രാജാക്കന്മാർ ഒന്നാം ഭാഗം
1 ദാവീദ് രാജാവ് വയസ്സുചെന്ന് വൃദ്ധനായി.+ ദാസന്മാർ പുതപ്പുകൾ പുതപ്പിച്ചിട്ടും ദാവീദിന്റെ കുളിർ മാറിയില്ല. 2 അപ്പോൾ അവർ ദാവീദിനോടു പറഞ്ഞു: “യജമാനനായ രാജാവിനുവേണ്ടി ഞങ്ങൾ കന്യകയായ ഒരു പെൺകുട്ടിയെ അന്വേഷിക്കാം. ആ പെൺകുട്ടി രാജാവിന്റെ പരിചാരികയായി രാജാവിനെ ശുശ്രൂഷിക്കട്ടെ. ആ പെൺകുട്ടി അങ്ങയുടെ മാറിൽ കിടന്ന് അങ്ങയുടെ കുളിർ മാറ്റും.” 3 അങ്ങനെ അവർ സുന്ദരിയായ ഒരു പെൺകുട്ടിയെ അന്വേഷിച്ച് ഇസ്രായേൽപ്രദേശത്ത് എല്ലായിടത്തും സഞ്ചരിച്ചു. ഒടുവിൽ അവർ അബീശഗ്+ എന്ന ഒരു ശൂനേംകാരിയെ+ കണ്ടെത്തി രാജാവിന്റെ അടുത്ത് കൊണ്ടുവന്നു. 4 ആ പെൺകുട്ടി വളരെ സുന്ദരിയായിരുന്നു. പെൺകുട്ടി രാജാവിന്റെ പരിചാരികയായി രാജാവിനെ ശുശ്രൂഷിച്ചു. എന്നാൽ രാജാവ് പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല.
5 അക്കാലത്ത് ഹഗ്ഗീത്തിന്റെ മകൻ അദോനിയ,+ “ഞാൻ രാജാവാകും” എന്നു പറഞ്ഞ് സ്വയം ഉയർത്തി. അയാൾ ഒരു രഥം ഉണ്ടാക്കി; കുതിരപ്പടയാളികളെയും തനിക്ക് അകമ്പടി സേവിക്കാൻ* 50 ആളുകളെയും നിയമിച്ചു.+ 6 എന്നാൽ, “നീ എന്താണ് ഇങ്ങനെ ചെയ്തത്” എന്നു ചോദിച്ച് അയാളുടെ അപ്പൻ ഒരിക്കലും അയാളെ ശാസിച്ചില്ല.* അയാളും നല്ല സുന്ദരനായിരുന്നു. അബ്ശാലോം ജനിച്ചശേഷമാണ് അദോനിയയുടെ അമ്മ അദോനിയയെ പ്രസവിച്ചത്. 7 അയാൾ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും+ കൂടിയാലോചന നടത്തുമായിരുന്നു. അവർ അദോനിയയ്ക്കു സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു.+ 8 എന്നാൽ സാദോക്ക്+ പുരോഹിതനും യഹോയാദയുടെ മകൻ ബനയയും+ നാഥാൻ പ്രവാചകനും+ ശിമെയി,+ രേയി എന്നിവരും ദാവീദിന്റെ വീരയോദ്ധാക്കളും+ അദോനിയയുടെ പക്ഷം ചേർന്നില്ല.
9 പിന്നീട് അദോനിയ ഏൻ-രോഗേലിന് അടുത്തുള്ള സോഹേലെത്തിലെ കല്ലിന് അരികെവെച്ച് ആടുകളെയും കന്നുകാലികളെയും കൊഴുത്ത മൃഗങ്ങളെയും ബലി അർപ്പിച്ചു.+ അയാൾ തന്റെ സഹോദരന്മാരായ എല്ലാ രാജകുമാരന്മാരെയും രാജഭൃത്യന്മാരായ എല്ലാ യഹൂദാപുരുഷന്മാരെയും ക്ഷണിച്ചു. 10 എന്നാൽ നാഥാൻ പ്രവാചകനെയും ബനയയെയും വീരയോദ്ധാക്കളെയും സഹോദരനായ ശലോമോനെയും ക്ഷണിച്ചില്ല. 11 നാഥാൻ+ അപ്പോൾ ശലോമോന്റെ അമ്മയായ+ ബത്ത്-ശേബയോടു+ പറഞ്ഞു: “ഹഗ്ഗീത്തിന്റെ മകൻ അദോനിയ+ രാജാവായ കാര്യം കേട്ടില്ലേ? നമ്മുടെ യജമാനനായ ദാവീദാകട്ടെ ഇതെക്കുറിച്ചൊന്നും അറിഞ്ഞിട്ടുമില്ല. 12 അതുകൊണ്ട് ഞാൻ പറയുന്നതു കേൾക്കുക. ബത്ത്-ശേബയുടെയും മകൻ ശലോമോന്റെയും ജീവൻ+ രക്ഷിക്കാനുള്ള വഴി ഞാൻ പറഞ്ഞുതരാം. 13 ബത്ത്-ശേബ ദാവീദ് രാജാവിന്റെ അടുത്ത് ചെന്ന് ഇങ്ങനെ ചോദിക്കണം: ‘“നിന്റെ മകൻ ശലോമോൻ എനിക്കു ശേഷം രാജാവാകും; ശലോമോനായിരിക്കും എന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്”+ എന്ന് എന്റെ യജമാനനായ രാജാവ് അങ്ങയുടെ ഈ ദാസിയോടു സത്യം ചെയ്തിരുന്നില്ലേ? പിന്നെ എങ്ങനെ അദോനിയ രാജാവായി?’ 14 രാജാവിനോടു സംസാരിക്കുന്ന സമയത്തുതന്നെ ഞാനും അവിടെ എത്തി ബത്ത്-ശേബ പറഞ്ഞതു ശരിയാണെന്നു സ്ഥാപിച്ചുകൊള്ളാം.”
15 അങ്ങനെ ബത്ത്-ശേബ രാജാവിനെ അദ്ദേഹത്തിന്റെ സ്വകാര്യമുറിയിൽ ചെന്ന് കണ്ടു. രാജാവ് വയോവൃദ്ധനായിത്തീർന്നിരുന്നു. ശൂനേംകാരിയായ അബീശഗ്+ അദ്ദേഹത്തെ പരിചരിച്ചുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു. 16 ബത്ത്-ശേബ രാജാവിന്റെ മുന്നിൽ കുമ്പിട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു. അപ്പോൾ രാജാവ് ചോദിച്ചു: “നിനക്ക് എന്തു വേണം?” 17 ബത്ത്-ശേബ പറഞ്ഞു: “യജമാനനേ, ‘നിന്റെ മകൻ ശലോമോൻ എനിക്കു ശേഷം രാജാവാകും; ശലോമോനായിരിക്കും എന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്’+ എന്ന് അങ്ങയുടെ ദൈവമായ യഹോവയുടെ നാമത്തിൽ അങ്ങ് ഈ ദാസിയോടു സത്യം ചെയ്തിരുന്നില്ലേ? 18 ഇപ്പോൾ ഇതാ, അദോനിയ രാജാവായിരിക്കുന്നു! എന്റെ യജമാനനായ രാജാവാകട്ടെ ഇതെക്കുറിച്ചൊന്നും അറിഞ്ഞിട്ടുമില്ല.+ 19 അദോനിയ കുറെ കാളകളെയും ആടുകളെയും കൊഴുത്ത മൃഗങ്ങളെയും ബലി അർപ്പിച്ചു; രാജാവിന്റെ എല്ലാ ആൺമക്കളെയും അബ്യാഥാർ പുരോഹിതനെയും സൈന്യാധിപനായ യോവാബിനെയും+ അവിടേക്കു ക്ഷണിക്കുകയും ചെയ്തു. എന്നാൽ അങ്ങയുടെ ദാസനായ ശലോമോനെ അദോനിയ ക്ഷണിച്ചില്ല.+ 20 എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിൻഗാമിയായി അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുന്നത് ആരാണെന്നു തിരുവായിൽനിന്ന് കേൾക്കാൻ ഇസ്രായേല്യരെല്ലാം ആകാംക്ഷയോടിരിക്കുകയാണ്. 21 എന്റെ യജമാനനായ രാജാവ് അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അങ്ങ് അങ്ങയുടെ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊള്ളുന്ന ഉടനെ അവർ എന്നെയും എന്റെ മകൻ ശലോമോനെയും രാജ്യദ്രോഹികളായി മുദ്രകുത്തും.”
22 ബത്ത്-ശേബ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ നാഥാൻ പ്രവാചകൻ അകത്തേക്കു വന്നു.+ 23 “ഇതാ, നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു!” എന്ന് അവർ ഉടനെ രാജാവിനെ അറിയിച്ചു. നാഥാൻ പ്രവാചകൻ രാജാവിന്റെ മുന്നിൽ വന്ന് കുമ്പിട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു. 24 നാഥാൻ പറഞ്ഞു: “യജമാനനായ രാജാവേ, ‘അദോനിയ എനിക്കു ശേഷം രാജാവാകും; അദോനിയയായിരിക്കും എന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്’ എന്ന് അങ്ങ് പറഞ്ഞിട്ടുണ്ടോ?+ 25 ഇന്ന് ഇതാ, അദോനിയ പോയി കുറെ കാളകളെയും ആടുകളെയും കൊഴുത്ത മൃഗങ്ങളെയും ബലി അർപ്പിച്ചിരിക്കുന്നു.+ എല്ലാ രാജകുമാരന്മാരെയും സൈന്യാധിപന്മാരെയും അബ്യാഥാർ പുരോഹിതനെയും അയാൾ ക്ഷണിച്ചിട്ടുണ്ട്.+ അവർ അവിടെ അയാളോടൊപ്പം തിന്നുകുടിച്ച്, ‘അദോനിയ രാജാവ് നീണാൾ വാഴട്ടെ’ എന്നു പറയുന്നു. 26 എന്നാൽ അങ്ങയുടെ ദാസനായ എന്നെയോ സാദോക്ക് പുരോഹിതനെയോ യഹോയാദയുടെ മകൻ ബനയയെയോ+ അങ്ങയുടെ ദാസനായ ശലോമോനെയോ അദോനിയ ക്ഷണിച്ചില്ല. 27 അങ്ങ് ഇതിന് അധികാരം കൊടുത്തതാണോ? എന്റെ യജമാനനായ രാജാവിന്റെ കാലശേഷം ആരാണ് അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കേണ്ടതെന്ന് ഈ ദാസനോട് അങ്ങ് ഇതുവരെ പറഞ്ഞിട്ടില്ല.”
28 അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു: “ബത്ത്-ശേബയെ വിളിക്കൂ.” ബത്ത്-ശേബ അകത്ത് വന്ന് രാജാവിന്റെ മുമ്പാകെ നിന്നു. 29 രാജാവ് ആണയിട്ട് ഇങ്ങനെ സത്യം ചെയ്തു: “എല്ലാ കഷ്ടങ്ങളിൽനിന്നും എന്നെ വിടുവിച്ച*+ യഹോവയാണെ, 30 ‘നിന്റെ മകൻ ശലോമോൻ എനിക്കു ശേഷം രാജാവാകും; ശലോമോനായിരിക്കും എന്റെ സ്ഥാനത്ത് എന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്’ എന്നു ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നിന്നോടു ചെയ്ത സത്യം ഇന്നു ഞാൻ നിവർത്തിക്കും.” 31 അപ്പോൾ ബത്ത്-ശേബ രാജാവിന്റെ മുന്നിൽ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ച് ഇങ്ങനെ പറഞ്ഞു: “എന്റെ യജമാനനായ ദാവീദ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ!”
32 ഉടനെ ദാവീദ് രാജാവ് പറഞ്ഞു: “പുരോഹിതനായ സാദോക്കിനെയും നാഥാൻ പ്രവാചകനെയും യഹോയാദയുടെ മകൻ ബനയയെയും+ വരുത്തുക.”+ അവർ രാജാവിന്റെ മുന്നിൽ എത്തി. 33 രാജാവ് അവരോടു പറഞ്ഞു: “നിങ്ങൾ എന്റെ മകനായ ശലോമോനെ എന്റെ കോവർകഴുതയുടെ* പുറത്ത് കയറ്റി+ നിങ്ങളുടെ യജമാനന്റെ ദാസന്മാരെയും കൂട്ടി ഗീഹോനിലേക്കു+ പോകണം. 34 അവിടെവെച്ച് സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും ചേർന്ന് ശലോമോനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം+ ചെയ്യണം. അതിനു ശേഷം കൊമ്പു വിളിച്ച്, ‘ശലോമോൻ രാജാവ് നീണാൾ വാഴട്ടെ!’+ എന്നു വിളിച്ചുപറയണം. 35 പിന്നെ നിങ്ങൾ ശലോമോന്റെ പിന്നാലെ വരണം. ശലോമോൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരിക്കട്ടെ, എനിക്കു പകരം രാജാവാകട്ടെ. ഞാൻ ശലോമോനെ ഇസ്രായേലിന്റെയും യഹൂദയുടെയും മേൽ നായകനായി നിയമിക്കും.” 36 ഉടനെ യഹോയാദയുടെ മകൻ ബനയ രാജാവിനോടു പറഞ്ഞു: “ആമേൻ! എന്റെ യജമാനനായ രാജാവിന്റെ ദൈവമായ യഹോവ ഇക്കാര്യം സ്ഥിരീകരിക്കട്ടെ. 37 എന്റെ യജമാനനായ രാജാവിന്റെകൂടെയുണ്ടായിരുന്നതുപോലെ യഹോവ ശലോമോന്റെകൂടെയുമുണ്ടായിരിക്കട്ടെ.+ ദൈവം ശലോമോന്റെ സിംഹാസനം എന്റെ യജമാനനായ ദാവീദ് രാജാവിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠമാക്കട്ടെ.”+
38 അങ്ങനെ സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും യഹോയാദയുടെ മകൻ ബനയയും+ കെരാത്യരും പ്ലേത്യരും+ ചേർന്ന് ശലോമോനെ ദാവീദ് രാജാവിന്റെ കോവർകഴുതയുടെ പുറത്ത് കയറ്റി+ ഗീഹോനിലേക്കു+ കൊണ്ടുപോയി. 39 സാദോക്ക് പുരോഹിതൻ കൂടാരത്തിൽനിന്ന്+ തൈലക്കൊമ്പ്+ എടുത്ത് ശലോമോനെ അഭിഷേകം ചെയ്തു.+ അപ്പോൾ അവർ കൊമ്പു വിളിച്ചു. ജനം മുഴുവൻ, “ശലോമോൻ രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിച്ചു. 40 പിന്നെ അവരെല്ലാം കുഴൽ ഊതി, വലിയ സന്തോഷത്തോടെ ശലോമോനെ അനുഗമിച്ചു. ഭൂമി പിളരുംവിധം അവരുടെ ആരവം മുഴങ്ങി.+
41 ഭക്ഷണം കഴിഞ്ഞ് ഇരിക്കുന്ന സമയത്ത്+ അദോനിയയും അയാളുടെ എല്ലാ അതിഥികളും ഈ ആരവം കേട്ടു. കാഹളത്തിന്റെ ശബ്ദം കേട്ട ഉടനെ യോവാബ്, “നഗരത്തിൽ എന്താണ് ഇത്ര ഒച്ചയും ബഹളവും” എന്നു ചോദിച്ചു. 42 അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ+ അവിടേക്കു വന്നു. അദോനിയ അയാളോട്, “വീരപുരുഷാ,* കടന്നുവരൂ; ഒരു നല്ല വാർത്തയുമായിട്ടായിരിക്കും നീ വന്നിരിക്കുന്നത്, അല്ലേ” എന്നു ചോദിച്ചു. 43 എന്നാൽ യോനാഥാൻ അദോനിയയോട്: “അല്ല! നമ്മുടെ യജമാനനായ ദാവീദ് രാജാവ് ശലോമോനെ രാജാവാക്കി. 44 രാജാവ് സാദോക്ക് പുരോഹിതനെയും നാഥാൻ പ്രവാചകനെയും യഹോയാദയുടെ മകൻ ബനയയെയും കെരാത്യരെയും പ്ലേത്യരെയും ശലോമോന്റെകൂടെ അയച്ചു. അവർ ശലോമോനെ രാജാവിന്റെ കോവർകഴുതയുടെ പുറത്ത് എഴുന്നള്ളിച്ച് കൊണ്ടുപോയി.+ 45 പിന്നെ സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും ഗീഹോനിൽവെച്ച് ശലോമോനെ രാജാവായി അഭിഷേകം ചെയ്തു. അതിനു ശേഷം അവർ വളരെ സന്തോഷത്തോടെ തിരിച്ചുപോയി. നഗരം മുഴുവൻ ആഹ്ലാദത്തിമിർപ്പിലാണ്. ആ ആരവമാണു നിങ്ങൾ കേട്ടത്. 46 അതു മാത്രമല്ല, ശലോമോൻ രാജസിംഹാസനത്തിൽ ഉപവിഷ്ടനാകുകയും ചെയ്തിരിക്കുന്നു. 47 കൂടാതെ രാജാവിന്റെ ദാസന്മാർ നമ്മുടെ യജമാനനായ ദാവീദ് രാജാവിന്റെ അടുത്ത് വന്ന് രാജാവിനെ അനുമോദിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ‘അങ്ങയുടെ ദൈവം ശലോമോന്റെ പേര് അങ്ങയുടെ പേരിനെക്കാൾ ശ്രേഷ്ഠമാക്കട്ടെ. ദൈവം ശലോമോന്റെ സിംഹാസനം അങ്ങയുടെ സിംഹാസനത്തെക്കാൾ ഉന്നതമാക്കട്ടെ.’ അപ്പോൾ രാജാവ് കിടക്കയിൽ കുമ്പിട്ട് നമസ്കരിച്ചു. 48 രാജാവും ഇങ്ങനെ പറഞ്ഞു: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. എന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഒരാളെ ദൈവം ഇന്നു തന്നിരിക്കുന്നു. അതു സ്വന്തം കണ്ണുകൊണ്ട് കാണാൻ എന്നെ അനുവദിക്കുകയും ചെയ്തു!’”
49 അദോനിയ ക്ഷണിച്ചുവരുത്തിയവരെല്ലാം അപ്പോൾ ഭയന്നുവിറച്ചു. എല്ലാവരും എഴുന്നേറ്റ് അവരവരുടെ വഴിക്കു പോയി. 50 അദോനിയയ്ക്കും ശലോമോനെ പേടിയായി. അയാൾ ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു.+ 51 അപ്പോൾ ശലോമോന് ഇങ്ങനെ വിവരം കിട്ടി: “ഇതാ, രാജാവിനെ പേടിച്ച് അദോനിയ ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചിരിക്കുന്നു! ‘അടിയനെ വാളുകൊണ്ട് കൊല്ലില്ലെന്നു ശലോമോൻ രാജാവ് സത്യം ചെയ്യട്ടെ!’ എന്നാണ് അയാൾ പറയുന്നത്.” 52 അപ്പോൾ ശലോമോൻ പറഞ്ഞു: “അയാൾ യോഗ്യമായാണു പെരുമാറുന്നതെങ്കിൽ അയാളുടെ ഒരു രോമംപോലും നിലത്ത് വീഴില്ല. മറിച്ച്, അദോനിയയിൽ എന്തെങ്കിലും തെറ്റു കണ്ടെത്തിയാൽ+ അയാൾ മരിക്കുകതന്നെ ചെയ്യും.” 53 അദോനിയയെ യാഗപീഠത്തിൽനിന്ന് ഇറക്കിക്കൊണ്ടുവരാൻ ശലോമോൻ രാജാവ് ആളയച്ചു. അദോനിയ വന്ന് ശലോമോൻ രാജാവിനെ കുമ്പിട്ട് നമസ്കരിച്ചു. അപ്പോൾ ശലോമോൻ അദോനിയയോട്, “വീട്ടിലേക്കു പൊയ്ക്കൊള്ളുക” എന്നു പറഞ്ഞു.