അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
28 രക്ഷപ്പെട്ട് അവിടെ എത്തിയ ഞങ്ങൾ, അതു മാൾട്ട എന്ന ദ്വീപാണെന്നു+ മനസ്സിലാക്കി. 2 അന്നാട്ടുകാർ ഞങ്ങളോട് അസാധാരണമായ കരുണ കാണിച്ചു; അവർ ഞങ്ങളെ എല്ലാവരെയും ദയയോടെ സ്വീകരിച്ചു. നല്ല മഴയും തണുപ്പും+ ഉണ്ടായിരുന്നതുകൊണ്ട് അവർ ഞങ്ങൾക്കു തീ കൂട്ടിത്തന്നു. 3 എന്നാൽ പൗലോസ് ഒരു കെട്ട് ചുള്ളിക്കമ്പുകൾ എടുത്ത് തീയിലിട്ടപ്പോൾ ചൂടേറ്റ് ഒരു അണലി പുറത്ത് ചാടി പൗലോസിന്റെ കൈയിൽ ചുറ്റി. 4 ആ വിഷജന്തു പൗലോസിന്റെ കൈയിൽ തൂങ്ങിക്കിടക്കുന്നതു കണ്ട് അവർ, “ഉറപ്പായും ഇയാൾ ഒരു കൊലപാതകിയാണ്, കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതി ഇവനെ വെറുതേ വിട്ടില്ലല്ലോ” എന്നു തമ്മിൽത്തമ്മിൽ പറയാൻതുടങ്ങി. 5 എന്നാൽ പൗലോസ് ആ വിഷജന്തുവിനെ തീയിലേക്കു കുടഞ്ഞിട്ടു; പൗലോസിന് അപകടമൊന്നും സംഭവിച്ചില്ല. 6 പൗലോസിന്റെ ശരീരം നീരുവെച്ച് വീങ്ങുമെന്നോ പൗലോസ് പെട്ടെന്നു മരിച്ചുവീഴുമെന്നോ അവർ കരുതി. എന്നാൽ കുറെ സമയം കഴിഞ്ഞിട്ടും പൗലോസിന് ഒന്നും സംഭവിക്കുന്നില്ല എന്നു കണ്ടപ്പോൾ അവരുടെ മനസ്സുമാറി; പൗലോസ് ഒരു ദൈവമാണെന്ന്+ അവർ പറയാൻതുടങ്ങി.
7 ദ്വീപിന്റെ പ്രമാണിയായിരുന്ന പുബ്ലിയൊസിന് അവിടെ അടുത്ത് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കുകയും മൂന്നു ദിവസം സ്നേഹത്തോടെ സത്കരിക്കുകയും ചെയ്തു. 8 പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും* പിടിച്ച് കിടപ്പിലായിരുന്നു. പൗലോസ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പ്രാർഥിച്ച് അദ്ദേഹത്തിന്റെ മേൽ കൈകൾ വെച്ച് സുഖപ്പെടുത്തി.+ 9 ഈ സംഭവത്തിനു ശേഷം ദ്വീപിലെ മറ്റു രോഗികളും പൗലോസിന്റെ അടുത്ത് വന്നു, പൗലോസ് അവരെ സുഖപ്പെടുത്തി.+ 10 അവർ അനേകം സമ്മാനങ്ങൾ തന്ന് ഞങ്ങളെ ആദരിച്ചു. ഞങ്ങൾ പോകാൻതുടങ്ങിയപ്പോൾ, അവർ ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കൊണ്ടുവന്ന് കപ്പലിൽ കയറ്റിത്തന്നു.
11 മൂന്നു മാസത്തിനു ശേഷം “സീയൂസ്പുത്രന്മാർ” എന്ന ചിഹ്നമുള്ള ഒരു കപ്പലിൽ കയറി ഞങ്ങൾ യാത്രയായി. അലക്സാൻഡ്രിയയിൽനിന്നുള്ള ആ കപ്പൽ മഞ്ഞുകാലം കഴിയുന്നതുവരെ ആ ദ്വീപിൽ കിടക്കുകയായിരുന്നു, 12 സുറക്കൂസ തുറമുഖത്ത് എത്തിയ ഞങ്ങൾ മൂന്നു ദിവസം അവിടെ തങ്ങി. 13 അവിടെനിന്ന് യാത്ര തുടർന്ന ഞങ്ങൾ രേഗ്യൊനിൽ എത്തി. പിറ്റേന്ന് ഒരു തെക്കൻ കാറ്റു വീശിയതുകൊണ്ട് തൊട്ടടുത്ത ദിവസംതന്നെ ഞങ്ങൾ പുത്യൊലിയിൽ എത്തി. 14 അവിടെ ഞങ്ങൾ സഹോദരന്മാരെ കണ്ടു. അവർ നിർബന്ധിച്ചപ്പോൾ ഏഴു ദിവസം ഞങ്ങൾ അവരോടൊപ്പം താമസിച്ചു. എന്നിട്ട് റോമിലേക്കു പോയി. 15 ഞങ്ങൾ വരുന്നെന്ന് അറിഞ്ഞ് റോമിലുള്ള സഹോദരന്മാർ ഞങ്ങളെ സ്വീകരിക്കാൻ അപ്യയിലെ ചന്തസ്ഥലം വരെയും ത്രിസത്രം വരെയും വന്നു. അവരെ കണ്ടപ്പോൾ പൗലോസിനു ധൈര്യമായി, പൗലോസ് ദൈവത്തിനു നന്ദി പറഞ്ഞു.+ 16 അങ്ങനെ ഒടുവിൽ ഞങ്ങൾ റോമിൽ എത്തി. ഒരു പടയാളിയുടെ കാവലിൽ ഇഷ്ടമുള്ളിടത്ത് താമസിക്കാൻ പൗലോസിന് അനുവാദം ലഭിച്ചു.
17 മൂന്നു ദിവസം കഴിഞ്ഞ് പൗലോസ് ജൂതന്മാരുടെ പ്രമാണിമാരെ വിളിച്ചുകൂട്ടി. അവർ വന്നപ്പോൾ പൗലോസ് പറഞ്ഞു: “സഹോദരന്മാരേ, ഞാൻ നമ്മുടെ ജനത്തിനോ നമ്മുടെ പൂർവികരുടെ ആചാരങ്ങൾക്കോ എതിരായി ഒന്നും ചെയ്തിട്ടില്ല.+ എന്നിട്ടും യരുശലേമിൽവെച്ച് ഒരു തടവുകാരനായി എന്നെ റോമാക്കാരുടെ കൈയിൽ ഏൽപ്പിച്ചു.+ 18 വിസ്തരിച്ചുകഴിഞ്ഞപ്പോൾ+ മരണശിക്ഷ അർഹിക്കുന്നതൊന്നും ഞാൻ ചെയ്തിട്ടില്ലെന്ന് അവർക്കു മനസ്സിലായി.+ അതുകൊണ്ട് എന്നെ വിട്ടയയ്ക്കാൻ അവർ ആഗ്രഹിച്ചു. 19 എന്നാൽ ജൂതന്മാർ അതിനെ എതിർത്തപ്പോൾ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ഞാൻ നിർബന്ധിതനായി.+ അല്ലാതെ എന്റെ ജനതയ്ക്കെതിരെ എന്തെങ്കിലും പരാതിയുള്ളതുകൊണ്ടല്ല ഞാൻ അതു ചെയ്തത്. 20 ഇക്കാര്യം നിങ്ങളെ അറിയിക്കാനാണു നേരിൽ കണ്ട് സംസാരിക്കണമെന്നു ഞാൻ ആവശ്യപ്പെട്ടത്. ഇസ്രായേലിന്റെ പ്രത്യാശ കാരണമാണ് എന്നെ ഈ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നത്.”+ 21 അപ്പോൾ അവർ പൗലോസിനോടു പറഞ്ഞു: “നിന്നെക്കുറിച്ച് ഞങ്ങൾക്ക് യഹൂദ്യയിൽനിന്ന് കത്തുകളൊന്നും ലഭിച്ചിട്ടില്ല. അവിടെനിന്ന് വന്ന സഹോദരന്മാർ ആരും നിന്നെപ്പറ്റി മോശമായി സംസാരിക്കുകയോ നിനക്ക് എതിരായി എന്തെങ്കിലും വിവരം തരുകയോ ചെയ്തിട്ടുമില്ല. 22 എന്നാൽ എല്ലായിടത്തും ആളുകൾ ഈ മതവിഭാഗത്തെ+ എതിർത്താണു സംസാരിക്കുന്നത്.+ അതുകൊണ്ട് ഇതെപ്പറ്റി നിനക്കു പറയാനുള്ളതു കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.”
23 അങ്ങനെ അവർ അതിനുവേണ്ടി ഒരു ദിവസം നിശ്ചയിച്ചു; ധാരാളം ആളുകൾ പൗലോസ് താമസിക്കുന്നിടത്ത് വന്നു. ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിച്ചുകൊണ്ടും മോശയുടെ നിയമത്തിൽനിന്നും+ പ്രവാചകപുസ്തകങ്ങളിൽനിന്നും+ യേശുവിനെക്കുറിച്ച് ബോധ്യം വരുത്തുന്ന വാദങ്ങൾ ഉപയോഗിച്ചുകൊണ്ടും രാവിലെമുതൽ വൈകുന്നേരംവരെ പൗലോസ് അവർക്കു കാര്യങ്ങൾ വിവരിച്ചുകൊടുത്തു.+ 24 ചിലർക്കു പൗലോസ് പറഞ്ഞ കാര്യങ്ങൾ ബോധ്യമായി, എന്നാൽ മറ്റു ചിലർ വിശ്വസിച്ചില്ല. 25 ഇങ്ങനെ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ അവർ അവിടെനിന്ന് പിരിഞ്ഞുപോകാൻതുടങ്ങി. അപ്പോൾ പൗലോസ് അവരോടു പറഞ്ഞു:
“യശയ്യ പ്രവാചകനിലൂടെ പരിശുദ്ധാത്മാവ് നിങ്ങളുടെ പൂർവികരോടു പറഞ്ഞത് എത്ര ശരിയാണ്: 26 ‘പോയി ഈ ജനത്തോടു പറയുക: “നിങ്ങൾ കേൾക്കും, പക്ഷേ മനസ്സിലാക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല.+ 27 കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു.* ചെവികൊണ്ട് കേൾക്കുന്നെങ്കിലും അവർ പ്രതികരിക്കുന്നില്ല. അവർ കണ്ണ് അടച്ചുകളഞ്ഞിരിക്കുന്നു. അതുകൊണ്ട് അവർക്കു കണ്ണുകൊണ്ട് കാണാനോ ചെവികൊണ്ട് കേൾക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ മനംതിരിഞ്ഞുവരാനോ എനിക്ക് അവരെ സുഖപ്പെടുത്താനോ ഒരിക്കലും കഴിയുന്നില്ല.”’+ 28 അതുകൊണ്ട് ദൈവം നൽകുന്ന ഈ രക്ഷാമാർഗത്തെക്കുറിച്ച് മറ്റു ജനതകളിൽപ്പെട്ടവരെ അറിയിച്ചിരിക്കുന്നെന്നു+ നിങ്ങൾ അറിഞ്ഞുകൊള്ളുക; അവർ തീർച്ചയായും അതു ശ്രദ്ധിക്കും.”+ 29 ——
30 പൗലോസ് രണ്ടു വർഷം ആ വാടകവീട്ടിൽ താമസിച്ചു.+ അവിടെ വന്ന എല്ലാവരെയും പൗലോസ് ദയയോടെ സ്വീകരിച്ച് 31 അവരോടു തികഞ്ഞ ധൈര്യത്തോടെ, തടസ്സമൊന്നും കൂടാതെ ദൈവരാജ്യത്തെക്കുറിച്ച്+ പ്രസംഗിക്കുകയും+ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തുപോന്നു.