യോഹന്നാനു ലഭിച്ച വെളിപാട്
11 പിന്നെ ദൂതൻ മുഴക്കോൽപോലുള്ള ഒരു ഈറ്റത്തണ്ട്+ എനിക്കു തന്നിട്ട് ഇങ്ങനെ പറഞ്ഞു: “ചെന്ന് ദേവാലയത്തിന്റെ വിശുദ്ധമന്ദിരവും യാഗപീഠവും അളക്കുക; അവിടെ ആരാധിക്കുന്നവരെയും അളക്കണം. 2 പക്ഷേ വിശുദ്ധമന്ദിരത്തിനു പുറത്തുള്ള മുറ്റം അളക്കാതെ വിട്ടേക്കുക; അതു ജനതകൾക്കു കൊടുത്തിരിക്കുകയാണ്. 42 മാസം+ അവർ വിശുദ്ധനഗരം+ ചവിട്ടിമെതിക്കും. 3 ഞാൻ എന്റെ രണ്ടു സാക്ഷികളെ അയയ്ക്കും. അവർ വിലാപവസ്ത്രം ധരിച്ച് 1,260 ദിവസം പ്രവചിക്കും.” 4 ഭൂമിയുടെ നാഥന്റെ സന്നിധിയിൽ നിൽക്കുന്ന ഇവരെയാണു+ രണ്ട് ഒലിവ് മരങ്ങളും+ രണ്ടു തണ്ടുവിളക്കുകളും പ്രതീകപ്പെടുത്തുന്നത്.+
5 ആരെങ്കിലും അവരെ ഉപദ്രവിക്കാൻ മുതിർന്നാൽ അവരുടെ വായിൽനിന്ന് തീ പുറപ്പെട്ട് ആ ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാൻ മുതിരുന്നവരെല്ലാം ഇങ്ങനെ കൊല്ലപ്പെടും. 6 അവർ പ്രവചിക്കുന്ന സമയത്ത് മഴ പെയ്യാത്ത വിധം ആകാശം അടച്ചുകളയാൻ+ അവർക്ക് അധികാരമുണ്ട്.+ വെള്ളം രക്തമാക്കാനും+ ആഗ്രഹിക്കുമ്പോഴൊക്കെ എല്ലാ വിധ ബാധകളുംകൊണ്ട് ഭൂമിയെ പ്രഹരിക്കാനും ഉള്ള അധികാരവും അവർക്കുണ്ട്.
7 ആ സാക്ഷികൾ അവരുടെ ദൗത്യം പൂർത്തിയാക്കിക്കഴിയുമ്പോൾ, അഗാധത്തിൽനിന്ന് കയറിവരുന്ന കാട്ടുമൃഗം അവരോടു യുദ്ധം ചെയ്ത് അവരെ കീഴടക്കി കൊന്നുകളയും.+ 8 ആത്മീയാർഥത്തിൽ സൊദോം എന്നും ഈജിപ്ത് എന്നും അറിയപ്പെടുന്ന മഹാനഗരത്തിന്റെ പ്രധാനവീഥിയിൽ അവരുടെ മൃതദേഹങ്ങൾ കിടക്കും; അവരുടെ കർത്താവ് സ്തംഭത്തിൽ കൊല്ലപ്പെട്ടതും അവിടെവെച്ചാണ്. 9 എല്ലാ വംശങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും ജനതകളിലും നിന്നുള്ളവർ മൂന്നര ദിവസം ആ മൃതദേഹങ്ങൾ കാണും;+ അവ കല്ലറയിൽ വെക്കാൻ അവർ സമ്മതിക്കില്ല. 10 ആ രണ്ടു പ്രവാചകന്മാർ ഭൂമിയിൽ താമസിക്കുന്നവരെ ഉപദ്രവിച്ചിരുന്നതുകൊണ്ട് അവർ അവരുടെ മരണത്തിൽ സന്തോഷിക്കുകയും അത് ആഘോഷിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യും.
11 മൂന്നര ദിവസം കഴിഞ്ഞപ്പോൾ ദൈവത്തിൽനിന്നുള്ള ജീവാത്മാവ് അവരിൽ പ്രവേശിച്ചു;+ അവർ എഴുന്നേറ്റുനിന്നു. അവരെ കണ്ടവരൊക്കെ വല്ലാതെ ഭയന്നു. 12 പിന്നീട് ആകാശത്തുനിന്ന് വലിയൊരു ശബ്ദം, “ഇവിടെ കയറിവരൂ” എന്നു പറയുന്നത് അവർ കേട്ടു. അപ്പോൾ അവർ മേഘത്തിൽ ആകാശത്തേക്കു പോയി. അവരുടെ ശത്രുക്കൾ അതു കണ്ടു.* 13 അപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി. നഗരത്തിന്റെ പത്തിലൊന്ന് ഇടിഞ്ഞുവീണു. ഭൂകമ്പത്തിൽ 7,000 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ പേടിച്ച് സ്വർഗത്തിലെ ദൈവത്തെ മഹത്ത്വപ്പെടുത്തി.
14 രണ്ടാമത്തെ കഷ്ടത+ കഴിഞ്ഞു. ഇതാ, മൂന്നാമത്തെ കഷ്ടത വേഗം വരുന്നു!
15 ഏഴാമത്തെ ദൂതൻ കാഹളം ഊതി.+ അപ്പോൾ, “ലോകത്തിന്റെ ഭരണം നമ്മുടെ കർത്താവിന്റെയും+ കർത്താവിന്റെ ക്രിസ്തുവിന്റെയും+ ആയിരിക്കുന്നു; കർത്താവ് എന്നുമെന്നേക്കും രാജാവായി ഭരിക്കും”+ എന്ന് ആകാശത്തുനിന്ന് ഉച്ചത്തിൽ പറയുന്നതു കേട്ടു.
16 ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന 24 മൂപ്പന്മാർ+ കമിഴ്ന്നുവീണ് ദൈവത്തെ ആരാധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 17 “സർവശക്തനാം ദൈവമായ യഹോവേ,* ഉണ്ടായിരുന്നവനും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. കാരണം അങ്ങ് അങ്ങയുടെ മഹാശക്തി പ്രയോഗിക്കാനും രാജാവായി ഭരിക്കാനും തുടങ്ങിയിരിക്കുന്നല്ലോ.+ 18 ജനതകൾ കോപിച്ചു; അങ്ങും ഉഗ്രമായി കോപിച്ചു. മരിച്ചവരെ ന്യായം വിധിക്കാനും അങ്ങയുടെ അടിമകളായ പ്രവാചകന്മാർക്കും+ വിശുദ്ധർക്കും അങ്ങയുടെ പേരിനെ ഭയപ്പെടുന്ന ചെറിയവർക്കും വലിയവർക്കും പ്രതിഫലം കൊടുക്കാനും+ ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനും+ നിശ്ചയിച്ചിരിക്കുന്ന സമയം വന്നെത്തിയിരിക്കുന്നു.”
19 അപ്പോൾ സ്വർഗത്തിലെ ദേവാലയത്തിന്റെ വിശുദ്ധമന്ദിരം തുറന്നു; അവിടെ ഞാൻ ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം കണ്ടു.+ മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ ആലിപ്പഴവർഷവും ഉണ്ടായി.