യോഹന്നാൻ എഴുതിയത്
8 12 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ വെളിച്ചമാണ്.+ എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും ഇരുട്ടിൽ നടക്കില്ല. അയാൾക്കു ജീവന്റെ വെളിച്ചമുണ്ടായിരിക്കും.”+ 13 അപ്പോൾ പരീശന്മാർ യേശുവിനോടു പറഞ്ഞു: “നീതന്നെ നിന്നെക്കുറിച്ച് സാക്ഷി പറയുന്നു. നിന്റെ വാക്കുകൾ സത്യമല്ല.” 14 അപ്പോൾ യേശു പറഞ്ഞു: “ഞാൻതന്നെ എന്നെക്കുറിച്ച് സാക്ഷി പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം ഞാൻ എവിടെനിന്ന് വന്നെന്നും എവിടേക്കു പോകുന്നെന്നും എനിക്ക് അറിയാം.+ എന്നാൽ ഞാൻ എവിടെനിന്ന് വന്നെന്നും എവിടേക്കു പോകുന്നെന്നും നിങ്ങൾക്ക് അറിയില്ല. 15 നിങ്ങൾ പുറമേ കാണുന്നതനുസരിച്ച്* വിധിക്കുന്നു.+ ഞാൻ പക്ഷേ ആരെയും വിധിക്കുന്നില്ല. 16 അഥവാ വിധിച്ചാൽത്തന്നെ അതു ശരിയായ വിധിയായിരിക്കും. കാരണം ഞാൻ തനിച്ചല്ല, എന്നെ അയച്ച പിതാവ് എന്റെകൂടെയുണ്ട്.+ 17 ‘രണ്ടു പേർ സാക്ഷ്യപ്പെടുത്തിയാൽ ഒരു കാര്യം സത്യമാണ്’+ എന്നു നിങ്ങളുടെ നിയമത്തിൽത്തന്നെ എഴുതിയിട്ടുണ്ടല്ലോ. 18 എന്നെക്കുറിച്ച് സാക്ഷി പറയുന്ന ഒരാൾ ഞാൻതന്നെയാണ്. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷി പറയുന്നു.”+ 19 അപ്പോൾ അവർ, “അതിനു നിങ്ങളുടെ പിതാവ് എവിടെ” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിയില്ല.+ എന്നെ അറിയാമായിരുന്നെങ്കിൽ നിങ്ങൾ എന്റെ പിതാവിനെയും അറിയുമായിരുന്നു.”+ 20 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന യേശു ഖജനാവിൽവെച്ചാണ്+ ഇതൊക്കെ പറഞ്ഞത്. പക്ഷേ യേശുവിന്റെ സമയം അപ്പോഴും വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും യേശുവിനെ പിടികൂടിയില്ല.+
21 യേശു പിന്നെയും അവരോടു പറഞ്ഞു: “ഞാൻ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും. എങ്കിലും നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും.+ ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല.”+ 22 അപ്പോൾ ജൂതന്മാർ ചോദിച്ചു: “‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്ന് ഇയാൾ പറയുന്നത് എന്താണ്? ഇയാൾ എന്താ ആത്മഹത്യ ചെയ്യാൻ പോകുകയാണോ?” 23 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “നിങ്ങൾ താഴെനിന്നുള്ളവർ. ഞാനോ ഉയരങ്ങളിൽനിന്നുള്ളവൻ.+ നിങ്ങൾ ഈ ലോകത്തുനിന്നുള്ളവർ. ഞാനോ ഈ ലോകത്തുനിന്നുള്ളവനല്ല. 24 അതുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞത്. വരാനിരുന്നവൻ ഞാനാണ് എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും.” 25 അപ്പോൾ അവർ യേശുവിനോട്, “നീ ആരാണ്” എന്നു ചോദിച്ചു. യേശു അവരോടു പറഞ്ഞു: “ഞാൻ ഇനി എന്തിനു നിങ്ങളോടു സംസാരിക്കണം? 26 നിങ്ങളെക്കുറിച്ച് എനിക്കു പലതും പറയാനുണ്ട്; പലതിലും നിങ്ങളെ വിധിക്കാനുമുണ്ട്. എന്നാൽ എന്നെ അയച്ച വ്യക്തിയിൽനിന്ന് കേട്ടതാണു ഞാൻ ലോകത്തോടു പറയുന്നത്.+ ആ വ്യക്തി സത്യവാനാണ്.” 27 പിതാവിനെക്കുറിച്ചാണു യേശു സംസാരിക്കുന്നതെന്ന് അവർക്കു മനസ്സിലായില്ല. 28 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ സ്തംഭത്തിലേറ്റിക്കഴിയുമ്പോൾ,+ വരാനിരുന്നവൻ ഞാൻതന്നെയാണെന്നും+ ഞാൻ സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാതെ+ പിതാവ് എന്നെ പഠിപ്പിച്ചതുപോലെയാണ് ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും തിരിച്ചറിയും. 29 എന്നെ അയച്ച വ്യക്തി എന്റെകൂടെയുണ്ട്. ഞാൻ എപ്പോഴും ആ വ്യക്തിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നതുകൊണ്ട് അദ്ദേഹം എന്നെ ഒരിക്കലും തനിച്ചാക്കി പോയിട്ടില്ല.”+ 30 യേശു ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു.
31 തന്നിൽ വിശ്വസിച്ച ജൂതന്മാരോടു യേശു പറഞ്ഞു: “നിങ്ങൾ എപ്പോഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യന്മാരാണ്. 32 നിങ്ങൾ സത്യം അറിയുകയും+ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”+ 33 അപ്പോൾ അവർ യേശുവിനോടു പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്. ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ‘നിങ്ങൾ സ്വതന്ത്രരാകും’ എന്നു താങ്കൾ പറയുന്നത് എന്താണ്?” 34 യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്ന ഏതൊരാളും പാപത്തിന് അടിമയാണ്.+ 35 മാത്രമല്ല, അടിമ എല്ലാക്കാലത്തും യജമാനന്റെ വീട്ടിൽ താമസിക്കുന്നില്ല. എന്നാൽ പുത്രൻ എല്ലാക്കാലത്തും വീട്ടിലുണ്ടാകും. 36 അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും. 37 നിങ്ങൾ അബ്രാഹാമിന്റെ സന്തതികളാണെന്ന് എനിക്ക് അറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ നോക്കുന്നു. കാരണം, എന്റെ വചനം നിങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. 38 പിതാവിന്റെകൂടെയായിരുന്നപ്പോൾ കണ്ട കാര്യങ്ങളെപ്പറ്റിയാണു ഞാൻ സംസാരിക്കുന്നത്.+ എന്നാൽ നിങ്ങൾ നിങ്ങളുടെ പിതാവിൽനിന്ന് കേട്ട കാര്യങ്ങളാണു ചെയ്യുന്നത്.” 39 അപ്പോൾ അവർ, “അബ്രാഹാമാണു ഞങ്ങളുടെ പിതാവ്” എന്നു പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ+ അബ്രാഹാമിന്റെ പ്രവൃത്തികൾ ചെയ്തേനേ. 40 എന്നാൽ അതിനു പകരം, ദൈവത്തിൽനിന്ന് കേട്ട സത്യം+ നിങ്ങളോടു പറഞ്ഞ എന്നെ നിങ്ങൾ കൊല്ലാൻ ശ്രമിക്കുന്നു. അങ്ങനെയൊരു കാര്യം അബ്രാഹാം ചെയ്തിട്ടില്ല. 41 നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നു.” അവർ യേശുവിനോടു പറഞ്ഞു: “ഞങ്ങൾ അവിഹിതബന്ധത്തിൽ* ഉണ്ടായവരല്ല. ഞങ്ങൾക്ക് ഒരു പിതാവേ ഉള്ളൂ, ദൈവം.”
42 യേശു അവരോടു പറഞ്ഞു: “ദൈവമായിരുന്നു നിങ്ങളുടെ പിതാവെങ്കിൽ നിങ്ങൾ എന്നെ സ്നേഹിച്ചേനേ.+ കാരണം, ദൈവത്തിന്റെ അടുത്തുനിന്നാണു ഞാൻ ഇവിടെ വന്നത്. ഞാൻ സ്വന്തം തീരുമാനമനുസരിച്ച് വന്നതല്ല. ദൈവം എന്നെ അയച്ചതാണ്.+ 43 ഞാൻ പറയുന്നതൊന്നും നിങ്ങൾക്കു മനസ്സിലാകാത്തത് എന്താണ്? എന്റെ വചനം സ്വീകരിക്കാൻ നിങ്ങൾക്കു പറ്റുന്നില്ല, അല്ലേ? 44 നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവർ. നിങ്ങളുടെ പിതാവിന് ഇഷ്ടമുള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു.+ അവൻ ആദ്യംമുതലേ ഒരു കൊലപാതകിയായിരുന്നു.+ അവനിൽ സത്യമില്ലാത്തതുകൊണ്ട് അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല. നുണ പറയുമ്പോൾ പിശാച് തന്റെ തനിസ്വഭാവമാണു കാണിക്കുന്നത്. കാരണം അവൻ നുണയനും നുണയുടെ അപ്പനും ആണ്.+ 45 എന്നാൽ ഞാൻ സത്യം സംസാരിക്കുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. 46 നിങ്ങളിൽ ആർക്കെങ്കിലും എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ പറ്റുമോ? ഞാൻ സത്യം സംസാരിച്ചിട്ടും നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്താണ്? 47 ദൈവത്തിൽനിന്നുള്ളവൻ ദൈവത്തിന്റെ വചനങ്ങൾ ശ്രദ്ധിക്കുന്നു.+ എന്നാൽ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ട് നിങ്ങൾ അവ ശ്രദ്ധിക്കുന്നില്ല.”+
48 അപ്പോൾ ജൂതന്മാർ യേശുവിനോട്, “നീ ഒരു ശമര്യക്കാരനാണെന്നും+ നിന്നിൽ ഭൂതമുണ്ടെന്നും+ ഞങ്ങൾ പറയുന്നതു ശരിയല്ലേ” എന്നു ചോദിച്ചു. 49 യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളോ എന്നെ അപമാനിക്കുന്നു. 50 എനിക്കു മഹത്ത്വം കിട്ടാൻ ഞാൻ ശ്രമിക്കുന്നില്ല.+ ശ്രമിക്കുന്ന ഒരാളുണ്ട്. ആ വ്യക്തിയാണു ന്യായാധിപൻ. 51 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം അനുസരിക്കുന്നയാൾ ഒരിക്കലും മരിക്കില്ല.”+ 52 അപ്പോൾ ജൂതന്മാർ യേശുവിനോടു പറഞ്ഞു: “തനിക്കു ഭൂതമുണ്ടെന്നു ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പായി. അബ്രാഹാം മരിച്ചു. പ്രവാചകന്മാരും മരിച്ചു. എന്നാൽ, ‘എന്റെ വചനം അനുസരിക്കുന്നയാൾ ഒരിക്കലും മരിക്കില്ല’ എന്നാണു താൻ പറയുന്നത്. 53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ വലിയവനാണോ താൻ? അബ്രാഹാം മരിച്ചു. പ്രവാചകന്മാരും മരിച്ചു. താൻ ആരാണെന്നാണു തന്റെ വിചാരം?” 54 മറുപടിയായി യേശു പറഞ്ഞു: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ എന്റെ മഹത്ത്വം ഒന്നുമല്ല. എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്,+ നിങ്ങളുടെ ദൈവമെന്നു നിങ്ങൾ പറയുന്ന ആ വ്യക്തി. 55 എന്നിട്ടും നിങ്ങൾക്ക് ആ ദൈവത്തെ അറിയില്ല.+ എന്നാൽ എനിക്ക് ആ ദൈവത്തെ അറിയാം.+ ദൈവത്തെ അറിയില്ല എന്നു പറഞ്ഞാൽ നിങ്ങളെപ്പോലെ ഞാനും ഒരു നുണയനാകും. എനിക്കു ദൈവത്തെ അറിയാമെന്നു മാത്രമല്ല ഞാൻ ദൈവത്തിന്റെ വചനം അനുസരിക്കുകയും ചെയ്യുന്നു. 56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ അങ്ങേയറ്റം സന്തോഷിച്ചു. അബ്രാഹാം അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.”+ 57 അപ്പോൾ ജൂതന്മാർ യേശുവിനോടു ചോദിച്ചു: “തനിക്ക് 50 വയസ്സുപോലുമായിട്ടില്ലല്ലോ. എന്നിട്ടും താൻ അബ്രാഹാമിനെ കണ്ടെന്നോ?” 58 യേശു അവരോടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ഞാനുണ്ടായിരുന്നു.”+ 59 അപ്പോൾ അവർ യേശുവിനെ എറിയാൻ കല്ല് എടുത്തു. എന്നാൽ അവർ കാണാത്ത വിധം യേശു ഒളിച്ചു. പിന്നെ ദേവാലയത്തിൽനിന്ന് പോയി.