യിരെമ്യ
44 ഈജിപ്ത് ദേശത്തെ മിഗ്ദോലിലും+ തഹ്പനേസിലും+ നോഫിലും*+ പത്രോസ് ദേശത്തും+ താമസിക്കുന്ന എല്ലാ ജൂതന്മാരെയും അറിയിക്കാൻ യിരെമ്യക്ക് ഈ സന്ദേശം കിട്ടി:+ 2 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘യരുശലേമിന്റെ മേലും എല്ലാ യഹൂദാനഗരങ്ങളുടെ മേലും ഞാൻ വരുത്തിയ ദുരന്തം നിങ്ങൾ കണ്ടതല്ലേ?+ അവ ഇന്ന് ആൾപ്പാർപ്പില്ലാതെ നാശകൂമ്പാരമായി കിടക്കുന്നു.+ 3 നിങ്ങൾക്കോ നിങ്ങളുടെ പൂർവികർക്കോ അറിയില്ലായിരുന്ന+ അന്യദൈവങ്ങളുടെ അടുത്ത് പോയി ബലികൾ അർപ്പിക്കുകയും+ അവയെ സേവിക്കുകയും ചെയ്ത് അവർ എന്നെ കോപിപ്പിച്ചു; ആ ദുഷ്ചെയ്തികൾ കാരണമാണ് അവർക്ക് ഇതു സംഭവിച്ചത്. 4 എന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും ഞാൻ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു. “ഞാൻ വെറുക്കുന്ന ഈ വൃത്തികേടു ദയവായി ചെയ്യരുത്”+ എന്നു പറയാൻ ഞാൻ വീണ്ടുംവീണ്ടും* അവരെ അയച്ചു. 5 പക്ഷേ നിങ്ങൾ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്തില്ല. ദുഷ്ചെയ്തികളിൽനിന്ന് പിന്തിരിയാൻ മനസ്സുകാണിക്കാതെ അവർ അന്യദൈവങ്ങൾക്കു ബലി അർപ്പിച്ചുകൊണ്ടിരുന്നു.+ 6 അതുകൊണ്ട് ഞാൻ എന്റെ കോപവും ക്രോധവും ചൊരിഞ്ഞു; അത് യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും ആളിപ്പടർന്നു. അങ്ങനെ അവ ഇന്നത്തേതുപോലെ ഒരു നാശകൂമ്പാരവും പാഴിടവും ആയിത്തീർന്നു.’+
7 “ഇപ്പോൾ സൈന്യങ്ങളുടെ ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ, പറയുന്നു: ‘നിങ്ങൾ നിങ്ങൾക്കുതന്നെ ഒരു വലിയ ദുരന്തം വരുത്തിവെക്കുന്നത് എന്തിനാണ്? യഹൂദയിൽ ആരും ബാക്കിവരാത്ത രീതിയിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും സഹിതം നിങ്ങൾ ഒന്നാകെ നശിച്ചുപോകില്ലേ? 8 നിങ്ങൾ താമസമാക്കാൻ ചെന്നിരിക്കുന്ന ഈജിപ്ത് ദേശത്തുവെച്ച് അന്യദൈവങ്ങൾക്കു ബലി അർപ്പിച്ചുകൊണ്ട് നിങ്ങളുടെ പ്രവൃത്തികളാൽ എന്തിന് എന്നെ കോപിപ്പിക്കണം? നിങ്ങൾ നശിക്കും. ഭൂമിയിലെ എല്ലാ ജനതകളുടെയും ഇടയിൽ നിങ്ങൾ ശാപത്തിനും നിന്ദയ്ക്കും പാത്രമാകും.+ 9 യഹൂദാദേശത്തും യരുശലേംതെരുവുകളിലും നിങ്ങളുടെ പൂർവികരും യഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരും+ നിങ്ങളും നിങ്ങളുടെ ഭാര്യമാരും+ ചെയ്തുകൂട്ടിയ ദുഷ്ടതയൊക്കെ നിങ്ങൾ മറന്നുപോയോ?+ 10 ഈ ദിവസംവരെ നിങ്ങൾ താഴ്മ കാണിച്ചിട്ടില്ല. നിങ്ങൾക്ക് ഒട്ടും പേടിയില്ല.+ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും ഞാൻ നൽകിയ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിങ്ങൾ നടന്നിട്ടുമില്ല.’+
11 “അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘യഹൂദയെ മുഴുവൻ നശിപ്പിക്കാൻവേണ്ടി ഞാൻ ഇതാ, നിങ്ങൾക്ക് ഒരു ദുരന്തം വരുത്താൻ തീരുമാനിച്ചുറച്ചിരിക്കുന്നു. 12 ഈജിപ്ത് ദേശത്തേക്കു പോയി അവിടെ താമസിക്കാൻ തീരുമാനിച്ച യഹൂദാജനത്തിലെ ബാക്കിയുള്ളവരെ ഞാൻ പിടികൂടും. ഈജിപ്ത് ദേശത്തുവെച്ച് അവരെല്ലാം ചത്തൊടുങ്ങും.+ അവർ വാളാൽ വീഴും, ക്ഷാമത്താൽ നശിച്ചുപോകും. ചെറിയവൻമുതൽ വലിയവൻവരെ എല്ലാവരും വാളാലും ക്ഷാമത്താലും മരിക്കും. അവർ ഒരു ശാപവും ഭീതികാരണവും പ്രാക്കും നിന്ദയും ആകും.+ 13 യരുശലേമിനെ ശിക്ഷിച്ചതുപോലെതന്നെ ഈജിപ്ത് ദേശത്ത് താമസിക്കുന്നവരെയും ഞാൻ വാളും ക്ഷാമവും മാരകമായ പകർച്ചവ്യാധിയും കൊണ്ട് ശിക്ഷിക്കും.+ 14 ഈജിപ്ത് ദേശത്ത് താമസിക്കാൻ പോയ യഹൂദാജനത്തിൽ ബാക്കിയുള്ളവർ അതിജീവിക്കില്ല; അവർ രക്ഷപ്പെട്ട് യഹൂദാദേശത്തേക്കു മടങ്ങിവരില്ല. തിരിച്ചുവന്ന് അവിടെ താമസിക്കാൻ അവരുടെ മനസ്സു കൊതിക്കും. പക്ഷേ അതു നടക്കില്ല; കുറച്ച് പേർ മാത്രമേ രക്ഷപ്പെട്ട് മടങ്ങിവരൂ.’”
15 ഭാര്യമാർ അന്യദൈവങ്ങൾക്കു ബലി അർപ്പിക്കുന്നുണ്ടെന്ന കാര്യം അറിയാമായിരുന്ന എല്ലാ പുരുഷന്മാരും വലിയ കൂട്ടമായി അവിടെ നിന്നിരുന്ന ഭാര്യമാരും ഈജിപ്ത് ദേശത്തെ+ പത്രോസിൽ+ താമസിച്ചിരുന്ന സർവജനവും അപ്പോൾ യിരെമ്യയോടു പറഞ്ഞു: 16 “യഹോവയുടെ നാമത്തിൽ നീ ഞങ്ങളോടു പറഞ്ഞ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ഞങ്ങളെ കിട്ടില്ല. 17 പകരം, ഞങ്ങൾ സ്വന്തം വായാൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണു ചെയ്യാൻപോകുന്നത്. ഒന്നുപോലും വിടാതെ അതെല്ലാം ഞങ്ങൾ ചെയ്തിരിക്കും. യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും വെച്ച് ഞങ്ങളും ഞങ്ങളുടെ പൂർവികരും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ചെയ്തതുപോലെതന്നെ ഞങ്ങൾ ആകാശരാജ്ഞിക്കു* ബലികളും പാനീയയാഗങ്ങളും അർപ്പിക്കും.+ കാരണം, അത് അർപ്പിച്ച കാലത്തെല്ലാം ഞങ്ങൾക്കു വേണ്ടുവോളം ആഹാരമുണ്ടായിരുന്നു. ഞങ്ങൾക്ക് ഒന്നിനും കുറവില്ലായിരുന്നു. ഒരു ആപത്തും ഞങ്ങൾക്ക് ഉണ്ടായില്ല. 18 പക്ഷേ ആകാശരാജ്ഞിക്കു ബലികളും പാനീയയാഗങ്ങളും അർപ്പിക്കുന്നതു നിറുത്തിയ സമയംമുതൽ ഞങ്ങൾ ഒന്നുമില്ലാത്തവരായി. വാളാലും ക്ഷാമത്താലും ഞങ്ങൾ നശിച്ചു.”
19 സ്ത്രീകൾ ഇങ്ങനെയും പറഞ്ഞു: “ഞങ്ങൾ ആകാശരാജ്ഞിക്കു ബലികളും പാനീയയാഗങ്ങളും അർപ്പിച്ചിരുന്ന കാലത്ത് ബലിക്കുവേണ്ടി ആ ദേവിയുടെ രൂപത്തിലുള്ള അടകൾ ഉണ്ടാക്കിയതും ദേവിക്കു പാനീയയാഗം അർപ്പിച്ചതും ഞങ്ങളുടെ ഭർത്താക്കന്മാരുടെ സമ്മതത്തോടെതന്നെയല്ലേ?”
20 അപ്പോൾ യിരെമ്യ സർവജനത്തോടും, അതായത് പുരുഷന്മാരോടും അവരുടെ ഭാര്യമാരോടും തന്നോടു സംസാരിച്ചുകൊണ്ടിരുന്ന എല്ലാ ജനത്തോടും, ഇങ്ങനെ പറഞ്ഞു: 21 “നിങ്ങളും നിങ്ങളുടെ പൂർവികരും നിങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തെ ജനവും യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും അർപ്പിച്ച ആ ബലികളുണ്ടല്ലോ+—യഹോവ അവ ഓർത്തു. അവ ദൈവത്തിന്റെ മനസ്സിലേക്കു* വന്നു. 22 ഒടുവിൽ യഹോവയ്ക്കു നിങ്ങളുടെ ദുഷ്പ്രവൃത്തികളും നിങ്ങൾ ചെയ്തുകൂട്ടിയ വൃത്തികേടുകളും സഹിക്കവയ്യാതായി. അങ്ങനെ നിങ്ങളുടെ ദേശം ഇന്നത്തേതുപോലെ ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കുന്ന ഒരിടമായിത്തീർന്നു, പേടിപ്പെടുത്തുന്നതും ശപിക്കപ്പെട്ടതും ആയ ഒരിടം.+ 23 നിങ്ങൾ ഈ ബലികൾ അർപ്പിച്ചതുകൊണ്ടും യഹോവയുടെ വാക്കു കേട്ടനുസരിക്കാതെ, ദൈവത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ഓർമിപ്പിക്കലുകളും പാലിക്കാതെ, യഹോവയോടു പാപം ചെയ്തതുകൊണ്ടും ആണ് നിങ്ങളുടെ മേൽ ദുരന്തം വന്നത്; ഇന്നും നിങ്ങളുടെ അവസ്ഥയ്ക്കു മാറ്റമൊന്നുമില്ലല്ലോ.”+
24 യിരെമ്യ സർവജനത്തോടും എല്ലാ സ്ത്രീകളോടും ഇങ്ങനെയും പറഞ്ഞു: “ഈജിപ്ത് ദേശത്തുള്ള യഹൂദാജനമേ, യഹോവയുടെ സന്ദേശം കേൾക്കൂ. 25 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘നിങ്ങളും നിങ്ങളുടെ ഭാര്യമാരും സ്വന്തം വായ്കൊണ്ട് പറഞ്ഞതു സ്വന്തം കൈയാൽ ചെയ്തിരിക്കുന്നു. “ആകാശരാജ്ഞിക്കു ബലികളും പാനീയയാഗങ്ങളും അർപ്പിക്കുമെന്നു നേർന്ന നേർച്ച ഞങ്ങൾ തീർച്ചയായും നിറവേറ്റും”+ എന്നു നിങ്ങൾ പറഞ്ഞിരുന്നല്ലോ. സ്ത്രീകളേ, നിങ്ങൾ എന്തായാലും നിങ്ങളുടെ നേർച്ച നിവർത്തിക്കും, നേർന്നതെല്ലാം നിറവേറ്റും.’
26 “അതുകൊണ്ട്, ഈജിപ്ത് ദേശത്ത് താമസിക്കുന്ന യഹൂദാജനമേ, യഹോവയുടെ സന്ദേശം കേൾക്കൂ: ‘“ഞാൻ ഇതാ, മഹനീയമായ എന്റെ സ്വന്തം നാമത്തിൽ സത്യം ചെയ്യുകയാണ്” എന്ന് യഹോവ പറയുന്നു. “ഈജിപ്ത് ദേശത്ത് താമസിക്കുന്ന യഹൂദാജനത്തിൽ ആരും,+ ‘പരമാധികാരിയായ യഹോവയാണെ’ എന്നു പറഞ്ഞ് മേലാൽ എന്റെ നാമത്തിൽ ആണയിടില്ല.+ 27 എന്റെ കണ്ണ് അവരുടെ മേൽ ഉണ്ട്. അതു പക്ഷേ അവർക്കു നന്മ ചെയ്യാനല്ല, ദുരന്തം വരുത്താനാണ്.+ ഈജിപ്ത് ദേശത്തുള്ള എല്ലാ യഹൂദാപുരുഷന്മാരും നിർമൂലമാകുന്നതുവരെ വാളും ക്ഷാമവും അവരെ വേട്ടയാടും.+ 28 ചുരുക്കം ചിലർ മാത്രമേ വാളിൽനിന്ന് രക്ഷപ്പെട്ട് ഈജിപ്തിൽനിന്ന് യഹൂദാദേശത്തേക്കു മടങ്ങുകയുള്ളൂ.+ ഞാൻ പറഞ്ഞതുപോലെയാണോ അവർ പറഞ്ഞതുപോലെയാണോ കാര്യങ്ങൾ നടന്നതെന്ന് ഈജിപ്തിൽ താമസിക്കാൻ വന്ന യഹൂദാജനത്തിൽ ബാക്കിയുള്ളവർക്കെല്ലാം അപ്പോൾ മനസ്സിലാകും!”’”
29 “‘ഈ സ്ഥലത്തുവെച്ച് ഞാൻ നിങ്ങളെ ശിക്ഷിക്കും എന്നതിനു ഞാൻ ഇതാ, നിങ്ങൾക്ക് ഒരു അടയാളം തരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അങ്ങനെ, നിങ്ങൾക്കെതിരെ ദുരന്തം വരുത്തുമെന്നുള്ള എന്റെ സന്ദേശങ്ങൾ അതുപോലെതന്നെ സംഭവിക്കുമെന്നു നിങ്ങൾ അറിയും. 30 യഹോവ പറയുന്നത് ഇതാണ്: “ഞാൻ യഹൂദയിലെ സിദെക്കിയ രാജാവിനെ അവന്റെ ശത്രുവും അവന്റെ ജീവനെടുക്കാൻ നോക്കിയവനും ആയ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെ കൈയിൽ ഏൽപ്പിച്ചില്ലേ? അതുപോലെതന്നെ ഈജിപ്തിലെ രാജാവായ ഹൊഫ്ര എന്ന ഫറവോനെയും ഞാൻ ഇതാ, അവന്റെ ശത്രുക്കളുടെയും അവന്റെ ജീവനെടുക്കാൻ നോക്കുന്നവരുടെയും കൈയിൽ ഏൽപ്പിക്കുന്നു.”’”+