യോഹന്നാനു ലഭിച്ച വെളിപാട്
18 പിന്നെ വലിയ അധികാരമുള്ള മറ്റൊരു ദൈവദൂതൻ സ്വർഗത്തിൽനിന്ന്* ഇറങ്ങിവരുന്നതു ഞാൻ കണ്ടു. ദൂതന്റെ തേജസ്സുകൊണ്ട് ഭൂമിയിലെങ്ങും പ്രകാശം പരന്നു. 2 ദൂതൻ ഗംഭീരസ്വരത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അവൾ വീണുപോയി! ബാബിലോൺ എന്ന മഹതി വീണുപോയി!+ അവൾ ഭൂതങ്ങളുടെ പാർപ്പിടവും, എല്ലാ അശുദ്ധാത്മാക്കളുടെയും* അശുദ്ധവും വൃത്തികെട്ടതും ആയ എല്ലാ പക്ഷികളുടെയും ഒളിയിടവും+ ആയിത്തീർന്നിരിക്കുന്നു. 3 കാരണം അധാർമികപ്രവൃത്തികൾ* ചെയ്യാനുള്ള അവളുടെ മോഹം* എന്ന വീഞ്ഞു കുടിച്ച് ജനതകൾക്കെല്ലാം ലഹരി പിടിച്ചിരുന്നു.+ ഭൂമിയിലെ രാജാക്കന്മാർ അവളുമായി അധാർമികപ്രവൃത്തികൾ ചെയ്തു.+ ഭൂമിയിലെ വ്യാപാരികൾ* അവളുടെ ആർഭാടത്തിന്റെ ആധിക്യംകൊണ്ട് സമ്പന്നരായി.”
4 മറ്റൊരു ശബ്ദം സ്വർഗത്തിൽനിന്ന് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “എന്റെ ജനമേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാനും അവൾക്കു വരുന്ന ബാധകളുടെ ഓഹരി കിട്ടാനും ആഗ്രഹിക്കുന്നില്ലെങ്കിൽ+ അവളിൽനിന്ന് പുറത്ത് കടക്ക്.+ 5 കാരണം അവളുടെ പാപങ്ങൾ ആകാശത്തോളം കുന്നുകൂടിയിരിക്കുന്നു.+ അവളുടെ അനീതി നിറഞ്ഞ പ്രവൃത്തികൾ* ദൈവം ഓർമിക്കുകയും ചെയ്തിരിക്കുന്നു.+ 6 അവൾ മറ്റുള്ളവരോടു പെരുമാറിയ അതേ വിധത്തിൽ അവളോടും പെരുമാറുക.+ അവളുടെ ചെയ്തികൾക്ക് ഇരട്ടി പകരം കൊടുക്കുക.+ അവൾ വീഞ്ഞു കലർത്തിയ പാനപാത്രത്തിൽ+ അവൾക്ക് ഇരട്ടി കലർത്തിക്കൊടുക്കുക.+ 7 അവൾ എത്രത്തോളം സ്വയം പുകഴ്ത്തുകയും ആർഭാടത്തിൽ ആറാടുകയും ചെയ്തോ അത്രത്തോളം കഷ്ടതയും ദുഃഖവും അവൾക്കു കൊടുക്കുക. ‘ഞാൻ രാജ്ഞിയെപ്പോലെ ഭരിക്കുന്നു. ഞാൻ വിധവയല്ല; എനിക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല’+ എന്ന് അവൾ ഹൃദയത്തിൽ പറയുന്നല്ലോ. 8 അതുകൊണ്ട് മരണം, ദുഃഖം, ക്ഷാമം എന്നീ ബാധകൾ ഒറ്റ ദിവസംകൊണ്ട് അവളുടെ മേൽ വരും. അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും.+ കാരണം അവളെ ന്യായം വിധിച്ച ദൈവമായ യഹോവ* ശക്തനാണ്.+
9 “അവളുമായി അധാർമികപ്രവൃത്തികൾ* ചെയ്യുകയും അവളോടൊപ്പം ആർഭാടത്തിൽ ആറാടുകയും ചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കാണുമ്പോൾ നെഞ്ചത്ത് അടിച്ച് കരയും. 10 അവളുടെ ദുരിതം കണ്ട് പേടിച്ച് അവർ ദൂരെ മാറിനിന്ന്, ‘അയ്യോ മഹാനഗരമേ,+ ശക്തയായ ബാബിലോൺ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂറുകൊണ്ട് നിനക്കു ശിക്ഷ കിട്ടിയല്ലോ’ എന്നു പറയും.
11 “ഭൂമിയിലെ വ്യാപാരികളും അവളെ ഓർത്ത് വിലപിക്കും. അവരുടെ സാധനങ്ങളെല്ലാം വാങ്ങാൻ പിന്നെ ആരുമുണ്ടാകില്ലല്ലോ. 12 സ്വർണം, വെള്ളി, അമൂല്യരത്നം, മുത്ത്, മേന്മയേറിയ ലിനൻ, പർപ്പിൾ നിറത്തിലുള്ള തുണി, പട്ട്, കടുഞ്ചുവപ്പുതുണി, സുഗന്ധത്തടികൊണ്ടുള്ള വസ്തുക്കൾ, ആനക്കൊമ്പുകൊണ്ടുള്ള വസ്തുക്കൾ, വിലയേറിയ തടിയും ചെമ്പും ഇരുമ്പും മാർബിളും കൊണ്ടുള്ള സാധനങ്ങൾ, 13 കറുവാപ്പട്ട, ഏലക്കായ്, സുഗന്ധക്കൂട്ട്, സുഗന്ധതൈലം, കുന്തിരിക്കം, വീഞ്ഞ്, ഒലിവെണ്ണ, നേർത്ത ധാന്യപ്പൊടി, ഗോതമ്പ്, കന്നുകാലി, ആട്, കുതിര, തേര്, അടിമകൾ, ആളുകൾ എന്നിങ്ങനെയുള്ളതൊന്നും വാങ്ങാൻ ഇനി ആരുമില്ല. 14 നീ കൊതിച്ച പഴം നിന്നിൽനിന്ന് പൊയ്പോയി. നിന്റെ എല്ലാ വിശിഷ്ടവിഭവങ്ങളും ശ്രേഷ്ഠവസ്തുക്കളും നിനക്കു നഷ്ടമായി. അവയെല്ലാം എന്നേക്കുമായി പോയ്മറഞ്ഞു.
15 “ഈ വസ്തുക്കൾ വിറ്റ് അവളിലൂടെ സമ്പന്നരായിത്തീർന്ന വ്യാപാരികൾ അവളുടെ ദുരിതം കണ്ട് പേടിച്ച് ദൂരെ മാറിനിന്ന് വിലപിക്കും. 16 അവർ ഇങ്ങനെ പറയും: ‘അയ്യോ മഹാനഗരമേ, മേന്മയേറിയ ലിനൻവസ്ത്രവും പർപ്പിൾ നിറത്തിലുള്ള വസ്ത്രവും കടുഞ്ചുവപ്പുവസ്ത്രവും ധരിച്ചവളേ, സ്വർണാഭരണങ്ങൾ, അമൂല്യരത്നങ്ങൾ, മുത്തുകൾ+ എന്നിവ വാരിയണിഞ്ഞവളേ, കഷ്ടം! കഷ്ടം! 17 ഇക്കണ്ട സമ്പത്തു മുഴുവൻ വെറും ഒരു മണിക്കൂറുകൊണ്ട് നശിച്ചുപോയല്ലോ.’
“എല്ലാ കപ്പിത്താന്മാരും സമുദ്രസഞ്ചാരികളും കപ്പൽജോലിക്കാരും സമുദ്രംകൊണ്ട് ഉപജീവിക്കുന്ന എല്ലാവരും ദൂരെ മാറിനിന്ന് 18 അവൾ കത്തിയെരിയുന്നതിന്റെ പുക കണ്ട്, ‘ഇതുപോലൊരു മഹാനഗരം വേറെയുണ്ടോ’ എന്നു പറഞ്ഞ് നിലവിളിച്ചു. 19 അവർ തലയിൽ പൊടി വാരിയിട്ടുകൊണ്ട് ഇങ്ങനെ വിലപിക്കും: ‘അയ്യോ മഹാനഗരമേ, കടലിൽ കപ്പലുള്ളവരെയെല്ലാം നിന്റെ സമ്പത്തുകൊണ്ട് ധനികരാക്കിയ നഗരമേ, കഷ്ടം! കഷ്ടം! വെറും ഒരു മണിക്കൂറുകൊണ്ട് നീ നശിച്ചുപോയല്ലോ.’+
20 “സ്വർഗമേ, അവളുടെ അവസ്ഥ കണ്ട് സന്തോഷിക്കൂ!+ വിശുദ്ധരേ,+ അപ്പോസ്തലന്മാരേ, പ്രവാചകന്മാരേ, ആനന്ദിക്കൂ! ദൈവം നിങ്ങൾക്കുവേണ്ടി അവളുടെ ന്യായവിധി പ്രഖ്യാപിച്ചിരിക്കുന്നു!”+
21 പിന്നെ ശക്തനായ ഒരു ദൈവദൂതൻ വലിയ തിരികല്ലുപോലുള്ളൊരു കല്ല് എടുത്ത് കടലിലേക്ക് എറിഞ്ഞിട്ട് പറഞ്ഞു: “മഹാനഗരമായ ബാബിലോണിനെയും ഇങ്ങനെ വലിച്ചെറിയും. പിന്നെ ആരും അവളെ കാണില്ല.+ 22 കിന്നരം മീട്ടി പാടുന്നവരുടെയും സംഗീതജ്ഞരുടെയും കുഴലൂത്തുകാരുടെയും കാഹളം ഊതുന്നവരുടെയും ശബ്ദം പിന്നെ നിന്നിൽനിന്ന് ഉയരില്ല. ഒരുതരത്തിലുമുള്ള ശില്പികളെ പിന്നെ നിന്നിൽ കാണില്ല. തിരികല്ലിന്റെ ശബ്ദം പിന്നെ നിന്നിൽ കേൾക്കില്ല. 23 വിളക്കിന്റെ വെളിച്ചം പിന്നെ നിന്നിൽ കാണില്ല. മണവാളന്റെയും മണവാട്ടിയുടെയും സ്വരം പിന്നെ നിന്നിൽ കേൾക്കില്ല. കാരണം നിന്റെ വ്യാപാരികളായിരുന്നു ഭൂമിയിലെ ഉന്നതന്മാർ. ഭൂതവിദ്യയാൽ+ നീ ജനതകളെയെല്ലാം വഴിതെറ്റിച്ചു. 24 അതെ, പ്രവാചകന്മാരുടെയും വിശുദ്ധരുടെയും+ ഭൂമിയിൽ കൊല്ലപ്പെട്ട എല്ലാവരുടെയും+ രക്തം ഈ നഗരത്തിലാണു കണ്ടത്.”