ബൈബിൾ പുസ്തക നമ്പർ 19—സങ്കീർത്തനങ്ങൾ
എഴുത്തുകാർ: ദാവീദും മററു ചിലരും
എഴുതിയ സ്ഥലം: നിർണയിക്കപ്പെട്ടിട്ടില്ല
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 460
1. സങ്കീർത്തനപുസ്തകം എന്താണ്, അതിൽ എന്തടങ്ങിയിരിക്കുന്നു?
സങ്കീർത്തനങ്ങൾ എന്ന പുസ്തകം പുരാതനകാലങ്ങളിലെ യഹോവയുടെ സത്യാരാധകരുടെ നിശ്വസ്തമായ പാട്ടുപുസ്തകമായിരുന്നു, സംഗീതം പകർന്നതും യെരുശലേമിൽ യഹോവയുടെ ആലയത്തിലെ പൊതു ആരാധനക്കുവേണ്ടി ക്രമീകരിച്ചതുമായ 150 വിശുദ്ധ ഗീതങ്ങളുടെ അഥവാ സങ്കീർത്തനങ്ങളുടെ ഒരു സമാഹാരം. ഈ സങ്കീർത്തനങ്ങൾ യഹോവക്കുളള സ്തുതിഗീതങ്ങളാണ്. അതുമാത്രമല്ല, അവയിൽ കരുണക്കും സഹായത്തിനും വേണ്ടിയുളള അഭ്യർഥനകളും ആശ്രയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മൊഴികളും അടങ്ങിയിരിക്കുന്നു. അവയിൽ നന്ദിപ്രകടനങ്ങളും ആഹ്ലാദപ്രകടനങ്ങളും വലിയ സന്തോഷത്തിന്റെ, അതേ, പരമസന്തോഷത്തിന്റെ, ഉദ്ഘോഷങ്ങളും ധാരാളമുണ്ട്. ചിലതു യഹോവയുടെ സ്നേഹദയയെയും അവന്റെ വലിയ പ്രവൃത്തികളെയും ധ്യാനിക്കുന്ന ചരിത്രത്തിന്റെ സംക്ഷിപ്താവർത്തനങ്ങളാണ്. അവയിൽ പ്രവചനങ്ങൾ നിറഞ്ഞിരിക്കുന്നു, അവയിൽ പലതിനും ശ്രദ്ധേയമായ നിവൃത്തികൾ ഉണ്ടായിട്ടുണ്ട്. അവയിൽ പ്രയോജനപ്രദവും പരിപുഷ്ടിപ്പെടുത്തുന്നതുമായ വളരെയധികം പ്രബോധനം അടങ്ങിയിരിക്കുന്നു, എല്ലാം വായനക്കാരനെ ആഴത്തിൽ ഇളക്കിമറിക്കുന്ന സമുന്നതഭാഷയിലും ഭാവനയിലും ആവരണംചെയ്തിരിക്കുന്നതുതന്നെ. സങ്കീർത്തനങ്ങൾ മനോഹരമായി തയ്യാർചെയ്തതും നമ്മുടെ മുമ്പാകെ ആകർഷകമായി നിരത്തിയിരിക്കുന്നതുമായ ഒരു ആത്മീയ മൃഷ്ടഭോജനമാണ്.
2. (എ) സങ്കീർത്തനങ്ങൾക്ക് ഏതു ശീർഷകങ്ങൾ ബാധകമാക്കിയിട്ടുണ്ട്, എന്തർഥങ്ങളോടെ? (ബി) ഒരു സങ്കീർത്തനം എന്താണ്?
2 പുസ്തകത്തിന്റെ ശീർഷകത്തിന്റെ പ്രാധാന്യമെന്താണ്, സങ്കീർത്തനങ്ങൾ ആരാണ് എഴുതിയത്? എബ്രായ ബൈബിളിൽ ഈ പുസ്തകം “സ്തുതിയുടെ പുസ്തകം” എന്നർഥമുളള സെഫെർ റെറഹിലിം അല്ലെങ്കിൽ കേവലം റെറഹിലിം എന്നു വിളിക്കപ്പെടുന്നു, അതായതു “സ്തുതികൾ.” ഇതു “സ്തുതി” അല്ലെങ്കിൽ “സ്തുതിഗീതം” എന്നർഥമുളള റെറഹിലാ എന്നതിന്റെ ബഹുവചനരൂപമാണ്. സങ്കീർത്തനം 145-ന്റെ മേലെഴുത്തിൽ ഇതു കാണുന്നുണ്ട്. ഈ പുസ്തകം യഹോവയുടെ സ്തുതിയെ ഊന്നിപ്പറയുന്നതിനാൽ “സ്തുതികൾ” എന്ന പേർ അത്യന്തം അനുയോജ്യമാണ്. “സങ്കീർത്തനങ്ങൾ” എന്ന ശീർഷകം ഗ്രീക്ക് സെപ്ററുവജിൻറിൽനിന്നാണ് ഉത്ഭൂതമാകുന്നത്, അതു സംഗീത വാദ്യങ്ങളോടെ പാടുന്ന ഗീതങ്ങളെ സൂചിപ്പിക്കുന്ന സാൽമോയ് എന്ന പദം ഉപയോഗിച്ചു. ഈ പദം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ലൂക്കൊസ് 20:42-ഉം പ്രവൃത്തികൾ 1:20-ഉം പോലെ പല സ്ഥലങ്ങളിൽ കാണപ്പെടുന്നുണ്ട്. ഒരു സങ്കീർത്തനം യഹോവയുടെ സ്തുതിയിലും ആരാധനയിലും ഉപയോഗിക്കപ്പെടുന്ന ഒരു വിശുദ്ധ ഗീതമോ കവിതയോ ആണ്.
3. മേലെഴുത്തുകൾ എഴുത്തുകാരെ സംബന്ധിച്ച് എന്തു പറയുന്നു?
3 പല സങ്കീർത്തനങ്ങൾക്കും തലക്കെട്ടുകളോ മേലെഴുത്തുകളോ ഉണ്ട്, ഇവ മിക്കപ്പോഴും എഴുത്തുകാരന്റെ പേർ പറയുന്നു. എഴുപത്തിമൂന്നു തലക്കെട്ടുകളിൽ “യിസ്രായേലിൻ മധുരഗായകൻ” ആയ ദാവീദിന്റെ പേരുണ്ട്. (2 ശമൂ. 23:1) 2, 72, 95 എന്നീ സങ്കീർത്തനങ്ങളും ദാവീദ് എഴുതിയതാണെന്നുളളതിനു സംശയമില്ല. (പ്രവൃത്തികൾ 4:25, സങ്കീർത്തനം 72:20, എബ്രായർ 4:7 എന്നിവ കാണുക.) കൂടാതെ, 10-ഉം 71-ഉം സങ്കീർത്തനങ്ങൾ യഥാക്രമം 9-ന്റെയും 70-ന്റെയും തുടർച്ചയാണെന്നു കാണപ്പെടുന്നു, തന്നിമിത്തം അവയും ദാവീദിന്റേതായി പറയാവുന്നതാണ്. പന്ത്രണ്ടു സങ്കീർത്തനങ്ങൾ ആസാഫിന്റേതാണെന്നു പറയപ്പെടുന്നു, ഇവയിൽ ചിലത് ആസാഫിന്റെ നാളുകൾ കഴിഞ്ഞുളള സംഭവങ്ങളെക്കുറിച്ചു പറയുന്നതിനാൽ ആസാഫ്ഗൃഹത്തെയാണ് അർഥമാക്കുന്നതെന്നു സ്പഷ്ടമാണ്. (സങ്കീ. 79; 80; 1 ദിന. 16:4, 5, 7; എസ്രാ 2:41) പതിനൊന്നു സങ്കീർത്തനങ്ങൾ കോരഹ് പുത്രൻമാരുടേതാണെന്നു നേരിട്ടു പറയുന്നു. (1 ദിന. 6:31-38) 43-ാം സങ്കീർത്തനം 42-ാം സങ്കീർത്തനത്തിന്റെ ഒരു തുടർച്ചയാണെന്നു കാണപ്പെടുന്നു, തന്നിമിത്തം അതും കോരഹ് പുത്രൻമാരുടേതാണെന്നു പറയാവുന്നതാണ്. സങ്കീർത്തനം 88 “കോരഹ്പുത്രൻമാരെ”ക്കുറിച്ചു പറയുന്നതിനു പുറമേ, അതിന്റെ മേലെഴുത്തിൽ ഹേമാനെയും അംഗീകരിക്കുന്നു. സങ്കീർത്തനം 89 എഴുത്തുകാരനെന്ന നിലയിൽ ഏഥാന്റെ പേർ പറയുന്നു. സങ്കീർത്തനം 90 മോശയുടേതാണെന്നു പറയപ്പെടുന്നു. സങ്കീർത്തനം 91-ഉം മോശയുടേതായിരിക്കാനിടയുണ്ട്. സങ്കീർത്തനം 127 ശലോമോന്റേതാണ്. അങ്ങനെ മൂന്നിൽ രണ്ടിലധികം സങ്കീർത്തനങ്ങൾ വിവിധ എഴുത്തുകാരുടേതായി പറയപ്പെടുന്നു.
4. എഴുത്ത് ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
4 സങ്കീർത്തനപുസ്തകമാണു ബൈബിളിലെ ഏററവും വലിയ പുസ്തകം. 90, 126, 137 എന്നീ സങ്കീർത്തനങ്ങളിൽനിന്നു തെളിയുന്നതുപോലെ, അത് എഴുതിത്തീരുന്നതിനു ദീർഘകാലമെടുത്തു, കുറഞ്ഞപക്ഷം മോശ എഴുതിയ കാലംമുതൽ (പൊ.യു.മു. 1513-1473) ബാബിലോനിൽനിന്നുളള പുനഃസ്ഥാപനശേഷവും ഒരുപക്ഷേ എസ്രായുടെ നാളുംവരെ (പൊ.യു.മു. 537-ഏകദേശം 460). അങ്ങനെ, എഴുത്ത് ഏകദേശം ഒരു ആയിരം വർഷം നീളുന്നതായി കാണപ്പെടുന്നു. എന്നാൽ ഉളളടക്കം ഉൾപ്പെടുത്തുന്ന കാലം വളരെ ദീർഘമാണ്, സൃഷ്ടിയുടെ കാലംമുതൽ അവസാനത്തെ സങ്കീർത്തനത്തിന്റെ രചനയുടെ സമയംവരെ തന്റെ ദാസൻമാരോടുളള യഹോവയുടെ ഇടപെടലുകളുടെ ചരിത്രം സംഗ്രഹിച്ചുകൊണ്ടുതന്നെ.
5. (എ) സങ്കീർത്തനപുസ്തകം സംഘടനയെ പ്രതിബിംബിപ്പിക്കുന്നത് എങ്ങനെ? (ബി) മേലെഴുത്തുകൾ കൂടുതലായ വേറെ ഏതു വിവരങ്ങൾ നൽകുന്നു? (സി) സങ്കീർത്തനങ്ങൾ വായിക്കുമ്പോൾ “സേലാ” എന്ന പദം ഉച്ചരിക്കേണ്ടയാവശ്യമില്ലാത്തത് എന്തുകൊണ്ട്?
5 സങ്കീർത്തനങ്ങളുടെ പുസ്തകം സംഘടനയെ പ്രതിബിംബിപ്പിക്കുന്ന ഒന്നാണ്. ദാവീദുതന്നെ “എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുളള എഴുന്നെളള”ത്തിനെ പരാമർശിക്കുന്നു. “സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. യിസ്രായേലിന്റെ ഉറവിൽനിന്നുളേളാരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.” (സങ്കീ. 68:24-26) മേലെഴുത്തുകളിലെ “സംഗീതപ്രമാണിക്കു” എന്ന മിക്കപ്പോഴും ആവർത്തിക്കപ്പെടുന്ന പദപ്രയോഗത്തിന്റെയും, കവിതയുടെയും സംഗീതത്തിന്റെയും അനേകം പദങ്ങളുടെയും, കാരണം ഇതു നൽകുന്നു. ചില മേലെഴുത്തുകൾ ഒരു സങ്കീർത്തനത്തിന്റെ ഉപയോഗം അല്ലെങ്കിൽ ഉദ്ദേശ്യം വിശദമാക്കുകയോ സംഗീതസംബന്ധമായ നിർദേശങ്ങൾ കൊടുക്കുകയോ ചെയ്യുന്നു. (6, 30, 38, 60, 88, 102, 120 എന്നീ സങ്കീർത്തനങ്ങളുടെ മേലെഴുത്തു കാണുക.) എന്തുകൊണ്ടെന്നാൽ ദാവീദിന്റെ സങ്കീർത്തനങ്ങളിൽ 18-ഉം 51-ഉം സങ്കീർത്തനങ്ങൾ പോലെ കുറഞ്ഞപക്ഷം 13 എണ്ണത്തിന് അവയുടെ രചനക്കു പ്രചോദനമേകിയ സംഭവങ്ങൾ ചുരുക്കമായി പ്രതിപാദിക്കുന്നുണ്ട്. സങ്കീർത്തനങ്ങളിൽ മുപ്പത്തിനാലെണ്ണത്തിനു മേലെഴുത്തില്ല. മുഖ്യപാഠത്തിൽ 71 പ്രാവശ്യം കാണുന്ന “സേല” എന്ന ചെറിയ വാക്കു സംഗീതത്തിനോ ആലാപനത്തിനോ വേണ്ടിയുളള ഒരു സാങ്കേതിക പദമാണെന്നു പൊതുവേ വിചാരിക്കപ്പെടുന്നു, എന്നാൽ അതിന്റെ കൃത്യമായ സാർഥകത അറിയപ്പെടുന്നില്ല. പാടുമ്പോഴത്തെ അല്ലെങ്കിൽ പാടുമ്പോഴത്തെയോ ഉപകരണസംഗീതത്തിലെയോ നിശ്ശബ്ദ ധ്യാനത്തിനുളള ഒരു നിർത്തലിനെ അതു സൂചിപ്പിക്കുന്നുവെന്നു ചിലർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടു വായിക്കുമ്പോൾ അത് ഉച്ചരിക്കേണ്ടതില്ല.
6. (എ) സങ്കീർത്തനങ്ങളുടെ പുസ്തകം ഏതു വേറിട്ടുളള വാല്യങ്ങളായി വിഭാഗിച്ചിരിക്കുന്നു? (ബി) പ്രത്യക്ഷത്തിൽ ആർ സങ്കീർത്തനപുസ്തകം അന്തിമരൂപത്തിൽ ക്രമീകരിച്ചു?
6 പുരാതനകാലങ്ങൾമുതൽ, സങ്കീർത്തനങ്ങളുടെ പുസ്തകം പിൻവരുന്ന പ്രകാരം അഞ്ചു വ്യത്യസ്ത പുസ്തകങ്ങളോ വാല്യങ്ങളോ ആയി വിഭജിച്ചിരിക്കുകയാണ്: (1) സങ്കീർത്തനങ്ങൾ 1-41; (2) സങ്കീർത്തനങ്ങൾ 42-72; (3) സങ്കീർത്തനങ്ങൾ 73-89; (4) സങ്കീർത്തനങ്ങൾ 90-106; (5) സങ്കീർത്തനങ്ങൾ 107-150. ഈ ഗീതങ്ങളുടെ ആദ്യ ശേഖരണം ദാവീദു നടത്തിയതായി കാണപ്പെടുന്നു. പ്രസ്പഷ്ടമായി പുരോഹിതനും “മോശയുടെ നിയമത്തിന്റെ വിദഗ്ധ പകർപ്പെഴുത്തുകാരനു”മായ എസ്രായെ ആയിരുന്നു സങ്കീർത്തനങ്ങളുടെ പുസ്തകത്തെ അന്തിമരൂപത്തിൽ ക്രമീകരിക്കാൻ യഹോവ ഉപയോഗിച്ചത്.—എസ്രാ 7:6, NW.
7. സങ്കീർത്തനങ്ങളുടെ വേറെ ഏതു സവിശേഷതകൾ ശ്രദ്ധിക്കേണ്ടതാണ്?
7 സമാഹാരത്തിന്റെ പടിപടിയായുളള വളർച്ച 14-ഉം 53-ഉം; 40:13-17-ഉം 70-ഉം; 57:7-11-ഉം 108:1-5-ഉം പോലെയുളള സങ്കീർത്തനങ്ങളിൽ ചിലതു വ്യത്യസ്ത ഭാഗങ്ങളിൽ ആവർത്തിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദമാക്കിയേക്കാം. അഞ്ചു ഭാഗങ്ങളിൽ ഓരോന്നും യഹോവയെക്കുറിച്ച് ഉച്ചരിച്ചിരിക്കുന്ന ഒരു വാഴ്വോടെ അല്ലെങ്കിൽ ഒരു ദൈവസ്തുതിയോടെ അവസാനിക്കുന്നു—ഇവയിൽ ആദ്യത്തെ നാലെണ്ണത്തിൽ ജനങ്ങളുടെ പ്രതിവചനങ്ങൾ ഉൾപ്പെടുന്നു, അവസാനത്തേതു മുഴു 150-ാം സങ്കീർത്തനവുമാണ്—സങ്കീ. 41:13, NW, അടിക്കുറിപ്പ്.
8. രചനയുടെ ചിത്രാക്ഷരിശൈലിയെ വിശദീകരിക്കുകയും ഉദാഹരിക്കുകയും ചെയ്യുക.
8 ഒമ്പതു സങ്കീർത്തനങ്ങളിൽ വളരെ പ്രത്യേകമായ ഒരു രചനാശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്; അതിന്റെ അക്ഷരമാലാ ഘടന നിമിത്തം അതു ചിത്രാക്ഷരി എന്നു വിളിക്കപ്പെടുന്നു. (സങ്കീർത്തനങ്ങൾ 9, 10, 25, 34, 37, 111, 112, 119, 145) ഈ ഘടനയിൽ ആദ്യശ്ലോകത്തിലെ ആദ്യ വരിയോ വരികളോ എബ്രായ അക്ഷരമാലയിലെ ആദ്യ അക്ഷരമായ ആലേഫ് (א) കൊണ്ടും അടുത്ത വരി(കൾ) രണ്ടാമത്തെ അക്ഷരമായ ബേത്ത് (ב) കൊണ്ടും അങ്ങനെ തുടർന്ന് എബ്രായ അക്ഷരമാലയിലെ എല്ലാം അല്ലെങ്കിൽ മിക്ക അക്ഷരങ്ങൾകൊണ്ടും തുടങ്ങുന്നു. ഇത് ഓർമക്കുളള ഒരു സഹായമായി ഉതകിയിരിക്കണം—119-ാം സങ്കീർത്തനം പോലെ ദീർഘമായ പാട്ടുകൾ ആലയസംഗീതക്കാർ ഓർക്കേണ്ടിയിരുന്നതിനെക്കുറിച്ചു ചിന്തിക്കുക! കൗതുകകരമായി, യഹോവയുടെ നാമത്തിന്റെ ഒരു ചിത്രാക്ഷരി സങ്കീർത്തനം 96:11-ൽ കാണപ്പെടുന്നു. എബ്രായയിൽ ഈ വാക്യത്തിന്റെ ആദ്യപകുതിയിൽ നാലു വാക്കുകളുണ്ട്, വലതുവശത്തുനിന്ന് ഇടത്തോട്ടു വായിക്കുമ്പോൾ ഈ വാക്കുകളുടെ ആദ്യക്ഷരങ്ങൾ യ്ഹ്വ്ഹ് (יהזה) എന്ന ചതുരാക്ഷരിയിലെ നാലു എബ്രായ വ്യജ്ഞനാക്ഷരങ്ങളാണ്.
9. (എ) ഏതു പശ്ചാത്തലം നിമിത്തം സങ്കീർത്തനങ്ങളിലനേകവും മനസ്സിനെയും ഹൃദയത്തെയും നേരിട്ട് ആകർഷിക്കുന്നു? (ബി) വേറെ എന്ത് അവയുടെ ശക്തിക്കും ഭംഗിക്കും സംഭാവന ചെയ്യുന്നു?
9 ഈ പവിത്രമായ ഭാവഗീതികൾ പ്രാസരഹിത എബ്രായ പദ്യങ്ങളായിട്ടാണ് എഴുതുന്നത്, അവ മികച്ച ശൈലീഭംഗിയും ആശയങ്ങളുടെ ലയാത്മക പ്രവാഹവും പ്രദർശിപ്പിക്കുന്നു. അവ മനസ്സിനോടും ഹൃദയത്തോടും നേരിട്ടു സംസാരിക്കുന്നു. അവ ഉജ്ജ്വലമായ ചിത്രങ്ങൾ വരച്ചുകാട്ടുന്നു. പ്രമേയത്തിന്റെയും പ്രകടിതമായ ശക്തമായ വികാരങ്ങളുടെയും അത്ഭുതകരമായ വിശാലതയുടെയും ആഴത്തിന്റെയും കാരണം ഭാഗികമായി ദാവീദിന്റെ അസാധാരണ ജീവിതാനുഭവങ്ങളാണ്, അവയാണ് അനേകം സങ്കീർത്തനങ്ങളുടെ പശ്ചാത്തലം ഒരുക്കുന്നത്. അധികംപേർ ഇത്ര വൈവിധ്യമാർന്ന ഒരു ജീവിതം നയിച്ചിട്ടില്ല—ഒരു ഇടയബാലനും ഗോലിയാത്തിനെതിരെ ഏക യോദ്ധാവും ഒരു രാജസദസ്സിലെ സംഗീതക്കാരനും വിശ്വസ്തസുഹൃത്തുക്കളുടെ ഇടയിലും ദ്രോഹികളുടെ ഇടയിലും ഒരു നിയമഭ്രഷ്ടനും, ഒരു രാജാവും ജേതാവും, സ്വന്തം ഭവനത്തിലെ ഭിന്നതകളാൽ ചുററപ്പെട്ട സ്നേഹവാനായ ഒരു പിതാവും, ഗുരുതരമായ പാപത്തിന്റെ കയ്പ് രണ്ടു പ്രാവശ്യം അനുഭവിച്ചിട്ടും എക്കാലത്തും യഹോവയുടെ ഉത്സാഹിയായ ഒരു ആരാധകനും അവന്റെ ന്യായപ്രമാണത്തെ പ്രിയപ്പെട്ടവനും. അത്തരത്തിലുളള ഒരു പശ്ചാത്തലത്തിൽ സങ്കീർത്തനങ്ങളിൽ മനുഷ്യവികാരങ്ങളുടെ മുഴു ശ്രേണിയും കാണുന്നത് ഒട്ടും അതിശയമല്ല! അതിന്റെ ശക്തിക്കും ഭംഗിക്കും സംഭാവനചെയ്യുന്നതാണ് എബ്രായ പദ്യത്തിന്റെ പ്രത്യേക സ്വഭാവമായിരിക്കുന്ന സമാന്തര കാവ്യപ്രയോഗങ്ങളും വിപരീതതാരതമ്യങ്ങളും.—സങ്കീ. 1:6; 22:20; 42:1; 121:3, 4.
10. സങ്കീർത്തനങ്ങളുടെ വിശ്വാസ്യതയെ എന്തു സാക്ഷ്യപ്പെടുത്തുന്നു?
10 യഹോവയുടെ സ്തുതിക്കായുളള ഈ അതിപുരാതന ഗീതങ്ങളുടെ വിശ്വാസ്യത തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗവുമായുളള അവയുടെ പൂർണയോജിപ്പിനാൽ സാക്ഷ്യപ്പെടുത്തപ്പെടുന്നു. സങ്കീർത്തനപുസ്തകത്തെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ നിരവധി പ്രാവശ്യം ഉദ്ധരിക്കുന്നു. (സങ്കീ. 5:9 [റോമ. 3:13]; സങ്കീ. 10:7 [റോമ. 3:14]; സങ്കീ. 24:1 [1 കൊരി. 10:26]; സങ്കീ. 50:14 [മത്താ. 5:33]; സങ്കീ. 78:24 [യോഹ. 6:31]; സങ്കീ. 102:25-27 [എബ്രാ. 1:10-12]; സങ്കീ. 112:9 [2 കൊരി. 9:9]) ദാവീദുതന്നെ തന്റെ അവസാനത്തെ ഗീതത്തിൽ: “യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിൻമേൽ ഇരിക്കുന്നു” എന്നു പറഞ്ഞു. ശമുവേലിനാലുളള തന്റെ അഭിഷേകത്തിന്റെ നാൾമുതൽ അവന്റെമേൽ പ്രവർത്തിച്ചിരുന്നത് ഈ ആത്മാവ് ആയിരുന്നു. (2 ശമൂ. 23:2; 1 ശമൂ. 16:13) കൂടുതലായി, അപ്പോസ്തലൻമാർ സങ്കീർത്തനങ്ങളിൽനിന്ന് ഉദ്ധരിച്ചു. പത്രോസ് “പരിശുദ്ധാത്മാവു ദാവീദുമുഖാന്തരം പറഞ്ഞ തിരുവെഴുത്തി”നെ പരാമർശിച്ചു. എബ്രായരുടെ എഴുത്തുകാരൻ സങ്കീർത്തനങ്ങളിൽനിന്നുളള പല ഉദ്ധരണികളിൽ അവയെ ദൈവത്താലുളള പ്രസ്താവനകളായി പരാമർശിക്കുകയോ “പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ” എന്ന വാക്കുകളോടെ അവതരിപ്പിക്കുകയോ ചെയ്തു.—പ്രവൃ. 1:16; 4:25; എബ്രാ. 1:5-14; 3:7; 5:5, 6.
11. യേശുവിന്റെ സ്വന്തം പ്രസ്താവനകൾ തെളിവിലേക്കുളള സാക്ഷ്യത്തെ മകുടം ചാർത്തുന്നതെങ്ങനെ?
11 വിശ്വാസ്യതയുടെ അതിശക്തമായ തെളിവിലേക്കു വരുമ്പോൾ, ഉയിർത്തെഴുന്നേററ കർത്താവായ യേശു ശിഷ്യൻമാരോട് ഇങ്ങനെ പറയുന്നതായി നാം ഉദ്ധരിക്കുന്നു: “ഇതാകുന്നു . . . ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം.” യേശു അവിടെ യഹൂദൻമാർ സ്വീകരിച്ചിരുന്നതും അവർക്കു സുവിദിതവുമായിരുന്ന വിധത്തിൽ മുഴു എബ്രായ തിരുവെഴുത്തുകളെയും കൂട്ടങ്ങളായി തിരിക്കുകയായിരുന്നു. അവൻ സങ്കീർത്തനങ്ങൾ എന്നു പറഞ്ഞതിൽ ഹാഗിയോഗ്രഫാ (അഥവാ വിശുദ്ധ എഴുത്തുകൾ) എന്നു വിളിക്കപ്പെട്ടിരുന്ന തിരുവെഴുത്തുകളുടെ മൂന്നാമത്തെ കൂട്ടം മുഴുവൻ ഉൾപ്പെട്ടിരുന്നു, അതിൽ ആദ്യപുസ്തകം സങ്കീർത്തനങ്ങളായിരുന്നു. ഏതാനും മണിക്കൂറുകൾക്കു മുമ്പ് എമ്മവുസിലേക്കു പോകുന്ന വഴി രണ്ടുപേരോട് അവൻ “എല്ലാ തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുളളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്ത”പ്പോൾ അവരോടു പറഞ്ഞതിനാൽ ഇതു സ്ഥിരീകരിക്കപ്പെടുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ലൂക്കൊ. 24:27, 44.
സങ്കീർത്തനങ്ങളുടെ ഉളളടക്കം
12. സങ്കീർത്തനങ്ങൾ പെട്ടെന്നുതന്നെ സന്തുഷ്ടിയുടെ ഒരു പ്രതിപാദ്യവിഷയവും രാജ്യവിഷയവും അവതരിപ്പിക്കുന്നത് എങ്ങനെ?
12 പുസ്തകം ഒന്ന് (സങ്കീർത്തനങ്ങൾ 1-41). സങ്കീർത്തനങ്ങൾ 1, 2, 10, 33 എന്നിവ ഒഴികെ ഇവയെല്ലാം നേരിട്ടു ദാവീദിന്റേതായി പറയപ്പെടുന്നു. 1-ാം സങ്കീർത്തനം ഭക്തികെട്ട പാപികളിൽനിന്നു വ്യത്യസ്തമായി യഹോവയുടെ നിയമം അനുസരിക്കുന്നതിന് അതു പകലും രാത്രിയിലും ധ്യാനിച്ചുകൊണ്ട് അതിൽ പ്രമോദിക്കുന്ന മനുഷ്യനെ സന്തുഷ്ടനായി പ്രഖ്യാപിക്കുമ്പോൾ തുടക്കത്തിൽത്തന്നെ കേന്ദ്രതത്ത്വം അവതരിപ്പിച്ചുകൊണ്ടു തുടക്കമിടുന്നു. ഇതു സങ്കീർത്തനങ്ങളിൽ കാണപ്പെടുന്ന ആദ്യത്തെ സന്തുഷ്ടിപ്രഖ്യാപനമാണ്. 2-ാം സങ്കീർത്തനം വെല്ലുവിളിപരമായ ഒരു ചോദ്യത്തോടെ തുടങ്ങുകയും “യഹോവക്കും അവന്റെ അഭിഷിക്തനും വിരോധമായി” ഭൂമിയിലെ സകല രാജാക്കൻമാരും ഉന്നതോദ്യോഗസ്ഥൻമാരും സ്വീകരിക്കുന്ന സംയുക്തനിലപാടിനെക്കുറിച്ചു പറയുകയും ചെയ്യുന്നു. യഹോവ അവരെ പരിഹസിക്കുകയും “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് പിന്നീട് ഉഗ്രകോപത്തിൽ അവരോടു സംസാരിക്കുകയും ചെയ്യുന്നു. അവനാണു സകല എതിർപ്പിനെയും തകർത്തുതരിപ്പണമാക്കുന്നത്. മററു രാജാക്കൻമാരും ഭരണാധികാരികളുമായുളേളാരേ, “ഭയത്തോടെ യഹോവയെ സേവിക്കുക”യും നശിച്ചുപോകാതിരിക്കാൻ അവന്റെ പുത്രനെ അംഗീകരിക്കുകയും ചെയ്യുക. (വാക്യങ്ങൾ 2, 6, 11) അങ്ങനെ സങ്കീർത്തനങ്ങൾ പെട്ടെന്നുതന്നെ ബൈബിളിലെ രാജ്യവിഷയത്തിനു തുടക്കമിടുന്നു.
13. സങ്കീർത്തനങ്ങളുടെ ആദ്യ ശേഖരം എന്തു പ്രമുഖമാക്കുന്നു?
13 ഈ ഒന്നാമത്തെ സമാഹാരത്തിൽ അപേക്ഷയും നന്ദിപ്രകടനവുമടങ്ങുന്ന പ്രാർഥനകൾ പ്രമുഖമാണ്. 8-ാം സങ്കീർത്തനം യഹോവയുടെ മഹത്ത്വത്തെ മമനുഷ്യന്റെ അൽപ്പത്വവുമായി താരതമ്യപ്പെടുത്തുന്നു. സങ്കീർത്തനം 14 ദൈവത്തിന്റെ അധികാരത്തിനു കീഴ്പ്പെടാൻ വിസമ്മതിക്കുന്ന ആളുകളുടെ ഭോഷത്വത്തെ തുറന്നുകാട്ടുന്നു. സങ്കീർത്തനം 19 യഹോവയാം ദൈവത്തിന്റെ അത്ഭുതസൃഷ്ടി അവന്റെ മഹത്ത്വത്തെ ഘോഷിക്കുന്നതെങ്ങനെയെന്നു പ്രകടമാക്കുന്നു. 7-14 വരെയുളള വാക്യങ്ങൾ ദൈവത്തിന്റെ പൂർണതയുളള നിയമം പാലിക്കുന്നതിന്റെ പ്രതിഫലദായകമായ പ്രയോജനങ്ങളെ പ്രകീർത്തിക്കുന്നു, അതു പിന്നീട് സങ്കീർത്തനം 119-ൽ മഹത്തരമായ ഒരു തോതിൽ വിചിന്തനംചെയ്യപ്പെടുന്നു. സങ്കീർത്തനം 23 സകല സാഹിത്യത്തിലുമുളള വിദഗ്ധസൃഷ്ടികളിലൊന്നായി സാർവലൗകികമായി സ്വീകരിക്കപ്പെടുന്നു. എന്നാൽ യഹോവയിലുളള വിശ്വസ്തമായ ആശ്രയത്തിൻപ്രകടനത്തിന്റെ മനോജ്ഞമായ സാരള്യംസംബന്ധിച്ച് അതിലുമധികം മഹനീയമാണത്. ഹാ, നാമെല്ലാം ‘വലിയ ഇടയന്റെ ആലയത്തിൽ ദീർഘകാലം വസിക്കേണ്ടതിന്നുതന്നെ’! (23:1, 6) ദുഷ്പ്രവൃത്തിക്കാരുടെ ഇടയിൽ വസിക്കുന്ന ദൈവഭയമുളള ആളുകൾക്കു സങ്കീർത്തനം 37 നല്ല ബുദ്ധ്യുപദേശം കൊടുക്കുന്നു. സങ്കീർത്തനം 40 ദാവീദു ചെയ്തതുപോലെ ദൈവേഷ്ടം ചെയ്യുന്നതിന്റെ ഉല്ലാസം വെളിപ്പെടുത്തുന്നു.
14. സങ്കീർത്തനങ്ങളുടെ രണ്ടാം പുസ്തകത്തിൽ വീണ്ടെടുപ്പിനെക്കുറിച്ച് എന്തു പറഞ്ഞിരിക്കുന്നു, ദാവീദിന്റെ ഏതു പ്രാർഥനകൾ വിശേഷവൽക്കരിച്ചിരിക്കുന്നു?
14 പുസ്തകം രണ്ട് (സങ്കീർത്തനങ്ങൾ 42-72). ഈ ഭാഗം കോരഹിന്റെ എട്ടു സങ്കീർത്തനങ്ങൾകൊണ്ട് ആരംഭിക്കുന്നു. 42, 43 എന്നീ രണ്ടു സങ്കീർത്തനങ്ങളും കോരഹിന്റെ സങ്കീർത്തനങ്ങളായി പറയപ്പെടുന്നു, കാരണം അവ രണ്ടുംകൂടെ യഥാർഥത്തിൽ ഒരു ആവർത്തനവാക്യത്താൽ ബന്ധിപ്പിച്ചിരിക്കുന്ന മൂന്നു ശ്ലോകങ്ങളുളള ഒരു കവിതയാണ്. (42:5, 11; 43:5) സങ്കീർത്തനം 49 മനുഷ്യൻ സ്വന്തം വീണ്ടെടുപ്പുകാരനെ പ്രദാനംചെയ്യുന്നതിന്റെ അസാധ്യതയെ ഊന്നിപ്പറയുന്നു. അതു “ഷീയോളിന്റെ കൈയിൽനിന്നു” (വാക്യം 15, NW) മനുഷ്യനെ വീണ്ടെടുക്കാൻ ശക്തിയുളളവനെന്ന നിലയിൽ ദൈവത്തിലേക്കു വിരൽചൂണ്ടുന്നു. സങ്കീർത്തനം 51 ഹിത്യനായ ഊരീയാവിന്റെ ഭാര്യയായ ബത്ത്-ശേബയുമായുളള ദാവീദിന്റെ ഭയങ്കരപാപത്തിനുശേഷം ഉച്ചരിച്ച ദാവീദിന്റെ ഒരു പ്രാർഥനയാണ്, അദ്ദേഹത്തിന്റെ യഥാർഥ അനുതാപത്തെ കാണിക്കുകയും ചെയ്യുന്നു. (2 ശമൂ. 11:1–12:24) ഈ ഭാഗം “ശലോമോനെ സംബന്ധിച്ച” ഒരു സങ്കീർത്തനത്തോടെ, അവന്റെ സമാധാനപൂർണമായ വാഴ്ചക്കും അവനു യഹോവയുടെ അനുഗ്രഹമുണ്ടായിരിക്കേണ്ടതിനും വേണ്ടിയുളള ഒരു പ്രാർഥനയോടെ അവസാനിക്കുന്നു.—സങ്കീ. 72.
15. മൂന്നാം പുസ്തകം ഇസ്രായേലിന്റെ ചരിത്രത്തെയും യഹോവയുടെ ന്യായവിധിയെയും അവന്റെ രാജ്യ ഉടമ്പടിയെയും കുറിച്ച് എന്തു പ്രസ്താവിക്കുന്നു?
15 പുസ്തകം മൂന്ന് (സങ്കീർത്തനങ്ങൾ 73-89). ഇവയിൽ കുറഞ്ഞപക്ഷം രണ്ടെണ്ണം, 74-ഉം 79-ഉം സങ്കീർത്തനങ്ങൾ, പൊ.യു.മു. 607-ലെ യെരുശലേമിന്റെ നാശത്തെ തുടർന്നു രചിക്കപ്പെട്ടതാണ്. അവ ഈ വലിയ വിപത്തിനെക്കുറിച്ചു വിലപിക്കുകയും ‘അവന്റെ നാമമഹത്വത്തിനായി’ തന്റെ ജനത്തെ സഹായിക്കാൻ യഹോവയോട് അപേക്ഷിക്കുകയും ചെയ്യുന്നു. (79:9) 78-ാം സങ്കീർത്തനം മോശയുടെ കാലംമുതൽ ദാവീദ് “പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു”തുടങ്ങുന്നതുവരെയുളള ഇസ്രായേലിന്റെ ചരിത്രം വിവരിക്കുന്നു. (വാക്യം 72) സങ്കീർത്തനം 80 യഥാർഥത്തിലുളള “ഇസ്രായേലിന്റെ ഇടയ”നെന്ന നിലയിൽ യഹോവയിലേക്കു വിരൽ ചൂണ്ടുന്നു. (വാക്യം 1) സങ്കീർത്തനം 82-ഉം 83-ഉം അവന്റെ ശത്രുക്കൾക്കും അവന്റെ ജനത്തിന്റെ ശത്രുക്കൾക്കുമെതിരെ തന്റെ ന്യായവിധികൾ നടത്തുന്നതിനു യഹോവയോടുളള ശക്തമായ അഭ്യർഥനകളാണ്. ഈ അപേക്ഷകൾ ഒട്ടുംതന്നെ വൈരനിര്യാതനത്തിനായിരിക്കാതെ “യഹോവേ, അവർ [ജനം] തിരുനാമത്തെ അന്വേഷിക്കേണ്ടതിന്ന് . . . അങ്ങനെ അവർ യഹോവ എന്നു നാമമുളള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയു”ന്നതിനാണ്. (83:16, 18) ഈ ഭാഗത്തിൽ അവസാനത്തേതായി, ദാവീദിനോടു ചെയ്ത യഹോവയുടെ ഉടമ്പടിയിൽ പ്രമുഖമായി പ്രകടമാക്കപ്പെട്ടിരിക്കുന്ന “യഹോവയുടെ കൃപകളെ” പ്രദീപ്തമാക്കുന്ന സങ്കീർത്തനം 89 വരുന്നു. ഈ ഉടമ്പടി യഹോവയുടെ മുമ്പാകെ എന്നേക്കും ഭരിക്കുന്ന, ദാവീദിന്റെ സിംഹാസനത്തിന്റെ നിത്യാവകാശിക്കുവേണ്ടിയുളളതാണ്!—വാക്യ. 1, 34-37.
16. നാലാം പുസ്തകം യഹോവയുടെ രാജത്വത്തെയും അവന്റെ ഉടമ്പടിപാലനത്തെയും പുകഴ്ത്തുന്നത് എങ്ങനെ?
16 പുസ്തകം നാല് (സങ്കീർത്തനങ്ങൾ 90-106). പുസ്തകം മൂന്നുപോലെ, ഇതിൽ 17 സങ്കീർത്തനങ്ങൾ അടങ്ങുന്നു. അതു വ്യക്തമായി മുന്തിനിൽക്കത്തക്കവണ്ണം ദൈവത്തിന്റെ നിത്യാസ്തിത്വത്തെയും മരണമുളള മമനുഷ്യന്റെ ഹ്രസ്വായുസ്സിനെയും വിവരിച്ചുകൊണ്ടുളള മോശയുടെ പ്രാർഥനയോടെ തുടങ്ങുന്നു. സങ്കീർത്തനം 92 യഹോവയുടെ ശ്രേഷ്ഠഗുണങ്ങളെ പ്രകീർത്തിക്കുന്നു. ഇനി ആ മഹത്തായ കൂട്ടമുണ്ട്, “യഹോവ വാഴുന്നു” എന്ന ഉത്തേജകമായ ഉദ്ഘോഷത്തോടെ തുടങ്ങുന്ന സങ്കീർത്തനങ്ങൾ 93-100. അതുകൊണ്ട് “സകല ഭൂവാസികളുമായുളേളാ”രും “യഹോവക്കു പാടി അവന്റെ നാമത്തെ വാഴ്ത്താ”ൻ ആഹ്വാനം ചെയ്യപ്പെടുന്നു. കാരണം “യഹോവ വലിയവനും അത്യന്തം സ്തുത്യനുമാകുന്നു.” “യഹോവ സീയോനിൽ വലിയവനും . . . ആകുന്നു.” (93:1; 96:1, 2, 4; 99:2) 105-ഉം 106-ഉം സങ്കീർത്തനങ്ങൾ യഹോവയുടെ ജനത്തിനുവേണ്ടിയുളള അത്ഭുതപ്രവൃത്തികൾക്കും അബ്രഹാമിന്റെ സന്തതിയുടെ എണ്ണമററ പിറുപിറുപ്പുകളും പിൻമാററങ്ങളും ഗണ്യമാക്കാതെ അവർക്ക് ദേശം കൊടുത്തതിൽ അബ്രഹാമിനോടുളള തന്റെ ഉടമ്പടി വിശ്വസ്തമായി പാലിച്ചതിനും യഹോവക്കു നന്ദി കൊടുക്കുന്നു.
17. സങ്കീർത്തനം 104 ഏത് അസാധാരണ താത്പര്യമുളളതാണ്, ഈ ഘട്ടംമുതൽ ഏതു വിഷയം ആവർത്തിക്കപ്പെടുന്നു?
17 സങ്കീർത്തനം 104 അസാധാരണമായി താത്പര്യജനകമാണ്. ഇതു യഹോവ ധരിച്ചിരിക്കുന്ന മാന്യതക്കും പ്രതാപത്തിനും അവനെ പ്രകീർത്തിക്കുന്നു. അതു ഭൂമിയിലെ അവന്റെ അനേകം പ്രവൃത്തികളിലും ഉത്പന്നങ്ങളിലും പ്രകടമായിരിക്കുന്ന ജ്ഞാനത്തെയും വർണിക്കുന്നു. അനന്തരം “യഹോവയെ സ്തുതിപ്പിൻ” എന്ന ഉദ്ഘോഷം ഇദംപ്രഥമമായി പ്രത്യക്ഷപ്പെടുമ്പോൾ മുഴുസങ്കീർത്തനപുസ്തകത്തിന്റെയും പ്രതിപാദ്യവിഷയം പൂർണശക്തിയോടെ വിവരിക്കപ്പെടുന്നു. (വാക്യം 35) യഹോവയുടെ നാമത്തിന് അർഹമായ സ്തുതി കൊടുക്കാൻ സത്യാരാധകരോടു നടത്തുന്ന ഈ ആഹ്വാനം എബ്രായയിൽ ഹാ-ലേലൂ-യാഹ് അഥവാ “ഹല്ലേലുയ്യാ” എന്ന ഒററ പദമാണ്. ഈ ഒടുവിൽ പറഞ്ഞ രൂപം ഇന്നു ഭൂമിയിലുടനീളം ആളുകൾക്കു പരിചിതമാണ്. ഈ വാക്യം മുതൽ ഈ പദപ്രയോഗം 24 പ്രാവശ്യം വരുന്നുണ്ട്. പല സങ്കീർത്തനങ്ങളും ഇതു സഹിതമാണു തുടങ്ങുന്നതും അവസാനിക്കുന്നതും.
18. (എ) ഏതു പല്ലവി 107-ാം സങ്കീർത്തനത്തെ പ്രദീപ്തമാക്കുന്നു? (ബി) ഹാലേൽസങ്കീർത്തനങ്ങൾ എന്നു വിളിക്കപ്പെടുന്നവ ഏവയാണ്?
18 പുസ്തകം അഞ്ച് (സങ്കീർത്തനങ്ങൾ 107-150). സങ്കീർത്തനം 107-ൽ യഹോവയുടെ വിടുതലുകളുടെ ഒരു വർണന നമുക്കുണ്ട്, അതോടൊപ്പം “അവർ യഹോവയെ അവന്റെ നൻമയെ ചൊല്ലിയും മനുഷ്യപുത്രൻമാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ” എന്ന ശ്രുതിമധുരമായ പല്ലവിയുമുണ്ട്. (വാക്യ. 8, 15, 21, 31) 113 മുതൽ 118 വരെയുളള സങ്കീർത്തനങ്ങൾ ഹാലേൽ സങ്കീർത്തനങ്ങൾ എന്നു വിളിക്കപ്പെടുന്നവയാണ്. മിഷ്നാ പറയുന്നതനുസരിച്ചു യഹൂദൻമാർ ഇതു പെസഹപെരുന്നാളിനും പെന്തക്കോസ്തു പെരുന്നാളിനും കൂടാരപ്പെരുന്നാളിനും സമർപ്പണ പെരുന്നാളിനും പാടിയിരുന്നു.
19. സങ്കീർത്തനങ്ങൾ 117-ഉം 119-ഉം എങ്ങനെ വ്യത്യസ്തമായിരിക്കുന്നു, ഒടുവിൽ പറഞ്ഞതിന്റെ സവിശേഷതകളിൽ ചിലതേവ?
19 സങ്കീർത്തനം 117 അതിന്റെ സാരള്യത്തിൽ ശക്തമാണ്, ബൈബിളിലെ എല്ലാ സങ്കീർത്തനങ്ങളിലും അധ്യായങ്ങളിലും വെച്ച് ഏററവും ചെറുതുതന്നെ. എല്ലാ സങ്കീർത്തനങ്ങളിലും ബൈബിളധ്യായങ്ങളിലുംവെച്ച് ഏററവും ദീർഘിച്ചത് 119-ാം സങ്കീർത്തനമാണ്. 8 വാക്യങ്ങൾ വീതമുളള അതിലെ 22 അക്ഷരമാലാക്രമത്തിലുളള പദ്യങ്ങളിൽ മൊത്തം 176 വാക്യങ്ങളുണ്ട്. ഈ വാക്യങ്ങളിൽ രണ്ടെണ്ണമൊഴിച്ച് (90-ഉം 22-ഉം) എല്ലാം ഏതെങ്കിലും വിധത്തിൽ യഹോവയാം ദൈവത്തിന്റെ വചനത്തെ അല്ലെങ്കിൽ നിയമത്തെ പരാമർശിക്കുകയും സങ്കീർത്തനം 19:7-14-ലെ ഓരോ പദ്യത്തിലുമുളള പല മൊഴികൾ അല്ലെങ്കിൽ എല്ലാ മൊഴികളും (ന്യായപ്രമാണം, സാക്ഷ്യം, ആജ്ഞകൾ, കൽപ്പന, വിധികൾ) ആവർത്തിക്കുകയും ചെയ്യുന്നു. കൽപ്പന(കൾ) ന്യായത്തീർപ്പുകൾ, നിയമം, ആജ്ഞകൾ, ചട്ടങ്ങൾ, സാക്ഷ്യങ്ങൾ, മൊഴി(കൾ), വചനം(ങ്ങൾ) എന്നിങ്ങനെയുളള 8 പദപ്രയോഗങ്ങളിൽ ഏതെങ്കിലുമൊന്നുപയോഗിച്ചു ദൈവവചനത്തെ 170 പ്രാവശ്യം അതു പരാമർശിക്കുന്നു.
20, 21. (എ) ആരോഹണഗീതങ്ങൾ ഏവയാണ്? (ബി) ഏകീകൃതാരാധനയുടെ ആവശ്യത്തെക്കുറിച്ചുളള ദാവീദിന്റെ വിലമതിപ്പിനെ അവ വെളിപ്പെടുത്തുന്നത് എങ്ങനെ?
20 അടുത്തതായി നാം സങ്കീർത്തനങ്ങളുടെ മറെറാരു കൂട്ടം, സങ്കീർത്തനങ്ങൾ 120-134 വരെയുളള 15 ആരോഹണഗീതങ്ങൾ, കാണുന്നു. ഈ പദപ്രയോഗത്തിന്റെ അർഥം പൂർണമായി മനസ്സിലാകാഞ്ഞതുകൊണ്ടു വിവർത്തകൻമാർ വിവിധ വിധങ്ങളിൽ അതു ഭാഷാന്തരംചെയ്തിരിക്കുന്നു. ഈ സങ്കീർത്തനങ്ങളിലെ ശ്രേഷ്ഠമായ ഉളളടക്കത്തെ അതു പരാമർശിക്കുന്നുവെന്നു ചിലർ പറയുന്നു, എന്നിരുന്നാലും, മററു നിശ്വസ്ത സങ്കീർത്തനങ്ങളെക്കാൾ അവയെ ഉയർത്താൻ വ്യക്തമായ കാരണമുണ്ടെന്നു തോന്നുന്നില്ല. ഈ തലക്കെട്ട് ഉത്ഭൂതമാകുന്നതു വാർഷികോത്സവങ്ങൾക്കുവേണ്ടി യെരുശലേമിൽ കയററത്തിലേക്കു യാത്രചെയ്യുന്ന അല്ലെങ്കിൽ “ആരോഹണംചെയ്യുന്ന” ആരാധകരാലുളള ഈ ഗീതങ്ങളുടെ ഉപയോഗത്തിൽനിന്നാണെന്ന് അനേകം ഭാഷ്യകാരൻമാർ സൂചിപ്പിക്കുന്നു. നഗരം യഹൂദാപർവതങ്ങളിൽ ഉയർന്നു സ്ഥിതിചെയ്തിരുന്നതുകൊണ്ട് ഈ തലസ്ഥാനത്തേക്കുളള യാത്ര ഒരു ആരോഹണമായി കരുതപ്പെടുന്നു. (എസ്രാ 7:9 താരതമ്യം ചെയ്യുക.) ആരാധനയിൽ ദൈവജനം ഒത്തുചേരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ദാവീദിനു വിശേഷാൽ ആഴമായ ബോധ്യം ഉണ്ടായിരുന്നു. അവൻ “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം” എന്ന ക്ഷണം കേൾക്കുന്നതിൽ സന്തോഷിച്ചു; ഗോത്രങ്ങൾ “യഹോവയുടെ നാമത്തിന്നു സ്തോത്രംചെയ്വാൻ” കയറിപ്പോകുകതന്നെ ചെയ്തു. ആ കാരണത്താൽ അവൻ “നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാൻ നിന്റെ നൻമ അന്വേഷിക്കും” എന്നു പ്രാർഥിച്ചുകൊണ്ടു യെരുശലേമിന്റെ സമാധാനത്തിനും സുരക്ഷിതത്ത്വത്തിനും ഐശ്വര്യത്തിനുംവേണ്ടി ആത്മാർഥതയോടെ അന്വേഷിച്ചു.—സങ്കീ. 122:1, 4, 9.
21 ഉടമ്പടിയുടെ പെട്ടകത്താൽ പ്രതിനിധാനംചെയ്യപ്പെട്ട യഹോവക്ക് അനുയോജ്യമായ ഒരു വിശ്രമസ്ഥലം കണ്ടെത്തുന്നതുവരെ തനിക്കു വിശ്രമം കൊടുക്കാതിരിക്കുന്നതിനുളള ദാവീദിന്റെ പ്രതിജ്ഞയെക്കുറിച്ചു 132-ാം സങ്കീർത്തനം പറയുന്നു. സീയോനിൽ പെട്ടകം വെച്ചശേഷം യഹോവ സീയോനെ “തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയുംചെയ്തു; അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും” എന്നു യഹോവ പറയുന്നതായി മനോഹരമായ കാവ്യശൈലിയിൽ വർണിക്കപ്പെടുന്നു. ഈ കേന്ദ്ര ആരാധനാസ്ഥലത്തെ അവൻ അംഗീകരിച്ചു, ‘അവിടെയല്ലോ യഹോവ അനുഗ്രഹം കല്പിച്ചത്.’ “യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—132:1-6, 13, 14; 133:3; 134:3; സങ്കീർത്തനം 48-ഉം കാണുക.
22. (എ) യഹോവയുടെ സ്തുത്യർഹത പ്രകീർത്തിക്കപ്പെടുന്നത് എങ്ങനെ? (ബി) സമാപനസങ്കീർത്തനങ്ങളിൽ പുസ്തകത്തിന്റെ മഹത്തായ വിഷയം ഒരു ആരോഹണത്തിലേക്ക് ഉയരുന്നതെങ്ങനെ?
22 സങ്കീർത്തനം 135 യഹോവയെ തന്റെ ഹിതമെല്ലാം ചെയ്യുന്ന സ്തുത്യർഹനായ ദൈവമായി പുകഴ്ത്തുന്നു. ഇതു വ്യർഥവും ശൂന്യവുമായ വിഗ്രഹങ്ങൾക്കു വിരുദ്ധമായിട്ടാണ്, അവയുടെ നിർമാതാക്കൾ അവയെപ്പോലെതന്നെ ആയിത്തീരും. 136-ാം സങ്കീർത്തനം പ്രതിവചനരൂപത്തിലുളള ആലാപനത്തിനുവേണ്ടിയാണ്, ഓരോ ശ്ലോകവും “അവന്റെ ദയ എന്നേക്കുമുളളതു” എന്നു പറഞ്ഞ് അവസാനിക്കുന്നു. അങ്ങനെയുളള പ്രതിവചനങ്ങൾ അനേകം അവസരങ്ങളിൽ ഉപയോഗിച്ചതായി കാണിക്കപ്പെടുന്നു. (1 ദിന. 16:41; 2 ദിന. 5:13; 7:6; 20:21; എസ്രാ 3:11) സങ്കീർത്തനം 137 ബാബിലോനിൽ പ്രവാസികളായിരുന്നപ്പോൾ യഹൂദൻമാരുടെ ഹൃദയത്തിൽ കുടികൊണ്ടിരുന്ന സീയോനുവേണ്ടിയുളള അഭിലാഷത്തെക്കുറിച്ചു പറയുകയും തങ്ങളുടെ സ്വദേശത്തുനിന്നു വിദൂരത്തിലായിരുന്നെങ്കിലും സീയോൻഗീതങ്ങൾ അഥവാ സങ്കീർത്തനങ്ങൾ അവർ മറന്നില്ലെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. 145-ാം സങ്കീർത്തനം യഹോവയുടെ നൻമയെയും രാജത്വത്തെയും പ്രകീർത്തിക്കുകയും “യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടൻമാരെയും അവൻ നശിപ്പിക്കും” എന്നു പ്രകടമാക്കുകയും ചെയ്യുന്നു. (വാക്യം 20) അനന്തരം, ഒരു ആവേശജനകമായ ഉപസംഹാരമെന്ന നിലയിൽ സങ്കീർത്തനം 146-150 വീണ്ടും പുസ്തകത്തിന്റെ മഹത്തായ പ്രതിപാദ്യവിഷയം അവതരിപ്പിക്കുകയും “യഹോവയെ സ്തുതിപ്പിൻ” എന്ന വാക്കുകളോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഈ സ്തുതികീർത്തനം 150-ാം സങ്കീർത്തനത്തിൽ മഹത്തായ ഒരു ആരോഹണമായി ഉയരുന്നു, അവിടെ ആറു വാക്യങ്ങൾക്കിടയിൽ 13 പ്രാവശ്യം അതു യഹോവയെ സ്തുതിക്കാൻ സകല സൃഷ്ടികളെയും ആഹ്വാനംചെയ്യുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
23. (എ) സങ്കീർത്തനങ്ങളിൽ ഏതു ജീവത്സന്ദേശം അടങ്ങിയിരിക്കുന്നു? (ബി) യഹോവയുടെ നാമവും പരമാധികാരവും ഉയർത്തപ്പെടുന്നത് എങ്ങനെ?
23 ബൈബിളിലെ സങ്കീർത്തനങ്ങളെ അവയുടെ മനോഹാരിതയുടെയും ശൈലിയുടെയും പൂർണത നിമിത്തം ഏതു ഭാഷയിലെയും അത്യുൽകൃഷ്ട സാഹിത്യത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. എന്നിരുന്നാലും, അവ സാഹിത്യത്തെക്കാൾ വളരെ കവിഞ്ഞതാണ്. അവ സകല അഖിലാണ്ഡത്തിന്റെയും പരമോന്നത പരമാധികാരിയായ യഹോവയിൽനിന്നുതന്നെയുളള ഒരു ജീവത്സന്ദേശമാണ്. അവ പ്രഥമവും പ്രധാനവുമായി ബൈബിളിന്റെ ഗ്രന്ഥകാരനായ യഹോവയെക്കുറിച്ചു സംസാരിച്ചുകൊണ്ട് അതിന്റെ അടിസ്ഥാന ഉപദേശങ്ങളിലേക്കുളള അഗാധമായ ഉൾക്കാഴ്ച നൽകുന്നു. അവൻ അഖിലാണ്ഡത്തിന്റെയും അതിലെ സകലത്തിന്റെയും സ്രഷ്ടാവായി വ്യക്തമായി പ്രകടമാക്കപ്പെട്ടിരിക്കുന്നു. (8:3-9; 90:1, 2; 100:3; 104:1-5, 24; 139:14) തീർച്ചയായും യഹോവ എന്ന പേർ സങ്കീർത്തനപുസ്തകത്തിൽ പ്രകീർത്തിക്കപ്പെടുന്നുണ്ട്, അവിടെ അത് ഏതാണ്ട് 700 പ്രാവശ്യം വരുന്നു. അതിനുപുറമേ, സംക്ഷിപ്തരൂപമായ “യാഹ്” 43 പ്രാവശ്യം കാണാം, തൻനിമിത്തം എല്ലാംകൂടെ ഓരോ സങ്കീർത്തനത്തിലും ശരാശരി 5 പ്രാവശ്യം ദിവ്യനാമം പറയുന്നുണ്ട്. കൂടാതെ, യഹോവയെക്കുറിച്ച് എലോഹിം അഥവാ ദൈവം എന്ന് 350 പ്രാവശ്യം പറഞ്ഞിരിക്കുന്നു. പല സങ്കീർത്തനങ്ങളിൽ “പരമാധികാരിയാം കർത്താവ്” എന്നു യഹോവയെ പരാമർശിക്കുന്നതിൽ അവന്റെ പരമോന്നത ഭരണാധിപത്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.—68:20; 69:6; 71:5; 73:28; 140:7; 141:8, NW.
24. സങ്കീർത്തനങ്ങളിൽ മരണമുളള മനുഷ്യനെസംബന്ധിച്ച് എന്തു പറഞ്ഞിരിക്കുന്നു, ഏതു സാരവത്തായ ബുദ്ധ്യുപദേശം നൽകപ്പെടുന്നു?
24 നിത്യദൈവത്തിൽനിന്നു വ്യത്യസ്തമായി, മരണമുളള മനുഷ്യൻ പാപത്തിൽ ജനിച്ചവനായും ഒരു വീണ്ടെടുപ്പുകാരന്റെ ആവശ്യമുളളവനായും പ്രകടമാക്കപ്പെട്ടിരിക്കുന്നു, അവൻ മരിക്കുന്നതായും “പൊടി”യിലേക്കു മടങ്ങുന്നതായും മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയായ ഷീയോളിലേക്കു പോകുന്നതായും പ്രകടമാക്കപ്പെടുന്നു. (6:4, 5; 49:7-20; 51:5, 7; 89:48; 90:1-5; 115:17; 146:4) സങ്കീർത്തനപുസ്തകം ദൈവനിയമം അനുസരിക്കേണ്ടതിന്റെയും യഹോവയെ ആശ്രയിക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറയുന്നു. (1:1, 2; 62:8; 65:5; 77:12; 115:11; 118:8; 119:97, 105, 165) അതു ധിക്കാരത്തിനും “മറഞ്ഞിരിക്കുന്ന പാപങ്ങൾക്കു”മെതിരെ മുന്നറിയിപ്പു കൊടുക്കുകയും (19:12-14; 131:1) സത്യസന്ധവും ആരോഗ്യാവഹവുമായ സഹവാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (15:1-5; 26:5; 101:5) ശരിയായ നടത്ത യഹോവയുടെ അംഗീകാരം കൈവരുത്തുന്നുവെന്ന് അതു പ്രകടമാക്കുന്നു. (34:13-15; 97:10) “രക്ഷ യഹോവക്കുളളതാകുന്നു” എന്നും തന്നെ ഭയപ്പെടുന്നവരുടെ കാര്യത്തിൽ “അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കുന്നു” എന്നും പറയുന്നതിനാൽ അതു ശോഭനമായ പ്രത്യാശ വെച്ചുനീട്ടുന്നു. (3:8; 33:19) ഇതു നമ്മെ പ്രാവചനിക വശത്തേക്ക് ആനയിക്കുന്നു.
25. (എ) ഫലത്തിൽ സങ്കീർത്തനങ്ങളുടെ പുസ്തകം എന്തിനാൽ നിറഞ്ഞിരിക്കുന്നു? (ബി) വലിപ്പമേറിയ ദാവീദിനെ തിരിച്ചറിയിക്കുന്നതിനു പത്രോസ് സങ്കീർത്തനങ്ങളെ എങ്ങനെ ഉപയോഗിച്ചു?
25 സങ്കീർത്തനപുസ്തകത്തിൽ ഫലത്തിൽ “ദാവീദിന്റെ പുത്രനായ” യേശുക്രിസ്തുവിലേക്കും യഹോവയുടെ അഭിഷിക്തനും രാജാവുമെന്ന നിലയിൽ അവൻ വഹിക്കുന്ന പങ്കിലേക്കും ചൂണ്ടിക്കാണിക്കുന്ന പ്രവചനങ്ങൾ നിറഞ്ഞിരിക്കുന്നു.a (മത്താ. 1:1) ക്രിസ്തീയ സഭ പൊ.യു. 33-ലെ പെന്തക്കോസ്തുദിവസം അസ്തിത്വത്തിലേക്കു വന്നപ്പോൾ ഈ പ്രവചനങ്ങളുടെ നിവൃത്തിസംബന്ധിച്ചു പരിശുദ്ധാത്മാവ് അപ്പോസ്തലൻമാരെ പ്രകാശിതരാക്കാൻ തുടങ്ങി. അന്നേ ദിവസംതന്നെ പത്രൊസ് തന്റെ പ്രസിദ്ധമായ പ്രസംഗവിഷയം വികസിപ്പിക്കുന്നതിനു സങ്കീർത്തനത്തിൽനിന്ന് ആവർത്തിച്ച് ഉദ്ധരിച്ചു. അതു “നസറായനായ യേശു” എന്ന വ്യക്തിയോടു ബന്ധപ്പെട്ടായിരുന്നു. അവന്റെ വാദത്തിന്റെ അവസാനഭാഗം മിക്കവാറും പൂർണമായി, ക്രിസ്തുയേശു വലിപ്പമേറിയ ദാവീദാണെന്നും യേശുവിന്റെ ദേഹിയെ ഹേഡീസിൽ വിടാതെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുമെന്നും തെളിയിക്കുന്ന സങ്കീർത്തനങ്ങളിൽനിന്നുളള ഉദ്ധരണികളിൽ അധിഷ്ഠിതമാണ്. ഇല്ല, “ദാവീദു സ്വർഗ്ഗാരോഹണം ചെയ്തില്ല,” എന്നാൽ അവൻ സങ്കീർത്തനം 110:1-ൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവന്റെ കർത്താവു സ്വർഗാരോഹണംചെയ്തു. ആരാണു ദാവീദിന്റെ കർത്താവ്? പത്രൊസ് അവന്റെ മഹത്തായ പാരമ്യത്തിൽ എത്തുകയും “നിങ്ങൾ ക്രൂശിച്ച ഈ യേശു” എന്നു ശക്തിമത്തായി ഉത്തരംപറയുകയും ചെയ്യുന്നു!—പ്രവൃ. 2:14-36; സങ്കീ. 16:8-11; 132:11.
26. പത്രൊസിന്റെ പ്രസംഗം എങ്ങനെ പ്രയോജനകരമെന്നു തെളിഞ്ഞു?
26 സങ്കീർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള പത്രൊസിന്റെ പ്രസംഗം പ്രയോജനപ്രദമായിരുന്നോ? അതേദിവസംതന്നെ ക്രിസ്തീയസഭയോടു ചേർക്കപ്പെട്ട ഏതാണ്ടു 3,000 പേരുടെ സ്നാപനം അതിനനുകൂലമായിത്തന്നെ സംസാരിക്കുന്നു.—പ്രവൃ. 2:41.
27. “പരിശുദ്ധാത്മാവ്” സങ്കീർത്തനം 2 എങ്ങനെ വ്യാഖ്യാനിച്ചു?
27 അധികംതാമസിയാതെ, ഒരു പ്രത്യേകകൂട്ടത്തിൽവെച്ചു ശിഷ്യൻമാർ യഹോവയോട് അഭ്യർഥിക്കുകയും സങ്കീർത്തനം 2:1, 2 ഉദ്ധരിക്കുകയും ചെയ്തു. “[ദൈവം] അഭിഷേകംചെയ്ത യേശു എന്ന” ദൈവത്തിന്റെ “പരിശുദ്ധ ദാസന്നു” വിരോധമായ ഭരണാധികാരികളുടെ സംഘടിതമായ എതിർപ്പിൽ ഇതിനു നിവൃത്തി ഉണ്ടായതായി അവർ പറഞ്ഞു. “എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി” എന്നു വിവരണം തുടർന്നു പറയുന്നു.—പ്രവൃ. 4:23-31.
28. (എ) സങ്കീർത്തനങ്ങളുടെ ഉപയോഗത്താൽ എബ്രായർ 1-3 വരെയുളള അധ്യായങ്ങളിൽ പൗലൊസ് ഏതു വാദം വികസിപ്പിക്കുന്നു? (ബി) മൽക്കിസെദക്കിൻ പൗരോഹിത്യത്തെക്കുറിച്ചുളള പൗലൊസിന്റെ ചർച്ചക്കു സങ്കീർത്തനം 110:4 ഒരു അടിസ്ഥാനം ഒരുക്കുന്നത് എങ്ങനെ?
28 ഇപ്പോൾ എബ്രായർക്കുളള ലേഖനത്തിലേക്കു നോക്കുക. ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ ദൈവത്തിന്റെ സ്വർഗീയ സിംഹാസനസ്ഥപുത്രനെന്ന നിലയിൽ യേശുവിനു ദൂതൻമാർക്കുമീതെയുളള ശ്രേഷ്ഠത സംബന്ധിച്ചു സങ്കീർത്തനങ്ങളിൽനിന്നുളള പല ഉദ്ധരണികൾ നാം കാണുന്നു. യേശുവിന് അബ്രഹാമിന്റെ സന്തതിയുടെ ഭാഗവും ‘സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരു’മായ ‘സഹോദരൻമാരുടെ’ ഒരു സഭയുണ്ടെന്നു സങ്കീർത്തനം 22:22-ൽനിന്നും മററു ചില പരാമർശങ്ങളിൽനിന്നും പൗലൊസ് തെളിയിക്കുന്നു. (എബ്രാ. 2:10-13, 16; 3:1) അനന്തരം, എബ്രായർ 6:20-ൽ തുടങ്ങി 7-ാം അധ്യായത്തിലൂടെ തുടർന്നുകൊണ്ട് “മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ” എന്ന നിലയിൽ യേശു വഹിക്കുന്ന കൂടുതലായ ഉദ്യോഗത്തെ അപ്പോസ്തലൻ വിപുലീകരിക്കുന്നു. ഇതു സങ്കീർത്തനം 110:4-ലെ ദൈവത്തിന്റെ പ്രതിജ്ഞാബദ്ധമായ വാഗ്ദത്തത്തെ പരാമർശിക്കുന്നു, അഹരോന്റെ പൗരോഹിത്യത്തെ അപേക്ഷിച്ചു യേശുവിന്റെ പൗരോഹിത്യത്തിനുളള ശ്രേഷ്ഠത തെളിയിക്കുന്നതിനു പൗലൊസ് അതിനെ പല പ്രാവശ്യം പരാമർശിക്കുന്നുണ്ട്. യഹോവയുടെ ആണയാൽ യേശുക്രിസ്തു ഭൂമിയിലല്ല, പിന്നെയോ സ്വർഗത്തിൽ ഒരു പുരോഹിതനാണെന്നും “അവൻ എന്നേക്കും പുരോഹിതൻ” ആയിരിക്കുന്നു എന്നും പൗലൊസ് വിശദീകരിക്കുന്നു—അവന്റെ പൗരോഹിത്യസേവനത്തിന്റെ പ്രയോജനങ്ങൾ നിത്യമായിരിക്കും.—എബ്രാ. 7:3, 15-17, 23-28.
29. സങ്കീർത്തനങ്ങളിൽ പ്രസ്താവിക്കുകയും എബ്രായർ 10:5-10-ൽ വിശദീകരിക്കുകയും ചെയ്യുന്നതുപോലെ ഭക്തിയുടെ ഏതു പ്രമുഖ ദൃഷ്ടാന്തം നാം അനുസരിക്കണം?
29 കൂടാതെ, എബ്രായർ 10:5-10-ൽ തനിക്കുവേണ്ടിയുളള ദൈവേഷ്ടമായിരുന്ന ബലിയിൻഗതിയോടുളള യേശുവിന്റെ നല്ല വിലമതിപ്പിനെക്കുറിച്ചും ആ ഇഷ്ടം നിറവേററാനുളള അവന്റെ ദൃഢതീരുമാനത്തെക്കുറിച്ചും നമ്മോടു പറഞ്ഞിരിക്കുന്നു. ഇതു സങ്കീർത്തനം 40:6-8 വരെയുളള ദാവീദിന്റെ വാക്കുകളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭക്തിയുടെ ഈ മാതൃകായോഗ്യമായ മനോഭാവം പരിചിന്തിക്കുന്നതും ദൈവാംഗീകാരം നേടത്തക്കവണ്ണം പകർത്തുന്നതും നമുക്കെല്ലാം അത്യന്തം പ്രയോജനകരമാണ്!—സങ്കീർത്തനം 116:14-19 കൂടെ കാണുക.
30. സങ്കീർത്തനങ്ങൾ യേശുവിന്റെ ജീവിതഗതിയെ സവിസ്തരം മുൻകൂട്ടിപ്പറഞ്ഞതെങ്ങനെ, അവൻ അവയിൽനിന്ന് എങ്ങനെ ആശ്വാസം സ്വീകരിച്ചിരിക്കണം?
30 യേശു ദണ്ഡനസ്തംഭത്തിൽ സഹിച്ച ഭയങ്കര യാതനയിൽ കലാശിച്ച അവന്റെ ഗതി ശ്രദ്ധേയമായ വിശദാംശങ്ങളോടെ സങ്കീർത്തനങ്ങളിൽ മുൻകൂട്ടിപ്പറയപ്പെട്ടു. ഇതിൽ കുടിക്കുന്നതിനു യേശുവിനു വിന്നാഗിരി കൊടുക്കുന്നതും അവന്റെ മേലങ്കികൾക്കുവേണ്ടി ചീട്ടിടുന്നതും അവന്റെ കൈകളോടും പാദങ്ങളോടുമുളള ക്രൂരമായ പെരുമാററവും പരിഹാസവും അതിലും കയ്പേറിയ “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്ന വേദനാകരമായ നിലവിളിയുടെ മാനസികവേദനയും ഉൾപ്പെട്ടു. (മത്താ. 27:34, 35, 43, 46; സങ്കീ. 22:1, 7, 8, 14-18; 69:20, 21) യോഹന്നാൻ 19:23-30 സൂചിപ്പിക്കുന്നതുപോലെ, ആ മണിക്കൂറുകളിൽപോലും, അവസാനത്തെ വിശദാംശംവരെ ഈ തിരുവെഴുത്തുകളെല്ലാം നിവൃത്തിയേറേണ്ടതാണെന്ന് അറിഞ്ഞുകൊണ്ടു യേശു സങ്കീർത്തനങ്ങളിൽനിന്നു വളരെയധികം ആശ്വാസവും മാർഗദർശനവും സ്വീകരിച്ചിട്ടുണ്ടായിരിക്കണം. തന്റെ പുനരുത്ഥാനത്തെയും ഉൽക്കർഷത്തെയും കുറിച്ചും സങ്കീർത്തനങ്ങൾ പറഞ്ഞതായി യേശുവിന് അറിയാമായിരുന്നു. തന്റെ മരണത്തിനുമുമ്പത്തെ അവസാനരാത്രിയിൽ അപ്പോസ്തലൻമാരോടുകൂടെ “സ്തോത്രം പാടിയ”പ്പോൾ അല്ലെങ്കിൽ സങ്കീർത്തനങ്ങളാലപിച്ചപ്പോൾ ഇങ്ങനെയുളള കാര്യങ്ങൾ അവന്റെ മനസ്സിലുണ്ടായിരുന്നുവെന്നതിനു സംശയമില്ല.—മത്താ. 26:30.
31. രാജ്യസന്തതിയോടും യേശുവിന്റെ സഭയോടുമുളള ബന്ധത്തിൽ സങ്കീർത്തനങ്ങളുടെ പുസ്തകം എന്തു മുൻകൂട്ടിപ്പറയുന്നു?
31 അങ്ങനെ സങ്കീർത്തനങ്ങൾ, “ദാവീദിന്റെ പുത്രനും” രാജ്യസന്തതിയും ക്രിസ്തുയേശു ആണെന്നു വ്യക്തമായി തിരിച്ചറിയിക്കുന്നു, അവൻ ഇപ്പോൾ സ്വർഗീയസീയോനിൽ രാജാവും പുരോഹിതനുമായി ഉയർത്തപ്പെട്ടിരിക്കുകയാണ്. യഹോവയുടെ അഭിഷിക്തനിൽ നിവൃത്തിയേറിയിട്ടുളളതായി ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ഉദ്ധരിച്ചിരിക്കുന്ന സങ്കീർത്തനങ്ങളിലെ എല്ലാ വേദഭാഗങ്ങളുടെയും വിശദവർണന നൽകാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല. എന്നാൽ ഏതാനും ചില ദൃഷ്ടാന്തങ്ങൾകൂടെ ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു: സങ്കീ. 78:2—മത്താ. 13:31-35; സങ്കീ. 69:4—യോഹ. 15:25; സങ്കീ. 118:22, 23—മർക്കൊ. 12:10, 11-ഉം പ്രവൃ. 4:11-ഉം; സങ്കീ. 34:20—യോഹ. 19:33, 36; സങ്കീ. 45:6, 7—എബ്രാ. 1:8, 9. കൂടാതെ, യേശുവിന്റെ യഥാർഥ അനുഗാമികളുടെ സഭയെക്കുറിച്ചു സങ്കീർത്തനങ്ങളിൽ മുൻകൂട്ടിപ്പറയുന്നുണ്ട്, വ്യക്തികളായിട്ടല്ല, യഹോവയുടെ നാമത്തിനു സ്തുതികരേററുന്ന ഒരു വേലയിൽ പങ്കെടുക്കുന്നതിനു സകല ജനതകളിൽനിന്നും ദൈവപ്രീതിയിലേക്ക് എടുക്കപ്പെട്ടിരിക്കുന്ന ഒരു കൂട്ടമെന്ന നിലയിൽ.—സങ്കീ. 117:1—റോമ. 15:11; സങ്കീ. 68:18—എഫെ. 4:8-11; സങ്കീ. 95:7-11—എബ്രാ. 3:7, 8; 4:7.
32. (എ) സങ്കീർത്തനങ്ങളുടെ പഠനം യഹോവയുടെ സംസ്ഥാപനവും രാജ്യോദ്ദേശ്യങ്ങളും സംബന്ധിച്ച് എന്തു വെളിപ്പെടുത്തുന്നു? (ബി) അവന്റെ രാജത്വത്തോടുളള വിലമതിപ്പിൽ നാം എങ്ങനെ വിശ്വസ്തതയും നന്ദിയും പ്രകടമാക്കണം?
32 സങ്കീർത്തനങ്ങൾ സംബന്ധിച്ച നമ്മുടെ പഠനം യഹോവയാം ദൈവത്തിന്റെ മഹത്ത്വത്തിനും സംസ്ഥാപനത്തിനുമായി വാഗ്ദത്തസന്തതിയും രാജ്യാവകാശിയുമായവനിലൂടെ അവൻ പ്രയോഗിക്കുന്ന തന്റെ രാജത്വത്തെക്കുറിച്ചുളള നമ്മുടെ വിലമതിപ്പു വളരെയധികം വർധിപ്പിക്കുന്നു. എക്കാലവും നാം ‘യഹോവയുടെ പ്രതാപത്തിന്റെ തേജസ്സുളള മഹത്വത്തിൽ’ ആഹ്ലാദിക്കുന്നവരും “ദാവീദിന്റെ ഒരു സങ്കീർത്തനം” എന്നു പരാമർശിക്കപ്പെട്ടിരിക്കുന്ന സങ്കീർത്തനം 145-ൽ പറയപ്പെട്ടിരിക്കുന്നവരുമായ ആ വിശ്വസ്തരുടെ കൂട്ടത്തിലായിരിക്കട്ടെ: “മനുഷ്യപുത്രൻമാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുളള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും. നിന്റെ രാജത്വം നിത്യരാജത്വമാകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായിരിക്കുന്നു.” (സങ്കീ. 145:5, 11-13) ഈ പ്രവാചകസങ്കീർത്തനത്തിന് അനുസൃതമായി ക്രിസ്തുമൂലമുളള ദൈവത്തിന്റെ സ്ഥാപിതരാജ്യത്തിന്റെ പ്രതാപം ഇപ്പോൾ സകല ജനതകളിലെയും മനുഷ്യപുത്രൻമാരോട് അറിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ രാജ്യത്തിനും അതിന്റെ രാജാവിനും വേണ്ടി നാം എത്ര നന്ദിയുളളവരായിരിക്കണം! “ജീവനുളളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ” എന്ന സങ്കീർത്തനങ്ങളിലെ സമാപനവാക്കുകൾ തീർച്ചയായും എത്ര സമുചിതമാണ്!—150:6.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 710-11.