ന്യായാധിപന്മാർ
9 അക്കാലത്ത് യരുബ്ബാലിന്റെ മകനായ അബീമേലെക്ക്+ ശെഖേമിൽ അമ്മയുടെ ആങ്ങളമാരുടെ അടുത്ത് ചെന്നു. അബീമേലെക്ക് അവരോടും മുത്തച്ഛന്റെ കുടുംബത്തിലുള്ള എല്ലാവരോടും* പറഞ്ഞു: 2 “ദയവായി ശെഖേമിലെ എല്ലാ തലവന്മാരോടും* നിങ്ങൾ ഇങ്ങനെ ചോദിക്കണം: ‘യരുബ്ബാലിന്റെ 70 ആൺമക്കളുംകൂടി+ നിങ്ങളെ ഭരിക്കുന്നതോ അതോ ഒരാൾ നിങ്ങളെ ഭരിക്കുന്നതോ ഏതാണു നിങ്ങൾക്കു നല്ലതായി തോന്നുന്നത്? ഞാൻ നിങ്ങളുടെ സ്വന്തം അസ്ഥിയും മാംസവും* ആണെന്ന കാര്യം മറക്കരുത്.’”
3 അങ്ങനെ അബീമേലെക്കിന്റെ അമ്മയുടെ ആങ്ങളമാർ അയാൾക്കുവേണ്ടി എല്ലാ തലവന്മാരോടും ഇക്കാര്യം സംസാരിച്ചു. അവരുടെ ഹൃദയം അബീമേലെക്കിലേക്കു ചാഞ്ഞു. അവർ പറഞ്ഞു: “എന്തായാലും അബീമേലെക്ക് നമ്മുടെ സഹോദരനല്ലേ.” 4 പിന്നെ അവർ ബാൽബരീത്തിന്റെ+ ഭവനത്തിൽനിന്ന്* 70 വെള്ളിക്കാശ് എടുത്ത് അബീമേലെക്കിനു കൊടുത്തു. അബീമേലെക്ക് അതുകൊണ്ട് വേലയും കൂലിയും ഇല്ലാത്ത, ധിക്കാരികളായ ചിലരെ കൂലിക്കെടുത്ത് തന്റെകൂടെ കൂട്ടി. 5 എന്നിട്ട് ഒഫ്രയിൽ+ അപ്പന്റെ ഭവനത്തിലേക്കു ചെന്ന് യരുബ്ബാലിന്റെ മക്കളായ തന്റെ 70 സഹോദരന്മാരെയും ഒരു കല്ലിൽവെച്ച് കൊന്നുകളഞ്ഞു.+ എന്നാൽ യരുബ്ബാലിന്റെ ഏറ്റവും ഇളയ മകനായ യോഥാം ഒളിച്ചിരുന്നതുകൊണ്ട് യോഥാം മാത്രം രക്ഷപ്പെട്ടു.
6 അപ്പോൾ ശെഖേമിലെ എല്ലാ തലവന്മാരും ബേത്ത്-മില്ലോയിലുള്ളവരും ഒന്നിച്ചുകൂടി ശെഖേമിലെ സ്തംഭത്തിന് അടുത്തുവെച്ച്, വലിയ മരത്തിന് അരികെവെച്ച്, അബീമേലെക്കിനെ രാജാവാക്കി.+
7 ഇത് അറിഞ്ഞ ഉടനെ യോഥാം ഗരിസീം പർവതത്തിന്റെ+ മുകളിൽ കയറിനിന്ന് അവരോട് ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ശെഖേമിലെ തലവന്മാരേ, ഞാൻ പറയുന്നതു കേൾക്കൂ! അപ്പോൾ നിങ്ങൾ പറയുന്നതു ദൈവവും കേൾക്കും.
8 “പണ്ടൊരിക്കൽ മരങ്ങൾ അവർക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്യാൻ പോയി. അവ ഒലിവ് മരത്തോട്, ‘നീ ഞങ്ങളെ ഭരിക്കുക’+ എന്നു പറഞ്ഞു. 9 എന്നാൽ ഒലിവ് മരം അവയോടു ചോദിച്ചു: ‘ദൈവത്തെയും മനുഷ്യരെയും മഹത്ത്വപ്പെടുത്താൻ ഉപകരിക്കുന്ന എന്റെ എണ്ണ* ഉപേക്ഷിച്ച് ഞാൻ മറ്റു മരങ്ങൾക്കു മേൽ ആടിയുലയാൻ പോകണോ?’ 10 പിന്നെ മരങ്ങൾ അത്തി മരത്തിന്റെ അടുത്ത് ചെന്ന്, ‘വന്ന് ഞങ്ങളെ ഭരിക്കുക’ എന്നു പറഞ്ഞു. 11 പക്ഷേ അത്തി മരം അവയോടു ചോദിച്ചു: ‘എന്റെ മാധുര്യവും നല്ല പഴങ്ങളും ഉപേക്ഷിച്ച് ഞാൻ മറ്റു മരങ്ങൾക്കു മേൽ ആടിയുലയാൻ പോകണോ?’ 12 പിന്നീട് മരങ്ങൾ ചെന്ന് മുന്തിരിവള്ളിയോട്, ‘വന്ന് ഞങ്ങളെ ഭരിക്കുക’ എന്നു പറഞ്ഞു. 13 മുന്തിരിവള്ളി അവയോടു ചോദിച്ചു: ‘ദൈവത്തെയും മനുഷ്യരെയും ആഹ്ലാദിപ്പിക്കുന്ന എന്റെ പുതുവീഞ്ഞ് ഉപേക്ഷിച്ച് ഞാൻ മറ്റു മരങ്ങൾക്കു മേൽ ആടിയുലയാൻ പോകണോ?’ 14 ഒടുവിൽ എല്ലാ മരങ്ങളുംകൂടി മുൾച്ചെടിയുടെ അടുത്ത് ചെന്ന്, ‘വന്ന് ഞങ്ങളെ ഭരിക്കുക’+ എന്നു പറഞ്ഞു. 15 അപ്പോൾ മുൾച്ചെടി മരങ്ങളോടു പറഞ്ഞു: ‘നിങ്ങൾ ശരിക്കും എന്നെ നിങ്ങളുടെ രാജാവായി അഭിഷേകം ചെയ്യുകയാണെങ്കിൽ വന്ന് എന്റെ തണലിൽ അഭയം തേടുക. മറിച്ചാണെങ്കിൽ മുൾച്ചെടിയിൽനിന്ന് തീ പുറപ്പെട്ട് ലബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ.’
16 “അബീമേലെക്കിനെ രാജാവാക്കിയ കാര്യത്തിൽ+ നിങ്ങൾ ആത്മാർഥതയും മാന്യതയും ആണോ കാണിച്ചത്? യരുബ്ബാലിനോടും യരുബ്ബാലിന്റെ കുടുംബത്തോടും നിങ്ങൾ നന്മയാണോ ചെയ്തത്? യരുബ്ബാൽ അർഹിക്കുന്ന വിധത്തിലാണോ നിങ്ങൾ യരുബ്ബാലിനോടു പെരുമാറിയത്? 17 നിങ്ങൾക്കുവേണ്ടി പോരാടിയ എന്റെ അപ്പൻ+ ജീവൻ പണയം വെച്ചാണു മിദ്യാന്യരുടെ കൈയിൽനിന്ന് നിങ്ങളെ രക്ഷിച്ചത്.+ 18 എന്നാൽ ഇന്ന് ഇതാ, നിങ്ങൾ എന്റെ അപ്പന്റെ കുടുംബത്തിന് എതിരെ എഴുന്നേറ്റ് അപ്പന്റെ 70 ആൺമക്കളെ ഒരു കല്ലിൽവെച്ച് കൊന്നിരിക്കുന്നു.+ എന്നിട്ട് നിങ്ങളുടെ സഹോദരനാണെന്ന ഒറ്റ കാരണത്താൽ യരുബ്ബാലിന്റെ ദാസിയുടെ മകനായ+ അബീമേലെക്കിനെ ശെഖേമിലെ തലവന്മാരുടെ രാജാവായി വാഴിച്ചു. 19 നിങ്ങൾ ഇപ്പോൾ ആത്മാർഥതയോടും മാന്യതയോടും കൂടെയാണ് യരുബ്ബാലിനോടും കുടുംബത്തോടും ഇടപെടുന്നതെങ്കിൽ അബീമേലെക്കിൽ സന്തോഷിച്ചുകൊള്ളുക; അബീമേലെക്ക് നിങ്ങളിലും സന്തോഷിക്കട്ടെ. 20 അങ്ങനെയല്ലെങ്കിൽ, അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ട് ശെഖേമിലെ തലവന്മാരെയും ബേത്ത്-മില്ലോയിലുള്ളവരെയും+ ദഹിപ്പിക്കട്ടെ. ശെഖേമിലെ തലവന്മാരിൽനിന്നും ബേത്ത്-മില്ലോയിൽനിന്നും തീ പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.”+
21 പിന്നെ യോഥാം+ ബേരിലേക്ക് ഓടിരക്ഷപ്പെട്ടു. സഹോദരനായ അബീമേലെക്കിനെ പേടിച്ച് യോഥാം അവിടെ താമസിച്ചു.
22 അബീമേലെക്ക് മൂന്നു വർഷം ഇസ്രായേലിനെ ഭരിച്ചു.* 23 പിന്നെ അബീമേലെക്കിനും ശെഖേമിലെ തലവന്മാർക്കും ഇടയിൽ ശത്രുത വളരാൻ ദൈവം ഇടയാക്കി.* അവർ അബീമേലെക്കിനോടു വിശ്വാസവഞ്ചന കാണിച്ചു. 24 അങ്ങനെ, യരുബ്ബാലിന്റെ 70 ആൺമക്കളോടു ചെയ്ത ക്രൂരതയ്ക്കു ദൈവം പകരം ചോദിച്ചു. അവരുടെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം അവരെ കൊന്ന അവരുടെ സഹോദരൻ അബീമേലെക്കിന്റെ മേലും+ കൊലയ്ക്കു കൂട്ടുനിന്ന ശെഖേമിലെ തലവന്മാരുടെ മേലും വന്നു. 25 ശെഖേമിലെ തലവന്മാർ അബീമേലെക്കിനെ പതിയിരുന്ന് ആക്രമിക്കാൻ മലമുകളിൽ ആളുകളെ നിറുത്തി. അവരുടെ അടുത്തുകൂടി പോകുന്ന വഴിയാത്രക്കാരെയെല്ലാം അവർ കൊള്ളയടിക്കുമായിരുന്നു. ഇക്കാര്യം അബീമേലെക്ക് അറിഞ്ഞു.
26 പിന്നീട് ഏബെദിന്റെ മകനായ ഗാലും സഹോദരന്മാരും ശെഖേമിലേക്കു+ വന്നു. ശെഖേമിലെ തലവന്മാർ ഗാലിൽ വിശ്വാസമർപ്പിച്ചു. 27 അവർ അവരുടെ മുന്തിരിത്തോട്ടത്തിലേക്കു ചെന്ന് മുന്തിരിയെല്ലാം ശേഖരിച്ച് ചക്കിലിട്ട് ചവിട്ടി ഒരു ഉത്സവം കൊണ്ടാടി. പിന്നെ അവർ അവരുടെ ദൈവത്തിന്റെ+ മന്ദിരത്തിൽ ചെന്ന് തിന്നുകയും കുടിക്കുകയും അബീമേലെക്കിനെ ശപിക്കുകയും ചെയ്തു. 28 ഏബെദിന്റെ മകനായ ഗാൽ പറഞ്ഞു: “അബീമേലെക്ക് ആരാണ്? നമ്മൾ അവനെ സേവിക്കാൻ ശെഖേം ആരാണ്? അബീമേലെക്ക് യരുബ്ബാലിന്റെ+ മകനല്ലേ? സെബൂൽ അയാളുടെ കാര്യാധിപനുമല്ലേ? ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളെ സേവിക്ക്! അല്ലാതെ നമ്മൾ എന്തിനാണ് അബീമേലെക്കിനെ സേവിക്കുന്നത്? 29 ഈ ജനം എന്റെ കീഴിലായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ അധികാരത്തിൽനിന്ന് താഴെ ഇറക്കുമായിരുന്നു.” പിന്നെ ഗാൽ അബീമേലെക്കിനെ ഇങ്ങനെ വെല്ലുവിളിച്ചു: “നിന്റെ സൈന്യത്തിന്റെ അംഗബലം വർധിപ്പിച്ച് യുദ്ധത്തിനു വരൂ.”
30 എന്നാൽ ഏബെദിന്റെ മകനായ ഗാൽ പറഞ്ഞതു കേട്ടപ്പോൾ നഗരത്തിന്റെ പ്രഭുവായ സെബൂലിനു ദേഷ്യം വന്നു. 31 സെബൂൽ രഹസ്യമായി* അബീമേലെക്കിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ അറിയിച്ചു: “ഇതാ, ഏബെദിന്റെ മകനായ ഗാലും സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു! അവർ ഇവിടെ നഗരവാസികളെ അങ്ങയ്ക്കെതിരെ തിരിച്ചുകൊണ്ടിരിക്കുകയാണ്. 32 അതുകൊണ്ട് അങ്ങും അങ്ങയുടെ ആളുകളും രാത്രി വന്ന് നഗരത്തിനു വെളിയിൽ പതിയിരിക്കണം. 33 അതിരാവിലെ സൂര്യൻ ഉദിച്ച ഉടനെ അങ്ങ് പുറപ്പെട്ട് നഗരത്തെ ആക്രമിക്കണം. ഗാലും അയാളുടെ ആളുകളും അങ്ങയ്ക്കെതിരെ വരുമ്പോൾ എന്തു ചെയ്തിട്ടായാലും അങ്ങ് അയാളെ തോൽപ്പിക്കണം.”
34 അങ്ങനെ രാത്രി അബീമേലെക്കും കൂടെയുള്ളവരും ചെന്ന് നാലു സംഘമായി ശെഖേമിന് എതിരെ പതിയിരുന്നു. 35 ഏബെദിന്റെ മകനായ ഗാൽ പുറത്ത് വന്ന് നഗരവാതിൽക്കൽ നിന്നപ്പോൾ അബീമേലെക്കും ആളുകളും അവർ പതിയിരുന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റു. 36 ആളുകളെ കണ്ടപ്പോൾ ഗാൽ സെബൂലിനോടു പറഞ്ഞു: “അതാ, അവിടെ മലമുകളിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു!” എന്നാൽ സെബൂൽ ഗാലിനോടു പറഞ്ഞു: “അതു മലകളുടെ നിഴലാണ്; മനുഷ്യരെപ്പോലെ അങ്ങയ്ക്കു തോന്നുന്നതാണ്.”
37 ഗാൽ പിന്നെയും പറഞ്ഞു: “അതാ, ദേശത്തിന്റെ മധ്യേനിന്ന് ആളുകൾ ഇറങ്ങിവരുന്നു. മിയൊണിമിലെ വലിയ മരത്തിന്റെ അടുത്തുകൂടിയും ഒരു സംഘം വരുന്നുണ്ട്.” 38 അപ്പോൾ സെബൂൽ ഗാലിനോട്: “‘നമ്മൾ അബീമേലെക്കിനെ സേവിക്കാൻ അയാൾ ആരാണ്’+ എന്നു പറഞ്ഞ് അങ്ങ് വീമ്പിളക്കിയില്ലേ? ഇപ്പോൾ എന്തായി? അങ്ങ് പുച്ഛിച്ചുതള്ളിയ ആളുകളാണ് ആ വരുന്നത്. പോയി അവരോടു യുദ്ധം ചെയ്യുക.”
39 അങ്ങനെ ഗാൽ ശെഖേമിലെ തലവന്മാർക്കു നേതാവായി ചെന്ന് അബീമേലെക്കിനോടു യുദ്ധം ചെയ്തു. 40 ഗാൽ അബീമേലെക്കിന്റെ മുന്നിൽനിന്ന് തോറ്റോടി. അബീമേലെക്ക് അയാളെ പിന്തുടർന്നു. യുദ്ധത്തിൽ അനേകർ കൊല്ലപ്പെട്ടു; അവരുടെ ശവങ്ങൾ നഗരകവാടംവരെ വീണുകിടന്നു.
41 അബീമേലെക്ക് അരൂമയിൽത്തന്നെ താമസിച്ചു. ഗാലിനെയും സഹോദരന്മാരെയും സെബൂൽ+ ശെഖേമിൽനിന്ന് പുറത്താക്കി. 42 അടുത്ത ദിവസം ജനം നഗരത്തിനു വെളിയിലേക്കു പോയി. അതെക്കുറിച്ച് അബീമേലെക്കിനു വിവരം കിട്ടി. 43 അബീമേലെക്ക് തന്റെ ആളുകളെ മൂന്നു സംഘമായി വിഭാഗിച്ച് നഗരത്തിനു വെളിയിൽ ഒളിച്ചിരുന്നു. ആളുകൾ നഗരത്തിനു പുറത്തേക്കു വന്നപ്പോൾ അവരെ ആക്രമിച്ച് കൊലപ്പെടുത്തി. 44 അബീമേലെക്കും സംഘവും പാഞ്ഞുചെന്ന് നഗരത്തിന്റെ പ്രവേശനകവാടത്തിൽ നിലയുറപ്പിച്ചു. മറ്റു രണ്ടു സംഘങ്ങൾ നഗരത്തിനു വെളിയിലുണ്ടായിരുന്നവരെയെല്ലാം ആക്രമിച്ച് അവരെ കൊലപ്പെടുത്തി. 45 അന്നു മുഴുവൻ നഗരത്തോടു പോരാടി അബീമേലെക്ക് അതു പിടിച്ചെടുത്തു. അതിലെ ആളുകളെ കൊന്ന് നഗരം ഇടിച്ചുനിരത്തി+ അതിൽ ഉപ്പു വിതറി.
46 ഇതെക്കുറിച്ച് കേട്ടപ്പോൾ ശെഖേംഗോപുരത്തിലെ തലവന്മാരെല്ലാം പെട്ടെന്നുതന്നെ ഏൽബരീത്തിന്റെ+ മന്ദിരത്തിലെ* നിലവറയിൽ* കയറി. 47 ശെഖേംഗോപുരത്തിലെ തലവന്മാരെല്ലാം ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു കേട്ട ഉടനെ 48 അബീമേലെക്കും ആളുകളും സൽമോൻ പർവതത്തിലേക്കു ചെന്നു. അബീമേലെക്ക് ഒരു കോടാലി എടുത്ത് ഒരു മരത്തിന്റെ കൊമ്പു വെട്ടി തോളിൽ വെച്ചു. എന്നിട്ട് കൂടെയുള്ളവരോട്, “വേഗം ഞാൻ ചെയ്തതുപോലെതന്നെ ചെയ്യുക!” എന്നു പറഞ്ഞു. 49 അവരും മരക്കൊമ്പുകൾ വെട്ടിയെടുത്ത് അബീമേലെക്കിന്റെ പിന്നാലെ ചെന്നു. അവർ ആ കൊമ്പുകൾ നിലവറയോടു ചേർത്തുവെച്ച് അതിനു തീയിട്ടു. അങ്ങനെ ശെഖേംഗോപുരത്തിലുണ്ടായിരുന്നവരും—പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ ഏകദേശം 1,000 പേർ—മരിച്ചൊടുങ്ങി.
50 പിന്നെ അബീമേലെക്ക് തേബെസിലേക്കു ചെന്നു. തേബെസിന് എതിരെ പാളയമിറങ്ങി അതു പിടിച്ചെടുത്തു. 51 ആ നഗരത്തിനു നടുവിൽ ഉറപ്പുള്ള ഒരു ഗോപുരമുണ്ടായിരുന്നു. നഗരത്തിലെ എല്ലാ തലവന്മാരും സ്ത്രീപുരുഷന്മാരും അതിലേക്ക് ഓടിക്കയറി വാതിൽ അടച്ചു. അവർ ഗോപുരത്തിന്റെ മുകളിലേക്കു കയറി. 52 അബീമേലെക്ക് ഗോപുരത്തിന് അടുത്തേക്കു ചെന്ന് അതിനെ ആക്രമിച്ചു. തീയിടാനായി ഗോപുരത്തിന്റെ വാതിലിന് അടുത്ത് ചെന്നപ്പോൾ 53 ഒരു സ്ത്രീ തിരികല്ലിന്റെ മേൽക്കല്ല് എടുത്ത് അബീമേലെക്കിന്റെ തലയിലേക്ക് ഇട്ടു; അബീമേലെക്കിന്റെ തലയോട്ടി തകർന്നു.+ 54 അബീമേലെക്ക് ഉടനെ ആയുധവാഹകനായ പരിചാരകനെ വിളിച്ച് അയാളോടു പറഞ്ഞു: “‘ഒരു സ്ത്രീ അബീമേലെക്കിനെ കൊന്നു’ എന്ന് എന്നെക്കുറിച്ച് ആരും പറയാതിരിക്കാൻ നിന്റെ വാൾ ഊരി എന്നെ കൊല്ലുക.” അങ്ങനെ ആ പരിചാരകൻ അബീമേലെക്കിനെ കുത്തി; അബീമേലെക്ക് മരിച്ചു.
55 അബീമേലെക്ക് മരിച്ചെന്നു കണ്ടപ്പോൾ ഇസ്രായേൽപുരുഷന്മാരെല്ലാം അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി. 56 അങ്ങനെ, 70 സഹോദരന്മാരെ കൊന്നുകൊണ്ട് അബീമേലെക്ക് അപ്പനോടു ചെയ്ത ദുഷ്ടതയ്ക്കു ദൈവം പകരം ചോദിച്ചു.+ 57 ശെഖേമിലെ പുരുഷന്മാരുടെ ദുഷ്ടത അവരുടെ തലമേൽത്തന്നെ വരാനും ദൈവം ഇടവരുത്തി. അങ്ങനെ യരുബ്ബാലിന്റെ+ മകനായ യോഥാമിന്റെ ശാപം+ അവരുടെ മേൽ വന്നു.