മർക്കൊസ് എഴുതിയത്
11 അവർ യാത്ര ചെയ്ത് യരുശലേമിന് അടുത്തുള്ള ഒലിവുമലയിലെ ബേത്ത്ഫാഗ, ബഥാന്യ+ എന്നീ സ്ഥലങ്ങളോട് അടുത്തപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടു പേരെ വിളിച്ച്+ 2 അവരോടു പറഞ്ഞു: “ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ ചെല്ലുമ്പോൾത്തന്നെ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ച് കൊണ്ടുവരുക. 3 ‘നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് ’ എന്ന് ആരെങ്കിലും ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്, ഉടൻതന്നെ ഇതിനെ തിരിച്ചെത്തിക്കാം’ എന്നു പറയുക.” 4 അങ്ങനെ അവർ പോയി, തെരുവിൽ ഒരു വീട്ടുവാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ട് അതിനെ അഴിച്ചു.+ 5 എന്നാൽ അവിടെ നിന്നിരുന്നവരിൽ ചിലർ അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, കഴുതക്കുട്ടിയെ അഴിക്കുന്നോ?” 6 യേശു പറഞ്ഞിരുന്നതുപോലെതന്നെ അവർ അവരോടു പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു.
7 അവർ കഴുതക്കുട്ടിയെ+ യേശുവിന്റെ അടുത്ത് കൊണ്ടുവന്ന് അവരുടെ പുറങ്കുപ്പായങ്ങൾ അതിന്റെ മേൽ ഇട്ടു. യേശു അതിന്റെ പുറത്ത് കയറി ഇരുന്നു.+ 8 പലരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.+ മറ്റു ചിലർ പറമ്പിൽനിന്ന് പച്ചിലക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു.+ 9 മുന്നിലും പിന്നിലും നടന്നിരുന്നവർ ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ഓശാന!*+ യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ!+ 10 നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം അനുഗ്രഹിക്കപ്പെട്ടത്!+ അത്യുന്നതങ്ങളിൽ വസിക്കുന്നവനേ, ഓശാന!”* 11 യരുശലേമിൽ എത്തിയ യേശു ദേവാലയത്തിൽ ചെന്ന് ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. പക്ഷേ നേരം വൈകിയതിനാൽ യേശു പന്ത്രണ്ടു പേരോടൊപ്പം* ബഥാന്യയിലേക്കു പോയി.+
12 പിറ്റേന്ന് അവർ ബഥാന്യ വിട്ടുപോരുമ്പോൾ യേശുവിനു വിശന്നു.+ 13 യേശു ദൂരത്തുനിന്ന് നിറയെ ഇലകളുള്ള ഒരു അത്തി മരം കണ്ടു. അതിൽനിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് അറിയാൻ അടുത്തേക്കു ചെന്നു. എന്നാൽ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. കാരണം, അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. 14 യേശു അതിനോട്, “നിന്നിൽനിന്ന് ഇനി ഒരിക്കലും ആരും പഴം കഴിക്കാതിരിക്കട്ടെ”+ എന്നു പറഞ്ഞു. യേശുവിന്റെ ശിഷ്യന്മാർ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
15 അവർ യരുശലേമിൽ എത്തി. യേശു ദേവാലയത്തിൽ ചെന്ന് അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നവരെ പുറത്താക്കാൻതുടങ്ങി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു.+ 16 ദേവാലയത്തിന് ഉള്ളിലൂടെ എന്തെങ്കിലും കൊണ്ടുപോകാൻ യേശു ആരെയും അനുവദിച്ചില്ല. 17 യേശു അവരെ പഠിപ്പിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “‘എന്റെ ഭവനം സകല ജനതകൾക്കുമുള്ള പ്രാർഥനാലയം എന്ന് അറിയപ്പെടും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.+ നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.”+ 18 ഇതെക്കുറിച്ച് കേട്ട മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാനുള്ള വഴി ആലോചിച്ചുതുടങ്ങി.+ എന്നാൽ അവർക്കു യേശുവിനെ പേടിയായിരുന്നു. കാരണം, ജനമെല്ലാം യേശു പഠിപ്പിക്കുന്നതു കേട്ട് ആകെ അതിശയിച്ചുപോയിരുന്നു.+
19 സന്ധ്യയായപ്പോൾ അവർ നഗരത്തിൽനിന്ന് പോയി. 20 അതിരാവിലെ അവർ ആ അത്തിയുടെ അടുത്തുകൂടെ വരുമ്പോൾ അതു വേര് ഉൾപ്പെടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.+ 21 അപ്പോൾ പത്രോസിനു തലേദിവസത്തെ സംഭവം ഓർമ വന്നു. പത്രോസ് പറഞ്ഞു: “റബ്ബീ കണ്ടോ, അങ്ങ് ശപിച്ച ആ അത്തി ഉണങ്ങിപ്പോയി.”+ 22 അപ്പോൾ യേശു അവരോടു പറഞ്ഞു: “ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കുക. 23 ഹൃദയത്തിൽ സംശയിക്കാതെ, താൻ പറയുന്നതു സംഭവിക്കുമെന്ന വിശ്വാസത്തോടെ ആരെങ്കിലും ഈ മലയോട്, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്നതൊക്കെ നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞെന്നു വിശ്വസിക്കുക. അപ്പോൾ അവ നിങ്ങൾക്കു ലഭിച്ചിരിക്കും.+ 25 നിങ്ങൾ പ്രാർഥിച്ചുകൊണ്ട് നിൽക്കുമ്പോൾ, മറ്റുള്ളവരുമായുള്ള എല്ലാ പ്രശ്നങ്ങളും ക്ഷമിച്ചുകളയുക. അങ്ങനെ ചെയ്താൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും.”+ 26 ——
27 അവർ വീണ്ടും യരുശലേമിൽ എത്തി. യേശു ദേവാലയത്തിലൂടെ നടക്കുമ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: 28 “നീ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നത്? ആരാണു നിനക്ക് ഈ അധികാരം തന്നത്?”+ 29 യേശു അവരോടു പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും. അതിന് ഉത്തരം പറഞ്ഞാൽ എന്ത് അധികാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നു ഞാനും പറയാം. 30 യോഹന്നാനാലുള്ള സ്നാനം+ സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?* പറയൂ.”+ 31 അപ്പോൾ അവർ പരസ്പരം പറഞ്ഞു: “‘സ്വർഗത്തിൽനിന്ന് ’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് യോഹന്നാനെ വിശ്വസിച്ചില്ല’ എന്ന് അവൻ ചോദിക്കും. 32 ‘മനുഷ്യരിൽനിന്ന് ’ എന്നു പറയാമെന്നുവെച്ചാൽ എന്താകും നമ്മുടെ സ്ഥിതി?” യോഹന്നാനെ ഒരു പ്രവാചകനായി ജനം കണക്കാക്കിയിരുന്നതുകൊണ്ട് അവർക്ക് അവരെ പേടിയായിരുന്നു.+ 33 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോട്, “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യുന്നത് എന്ത് അധികാരത്തിലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല” എന്നു പറഞ്ഞു.