മർക്കൊസ് എഴുതിയത്
9 പിന്നെ യേശു അവരോട്, “ഇവിടെ നിൽക്കുന്നവരിൽ ചിലർ, മരിക്കുന്നതിനു മുമ്പ് ദൈവരാജ്യം പ്രതാപത്തോടെ വരുന്നതു കാണും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു”+ എന്നു പറഞ്ഞു. 2 ആറു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ട് ഉയരമുള്ള ഒരു മലയിലേക്കു പോയി. യേശു അവരുടെ മുന്നിൽവെച്ച് രൂപാന്തരപ്പെട്ടു.+ 3 ഭൂമിയിലെ ഒരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയാത്തത്ര വെൺമയോടെ യേശുവിന്റെ വസ്ത്രങ്ങൾ വെട്ടിത്തിളങ്ങി. 4 ഏലിയയും മോശയും അവർക്കു പ്രത്യക്ഷരായി. അവർ യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. 5 പത്രോസ് യേശുവിനോടു പറഞ്ഞു: “റബ്ബീ, ഞങ്ങൾക്ക് ഇവിടെ വരാൻ കഴിഞ്ഞത് എത്ര നന്നായി! ഞങ്ങൾ മൂന്നു കൂടാരം ഉണ്ടാക്കട്ടെ. ഒന്ന് അങ്ങയ്ക്കും ഒന്നു മോശയ്ക്കും പിന്നെ ഒന്ന് ഏലിയയ്ക്കും.” 6 വാസ്തവത്തിൽ എന്തു ചെയ്യണമെന്നു പത്രോസിന് അപ്പോൾ അറിയില്ലായിരുന്നു. അവർ അത്രയ്ക്കു പേടിച്ചുപോയി. 7 അപ്പോൾ ഒരു മേഘം രൂപപ്പെട്ട് അവരുടെ മീതെ നിന്നു. “ഇവൻ എന്റെ പ്രിയപുത്രൻ.+ ഇവൻ പറയുന്നതു ശ്രദ്ധിക്കണം”+ എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.+ 8 പെട്ടെന്നു ശിഷ്യന്മാർ ചുറ്റും നോക്കി. പക്ഷേ യേശുവിനെയല്ലാതെ ആരെയും കണ്ടില്ല.
9 അവർ കണ്ടത്, മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതുവരെ ആരോടും പറയരുതെന്നു+ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോടു കർശനമായി കല്പിച്ചു.+ 10 അവർ ഇക്കാര്യം ഹൃദയത്തിൽ സൂക്ഷിച്ചു.* എന്നാൽ മരിച്ചവരിൽനിന്നുള്ള ഉയിർപ്പിന്റെ അർഥം എന്തായിരിക്കും എന്നതിനെക്കുറിച്ച് അവർ തമ്മിൽത്തമ്മിൽ സംസാരിച്ചു. 11 പിന്നെ അവർ യേശുവിനോട്, “ആദ്യം ഏലിയ+ വരുമെന്നു ശാസ്ത്രിമാർ പറയുന്നത് എന്താണ് ” എന്നു ചോദിച്ചു.+ 12 യേശു അവരോടു പറഞ്ഞു: “ഏലിയയാണ് ആദ്യം വന്ന് എല്ലാം നേരെയാക്കുന്നത്.+ എന്നാൽ മനുഷ്യപുത്രൻ അനേകം കഷ്ടപ്പാടുകളും+ നിന്ദയും സഹിക്കണമെന്ന്+ എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണ്? 13 പക്ഷേ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയ+ വന്നുകഴിഞ്ഞു. ഏലിയയെക്കുറിച്ച് എഴുതിയിരുന്നതുപോലെതന്നെ, തോന്നിയതുപോലെയെല്ലാം അവർ അദ്ദേഹത്തോടു ചെയ്തു.”+
14 അവർ മറ്റു ശിഷ്യന്മാരുടെ അടുത്തേക്കു വരുമ്പോൾ വലിയൊരു ജനക്കൂട്ടം അവർക്കു ചുറ്റും കൂടിയിരിക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.+ 15 എന്നാൽ യേശുവിനെ കണ്ട ഉടനെ ജനമെല്ലാം ആശ്ചര്യപ്പെട്ട് യേശുവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അഭിവാദനം ചെയ്തു. 16 യേശു അവരോട്, “എന്തിനെക്കുറിച്ചാണു നിങ്ങൾ അവരോടു തർക്കിക്കുന്നത് ” എന്നു ചോദിച്ചു. 17 അപ്പോൾ ജനക്കൂട്ടത്തിൽ ഒരാൾ യേശുവിനോടു പറഞ്ഞു: “ഗുരുവേ, ഊമനായ ഒരു അശുദ്ധാത്മാവ്*+ എന്റെ മകനെ ബാധിച്ചതുകൊണ്ട് ഞാൻ അവനെ അങ്ങയുടെ അടുത്തേക്കു കൊണ്ടുവന്നതാണ്. 18 അത് അവനെ ബാധിക്കുമ്പോഴെല്ലാം അവനെ നിലത്ത് തള്ളിയിടും. അവൻ പല്ലു കടിക്കുകയും അവന്റെ വായിൽനിന്ന് നുരയും പതയും വരുകയും ചെയ്യും. അതോടെ അവന്റെ ശക്തിയെല്ലാം ചോർന്നുപോകും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടെങ്കിലും അവർക്കു കഴിഞ്ഞില്ല.” 19 അപ്പോൾ യേശു അവരോടു പറഞ്ഞു: “വിശ്വാസമില്ലാത്ത തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.”+ 20 അപ്പോൾ അവർ അവനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. എന്നാൽ യേശുവിനെ കണ്ട ഉടനെ അശുദ്ധാത്മാവ് കുട്ടിയെ ഞെളിപിരികൊള്ളിച്ചു. അവൻ നിലത്ത് കിടന്ന് ഉരുണ്ടു. വായിൽനിന്ന് നുരയും പതയും വന്നു. 21 യേശു അവന്റെ അപ്പനോട്, “ഇവന് ഇതു തുടങ്ങിയിട്ട് എത്ര കാലമായി” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽ” എന്ന് അയാൾ പറഞ്ഞു. 22 “അവനെ കൊല്ലാൻവേണ്ടി അതു കൂടെക്കൂടെ അവനെ തീയിലും വെള്ളത്തിലും തള്ളിയിടാറുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങളോട് അലിവ് തോന്നി ഞങ്ങളെ സഹായിക്കേണമേ” എന്ന് ആ മനുഷ്യൻ അപേക്ഷിച്ചു. 23 യേശു അയാളോടു പറഞ്ഞു: “‘കഴിയുമെങ്കിൽ’ എന്നോ? വിശ്വാസമുണ്ടെങ്കിൽ ഒരാൾക്ക് എന്തും സാധിക്കും.”+ 24 ഉടനെ കുട്ടിയുടെ അപ്പൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “എനിക്കു വിശ്വാസമുണ്ട്! എങ്കിലും വിശ്വാസത്തിൽ എനിക്കുള്ള കുറവ് നികത്താൻ സഹായിക്കണേ.”*+
25 അപ്പോൾ ഒരു ജനക്കൂട്ടം തങ്ങളുടെ അടുത്തേക്ക് ഓടിക്കൂടുന്നതു കണ്ട് യേശു അശുദ്ധാത്മാവിനെ ശകാരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഊമനും ബധിരനും ആയ ആത്മാവേ, ഇവനെ വിട്ട് പോകൂ. ഇനി ഇവനിൽ പ്രവേശിക്കരുത് എന്നു ഞാൻ നിന്നോടു കല്പിക്കുന്നു.”+ 26 അലറിവിളിച്ച് അവനെ വല്ലാതെ ഞെളിപിരികൊള്ളിച്ച് അത് അവനെ വിട്ട് പോയി. അവൻ മരിച്ചതുപോലെയായി. ഇതു കണ്ട് പലരും, “അവൻ മരിച്ചുപോയി” എന്നു പറഞ്ഞു. 27 എന്നാൽ യേശു അവനെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ചു. അവൻ നേരെ നിന്നു. 28 പിന്നെ ഒരു വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ സ്വകാര്യമായി യേശുവിനോട്, “അതെന്താ ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞത് ”+ എന്നു ചോദിച്ചു. 29 യേശു അവരോടു പറഞ്ഞു: “ഇത്തരം അശുദ്ധാത്മാക്കളെ പ്രാർഥനകൊണ്ട് മാത്രമേ പുറത്താക്കാൻ പറ്റൂ.”
30 അവർ അവിടം വിട്ട് ഗലീലയിലൂടെ പോയി. എന്നാൽ ഇക്കാര്യം ആരും അറിയരുതെന്നു യേശു ആഗ്രഹിച്ചു. 31 കാരണം യേശു ശിഷ്യന്മാർക്കു ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു. യേശു പറഞ്ഞു: “മനുഷ്യപുത്രനെ ഒറ്റിക്കൊടുത്ത് മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ കൊല്ലും.+ പക്ഷേ കൊന്നാലും മൂന്നു ദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”+ 32 എന്നാൽ യേശു പറഞ്ഞത് അവർക്കു മനസ്സിലായില്ല. അതെപ്പറ്റി എന്തെങ്കിലും ചോദിക്കാനും അവർക്കു പേടിയായിരുന്നു.
33 അവർ കഫർന്നഹൂമിൽ എത്തി. വീട്ടിൽ ചെന്നപ്പോൾ യേശു അവരോട്, “വഴിയിൽവെച്ച് നിങ്ങൾ എന്തിനെക്കുറിച്ചാണു തർക്കിച്ചുകൊണ്ടിരുന്നത് ” എന്നു ചോദിച്ചു.+ 34 എന്നാൽ അവർ മറുപടിയൊന്നും പറഞ്ഞില്ല. കാരണം, തങ്ങളിൽ ആരാണു വലിയവൻ എന്നതിനെക്കുറിച്ചായിരുന്നു അവർ തർക്കിച്ചത്. 35 അപ്പോൾ യേശു അവിടെ ഇരുന്നിട്ട് പന്ത്രണ്ടു പേരെയും* അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഒന്നാമനാകാൻ ആരെങ്കിലും ആഗ്രഹിച്ചാൽ അയാൾ ഏറ്റവും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷ ചെയ്യുന്നവനും ആകണം.”+ 36 യേശു ഒരു കൊച്ചുകുട്ടിയെ അവരുടെ നടുവിൽ നിറുത്തി ചേർത്തുപിടിച്ചുകൊണ്ട് അവരോടു പറഞ്ഞു: 37 “ഇങ്ങനെയുള്ള ഒരു കുട്ടിയെ+ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ മാത്രമല്ല, എന്നെ അയച്ച ദൈവത്തെയും സ്വീകരിക്കുന്നു.”+
38 യോഹന്നാൻ യേശുവിനോടു പറഞ്ഞു: “ഗുരുവേ, ഒരാൾ അങ്ങയുടെ പേര് ഉപയോഗിച്ച് ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ നമ്മളെ അനുഗമിക്കുന്നവൻ അല്ലാത്തതുകൊണ്ട് ഞങ്ങൾ അയാളെ തടയാൻ നോക്കി.”+ 39 എന്നാൽ യേശു അവരോടു പറഞ്ഞു: “അയാളെ തടയേണ്ടാ. കാരണം, എന്റെ നാമത്തിൽ ഒരു അത്ഭുതം ചെയ്തിട്ട് ഉടനെ എന്നെക്കുറിച്ച് മോശമായതു പറയാൻ ആർക്കും പറ്റില്ല. 40 നമുക്ക് എതിരല്ലാത്തവരെല്ലാം നമ്മുടെ പക്ഷത്താണ്.+ 41 നിങ്ങൾ ക്രിസ്തുവിന്റെ ആളുകളാണ് എന്ന കാരണത്താൽ ആരെങ്കിലും നിങ്ങൾക്ക് അൽപ്പം* വെള്ളം കുടിക്കാൻ തന്നാൽ+ അയാൾക്കു പ്രതിഫലം ലഭിക്കാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 42 എന്നാൽ വിശ്വാസമുള്ള ഈ ചെറിയവരിൽ ഒരാൾ വിശ്വാസത്തിൽനിന്ന് വീണുപോകാൻ* ആരെങ്കിലും ഇടയാക്കിയാൽ, കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ലു കഴുത്തിൽ കെട്ടി അയാളെ കടലിൽ എറിയുന്നതാണ് അയാൾക്കു കൂടുതൽ നല്ലത്.+
43 “നീ പാപം ചെയ്യാൻ* നിന്റെ കൈ ഇടയാക്കുന്നെങ്കിൽ അതു വെട്ടിക്കളയുക. രണ്ടു കൈയും ഉള്ളവനായി കെടുത്താനാകാത്ത തീയുള്ള ഗീഹെന്നയിലേക്കു പോകുന്നതിനെക്കാൾ, അംഗഭംഗം വന്നവനായി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ 44 —— 45 നീ പാപം ചെയ്യാൻ* നിന്റെ കാൽ ഇടയാക്കുന്നെങ്കിൽ അതു വെട്ടിക്കളയുക. രണ്ടു കാലും ഉള്ളവനായി ഗീഹെന്നയിൽ എറിയപ്പെടുന്നതിനെക്കാൾ, മുടന്തനായി ജീവനിലേക്കു കടക്കുന്നതാണു നല്ലത്.+ 46 —— 47 നീ പാപം ചെയ്യാൻ* നിന്റെ കണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നുകളയുക.+ രണ്ടു കണ്ണും ഉള്ളവനായി ഗീഹെന്നയിൽ എറിയപ്പെടുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതാണു നല്ലത്.+ 48 ഗീഹെന്നയിൽ പുഴുക്കൾ ചാകുന്നില്ല; അവിടത്തെ തീ കെടുത്തുന്നതുമില്ല.+
49 “ഉപ്പു വിതറുന്നതുപോലെ ഇത്തരം ആളുകളുടെ മേൽ തീ വിതറും.+ 50 ഉപ്പു നല്ലതുതന്നെ; എന്നാൽ അതിന് ഉപ്പുരസം നഷ്ടമായാൽ എങ്ങനെ നിങ്ങൾ അതിനു വീണ്ടും ഉപ്പുരസം+ വരുത്തും? നിങ്ങൾ ഉപ്പുള്ളവരും+ പരസ്പരം സമാധാനത്തിൽ കഴിയുന്നവരും ആയിരിക്കുക.”+