നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിലേക്കുള്ള വിമോചനം
“സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11.
1, 2. (എ) നമ്മുടെ നാളിലെ യഹോവ വരുത്തുന്ന വിമോചനത്തിനു പുരാതന നാളിലെ വിമോചനങ്ങളിൽനിന്ന് എന്തു വ്യത്യാസമുണ്ടായിരിക്കും? (ബി) യഹോവ തന്റെ ജനത്തെ ഏതുതരം ലോകത്തിലേക്ക് ആനയിക്കും?
യഹോവ വിമോചനത്തിന്റെ ദൈവമാണ്. പുരാതന കാലത്ത്, അനവധി സന്ദർഭങ്ങളിൽ അവൻ തന്റെ ജനത്തെ മോചിപ്പിച്ചിട്ടുണ്ട്. ആ വിമോചനങ്ങൾ താത്കാലികമായിരുന്നു. കാരണം അവയിൽ ഒരവസരത്തിലും യഹോവ സാത്താന്റെ മുഴു ലോകത്തിനുമെതിരായ ന്യായവിധികൾ ശാശ്വതമായി നടപ്പാക്കിയില്ല. എന്നാൽ നമ്മുടെ നാളിൽ, തന്റെ എല്ലാ ദാസന്മാർക്കുംവേണ്ടി അതിഗംഭീര വിമോചനം യഹോവ താമസിയാതെ കൈവരുത്തും. ഇപ്രാവശ്യം അവൻ ഭൂവ്യാപകമായുള്ള സാത്താന്യ വ്യവസ്ഥിതിയെ തരിമ്പും ശേഷിപ്പിക്കാതെ നശിപ്പിക്കും. അവൻ തന്റെ ദാസരെ സ്ഥിരവും നീതിനിഷ്ഠവുമായ ഒരു പുതിയ ലോകത്തിലേക്ക് ആനയിക്കും.—2 പത്രൊസ് 2:9; 3:10-13.
2 യഹോവ വാഗ്ദാനം ചെയ്യുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11) എത്ര കാലത്തേക്ക്? “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29; മത്തായി 5:5) എന്നിരുന്നാലും, അതു സംഭവിക്കുന്നതിനുമുമ്പ്, ഈ ലോകം അതിനു നേരിട്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ കഷ്ടസമയത്തിനു വിധേയമാകും.
“മഹോപദ്രവം”
3. “മഹോപദ്രവ”ത്തെ യേശു വർണിച്ചതെങ്ങനെ?
3 ഈ ലോകം 1914-ൽ അതിന്റെ “അന്ത്യനാളുകളി”ൽ പ്രവേശിച്ചു. (2 തിമൊഥെയൊസ് 3:1-5, 13, NW) ആ കാലഘട്ടത്തിൽ നാമിപ്പോൾ 83 വർഷം പിന്നിട്ടിരിക്കുകയാണ്, അത് അതിന്റെ അന്ത്യത്തോട് അടുക്കുകയുമാണ്. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, ആ അന്ത്യത്തിൽ പിൻവരുന്ന സംഗതി സംഭവിക്കും: “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം [“മഹോപദ്രവം,” NW] അന്നു ഉണ്ടാകും.” (മത്തായി 24:21) അതേ, അത് ഏതാണ്ട് അഞ്ചു കോടി ജീവൻ അപഹരിച്ച രണ്ടാം ലോകമഹായുദ്ധത്തെക്കാളും ഘോരമായിരിക്കും. ലോകത്തെ പിടിച്ചുകുലുക്കുന്ന എന്തൊരു സമയമാണ് വേഗത്തിൽ സമീപിച്ചുകൊണ്ടിരിക്കുന്നത്!
4. “മഹാബാബിലോ”ന്റെമേൽ ദൈവത്തിന്റെ ന്യായവിധി വരുന്നതെന്തുകൊണ്ട്?
4 അതിശയകരമാംവിധം പെട്ടെന്ന്, “ഒരു മണിക്കൂറുകൊണ്ട്,” ആയിരിക്കും, “മഹോപദ്രവം” വരിക. (വെളിപ്പാടു 18:10) ദൈവവചനം “മഹാബാബിലോൻ” എന്നു വിളിക്കുന്ന എല്ലാ വ്യാജമതങ്ങളുടെയുംമേൽ ദൈവം ന്യായവിധി നിർവഹിക്കുമ്പോൾ അതു മഹോപദ്രവം പൊട്ടിപ്പുറപ്പെടുന്നതിന്റെ ആരംഭം കുറിക്കും. (വെളിപ്പാടു 17:1-6, 15, NW) പുരാതന ബാബിലോന്റെ മുഖ്യ സവിശേഷത അതിന്റെ വ്യാജമതം ആയിരുന്നു. ആധുനിക ബാബിലോനും അവളുടെ പുരാതന മറുഭാഗത്തെപ്പോലെയാണ്, അവൾ വ്യാജമതങ്ങളുടെ ലോക സാമ്രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നു. രാഷ്ട്രീയ ഘടകങ്ങളുമായി അനുരഞ്ജനത്തിലായി അവൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. അവൾ അവരുടെ യുദ്ധങ്ങളെ പിന്തുണച്ചു. എതിർപക്ഷങ്ങളിലെ സൈന്യങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഫലമോ, ഒരേ മതത്തിൽപ്പെട്ടയാളുകളുടെ പരസ്പരസംഹാരം. (മത്തായി 26:51, 52; 1 യോഹന്നാൻ 4:20, 21) അവളുടെ അനുയായികളുടെ ദുഷിച്ച നടപടികൾ അവൾ കണ്ടില്ലെന്നു നടിക്കുകയും സത്യക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു.—വെളിപ്പാടു 18:5, 24.
5. “മഹോപദ്രവം” എങ്ങനെ ആരംഭിക്കും?
5 രാഷ്ട്രീയ ഘടകങ്ങൾ പെട്ടെന്നു “മഹാബാബിലോ”നുനേരേ തിരിയുന്നതോടെ “മഹോപദ്രവം” ആരംഭിക്കും. അവർ “വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” (വെളിപ്പാടു 17:16) അതിനുശേഷം, അവളുടെ മുൻ അനുകൂലികൾ ‘അവളെച്ചൊല്ലി മാറത്തടിച്ചു കരയും.’ (വെളിപ്പാടു 18:9-19) എന്നാൽ ദീർഘനാളായി ഇതു പ്രതീക്ഷിക്കുന്ന യഹോവയുടെ ദാസന്മാർ ഈ ആഹ്ലാദഘോഷം നടത്തും: “ഹല്ലെലൂയ്യാ! . . . വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം” ചെയ്തിരിക്കുന്നു.”—വെളിപ്പാടു 19:1, 2.
ദൈവദാസന്മാർ ആക്രമിക്കപ്പെടുന്നു
6, 7. “മഹോപദ്രവ”ത്തിനിടയിൽ ആക്രമിക്കപ്പെടുമ്പോൾ യഹോവയുടെ ദാസന്മാർക്ക് ധൈര്യമായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
6 വ്യാജമതത്തെ നശിപ്പിച്ചശേഷം, രാഷ്ട്രീയ ഘടകങ്ങൾ യഹോവയുടെ ദാസന്മാരുടെ നേരേ തിരിയും. പ്രവചനത്തിലെ “മാഗോഗ്ദേശത്തിലെ ഗോഗ്” ആയ സാത്താൻ പറയുന്നു: “നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും.” എളുപ്പം പിടിക്കാവുന്ന ഇരയാണവരെന്നു വിചാരിച്ച് “ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ” അവൻ ഒരു “മഹാസൈന്യവുമായി” അവരെ ആക്രമിക്കും. (യെഹെസ്കേൽ 38:2, 10-16) തങ്ങൾ യഹോവയിൽ ആശ്രയിക്കുന്നതുകൊണ്ട് ഈ ആക്രമണം പരാജയപ്പെടുമെന്നു യഹോവയുടെ ജനത്തിന് അറിയാം.
7 ദൈവജനത്തെ തങ്ങൾ ചെങ്കടലിങ്കൽ കുടുക്കിയെന്ന് ഫറവോനും സൈന്യത്തിനും തോന്നിയപ്പോൾ, യഹോവ അത്ഭുതകരമായി തന്റെ ജനത്തെ വിടുവിക്കുകയും ഈജിപ്തിന്റെ സൈന്യത്തെ നശിപ്പിക്കുകയും ചെയ്തു. (പുറപ്പാടു 14:26-28) “മഹോപദ്രവ”ത്തിനിടയിൽ, തങ്ങൾ യഹോവയുടെ ജനത്തെ കുരുക്കിയെന്നു രാഷ്ട്രങ്ങൾക്കു തോന്നുമ്പോൾ, അവിടെയും അവൻ അത്ഭുതകരമായി അവരുടെ രക്ഷയ്ക്കെത്തും: “അന്നാളിൽ എന്റെ ക്രോധം എന്റെ മൂക്കിൽ ഉജ്ജ്വലിക്കും. . . . ഞാൻ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു [“ഞാൻ സംസാരിക്കേണ്ടിവരും,” NW].” (യെഹെസ്കേൽ 38:18, 19) അതോടെ “മഹോപദ്രവ”ത്തിന്റെ പാരമ്യം ആസന്നമായിരിക്കും!
8. യഹോവ ദുഷ്ടന്മാർക്കെതിരെ ന്യായവിധി നടത്തുന്നതിനുമുമ്പ് ഏതു പ്രകൃത്യതീത സംഭവങ്ങൾ അരങ്ങേറും, ഫലമെന്തായിരിക്കും?
8 “മഹോപദ്രവം” തുടങ്ങിയതിനുശേഷം ഒരു ഘട്ടത്തിൽ, അതേസമയം യഹോവ ഈ ലോകത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്മേൽ ന്യായവിധി നടത്തുന്നതിനുമുമ്പ്, പ്രകൃത്യതീത സംഭവങ്ങൾ അരങ്ങേറും. അവയുടെ ഫലമെന്തായിരിക്കുമെന്നു ശ്രദ്ധിക്കുക. “അപ്പോൾ മനുഷ്യപുത്രന്റെ [ക്രിസ്തുവിന്റെ] അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിൻമേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.” (മത്തായി 24:29, 30) “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ [“അടയാളങ്ങൾ,” NW] ഉണ്ടാകും; . . . ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.”—ലൂക്കൊസ് 21:25, 26.
‘നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നു’
9. പ്രകൃത്യതീത സംഭവങ്ങൾ അരങ്ങേറുമ്പോൾ യഹോവയുടെ ദാസന്മാർക്ക് ‘തങ്ങളുടെ തലകൾ ഉയർത്താൻ’ സാധിക്കുന്നതെന്തുകൊണ്ട്?
9 ആ പ്രത്യേക സമയത്ത്, ലൂക്കൊസ് 21:28-ലെ പ്രവചനം ബാധകമാകും. യേശു പറഞ്ഞു: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവർന്നു തല പൊക്കുവിൻ.” യഹോവയിൽനിന്നാണു പ്രകൃത്യതീത സംഭവങ്ങൾ നടക്കുന്നതെന്നു ദൈവത്തിന്റെ ശത്രുക്കൾക്ക് അറിയാവുന്നതുകൊണ്ട്, അവർ ഭയന്നു വിറയ്ക്കും. എന്നാൽ തങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നുവെന്ന് അറിയാവുന്നതുകൊണ്ട് യഹോവയുടെ ദാസന്മാർ ആഹ്ലാദിക്കും.
10. ദൈവവചനം “മഹോപദ്രവ”ത്തിന്റെ പാരമ്യം വർണിക്കുന്നതെങ്ങനെ?
10 പിന്നെ യഹോവ സാത്താന്റെ വ്യവസ്ഥിതിയുടെമേൽ മാരകമായ പ്രഹരമേൽപ്പിക്കുന്നു: “ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും [ഗോഗിനെ] ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെ മേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും. . . . ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.” (യെഹെസ്കേൽ 38:22, 23) സാത്താന്റെ വ്യവസ്ഥിതി തരിമ്പും ശേഷിക്കാതെ നശിപ്പിക്കപ്പെടുന്നു. ദൈവത്തെ അവഗണിക്കുന്ന ആളുകളുടെ മുഴു മനുഷ്യ സമൂഹവും പിഴുതെറിയപ്പെടുന്നു. “മഹോപദ്രവ”ത്തിന്റെ പാരമ്യമായ അർമഗെദോൻ ആയിരിക്കും അത്.—യിരെമ്യാവു 25:31-33; 2 തെസ്സലൊനീക്യർ 1:6-8; വെളിപ്പാടു 16:14, 16; 19:11-21.
11. “മഹോപദ്രവ”ത്തിലൂടെ യഹോവയുടെ ദാസന്മാർക്കു വിമോചനം ലഭിക്കുന്നതെന്തുകൊണ്ട്?
11 യഹോവയുടെ ഭൂവ്യാപകമായുള്ള ലക്ഷക്കണക്കിന് ആരാധകർ “മഹോപദ്രവ”ത്തിലൂടെ വിടുവിക്കപ്പെടും. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു” പുറത്തുവന്നിരിക്കുന്ന “മഹാപുരുഷാരം” ഇവരാണ്. അത്തരമൊരു ഭയഗംഭീരമായ വിധത്തിൽ അവർ വിടുവിക്കപ്പെടുന്നത് എന്തുകൊണ്ട്? എന്തെന്നാൽ അവർ യഹോവയെ ‘രാപ്പകൽ ആരാധിക്കുന്നു.’ അതുകൊണ്ട് അവർ ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിച്ച് നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിലേക്ക് ആനയിക്കപ്പെടുന്നു. (വെളിപ്പാടു 7:9-15) അങ്ങനെ, അവർ യഹോവയുടെ വാഗ്ദാനത്തിന്റെ നിവൃത്തിക്കു സാക്ഷ്യം വഹിക്കുന്നു: “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.”—സങ്കീർത്തനം 37:34.
പുതിയ ലോകം
12. അർമഗെദോൻ അതിജീവകർക്ക് എന്തിനായി നോക്കിപ്പാർത്തിരിക്കാനാകും?
12 അത് എത്ര പുളകപ്രദമായ സമയമായിരിക്കും—ദുഷ്ടതയുടെ നിർമാർജനവും മനുഷ്യ ചരിത്രത്തിലെ ഏറ്റവും മഹനീയ യുഗത്തിന്റെ ഉദയവും! (വെളിപ്പാടു 20:1-4) ശോഭനവും ശുദ്ധവും ദൈവനിർമിതവുമായ സംസ്കാരത്തിലേക്ക്, പറുദീസയായി രൂപാന്തരപ്പെടുന്ന ഒരു ഭൂമിയിലെ പുതിയ ലോകത്തിലേക്ക്, പ്രവേശിക്കുന്ന അർമഗെദോൻ അതിജീവകർ യഹോവയോട് എത്ര നന്ദിയുള്ളവരായിരിക്കും! (ലൂക്കൊസ് 23:43) അവർ ഒരിക്കലും മരിക്കേണ്ടതില്ല! (യോഹന്നാൻ 11:26) തീർച്ചയായും, ആ ഘട്ടംമുതൽ, അവർക്ക് യഹോവ ജീവിക്കുന്നിടത്തോളംകാലം ജീവിച്ചിരിക്കുന്നതിനുള്ള വിസ്മയകരമായ, അത്ഭുതകരമായ പ്രതീക്ഷയുണ്ടായിരിക്കും!
13. ഭൂമിയിൽ താൻ തുടക്കമിട്ട സൗഖ്യമാക്കൽവേല യേശു എങ്ങനെ പുനരാരംഭിക്കും?
13 വിടുവിക്കപ്പെടുന്നവർ ആസ്വദിക്കാനിരിക്കുന്ന വിസ്മയാവഹമായ അനുഗ്രഹങ്ങൾ യഹോവ സ്വർഗീയ രാജാവായി നിയമിച്ചിരിക്കുന്ന യേശുവിന്റെ മേൽനോട്ടത്തിൽ ലഭിക്കും. ഭൂമിയിലായിരുന്ന സമയത്ത്, അവൻ അന്ധർക്കു കാഴ്ചയും ചെകിടർക്കു കേൾവിയും കൊടുക്കുകയും “സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.” (മത്തായി 9:35; 15:30, 31) പുതിയ ലോകത്തിൽ, ആ മഹാ സൗഖ്യമാക്കൽ വേല അവൻ പുനരാരംഭിക്കും, അത് ആഗോള തലത്തിലായിരിക്കുകയും ചെയ്യും. ദൈവത്തിന്റെ കാര്യസ്ഥനെന്ന നിലയിൽ, അവൻ ഈ വാഗ്ദാനം നിവർത്തിക്കും: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:4, 5ബി) പിന്നീട് ഒരിക്കലും ചികിത്സകരുടെയോ ശവസംസ്കാര നടത്തിപ്പുകാരുടെയോ ആവശ്യമുണ്ടായിരിക്കുകയില്ല!—യെശയ്യാവു 25:8; 33:24.
14. കഴിഞ്ഞകാലത്തു മരിച്ചുപോയ യഹോവയുടെ ദാസന്മാർക്ക് എന്തു വിമോചനം ലഭിക്കും?
14 കഴിഞ്ഞ കാലത്തു മരിച്ചുപോയ വിശ്വസ്തരായ എല്ലാ ദൈവദാസന്മാരും വിടുവിക്കപ്പെടും. പുതിയ ലോകത്തിൽ, അവർ ശവക്കുഴിയുടെ പിടിയിൽനിന്നു രക്ഷിക്കപ്പെടും. യഹോവ ഇങ്ങനെ ഉറപ്പുനൽകുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) സാധ്യതയനുസരിച്ച്, “നീതിമാന്മാർ” ആദ്യം പുനരുത്ഥാനം പ്രാപിക്കുകയും പറുദീസാ വികസനത്തിനു സഹായിക്കുകയും ചെയ്യും. ദീർഘകാലം മുമ്പു മരിച്ചെങ്കിലും, ഇപ്പോൾ ജീവനിലേക്കു തിരിച്ചെത്തിയിരിക്കുന്ന വിശ്വസ്തരുടെ അനുഭവങ്ങൾ കേൾക്കുന്നത് അർമഗെദോൻ അതിജീവകർക്ക് എത്രകണ്ടു രസകരമായിരിക്കും!—യോഹന്നാൻ 5:28, 29.
15. പുതിയ ലോകത്തിൽ അനുഭവിക്കാനിരിക്കുന്ന അവസ്ഥകളിൽ ചിലതു വർണിക്കുക.
15 അന്നു ജീവിക്കുന്ന എല്ലാവർക്കും സങ്കീർത്തനക്കാരൻ യഹോവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് അനുഭവപ്പെടും: “നീ നിന്റെ കൈ തുറക്കുകയും സകല ജീവികളുടെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.” (സങ്കീർത്തനം 145:16, NW) മേലാൽ വിശപ്പ് ഉണ്ടായിരിക്കുകയില്ല: ഭൂമി പാരിസ്ഥിതിക സന്തുലനാവസ്ഥയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുകയും സമൃദ്ധമായി വിളവു തരികയും ചെയ്യും. (സങ്കീർത്തനം 72:16) ഭവനരഹിതർ മേലാൽ ഉണ്ടായിരിക്കുകയില്ല: “അവർ വീടുകളെ പണിതു പാർക്കും.” ഓരോരുത്തരും “താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” (യെശയ്യാവു 65:21, 22; മീഖാ 4:4) മേലാൽ ഭയമില്ല: യുദ്ധമോ അക്രമമോ കുറ്റകൃത്യമോ ഇല്ല. (സങ്കീർത്തനം 46:8, 9; സദൃശവാക്യങ്ങൾ 2:22) “സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു.”—യെശയ്യാവു 14:7.
16. പുതിയ ലോകത്തെങ്ങും നീതിയുണ്ടായിരിക്കുന്നതെന്തുകൊണ്ട്?
16 പുതിയ ലോകത്തിൽ, സാത്താന്റെ പ്രചരണ മാധ്യമങ്ങൾ നീക്കംചെയ്യപ്പെട്ടിരിക്കും. പകരം, “ഭൂവാസികൾ നീതിയെ പഠിക്കും.” (യെശയ്യാവു 26:9; 54:13) വർഷംതോറുമുള്ള ആരോഗ്യാവഹമായ ആത്മീയ പ്രബോധനം ലഭിക്കുമ്പോൾ, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കും. (യെശയ്യാവു 11:9) എവിടെയും മനുഷ്യവർഗത്തിന്റെ ചിന്തകളും പ്രവൃത്തികളുമെല്ലാം കെട്ടുപണി ചെയ്യുന്നതായിരിക്കും. (ഫിലിപ്പിയർ 4:8) കുറ്റകൃത്യം, അഹന്ത, അസൂയ എന്നിവയിൽനിന്നെല്ലാം മുക്തമായ ആളുകളുടെ ഒരു ലോകവ്യാപക സമൂഹത്തെ—എല്ലാവരും ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്ന ഒരു സാർവദേശീയ സഹോദരവർഗത്തെ—ഒന്നു വിഭാവന ചെയ്യുക. തീർച്ചയായും, ഇപ്പോൾപ്പോലും മഹാപുരുഷാരം അത്തരം ഗുണങ്ങൾ നട്ടുവളർത്തുന്നുണ്ട്.—ഗലാത്യർ 5:22, 23.
ഇത്രയും ദീർഘിച്ചതെന്തുകൊണ്ട്?
17. ദുഷ്ടതയ്ക്ക് അന്തംവരുത്തുന്നതിനു യഹോവ ഇത്രയും കാലം കാത്തിരുന്നതെന്തുകൊണ്ട്?
17 എന്നിരുന്നാലും, ദുഷ്ടത നീക്കം ചെയ്യാനും തന്റെ ജനത്തെ പുതിയ ലോകത്തിലേക്കു വിടുവിക്കാനും യഹോവ ഇത്രയും കാലം കാത്തിരുന്നത് എന്തുകൊണ്ടാണ്? എന്തു കാര്യം സാധിക്കേണ്ടതുണ്ടായിരുന്നുവെന്നു പരിചിന്തിക്കുക. യഹോവയുടെ പരമാധികാരത്തിന്റെ, ഭരിക്കാനുള്ള അവന്റെ അവകാശത്തിന്റെ സംസ്ഥാപനമാണു സർവപ്രധാനം. വേണ്ടത്ര സമയം കടന്നുപോകാൻ അനുവദിച്ചതിനാൽ, യഹോവയുടെ പരമാധികാരത്തിൽനിന്നു വേറിട്ട മനുഷ്യ ഭരണം ഒരു വൻ പരാജയമായിത്തീർന്നിരിക്കുന്നുവെന്ന് അവൻ നിസ്സംശയം തെളിയിച്ചിരിക്കുന്നു. (യിരെമ്യാവു 10:23) അതുകൊണ്ട്, മനുഷ്യഭരണം നീക്കി ക്രിസ്തുവിൻ കീഴിലുള്ള തന്റെ സ്വർഗീയ രാജ്യഭരണം സ്ഥാപിക്കുന്നതിൽ യഹോവയുടെ പക്ഷത്തു പൂർണമായ ന്യായം ഉണ്ടായിരിക്കും.—ദാനീയേൽ 2:44; മത്തായി 6:9, 10.
18. അബ്രാഹാമിന്റെ വംശജർ കനാൻ ദേശം അവകാശമാക്കുമായിരുന്നത് എപ്പോൾ?
18 ഈ നൂറ്റാണ്ടുകളിലെല്ലാം സംഭവിച്ച കാര്യങ്ങൾ അബ്രാഹാമിന്റെ കാലത്തു സംഭവിച്ചതിനോടു സമാനമാണ്. അബ്രാഹാമിന്റെ വംശജർ കനാൻദേശം അവകാശമാക്കുമെന്ന് യഹോവ അവനോടു പറഞ്ഞു. എന്നാൽ അതു നാനൂറു വർഷംകഴിഞ്ഞുള്ള കാര്യമായിരുന്നു. കാരണം ‘അമോര്യരുടെ അക്രമം അതുവരെ തികഞ്ഞിരുന്നില്ല.’ (ഉല്പത്തി 12:1-5; 15:13-16) ഇവിടത്തെ ‘അമോര്യർ’ (ഒരു പ്രമുഖ വർഗം) എന്ന പ്രയോഗം കനാനിൽ വസിച്ചിരുന്ന ആളുകളെ മൊത്തമായി പ്രതിനിധാനം ചെയ്യുന്നതാവാം. അതുകൊണ്ട്, യഹോവ തന്റെ ജനത്തെ കനാൻ ദേശം കയ്യടക്കാൻ പ്രാപ്തമാക്കുന്നതിനു മുമ്പ് നാലു നൂറ്റാണ്ടുകൾ കടന്നുപോകുമായിരുന്നു. അതിനിടെ, തങ്ങളുടേതായ സമുദായങ്ങൾ കെട്ടിപ്പടുക്കാൻ യഹോവ കനാനിലെ ജനതകളെ അനുവദിച്ചു. ഫലമെന്തായിരുന്നു?
19, 20. കനാന്യർ ഏതുതരം സമൂഹങ്ങൾ കെട്ടിപ്പടുത്തിരുന്നു?
19 മെഗിദോയിൽ, ബാലിന്റെ ഭാര്യാദേവതയായ അസ്തോരെത്തിന്റെ ക്ഷേത്രാവശിഷ്ടങ്ങൾ പുരാവസ്തുഗവേഷകർ കണ്ടെത്തിയതായി ഹെൻട്രി എച്ച്. ഹാലിയുടെ ബൈബിൾ ഹാൻഡ്ബുക്ക് പറയുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ഈ ക്ഷേത്രത്തിൽനിന്ന് ഏതാനും ചുവടുകൾ അകലെ ഒരു ശ്മശാനം ഉണ്ടായിരുന്നു. ആ ആലയത്തിൽവെച്ച് ബലിചെയ്യപ്പെട്ട ശിശുക്കളുടെ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ അനവധി ഭരണികൾ അവിടെ കണ്ടെത്തുകയുണ്ടായി . . . ബാലിന്റെയും അസ്തോരെത്തിന്റെയും പ്രവാചകന്മാർ കുട്ടികളുടെ ഔദ്യോഗിക ഘാതകരായിരുന്നു.” “‘അടിത്തറ യാഗങ്ങൾ’ എന്ന് അവർ വിളിച്ചിരുന്ന ഭീകരമായ മറ്റൊരു ആചാരമുണ്ടായിരുന്നു. വീടു പണിയുമ്പോൾ, ഒരു കുട്ടിയെ ബലിചെയ്ത് അതിന്റെ ശരീരം ഭിത്തിക്കുള്ളിൽ നിക്ഷേപിക്കുമായിരുന്നു.”
20 ഹാലി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ബാലിന്റെയും അസ്തോരെത്തിന്റെയും മറ്റു കനാന്യ ദൈവങ്ങളുടെയും ആരാധനയിൽ അത്യാഡംബര മദിരോത്സവങ്ങൾ ഉൾപ്പെട്ടിരുന്നു; അവരുടെ ക്ഷേത്രങ്ങൾ ദുർഗുണങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. . . . കനാന്യരുടെ ആരാധനയുടെ സവിശേഷതയായിരുന്നു അധാർമികാസക്തി, . . . ഇതേ ദൈവങ്ങൾക്കുള്ള ബലിയായി ആദ്യജാത ശിശുക്കളെ കൊല്ലുകയും ചെയ്തിരുന്നു. വലിയൊരളവിൽ, ദേശീയ അടിസ്ഥാനത്തിൽത്തന്നെ കനാൻദേശം ഒരുതരം സോദോമും ഗൊമോറയും ആയിത്തീർന്നതായി തോന്നുന്നു. . . . അത്രയ്ക്കും നികൃഷ്ടമായ അഴുക്കും മൃഗീയതയും നിറഞ്ഞ ഒരു സംസ്കാരത്തിന് അസ്തിത്വത്തിൽ തുടരാൻ എന്തെങ്കിലും അവകാശമുണ്ടായിരുന്നോ? . . . കനാന്യ നഗരങ്ങളുടെ അവശിഷ്ടങ്ങളിൽ കുഴിച്ചെടുക്കലുകൾ നടത്തുന്ന പുരാവസ്തുഗവേഷകർ, വാസ്തവത്തിൽ ദൈവം അവരെ അതിനുംമുമ്പ് നശിപ്പിക്കാഞ്ഞതെന്ത് എന്നേ അമ്പരക്കുന്നുള്ളൂ.”—1 രാജാക്കന്മാർ 21:25, 26 താരതമ്യം ചെയ്യുക.
21. കനാന്യരുടെ സ്ഥിതിവിശേഷത്തിനും നമ്മുടെ നാളിലേതിനും തമ്മിൽ എന്തു സാമ്യമുണ്ട്?
21 അമോര്യരുടെ ദുഷ്ടത ‘തികഞ്ഞിരുന്നു.’ അതുകൊണ്ട്, അവരെ ഉന്മൂലനം ചെയ്യുന്നതിൽ യഹോവയുടെ പക്ഷത്തു തികച്ചും ന്യായമുണ്ടായിരുന്നു. അതുതന്നെ ഇന്നും സത്യമാണ്. ഈ ലോകം അക്രമവും അധാർമികതയും ദൈവനിയമങ്ങളോടുള്ള വിദ്വേഷവുംകൊണ്ടു നിറഞ്ഞിരിക്കുന്നു. പുരാതന കനാനിലെ നികൃഷ്ടമായ ശിശുബലികളിൽ നാം ഉചിതമായിത്തന്നെ അമ്പരക്കുന്നു. അപ്പോൾ കനാനിലേതിനെക്കാളും അങ്ങേയറ്റം വഷളായ, ഈ ലോകത്തിലെ യുദ്ധങ്ങളിൽ കോടിക്കണക്കിനു യുവാക്കളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടതിന്റെ കാര്യത്തിലോ? ഈ വ്യവസ്ഥിതിയെ ഇപ്പോൾ നശിപ്പിക്കുന്നതിൽ യഹോവയുടെ പക്ഷത്ത് തീർച്ചയായും തികഞ്ഞ ന്യായമുണ്ട്.
മറ്റൊരു നേട്ടം കൈവരിക്കൽ
22. നമ്മുടെ നാളിലെ യഹോവയുടെ ക്ഷമയാൽ എന്തു സാധിക്കുന്നു?
22 ഈ അന്ത്യനാളുകളിൽ യഹോവ കാണിക്കുന്ന ക്ഷമ നിമിത്തം മറ്റൊരു നേട്ടവുമുണ്ട്. ഒരു മഹാപുരുഷാരത്തെ കൂട്ടിച്ചേർത്ത് അഭ്യസിപ്പിക്കാൻ അവൻ സമയം അനുവദിക്കുകയാണ്. ആ മഹാപുരുഷാരം ഇപ്പോൾത്തന്നെ അഞ്ചു ദശലക്ഷത്തിലധികമായിരിക്കുകയാണ്. യഹോവയുടെ നിർദേശത്തിൻ കീഴിൽ അവർ മുന്നോട്ടു കുതിക്കുന്ന ഒരു സ്ഥാപനമായിത്തീർന്നിരിക്കുന്നു. മറ്റുള്ളവരെ ബൈബിൾ സത്യം പഠിപ്പിക്കാൻ പുരുഷന്മാർക്കും സ്ത്രീകൾക്കും യുവജനങ്ങൾക്കും പരിശീലനം ലഭിക്കുകയാണ്. അവരുടെ യോഗങ്ങളിലൂടെയും ബൈബിൾ പ്രസിദ്ധീകരണങ്ങളിലൂടെയും അവർ ദൈവത്തിന്റെ സ്നേഹനിർഭരമായ വഴികളെക്കുറിച്ചു പഠിക്കുന്നു. (യോഹന്നാൻ 13:34, 35; കൊലൊസ്സ്യർ 3:14; എബ്രായർ 10:24, 25) മാത്രമല്ല, “സുവിശേഷ”പ്രസംഗത്തെ പിന്താങ്ങുന്നതിന് നിർമാണം, ഇലക്ട്രോണിക്സ്, അച്ചടി എന്നിവയിലും മറ്റു സംഗതികളിലും അവർ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുകയാണ്. (മത്തായി 24:14) അത്തരം പഠിപ്പിക്കൽവൈദഗ്ധ്യവും നിർമാണവൈദഗ്ധ്യവും പുതിയ ലോകത്തിൽ പരക്കെ ഉപയോഗിക്കപ്പെടാനിടയുണ്ട്.
23. ഈ സമയത്ത് ജീവനോടിരിക്കുന്നത് ഒരു പദവിയായിരിക്കുന്നത് എന്തുകൊണ്ട്?
23 അതേ, തന്റെ ദാസന്മാർ “മഹോപദ്രവ”ത്തിലൂടെ നീതിയുള്ള പുതിയ ലോകത്തിൽ കടക്കാൻ യഹോവ ഇന്ന് അവരെ സജ്ജരാക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ നമുക്കു പോരാട്ടത്തിനു സാത്താനും അവന്റെ ദുഷ്ട ലോകവും ഉണ്ടായിരിക്കുകയില്ല. രോഗവും ദുഃഖവും മരണവും ഉണ്ടായിരിക്കുകയില്ല. വലിയ ഉത്സാഹത്തോടും സന്തോഷത്തോടും കൂടെ ദൈവജനം പറുദീസ നിർമിക്കുകയെന്ന സന്തോഷകരമായ വേലയുമായി മുന്നോട്ടു നീങ്ങും. അവിടത്തെ ഓരോ ദിനവും ‘ആനന്ദ’മായിരിക്കും. ഈ യുഗപരിസമാപ്തിയുടെ കാലത്തു ജീവിക്കുന്നതും യഹോവയെ അറിഞ്ഞ് അവനെ സേവിക്കുന്നതും ‘നമ്മുടെ വിടുതൽ അടുത്തിരിക്കുന്നതിനാൽ’ പെട്ടെന്നുതന്നെ നാം ‘തലകൾ ഉയർത്തു’മെന്നു തിരിച്ചറിയുന്നതും എന്തൊരു പദവിയാണ്!—ലൂക്കൊസ് 21:28; സങ്കീർത്തനം 146:5.
പുനരവലോകന ചോദ്യങ്ങൾ
□ “മഹോപദ്രവം” എന്ത്, അതെങ്ങനെ ആരംഭിക്കും?
□ യഹോവയുടെ ദാസന്മാർക്കുനേരേയുള്ള ഗോഗിന്റെ ആക്രമണം പരാജയപ്പെടുന്നത് എന്തുകൊണ്ട്?
□ “മഹോപദ്രവം” എങ്ങനെ അവസാനിക്കും?
□ പുതിയ ലോകം അത്ഭുതകരമായ എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തും?
□ ഈ വ്യവസ്ഥിതിയെ അവസാനിപ്പിക്കാൻ യഹോവ ഇത്രയും കാലം കാത്തിരുന്നതെന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
മുഴുഭൂമിയെയും ഒരു പറുദീസയാക്കി രൂപാന്തരപ്പെടുത്തും