മത്തായി എഴുതിയത്
22 യേശു പിന്നെയും അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിച്ചു. യേശു പറഞ്ഞു: 2 “സ്വർഗരാജ്യം, തന്റെ മകനുവേണ്ടി വിവാഹവിരുന്ന്+ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണ്. 3 വിവാഹവിരുന്നിനു ക്ഷണിച്ചവരെ കൂട്ടിക്കൊണ്ടുവരാൻ രാജാവ് തന്റെ അടിമകളെ അയച്ചു; എന്നാൽ അവർ വരാൻ കൂട്ടാക്കിയില്ല.+ 4 രാജാവ് വീണ്ടും മറ്റ് അടിമകളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ പോയി ഞാൻ ക്ഷണിച്ചവരോട് ഇങ്ങനെ പറയണം: “ഇതാ, ഞാൻ സദ്യ ഒരുക്കിക്കഴിഞ്ഞു. എന്റെ കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറുത്തിരിക്കുന്നു. എല്ലാം തയ്യാറായിക്കഴിഞ്ഞു. വിവാഹവിരുന്നിനു വരൂ.”’ 5 എന്നാൽ ക്ഷണം കിട്ടിയവർ അതു ഗൗനിക്കാതെ ഒരാൾ തന്റെ വയലിലേക്കും മറ്റൊരാൾ കച്ചവടത്തിനും പൊയ്ക്കളഞ്ഞു.+ 6 ബാക്കിയുള്ളവർ രാജാവിന്റെ അടിമകളെ പിടിച്ച് അപമാനിച്ച് കൊന്നുകളഞ്ഞു.
7 “അപ്പോൾ രോഷാകുലനായ രാജാവ് തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ കൊന്ന് അവരുടെ നഗരം ചുട്ടുചാമ്പലാക്കി.+ 8 പിന്നെ അടിമകളോടു പറഞ്ഞു: ‘വിവാഹവിരുന്നു തയ്യാറാണ്. പക്ഷേ ക്ഷണം കിട്ടിയവർക്ക് അതിന് അർഹതയില്ലാതെപോയി.+ 9 അതുകൊണ്ട് നിങ്ങൾ നഗരത്തിനു പുറത്തേക്കുള്ള വഴികളിൽ ചെന്ന് ആരെ കണ്ടാലും അവരെ* വിവാഹവിരുന്നിനു ക്ഷണിക്കുക.’+ 10 അങ്ങനെ, ആ അടിമകൾ ചെന്ന് ദുഷ്ടന്മാരും നല്ലവരും ഉൾപ്പെടെ വഴിയിൽ കണ്ടവരെയെല്ലാം കൂട്ടിക്കൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.
11 “രാജാവ് അതിഥികളെ കാണാൻ അകത്ത് ചെന്നപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ കണ്ടു. 12 രാജാവ് അയാളോട്, ‘സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ താങ്കൾ എങ്ങനെ അകത്ത് കടന്നു’ എന്നു ചോദിച്ചു. അയാൾക്ക് ഉത്തരം മുട്ടിപ്പോയി. 13 അപ്പോൾ രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: ‘ഇവനെ കൈയും കാലും കെട്ടി പുറത്തെ ഇരുട്ടിലേക്ക് എറിയുക. അവിടെ കിടന്ന് അവൻ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.’
14 “ക്ഷണം കിട്ടിയവർ അനേകരുണ്ട്; പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമാണ്.”
15 പിന്നീട് പരീശന്മാർ ചെന്ന് യേശുവിനെ വാക്കിൽ കുടുക്കാൻവേണ്ടി ഗൂഢാലോചന നടത്തി.+ 16 അങ്ങനെ, അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദിന്റെ അനുയായികളുടെകൂടെ+ യേശുവിന്റെ അടുത്തേക്ക് അയച്ച് ഇങ്ങനെ ചോദിച്ചു: “ഗുരുവേ, അങ്ങ് സത്യസന്ധനും ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നവനും ആണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് ആളുകളുടെ അംഗീകാരം ആഗ്രഹിക്കുന്നില്ല. കാരണം അങ്ങ് ആരുടെയും മുഖം നോക്കാത്തവനാണല്ലോ. 17 അതുകൊണ്ട് പറയൂ, സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ, അങ്ങയ്ക്ക് എന്തു തോന്നുന്നു?” 18 യേശു അവരുടെ ദുഷ്ടത തിരിച്ചറിഞ്ഞ് അവരോടു ചോദിച്ചു: “കപടഭക്തരേ, നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? 19 കരം കൊടുക്കാനുള്ള നാണയം കാണിക്കൂ.” അവർ ഒരു ദിനാറെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. 20 യേശു അവരോട്, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ് ” എന്നു ചോദിച്ചു. 21 “സീസറിന്റേത് ” എന്ന് അവർ പറഞ്ഞു. അപ്പോൾ യേശു അവരോട്, “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക”+ എന്നു പറഞ്ഞു. 22 അവർ അതു കേട്ടപ്പോൾ വിസ്മയിച്ച് യേശുവിന്റെ അടുത്തുനിന്ന് പോയി.
23 പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അന്നുതന്നെ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു:+ 24 “ഗുരുവേ, ‘ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ വിവാഹം കഴിച്ച് സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണ് ’+ എന്നു മോശ പറഞ്ഞല്ലോ. 25 ഞങ്ങൾക്കിടയിൽ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തശേഷം മരിച്ചു. മക്കളില്ലാത്തതുകൊണ്ട് അയാളുടെ ഭാര്യയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ചു. 26 രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും ഇതുതന്നെ സംഭവിച്ചു. 27 ഒടുവിൽ ആ സ്ത്രീയും മരിച്ചു. 28 പുനരുത്ഥാനത്തിൽ ആ സ്ത്രീ ഈ ഏഴു പേരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്ത്രീ അവർ എല്ലാവരുടെയും ഭാര്യയായിരുന്നല്ലോ.”
29 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങൾക്കു തെറ്റിപ്പോയി. തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ നിങ്ങൾക്ക് അറിയില്ല.+ 30 പുനരുത്ഥാനത്തിൽ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്ത്രീകളെ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല; അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും.+ 31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ദൈവം നിങ്ങളോട്, 32 ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ് ’+ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ? ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്.”+ 33 അതു കേട്ട് ജനം യേശുവിന്റെ പഠിപ്പിക്കലിൽ വിസ്മയിച്ചു.+
34 യേശു സദൂക്യരെ മിണ്ടാതാക്കിയെന്നു കേട്ടിട്ട് പരീശന്മാർ സംഘം ചേർന്ന് വന്നു. 35 അവർക്കിടയിൽ നിയമത്തിൽ പാണ്ഡിത്യമുള്ള ഒരാൾ യേശുവിനെ പരീക്ഷിക്കാൻ, 36 “ഗുരുവേ, നിയമത്തിലെ ഏറ്റവും വലിയ കല്പന ഏതാണ് ” എന്നു ചോദിച്ചു.+ 37 യേശു അയാളോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+ 38 ഇതാണ് ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്പന. 39 ഇതുപോലുള്ളതാണു രണ്ടാമത്തേതും: ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.’+ 40 മുഴുനിയമവും+ പ്രവാചകവചനങ്ങളും ഈ രണ്ടു കല്പനകളിൽ അധിഷ്ഠിതമാണ്.”
41 പരീശന്മാരുടെ ആ സംഘത്തോടു യേശു ചോദിച്ചു:+ 42 “ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ക്രിസ്തു ആരുടെ മകനാണ്?” “ദാവീദിന്റെ”+ എന്ന് അവർ പറഞ്ഞു. 43 യേശു അവരോടു ചോദിച്ചു: “പിന്നെ എങ്ങനെയാണു ദാവീദ് ദൈവാത്മാവിന്റെ പ്രചോദനത്താൽ+ ക്രിസ്തുവിനെ കർത്താവ് എന്നു വിളിക്കുന്നത്? 44 ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു ദാവീദ് പറഞ്ഞല്ലോ. 45 ദാവീദ് ക്രിസ്തുവിനെ ‘കർത്താവ് ’ എന്നു വിളിക്കുന്നെങ്കിൽ ക്രിസ്തു എങ്ങനെ ദാവീദിന്റെ മകനാകും?”+ 46 മറുപടിയായി യേശുവിനോട് ഒരു വാക്കുപോലും പറയാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും യേശുവിനോട് ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടുമില്ല.