മത്തായി എഴുതിയത്
5 ജനക്കൂട്ടത്തെ കണ്ട് യേശു മലയിൽ കയറി. യേശു ഇരുന്നപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് ചെന്നു. 2 യേശു അവരെ പഠിപ്പിക്കാൻതുടങ്ങി:
3 “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ;+ കാരണം സ്വർഗരാജ്യം അവർക്കുള്ളത്.
4 “ദുഃഖിക്കുന്നവർ സന്തുഷ്ടർ; കാരണം അവർക്ക് ആശ്വാസം കിട്ടും.+
5 “സൗമ്യരായവർ സന്തുഷ്ടർ;+ കാരണം അവർ ഭൂമി അവകാശമാക്കും.+
6 “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ+ സന്തുഷ്ടർ; കാരണം അവർ തൃപ്തരാകും.+
7 “കരുണ+ കാണിക്കുന്നവർ സന്തുഷ്ടർ; കാരണം അവരോടും കരുണ കാണിക്കും.
8 “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ;+ കാരണം അവർ ദൈവത്തെ കാണും.+
9 “സമാധാനം ഉണ്ടാക്കുന്നവർ*+ സന്തുഷ്ടർ; കാരണം അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
10 “നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ+ സന്തുഷ്ടർ; കാരണം സ്വർഗരാജ്യം അവർക്കുള്ളത്.+
11 “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും*+ ഉപദ്രവിക്കുകയും+ നിങ്ങളെക്കുറിച്ച് പല തരം അപവാദം പറയുകയും ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടർ.+ 12 സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം+ വലുതായതുകൊണ്ട് ആനന്ദിച്ച് ആഹ്ലാദിക്കുക.+ നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചിട്ടുണ്ടല്ലോ.+
13 “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്.+ എന്നാൽ ഉപ്പിന് ഉപ്പുരസം നഷ്ടമായാൽ എങ്ങനെ വീണ്ടും ഉപ്പുരസം വരുത്തും? അതു പുറത്ത് കളഞ്ഞിട്ട്+ ആളുകൾക്കു ചവിട്ടിനടക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ലല്ലോ.
14 “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്.+ മലമുകളിലുള്ള ഒരു നഗരം മറഞ്ഞിരിക്കില്ല. 15 വിളക്കു കത്തിച്ച് ആരും കൊട്ടകൊണ്ട് മൂടിവെക്കാറില്ല. പകരം, വിളക്കുതണ്ടിലാണു വെക്കുക. അപ്പോൾ വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം കിട്ടും.+ 16 അതുപോലെ, നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നിൽ പ്രകാശിക്കട്ടെ.+ അപ്പോൾ അവർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട്+ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തും.+
17 “നിയമത്തെയോ പ്രവാചകന്മാരുടെ വാക്കുകളെയോ നീക്കിക്കളയാനാണു ഞാൻ വന്നതെന്നു വിചാരിക്കരുത്; നീക്കിക്കളയാനല്ല, നിവർത്തിക്കാനാണു+ ഞാൻ വന്നത്. 18 ആകാശവും ഭൂമിയും നീങ്ങിപ്പോയാലും നിയമത്തിലെ ഒരു വള്ളിയോ പുള്ളിയോ പോലും നീങ്ങിപ്പോകില്ല. അവയെല്ലാം നിറവേറും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 19 അതുകൊണ്ട് ഈ കല്പനകളിൽ ഏറ്റവും ചെറിയ ഒന്നുപോലും ലംഘിക്കുകയോ ലംഘിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കില്ല. എന്നാൽ അവ പിൻപറ്റുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കും. 20 നിങ്ങൾ ശാസ്ത്രിമാരെക്കാളും പരീശന്മാരെക്കാളും+ നീതിനിഷ്ഠരല്ലെങ്കിൽ നിങ്ങൾ ഒരുവിധത്തിലും സ്വർഗരാജ്യത്തിൽ കടക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.+
21 “‘കൊല ചെയ്യരുത്;+ കൊല ചെയ്യുന്നവൻ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും’+ എന്നു പണ്ടുള്ളവരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 22 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം+ നീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. സഹോദരനെ ചീത്ത വിളിക്കുന്നവനാകട്ടെ പരമോന്നതനീതിപീഠത്തിനു മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരും. ‘വിവരംകെട്ട വിഡ്ഢീ’ എന്നു വിളിച്ചാലോ, എരിയുന്ന ഗീഹെന്നയ്ക്ക്+ അർഹനാകും.
23 “നീ കാഴ്ച അർപ്പിക്കാൻ യാഗപീഠത്തിന് അടുത്തേക്കു ചെല്ലുന്നെന്നിരിക്കട്ടെ.+ നിന്റെ സഹോദരനു നിന്നോടു പിണക്കമുണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ 24 നിന്റെ കാഴ്ച യാഗപീഠത്തിനു മുന്നിൽ വെച്ചിട്ട് ആദ്യം പോയി നിന്റെ സഹോദരനുമായി സമാധാനത്തിലാകുക. പിന്നെ വന്ന് നിന്റെ കാഴ്ച അർപ്പിക്കുക.+
25 “നിനക്ക് എതിരെ പരാതിയുള്ള ആളുടെകൂടെ കോടതിയിലേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അയാളുമായുള്ള പ്രശ്നം പരിഹരിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ, പരാതിക്കാരൻ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കും; ന്യായാധിപൻ നിന്നെ സേവകനെ ഏൽപ്പിക്കും; അങ്ങനെ നീ ജയിലിലുമാകും.+ 26 അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർത്താലേ നിനക്ക് അവിടെനിന്ന് പുറത്ത് വരാനാകൂ എന്നു ഞാൻ സത്യമായി പറയുന്നു.
27 “‘വ്യഭിചാരം ചെയ്യരുത് ’+ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയത്തിൽ ആ സ്ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.+ 29 അതുകൊണ്ട് നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക;+ മുഴുശരീരവും ഗീഹെന്നയിലേക്ക് എറിയപ്പെടുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്.+ 30 നീ ഇടറിവീഴാൻ നിന്റെ വലതുകൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക;+ മുഴുശരീരവും ഗീഹെന്നയിൽ വീഴുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്.+
31 “‘വിവാഹമോചനം ചെയ്യുന്നവൻ ഭാര്യക്കു മോചനപത്രം കൊടുക്കട്ടെ’+ എന്നു പറഞ്ഞിട്ടുണ്ടല്ലോ. 32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ലൈംഗിക അധാർമികത കാരണമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം* അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു. വിവാഹമോചിതയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.+
33 “‘സത്യം ചെയ്തിട്ടു ലംഘിക്കരുത്;+ യഹോവയ്ക്കു നേർന്നതു നിവർത്തിക്കണം’+ എന്നു പണ്ടുള്ളവരോടു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സത്യം ചെയ്യുകയേ അരുത്.+ സ്വർഗത്തെ ചൊല്ലി സത്യം ചെയ്യരുത്; അതു ദൈവത്തിന്റെ സിംഹാസനം. 35 ഭൂമിയെ ചൊല്ലിയും അരുത്; അതു ദൈവത്തിന്റെ പാദപീഠം.+ യരുശലേമിനെ ചൊല്ലി അരുത്; അതു മഹാരാജാവിന്റെ നഗരം.+ 36 നിങ്ങളുടെ തലയെ ചൊല്ലിയും സത്യം ചെയ്യരുത്; ഒരു മുടിനാരുപോലും വെളുത്തതോ കറുത്തതോ ആക്കാൻ നിങ്ങൾക്കു കഴിയില്ലല്ലോ. 37 നിങ്ങൾ ‘ഉവ്വ് ’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം.+ ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽനിന്ന്* വരുന്നു.+
38 “‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് ’+ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനോട് എതിർത്തുനിൽക്കരുത്; നിന്റെ വലത്തെ കവിളിൽ അടിക്കുന്നവനു മറ്റേ കവിളും കാണിച്ചുകൊടുക്കുക.+ 40 നിന്നെ കോടതികയറ്റി നിന്റെ ഉള്ളങ്കി മേടിച്ചെടുക്കാൻ നോക്കുന്നവനു മേലങ്കികൂടെ കൊടുത്തേക്കുക;+ 41 അധികാരത്തിലുള്ള ആരെങ്കിലും നിന്നെ ഒരു മൈൽ പോകാൻ നിർബന്ധിച്ചാൽ അദ്ദേഹത്തിന്റെകൂടെ രണ്ടു മൈൽ പോകുക. 42 നിന്നോട് എന്തെങ്കിലും ചോദിക്കുന്നവന് അതു കൊടുക്കുക. നിന്നോടു കടം വാങ്ങാൻ വരുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്.+
43 “‘നീ അയൽക്കാരനെ സ്നേഹിക്കുകയും+ ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുക,+ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.+ 45 അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും;+ കാരണം ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണല്ലോ ദൈവം.+ 46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രതിഫലം കിട്ടാനാണ്?+ നികുതിപിരിവുകാരും അതുതന്നെയല്ലേ ചെയ്യുന്നത്? 47 സഹോദരന്മാരെ മാത്രം നിങ്ങൾ വന്ദനം ചെയ്യുന്നെങ്കിൽ അതിൽ എന്താണ് ഇത്ര പ്രത്യേകത? ജനതകളിൽപ്പെട്ടവരും അതുതന്നെ ചെയ്യുന്നില്ലേ? 48 അതുകൊണ്ട് നിങ്ങളുടെ സ്വർഗീയപിതാവ് പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണരായിരിക്കുവിൻ.+