മത്തായി എഴുതിയത്
7 “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക!+ 2 കാരണം നിങ്ങൾ വിധിക്കുന്ന രീതിയിൽ നിങ്ങളെയും വിധിക്കും.+ നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.+ 3 സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാത്തത് എന്താണ്?+ 4 സ്വന്തം കണ്ണിൽ കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്, ‘നിൽക്കൂ, ഞാൻ നിന്റെ കണ്ണിൽനിന്ന് കരട് എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? 5 കപടഭക്താ, ആദ്യം സ്വന്തം കണ്ണിൽനിന്ന് കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാനും അത് എടുത്തുകളയാനും നിനക്കു പറ്റും.
6 “വിശുദ്ധമായതു നായ്ക്കൾക്ക് ഇട്ടുകൊടുക്കരുത്; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുകയുമരുത്;+ അവ ആ മുത്തുകൾ ചവിട്ടിക്കളയുകയും തിരിഞ്ഞ് നിങ്ങളെ ആക്രമിക്കുകയും ചെയ്യാൻ ഇടയാകരുതല്ലോ.+
7 “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും.+ അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.+ 8 കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു.+ അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു. 9 മകൻ അപ്പം ചോദിച്ചാൽ നിങ്ങൾ ആരെങ്കിലും അവനു കല്ലു കൊടുക്കുമോ? 10 മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? 11 മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു ചോദിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികം കൊടുക്കും!+
12 “അതുകൊണ്ട് മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.*+ വാസ്തവത്തിൽ, നിയമത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരം ഇതാണ്.+
13 “ഇടുങ്ങിയ വാതിലിലൂടെ അകത്ത് കടക്കുക.+ കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്; അനേകം ആളുകളും പോകുന്നത് അതിലൂടെയാണ്. 14 എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്. കുറച്ച് പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.+
15 “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക.+ അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ+ നിങ്ങളുടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചുകീറുന്ന ചെന്നായ്ക്കളാണ്.+ 16 അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ പറിക്കാൻ പറ്റുമോ?+ 17 നല്ല മരം നല്ല ഫലങ്ങൾ തരുന്നു. ചീത്ത മരമോ ചീത്ത ഫലങ്ങളും.+ 18 നല്ല മരത്തിനു ചീത്ത ഫലങ്ങളും ചീത്ത മരത്തിനു നല്ല ഫലങ്ങളും തരാൻ കഴിയില്ല.+ 19 നല്ല ഫലങ്ങൾ തരാത്ത മരമൊക്കെ വെട്ടി തീയിലിടും.+ 20 അതെ, ഫലങ്ങളാൽ നിങ്ങൾക്ക് അത്തരക്കാരെ തിരിച്ചറിയാം.+
21 “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.+ 22 ആ ദിവസം പലരും എന്നോട് ഇങ്ങനെ ചോദിക്കും: ‘കർത്താവേ, കർത്താവേ,+ ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചിച്ചില്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണിച്ചില്ലേ?’+ 23 എന്നാൽ ഞാൻ അവരോട്, ‘എനിക്കു നിങ്ങളെ അറിയില്ല.* ധിക്കാരികളേ,* എന്റെ അടുത്തുനിന്ന് പോകൂ!’ എന്നു തീർത്തുപറയും.+
24 “അതുകൊണ്ട് എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കുന്നവൻ പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനെപ്പോലെയായിരിക്കും.+ 25 മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാനം പാറയിലായിരുന്നു. 26 എന്നാൽ എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കാത്തവൻ മണലിൽ വീടു പണിത വിഡ്ഢിയെപ്പോലെയായിരിക്കും.+ 27 മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു;+ അതു നിലംപൊത്തി. അതു പൂർണമായും തകർന്നുപോയി.”
28 യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട് അതിശയിച്ചുപോയി;+ 29 കാരണം അവരുടെ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ്+ യേശു പഠിപ്പിച്ചത്.