ഒടുവിൽ സുരക്ഷിത ഭാവി!
“സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ [“ജനങ്ങൾ,” NW] ആർത്തുപാടുന്നു.”—യെശയ്യാവു 14:7.
“ന്യൂക്ലിയർ മല്ലന്മാരുടെയും സാന്മാർഗിക ശിശുക്കളുടെയും ഒരു ലോകമാണ് നമ്മുടേത്. സമാധാനത്തെക്കാൾ കൂടുതൽ യുദ്ധത്തെ കുറിച്ചും ജീവിക്കുന്നതിനെക്കാൾ കൂടുതൽ കൊല്ലുന്നതിനെ കുറിച്ചും നമുക്ക് അറിയാം.” ഒരു യു.എസ്. സൈനിക ജനറൽ 1948-ൽ പറഞ്ഞ ആ വാക്കുകൾ നമ്മെ ബൈബിളിലെ പിൻവരുന്ന വാക്യം അനുസ്മരിപ്പിക്കുന്നു: ‘മനുഷ്യൻ മനുഷ്യന്റെ മേൽ ദ്രോഹകരമായി അധികാരം നടത്തിയിരിക്കുന്നു.’ (സഭാപ്രസംഗി 8:9, ഓശാന ബൈബിൾ) മനുഷ്യർ അണ്വായുധങ്ങൾ കയ്യിലെടുക്കുമ്പോൾ, സഹമനുഷ്യരെ ദ്രോഹിക്കാൻ മാത്രമല്ല ഉന്മൂലനം ചെയ്യാൻ പോലും അവർക്കു സാധിക്കും!
അണ്വായുധങ്ങൾ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ധാർമികമായി തെറ്റാണെന്നു പലരും സമ്മതിക്കുന്നു. ഉദാഹരണത്തിന്, യു.എസ്. എയർഫോഴ്സ് ജനറൽ സ്ഥാനത്തുനിന്നു വിരമിച്ച ജോർജ് ലീ ബട്ളർ ഇങ്ങനെ പറഞ്ഞു: “ആരുടെയെങ്കിലും ആയുധശേഖരത്തിൽ അണ്വായുധം ഉണ്ടെങ്കിൽ അതു നൽകുന്ന സന്ദേശം, . . . ആ ആയുധത്തിന്റെ ഉപയോഗത്തെ ന്യായീകരിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സങ്കൽപ്പിക്കാൻ കഴിയുന്നു എന്നാണ്. അത് തെറ്റുതന്നെയാണ്.”
എന്നിരുന്നാലും ബ്രിട്ടീഷ് പംക്തിയെഴുത്തുകാരനായ മാർട്ടിൻ വുള്ളക്കൊട്ട് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അണ്വായുധങ്ങളുടെ ഉപയോഗശൂന്യതയെയും ദൂഷ്യങ്ങളെയും കുറിച്ച് സൈദ്ധാന്തികരും സന്മാർഗവാദികളും എന്തുതന്നെ പറഞ്ഞാലും അവയുടെ വശീകരണ ശക്തി ഇന്നും നിലനിൽക്കുന്നു. ന്യായമായ സുരക്ഷാകാരണങ്ങളെപ്രതി അവ ആവശ്യമാണ് എന്ന് ഗവൺമെന്റുകൾ വിശ്വസിക്കുന്നു. അവർ അവ ഉപേക്ഷിക്കാത്തതിന് മറ്റൊരു കാരണം കൂടിയുണ്ട്, രാഷ്ട്രീയക്കാരും സൈനികരും വിലമതിക്കുകയും കൈവശമുണ്ടായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരുതരം ദുർമാന്ത്രികശക്തി അവയ്ക്കുണ്ട്.”
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ആണവ യുദ്ധം ഉണ്ടാകാതെ നോക്കാൻ എങ്ങനെയോ മനുഷ്യനു കഴിഞ്ഞിട്ടുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ അതേ കാലയളവിൽത്തന്നെ, മറ്റു തരം ആയുധങ്ങളാൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യർ ചെയ്തിട്ടുള്ള കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഭയജനകമായ അണ്വായുധങ്ങൾ അവർ ഇന്നല്ലെങ്കിൽ നാളെ എടുത്തു പ്രയോഗിക്കുമെന്നു ന്യായമായും ഊഹിക്കാവുന്നതാണ്.
അടിസ്ഥാന കാരണങ്ങൾ
മനുഷ്യന്റെ യുദ്ധോത്സുകതയ്ക്കു കടിഞ്ഞാണിടാൻ സാധിക്കുമോ? മനുഷ്യർ യുദ്ധം ചെയ്യുന്നതിന്റെ കാരണങ്ങൾ ബുദ്ധിശൂന്യതയും സ്വാർഥതയും വഴിവിട്ട അക്രമവാസനയുമാണ് എന്നു ചിലർ വാദിക്കുന്നു. “യുദ്ധത്തിനുള്ള പ്രാഥമിക കാരണങ്ങൾ ഇവയാണെങ്കിൽ യുദ്ധം ഇല്ലായ്മ ചെയ്യാൻ മനുഷ്യർ പ്രബുദ്ധരാക്കപ്പെടുകയും ബോധവത്കരിക്കപ്പെടുകയും ചെയ്യണം” എന്ന് പണ്ഡിതനായ കെന്നത്ത് വാൾട്സ് പറയുന്നു.
യുദ്ധത്തിനുള്ള കാരണങ്ങൾ വേരൂന്നിയിരിക്കുന്നത് അന്തർദേശീയ രാഷ്ട്രീയത്തിൽ ആണെന്നു മറ്റു ചിലർ പറയുന്നു. ഓരോ പരമാധികാര രാഷ്ട്രവും സ്വന്തം ദേശീയ താത്പര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതുകൊണ്ട് ഏറ്റുമുട്ടലുകൾ ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പ്രശ്നങ്ങൾ പറഞ്ഞൊതുക്കാൻ സ്ഥിരതയുള്ള, ആശ്രയയോഗ്യമായ ഒരു മാർഗം ഇല്ലാത്തതുകൊണ്ട് യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. നിർണായക പിണ്ഡം എന്ന തങ്ങളുടെ പുസ്തകത്തിൽ വില്യം ഇ. ബറോസും റോബർട്ട് വിൻഡ്രമും ഇങ്ങനെ എഴുതുന്നു: “രാഷ്ട്രീയ വശമാണ് ഏറ്റവും ദുർഘടം. വൻ നശീകരണശേഷിയുള്ള ആയുധങ്ങളുടെ പെരുപ്പം തടയാനും അവയെ നീക്കം ചെയ്യാൻ പോലും ഉതകുന്ന ഒരു അടിസ്ഥാന രാഷ്ട്രീയ നിശ്ചയദാർഢ്യം ഇല്ലാതെ നിയന്ത്രണ സംവിധാനങ്ങളൊന്നുംതന്നെ ഫലകരമായി നടപ്പിൽ വരുകയില്ല.”
സമഗ്ര ആണവ പരീക്ഷണ നിരോധന കരാർ പ്രാബല്യത്തിൽ കൊണ്ടുവരാൻ നടക്കുന്ന ഒത്തുതീർപ്പു ചർച്ചകളുടെ കാര്യമെടുക്കാം. “ആണവ ശക്തികളും അണ്വായുധങ്ങൾ രഹസ്യമായി കൈവശം വെച്ചിരിക്കുന്ന, അല്ലെങ്കിൽ അവ പെട്ടെന്നുതന്നെ നിർമിക്കാവുന്ന സാങ്കേതിക വിദ്യകളുള്ള രാഷ്ട്രങ്ങളും തമ്മിൽ നടക്കുന്ന ഒരുതരം കടുത്ത വിലപേശൽ” എന്നാണ് ഗാർഡിയൻ വീക്കിലി അവയെ വിശേഷിപ്പിച്ചത്. അതേ ലേഖനം ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “തങ്ങളുടെ ആയുധങ്ങളോ ആയുധനിർമാണ ശേഷിയോ അതുമല്ലെങ്കിൽ ഉള്ള ശേഷി മെച്ചപ്പെടുത്താനുള്ള താത്പര്യങ്ങളോ ഉപേക്ഷിക്കാൻ ഇരു[കൂട്ടർക്കും] പരിപാടിയൊന്നും ഇല്ല.”
എല്ലാ തരത്തിലുള്ള ആണവ ഭീഷണിയും ഇല്ലാതാക്കാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നു വ്യക്തം. നിർണായക പിണ്ഡം എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “സുനിശ്ചിത പരസ്പര വിനാശത്തിനു പകരം എല്ലായിടത്തും പരസ്പര വിശ്വാസം ഉണ്ടായിരിക്കണം . . . അല്ലാത്തപക്ഷം ഇന്നല്ലെങ്കിൽ നാളെ ഒരു കൊടുംവിപത്ത് ഉണ്ടാകും.” സങ്കടകരമെന്നു പറയട്ടെ, ഇന്നത്തെ അന്താരാഷ്ട്ര ബന്ധങ്ങളും പല ഒത്തുതീർപ്പു ചർച്ചകളും പ്രവാചകനായ ദാനീയേൽ 26 നൂറ്റാണ്ടുകൾക്കു മുമ്പ് വിവരിച്ചതിനു സമാനമാണ്: ‘അവർ ഒരേ മേശയിങ്കൽ വെച്ചു ഭോഷ്ക്കു സംസാരിക്കുന്നു.’—ദാനീയേൽ 11:27.
ഒരു ലോക ഗവൺമെന്റിനു കീഴിൽ ആഗോള സഹകരണം
എന്നാൽ, തികച്ചും കാര്യക്ഷമതയുള്ള ഒരു ലോകഗവൺമെന്റിനു കീഴിലെ യഥാർഥ ആഗോള സഹകരണം ദൈവത്തിന്റെ ഉദ്ദേശ്യമാണ് എന്ന് ബൈബിൾ ഉറപ്പു നൽകുന്നു. കർത്താവിന്റെ പ്രാർഥന ചൊല്ലുമ്പോൾ അർഥം മനസ്സിലാക്കാതെയാണെങ്കിലും ദശലക്ഷക്കണക്കിന് ആളുകൾ ഈ ഗവൺമെന്റിനായി പ്രാർഥിക്കുന്നുണ്ട്: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) രാജ്യം ഒരു ഗവൺമെന്റാണ്. ആ രാജ്യ ഗവൺമെന്റിന്റെ തലവൻ സമാധാന പ്രഭുവായ യേശുക്രിസ്തുവാണ്. ദൈവവചനം നമുക്ക് ഈ ഉറപ്പു നൽകുന്നു: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല . . . സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശയ്യാവു 9:6, 7) യേശുവിന്റെ കീഴിലുള്ള ആ ഗവൺമെന്റിനെ കുറിച്ച് ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അതു ഈ രാജത്വങ്ങളെ” അഥവാ മാനുഷ ഗവൺമെന്റുകളെ “ഒക്കെയും തകർത്തു നശിപ്പി”ക്കും.—ദാനീയേൽ 2:44.
ഈ ലോക ഗവൺമെന്റ് യഥാർഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്തും, എന്നാൽ അത് ആണവ നിഷ്ക്രിയീകരണത്തിലൂടെയോ ആശ്രയയോഗ്യമല്ലാത്ത ആയുധ നിരോധന ഉടമ്പടികളിലൂടെയോ അയിരിക്കില്ല. സങ്കീർത്തനം 46:9 ഇങ്ങനെ മുൻകൂട്ടി പറയുന്നു: “[യഹോവയാം ദൈവം] ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.” ഭാഗികമായ നടപടികൾ പൂർണമായ പ്രയോജനം കൈവരുത്തുകയില്ല. ക്രിസ്തുവിന്റെ കീഴിലുള്ള ദൈവരാജ്യം അണ്വായുധങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിലുമധികം ചെയ്യും—അത് അവയെയും മറ്റെല്ലാ യുദ്ധോപകരണങ്ങളെയും അപ്പാടെ നീക്കം ചെയ്യും.
വൻ ശക്തികളും വഞ്ചക രാഷ്ട്രങ്ങളും ഭീകര പ്രവർത്തകരും ഇല്ലാത്തതുകൊണ്ട് ആണവ ഭീഷണി ഉണ്ടായിരിക്കുകയില്ല. യഥാർഥ സമാധാനം എങ്ങും കളിയാടും: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.” ഈ നിശ്വസ്ത മൊഴികൾ, നുണ പറയാൻ കഴിയാത്തവനായ ദൈവത്തിന്റേതാണ്.—മീഖാ 4:4; തീത്തോസ് 1:2.
സങ്കീർത്തനം 4:8 പറയുന്നതുപോലെ യഥാർഥ സമാധാനവും സുരക്ഷിതത്വവും യഹോവയാം ദൈവത്തിന്റെ ക്രമീകരണത്തിനുള്ളിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ [“യഹോവേ, നീ മാത്രമാണല്ലോ,” NW], എന്നെ നിർഭയം [“സുരക്ഷിതമായി,” NW] വസിക്കുമാറാക്കുന്നതു.” യഹോവയുടെ രാജ്യം മുഖാന്തരമല്ലാതെയുള്ള ‘സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും’ വാഗ്ദാനങ്ങൾ വ്യാജമാണെന്ന് മാനവ ചരിത്രം വേദനാജനകമായ വിധത്തിൽ തെളിയിച്ചിരിക്കുന്നു.—1 തെസ്സലൊനീക്യർ 5:3 താരതമ്യം ചെയ്യുക.
“ശാന്തതയും സുരക്ഷിതത്വവും”
മനുഷ്യന്റെ യുദ്ധോത്സുകതയ്ക്ക് എന്തു സംഭവിക്കും? “ഭൂവാസികൾ നീതിയെ പഠിക്കും.” (യെശയ്യാവു 26:9) അത്തരം നീതിപ്രബോധനങ്ങൾ മനുഷ്യരുടെ സ്വഭാവത്തിന്മേലും ലോകാവസ്ഥകളുടെ മേലും ഗണ്യമായ പ്രഭാവം ചെലുത്തും: “യഥാർഥ നീതിയുടെ പ്രവൃത്തി സമാധാനം ആയിരിക്കും; യഥാർഥ നീതിയുടെ ഫലം അനിശ്ചിതകാലത്തേക്കുള്ള ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.” (യെശയ്യാവു 32:17, NW) അക്രമ പ്രവണതയും ക്രൂര വാസനകളും മാറി തത്സ്ഥാനത്ത് അയൽക്കാരനോടുള്ള സ്നേഹവും പൊതുനന്മയിലുള്ള താത്പര്യവും വരും. ഭൂവാസികൾ “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:4.
മൃഗീയ വാസനകളുള്ള ആളുകൾക്ക് മാറ്റം വരുമെന്ന് പ്രാവചനിക ഭാഷയിൽ യെശയ്യാവ് മുൻകൂട്ടി പറഞ്ഞിരുന്നു. “ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായി”രിക്കുന്ന ഒരു കാലത്തെ കുറിച്ച് അവൻ പറഞ്ഞു. അതിന്റെ ഫലമായി, “ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയകുട്ടി അവയെ നടത്തും. . . . എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:6-9.
ഈ ദിവ്യ വാഗ്ദാനങ്ങളിലുള്ള വിശ്വാസം യഹോവയുടെ സാക്ഷികൾക്ക് ജീവിതത്തെ സംബന്ധിച്ചു ശുഭാപ്തി വിശ്വാസം പകർന്നിരിക്കുന്നു. ഭാവിയെ കുറിച്ചു ചിന്തിക്കുമ്പോൾ ഞങ്ങളുടെ കൺമുമ്പിൽ തെളിയുന്നത് അണ്വായുധങ്ങളാൽ തകർത്തു തരിപ്പണമാക്കപ്പെട്ട ഒരു ഭൂമിയല്ല. പകരം “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന ബൈബിൾ വാഗ്ദാനത്തിന്റെ നിവൃത്തിയാണ്. (സങ്കീർത്തനം 37:29) അത്തരം വിശ്വാസത്തെ ചിലർ ബുദ്ധിശൂന്യതയെന്നും അയഥാർഥം എന്നും വിശേഷിപ്പിച്ചേക്കാം. എന്നാൽ വാസ്തവത്തിൽ ബുദ്ധിശൂന്യർ ആരാണ്? ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നവരോ രാഷ്ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നവരോ? യഥാർഥ സമാധാന സ്നേഹികൾക്ക് ഉത്തരം വ്യക്തമാണ്.a
[അടിക്കുറിപ്പുകൾ]
a ബൈബിളിൾ നൽകുന്ന പ്രത്യാശ സ്വീകരിക്കാൻ യഹോവയുടെ സാക്ഷികൾ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിലൂടെ ദശലക്ഷക്കണക്കിനാളുകളെ സഹായിച്ചിട്ടുണ്ട്. അവരിൽ ആരെങ്കിലും നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ മാസികയുടെ പ്രസാധകരുമായി ബന്ധപ്പെടുകയോ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാൾ സന്ദർശിക്കുകയോ ചെയ്യുക.
[11-ാം പേജിലെ ആകർഷകവാക്യം]
“ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:4
[9-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ പുതിയ ലോകത്തിൽ കുടുംബങ്ങൾ ‘നിർഭയം വസിക്കും.’ എല്ലാ തരത്തിലുള്ള യുദ്ധോപകരണങ്ങളും നീക്കം ചെയ്യപ്പെട്ടിരിക്കും
[10-ാം പേജിലെ ചിത്രം]
ആളുകൾ ദൈവവചനമായ ബൈബിൾ പഠിക്കുകയും ബാധകമാക്കുകയും ചെയ്യവെ അവരിലെ യുദ്ധോത്സുകത നീക്കം ചെയ്യപ്പെടും