യോഹന്നാൻ എഴുതിയത്
12 പെസഹയ്ക്ക് ആറു ദിവസം മുമ്പ് യേശു, മരിച്ചവരിൽനിന്ന് താൻ ഉയിർപ്പിച്ച ലാസർ+ താമസിച്ചിരുന്ന ബഥാന്യയിൽ+ എത്തി. 2 അവിടെ അവർ യേശുവിന് ഒരു അത്താഴവിരുന്ന് ഒരുക്കി. യേശുവിന്റെകൂടെ ഭക്ഷണത്തിന് ഇരുന്നവരിൽ ലാസറുമുണ്ടായിരുന്നു. മാർത്തയാണ് അവർക്കു ഭക്ഷണം വിളമ്പിയത്.+ 3 അപ്പോൾ മറിയ വളരെ വിലപിടിപ്പുള്ള ഒരു റാത്തൽ ശുദ്ധമായ ജടാമാംസി തൈലം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശി, തന്റെ മുടികൊണ്ട് ആ പാദങ്ങൾ തുടച്ചു.+ സുഗന്ധതൈലത്തിന്റെ സൗരഭ്യംകൊണ്ട് വീടു നിറഞ്ഞു.+ 4 എന്നാൽ യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന, യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ യൂദാസ് ഈസ്കര്യോത്ത്+ അപ്പോൾ പറഞ്ഞു: 5 “ഈ സുഗന്ധതൈലം 300 ദിനാറെക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” 6 യൂദാസ് ഇതു പറഞ്ഞതു ദരിദ്രരെക്കുറിച്ച് വിചാരമുണ്ടായിട്ടല്ല, മറിച്ച് ഒരു കള്ളനായതുകൊണ്ടും തന്നെ ഏൽപ്പിച്ചിരുന്ന പണപ്പെട്ടിയിൽനിന്ന് പണം കട്ടെടുത്തിരുന്നതുകൊണ്ടും ആണ്. 7 എന്നാൽ യേശു പറഞ്ഞു: “അവളെ വെറുതേ വിട്. എന്റെ ശവസംസ്കാരദിവസത്തിനുള്ള ഒരുക്കമായി അവൾ ഇതു ചെയ്യട്ടെ.+ 8 ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ പക്ഷേ ഞാനുണ്ടായിരിക്കില്ല.”+
9 യേശു അവിടെയുണ്ടെന്ന് അറിഞ്ഞിട്ട് ജൂതന്മാരുടെ ഒരു വലിയ കൂട്ടം അവിടെ വന്നു. യേശുവിനെ മാത്രമല്ല, യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറിനെക്കൂടി കാണാനാണ് അവർ വന്നത്.+ 10 ലാസറിനെയുംകൂടെ കൊന്നുകളയാൻ മുഖ്യപുരോഹിതന്മാർ കൂടിയാലോചിച്ചു.+ 11 കാരണം ലാസറിനെ കാണാനാണു ജൂതന്മാരിൽ പലരും അവിടേക്കു പോയതും ഒടുവിൽ യേശുവിൽ വിശ്വസിച്ചതും.+
12 പിറ്റേന്ന്, ഉത്സവത്തിനു വന്നുകൂടിയ ഒരു വലിയ ജനക്കൂട്ടം യേശു യരുശലേമിലേക്കു വരുന്നെന്നു കേട്ടിട്ട് 13 ഈന്തപ്പനയുടെ ഓലകളുമായി യേശുവിനെ വരവേൽക്കാൻ ചെന്നു.+ “ഓശാന!* യഹോവയുടെ നാമത്തിൽ വരുന്ന+ ഇസ്രായേലിന്റെ രാജാവ്+ അനുഗൃഹീതൻ” എന്ന് അവർ ആർത്തുവിളിച്ചു. 14 യേശു ഒരു കഴുതക്കുട്ടിയെ കണ്ടപ്പോൾ അതിന്റെ പുറത്ത് കയറി ഇരുന്നു.+ 15 “സീയോൻപുത്രിയേ, പേടിക്കേണ്ടാ. ഇതാ, നിന്റെ രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് കയറി വരുന്നു”+ എന്ന് എഴുതിയിരുന്നത് അങ്ങനെ നിറവേറി. 16 യേശുവിന്റെ ശിഷ്യന്മാർക്ക് ആദ്യം ഈ കാര്യങ്ങൾ മനസ്സിലായില്ല.+ എന്നാൽ യേശു മഹത്ത്വീകരിക്കപ്പെട്ടശേഷം,+ യേശുവിനെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയിരുന്നെന്നും തങ്ങൾ യേശുവിനുവേണ്ടി ഇങ്ങനെയൊക്കെ ചെയ്തെന്നും അവർ ഓർത്തു.+
17 മരിച്ചുപോയ ലാസറിനെ യേശു കല്ലറയിൽനിന്ന് വിളിച്ച്+ ഉയിർപ്പിച്ചതു കണ്ട ജനക്കൂട്ടം അതെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നുണ്ടായിരുന്നു.+ 18 യേശു ഇങ്ങനെയൊരു അടയാളം കാണിച്ചെന്നു കേട്ടതുകൊണ്ടുംകൂടെയാണു ജനം യേശുവിനെ കാണാൻ ചെന്നത്. 19 അപ്പോൾ പരീശന്മാർ തമ്മിൽത്തമ്മിൽ പറഞ്ഞു: “ഛെ! നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ. ലോകം മുഴുവൻ ഇവന്റെ പിന്നാലെയാണ്.”+
20 ഉത്സവത്തിന് ആരാധിക്കാൻ വന്നവരിൽ ചില ഗ്രീക്കുകാരുമുണ്ടായിരുന്നു. 21 അവർ ഗലീലയിലെ ബേത്ത്സയിദയിൽനിന്നുള്ള ഫിലിപ്പോസിന്റെ+ അടുത്ത് ചെന്ന്, “യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണണമെന്നുണ്ട്” എന്ന് അപേക്ഷിച്ചു. 22 ഫിലിപ്പോസ് ചെന്ന് അത് അന്ത്രയോസിനോടു+ പറഞ്ഞു. അന്ത്രയോസും ഫിലിപ്പോസും പോയി അതു യേശുവിനെ അറിയിച്ചു.
23 യേശു അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നിരിക്കുന്നു.+ 24 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഒരു ഗോതമ്പുമണി മണ്ണിൽ വീണ് അഴുകുന്നില്ലെങ്കിൽ*+ അത് ഒരൊറ്റ ഗോതമ്പുമണിയായിത്തന്നെയിരിക്കും. എന്നാൽ അഴുകുന്നെങ്കിലോ അതു നല്ല വിളവ് തരും. 25 തന്റെ ജീവനെ പ്രിയപ്പെടുന്നവൻ അതിനെ ഇല്ലാതാക്കും. എന്നാൽ ഈ ലോകത്തിൽ തന്റെ ജീവനെ വെറുക്കുന്നവൻ+ നിത്യജീവനുവേണ്ടി അതു കാത്തുസൂക്ഷിക്കും.+ 26 എനിക്കു ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. ഞാൻ എവിടെയാണോ അവിടെയായിരിക്കും എനിക്കു ശുശ്രൂഷ ചെയ്യുന്നവനും.+ എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവ് ആദരിക്കും. 27 ഇപ്പോൾ ഞാൻ ആകെ അസ്വസ്ഥനാണ്.+ ഞാൻ എന്തു പറയാൻ? പിതാവേ, ഈ നാഴികയിൽനിന്ന്* എന്നെ രക്ഷിക്കേണമേ.+ എങ്കിലും ഇതിനുവേണ്ടിയാണല്ലോ ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നത്. 28 പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” അപ്പോൾ ആകാശത്തുനിന്ന് ഒരു ശബ്ദമുണ്ടായി:+ “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”+
29 അവിടെ നിന്നിരുന്ന ജനക്കൂട്ടം അതു കേട്ടിട്ട് ഇടിമുഴക്കമാണെന്നു പറഞ്ഞു. മറ്റുള്ളവരോ, “ഒരു ദൂതൻ അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു. 30 അപ്പോൾ യേശു അവരോടു പറഞ്ഞു: “ഈ ശബ്ദം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.+ 31 ഇപ്പോൾ ഈ ലോകത്തെ ന്യായം വിധിക്കും. ഈ ലോകത്തിന്റെ ഭരണാധികാരിയെ+ തള്ളിക്കളയാനുള്ള സമയമാണ് ഇത്.+ 32 എന്നാൽ എന്നെ ഭൂമിയിൽനിന്ന് ഉയർത്തുമ്പോൾ+ ഞാൻ എല്ലാ തരം മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.”+ 33 തന്റെ ആസന്നമായ മരണം ഏതു വിധത്തിലായിരിക്കും+ എന്നു സൂചിപ്പിക്കാനാണു യേശു ഇതു പറഞ്ഞത്. 34 അപ്പോൾ ജനക്കൂട്ടം യേശുവിനോടു പറഞ്ഞു: “ക്രിസ്തു എന്നുമുണ്ടായിരിക്കുമെന്നാണു നിയമപുസ്തകത്തിൽനിന്ന് ഞങ്ങൾ കേട്ടിരിക്കുന്നത്.+ അപ്പോൾപ്പിന്നെ മനുഷ്യപുത്രനെ ഉയർത്തുമെന്നു+ താങ്കൾ പറയുന്നത് എന്താണ്? ഏതു മനുഷ്യപുത്രനെക്കുറിച്ചാണു താങ്കൾ പറയുന്നത്?” 35 യേശു അവരോടു പറഞ്ഞു: “ഇനി, കുറച്ച് കാലത്തേക്കു മാത്രമേ വെളിച്ചം നിങ്ങളുടെകൂടെയുണ്ടായിരിക്കൂ.+ ഇരുട്ടു നിങ്ങളെ കീഴടക്കാതിരിക്കാൻ വെളിച്ചമുള്ളപ്പോൾ നടന്നുകൊള്ളുക. ഇരുട്ടിൽ നടക്കുന്നവനു താൻ എവിടേക്കാണു പോകുന്നതെന്ന് അറിയില്ലല്ലോ.+ 36 നിങ്ങൾ വെളിച്ചത്തിന്റെ പുത്രന്മാരാകാൻ+ വെളിച്ചമുള്ളപ്പോൾ വെളിച്ചത്തിൽ വിശ്വാസമർപ്പിക്കുക.”
ഇതു പറഞ്ഞിട്ട് യേശു അവിടെനിന്ന് പോയി, അവരുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞു. 37 അവരുടെ കൺമുന്നിൽവെച്ച് അനേകം അടയാളങ്ങൾ ചെയ്തിട്ടും അവർ യേശുവിൽ വിശ്വസിച്ചില്ല. 38 അങ്ങനെ, യശയ്യ പ്രവാചകന്റെ ഈ വാക്കുകൾ നിറവേറി: “യഹോവേ, ഞങ്ങൾ പറഞ്ഞതു കേട്ട്* വിശ്വസിച്ച ആരാണുള്ളത്?+ യഹോവ തന്റെ കൈ ആർക്കു വെളിപ്പെടുത്തിയിരിക്കുന്നു?”+ 39 അവർക്കു വിശ്വസിക്കാൻ കഴിയാഞ്ഞതിന്റെ കാരണത്തെക്കുറിച്ചും യശയ്യ ഇങ്ങനെ പറഞ്ഞിരുന്നു: 40 “ദൈവം അവരുടെ കണ്ണുകൾ അന്ധമാക്കിയിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ കഠിനമാക്കിയിരിക്കുന്നു. അതുകൊണ്ട് അവർ അവരുടെ കണ്ണുകൊണ്ട് കാണുന്നില്ല, ഹൃദയംകൊണ്ട് ഗ്രഹിക്കുന്നില്ല. മനംതിരിഞ്ഞുവരാത്ത അവരെ ഞാൻ സുഖപ്പെടുത്തുന്നുമില്ല.”+ 41 ക്രിസ്തുവിന്റെ മഹത്ത്വം കണ്ടതുകൊണ്ടാണ് യശയ്യ ക്രിസ്തുവിനെക്കുറിച്ച് ഇതു പറഞ്ഞത്.+ 42 പ്രമാണിമാരിൽപ്പോലും ധാരാളം പേർ യേശുവിൽ വിശ്വസിച്ചു.+ എങ്കിലും അവർക്കു പരീശന്മാരെ പേടിയായിരുന്നു. അതുകൊണ്ട് സിനഗോഗിൽനിന്ന് പുറത്താക്കുമോ എന്നു ഭയന്ന് അവർ യേശുവിനെ അംഗീകരിക്കുന്ന കാര്യം പരസ്യമായി സമ്മതിച്ചില്ല.+ 43 അവർ ദൈവത്തിന്റെ അംഗീകാരത്തെക്കാൾ മനുഷ്യരുടെ അംഗീകാരമാണ് ആഗ്രഹിച്ചത്.+
44 യേശു ഇങ്ങനെ വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച വ്യക്തിയെയും വിശ്വസിക്കുന്നു.+ 45 എന്നെ കാണുന്നവൻ എന്നെ അയച്ച വ്യക്തിയെയും കാണുന്നു.+ 46 എന്നിൽ വിശ്വസിക്കുന്ന ആരും ഇരുട്ടിൽ കഴിയാതിരിക്കാൻ+ ഞാൻ വെളിച്ചമായി ലോകത്തേക്കു വന്നിരിക്കുന്നു.+ 47 എന്റെ വചനം കേട്ടിട്ട് അത് അനുസരിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല. കാരണം ഞാൻ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്.+ 48 എന്നാൽ എന്നെ വകവെക്കാതെ എന്റെ വചനങ്ങൾ തള്ളിക്കളയുന്നവനെ വിധിക്കുന്ന ഒരാളുണ്ട്. എന്റെ വാക്കുകളായിരിക്കും അവസാനനാളിൽ അവനെ വിധിക്കുക.+ 49 കാരണം ഞാൻ എനിക്കു തോന്നുന്നതുപോലെ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണം, എന്തു സംസാരിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എന്നോടു കല്പിച്ചിട്ടുണ്ട്.+ 50 പിതാവിന്റെ കല്പന നിത്യജീവനിലേക്കു നയിക്കുന്നെന്ന് എനിക്ക് അറിയാം.+ അതുകൊണ്ട് പിതാവ് എന്നോടു പറഞ്ഞിട്ടുള്ളതു മാത്രമാണു ഞാൻ സംസാരിക്കുന്നത്.”+