യോഹന്നാൻ എഴുതിയത്
19 പിന്നെ പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി ചാട്ടയ്ക്ക് അടിപ്പിച്ചു.+ 2 പടയാളികൾ ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി യേശുവിന്റെ തലയിൽ വെച്ചു. എന്നിട്ട് പർപ്പിൾ നിറത്തിലുള്ള ഒരു വസ്ത്രവും ധരിപ്പിച്ചു.+ 3 അവർ യേശുവിന്റെ അടുത്ത് വന്ന്, “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്നു പറഞ്ഞു. അവർ മാറിമാറി യേശുവിന്റെ കരണത്ത് അടിച്ചു.+ 4 പീലാത്തൊസ് പിന്നെയും പുറത്ത് വന്ന് അവരോടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല+ എന്നു നിങ്ങൾ മനസ്സിലാക്കാൻ ഇതാ, ഞാൻ അയാളെ നിങ്ങളുടെ അടുത്ത് കൊണ്ടുവരുന്നു.” 5 അപ്പോൾ, മുൾക്കിരീടവും പർപ്പിൾ നിറത്തിലുള്ള വസ്ത്രവും ധരിച്ച യേശു പുറത്തേക്കു വന്നു. പീലാത്തൊസ് അവരോട്, “ഇതാ, ആ മനുഷ്യൻ!” എന്നു പറഞ്ഞു. 6 എന്നാൽ മുഖ്യപുരോഹിതന്മാരും ഭടന്മാരും യേശുവിനെ കണ്ടപ്പോൾ, “അവനെ സ്തംഭത്തിലേറ്റ്! അവനെ സ്തംഭത്തിലേറ്റ്!”+ എന്ന് അലറിവിളിച്ചു. പീലാത്തൊസ് അവരോടു പറഞ്ഞു: “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി സ്തംഭത്തിലേറ്റിക്കൊള്ളൂ. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല.”+ 7 അപ്പോൾ ജൂതന്മാർ പറഞ്ഞു: “ഞങ്ങൾക്ക് ഒരു നിയമമുണ്ട്. അതനുസരിച്ച് ഇവൻ മരിക്കണം.+ കാരണം ഇവൻ ദൈവപുത്രനെന്ന് അവകാശപ്പെടുന്നു.”+
8 ഇതു കേട്ടപ്പോൾ പീലാത്തൊസിനു പേടി കൂടി. 9 പീലാത്തൊസ് വീണ്ടും ഗവർണറുടെ വസതിക്കുള്ളിലേക്കു ചെന്ന് യേശുവിനോട്, “താൻ എവിടെനിന്നാണ്” എന്നു ചോദിച്ചു. പക്ഷേ യേശു മറുപടിയൊന്നും പറഞ്ഞില്ല.+ 10 അപ്പോൾ പീലാത്തൊസ് ചോദിച്ചു: “എന്താ, എന്നോട് ഒന്നും പറയില്ലെന്നാണോ? തന്നെ വിട്ടയയ്ക്കാനും വധിക്കാനും* എനിക്ക് അധികാരമുണ്ടെന്ന് അറിയില്ലേ?” 11 യേശു പറഞ്ഞു: “മുകളിൽനിന്ന് തന്നില്ലെങ്കിൽ അങ്ങയ്ക്ക് എന്റെ മേൽ ഒരു അധികാരവും ഉണ്ടാകുമായിരുന്നില്ല.+ അതുകൊണ്ടുതന്നെ എന്നെ അങ്ങയുടെ കൈയിൽ ഏൽപ്പിച്ചുതന്ന മനുഷ്യന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.”
12 ഇക്കാരണത്താൽ പീലാത്തൊസ് യേശുവിനെ വിട്ടയയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു നോക്കി. എന്നാൽ ജൂതന്മാർ ഇങ്ങനെ അലറി: “ഇവനെ വിട്ടയച്ചാൽ അങ്ങ് സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഒരാൾ സീസറിനെ എതിർക്കുന്നു.”+ 13 ഇതു കേട്ടപ്പോൾ പീലാത്തൊസ് യേശുവിനെ പുറത്ത് കൊണ്ടുവന്നു. എന്നിട്ട് എബ്രായയിൽ ഗബ്ബഥ എന്നു പേരുള്ള, കൽത്തളം എന്ന സ്ഥലത്ത് ന്യായാസനത്തിൽ ഇരുന്നു. 14 പെസഹയുടെ ഒരുക്കനാളായിരുന്നു അന്ന്.+ അപ്പോൾ ഏകദേശം ആറാം മണി ആയിരുന്നു. പീലാത്തൊസ് ജൂതന്മാരോട്, “ഇതാ, നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു. 15 അവരോ, “അവന്റെ കഥ കഴിക്ക്! അവനെ കൊന്നുകളയണം! അവനെ സ്തംഭത്തിലേറ്റ്!” എന്ന് അലറിവിളിച്ചു. പീലാത്തൊസ് അവരോട്, “നിങ്ങളുടെ രാജാവിനെ ഞാൻ വധിക്കണമെന്നോ” എന്നു ചോദിച്ചു. മറുപടിയായി മുഖ്യപുരോഹിതന്മാർ, “ഞങ്ങൾക്കു സീസറല്ലാതെ മറ്റൊരു രാജാവില്ല” എന്നു പറഞ്ഞു. 16 അപ്പോൾ പീലാത്തൊസ് യേശുവിനെ സ്തംഭത്തിലേറ്റി കൊല്ലാൻ അവർക്കു വിട്ടുകൊടുത്തു.+
അവർ യേശുവിനെ ഏറ്റുവാങ്ങി. 17 യേശു തന്റെ ദണ്ഡനസ്തംഭവും ചുമന്നുകൊണ്ട് എബ്രായയിൽ ഗൊൽഗോഥ+ എന്നു വിളിക്കുന്ന തലയോടിടം+ എന്ന സ്ഥലത്തേക്കു പോയി. 18 അവിടെ അവർ യേശുവിനെ സ്തംഭത്തിൽ തറച്ചു.+ ഇരുവശങ്ങളിലായി വേറെ രണ്ടു പേരെയും സ്തംഭത്തിലേറ്റി.+ 19 പീലാത്തൊസ് ഒരു മേലെഴുത്ത് എഴുതി ദണ്ഡനസ്തംഭത്തിൽ വെച്ചു. അത് ഇങ്ങനെയായിരുന്നു: “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്.”+ 20 യേശുവിനെ സ്തംഭത്തിൽ തറച്ച സ്ഥലം നഗരത്തിന് അടുത്തായിരുന്നതുകൊണ്ട് ജൂതന്മാരിൽ പലരും ആ മേലെഴുത്തു വായിച്ചു. അത് എബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതിയിരുന്നു. 21 എന്നാൽ ജൂതന്മാരുടെ മുഖ്യപുരോഹിതന്മാർ പീലാത്തൊസിനോടു പറഞ്ഞു: “‘ജൂതന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാൻ ജൂതന്മാരുടെ രാജാവാണ്’ എന്ന് ഇവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്.” 22 പീലാത്തൊസ് പറഞ്ഞു: “ഞാൻ എഴുതിയത് എഴുതി.”
23 യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം പടയാളികൾ യേശുവിന്റെ പുറങ്കുപ്പായം നാലായി വീതിച്ച് ഓരോരുത്തരും ഓരോ കഷണം എടുത്തു. ഉള്ളങ്കിയും അവർ എടുത്തു. എന്നാൽ ഉള്ളങ്കി മുകൾമുതൽ അടിവരെ തുന്നലില്ലാതെ നെയ്തെടുത്തതായിരുന്നു. 24 അതുകൊണ്ട് അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത് ആർക്കു കിട്ടുമെന്നു നമുക്കു നറുക്കിട്ട് തീരുമാനിക്കാം.”+ “എന്റെ വസ്ത്രം അവർ വീതിച്ചെടുത്തു. എന്റെ ഉടുപ്പിനായി അവർ നറുക്കിട്ടു”+ എന്ന തിരുവെഴുത്ത് ഇങ്ങനെ നിറവേറി. ശരിക്കും അതുതന്നെയാണു പടയാളികൾ ചെയ്തത്.
25 ദണ്ഡനസ്തംഭത്തിന് അരികെ യേശുവിന്റെ അമ്മയും+ അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിൽക്കുന്നുണ്ടായിരുന്നു.+ 26 അമ്മയും താൻ സ്നേഹിച്ച ശിഷ്യനും+ അരികെ നിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, “സ്ത്രീയേ, ഇതാ നിങ്ങളുടെ മകൻ” എന്നു പറഞ്ഞു. 27 പിന്നെ ശിഷ്യനോട്, “ഇതാ, നിന്റെ അമ്മ” എന്നും പറഞ്ഞു. അന്നുമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ തന്റെ വീട്ടിൽ താമസിപ്പിച്ചു.
28 ഇതിനു ശേഷം, എല്ലാം പൂർത്തിയായെന്നു മനസ്സിലാക്കിയ യേശു തിരുവെഴുത്തു നിറവേറാൻ, “എനിക്കു ദാഹിക്കുന്നു”+ എന്നു പറഞ്ഞു. 29 പുളിച്ച വീഞ്ഞു നിറച്ച ഒരു ഭരണി അവിടെയുണ്ടായിരുന്നു. അവർ നീർപ്പഞ്ഞി* അതിൽ മുക്കി ഒരു ഈസോപ്പുതണ്ടിൽ വെച്ച് യേശുവിന്റെ വായോട് അടുപ്പിച്ചു.+ 30 അതു രുചിച്ചിട്ട് യേശു, “എല്ലാം പൂർത്തിയായി”+ എന്നു പറഞ്ഞ് തല കുനിച്ച് ജീവൻ വെടിഞ്ഞു.*+
31 അന്ന് ഒരുക്കനാളായിരുന്നതുകൊണ്ട്+ ശബത്തിൽ (അതു വലിയ ശബത്തായിരുന്നു.)+ ശരീരങ്ങൾ ദണ്ഡനസ്തംഭത്തിൽ കിടക്കാതിരിക്കാൻ+ അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെ ഇറക്കണം എന്നു ജൂതന്മാർ പീലാത്തൊസിനോട് അപേക്ഷിച്ചു. 32 അങ്ങനെ, പടയാളികൾ വന്ന് യേശുവിന്റെകൂടെ സ്തംഭത്തിലേറ്റിയ രണ്ടു പേരുടെയും കാലുകൾ ഒടിച്ചു. 33 എന്നാൽ യേശുവിന്റെ അടുത്ത് വന്നപ്പോൾ മരിച്ചെന്നു കണ്ടിട്ട് കാലുകൾ ഒടിച്ചില്ല. 34 പടയാളികളിൽ ഒരാൾ കുന്തംകൊണ്ട് യേശുവിന്റെ വിലാപ്പുറത്ത്* കുത്തി.+ ഉടനെ രക്തവും വെള്ളവും പുറത്ത് വന്നു. 35 ഇതു നേരിട്ട് കണ്ടയാളാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അയാളുടെ വാക്കുകൾ സത്യമാണ്. താൻ പറയുന്നതു സത്യമാണെന്ന് അയാൾക്ക് അറിയാം. അതുകൊണ്ട് നിങ്ങൾക്കും അതു വിശ്വസിക്കാം.+ 36 “അവന്റെ അസ്ഥികളിൽ ഒന്നുപോലും ഒടിക്കില്ല”+ എന്ന തിരുവെഴുത്തു നിറവേറാനാണ് ഇതൊക്കെ സംഭവിച്ചത്. 37 “അവർ കുത്തിത്തുളച്ചവനെ അവർ നോക്കും”+ എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
38 ഇതിനു ശേഷം, ജൂതന്മാരെ പേടിച്ച്+ യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന അരിമഥ്യക്കാരനായ യോസേഫ് യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോകാൻ പീലാത്തൊസിനോട് അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവാദം കൊടുത്തു. അങ്ങനെ യോസേഫ് ചെന്ന് യേശുവിന്റെ ശരീരം എടുത്തുകൊണ്ടുപോയി.+ 39 മുമ്പൊരിക്കൽ യേശുവിനെ കാണാൻ ഒരു രാത്രിസമയത്ത് ചെന്ന നിക്കോദേമൊസും+ അവിടെ എത്തി. മീറയും അകിലും കൊണ്ടുള്ള ഏകദേശം നൂറു റാത്തൽ സുഗന്ധക്കൂട്ടും നിക്കോദേമൊസ് കൊണ്ടുവന്നിരുന്നു.+ 40 അവർ യേശുവിന്റെ ശരീരം എടുത്ത് ജൂതന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച്+ സുഗന്ധവ്യഞ്ജനങ്ങൾ ഇട്ട് ലിനൻതുണികൊണ്ട് ചുറ്റി.+ 41 യേശുവിനെ വധിച്ച* സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ മുമ്പൊരിക്കലും ആരെയും വെച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയുമുണ്ടായിരുന്നു.+ 42 അന്നു ജൂതന്മാരുടെ ഒരുക്കനാളായിരുന്നതുകൊണ്ടും+ അടുത്ത് അങ്ങനെയൊരു കല്ലറയുണ്ടായിരുന്നതുകൊണ്ടും അവർ യേശുവിന്റെ ശരീരം അതിൽ വെച്ചു.