‘രാജ്യത്തിന്റെ ഈ സുവിശേഷം പ്രസംഗിക്കപ്പെടും!’
1. പ്രസംഗവേലയ്ക്കു തടയിടാൻ ആർക്കും കഴിയില്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
1 തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ യാതൊന്നിനും ആവില്ല. (യെശ. 14:24) ഗിദെയോനെയും അവന്റെ കൂടെയുള്ള 300 പുരുഷന്മാരെയും സംബന്ധിച്ചിടത്തോളം, 1,35,000 വരുന്ന മിദ്യാന്യ സൈന്യത്തെ ചെറുത്തുതോൽപ്പിക്കുക എന്നത് അസാധ്യമായ ഒരു കാര്യമായിരുന്നു. എന്നാൽ യഹോവ അവനോട്, “നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത്” എന്നു പറഞ്ഞു. (ന്യായാ. 6:14) അന്നത്തെപ്പോലെതന്നെ ഇന്നും യഹോവയുടെ പിന്തുണയുള്ള ഒരു പ്രവർത്തനം ഉണ്ട്. അത് ഏതാണ്? യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും.” (മത്താ. 24:14) അതെ, ഈ വേല നിവർത്തിക്കപ്പെടും. അതിന് തടയിടാൻ ആർക്കും കഴിയില്ല!
2. ശുശ്രൂഷയിൽ യഹോവ നമ്മെ വ്യക്തിപരമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കാനാകുന്നത് എന്തുകൊണ്ട്?
2 യഹോവ നമ്മെ ഓരോരുത്തരെയും സഹായിക്കും: ശുശ്രൂഷ നിർവഹിക്കാൻ ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തെ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവൻ നമ്മെ വ്യക്തിപരമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കാനാകുമോ? ഒരു അവശ്യഘട്ടത്തിൽ, യഹോവ യേശുക്രിസ്തുവിലൂടെ തന്നെ പിന്തുണച്ചതായി അപ്പൊസ്തലനായ പൗലോസ് അനുഭവിച്ചറിഞ്ഞു. (2 തിമൊ. 4:17) നമ്മുടെ കാര്യത്തിലും ഇത് സത്യമാണ്. യഹോവയുടെ ഹിതം നിവർത്തിക്കാൻ വ്യക്തിപരമായി നാം ചെയ്യുന്ന ഓരോ ശ്രമങ്ങളെയും അവൻ അനുഗ്രഹിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—1 യോഹ. 5:14.
3. ഏതെല്ലാം സാഹചര്യങ്ങളിൽ യഹോവ നമ്മെ സഹായിക്കും?
3 ശുശ്രൂഷയിൽ കാര്യമായൊന്നും ചെയ്യാനാകാത്തവിധം ജീവിത ഉത്കണ്ഠകൾ നിങ്ങളെ ക്ഷീണിപ്പിക്കുന്നുണ്ടോ? യഹോവ “ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നൽകുന്നു.” (യെശ. 40:29-31) എതിർപ്പോ പീഡനമോ നിങ്ങൾക്കു നേരിടുന്നുണ്ടോ? “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീ. 55:22) ചിലപ്പോഴെങ്കിലും നിങ്ങളുടെ ആത്മവിശ്വാസം ചോർന്നുപോകാറുണ്ടോ? ‘ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരിക്കും’ (പുറ. 4:11, 12) ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളുടെ ശുശ്രൂഷ പരിമിതപ്പെടുത്തുന്നുണ്ടോ? മുഴുഹൃദയത്തോടെയുള്ള നിങ്ങളുടെ ശുശ്രൂഷ യഹോവ വിലമതിക്കും, അത് എത്ര പരിമിതമാണെങ്കിലും. അത് സഫലമാക്കാൻ യഹോവയ്ക്കു കഴിയും.—1 കൊരി. 3:6, 9.
4. യഹോവ അനുഗ്രഹിക്കും എന്ന ഉറപ്പ് എന്തുചെയ്യാൻ നമ്മെ പ്രേരിപ്പിക്കും?
4 യഹോവ തന്റെ കരം “നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?” (യെശ. 14:27) യഹോവ അനുഗ്രഹിക്കും എന്ന ഉറപ്പോടെ ‘അവനിൽനിന്നുള്ള അധികാരത്താൽ’ നയത്തോടും ധൈര്യത്തോടും കൂടെ പ്രസംഗിച്ചുകൊണ്ട് ശുശ്രൂഷയിൽ നമുക്ക് അവിരാമം തുടരാം.—പ്രവൃ. 14:3.