അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
26 അഗ്രിപ്പ+ പൗലോസിനോട്, “പറയൂ, എന്താണു നിനക്കു പറയാനുള്ളത്” എന്നു ചോദിച്ചു. അപ്പോൾ പൗലോസ് കൈ നീട്ടിക്കൊണ്ട് പ്രതിവാദം ആരംഭിച്ചു:
2 “അഗ്രിപ്പ രാജാവേ, ജൂതന്മാർ എനിക്ക് എതിരെ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾക്കെല്ലാം+ അങ്ങയുടെ മുന്നിൽ നിന്ന് മറുപടി നൽകാൻ അവസരം കിട്ടിയതിൽ എനിക്കു സന്തോഷമുണ്ട്. 3 ജൂതന്മാരുടെ എല്ലാ ആചാരങ്ങളെയും അവർക്കിടയിലെ തർക്കങ്ങളെയും കുറിച്ച് നല്ല അറിവുള്ള ആളാണ് അങ്ങ്. അതുകൊണ്ട് എനിക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.
4 “ചെറുപ്പംമുതൽ എന്റെ ജനത്തിന് ഇടയിലും യരുശലേമിലും ഞാൻ ജീവിച്ചത് എങ്ങനെയാണെന്ന്+ 5 എന്നെ പരിചയമുള്ള ജൂതന്മാർക്കെല്ലാം അറിയാം. മനസ്സുണ്ടെങ്കിൽ അവർ എനിക്കുവേണ്ടി സാക്ഷി പറയട്ടെ. ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്ഠ പുലർത്തുന്ന+ വിഭാഗമായ പരീശന്മാരിൽപ്പെട്ടവനായിരുന്നു ഞാൻ.+ 6 എന്നാൽ ദൈവം ഞങ്ങളുടെ പൂർവികരോടു ചെയ്ത വാഗ്ദാനത്തിൽ+ പ്രത്യാശ വെച്ചതിന്റെ പേരിലാണ് എന്നെ ഇപ്പോൾ വിചാരണ ചെയ്യുന്നത്. 7 ഇതേ വാഗ്ദാനം നിറവേറുന്നതു കാണാമെന്ന പ്രത്യാശയോടെയാണു ഞങ്ങളുടെ 12 ഗോത്രങ്ങൾ രാവും പകലും ഉത്സാഹത്തോടെ ദൈവത്തെ സേവിക്കുന്നത്. ഈ പ്രത്യാശ കാരണമാണു രാജാവേ, ജൂതന്മാർ എനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.+
8 “ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്ന കാര്യം നിങ്ങൾക്കു വിശ്വസിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്? 9 നസറെത്തുകാരനായ യേശുവിന്റെ പേരിന് എതിരായി പലതും ചെയ്യേണ്ടതുണ്ടെന്ന് ഉറച്ച് വിശ്വസിച്ച ഒരാളാണു ഞാൻ. 10 അതുതന്നെയാണു ഞാൻ യരുശലേമിൽ ചെയ്തതും. മുഖ്യപുരോഹിതന്മാരിൽനിന്ന് അധികാരം ലഭിച്ചതിനാൽ+ വിശുദ്ധരിൽ പലരെയും ഞാൻ ജയിലിലാക്കി,+ അവർക്കു മരണശിക്ഷ നൽകുന്നതിനെ ഞാൻ അനുകൂലിച്ചു. 11 ഞാൻ പലപ്പോഴും സിനഗോഗുകളിലെല്ലാം ചെന്ന് അവരെ ശിക്ഷിക്കുകയും വിശ്വാസം തള്ളിപ്പറയാൻ നിർബന്ധിക്കുകയും ചെയ്തു. അവരോടുള്ള കടുത്ത ദേഷ്യം കാരണം അവരെ ഉപദ്രവിക്കാൻ ഞാൻ ദൂരെയുള്ള നഗരങ്ങൾവരെ പോയി.
12 “അങ്ങനെയിരിക്കെ, ഒരിക്കൽ ഞാൻ മുഖ്യപുരോഹിതന്മാരിൽനിന്ന് അനുമതിയും അധികാരവും വാങ്ങി ദമസ്കൊസിലേക്കു പോകുകയായിരുന്നു. 13 അപ്പോൾ രാജാവേ, വഴിയിൽവെച്ച് നട്ടുച്ചനേരത്ത് സൂര്യപ്രകാശത്തെയും വെല്ലുന്ന ഒരു വെളിച്ചം ആകാശത്തുനിന്ന് എന്റെയും എന്റെകൂടെ യാത്ര ചെയ്തിരുന്നവരുടെയും ചുറ്റും മിന്നുന്നതു ഞാൻ കണ്ടു.+ 14 ഞങ്ങൾ എല്ലാവരും നിലത്ത് വീണുപോയി. അപ്പോൾ, ‘ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? മുടിങ്കോലിൽ തൊഴിക്കുന്നതു നിനക്കു ദോഷം ചെയ്യും’ എന്ന് എബ്രായ ഭാഷയിൽ ഒരു ശബ്ദം എന്നോടു പറഞ്ഞു. 15 ‘പ്രഭോ, അങ്ങ് ആരാണ്’ എന്നു ഞാൻ ചോദിച്ചപ്പോൾ കർത്താവ് എന്നോടു പറഞ്ഞു: ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ. 16 എഴുന്നേൽക്കൂ! എന്റെ ഒരു ദാസനും സാക്ഷിയും ആയി നിന്നെ തിരഞ്ഞെടുക്കാനാണു ഞാൻ നിനക്കു പ്രത്യക്ഷനായത്. നീ കണ്ട കാര്യങ്ങളും എന്നെക്കുറിച്ച് ഞാൻ കാണിക്കാനിരിക്കുന്ന കാര്യങ്ങളും നീ എല്ലാവരെയും അറിയിക്കണം.+ 17 ഈ ജനത്തിന്റെയും മറ്റു ജനതകളിൽപ്പെട്ടവരുടെയും അടുത്തേക്കു ഞാൻ നിന്നെ അയയ്ക്കാൻപോകുകയാണ്.+ അവരുടെ കൈയിൽനിന്ന് ഞാൻ നിന്നെ രക്ഷപ്പെടുത്തും. 18 അവരുടെ കണ്ണുകൾ തുറക്കാനും+ അവരെ അന്ധകാരത്തിൽനിന്ന്+ വെളിച്ചത്തിലേക്കു+ കൊണ്ടുവരാനും സാത്താന്റെ അധികാരത്തിൽനിന്ന്+ ദൈവത്തിലേക്കു തിരിക്കാനും ആണ് നിന്നെ അയയ്ക്കുന്നത്. അങ്ങനെ എന്നിലുള്ള വിശ്വാസത്തിലൂടെ അവർക്കു പാപമോചനം ലഭിക്കുകയും+ വിശുദ്ധീകരിക്കപ്പെട്ടവർക്കിടയിൽ അവർക്ക് ഒരു അവകാശം കിട്ടുകയും ചെയ്യും.’
19 “അഗ്രിപ്പ രാജാവേ, സ്വർഗത്തിൽനിന്ന് ലഭിച്ച ആ ദർശനത്തോടു ഞാൻ അനുസരണക്കേടു കാണിച്ചില്ല. 20 മാനസാന്തരപ്പെടണമെന്നും മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് ദൈവത്തിലേക്കു തിരിയണമെന്നും+ ഉള്ള സന്ദേശം ഞാൻ ആദ്യം ദമസ്കൊസിലുള്ളവരോടും+ പിന്നെ യരുശലേമിലുള്ളവരോടും+ യഹൂദ്യ ദേശമെങ്ങുമുള്ളവരോടും തുടർന്ന് മറ്റു ജനതകളിൽപ്പെട്ടവരോടും അറിയിച്ചു. 21 അതുകൊണ്ടാണ് ജൂതന്മാർ ദേവാലയത്തിൽവെച്ച് എന്നെ പിടികൂടി കൊല്ലാൻ ശ്രമിച്ചത്.+ 22 എന്നാൽ ഈ ദിവസംവരെ ദൈവത്തിന്റെ സഹായത്താൽ, ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും ഞാൻ സന്തോഷവാർത്ത അറിയിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകന്മാരും മോശയും മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളല്ലാതെ+ മറ്റൊന്നും ഞാൻ പറയുന്നില്ല. 23 ക്രിസ്തു കഷ്ടതകൾ സഹിക്കുമെന്നും+ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ആദ്യത്തെ ആളായിരിക്കുമെന്നും*+ ഈ ജനത്തോടും മറ്റു ജനതകളിൽപ്പെട്ടവരോടും വെളിച്ചത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞിരുന്നു.”+
24 പൗലോസ് ഇങ്ങനെ സ്വന്തം ഭാഗം വാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്തൊസ് വിളിച്ചുപറഞ്ഞു: “പൗലോസേ, നിനക്കു ഭ്രാന്താണ്! അറിവ് കൂടിപ്പോയിട്ടു നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു!” 25 അപ്പോൾ പൗലോസ് പറഞ്ഞു: “അഭിവന്ദ്യനായ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല. സുബോധത്തോടെയാണു ഞാൻ സംസാരിക്കുന്നത്. ഞാൻ പറയുന്നതു മുഴുവൻ സത്യമാണ്. 26 രാജാവിനു കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ടാണു ഞാൻ അദ്ദേഹത്തോട് ഇത്ര സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നത്. ഇവയിൽ ഒന്നുപോലും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെപോയിട്ടില്ലെന്ന് എനിക്ക് ഉറപ്പാണ്. ഒരു ഒഴിഞ്ഞ കോണിൽ രഹസ്യമായി നടന്ന കാര്യങ്ങളല്ല ഇവയൊന്നും.+ 27 അഗ്രിപ്പ രാജാവേ, അങ്ങ് പ്രവാചകന്മാരിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെന്ന് എനിക്ക് അറിയാം.” 28 അപ്പോൾ അഗ്രിപ്പ പൗലോസിനോട്, “അൽപ്പസമയംകൊണ്ട് നീ എന്നെ ഒരു ക്രിസ്ത്യാനിയാക്കുമല്ലോ” എന്നു പറഞ്ഞു. 29 പൗലോസ് പറഞ്ഞു: “അങ്ങ് മാത്രമല്ല, ഇപ്പോൾ എന്റെ സംസാരം ശ്രദ്ധിക്കുന്ന എല്ലാവരും, അൽപ്പസമയംകൊണ്ടോ അധികസമയംകൊണ്ടോ, ഈ ചങ്ങലയുടെ കാര്യത്തിൽ ഒഴികെ എന്നെപ്പോലെയാകണം എന്നാണു ദൈവത്തോടുള്ള എന്റെ പ്രാർഥന.”
30 രാജാവും ഗവർണറും ബർന്നീക്കയും അവരോടൊപ്പമുണ്ടായിരുന്നവരും എഴുന്നേറ്റു. 31 അവർ അവിടെനിന്ന് പോകുമ്പോൾ, “മരണശിക്ഷയോ ജയിൽശിക്ഷയോ അർഹിക്കുന്നതൊന്നും ഈ മനുഷ്യൻ ചെയ്തിട്ടില്ല”+ എന്നു തമ്മിൽ പറഞ്ഞു. 32 “സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഇയാളെ ഇപ്പോൾ വിട്ടയയ്ക്കാമായിരുന്നു” എന്ന് അഗ്രിപ്പ ഫെസ്തൊസിനോടു പറഞ്ഞു.+