യാക്കോബ് എഴുതിയ കത്ത്
5 പണക്കാരേ, നിങ്ങൾക്കു വരാനിരിക്കുന്ന ദുരിതങ്ങൾ ഓർത്ത് ദുഃഖിച്ച് കരയുക.+ 2 നിങ്ങളുടെ സമ്പത്തു നശിച്ചുപോയിരിക്കുന്നു; നിങ്ങളുടെ വസ്ത്രങ്ങൾ കീടങ്ങൾ തിന്നുനശിപ്പിച്ചിരിക്കുന്നു.+ 3 നിങ്ങളുടെ സ്വർണവും വെള്ളിയും തുരുമ്പിച്ചുപോയിരിക്കുന്നു. ആ തുരുമ്പു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും. അതു നിങ്ങളുടെ മാംസം തിന്നുകളയും. നിങ്ങൾ സ്വരുക്കൂട്ടിവെച്ചിരിക്കുന്നതെല്ലാം അവസാനനാളിൽ തീപോലെയാകും.+ 4 ഇതാ, നിങ്ങളുടെ വയലുകൾ കൊയ്ത പണിക്കാരിൽനിന്ന് നിങ്ങൾ പിടിച്ചുവെച്ച കൂലി നിലവിളിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ അധിപനായ യഹോവയുടെ* ചെവിയിൽ എത്തിയിരിക്കുന്നു.+ 5 നിങ്ങൾ ഈ ഭൂമിയിൽ ആഡംബരത്തിൽ കഴിയുകയും സ്വന്തം ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻവേണ്ടി ജീവിക്കുകയും ചെയ്തു. കശാപ്പുദിനത്തിനായി നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.+ 6 നിങ്ങൾ കുറ്റം വിധിക്കുന്നു; നീതിമാനെ കൊല്ലുകയും ചെയ്തിരിക്കുന്നു. അവൻ ഇതാ, നിങ്ങളോട് എതിർത്തുനിൽക്കുന്നു.
7 സഹോദരങ്ങളേ, കർത്താവിന്റെ സാന്നിധ്യംവരെ+ ക്ഷമയോടിരിക്കുക. ഒരു കർഷകൻ മുൻമഴയും പിൻമഴയും കിട്ടുന്നതുവരെ ഭൂമിയിലെ വിലയേറിയ ഫലങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നല്ലോ.+ 8 നിങ്ങളും ക്ഷമയോടിരിക്കുക.+ കർത്താവിന്റെ സാന്നിധ്യം അടുത്ത് എത്തിയിരിക്കുന്നതുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങൾ ശക്തമാക്കുക.+
9 സഹോദരങ്ങളേ, നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങൾ ആരും ആരെക്കുറിച്ചും പിറുപിറുക്കരുത്.*+ ഇതാ, ന്യായാധിപൻ വാതിൽക്കൽ നിൽക്കുന്നു. 10 സഹോദരങ്ങളേ, യഹോവയുടെ* നാമത്തിൽ സംസാരിച്ച പ്രവാചകന്മാർ+ ദുഷ്ടതകൾ സഹിക്കുകയും+ ക്ഷമ കാണിക്കുകയും+ ചെയ്തു. അക്കാര്യത്തിൽ അവരെ മാതൃകകളായി സ്വീകരിക്കുക. 11 സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി*+ നമ്മൾ കണക്കാക്കുന്നു. ഇയ്യോബ് സഹിച്ചുനിന്നതിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും+ യഹോവ* ഒടുവിൽ നൽകിയ അനുഗ്രഹങ്ങൾ കാണുകയും ചെയ്തിരിക്കുന്നു.+ അങ്ങനെ, യഹോവ* വാത്സല്യവും* കരുണയും നിറഞ്ഞ ദൈവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.+
12 എല്ലാറ്റിലും ഉപരി എന്റെ സഹോദരങ്ങളേ, സ്വർഗത്തെയോ ഭൂമിയെയോ മറ്റ് എന്തിനെയെങ്കിലുമോ ചൊല്ലി നിങ്ങൾ ഇനി സത്യം ചെയ്യരുത്. ദൈവം നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളുടെ “ഉവ്വ്” എന്നത് ഉവ്വ് എന്നും “ഇല്ല” എന്നത് ഇല്ല എന്നും ആയിരിക്കട്ടെ.+
13 നിങ്ങളിൽ ആരെങ്കിലും കഷ്ടതകൾ അനുഭവിക്കുന്നുണ്ടോ? എങ്കിൽ അയാൾ മുട്ടിപ്പായി പ്രാർഥിക്കട്ടെ.+ സന്തോഷത്തോടിരിക്കുന്ന ആരെങ്കിലുമുണ്ടോ? അയാൾ സ്തുതിഗീതങ്ങൾ പാടട്ടെ.+ 14 നിങ്ങളിൽ രോഗിയായി ആരെങ്കിലുമുണ്ടോ? അയാൾ സഭയിലെ മൂപ്പന്മാരെ* വിളിച്ചുവരുത്തട്ടെ.+ അവർ യഹോവയുടെ* നാമത്തിൽ അയാളുടെ മേൽ എണ്ണ തേച്ച്+ അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. 15 വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ* സുഖപ്പെടുത്തും. യഹോവ* അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ അയാളോടു ക്ഷമിക്കും.
16 അതുകൊണ്ട് പരസ്പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുകയും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖപ്പെടും. നീതിമാന്റെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്.+ 17 നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു ഏലിയ. എന്നിട്ടും മഴ പെയ്യാതിരിക്കാൻ ഏലിയ ആത്മാർഥമായി പ്രാർഥിച്ചപ്പോൾ മൂന്നര വർഷം ദേശത്ത് മഴ പെയ്തില്ല.+ 18 ഏലിയ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി വിളവ് തരുകയും ചെയ്തു.+
19 എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യത്തിൽനിന്ന് വഴിതെറ്റിപ്പോകുകയും മറ്റൊരാൾ അയാളെ തിരികെ കൊണ്ടുവരുകയും ചെയ്താൽ 20 പാപിയെ തെറ്റായ വഴിയിൽനിന്ന് നേർവഴിക്കു കൊണ്ടുവരുന്നയാൾ+ അയാളെ മരണത്തിൽനിന്ന് രക്ഷിക്കുകയും അസംഖ്യം പാപങ്ങൾ മറയ്ക്കുകയും ചെയ്യുമെന്ന് അറിഞ്ഞുകൊള്ളുക.+