ഗലാത്യയിലുള്ളവർക്ക് എഴുതിയ കത്ത്
3 ബുദ്ധിയില്ലാത്ത ഗലാത്യക്കാരേ! യേശുക്രിസ്തുവിനെ സ്തംഭത്തിൽ തറച്ച നിലയിൽ നിങ്ങളുടെ കൺമുന്നിൽ ഇത്ര വ്യക്തമായി വരച്ചുകാട്ടിയിട്ടും,+ നിങ്ങളെ വശീകരിച്ച് ഈ ദുഃസ്വാധീനത്തിലാക്കിയത് ആരാണ്?+ 2 എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി: നിങ്ങൾക്കു ദൈവാത്മാവ് കിട്ടിയത് നിങ്ങൾ നിയമം ആവശ്യപ്പെടുന്നതു ചെയ്തതുകൊണ്ടാണോ, അതോ കേട്ട കാര്യങ്ങൾ വിശ്വസിച്ചതുകൊണ്ടാണോ?+ 3 ആത്മീയപാതയിൽ* നടന്നുതുടങ്ങിയിട്ട് ജഡികപാതയിൽ* അവസാനിപ്പിക്കാൻമാത്രം നിങ്ങൾ അത്ര ബുദ്ധിയില്ലാത്തവരാണോ?+ 4 നിങ്ങൾ ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച്ചതു വെറുതേയാണോ? വെറുതേയാണെന്ന് എനിക്കു വിശ്വസിക്കാനാകുന്നില്ല! 5 നിങ്ങൾക്കു ദൈവാത്മാവിനെ തന്ന് നിങ്ങൾക്കിടയിൽ അത്ഭുതങ്ങൾ ചെയ്യുന്നവൻ+ അതെല്ലാം ചെയ്യുന്നത് നിങ്ങൾ നിയമം ആവശ്യപ്പെടുന്നതു ചെയ്തതുകൊണ്ടാണോ അതോ കേട്ട കാര്യങ്ങൾ നിങ്ങൾ വിശ്വസിച്ചതുകൊണ്ടാണോ? 6 അബ്രാഹാം “യഹോവയിൽ* വിശ്വസിച്ചു; അതുകൊണ്ട് ദൈവം അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ?
7 അതുകൊണ്ട് വിശ്വാസത്തിൽ നടക്കുന്നവർ മാത്രമേ അബ്രാഹാമിന്റെ മക്കളാകൂ+ എന്നു നിങ്ങൾക്ക് അറിയാമല്ലോ. 8 ജനതകളിൽപ്പെട്ടവരെ ദൈവം വിശ്വാസത്തിന്റെ പേരിൽ നീതിമാന്മാരായി പ്രഖ്യാപിക്കും എന്ന കാര്യം മുൻകൂട്ടിക്കണ്ട് തിരുവെഴുത്ത് അബ്രാഹാമിനോട്, “നിന്നിലൂടെ എല്ലാ ജനതകളും അനുഗ്രഹം നേടും”+ എന്ന സന്തോഷവാർത്ത നേരത്തേതന്നെ അറിയിച്ചു. 9 അങ്ങനെ, വിശ്വാസത്തിൽ നടക്കുന്നവർ വിശ്വാസമുണ്ടായിരുന്ന അബ്രാഹാമിന്റെകൂടെ അനുഗ്രഹം നേടുന്നു.+
10 നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ആശ്രയിക്കുന്ന എല്ലാവരും ശാപത്തിൻകീഴിലാണ്. കാരണം, “നിയമത്തിന്റെ ചുരുളിൽ എഴുതിയിരിക്കുന്ന എല്ലാ കാര്യങ്ങളും അനുസരിക്കാത്തവൻ ശപിക്കപ്പെട്ടവൻ”+ എന്നാണല്ലോ എഴുതിയിട്ടുള്ളത്. 11 ആരെയും നിയമത്തിന്റെ അടിസ്ഥാനത്തിൽ ദൈവസന്നിധിയിൽ നീതിമാനായി പ്രഖ്യാപിക്കുന്നില്ല എന്നതും വ്യക്തമാണ്.+ കാരണം, “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണ് എഴുതിയിരിക്കുന്നത്. 12 നിയമം പക്ഷേ വിശ്വാസത്തിൽ അധിഷ്ഠിതമല്ല. “ഇക്കാര്യങ്ങൾ ചെയ്യുന്നയാൾ ഇവയാൽ ജീവിക്കും”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. 13 നമ്മളെ വിലയ്ക്കു വാങ്ങി,+ നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മളെ വിടുവിച്ച+ ക്രിസ്തു നമുക്കു പകരം ഒരു ശാപമായി. കാരണം “സ്തംഭത്തിൽ തൂക്കപ്പെടുന്നവനെല്ലാം ശപിക്കപ്പെട്ടവൻ”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്. 14 അബ്രാഹാമിനു വാഗ്ദാനം ചെയ്ത അനുഗ്രഹം ക്രിസ്തുയേശുവിലൂടെ ജനതകൾക്കു കിട്ടാൻവേണ്ടിയായിരുന്നു ഇത്.+ അങ്ങനെ, ദൈവം വാഗ്ദാനം ചെയ്ത ദൈവാത്മാവിനെ+ നമ്മുടെ വിശ്വാസത്തിന്റെ പേരിൽ നമുക്കു കിട്ടാനുള്ള വഴി തുറന്നു.
15 സഹോദരങ്ങളേ, മനുഷ്യരുടെ ഇടയിലെ ഒരു കാര്യംതന്നെ ഞാൻ ദൃഷ്ടാന്തമായി പറയാം: മനുഷ്യർ ചെയ്യുന്ന ഉടമ്പടിപോലും ഒരിക്കൽ ഉറപ്പിച്ചുകഴിഞ്ഞാൽ* പിന്നെ ആരും അസാധുവാക്കുകയോ അതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ഇല്ല. 16 വാഗ്ദാനം കൊടുത്തത് അബ്രാഹാമിനും അബ്രാഹാമിന്റെ സന്തതിക്കും* ആണ്.+ പലരെ ഉദ്ദേശിച്ച്, “നിന്റെ സന്തതികൾക്ക്”* എന്നല്ല, ഒരാളെ ഉദ്ദേശിച്ച്, “നിന്റെ സന്തതിക്ക്”* എന്നാണു പറഞ്ഞിരിക്കുന്നത്. ആ സന്തതി ക്രിസ്തുവാണ്.+ 17 ഞാൻ ഒരു കാര്യംകൂടെ പറയാം: ദൈവം ഉടമ്പടി ഉറപ്പിച്ച് 430 വർഷം കഴിഞ്ഞ്+ നിലവിൽവന്ന നിയമം ആ ഉടമ്പടിയെ അസാധുവാക്കുന്നില്ല. അതുകൊണ്ടുതന്നെ നിയമം വാഗ്ദാനത്തെ ഇല്ലാതാക്കുന്നില്ല. 18 അവകാശം കൊടുക്കുന്നതു നിയമത്തെ അടിസ്ഥാനമാക്കിയാണെങ്കിൽ പിന്നെ അതു വാഗ്ദാനത്തെ അടിസ്ഥാനമാക്കിയാകില്ലല്ലോ. അബ്രാഹാമിനു പക്ഷേ അതു വാഗ്ദാനത്തിലൂടെ കൊടുക്കാനാണു ദൈവം കനിഞ്ഞത്.+
19 അങ്ങനെയെങ്കിൽ, നിയമം എന്തിനുവേണ്ടിയായിരുന്നു? വാഗ്ദാനം കിട്ടിയ സന്തതി* വരുന്നതുവരെ+ ലംഘനങ്ങൾ വെളിപ്പെടാൻവേണ്ടിയാണ് അതു കൂട്ടിച്ചേർത്തത്.+ ദൂതന്മാരിലൂടെ+ ഒരു മധ്യസ്ഥൻ+ മുഖാന്തരം അതു കൊടുത്തു. 20 ഒന്നിലധികം പേരുള്ളപ്പോഴാണല്ലോ മധ്യസ്ഥന്റെ ആവശ്യം. എന്നാൽ വാഗ്ദാനത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഇവിടെ ദൈവം ഒരാളേ ഉള്ളൂ. 21 അപ്പോൾ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണോ? ഒരിക്കലുമല്ല! നിയമസംഹിതയിലൂടെ ജീവൻ കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ അതിലൂടെ നീതീകരണവും സാധ്യമാകുമായിരുന്നു. 22 പക്ഷേ വിശ്വസിക്കുന്നവർക്കു യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ കിട്ടുന്ന വാഗ്ദാനം ലഭിക്കാൻവേണ്ടി തിരുവെഴുത്ത് എല്ലാവരെയും പാപത്തിന്റെ അധീനതയിൽ ഏൽപ്പിച്ചു.
23 വിശ്വാസം വന്നെത്തുന്നതിനു മുമ്പ്, വെളിപ്പെടാനിരുന്ന വിശ്വാസത്തിനുവേണ്ടി+ കാത്തിരുന്ന സമയത്ത് നമ്മളെ നിയമത്തിന്റെ അധീനതയിൽ ഏൽപ്പിച്ചിരുന്നു. അതിന്റെ കാവലിലായിരുന്നു നമ്മൾ. 24 അതുകൊണ്ട്, നിയമം നമ്മളെ ക്രിസ്തുവിലേക്കു നയിക്കുന്ന രക്ഷാകർത്താവായി.*+ അങ്ങനെ, വിശ്വാസത്തിന്റെ പേരിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടാൻ+ നമുക്ക് അവസരം കിട്ടി. 25 പക്ഷേ ഇപ്പോൾ വിശ്വാസം വന്നെത്തിയ സ്ഥിതിക്കു+ നമ്മൾ ഇനി രക്ഷാകർത്താവിന്റെ*+ കീഴിലല്ല.
26 ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ+ നിങ്ങൾ എല്ലാവരും ദൈവമക്കളാണ്.*+ 27 കാരണം സ്നാനമേറ്റ് ക്രിസ്തുവിനോടു ചേർന്ന നിങ്ങളെല്ലാം ക്രിസ്തുവിനെ ധരിച്ചവരാണല്ലോ.+ 28 അതിൽ ജൂതനോ ഗ്രീക്കുകാരനോ എന്നില്ല.+ അടിമയോ സ്വതന്ത്രനോ എന്നില്ല.+ സ്ത്രീയോ പുരുഷനോ എന്നുമില്ല.+ ക്രിസ്തുയേശുവിൽ നിങ്ങൾ എല്ലാവരും ഒന്നാണ്.+ 29 മാത്രമല്ല, ക്രിസ്തുവിനുള്ളവരാണെങ്കിൽ നിങ്ങൾ ശരിക്കും അബ്രാഹാമിന്റെ സന്തതിയും*+ വാഗ്ദാനത്തിന്റെ+ അടിസ്ഥാനത്തിൽ അവകാശികളും+ ആണ്.