യോഹന്നാൻ എഴുതിയത്
3 പരീശന്മാരുടെ കൂട്ടത്തിൽ നിക്കോദേമൊസ്+ എന്നു പേരുള്ള ഒരു ജൂതപ്രമാണിയുണ്ടായിരുന്നു. 2 അയാൾ രാത്രിയിൽ യേശുവിന്റെ അടുത്ത് വന്ന്+ പറഞ്ഞു: “റബ്ബീ,+ അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്ന ഗുരുവാണെന്നു ഞങ്ങൾക്ക് അറിയാം. കാരണം, ദൈവം കൂടെയില്ലാതെ ഇതുപോലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”+ 3 അപ്പോൾ യേശു അദ്ദേഹത്തോടു പറഞ്ഞു: “വീണ്ടും ജനിക്കാത്തവനു+ ദൈവരാജ്യം കാണാൻ കഴിയില്ല+ എന്നു ഞാൻ സത്യംസത്യമായി പറയുന്നു.” 4 നിക്കോദേമൊസ് ചോദിച്ചു: “പ്രായമായ ഒരു മനുഷ്യനു ജനിക്കാൻ കഴിയുന്നത് എങ്ങനെയാണ്? അയാൾക്ക് അമ്മയുടെ വയറ്റിൽ കടന്ന് വീണ്ടും ജനിക്കാൻ കഴിയുമോ?” 5 യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ പറയുന്നു: വെള്ളത്തിൽനിന്നും+ ദൈവാത്മാവിൽനിന്നും+ ജനിക്കാത്തയാൾക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാനാകില്ല. 6 ജഡത്തിൽനിന്ന് ജനിക്കുന്നതു ജഡവും ദൈവാത്മാവിൽനിന്ന് ജനിക്കുന്നത് ആത്മാവും ആണ്. 7 നിങ്ങൾ വീണ്ടും ജനിക്കണമെന്നു+ ഞാൻ പറഞ്ഞതു കേട്ട് അതിശയിക്കേണ്ടാ. 8 കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്കു വീശുന്നു. നിങ്ങൾക്ക് അതിന്റെ ശബ്ദം കേൾക്കാം. പക്ഷേ അത് എവിടെനിന്ന് വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിങ്ങൾക്ക് അറിയില്ല. ദൈവാത്മാവിൽനിന്ന് ജനിക്കുന്നവരും അങ്ങനെതന്നെയാണ്.”+
9 അപ്പോൾ നിക്കോദേമൊസ് യേശുവിനോട്, “ഇതൊക്കെ എങ്ങനെ സംഭവിക്കും” എന്നു ചോദിച്ചു. 10 യേശു പറഞ്ഞു: “ഇസ്രായേലിന്റെ ഒരു ഗുരുവായിട്ടും ഇതൊന്നും താങ്കൾക്ക് അറിയില്ലേ? 11 സത്യംസത്യമായി ഞാൻ പറയുന്നു: ഞങ്ങൾക്ക് അറിയാവുന്നതു ഞങ്ങൾ പറയുന്നു. ഞങ്ങൾ കണ്ട കാര്യത്തെക്കുറിച്ച് ഞങ്ങൾ സാക്ഷി പറയുന്നു.+ പക്ഷേ ഞങ്ങളുടെ ഈ സാക്ഷിമൊഴി നിങ്ങൾ സ്വീകരിക്കുന്നില്ല.+ 12 ഞാൻ ഭൗമികകാര്യങ്ങൾ പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കാത്ത സ്ഥിതിക്ക്, സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?+ 13 പോരാത്തതിന്, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന+ മനുഷ്യപുത്രനല്ലാതെ ഒരു മനുഷ്യനും സ്വർഗത്തിൽ കയറിയിട്ടുമില്ല.+ 14 മോശ വിജനഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ+ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്.+ 15 അങ്ങനെ, അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടും.+
16 “തന്റെ ഏകജാതനായ മകനിൽ*+ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി.+ അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം. 17 ദൈവം മകനെ ലോകത്തേക്ക് അയച്ചത് അവൻ ലോകത്തെ വിധിക്കാനല്ല, അവനിലൂടെ ലോകം രക്ഷ നേടാനാണ്.+ 18 അവനിൽ വിശ്വസിക്കുന്നവനെ ന്യായം വിധിക്കുകയില്ല.+ വിശ്വസിക്കാത്തവനെയോ ദൈവത്തിന്റെ ഏകജാതന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട് വിധിച്ചുകഴിഞ്ഞു.+ 19 ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്: വെളിച്ചം ലോകത്തേക്കു വന്നിട്ടും+ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു. കാരണം അവരുടെ പ്രവൃത്തികൾ ദുഷിച്ചതാണ്.+ 20 ഹീനമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നയാൾ വെളിച്ചത്തെ വെറുക്കുന്നു. അയാളുടെ പ്രവൃത്തികൾ വെളിച്ചത്ത് വരാതിരിക്കാൻവേണ്ടി അയാൾ വെളിച്ചത്തിലേക്കു വരുന്നില്ല. 21 എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്യുന്നയാൾ, തന്റെ പ്രവൃത്തികൾ ദൈവേഷ്ടപ്രകാരമുള്ളതാണെന്നു വെളിപ്പെടാൻവേണ്ടി വെളിച്ചത്തിലേക്കു വരുന്നു.”+
22 അതിനു ശേഷം യേശുവും ശിഷ്യന്മാരും യഹൂദ്യയിലെ നാട്ടിൻപുറത്തേക്കു പോയി. അവിടെ യേശു അവരുടെകൂടെ കുറച്ച് കാലം താമസിച്ച് ആളുകളെ സ്നാനപ്പെടുത്തി.+ 23 ശലേമിന് അടുത്തുള്ള ഐനോനിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട്+ യോഹന്നാനും അവിടെ സ്നാനപ്പെടുത്തുന്നുണ്ടായിരുന്നു. ധാരാളം ആളുകൾ അവിടെ വന്ന് സ്നാനമേറ്റു.+ 24 ഇതു യോഹന്നാനെ ജയിലിലാക്കുന്നതിനു മുമ്പായിരുന്നു.+
25 യോഹന്നാന്റെ ശിഷ്യന്മാരും ഒരു ജൂതനും തമ്മിൽ ശുദ്ധീകരണത്തെക്കുറിച്ച് ഒരു തർക്കമുണ്ടായി. 26 ആ ശിഷ്യന്മാർ യോഹന്നാന്റെ അടുത്ത് ചെന്ന് ചോദിച്ചു: “റബ്ബീ, യോർദാന് അക്കരെ അങ്ങയുടെകൂടെയുണ്ടായിരുന്ന ഒരാളില്ലേ, അങ്ങ് സാക്ഷ്യപ്പെടുത്തിയ ആൾ?+ അതാ, അയാൾ സ്നാനപ്പെടുത്തുന്നു. എല്ലാവരും അയാളുടെ അടുത്തേക്കാണു പോകുന്നത്.” 27 അപ്പോൾ യോഹന്നാൻ പറഞ്ഞു: “സ്വർഗത്തിൽനിന്ന് കൊടുക്കാതെ ആർക്കും ഒന്നും കിട്ടില്ല. 28 ‘ഞാൻ ക്രിസ്തുവല്ല,+ എന്നെ ക്രിസ്തുവിനു മുമ്പായി അയച്ചതാണ്’+ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികൾ. 29 മണവാട്ടിയുള്ളവൻ മണവാളൻ.+ മണവാളന്റെ തോഴനോ, മണവാളന്റെ അരികെ നിന്ന് അയാളുടെ സ്വരം കേൾക്കുമ്പോൾ വളരെയധികം സന്തോഷിക്കുന്നു. അങ്ങനെതന്നെ, എന്റെ സന്തോഷവും പൂർണമായിരിക്കുന്നു. 30 അദ്ദേഹം വളരണം, ഞാനോ കുറയണം.”+
31 മുകളിൽനിന്ന് വരുന്നയാൾ+ മറ്റെല്ലാവർക്കും* മീതെയാണ്. ഭൂമിയിൽനിന്നുള്ളയാൾ ഭൂമിയിൽനിന്നായതുകൊണ്ട് ഭൂമിയിലെ കാര്യങ്ങൾ സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നയാളോ മറ്റെല്ലാവർക്കും മീതെയാണ്.+ 32 താൻ കണ്ടതിനും കേട്ടതിനും അദ്ദേഹം സാക്ഷി പറയുന്നു.+ എന്നാൽ ആ വാക്കുകൾ ആരും അംഗീകരിക്കുന്നില്ല.+ 33 അദ്ദേഹത്തിന്റെ സാക്ഷിമൊഴി അംഗീകരിക്കുന്നയാൾ ദൈവം സത്യവാനാണെന്നു സ്ഥിരീകരിക്കുന്നു;+ 34 ദൈവം അയച്ചയാൾ ദൈവത്തിന്റെ വചനങ്ങൾ പറയുന്നു.+ കാരണം, ഒരു പിശുക്കും കൂടാതെയാണു* ദൈവം പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്. 35 പിതാവ് പുത്രനെ സ്നേഹിക്കുന്നു.+ എല്ലാം പുത്രന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു.+ 36 പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല.+ ദൈവക്രോധം അവന്റെ മേലുണ്ട്.+