു സാക്ഷിയുടെ ഗുരുതരമായ ദുഷ്പ്രവൃത്തി സംബന്ധിച്ച വിവരം മൂപ്പന്മാർ ആദ്യം കേൾക്കുമ്പോൾ ആ വിവരം കിട്ടിയത് ഏതു രീതിയിലായാലും, രണ്ടു മൂപ്പന്മാർ ആ വിഷയം സംബന്ധിച്ച് പ്രാഥമികമായ ഒരു അന്വേഷണം നടത്തും. അന്വേഷണം നടത്തിയപ്പോൾ പറഞ്ഞുകേട്ട വിവരത്തിൽ കഴമ്പുണ്ട്, ഗുരുതരമായ ഒരു പാപം ചെയ്തതിനു തെളിവുകളുമുണ്ട് എന്നു മനസ്സിലായാൽ മൂപ്പന്മാരുടെ സംഘം കുറഞ്ഞതു മൂന്നു മൂപ്പന്മാരടങ്ങിയ ഒരു നീതിന്യായക്കമ്മിറ്റിയെ ഈ വിഷയം കൈകാര്യം ചെയ്യാൻ നിയമിക്കും.
22 മൂപ്പന്മാർ ആട്ടിൻകൂട്ടത്തെ കരുതലോടെ പരിപാലിക്കുന്നു. ആത്മീയഹാനി വരുത്തുന്ന എല്ലാറ്റിൽനിന്നും സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ തെറ്റിലകപ്പെട്ടുപോയ വ്യക്തിയെ ശാസിക്കാനും ആത്മീയാരോഗ്യത്തിലേക്കു മടക്കിവരുത്താനും ദൈവവചനം വിദഗ്ധമായി ഉപയോഗിക്കും. (യൂദ 21-23) പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിന് നൽകിയ പിൻവരുന്ന നിർദേശങ്ങൾക്കു ചേർച്ചയിലാണ് അവർ പ്രവർത്തിക്കുന്നത്: “ദൈവത്തിന്റെയും, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കേണ്ടവനായ ക്രിസ്തുയേശുവിന്റെയും മുന്നിൽ . . . ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: . . . വിദഗ്ധമായ പഠിപ്പിക്കൽരീതി ഉപയോഗിച്ച് അങ്ങേയറ്റം ക്ഷമയോടെ ശാസിക്കുകയും താക്കീതു ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.” (2 തിമൊ. 4:1, 2) ഇക്കാര്യങ്ങൾക്കു വളരെയധികം സമയമെടുത്തേക്കാം. പക്ഷേ, ഇതു മൂപ്പന്മാരുടെ കഠിനജോലിയുടെ ഭാഗമാണ്. സഭ ഇതെല്ലാം വിലമതിക്കുകയും അവരെ “ഇരട്ടി ബഹുമാനത്തിനു യോഗ്യരായി” എണ്ണുകയും ചെയ്യുന്നു.—1 തിമൊ. 5:17.
23 കുറ്റം ചെയ്തെന്നു തെളിഞ്ഞ ഏതൊരു സാഹചര്യത്തിലും മേൽവിചാരകന്മാരുടെ പ്രാഥമികമായ ഉത്തരവാദിത്വം തെറ്റു ചെയ്ത വ്യക്തിയെ ആത്മീയാരോഗ്യത്തിലേക്കു തിരികെ കൊണ്ടുവരിക എന്നതാണ്. ആ വ്യക്തിക്ക് ആത്മാർഥമായ പശ്ചാത്താപമുണ്ടെങ്കിൽ മേൽവിചാരകന്മാർക്ക് അദ്ദേഹത്തെ സഹായിക്കാൻ കഴിയും. ഇങ്ങനെയൊരു സാഹചര്യത്തിൽ, സ്വകാര്യമായോ നീതിന്യായക്കമ്മിറ്റിയുടെ വിചാരണസമയത്ത് ഹാജരായിരുന്ന സാക്ഷികളുടെ മുമ്പാകെയോ നൽകുന്ന ശാസന അദ്ദേഹത്തിനു ശിക്ഷണമായി ഉതകും. സന്നിഹിതരായവരിൽ ആരോഗ്യാവഹമായ ഭയം ഉൾനടാൻ ഇടയാകുകയും ചെയ്യും. (2 ശമു. 12:13; 1 തിമൊ. 5:20) നീതിന്യായക്കമ്മിറ്റി ശാസന നൽകുന്ന എല്ലാ കേസുകളിലും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. അങ്ങനെ തെറ്റു ചെയ്ത വ്യക്തിക്ക് ഇനിയങ്ങോട്ട് ‘പാദങ്ങൾക്കു നേരായ പാത ഒരുക്കാൻ’ സഹായം ലഭിക്കുന്നു. (എബ്രാ. 12:13) കാലക്രമേണ, ആ വ്യക്തി ആത്മീയാരോഗ്യം വീണ്ടെടുത്തെന്നു വ്യക്തമാകുന്നതോടെ അദ്ദേഹത്തിന്റെ മേലുള്ള നിയന്ത്രണങ്ങളും നീക്കും.
ശാസന സംബന്ധിച്ച അറിയിപ്പ്
24 ഒരു വ്യക്തിക്കു പശ്ചാത്താപമുണ്ടെന്നു നീതിന്യായക്കമ്മിറ്റി നിർണയിച്ചെന്നിരിക്കട്ടെ. എങ്കിലും ആ വ്യക്തിയുടെ തെറ്റ് ഒരുപക്ഷേ സഭയിലും സമൂഹത്തിലും പരസ്യമായിട്ടുണ്ടാകാം. അല്ലെങ്കിൽ പശ്ചാത്തപിച്ച തെറ്റുകാരനെ സംബന്ധിച്ച് സഭയെ ജാഗരൂകരാക്കേണ്ടതുണ്ടായിരിക്കാം. ഇത്തരം അവസരങ്ങളിൽ ജീവിത-സേവന യോഗത്തിൽ പിൻവരുന്ന ഹ്രസ്വമായ ഒരു അറിയിപ്പു നടത്തും: “(വ്യക്തിയുടെ പേര്) ശാസിച്ചിരിക്കുന്നു.”
പുറത്താക്കാനാണു തീരുമാനമെങ്കിൽ
25 ചില കേസുകളിൽ, തെറ്റു ചെയ്ത വ്യക്തി പാപപൂർണമായ നടത്തയിൽ തഴമ്പിച്ചുപോയതുകൊണ്ട് സഹായിക്കാനുള്ള നീതിന്യായക്കമ്മിറ്റിയുടെ ശ്രമങ്ങളോടു പ്രതികരിക്കാതിരുന്നേക്കാം. നീതിന്യായക്കമ്മിറ്റിയുടെ വിചാരണസമയത്ത് ‘മാനസാന്തരത്തിനു ചേർച്ചയിലുള്ള പ്രവർത്തനം’ മതിയായ അളവിൽ കണ്ടില്ലെന്നും വരാം. (പ്രവൃ. 26:20) അങ്ങനെയുള്ള കേസുകളിൽ തെറ്റു ചെയ്ത പശ്ചാത്താപമില്ലാത്ത വ്യക്തിയെ സഭയിൽനിന്ന് പുറത്താക്കേണ്ടതാണ്. അങ്ങനെ യഹോവയുടെ ശുദ്ധരായ ജനത്തോടൊത്തുള്ള കൂട്ടായ്മ ആ വ്യക്തിക്കു നിഷേധിക്കുന്നു. സഭയിൽനിന്ന് അയാളുടെ ദുഷിച്ച സ്വാധീനം നീക്കിക്കളയുന്നു. സഭയുടെ ആത്മീയശുദ്ധിയും ധാർമികശുദ്ധിയും ഉറപ്പാക്കുന്നു. സഭയുടെ സത്പേര് സംരക്ഷിക്കുകയും ചെയ്യുന്നു. (ആവ. 21:20, 21; 22:23, 24) കൊരിന്തിലെ സഭയിലുള്ള ഒരാളുടെ നാണംകെട്ട പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പൗലോസ് അപ്പോസ്തലൻ ആ സഭയിലെ മൂപ്പന്മാരോട്, “ആ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക” എന്ന് ആവശ്യപ്പെട്ടു. ‘സഭയുടെ ആത്മാവ് പരിരക്ഷിക്കപ്പെടേണ്ടതിനായിരുന്നു’ അത്. (1 കൊരി. 5:5, 11-13) ഒന്നാം നൂറ്റാണ്ടിൽ സത്യത്തിന് എതിരായി മത്സരിച്ചവരെ പുറത്താക്കിയ വിവരവും പൗലോസ് രേഖപ്പെടുത്തിയിട്ടുണ്ട്.—1 തിമൊ. 1:20.
26 തെറ്റു ചെയ്ത പശ്ചാത്താപമില്ലാത്ത വ്യക്തിയെ പുറത്താക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ നീതിന്യായക്കമ്മിറ്റി ആ തീരുമാനം വ്യക്തിയെ അറിയിക്കണം. പുറത്താക്കാൻ തീരുമാനമെടുത്തതിന്റെ പിന്നിലെ തിരുവെഴുത്തുപരമായ കാരണമോ കാരണങ്ങളോ വ്യക്തമായി അദ്ദേഹത്തെ ധരിപ്പിക്കണം. നീതിന്യായക്കമ്മിറ്റിയുടെ തീരുമാനം അറിയിക്കുമ്പോൾ, കമ്മിറ്റിയുടെ തീരുമാനത്തിൽ ഗുരുതരമായ പിശകു സംഭവിച്ചതായി അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിൽ, കമ്മിറ്റിയുടെ തീരുമാനത്തിന് എതിരായി അദ്ദേഹത്തിനു പുനർവിചാരണയ്ക്കുള്ള അപേക്ഷ അഥവാ അപ്പീൽ കൊടുക്കാമെന്നും അത് ഒരു കത്തിലൂടെ അറിയിക്കണമെന്നും അദ്ദേഹത്തോടു പറയും. അപ്പീൽ നൽകുന്നതിന്റെ കാരണങ്ങൾ അദ്ദേഹം അതിൽ വ്യക്തമായി വിവരിച്ചിരിക്കണം. കമ്മിറ്റിയുടെ തീരുമാനം അറിയിച്ചതുമുതൽ ഏഴു ദിവസത്തിനകം അദ്ദേഹം അപ്പീൽ സമർപ്പിക്കേണ്ടതാണ്. ഇങ്ങനെയൊരു അപ്പീൽ കിട്ടിയാൽ മൂപ്പന്മാരുടെ സംഘം സർക്കിട്ട് മേൽവിചാരകനെ വിവരങ്ങൾ അറിയിക്കും. ഈ കേസ് വീണ്ടും കേൾക്കുന്നതിനായി അദ്ദേഹം യോഗ്യതയുള്ള മൂപ്പന്മാർ അടങ്ങിയ ഒരു അപ്പീൽക്കമ്മിറ്റി രൂപീകരിക്കും. കത്ത് കിട്ടി ഒരാഴ്ചയ്ക്കുള്ളിൽ അപ്പീൽ കേൾക്കാനുള്ള എല്ലാ ശ്രമവും ഈ കമ്മിറ്റി ചെയ്യും. അപ്പീൽക്കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ പുറത്താക്കൽ അറിയിപ്പ് നടത്താതെ മാറ്റിവെക്കും. ഇക്കാലയളവിൽ, കുറ്റാരോപിതനായ വ്യക്തിയെ സഭയിൽ അഭിപ്രായങ്ങൾ പറയുന്നതിൽനിന്നും യോഗങ്ങളിൽ പ്രാർഥിക്കുന്നതിൽനിന്നും മറ്റു പ്രത്യേക സേവനപദവികളിൽനിന്നും ഒഴിവാക്കിനിറുത്തും.
27 കുറ്റാരോപിതനോടുള്ള ഒരു ദയാപ്രവൃത്തിയായിട്ടാണ് അപ്പീൽ നൽകാൻ അനുവദിക്കുന്നത്. അങ്ങനെ അദ്ദേഹത്തിനു തന്റെ പ്രശ്നങ്ങളും ഉത്കണ്ഠകളും ഒരിക്കൽക്കൂടി കമ്മിറ്റിയെ അറിയിക്കാനാകും. എന്നാൽ തെറ്റു ചെയ്ത വ്യക്തി മനഃപൂർവം അപ്പീൽക്കമ്മിറ്റിക്കു മുമ്പാകെ ഹാജരാകുന്നില്ലെങ്കിൽ, അദ്ദേഹത്തെ ബന്ധപ്പെടാനുള്ള സാധ്യമായ എല്ലാ ശ്രമവും ചെയ്തശേഷം സഭയിൽ പുറത്താക്കൽ അറിയിപ്പു നടത്തും.
28 തെറ്റു ചെയ്ത വ്യക്തി അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അനുതപിക്കേണ്ടതിന്റെ ആവശ്യവും കാലക്രമേണ പുനഃസ്ഥിതീകരിക്കാൻ അയാൾ സ്വീകരിക്കേണ്ട നടപടികളും നീതിന്യായക്കമ്മിറ്റി അയാൾക്കു വിശദീകരിച്ചുകൊടുക്കും. ദയാപൂർവകമായ ഈ ക്രമീകരണം അദ്ദേഹത്തെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആ വ്യക്തി തന്റെ വഴികൾക്കു മാറ്റം വരുത്തുമെന്നും അങ്ങനെ എത്രയും വേഗം യഹോവയുടെ സംഘടനയിലേക്കു മടങ്ങിവരാനുള്ള യോഗ്യത പ്രാപിക്കുമെന്നും ഉള്ള പ്രതീക്ഷയോടെ വേണം മൂപ്പന്മാർ ഇങ്ങനെ ചെയ്യാൻ.—2 കൊരി. 2:6, 7.
പുറത്താക്കൽ അറിയിപ്പ്
29 തെറ്റു ചെയ്ത പശ്ചാത്താപമില്ലാത്ത ഒരു വ്യക്തിയെ സഭയിൽനിന്ന് പുറത്താക്കേണ്ടിവരുമ്പോൾ പിൻവരുന്ന ഹ്രസ്വമായ ഒരു അറിയിപ്പ് നടത്തുന്നു: “(വ്യക്തിയുടെ പേര്) മേലാൽ യഹോവയുടെ സാക്ഷികളിൽ ഒരാളല്ല.” ഇത് ആ വ്യക്തിയുമായുള്ള സഹവാസം നിറുത്താൻ സഭയിലെ വിശ്വസ്തരായവർക്കെല്ലാം ഒരു മുന്നറിയിപ്പായി ഉതകും.—1 കൊരി. 5:11.
നിസ്സഹവാസം
30 സ്നാനമേറ്റ ഒരു സാക്ഷി, മേലാൽ താൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കാനോ ആ പേരിൽ അറിയപ്പെടാനോ ആഗ്രഹിക്കുന്നില്ലെന്നു പ്രസ്താവിച്ചുകൊണ്ട്, ക്രിസ്ത്യാനി എന്ന തന്റെ സ്ഥാനം മനഃപൂർവം തള്ളിക്കളയുന്ന നടപടിക്കാണു “നിസ്സഹവാസം” എന്ന പദം ബാധകമാകുന്നത്. ഒരു വ്യക്തി സ്വന്തം പ്രവൃത്തികൾകൊണ്ട് ക്രിസ്തീയസഭയിലെ സ്ഥാനം ഉപേക്ഷിച്ചുകളയുന്നതും ഇതിൽ ഉൾപ്പെടുന്നു. അത്തരം പ്രവൃത്തികളിൽ, ബൈബിൾതത്ത്വങ്ങൾക്ക് എതിരായ ലക്ഷ്യങ്ങളുള്ളതും അതുകൊണ്ടുതന്നെ യഹോവയുടെ ന്യായവിധിയിൻകീഴിലുള്ളതും ആയ ഒരു ലൗകികസംഘടനയുടെ ഭാഗമാകുന്നതുപോലുള്ള കാര്യങ്ങൾ ഉൾപ്പെടും.—യശ. 2:4; വെളി. 19:17-21.
31 തന്റെ നാളിൽ ക്രിസ്തീയവിശ്വാസം തള്ളിക്കളഞ്ഞവരെക്കുറിച്ച് യോഹന്നാൻ അപ്പോസ്തലൻ ഇങ്ങനെ എഴുതി: “അവർ നമുക്കിടയിൽനിന്ന് പോയവരാണെങ്കിലും നമ്മളെപ്പോലുള്ളവരായിരുന്നില്ല. നമ്മളെപ്പോലുള്ളവരായിരുന്നെങ്കിൽ അവർ നമ്മുടെകൂടെ നിന്നേനേ.”—1 യോഹ. 2:19.
32 നിസ്സഹവസിക്കാൻ തീരുമാനിച്ച ഒരാളെയും നിഷ്ക്രിയനായ ഒരു ക്രിസ്ത്യാനിയെയും യഹോവ ഒരുപോലെയല്ല കാണുന്നത്. വയൽശുശ്രൂഷയിൽ കുറച്ച് നാളുകളായി പങ്കെടുക്കാത്ത ഒരാളാണു നിഷ്ക്രിയനായ വ്യക്തി. ദൈവവചനം ക്രമമായി പഠിക്കുന്നതിൽ വീഴ്ച വരുന്നതുകൊണ്ട് ഒരു വ്യക്തി നിഷ്ക്രിയനായേക്കാം. ചിലപ്പോൾ വ്യക്തിപരമായ പ്രശ്നങ്ങളാകാം കാരണം. അല്ലെങ്കിൽ എതിർപ്പോ പീഡനങ്ങളോ മൂലം യഹോവയുടെ സേവനത്തിലുള്ള തീക്ഷ്ണത നഷ്ടപ്പെട്ടുപോയതാകാം. മൂപ്പന്മാരും സഭയിലെ മറ്റു സഹോദരങ്ങളും നിഷ്ക്രിയനായ ഒരു ക്രിസ്ത്യാനിക്ക് ഉചിതമായ ആത്മീയസഹായം നൽകുന്നതിൽ തുടരും.—റോമ. 15:1; 1 തെസ്സ. 5:14; എബ്രാ. 12:12.
33 എന്നാൽ, ക്രിസ്ത്യാനിയായ ഒരു വ്യക്തി നിസ്സഹവസിക്കാൻ സ്വയം തീരുമാനിച്ചാൽ ആ വ്യക്തിയെപ്പറ്റി സഭയിൽ പിൻവരുന്ന ഹ്രസ്വമായ ഒരു അറിയിപ്പു നടത്തുന്നു: “(വ്യക്തിയുടെ പേര്) മേലാൽ യഹോവയുടെ സാക്ഷികളിൽ ഒരാളല്ല.” പുറത്താക്കിയ ഒരാളെപ്പോലെതന്നെയാണ് ഈ വ്യക്തിയെയും കരുതുന്നത്.
പുനഃസ്ഥിതീകരണം
34 പശ്ചാത്താപത്തിന്റെ ലക്ഷണങ്ങൾ വ്യക്തമായി പ്രകടമാക്കുകയും പാപപൂർണമായ ഗതി ഉപേക്ഷിച്ചെന്നു ന്യായമായ ഒരു കാലയളവുകൊണ്ട് തെളിയിക്കുകയും ചെയ്യുമ്പോൾ പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തിയെ പുനഃസ്ഥിതീകരിക്കാവുന്നതാണ്. വ്യക്തിയുടെ പശ്ചാത്താപലക്ഷണങ്ങൾ യഹോവയുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നെന്നു തെളിയിക്കുന്നു. അദ്ദേഹത്തിന്റെ പശ്ചാത്താപം ആത്മാർഥമാണെന്നു തെളിയിച്ചുകാണിക്കാൻ മൂപ്പന്മാർ അദ്ദേഹത്തിന് ആവോളം സമയം അനുവദിക്കാൻ ശ്രദ്ധിക്കും. സാഹചര്യമനുസരിച്ച് മാസങ്ങളോ ഒരു വർഷമോ ചിലപ്പോൾ അതിൽക്കൂടുതലോ ഒക്കെയാകാം ഇത്. പുനഃസ്ഥിതീകരണത്തിന് അപേക്ഷിച്ചുകൊണ്ടുള്ള കത്ത് മൂപ്പന്മാരുടെ സംഘത്തിനു കിട്ടുമ്പോൾ ഒരു പുനഃസ്ഥിതീകരണ കമ്മിറ്റി ആ വ്യക്തിയോടു സംസാരിക്കും. വ്യക്തിയുടെ ‘മാനസാന്തരത്തിനു ചേർച്ചയിലുള്ള പ്രവർത്തനത്തിന്റെ’ തെളിവുകൾ വിലയിരുത്തിയിട്ട്, അദ്ദേഹത്തെ അപ്പോൾ പുനഃസ്ഥിതീകരിക്കണമോ വേണ്ടയോ എന്നു കമ്മിറ്റി തീരുമാനിക്കും.—പ്രവൃ. 26:20.
35 പുനഃസ്ഥിതീകരണത്തിന് അപേക്ഷിക്കുന്ന വ്യക്തി മറ്റൊരു സഭയിൽനിന്നാണു പുറത്താക്കപ്പെട്ടതെങ്കിൽ ഇപ്പോഴത്തെ സഭയിലെ ഒരു പുനഃസ്ഥിതീകരണ കമ്മിറ്റി അപേക്ഷ പരിഗണിക്കുന്നതിനായി അദ്ദേഹത്തോടൊപ്പം കൂടിവരും. അദ്ദേഹത്തെ പുനഃസ്ഥിതീകരിക്കണമെന്ന് ഇപ്പോഴത്തെ സഭയിലെ പുനഃസ്ഥിതീകരണ കമ്മിറ്റിക്കു തോന്നുന്നെങ്കിൽ അവർ അവരുടെ ശുപാർശ ഈ കേസ് ആദ്യം കൈകാര്യം ചെയ്ത സഭയിലെ മൂപ്പന്മാരുടെ സംഘത്തിന് അയയ്ക്കും. തുടർന്ന് ഉൾപ്പെട്ട കമ്മിറ്റികൾ കൂട്ടായി പ്രവർത്തിച്ച്, നീതിയുക്തമായ ഒരു തീരുമാനത്തിലെത്താൻ പര്യാപ്തമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. എന്നിരുന്നാലും പുനഃസ്ഥിതീകരിക്കാൻ തീരുമാനമെടുക്കുന്നത് ആ കേസ് ആദ്യം കൈകാര്യം ചെയ്ത സഭയിലെ പുനഃസ്ഥിതീകരണ കമ്മിറ്റി ആയിരിക്കും.
പുനഃസ്ഥിതീകരണത്തെക്കുറിച്ചുള്ള അറിയിപ്പ്
36 പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തിക്ക് യഥാർഥത്തിലുള്ള പശ്ചാത്താപമുണ്ടെന്നും അദ്ദേഹത്തെ പുനഃസ്ഥിതീകരിക്കേണ്ടതാണെന്നും പുനഃസ്ഥിതീകരണ കമ്മിറ്റിക്കു ബോധ്യം വന്നാൽ അദ്ദേഹത്തിന്റെ കേസ് ആദ്യം കൈകാര്യം ചെയ്ത സഭയിൽ പുനഃസ്ഥിതീകരണത്തെക്കുറിച്ചുള്ള അറിയിപ്പു നടത്തും. ആ വ്യക്തി ഇപ്പോൾ മറ്റൊരു സഭയിലാണെങ്കിൽ അവിടെയും അതുപോലെ അറിയിപ്പു നടത്തും. “(വ്യക്തിയുടെ പേര്) ഒരു യഹോവയുടെ സാക്ഷിയായി പുനഃസ്ഥിതീകരിച്ചിരിക്കുന്നു” എന്ന ഹ്രസ്വമായ ഒരു അറിയിപ്പു മതിയാകും.
സ്നാനമേറ്റ, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട കേസുകൾ
37 സ്നാനമേറ്റ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഗുരുതരമായ ദുഷ്പ്രവൃത്തി സംബന്ധിച്ച് മൂപ്പന്മാരെ അറിയിച്ചിരിക്കണം. ഇങ്ങനെയുള്ള കുട്ടികളുടെ ഗുരുതരമായ പാപങ്ങൾ സംബന്ധിച്ച കേസുകൾ മൂപ്പന്മാർ കൈകാര്യം ചെയ്യുമ്പോൾ കുട്ടികളുടെ സ്നാനമേറ്റ മാതാപിതാക്കളും ഒപ്പമുണ്ടായിരിക്കുന്നതു നല്ലതാണ്. നീതിന്യായക്കമ്മിറ്റിയോട് അവർ സഹകരിക്കും. തെറ്റു ചെയ്ത കുട്ടിക്ക് ആവശ്യമായ ശിക്ഷണം നൽകുന്നതിൽനിന്ന് കുട്ടിയെ രക്ഷിക്കാൻ അവർ ശ്രമിക്കുകയില്ല. ദുഷ്പ്രവൃത്തി ചെയ്ത മുതിർന്ന വ്യക്തികളുടെ കാര്യത്തിലെന്നപോലെതന്നെ നീതിന്യായക്കമ്മിറ്റി ഇവരെയും ശാസിക്കാനും നേടാനും ശ്രമിക്കും. എന്നിരുന്നാലും ഈ കുട്ടി പശ്ചാത്താപം കാണിക്കുന്നില്ലെങ്കിൽ പുറത്താക്കൽ നടപടി സ്വീകരിക്കും.
സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർ ദുഷ്പ്രവൃത്തികൾ ചെയ്താൽ
38 സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർ ഗുരുതരമായ ദുഷ്പ്രവൃത്തിയിൽ ഉൾപ്പെട്ടാലോ? അവർ സ്നാനമേറ്റ സാക്ഷികളല്ലാത്തതുകൊണ്ട് അവരെ സഭയിൽനിന്ന് പുറത്താക്കാൻ കഴിയുകയില്ല. ബൈബിൾനിലവാരങ്ങൾ പൂർണമായി മനസ്സിലാക്കാൻ അവർക്കു കഴിയുന്നില്ലെങ്കിൽക്കൂടി മൂപ്പന്മാർ ദയാപൂർവം നൽകുന്ന ബുദ്ധിയുപദേശങ്ങൾക്ക്, അവരുടെ പാദങ്ങൾക്കു “നേരായ പാത” ഒരുക്കാൻ കഴിയും.—എബ്രാ. 12:13.
39 സ്നാനമേറ്റിട്ടില്ലാത്ത ഒരു ദുഷ്പ്രവൃത്തിക്കാരനെ, രണ്ടു മൂപ്പന്മാർ സഹായിക്കാൻ ശ്രമിച്ചിട്ടും അയാൾ പശ്ചാത്തപിക്കുന്നില്ലെങ്കിൽ അക്കാര്യം സഭയെ അറിയിക്കേണ്ടതാണ്. പിൻവരുന്നപ്രകാരമുള്ള ഹ്രസ്വമായ ഒരു അറിയിപ്പു സഭയിൽ നടത്തും: “(വ്യക്തിയുടെ പേര്) സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകനായി മേലാൽ അറിയപ്പെടുന്നതല്ല.” സഭ ആ വ്യക്തിയെ പിന്നീടു ലോകക്കാരനായ ഒരാളായിട്ടേ കാണുകയുള്ളൂ. തെറ്റു ചെയ്ത വ്യക്തിയെ പുറത്താക്കിയിട്ടില്ലെങ്കിലും ആ വ്യക്തിയുമായുള്ള സഹവാസത്തിന്റെ കാര്യത്തിൽ സഹോദരങ്ങൾ ജാഗ്രത പുലർത്തുന്നു. (1 കൊരി. 15:33) ആ വ്യക്തിയിൽനിന്ന് വയൽസേവന റിപ്പോർട്ടുകൾ സ്വീകരിക്കുന്നതല്ല.
40 പ്രചാരകസ്ഥാനത്തുനിന്ന് നീക്കം ചെയ്ത സ്നാനമേറ്റിട്ടില്ലാത്ത ഒരു വ്യക്തി കാലക്രമേണ വീണ്ടുമൊരു പ്രചാരകനാകാൻ ആഗ്രഹിച്ചേക്കാം. ഈ സാഹചര്യത്തിൽ രണ്ടു മൂപ്പന്മാർ ആ വ്യക്തിയുമായി കൂടിവരികയും അദ്ദേഹത്തിന്റെ ആത്മീയപുരോഗതി വിലയിരുത്തുകയും ചെയ്യും. അദ്ദേഹം യോഗ്യത നേടുമ്പോൾ ഇപ്രകാരമുള്ള ഹ്രസ്വമായ ഒരു അറിയിപ്പു സഭയിൽ നടത്തും: “(വ്യക്തിയുടെ പേര്) സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകനായി വീണ്ടും അംഗീകരിച്ചിരിക്കുന്നു.”
ശുദ്ധവും സമാധാനപൂർണവും ആയ ആരാധനയെ യഹോവ അനുഗ്രഹിക്കുന്നു
41 ഇക്കാലത്ത് ദൈവജനത്തോടൊത്ത് സഹവസിക്കുന്ന എല്ലാവർക്കും യഹോവ അവർക്കു നൽകിയിരിക്കുന്ന സമ്പന്നമായ ആത്മീയപറുദീസ ആസ്വദിക്കാൻ കഴിയും. നമ്മുടെ ആത്മീയമേച്ചിൽപ്പുറങ്ങൾ സത്യത്തിന്റെ നവോന്മേഷദായകമായ വെള്ളം സമൃദ്ധമായുള്ള, പച്ചപ്പു നിറഞ്ഞ ഇടങ്ങളാണ്. യേശുക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിൻകീഴിലുള്ള ദിവ്യാധിപത്യക്രമീകരണത്തിലൂടെ യഹോവയുടെ സംരക്ഷണവും നമുക്കുണ്ട്. (സങ്കീ. 23; യശ. 32:1, 2) ദുർഘടമായ ഈ അന്ത്യനാളുകളിൽ ആത്മീയപറുദീസയിലായിരിക്കുന്നതു നമുക്കു സുരക്ഷിതത്വബോധം നൽകുന്നു.
സഭയുടെ സമാധാനവും ശുദ്ധിയും കാത്തുസൂക്ഷിച്ചുകൊണ്ട് നമുക്കു തുടർന്നും ദൈവരാജ്യസത്യം പ്രകാശിപ്പിക്കാം
42 സഭയുടെ സമാധാനവും ശുദ്ധിയും കാത്തുസൂക്ഷിച്ചുകൊണ്ട് നമുക്കു തുടർന്നും ദൈവരാജ്യസത്യം പ്രകാശിപ്പിക്കാം. (മത്താ. 5:16; യാക്കോ. 3:18) ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് കൂടുതൽക്കൂടുതൽ ആളുകൾ യഹോവയെക്കുറിച്ച് അറിയാനും ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ട് നമ്മോടൊപ്പം ചേരാനും ഇടയാകട്ടെ!