കൊരിന്തിലുള്ളവർക്ക് എഴുതിയ രണ്ടാമത്തെ കത്ത്
11 ഇടയ്ക്കു ഞാൻ വല്ല വിഡ്ഢിത്തം പറഞ്ഞാലും നിങ്ങൾ സഹിക്കുമെന്നു ഞാൻ വിചാരിക്കുന്നു. വാസ്തവത്തിൽ, നിങ്ങൾ ഇപ്പോൾത്തന്നെ എന്നെ സഹിക്കുന്നുണ്ടല്ലോ! 2 നിങ്ങളുടെ കാര്യത്തിൽ ഞാൻ ദൈവികമായ എരിവോടെ* എരിയുന്നു. കാരണം ക്രിസ്തു എന്ന ഏകഭർത്താവിന്റെ കൈയിൽ നിങ്ങളെ ഒരു നിർമലകന്യകയായി* ഏൽപ്പിക്കാൻ ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം നടത്തിയതു ഞാനാണ്.+ 3 പക്ഷേ സർപ്പം കൗശലം പ്രയോഗിച്ച്+ ഹവ്വയെ വശീകരിച്ചതുപോലെ ഏതെങ്കിലും വിധത്തിൽ നിങ്ങളുടെ മനസ്സു ക്രിസ്തു അർഹിക്കുന്ന ആത്മാർഥതയും നിർമലതയും* വിട്ട് വഷളായിപ്പോകുമോ എന്നു ഞാൻ പേടിക്കുന്നു.+ 4 കാരണം, ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ ഒരു യേശുവിനെക്കുറിച്ച് ആരെങ്കിലും വന്ന് പ്രസംഗിക്കുകയോ നിങ്ങൾക്കു കിട്ടിയതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങൾക്കു കിട്ടുകയോ നിങ്ങൾ സ്വീകരിച്ചതല്ലാത്ത മറ്റൊരു സന്തോഷവാർത്ത നിങ്ങൾ കേൾക്കുകയോ ചെയ്യുമ്പോൾ+ നിങ്ങൾ വേഗം അതിനോട് ഇണങ്ങിച്ചേരുന്നല്ലോ. 5 നിങ്ങൾക്കിടയിലെ അതികേമന്മാരായ അപ്പോസ്തലന്മാരെക്കാൾ ഞാൻ ഒട്ടും താഴെയല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.+ 6 എനിക്കു വാക്സാമർഥ്യമില്ലെങ്കിലും+ അറിവിന്റെ കാര്യത്തിൽ അങ്ങനെയല്ല. അതു ഞങ്ങൾ എല്ലാ വിധത്തിലും എല്ലാ കാര്യങ്ങളിലും നിങ്ങൾക്കു തെളിയിച്ചുതന്നിട്ടുമുണ്ട്.
7 പ്രതിഫലമൊന്നും വാങ്ങിക്കാതെ ഞാൻ സന്തോഷത്തോടെ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.+ അതെ, നിങ്ങളെ ഉയർത്താൻവേണ്ടി ഞാൻ എന്നെത്തന്നെ താഴ്ത്തി. അതാണോ ഞാൻ ചെയ്ത തെറ്റ്? 8 നിങ്ങൾക്കു ശുശ്രൂഷ ചെയ്യാൻ മറ്റു സഭകളിൽനിന്ന് സഹായം സ്വീകരിച്ചുകൊണ്ട് ഞാൻ അവരുടെ വസ്തുക്കൾ അപഹരിച്ചു.+ 9 എങ്കിലും നിങ്ങളുടെകൂടെയായിരുന്ന സമയത്ത് എനിക്കു പെട്ടെന്ന് ഒരു ആവശ്യം വന്നപ്പോൾ നിങ്ങൾക്ക് ആർക്കും ഞാൻ ഒരു ഭാരമായില്ല. മാസിഡോണിയയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങളൊക്കെ നിറവേറ്റിത്തന്നത്.+ ഒരുതരത്തിലും നിങ്ങൾക്കൊരു ഭാരമാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇനിയും അങ്ങനെതന്നെ ചെയ്യും.+ 10 എന്നിലുള്ള ക്രിസ്തുവിന്റെ സത്യമാണെ, അഖായപ്രദേശങ്ങളിൽ ഇങ്ങനെ വീമ്പിളക്കുന്നതു ഞാൻ നിറുത്തില്ല.+ 11 എന്തുകൊണ്ട്? നിങ്ങളോടു സ്നേഹമില്ലാത്തതുകൊണ്ടാണോ? എനിക്കു നിങ്ങളോടു സ്നേഹമുണ്ടെന്നു ദൈവത്തിന് അറിയാം.
12 പക്ഷേ ഞാൻ ഈ ചെയ്യുന്നത് ഇനിയും ചെയ്യും.+ അങ്ങനെ, ഞങ്ങൾക്കു തുല്യരാണെന്നു വരുത്തിത്തീർക്കാൻവേണ്ടി വീമ്പിളക്കി നടക്കുന്നവരുടെ* നാട്യം ഞാൻ ഇല്ലാതാക്കും. 13 കാരണം അങ്ങനെയുള്ളവർ ക്രിസ്തുവിന്റെ അപ്പോസ്തലന്മാരായി ആൾമാറാട്ടം നടത്തുന്ന കള്ളയപ്പോസ്തലന്മാരും വഞ്ചകരും ആണ്.+ 14 അതിൽ അത്ഭുതപ്പെടാനില്ല. കാരണം സാത്താൻപോലും വെളിച്ചദൂതനായി ആൾമാറാട്ടം നടത്തുന്നില്ലേ?+ 15 അപ്പോൾ സാത്താന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി ആൾമാറാട്ടം നടത്തുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? പക്ഷേ അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും.+
16 ഞാൻ വീണ്ടും പറയട്ടെ: ഞാൻ ഒരു വിഡ്ഢിയാണെന്ന് ആരും കരുതരുത്. അഥവാ അങ്ങനെ കരുതുന്നെങ്കിൽത്തന്നെ, ഒരു വിഡ്ഢിയായി കണ്ട് എന്നെ സഹിച്ചുകൊള്ളൂ. അങ്ങനെയെങ്കിലും എനിക്ക് അൽപ്പം വീമ്പിളക്കാമല്ലോ. 17 ഞാൻ ഈ സംസാരിക്കുന്നതു കർത്താവ് വെച്ച മാതൃകയ്ക്കു ചേർച്ചയിലല്ല. പകരം അതിരുകവിഞ്ഞ ആത്മവിശ്വാസത്തോടെ വീമ്പിളക്കുന്ന ഒരു വിഡ്ഢിയെപ്പോലെയാണ്. 18 പലരും ജഡികമായ* കാര്യങ്ങളുടെ പേരിൽ* വീമ്പിളക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഞാനും അങ്ങനെ ചെയ്യും. 19 എന്തായാലും നിങ്ങൾ വലിയ ‘ബുദ്ധിമാന്മാർ’ ആയതുകൊണ്ട് വിഡ്ഢികളെ സന്തോഷത്തോടെ സഹിക്കാൻ പറ്റുമല്ലോ. 20 ആരെങ്കിലും നിങ്ങളെ അടിമയാക്കിയാലും, നിങ്ങളുടെ വസ്തുവകകൾ വിഴുങ്ങിക്കളഞ്ഞാലും, നിങ്ങൾക്കുള്ളതു പിടിച്ചുപറിച്ചാലും, നിങ്ങളെക്കാൾ കേമന്മാരായി ഭാവിച്ചാലും, നിങ്ങളുടെ മുഖത്ത് അടിച്ചാലും അതെല്ലാം സഹിക്കുന്നവരാണല്ലോ നിങ്ങൾ.
21 ഞങ്ങൾ ദുർബലരാണെന്നു നിങ്ങൾക്കു തോന്നിയേക്കാം എന്നതുകൊണ്ട്, ഞാൻ ഇതൊക്കെ പറയുന്നതു ഞങ്ങൾക്കു നാണക്കേടാണെന്നു ഞാൻ സമ്മതിക്കുന്നു.
ഒരു വിഡ്ഢിയെപ്പോലെ ഞാൻ പറയട്ടെ. മറ്റുള്ളവർ തന്റേടം കാണിക്കുന്നെങ്കിൽ ഞാനും തന്റേടം കാണിക്കും. 22 അവർ എബ്രായരാണോ? ഞാനും അതെ.+ അവർ ഇസ്രായേല്യരാണോ? ഞാനും അതെ. അവർ അബ്രാഹാമിന്റെ സന്തതിയാണോ? ഞാനും അതെ.+ 23 അവർ ക്രിസ്തുവിന്റെ ശുശ്രൂഷകരാണോ? ഒരു ഭ്രാന്തനെപ്പോലെ ഞാൻ പറയട്ടെ, ഞാൻ അവരെക്കാൾ മികച്ചവനാണ്. കാരണം ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു.+ കൂടുതൽ പ്രാവശ്യം തടവിലായി.+ കണക്കില്ലാതെ തല്ലു കൊണ്ടു. പലവട്ടം മരണത്തെ മുഖാമുഖം കണ്ടു.+ 24 എനിക്കു ജൂതന്മാരിൽനിന്ന് ഒന്നു കുറച്ച് 40 അടി,* അഞ്ചു പ്രാവശ്യം കൊള്ളേണ്ടിവന്നു.+ 25 മൂന്നു തവണ എനിക്കു വടികൊണ്ട് അടി കിട്ടി.+ ഒരിക്കൽ ആളുകൾ എന്നെ കല്ലെറിഞ്ഞു.+ മൂന്നു തവണ കപ്പലപകടത്തിൽപ്പെട്ടു.+ ഒരു രാത്രിയും പകലും പുറങ്കടലിൽ ഒഴുകിനടന്നു. 26 ഞാൻ വിശ്രമമില്ലാതെ യാത്ര ചെയ്തു. നദികളിലെ ആപത്ത്, കവർച്ചക്കാരിൽനിന്നുള്ള ആപത്ത്, സ്വന്തം ജനത്തിൽനിന്നുള്ള ആപത്ത്,+ മറ്റു ജനതകളിൽനിന്നുള്ള ആപത്ത്,+ നഗരത്തിലെ ആപത്ത്,+ മരുഭൂമിയിലെ* ആപത്ത്, കടലിലെ ആപത്ത്, കള്ളസഹോദരന്മാരിൽനിന്നുള്ള ആപത്ത് എന്നിവയ്ക്കെല്ലാം ഞാൻ ഇരയായി. 27 ഞാൻ അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്തു. പലപ്പോഴും ഉറക്കമിളച്ചു.+ വിശപ്പും ദാഹവും സഹിച്ചു.+ പലവട്ടം പട്ടിണി കിടന്നു.+ കൊടുംതണുപ്പിലും നഗ്നതയിലും കഴിഞ്ഞു.
28 പുറമേയുള്ള ഇവയെല്ലാം കൂടാതെ, എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും ഓരോ ദിവസവും എന്നെ അലട്ടുന്നു.+ 29 ആരു ബലഹീനനായപ്പോഴാണു ഞാൻ ബലഹീനനാകാതിരുന്നത്? ആര് ഇടറിവീണപ്പോഴാണ് എനിക്കു ധാർമികരോഷം തോന്നാതിരുന്നത്?
30 ഞാൻ വീമ്പിളക്കുന്നെങ്കിൽ എന്റെ ബലഹീനത വെളിവാക്കുന്ന കാര്യങ്ങളെക്കുറിച്ചായിരിക്കും വീമ്പിളക്കുക. 31 കർത്താവായ യേശുവിന്റെ ദൈവവും പിതാവും ആയവന്, എന്നെന്നും സ്തുതിക്കപ്പെടേണ്ടവന്, ഞാൻ പറയുന്നതു നുണയല്ല എന്ന് അറിയാം. 32 ദമസ്കൊസിൽവെച്ച് അരേത രാജാവിന്റെ കീഴിലുള്ള ഗവർണർ എന്നെ പിടിക്കാൻവേണ്ടി ആ നഗരത്തിനു കാവൽ ഏർപ്പെടുത്തി. 33 പക്ഷേ എന്നെ ഒരു കൊട്ടയിലാക്കി* നഗരമതിലിലെ ജനലിലൂടെ ഇറക്കിവിട്ടതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.+