അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
4 അവർ രണ്ടും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതന്മാരും ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിയും+ സദൂക്യരും+ അവരുടെ നേരെ വന്നു. 2 അപ്പോസ്തലന്മാർ ആളുകളെ പഠിപ്പിക്കുകയും മരിച്ചവരിൽനിന്ന് യേശു ഉയിർത്തെഴുന്നേറ്റെന്നു പരസ്യമായി പ്രസംഗിക്കുകയും ചെയ്തതുകൊണ്ട്+ അവർ ആകെ ദേഷ്യത്തിലായിരുന്നു. 3 അവർ അവരെ പിടികൂടി.* നേരം സന്ധ്യയായതുകൊണ്ട് പിറ്റേന്നുവരെ തടവിൽവെച്ചു.+ 4 എന്നാൽ ആ അപ്പോസ്തലന്മാരുടെ പ്രസംഗം കേട്ട ഒരുപാടു പേർ വിശ്വസിച്ചു; പുരുഷന്മാർതന്നെ ഏകദേശം 5,000-ത്തോളമായി.+
5 പിറ്റേന്ന് അവരുടെ പ്രമാണിമാരും മൂപ്പന്മാരും ശാസ്ത്രിമാരും യരുശലേമിൽ ഒരുമിച്ചുകൂടി. 6 മുഖ്യപുരോഹിതനായ അന്നാസും+ കയ്യഫയും+ യോഹന്നാനും അലക്സാണ്ടറും മുഖ്യപുരോഹിതന്റെ ബന്ധുക്കളായ എല്ലാവരും അവിടെ കൂടിവന്നു. 7 അവർ പത്രോസിനെയും യോഹന്നാനെയും അവരുടെ നടുവിൽ നിറുത്തി ചോദ്യം ചെയ്യാൻ തുടങ്ങി: “ആരുടെ നാമത്തിൽ, എന്ത് അധികാരത്തിലാണു നിങ്ങൾ ഇതൊക്കെ ചെയ്യുന്നത്?”+ 8 അപ്പോൾ പത്രോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി+ അവരോടു പറഞ്ഞു:
“ജനത്തിന്റെ പ്രമാണിമാരേ, മൂപ്പന്മാരേ, 9 മുടന്തനായ ഒരാൾക്ക് ഒരു നല്ല കാര്യം ചെയ്തുകൊടുത്തതിനാണോ+ ഞങ്ങളെ ചോദ്യം ചെയ്യുന്നത്? ആരാണ് ഇയാളെ സുഖപ്പെടുത്തിയത്* എന്നാണു നിങ്ങൾക്ക് അറിയേണ്ടതെങ്കിൽ 10 നിങ്ങളും ഇസ്രായേൽ ജനമൊക്കെയും ഇക്കാര്യം മനസ്സിലാക്കിക്കൊള്ളുക: നിങ്ങൾ സ്തംഭത്തിൽ തറച്ചുകൊല്ലുകയും+ എന്നാൽ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും+ ചെയ്ത നസറെത്തുകാരനായ യേശുക്രിസ്തുവിനാലാണ്,*+ യേശുക്രിസ്തുവിന്റെ പേരിനാലാണ്, ഈ മനുഷ്യൻ സുഖം പ്രാപിച്ച് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. 11 ‘പണിയുന്നവരായ നിങ്ങൾ ഒരു വിലയും കല്പിക്കാതിരുന്നിട്ടും മുഖ്യ മൂലക്കല്ലായിത്തീർന്ന കല്ല്’ ഈ യേശുവാണ്.+ 12 മറ്റൊരാളിലൂടെയും രക്ഷ ലഭിക്കില്ല;+ മനുഷ്യർക്കു രക്ഷ കിട്ടാനായി ദൈവം ആകാശത്തിൻകീഴിൽ വേറൊരു പേരും നൽകിയിട്ടില്ല.”+
13 പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും+ ആണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ എല്ലാവരും അതിശയിച്ചുപോയി. അവർ യേശുവിന്റെകൂടെയുണ്ടായിരുന്നവരാണെന്ന് അവർ തിരിച്ചറിഞ്ഞു.+ 14 സുഖം പ്രാപിച്ച മനുഷ്യൻ അവരോടൊപ്പം നിൽക്കുന്നുണ്ടായിരുന്നതുകൊണ്ട്+ അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല.+ 15 അതുകൊണ്ട് അവരോടു സൻഹെദ്രിൻ ഹാൾ വിട്ട് പുറത്ത് പോകാൻ കല്പിച്ചശേഷം അവർ കൂടിയാലോചിച്ചു. 16 അവർ പറഞ്ഞു: “ഇവരെ നമ്മൾ എന്തു ചെയ്യും?+ ഇവരിലൂടെ ശ്രദ്ധേയമായ ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു എന്നതു വാസ്തവമാണ്. അത് യരുശലേമിലെ ആളുകൾക്കെല്ലാം നന്നായി അറിയുകയും ചെയ്യാം.+ നമുക്ക് അതു നിഷേധിക്കാനാകില്ല; 17 എന്നാൽ ഇതു ജനത്തിന് ഇടയിൽ കൂടുതൽ പ്രചരിക്കാതിരിക്കാൻ, മേലാൽ ആരോടും ഈ നാമത്തിൽ സംസാരിക്കരുതെന്നു പറഞ്ഞ് അവർക്കു താക്കീതു കൊടുക്കാം.”+
18 അങ്ങനെ, അവർ അവരെ വിളിച്ച് യേശുവിന്റെ നാമത്തിൽ ഒന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന് ആജ്ഞാപിച്ചു. 19 എന്നാൽ പത്രോസും യോഹന്നാനും അവരോടു പറഞ്ഞു: “ദൈവത്തിനു പകരം നിങ്ങളെ അനുസരിക്കുന്നതു ദൈവമുമ്പാകെ ശരിയാണോ? നിങ്ങൾതന്നെ ചിന്തിച്ചുനോക്കൂ.+ 20 ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.” 21 അവരെ ശിക്ഷിക്കാനുള്ള അടിസ്ഥാനമൊന്നും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. മാത്രമല്ല, ഈ സംഭവം നിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ അവർ ജനത്തെയും ഭയപ്പെട്ടു.+ അതുകൊണ്ട് ഒരിക്കൽക്കൂടി ഭീഷണിപ്പെടുത്തിയശേഷം അവർ അവരെ വിട്ടയച്ചു. 22 അത്ഭുതകരമായി സുഖം പ്രാപിച്ച ആ മനുഷ്യന് 40 വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരുന്നു.
23 മോചിതരായശേഷം അവർ സഹവിശ്വാസികളുടെ അടുത്ത് ചെന്ന്, മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും പറഞ്ഞ കാര്യങ്ങൾ അവരെ അറിയിച്ചു. 24 ഇതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ദൈവത്തോടു പ്രാർഥിച്ചു:
“ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്ടിച്ച പരമാധികാരിയായ കർത്താവേ,+ 25 ഞങ്ങളുടെ പൂർവികനും അങ്ങയുടെ ദാസനും ആയ ദാവീദിലൂടെ+ പരിശുദ്ധാത്മാവ് മുഖാന്തരം അങ്ങ് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: ‘ജനതകൾ ക്ഷോഭിച്ചതും ജനങ്ങൾ നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചതും എന്തിന്? 26 യഹോവയ്ക്കും ദൈവത്തിന്റെ അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ സംഘടിക്കുകയും ചെയ്തു.’+ 27 അങ്ങ് അഭിഷേകം ചെയ്ത അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്+ എതിരെ ഹെരോദും പൊന്തിയൊസ് പീലാത്തൊസും+ ഇസ്രായേൽ ജനവും മറ്റു ജനതകളിൽപ്പെട്ടവരും ഈ നഗരത്തിൽ ഒന്നിച്ചുകൂടിയല്ലോ. 28 അങ്ങയുടെ ഇഷ്ടത്തിനു ചേർച്ചയിൽ അങ്ങയുടെ ശക്തിയാൽ അങ്ങ് മുമ്പുതന്നെ നിർണയിച്ച കാര്യങ്ങൾ+ നിവർത്തിക്കാൻ അവർ കൂടിവന്നു. 29 ഇപ്പോൾ യഹോവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കേണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ടിരിക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്തരാക്കേണമേ. 30 സുഖപ്പെടുത്താൻ അങ്ങ് ഇനിയും കൈ നീട്ടേണമേ; അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ+ ഇനിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കാൻ ഇടയാക്കേണമേ.”+
31 അവർ ഉള്ളുരുകി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ അവർ കൂടിവന്ന സ്ഥലം കുലുങ്ങി. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി+ ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു.+
32 വിശ്വാസികളുടെ ആ വലിയ കൂട്ടം ഒരേ മനസ്സും ഹൃദയവും ഉള്ളവരായിരുന്നു. തങ്ങളുടെ വസ്തുവകകൾ തങ്ങളുടെ സ്വന്തമാണെന്ന് ഒരാൾപ്പോലും കരുതിയില്ല; പകരം അവർക്കുള്ളതെല്ലാം പൊതുവകയായി കണക്കാക്കി.+ 33 അപ്പോസ്തലന്മാർ പ്രാഗല്ഭ്യത്തോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ആളുകളോടു പറഞ്ഞുകൊണ്ടിരുന്നു.+ ദൈവത്തിന്റെ അനർഹദയ എല്ലാവരുടെയും മേൽ സമൃദ്ധമായുണ്ടായിരുന്നു. 34 ഇല്ലായ്മ അനുഭവിക്കുന്ന ആരും അവർക്കിടയിലുണ്ടായിരുന്നില്ല.+ കാരണം വയലുകളും വീടുകളും സ്വന്തമായുണ്ടായിരുന്ന എല്ലാവരും അവ വിറ്റ് പണം 35 അപ്പോസ്തലന്മാരുടെ അടുത്ത് കൊണ്ടുവന്നു;+ ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് അതു വിതരണം ചെയ്തു.+ 36 സൈപ്രസുകാരനായ യോസേഫ് എന്ന ഒരു ലേവ്യനും 37 കുറച്ച് സ്ഥലമുണ്ടായിരുന്നു. ബർന്നബാസ്+ (പരിഭാഷപ്പെടുത്തുമ്പോൾ, “ആശ്വാസപുത്രൻ” എന്ന് അർഥം.) എന്നാണ് അപ്പോസ്തലന്മാർ അദ്ദേഹത്തെ വിളിച്ചിരുന്നത്. ബർന്നബാസും സ്വന്തം സ്ഥലം വിറ്റ് പണം അപ്പോസ്തലന്മാരുടെ അടുത്ത് കൊണ്ടുവന്നു.+