ലൂക്കോസ് എഴുതിയത്
15 യേശു പറയുന്നതു കേൾക്കാൻ ധാരാളം നികുതിപിരിവുകാരും പാപികളും വന്നുകൊണ്ടിരുന്നു.+ 2 ഇതു കണ്ടിട്ട് പരീശന്മാരും ശാസ്ത്രിമാരും, “ഈ മനുഷ്യൻ പാപികളെ സ്വാഗതം ചെയ്യുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നല്ലോ” എന്നു പിറുപിറുത്തു.+ 3 അപ്പോൾ യേശു അവരോട് ഈ ദൃഷ്ടാന്തം പറഞ്ഞു: 4 “നിങ്ങളിൽ ഒരാൾക്ക് 100 ആടുണ്ടെന്നു വിചാരിക്കുക. അവയിൽ ഒന്നിനെ കാണാതെപോയാൽ അയാൾ 99-നെയും വിജനഭൂമിയിൽ വിട്ടിട്ട് കാണാതെപോയതിനെ കണ്ടെത്തുന്നതുവരെ തിരഞ്ഞുനടക്കില്ലേ?+ 5 കണ്ടെത്തുമ്പോൾ അയാൾ അതിനെ എടുത്ത് തോളത്ത് വെച്ച് സന്തോഷത്തോടെ പോരും. 6 വീട്ടിൽ എത്തുമ്പോൾ അയാൾ സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോടു പറയും: ‘കാണാതെപോയ ആടിനെ തിരിച്ചുകിട്ടി. എന്റെകൂടെ സന്തോഷിക്കൂ.’+ 7 അങ്ങനെതന്നെ, മാനസാന്തരം ആവശ്യമില്ലാത്ത 99 നീതിമാന്മാരെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷം ഉണ്ടാകും+ എന്നു ഞാൻ നിങ്ങളോടു പറയുന്നു.+
8 “അല്ലെങ്കിൽ, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മയുണ്ടെന്നിരിക്കട്ടെ. അവയിൽ ഒന്നു കാണാതെപോയാൽ ആ സ്ത്രീ വിളക്കു കത്തിച്ച് വീട് അടിച്ചുവാരി അതു കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മതയോടെ തിരയില്ലേ? 9 അതു കണ്ടുകിട്ടുമ്പോൾ ആ സ്ത്രീ കൂട്ടുകാരികളെയും അയൽക്കാരെയും വിളിച്ചുകൂട്ടി ഇങ്ങനെ പറയും: ‘കാണാതെപോയ ദ്രഹ്മ കിട്ടി. എന്റെകൂടെ സന്തോഷിക്കൂ.’ 10 മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച്+ ദൈവദൂതന്മാരും അതുപോലെതന്നെ സന്തോഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
11 പിന്നെ യേശു പറഞ്ഞു: “ഒരു മനുഷ്യനു രണ്ട് ആൺമക്കളുണ്ടായിരുന്നു. 12 അവരിൽ ഇളയവൻ അപ്പനോട്, ‘അപ്പാ, സ്വത്തിൽ എനിക്കു കിട്ടേണ്ട ഓഹരി തരൂ’ എന്നു പറഞ്ഞു. അപ്പൻ സ്വത്ത് അവർക്കു വീതിച്ചുകൊടുത്തു. 13 കുറച്ച് ദിവസം കഴിഞ്ഞപ്പോൾ, ഇളയവൻ തനിക്കുള്ളതെല്ലാം വാരിക്കെട്ടി ഒരു ദൂരദേശത്തേക്കു പോയി. അവിടെച്ചെന്ന് അവൻ കുത്തഴിഞ്ഞ ജീവിതം നയിച്ച് തന്റെ സ്വത്തെല്ലാം ധൂർത്തടിച്ചു. 14 അവന്റെ കൈയിലുള്ളതെല്ലാം തീർന്നു. അങ്ങനെയിരിക്കെ ആ നാട്ടിലെങ്ങും കടുത്ത ക്ഷാമം ഉണ്ടായി. അവൻ ആകെ ഞെരുക്കത്തിലായി. 15 അന്നാട്ടുകാരനായ ഒരാളുടെ അടുത്ത് അവൻ അഭയം തേടി. അയാൾ അവനെ അയാളുടെ വയലിൽ പന്നികളെ മേയ്ക്കാൻ അയച്ചു.+ 16 പന്നിക്കു കൊടുക്കുന്ന പയറുകൊണ്ടെങ്കിലും വയറു നിറയ്ക്കാൻ അവൻ കൊതിച്ചു. പക്ഷേ ആരും അവന് ഒന്നും കൊടുത്തില്ല.
17 “സുബോധമുണ്ടായപ്പോൾ അവൻ പറഞ്ഞു: ‘എന്റെ അപ്പന്റെ എത്രയോ കൂലിക്കാർ സുഭിക്ഷമായി കഴിയുന്നു. ഞാനോ ഇവിടെ പട്ടിണി കിടന്ന് ചാകാറായി! 18 ഞാൻ അപ്പന്റെ അടുത്ത് ചെന്ന് പറയും: “അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപം ചെയ്തു. 19 അങ്ങയുടെ മകൻ എന്ന് അറിയപ്പെടാൻ ഇനി എനിക്ക് ഒരു യോഗ്യതയുമില്ല. എന്നെ അപ്പന്റെ കൂലിക്കാരനായെങ്കിലും ഇവിടെ നിറുത്തണേ.”’ 20 അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുത്തേക്കു പോയി. ദൂരെവെച്ചുതന്നെ അപ്പൻ അവനെ തിരിച്ചറിഞ്ഞു. മനസ്സ് അലിഞ്ഞ് അപ്പൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച്* സ്നേഹത്തോടെ ചുംബിച്ചു. 21 അപ്പോൾ അവൻ പറഞ്ഞു: ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപം ചെയ്തു.+ അങ്ങയുടെ മകൻ എന്ന് അറിയപ്പെടാൻ എനിക്ക് ഇനി ഒരു യോഗ്യതയുമില്ല.’ 22 എന്നാൽ അപ്പൻ വീട്ടിലെ അടിമകളോടു പറഞ്ഞു: ‘വേഗം ചെന്ന് ഏറ്റവും നല്ല കുപ്പായം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കൂ. കൈയിൽ മോതിരവും കാലിൽ ചെരിപ്പും ഇട്ടുകൊടുക്കൂ. 23 കൊഴുത്ത കാളക്കുട്ടിയെ അറുക്കണം.* നമുക്കു തിന്നുകുടിച്ച് ആഘോഷിക്കാം. 24 എന്റെ ഈ മകൻ മരിച്ചവനായിരുന്നു. ഇപ്പോൾ ഇവനു ജീവൻ തിരിച്ചുകിട്ടി.+ ഇവനെ കാണാതെപോയിരുന്നു, ഇപ്പോൾ കണ്ടുകിട്ടി.’ അങ്ങനെ, അവർ ആനന്ദിച്ചുല്ലസിക്കാൻ തുടങ്ങി.+
25 “ഈ സമയം മൂത്ത മകൻ വയലിലായിരുന്നു. അവൻ വീടിന് അടുത്ത് എത്തിയപ്പോൾ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഒക്കെ ശബ്ദം കേട്ടു. 26 അവൻ ജോലിക്കാരിൽ ഒരാളെ അടുത്ത് വിളിച്ച് കാര്യം തിരക്കി. 27 അയാൾ അവനോടു പറഞ്ഞു: ‘അനിയൻ വന്നിട്ടുണ്ട്. ആപത്തൊന്നും കൂടാതെ* മകനെ തിരിച്ചുകിട്ടിയതുകൊണ്ട് അങ്ങയുടെ അപ്പൻ കൊഴുത്ത കാളക്കുട്ടിയെ അറുത്തു.’ 28 ഇതു കേട്ട് അവനു വല്ലാതെ ദേഷ്യം വന്നു. അകത്തേക്കു ചെല്ലാൻ അവൻ കൂട്ടാക്കിയില്ല. അപ്പോൾ അപ്പൻ പുറത്ത് വന്ന് അവനെ എങ്ങനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്കി. 29 എന്നാൽ അവൻ അപ്പനോടു പറഞ്ഞു: ‘എത്രയോ കാലമായി ഞാൻ അപ്പനുവേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്നു. അപ്പന്റെ വാക്കു ഞാൻ ഒരിക്കൽപ്പോലും ധിക്കരിച്ചിട്ടില്ല. എന്നിട്ടും എന്റെ കൂട്ടുകാരുടെകൂടെ ഒന്ന് ഒത്തുകൂടാൻ അപ്പൻ ഇതുവരെ എനിക്ക് ഒരു ആട്ടിൻകുട്ടിയെപ്പോലും തന്നിട്ടില്ല. 30 എന്നിട്ട് ഇപ്പോൾ, വേശ്യകളുടെകൂടെ അപ്പന്റെ സ്വത്തു തിന്നുമുടിച്ച ഈ മകൻ വന്ന ഉടനെ അപ്പൻ അവനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’ 31 അപ്പോൾ അദ്ദേഹം പറഞ്ഞു: ‘മോനേ, നീ എപ്പോഴും എന്റെകൂടെയുണ്ടായിരുന്നല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ? 32 എന്നാൽ നിന്റെ ഈ അനിയൻ മരിച്ചവനായിരുന്നു. ഇപ്പോൾ അവനു ജീവൻ തിരിച്ചുകിട്ടി. അവനെ കാണാതെപോയിരുന്നു, ഇപ്പോഴോ കണ്ടുകിട്ടി. നമ്മൾ ഇത് ആഘോഷിക്കേണ്ടതല്ലേ?’”