ലോകം അവർക്കു യോഗ്യമായിരുന്നില്ല
“അവർ കല്ലെറിയപ്പെട്ടു, അവർ വിചാരണ ചെയ്യപ്പെട്ടു, . . . ലോകം അവർക്കു യോഗ്യമായിരുന്നില്ല.”—എബ്രായർ 11:37, 38.
1, 2. പുരാതനകാലങ്ങളിലെ യഹോവയുടെ സാക്ഷികൾ ഏതു സാഹചര്യങ്ങളിൽ നിർമ്മലതപാലിച്ചു, അവരുടെ പ്രവൃത്തികൾ ഇന്നത്തെ ദൈവദാസൻമാരെ എങ്ങനെ ബാധിക്കുന്നു?
പുരാതനകാലങ്ങളിലെ യഹോവയുടെ സാക്ഷികൾ, നീതികെട്ട മനുഷ്യസമുദായം അവരുടെമേൽ വരുത്തിക്കൂട്ടിയ അനേകം പരിശോധനകൾ ഗണ്യമാക്കാതെ ദൈവത്തോടുള്ള തങ്ങളുടെ നിർമ്മലത പാലിച്ചു. ഉദാഹരണത്തിന്, ദൈവദാസൻമാർ കല്ലെറിയപ്പെടുകയും വാളാൽ കൊല്ലപ്പെടുകയും ചെയ്തു. അവർ ദുഷ്പെരുമാററവും ഉപദ്രവവും സഹിച്ചു. എങ്കിലും അവർ വിശ്വാസത്തിൽ പതറിയില്ല. അപ്പോൾ, തീർച്ചയായും, അപ്പോസ്തലനായ പൗലോസ് പറഞ്ഞതു പോലെ “ലോകം അവർക്കു യോഗ്യമായിരുന്നില്ല.”—എബ്രായർ 11:37, 38.
2 ദൈവഭക്തിയുണ്ടായിരുന്ന പ്രളയ പൂർവ്വികരുടെയും ഗോത്രപിതാക്കളുടെയും മോശെയുടെയും വിശ്വാസപ്രചോദകമായ പ്രവൃത്തികൾ ദൈവത്തെ വിശ്വാസത്തോടെ സേവിക്കാൻ ആധുനികകാലത്തെ യഹോവയുടെ സാക്ഷികളെ പ്രേരിപ്പിക്കുന്നു. എന്നാൽ എബ്രായർ 11-ഉം 12-ഉം അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന മററുള്ളവരെ സംബന്ധിച്ചെന്ത്? അവരുടെ വിശ്വാസത്തിന്റെ മുഖവശങ്ങൾ പരിചിന്തിക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
ന്യായാധിപൻമാരുടെയും രാജാക്കൻമാരുടെയും പ്രവാചകൻമാരുടെയും വിശ്വാസം
3. യെരീഹോയും രാഹാബും ഉൾപ്പെടുന്ന സംഭവങ്ങൾ വിശ്വാസം പ്രവൃത്തികളാൽ തെളിയിക്കപ്പെടണമെന്ന് പ്രകടമാക്കുന്നതെങ്ങനെ?
3 വിശ്വാസം കേവലം ബോദ്ധ്യമല്ല; അത് പ്രവൃത്തികളാൽ അഥവാ നടപടികളാൽ തെളിയിക്കപ്പെടണം. (എബ്രായർ 11:30, 31 വായിക്കുക.) മോശെയുടെ മരണശേഷം വിശ്വാസം കനാനിൽ യിസ്രായേല്യർക്ക് ഒന്നിനുപിറകേ ഒന്നായി വിജയം കൈവരുത്തി. എന്നാൽ ഇത് അവരുടെ ഭാഗത്ത് ശ്രമം ആവശ്യമാക്കി. ഉദാഹരണത്തിന്, യോശുവയുടെയും മററുള്ളവരുടെയും വിശ്വാസത്താൽ, “യെരീഹോയുടെ മതിലുകൾ ഏഴു ദിവസം പ്രദക്തിണം വയ്ക്കപ്പെട്ടശേഷം നിലംപതിച്ചു.” എന്നാൽ “വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ, അനുസരണക്കേടോടെ പ്രവർത്തിച്ചവരോടുകൂടെ [വിശ്വാസമില്ലാഞ്ഞ യെരീഹോയിലെ നിവാസികൾ] നശിച്ചില്ല.” എന്തുകൊണ്ട്? “എന്തുകൊണ്ടെന്നാൽ അവൾ [യിസ്രായേല്യ ചാരൻമാരെ] സമാധാനപരമായി സ്വീകരിക്കുകയും” കനാന്യരിൽനിന്ന് അവരെ ഒളിപ്പിച്ചുകൊണ്ട് അവളുടെ വിശ്വാസത്തെ തെളിയിക്കുകയും ചെയ്തു. “യഹോവ” യിസ്രായേല്യരുടെ മുമ്പാകെ “ചെങ്കടലിലെ വെള്ളങ്ങളെ വററിക്കുകയും” അവർക്ക് അമോര്യരാജാക്കൻമാരായ സീഹോന്റെയും ഓഗിന്റെയും മേൽ വിജയം നേടിക്കൊടുക്കുകയും ചെയ്തുവെന്ന വാർത്തകളിൽ രാഹാബിന്റെ വിശ്വാസത്തിന് ഒരു ഉറച്ച അടിസ്ഥാനമുണ്ടായിരുന്നു. രാഹാബ് ഉചിതമായ ധാർമ്മിക മാററങ്ങൾ വരുത്തുകയും, അവളുടെ സജീവ വിശ്വാസം നിമിത്തം യരീഹോ നിലംപതിച്ചപ്പോൾ അവളുടെ കുടുംബത്തോടുകൂടെ സംരക്ഷിക്കപ്പെട്ടതിനാലും യേശുക്രിസ്തുവിന്റെ ഒരു പൂർവ്വിക മാതാവായിത്തീർന്നതിനാലും അനുഗ്രഹിക്കപ്പെടുകയും ചെയ്തു.—യോശുവ 2:1-11; 6:20-23; മത്തായി 1:1, 5; യാക്കോബ് 2:24-26.
4. അപകടത്തിൻമുമ്പിൽ വിശ്വാസം പ്രകടമാക്കുന്നതു സംബന്ധിച്ച് ഗിദയോന്റെയും ബാരാക്കിന്റെയും അനുഭവങ്ങൾ എന്ത് ദൃഢപ്പെടുത്തുന്നു?
4 അപകടത്തിൻ മുമ്പിൽ യഹോവയിലുള്ള പൂർണ്ണമായ ആശ്രയത്താൽ വിശ്വാസം പ്രകടമാക്കപ്പെടുന്നു. (എബ്രായർ 11:32 വായിക്കുക.) അപകടകരമായ സാഹചര്യങ്ങളിൽ ദൈവത്തിലുള്ള വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും സമൃദ്ധമായ തെളിവുനൽകിയ വീര്യപ്രവൃത്തികൾ ചെയ്ത “ഗിദയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നിവരെയും ശമുവേലിനെയും മററു പ്രവാചകൻമാരെയും” കുറിച്ചു തുടർന്നു പറഞ്ഞാൽ സമയം പോകുമെന്ന് പൗലോസ് സമ്മതിച്ചു. അങ്ങനെ, വിശ്വാസത്താലും വെറും 300 പേരുടെ ഒരു സംഘത്തിന്റെ സഹായത്തോടെയും മർദ്ദക മിദ്യാന്യരുടെ സൈനിക ബലത്തെ തകർക്കാൻ ന്യായാധിപനായ ഗിദെയോൻ ദൈവത്താൽ ശക്തീകരിക്കപ്പെട്ടു. (ന്യായാധിപൻമാർ 7:1-25) ദെബോരാ പ്രവാചകിയാൽ പ്രോത്സാഹിതനായി ന്യായാധിപനായ ബാരാക്കും മോശമായി സജ്ജരായിരുന്ന 10,000 പേരടങ്ങിയ ഒരു കാലാൾപടയും യാബീൻ രാജാവിന്റെ വലിപ്പമേറിയ സൈന്യത്തിൻമേൽ വിജയം നേടി. അവർക്ക് സിസെരായുടെ സൈന്യാധിപത്യത്തിൽ 900 സായുധയുദ്ധരഥങ്ങളാണുണ്ടായിരുന്നത്.—ന്യായാധിപൻമാർ 4:1-5:31.
5. യഹോവയിലെ പൂർണ്ണമായ ആശ്രയത്തിന്റെ തെളിവു നൽകിയ വിശ്വാസം ഏതുവിധങ്ങളിൽ ശിംശോനും യിപ്താഹും പ്രകടമാക്കി?
5 യിസ്രായേലിലെ ന്യായാധിപൻമാരുടെ നാളുകളിൽ വിശ്വാസത്തിന്റെ മറെറാരു ദൃഷ്ടാന്തം ശിംശോനായിരുന്നു—ഫെലിസ്ത്യരുടെ ശക്തനായ ശത്രു. ഒടുവിൽ അവൻ അവരുടെ അന്ധനായ ബന്ദിയായിത്തീർന്നുവെന്നതു സത്യംതന്നെ. എന്നാൽ അവർ തങ്ങളുടെ വ്യാജ ദൈവമായ ദാഗോന് ഒരു വലിയ ബലി അർപ്പിച്ചുകൊണ്ടിരുന്ന ക്ഷേത്രത്തിന്റെ തൂണുകൾ മറിച്ചിട്ടപ്പോൾ ശിംശോൻ അവരിൽ അനേകർക്കു മരണം കൈവരുത്തി. ഉവ്വ്, ശിംശോൻ ആ ഫെലിസ്ത്യരോടുകൂടെ മരണമടഞ്ഞു, എന്നാൽ നിരാശിതനായി ആത്മഹത്യ ചെയ്ത ആളായിട്ടല്ല. വിശ്വാസത്തിൽ അവൻ ദൈവത്തിന്റെയും അവന്റെ ജനത്തിന്റെയും ആ ശത്രുക്കളോടു പ്രതികാരം ചെയ്യാൻ ആവശ്യമായ ശക്തിക്കുവേണ്ടി യഹോവയോടു പ്രാർത്ഥിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്തു. (ന്യായാധിപൻമാർ 16:18-30) അമ്മോന്യരുടെമേൽ യഹോവ വിജയം നൽകിയ യിപ്താഹും യഹോവയിലുള്ള തന്റെ സമ്പൂർണ്ണമായ ആശ്രയത്തിന് തെളിവു നൽകിയ വിശ്വാസം പ്രകടമാക്കി. അങ്ങനെയുള്ള വിശ്വാസത്താൽ മാത്രമേ ഒരു സ്ഥിര കന്യകയായി തന്റെ പുത്രിയെ യഹോവയുടെ സേവനത്തിനർപ്പിച്ചുകൊണ്ട് ദൈവത്തോടുള്ള തന്റെ നേർച്ച നിവർത്തിക്കാൻ അവനു കഴിയുമായിരുന്നുള്ളു.—ന്യായാധിപൻമാർ 11:29-40.
6. ദാവീദ് തന്റെ വിശ്വാസം പ്രകടമാക്കിയതെങ്ങനെ?
6 ദാവീദും വിശ്വാസത്തിൽ പ്രശസ്തനായിരുന്നു. അവൻ ഫെലിസ്ത്യമല്ലനായിരുന്ന ഗോല്യാത്തിനോട് പോരാടിയപ്പോൾ അവൻ ഒരു ചെറുപ്പക്കാരൻ മാത്രമായിരുന്നു. ‘നീ വാളും കുന്തവും വേലുമായി എന്റെ നേരേ വരുന്നു, എന്നാൽ ഞാൻ സൈന്യങ്ങളുടെ യഹോവയുടെ നാമവുമായി നിന്റെ നേരേ വരുന്നു’വെന്നു ദാവീദു പറഞ്ഞു. അതെ, ദാവീദ് ദൈവത്തിലാശ്രയിച്ചു, അതികായനായ ഗോല്യാത്തിനെ കൊല്ലുകയും ദൈവജനത്തിന്റെ താൽപ്പര്യങ്ങൾക്കായി പോരാടുന്ന ഒരു ധീര രാജ-യോദ്ധാവായിത്തീരുകയും ചെയ്തു. ദാവീദിന്റെ വിശ്വാസം നിമിത്തം അവൻ യഹോവയുടെ ഹൃദയത്തിന് സമ്മതമുള്ള ഒരു മനുഷ്യനായിത്തീർന്നു. (1 ശമുവേൽ 17:4, 45-51; പ്രവൃത്തികൾ 13:22) ശമുവേലും മററു പ്രവാചകൻമാരും ജീവിതത്തിലുടനീളം യഹോവയിൽ വലിയ വിശ്വാസവും ആശ്രയവും പ്രകടമാക്കി. (1 ശമുവേൽ 1:19-28; 7:15-17) ചെറുപ്പക്കാരും പ്രായമുള്ളവരുമായ യഹോവയുടെ ഇക്കാലത്തെ ദാസൻമാർക്ക് എത്ര നല്ല ദൃഷ്ടാന്തങ്ങൾ!
7. (എ) ആർ “വിശ്വാസത്തിലൂടെ പോരാട്ടത്തിൽ രാജ്യങ്ങളെ തോൽപ്പിച്ചു?” (ബി) ആർ വിശ്വാസത്താൽ “നീതി നടത്തി”?
7 വിശ്വാസത്താൽ നമുക്ക് നിർമ്മലതയുടെ ഓരോ പരിശോധനയെയും വിജയകരമായി നേരിടാനും ദിവ്യേഷ്ടത്തിന് ചേർച്ചയായ എന്തും നിർവ്വഹിക്കാനും കഴിയും. (എബ്രായർ 11:33, 34 വായിക്കുക.) വിശ്വാസത്തിന്റെ കൂടുതലായ പ്രവൃത്തികൾ എടുത്തു പറഞ്ഞപ്പോൾ, പ്രത്യക്ഷത്തിൽ പൗലോസിന്റെ മനസ്സിൽ എബ്രായ ന്യായാധിപൻമാരും രാജാക്കൻമാരും പ്രവാചകൻമാരുമുണ്ടായിരുന്നു, എന്തെന്നാൽ അവൻ അങ്ങനെയുള്ളവരുടെ പേരുകൾ പറഞ്ഞുകഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ഗിദെയോനെയും യിപ്താഹിനെയും പോലെയുള്ള ന്യായാധിപൻമാർ “വിശ്വാസത്തിലൂടെ പോരാട്ടത്തിൽ രാജ്യങ്ങളെ തോൽപ്പിച്ചു.” ഫെലിസ്ത്യരെയും മോവാബ്യരെയും അരാമ്യരെയും ഏദോമ്യരെയും മററുള്ളവരെയും കീഴടക്കിയ ദാവീദുരാജാവും അങ്ങനെ ചെയ്തു. (2 ശമുവേൽ 8:1-14) നീതിമാൻമാരായ ന്യായാധിപൻമാർ വിശ്വാസത്താൽ “നീതി നടത്തുകയും” ചെയ്തു. ശമുവേലിന്റെയും മററു പ്രവാചകൻമാരുടെയും നീതിനിഷ്ഠമായ ബുദ്ധിയുപദേശം ദുഷ്പ്രവൃത്തി ഒഴിവാക്കാൻ അല്ലെങ്കിൽ ഉപേക്ഷിക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചു.—1 ശമുവേൽ 12:20-25; യെശയ്യാവ് 1:10-20.
8. ദാവീദിന് ഏതു വാഗ്ദത്തം ലഭിച്ചു, അത് എന്തിലേക്കു നയിച്ചു?
8 ദാവീദ് വിശ്വാസത്താൽ “വാഗ്ദത്തങ്ങൾ ലഭിച്ച” ഒരുവനായിരുന്നു. “നിന്റെ സിംഹാസനംതന്നെ അനിശ്ചിതകാലത്തോളം ഉറപ്പായി സ്ഥാപിതമായ ഒന്നായിത്തീരും” എന്ന് യഹോവ അവനോടു വാഗ്ദത്തം ചെയ്തു. (2 ശമുവേൽ 7:11-16) 1914-ൽ മശിഹൈകരാജ്യം സ്ഥാപിച്ചുകൊണ്ട് ദൈവം ആ വാഗ്ദത്തം നിറവേററി.—യെശയ്യാവ് 9:6, 7; ദാനിയേൽ 7:13, 14.
9. ഏതു സാഹചര്യങ്ങളിൽ ‘വിശ്വാസത്താൽ സിംഹങ്ങളുടെ വായ്കൾ അടയ്ക്കപ്പെട്ടു?’
9 ഒരു രാജകീയ വിളംബരം ഗണ്യമാക്കാതെ തന്റെ അനുദിന പതിവ് അനുസരിച്ച് ദാനിയേൽപ്രവാചകൻ ദൈവത്തോടു തുടർന്നു പ്രാർത്ഥിച്ചപ്പോൾ അവൻ നിർമ്മലതയുടെ ഒരു പരിശോധനയെ വിജയകരമായി നേരിട്ടു. ദാനിയേൽ എറിയപ്പെട്ട സിംഹക്കുഴിയിൽ യഹോവ അവനെ ജീവനോടെ കാത്തുസൂക്ഷിച്ചതുകൊണ്ട്, അവൻ അങ്ങനെ ഒരു നിർമ്മലതാപാലകന്റെ വിശ്വാസത്തോടെ “സിംഹങ്ങളുടെ വായ്കൾ അടച്ചു.“—ദാനിയേൽ 6:4-23.
10. ആർ വിശ്വാസത്താൽ “തീയുടെ ബലത്തെ തടഞ്ഞു”? സമാനമായ വിശ്വാസം എന്തു ചെയ്യാൻ നമ്മെ പ്രാപ്തരാക്കും?
10 ദാനിയേലിന്റെ നിർമ്മലതാപാലകരായിരുന്ന ശദ്രക്ക്, മേശക്ക്, അബേദ്നെഗോ, എന്നീ എബ്രായ സഹകാരികൾ “തീയുടെ ശക്തിയെ തടഞ്ഞു.” അത്യധികം ചൂടാക്കിയ ഒരു ചൂളയിലെ മരണത്താൽ ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾ, തങ്ങളുടെ ദൈവം തങ്ങളെ രക്ഷിച്ചാലും ഇല്ലെങ്കിലും തങ്ങൾ ബാബിലോന്യരാജാവിന്റെ ദൈവങ്ങളെ സേവിക്കുകയോ അവൻ നിർത്തിയ പ്രതിമയെ ആരാധിക്കുകയോ ചെയ്യുകയില്ലെന്ന് അവർ നെബുഖദ്നേസ്സർ രാജാവിനോടു പറഞ്ഞു. യഹോവ ആ ചൂളയിലെ തീ കെടുത്തിയില്ല, എന്നാൽ അത് ആ മൂന്നു എബ്രായർക്ക് ഹാനിവരുത്തുന്നില്ലെന്ന് അവൻ ഉറപ്പുവരുത്തി. (ദാനിയേൽ 3:1-30) സമാനമായ വിശ്വാസം ശത്രു കൈകളാൽ സാദ്ധ്യമായ മരണഘട്ടത്തോളം ദൈവത്തോടു നിർമ്മലത പാലിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.—വെളിപ്പാട് 2:10.
11. (എ) വിശ്വാസത്താൽ ആർ “വാളിന്റെ വായ്ത്തലയിൽ നിന്ന് രക്ഷപ്പെട്ടു”? (ബി) വിശ്വാസത്താൽ ആർ “ശക്തീകരിക്കപ്പെട്ടു?” (സി) ആർ “യുദ്ധത്തിൽ ശൂരരാക്ക”പ്പെടുകയും “വിദേശീയരുടെ സൈന്യങ്ങളെ തുരത്തുകയും” ചെയ്തു?
11 ദാവീദ് ശൗൽ രാജാവിന്റെ ആൾക്കാരുടെ “വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു.” (1 ശമുവേൽ 19:9-17) പ്രവാചകൻമാരായ ഏലീയാവും ഏലീശയും വാളാലുള്ള മരണത്തിൽനിന്ന് രക്ഷപ്പെട്ടു. (1 രാജാക്കൻമാർ 19:1-3; 2 രാജാക്കൻമാർ 6:11-23) എന്നാൽ ആർ ‘വിശ്വാസത്താൽ ഒരു ദുർബ്ബലാവസ്ഥയിൽ നിന്ന് ശക്തരാക്കപ്പെട്ടു’ ശരി, ഗിദയോൻ യിസ്രായേല്യരെ മിദ്യാന്യരിൽനിന്ന് രക്ഷിക്കാൻ കഴിയാത്തവിധം അത്ര ദുർബ്ബലരാണ് താനും തന്റെ പടയാളികളും എന്നു വിചാരിച്ചു. എന്നാൽ അവൻ ദൈവത്താൽ ശക്തീകരിക്കപ്പെട്ടു, അവൻ അവനു വിജയം നൽകി—അതും വെറും 300 പടയാളികളെക്കൊണ്ട്! (ന്യായാധിപൻമാർ 6:14-16; 7:2-7, 22) ശിംശോന്റെ മുടി കത്രിക്കപ്പെട്ടപ്പോഴത്തെ “ഒരു ദുർബ്ബലാവസ്ഥയിൽനിന്ന്” അവൻ യഹോവയാൽ “ശക്തീകരിക്ക”പ്പെടുകയും അനേകം ഫെലിസ്ത്യർക്കു മരണം കൈവരുത്തുകയും ചെയ്തു. (ന്യായാധിപൻമാർ 16:19-21, 28-30; ന്യായാധിപൻമാർ 15:13-19 താരതമ്യപ്പെടുത്തുക.) സൈനികമായും ശാരീരികമായിപോലുമുള്ള ഒരു ദുർബ്ബലാവസ്ഥയിൽനിന്ന് “ശക്തീകരിക്കപ്പെട്ട” ഒരുവനെന്നനിലയിൽ ഹിസ്ക്കീയാരാജാവിനെക്കുറിച്ചും പൗലോസ് ചിന്തിച്ചിരിക്കാം. (യെശയ്യാവ് 37:1-38:22) “യുദ്ധത്തിൽ ശൂരരായിത്തീർന്ന” ദൈവദാസൻമാരിൽ ന്യായാധിപനായ യിപ്താഹും ദാവീദുരാജാവും ഉണ്ടായിരുന്നു. (ന്യായാധിപൻമാർ 11:32, 33; 2 ശമുവേൽ 22:1, 2, 30-38) “വിദേശീയരുടെ സൈന്യങ്ങളെ തുരത്തി”യവരിൽ ന്യായാധിപനായ ബാരാക്ക് ഉൾപ്പെട്ടിരുന്നു. (ന്യായാധിപൻമാർ 4:14-16) വിശ്വാസത്താൽ നമ്മുടെ നിർമ്മലതയുടെ ഓരോ പരിശോധനയേയും വിജയപ്രദമായി നേരിടാനും യഹോവയുടെ ഇഷ്ടത്തിനനുയോജ്യമായ എന്തും നിർവ്വഹിക്കാനും നമുക്കു കഴിയുമെന്ന് ഈ വീര്യപ്രവൃത്തികൾ നമ്മെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്.
മാതൃകായോഗ്യമായ വിശ്വാസമുള്ള മററള്ളവർ
12. (എ)ഏതു “സ്ത്രീകൾക്ക് പുനരുത്ഥാനത്താൽ തങ്ങളുടെ മരിച്ചവരെ കിട്ടി?” (ബി) വിശ്വാസമുള്ള ചില മനുഷ്യരുടെ പുനരുത്ഥാനം ഏതുവിധത്തിൽ “മെച്ചപ്പെട്ട”തായിരിക്കും?
12 വിശ്വാസത്തിൽ പുനരുത്ഥാനത്തിലുള്ള വിശ്വാസവും ഉൾപ്പെടുന്നു, അത് ദൈവത്തോടു നിർമ്മലതപാലിക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രത്യാശയാണ്. (എബ്രായർ 11:35 വായിക്കുക.) വിശ്വാസം നിമിത്തം, “സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ പുനരുത്ഥാനത്താൽ കിട്ടി.” വിശ്വാസത്താലും ദൈവശക്തിയാലും ഏലീയാവ് സാരെഫാത്തിലെ ഒരു വിധവയുടെ പുത്രനെ ഉയർപ്പിച്ചു. ഏലീശ ഒരു ശൂനേംകാരത്തി സ്ത്രീയുടെ ബാലനെ ജീവനിലേക്ക് ഉയർപ്പിച്ചു. (1 രാജാക്കൻമാർ 17:17-24; 2 രാജാക്കൻമാർ 4:17-37) “എന്നാൽ മററു മനുഷ്യർ ഒരു മെച്ചപ്പെട്ട പുനരുത്ഥാനം പ്രാപിക്കേണ്ടതിന് എന്തെങ്കിലും മോചനദ്രവ്യത്താൽ വിമോചനം സ്വീകരിക്കുകയില്ലാത്തതുകൊണ്ട് അവർ ദണ്ഡിപ്പിക്കപ്പെട്ടു [അക്ഷരീയമായി, “വടിയാൽ അടിക്കപ്പെട്ടു.”].” പ്രത്യക്ഷത്തിൽ തിരുവെഴുത്തിൽ തിരിച്ചറിയിച്ചിട്ടില്ലാത്ത യഹോവയുടെ ഈ സാക്ഷികൾ, തങ്ങളുടെ വിശ്വാസത്തിൽ, വിട്ടു വീഴ്ച ആവശ്യപ്പെട്ട വിടുതൽ സ്വീകരിക്കാൻ വിസമ്മതിച്ചതുകൊണ്ട് അടികൊണ്ടു മരണമടഞ്ഞു. അവരുടെ പുനരുത്ഥാനം “മെച്ചപ്പെട്ട”തായിരിക്കും, എന്തുകൊണ്ടെന്നാൽ അത് വീണ്ടും അനിവാര്യമായി മരിക്കേണ്ടതില്ലാത്ത പുനരുത്ഥാനമായിരിക്കും. (ഏലീയാവും ഏലീശായും ഉയർപ്പിച്ചവരെപ്പോലെ). അത് “നിത്യപിതാവായ” യേശുക്രിസ്തുവിന്റെ രാജ്യഭരണത്തിൻ കീഴിലായിരിക്കും സംഭവിക്കുക. അവന്റെ മോചനദ്രവ്യം ഭൂമിയിലെ അനന്ത ജീവന്റെ അവസരം പ്രദാനം ചെയ്യുന്നു.—യെശയ്യാവ് 9:6; യോഹന്നാൻ 5:28, 29.
13. (എ) ആർ“പരിഹാസങ്ങളും ചമ്മട്ടിപ്രഹരങ്ങളും” അനുഭവിച്ചു? (ബി) ആർ “ബന്ധനങ്ങളും തടവുകളും” അനുഭവിച്ചു?
13 നമുക്കു വിശ്വാസമുണ്ടെങ്കിൽ നാം പീഡനം സഹിക്കാൻ പ്രാപ്തരാകും. (എബ്രായർ 11:36-38 വായിക്കുക.) നാം പീഡിപ്പിക്കപ്പെടുമ്പോൾ, പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് ഓർക്കുന്നതും “പരിഹാസങ്ങളാലും ചമ്മട്ടിപ്രഹരങ്ങളാലും, തീർച്ചയായും അതിലുപരി ബന്ധനങ്ങളാലും തടവുകളാലും തങ്ങളുടെ പീഡാനുഭവം” [അഥവാ വിശ്വാസത്തിന്റെ പരിശോധന] ഏററുവാങ്ങിയ മററുള്ളവരെ ദൈവം പുലർത്തിയതുപോലെ നമ്മെയും പുലർത്താൻ കഴിയുമെന്ന് തിരിച്ചറിയുന്നതും സഹായകമാണ്. യിസ്രായേലർ “തുടർച്ചയായി . . . യഹോവയുടെ ക്രോധം തന്റെ ജനത്തിനെതിരെ വരുന്നതുവരെ, അവന്റെ പ്രവാചകൻമാരെ പരിഹസിച്ചുകൊണ്ടിരുന്നു.” (2 ദിനവൃത്താന്തം 36:15, 16) വിശ്വാസത്താൽ മീഖായാവും ഏലീശായും മററു ദൈവദാസൻമാരും “പരിഹാസങ്ങൾ” സഹിച്ചു. (1 രാജാക്കൻമാർ 22:24; 2 രാജാക്കൻമാർ 2:23, 24; സങ്കീർത്തനം 42:3) യിസ്രായേൽരാജാക്കൻമാരുടെയും പ്രവാചകൻമാരുടെയും നാളുകളിൽ “ചമ്മട്ടിപ്രഹരങ്ങൾ” അറിയപ്പെട്ടിരുന്നു. എതിരാളികൾ യിരെമ്യാവിനെ “അടിച്ചു,” നിന്ദിക്കലായി വെറുതെ തട്ടുകയായിരുന്നില്ല. “ബന്ധനങ്ങളും തടവുകളും” അവന്റെ അനുഭവങ്ങളെയും അതുപോലെതന്നെ മീഖായാവ്, ഹനാനി എന്നീ പ്രവാചകൻമാരുടെ അനുഭവങ്ങളെയും നമ്മെ അനുസ്മരിപ്പിച്ചേക്കാം. (യിരെമ്യാവ് 20:1, 2; 37:15; 1 രാജാക്കൻമാർ 12:11; 22:26, 27; 2 ദിനവൃത്താന്തം 16:7, 10) സമാനമായ വിശ്വാസമുള്ളതിനാൽ യഹോവയുടെ ആധുനികനാളിലെ സാക്ഷികൾക്ക് “നീതിക്കുവേണ്ടി” സമാനമായ കഷ്ടപ്പാടുകൾ സഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.—1 പത്രോസ് 3:14.
14. (എ) “കല്ലെറിയപ്പെട്ട”വരിൽ ആർ ഉൾപ്പെട്ടിരുന്നു? (ബി) ആർ “അറുത്തു മുറിക്കപ്പെട്ടിരിക്കാം?”
14 “അവർ കല്ലെറിയപ്പെട്ടു”വെന്ന് പൗലോസ് പറഞ്ഞു. അങ്ങനെയുള്ള വിശ്വാസമുണ്ടായിരുന്ന ഒരു മനുഷ്യൻ യെഹോയാദാ പുരോഹിതന്റെ പുത്രനായ സെഖര്യാവ് ആയിരുന്നു. ദൈവാത്മാവിനാൽ ആവരണം ചെയ്യപ്പെട്ട് അവൻ യഹൂദയുടെ വിശ്വാസത്യാഗികൾക്കെതിരെ തുറന്നു സംസാരിച്ചു. ഫലമോ? യെഹോവാശ് രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവച്ച് ഗൂഢാലോചനക്കാർ അവനെ കല്ലെറിഞ്ഞുകൊന്നു. (2 ദിനവൃത്താന്തം 24:20-22; മത്തായി 23:33-35) പൗലോസ് കൂട്ടിച്ചേർത്തു: “അവർ വിചാരണ ചെയ്യപ്പെട്ടു, അവർ അറുത്തു മുറിക്കപ്പെട്ടു.” “വിചാരണചെയ്യപ്പെട്ട” ഒരാളായി അവൻ മീഖായാവു പ്രവാചകനെക്കുറിച്ചു ചിന്തിച്ചിരിക്കാം. മനശ്ശെ രാജാവിന്റെ വാഴ്ചക്കാലത്ത് യെശയ്യാവ് രണ്ടായി അറുത്തു മുറിക്കപ്പെട്ടുവെന്ന് അനിശ്ചിതമായി യഹൂദ പാരമ്പര്യം പറയുന്നു.—1 രാജാക്കൻമാർ 22:24-28.
15. ആർ “ദുഷ്പെരുമാററ”മനുഭവിക്കുകയും “മരുഭൂമികളിൽ അലഞ്ഞുനടക്കുകയും” ചെയ്തു?
15 മററുചിലർ “വാളാലുള്ള സംഹാരത്താൽ മരിച്ചു.” ദൃഷ്ടാന്തമായി, ദുഷ്ടനായ ആഹാബ് രാജാവിന്റെ നാളുകളിൽ ദൈവത്തിന്റെ പ്രവാചകൻമാർ—ഏലീയാവിന്റെ സഹപ്രവാചകൻമാർ—“വാളാൽ കൊല്ലപ്പെട്ടു.” (1 രാജാക്കൻമാർ 19:9, 10) ഏലീയാവും ഏലീശായും, “ഞെരുക്കത്തിലും ഉപദ്രവത്തിലും ദുഷ്പെരുമാററത്തിനു വിധേയമായുമിരിക്കെ, ചെമ്മരിയാട്ടിൻതോലും കോലാട്ടിൻതോലും ധരിച്ചു നടന്ന” വിശ്വാസമുള്ളവരിൽ പെട്ടവരായിരുന്നു. (1 രാജാക്കൻമാർ 19:5-8, 19;2 രാജാക്കൻമാർ 1:8; 2:13; യിരെമ്യാവ് 38:6 താരതമ്യപ്പെടുത്തുക.) പീഡനത്തിന്റെ ഇരകളായി “മരുഭൂമികളിലും പർവ്വതങ്ങളിലും ഗുഹകളിലും ഭൂമിയിലെ കുഴികളിലും അലഞ്ഞു നടന്ന”വരിൽ ഏലീയാവും ഏലീശായും മാത്രമല്ല, ഓബദ്യാവ് 50 പേരെ വീതം ഒരു ഗുഹയിൽ ഒളിപ്പിച്ച 100 പ്രവാചകൻമാരും ഉൾപ്പെടുന്നു. വിഗ്രഹാരാധകയായിരുന്ന ഈസബേൽ രാജ്ഞി ”യഹോവയുടെ പ്രവാചകൻമാരെ വെട്ടിക്കളയാൻ” തുടങ്ങിയപ്പോൾ ഓബദ്യാവ് അവർക്ക് അപ്പവും വെള്ളവും കൊടുത്തിരുന്നു. (1 രാജാക്കൻമാർ 18:4, 13; 2 രാജാക്കൻമാർ 2:13; 6:13, 30, 31) എങ്ങനെയുള്ള നിർമ്മലതാപാലകർ! “ലോകം [നീതികെട്ട മനുഷ്യസമുദായം] അവർക്കു യോഗ്യമായിരുന്നില്ല” എന്ന് പൗലോസ് പറഞ്ഞത് ആശ്ചര്യമല്ല!
16. (എ) ക്രിസ്തുവിനു മുമ്പത്തെ യഹോവയുടെ സാക്ഷികൾ “വാഗ്ദത്ത നിവൃത്തി” പ്രാപിക്കാഞ്ഞതെന്തുകൊണ്ട്? (ബി) ക്രിസ്തുവിനു മുമ്പത്തെ കാലങ്ങളിലെ യഹോവയുടെ സാക്ഷികൾ “പൂർണ്ണരാക്കപ്പെടുന്നത് എന്തിനോടു ബന്ധപ്പെട്ടായിരിക്കണം?
16 വിശ്വാസം ദൈവത്തിന്റെ തക്കസമയത്ത്, തന്നെ സ്നേഹിക്കുന്ന സകലർക്കും “വാഗ്ദത്ത നിവൃത്തി ലഭിക്കും” എന്ന ബോദ്ധ്യം നമുക്കു നൽകുന്നു. (എബ്രായർ 11:39, 40 വായിക്കുക.) ക്രിസ്തീയകാലത്തിനു മുമ്പത്തെ നിർമ്മലതാപാലകർക്ക് “അവരുടെ വിശ്വാസത്തിലൂടെ അവർക്ക് സാക്ഷ്യം വഹിക്കപ്പെട്ടു,“ ഇപ്പോൾ ഒരു തിരുവെഴുത്തുരേഖതന്നെ. എന്നാൽ രാജ്യഭരണത്തിൻ കീഴിലെ നിത്യജീവന്റെ പ്രതീക്ഷയോടെ ഒരു ഭൗമിക പുനരുത്ഥാനത്താൽ അവർ ഇതുവരെയും “വാഗ്ദത്ത നിവൃത്തി” പ്രാപിച്ചിട്ടില്ല. എന്തുകൊണ്ട്? യേശുവിന്റെ അഭിഷിക്താനുഗാമികളെ”ക്കൂടാതെ അവർ പൂർണ്ണരാക്കപ്പെടാതിരിക്കേണ്ടതിനു”തന്നെ. ആ അഭിഷിക്താനുഗാമികൾക്കു “ദൈവം മെച്ചപ്പെട്ട ഒന്നു മുൻകണ്ടു”—ക്രിസ്തുയേശുവിനോടുകൂടെയുള്ള അമർത്ത്യസ്വർഗ്ഗീയ ജീവനും സഹഭരണാധിപത്യത്തിന്റെ പദവികളും. 1914-ലെ രാജ്യസ്ഥാപനത്തിനുശേഷം തുടങ്ങുന്ന അവരുടെ പുനരുത്ഥാനത്താൽ, അഭിഷിക്ത ക്രിസ്ത്യാനികൾ സ്വർഗ്ഗങ്ങളിൽ “പൂർണ്ണരാക്കപ്പെടുന്നു.” അത് ക്രിസ്തീയ കാലത്തിനു മുമ്പത്തെ യഹോവയുടെ സാക്ഷികൾ ഭൂമിയിൽ പുനരുത്ഥാനം പ്രാപിക്കുന്നതിനു മുൻപാണ്. (1 കൊരിന്ത്യർ 15:50-57; വെളിപ്പാട് 12:1-5) മുൻകാലത്തെ ആ സാക്ഷികൾ “പൂർണ്ണരാക്കപ്പെടു”ന്നത് അവരുടെ ഭൗമിക പുനരുത്ഥാനത്തോടും, ഒടുവിൽ അവർ “ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടു”ന്നതിനോടും, മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെയും അവന്റെ 144000 സ്വർഗ്ഗീയ ഉപപുരോഹിതൻമാരുടെയും സഹസ്രാബ്ദവാഴ്ചക്കാലത്തെ അവരുടെ സേവനങ്ങളിലൂടെ അവർ മാനുഷ പൂർണ്ണതപ്രാപിക്കുന്നതിനോടും ബന്ധപ്പെട്ടാണ്.—റോമർ 8:20, 21; എബ്രായർ 7:26; വെളിപ്പാട് 14:1; 20:4-6.
നമ്മുടെ വിശ്വാസത്തെ പൂർണ്ണമാക്കുന്നവനെ ദൃഷ്ടിപഥത്തിൽ നിർത്തുക
17, 18. (എ)നിത്യജീവനുവേണ്ടിയുള്ള നമ്മുടെ ഓട്ടത്തിൽ വിജയിക്കുന്നതിന്, നാം എന്തു ചെയ്യണം? (ബി) യേശുക്രിസ്തു “നമ്മുടെ വിശ്വാസത്തെ പൂർണ്ണമാക്കുന്നവൻ” ആയിരിക്കുന്നതെങ്ങനെ?
17 ക്രിസ്തുവിനു മുമ്പത്തെ യഹോവയുടെ സാക്ഷികളുടെ പ്രവൃത്തികൾ ചർച്ചചെയ്തശേഷം പൗലോസ് വിശ്വാസത്തിന്റെ മുഖ്യ ദൃഷ്ടാന്തത്തിലേക്കു വിരൽ ചൂണ്ടി. (എബ്രായർ 12:1-3 വായിക്കുക) ‘നമുക്കു ചുററും സാക്ഷ്യവാഹകരുടെ ഇത്ര വലിയ ഒരു മേഘം’ ഉള്ളത് പ്രോത്സാഹനത്തിന്റെ എന്തോരു ഉറവാണ്! ഇത് നമ്മുടെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തുന്ന ഏതു ഭാരവും നീക്കം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. അത് വിശ്വാസനഷ്ടം അഥവാ രാഹിത്യം ആകുന്ന പാപം ഒഴിവാക്കുന്നതിനും നിത്യജീവനുവേണ്ടിയുള്ള ക്രിസ്തീയ ഓട്ടം സഹിഷ്ണുതയോടെ ഓടുന്നതിനും നമ്മെ സഹായിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ലാക്കിലെത്തുന്നതിന് നാം കൂടുതലായി ചിലതു ചെയ്യേണ്ടതാണ്. എന്നാൽ അത് എന്താണ്?
18 ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ നിത്യജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നാം വിജയിക്കണമെങ്കിൽ നാം “മുഖ്യകാര്യസ്ഥനും [അഥവാ മുഖ്യ നേതാവ്] നമ്മുടെ വിശ്വാസത്തെ പൂർണ്ണമാക്കുന്നവനുമായ യേശുവിനെ ഏകാഗ്രമായി നോക്കേണ്ട” ആവശ്യമുണ്ട്. യേശുക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷക്കു മുമ്പു ജീവിച്ചിരുന്ന അബ്രാഹാമിന്റെയും മററു നിർമ്മലതാപാലകരുടെയും വിശ്വാസം അപൂർണ്ണമായിരുന്നു. കാരണം അന്നു നിവൃത്തിയേറാതിരുന്ന മശിഹായെക്കുറിച്ചുള്ള പ്രവചനങ്ങൾ അവർക്കു മനസ്സിലായിരുന്നില്ല. (1 പത്രോസ് 1:10-12 താരതമ്യപ്പെടുത്തുക.) എന്നാൽ യേശുവിന്റെ ജനനത്താലും ശുശ്രൂഷയാലും മരണത്താലും പുനരുത്ഥാനത്താലും അനേകം മശിഹൈക പ്രവചനങ്ങൾ നിവർത്തിച്ചു. അങ്ങനെ പൂർണ്ണമാക്കപ്പെട്ട ഒരർത്ഥത്തിൽ വിശ്വാസം യേശുക്രിസ്തുവിലൂടെ “വന്നെത്തി.” (ഗലാത്യർ 3:24, 25) മാത്രവുമല്ല, യേശു തന്റെ സ്വർഗ്ഗീയ സ്ഥാനത്തുനിന്ന് തന്റെ അനുഗാമികളുടെ വിശ്വാസത്തെ പൂർണ്ണമാക്കുന്നവനായി തുടർന്നു, പൊ. യു. 33-ലെ പെന്തെക്കോസ്തിൽ അവരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോഴും അവരുടെ വിശ്വാസത്തെ ക്രമാനുഗതമായി വളർത്തിയ വെളിപ്പാടുകൾ കൊടുത്തപ്പോഴുംതന്നെ. (പ്രവൃത്തികൾ 2:32, 33; റോമർ 10:17; വെളിപ്പാട് 1:1, 2; 22:16) ഈ “വിശ്വസ്തസാക്ഷി”ക്കും യഹോവയുടെ സാക്ഷികളുടെ ഈ “മുഖ്യനേതാവിനും”വേണ്ടി നാം എത്ര നന്ദിയുള്ളവരാണ്!—വെളിപ്പാട് 1:5; മത്തായി 23:10.
19. യേശുവിനെ ‘സൂക്ഷ്മമായി പരിചിന്തിക്കേണ്ട’തെന്തുകൊണ്ട്?
19 വിശ്വാസമില്ലാത്തവരുടെ നിന്ദകൾ സഹിക്കുന്നത് എളുപ്പമല്ലാത്തതുകൊണ്ട് പൗലോസ് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “നിങ്ങൾ നിങ്ങളുടെ ദേഹികളിൽ ക്ഷീണിച്ചു മടുത്തുപോകാതിരിക്കേണ്ടതിന്, തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾക്കെതിരായ പാപികളാലുള്ള അത്തരം വിരുദ്ധസംസാരം സഹിച്ചിരിക്കുന്നവനെ [യേശുവിനെ] സൂക്ഷ്മമായി പരിചിന്തിക്കുക. “തീർച്ചയായും, നാം “വിശ്വസ്തസാക്ഷി”യായ യേശുക്രിസ്തുവിൻമേൽ നമ്മുടെ ദൃഷ്ടികൾ പതിപ്പിക്കുന്നുവെങ്കിൽ നാം ഒരിക്കലും ദിവ്യേഷ്ടം ചെയ്യുന്നതിൽ ക്ഷീണിച്ചുപോകുകയില്ല.—യോഹന്നാൻ 4:34.
20. എബ്രായർ 11:1-12:3 വരെ പരിചിന്തിച്ചതിനാൽ നിങ്ങൾ വിശ്വാസത്തെക്കുറിച്ചു പഠിച്ച ചിലകാര്യങ്ങളേവ?
20 ‘സാക്ഷികളുടെ വലിയ മേഘ’ത്തിൽനിന്ന് നാം വിശ്വാസത്തിന്റെ മുഖവശങ്ങളെക്കുറിച്ച് വളരെയധികം പഠിക്കുന്നു. ഉദാഹരണത്തിന്, ഹാബേലിന്റേതുപോലെയുള്ള വിശ്വാസം യേശുവിന്റെ ബലിയോടുള്ള നമ്മുടെ വിലമതിപ്പു വർദ്ധിപ്പിക്കുന്നു. യഥാർത്ഥ വിശ്വാസം നമ്മെ ധൈര്യമുള്ള സാക്ഷികളാക്കിത്തീർക്കുന്നു, ഹാനോക്ക് ധൈര്യപൂർവ്വം യഹോവയുടെ സന്ദേശം സംസാരിച്ചതുപോലെതന്നെ. നോഹയുടെ കാര്യത്തിലെന്നപോലെ, നമ്മുടെ വിശ്വാസം ദൈവത്തിന്റെ നിർദ്ദേശങ്ങൾ അടുത്തു പിൻതുടരുന്നതിനും നീതിപ്രസംഗികളായി സേവിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നു. അബ്രാഹാമിന്റെ വിശ്വാസം ദൈവത്തെ അനുസരിക്കേണ്ടതിന്റെയും അവന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കേണ്ടതിന്റെയും ആവശ്യകത നമ്മെ ബോദ്ധ്യപ്പെടുത്തുന്നു, അവയിൽ ചിലത് ഇതുവരെ നിവർത്തിച്ചിട്ടില്ലെങ്കിലും. മോശെയുടെ ദൃഷ്ടാന്തം ഈ ലോകത്താൽ കളങ്കം പററാതെ സൂക്ഷിക്കുന്നതിനും യഹോവയുടെ ജനത്തോട് വിശ്വസ്തതയോടെ അടുത്തു നിൽക്കുന്നതിനും വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നുവെന്നു പ്രകടമാക്കുന്നു. യിസ്രായേലിലെ ന്യായാധിപൻമാരുടെയും രാജാക്കൻമാരുടെയും പ്രവാചകൻമാരുടെയും വീര്യപ്രവൃത്തികൾ, ദൈവത്തിലുള്ള വിശ്വാസത്തിന് പീഡനത്തിലും പരിശോധകളിലും നമ്മെ പുലർത്താൻ കഴിയുമെന്ന് തെളിയിക്കുന്നു. യേശുക്രിസ്തുവിന്റെ അതിശ്രേഷ്ഠ ദൃഷ്ടാന്തം നമ്മുടെ വിശ്വാസത്തെ ദൃഢവും കുലുങ്ങാത്തതുമാക്കിത്തീർക്കുന്നുവെന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്! തന്നിമിത്തം, യേശുവിനെ നമ്മുടെ നേതാവായി പിൻപററിയും നമ്മുടെ ദൈവത്തിന്റെ ബലത്തിലും, നമുക്ക് യഹോവയുടെ സാക്ഷികളെന്നനിലയിൽ നിലനിൽക്കുന്ന വിശ്വാസം പ്രകടമാക്കുന്നതിൽ തുടരാം. (w87 1/15)
നിങ്ങളുടെ ഉത്തരങ്ങൾ എന്താകുന്നു?
◻ ക്രിസ്തുവിനു മുമ്പത്തെ യഹോവയുടെ സാക്ഷികളുടെ ഏതു പ്രവൃത്തികൾ, അപകടത്തിൻമദ്ധ്യേ ദൈവത്തിലുള്ള പൂർണ്ണമായ ആശ്രയത്താൽ വിശ്വാസം പ്രകടമാക്കപ്പെടുന്നുവെന്ന് തെളിയിക്കുന്നു?
◻ വിശ്വാസത്താൽ നമുക്ക് നമ്മുടെ നിർമ്മലതയുടെ ഓരോ പരിശോധനയെയും വിജയകരമായി നേരിടാൻ കഴിയുമെന്ന് പറയുന്നതെന്തുകൊണ്ട്?
◻ വിശ്വാസത്താൽ നമുക്ക് പീഡനം സഹിക്കാൻ കഴിയുമെന്ന് എന്തു തെളിവുണ്ട്?
◻ യേശു “നമ്മുടെ വിശ്വാസത്തെ പൂർണ്ണമാക്കുന്നവൻ” എന്നു വിളിക്കപ്പെടുന്നതെന്തുകൊണ്ട്?
◻ വിശ്വാസത്തിന്റെ അനേകം മുഖവശങ്ങളിൽ ചിലത് ഏവ?
[12, 13 പേജുകളിലെ ചിത്രം]
യഹോവയിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് ദാവീദ് വിശ്വാസം പ്രകടമാക്കി. ഇന്നത്തെ യഹോവയുടെ ജനത്തിന് നല്ല ഒരു ദൃഷ്ടാന്തം!
[14-ാം പേജിലെ ചിത്രം]
“സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ പുനരുത്ഥാനത്താൽ കിട്ടി.” പുനരുത്ഥാനത്തിലുള്ള വിശ്വാസം യഹോവയോടു നിർമ്മലത പാലിക്കാൻ നമ്മെ സഹായിക്കുന്നു