യോഹന്നാൻ എഴുതിയത്
6 ഇതിനു ശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലക്കടലിന്റെ അക്കരയ്ക്കു പോയി.+ 2 രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്+ യേശു ചെയ്യുന്ന അത്ഭുതങ്ങൾ കണ്ടിട്ട് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു.+ 3 യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുടെകൂടെ അവിടെ ഇരുന്നു. 4 ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തിരുന്നു. 5 വലിയൊരു ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ യേശു ഫിലിപ്പോസിനോട്,+ “ഇവർക്കെല്ലാം കഴിക്കാൻ നമ്മൾ എവിടെനിന്ന് അപ്പം വാങ്ങും”+ എന്നു ചോദിച്ചു. 6 എന്നാൽ ഫിലിപ്പോസിനെ പരീക്ഷിക്കാൻവേണ്ടിയാണു യേശു ഇതു ചോദിച്ചത്. കാരണം, താൻ ചെയ്യാൻ പോകുന്നത് എന്താണെന്നു യേശുവിന് അറിയാമായിരുന്നു. 7 ഫിലിപ്പോസ് യേശുവിനോട്, “200 ദിനാറെക്ക് അപ്പം വാങ്ങിയാൽപ്പോലും ഓരോരുത്തർക്കും അൽപ്പമെങ്കിലും കൊടുക്കാൻ തികയില്ല” എന്നു പറഞ്ഞു. 8 യേശുവിന്റെ ഒരു ശിഷ്യനും ശിമോൻ പത്രോസിന്റെ സഹോദരനും ആയ അന്ത്രയോസ് യേശുവിനോടു പറഞ്ഞു: 9 “ഈ കുട്ടിയുടെ കൈയിൽ അഞ്ചു ബാർളിയപ്പവും രണ്ടു ചെറിയ മീനും ഉണ്ട്. എന്നാൽ ഇത്രയധികം പേർക്ക് ഇതുകൊണ്ട് എന്താകാനാണ്?”+
10 അപ്പോൾ യേശു, “ആളുകളോടെല്ലാം ഇരിക്കാൻ പറയുക” എന്നു പറഞ്ഞു. ആ സ്ഥലത്ത് ധാരാളം പുല്ലുണ്ടായിരുന്നതുകൊണ്ട് അവർ അവിടെ ഇരുന്നു. ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു.+ 11 യേശു അപ്പം എടുത്ത്, ദൈവത്തോടു നന്ദി പറഞ്ഞശേഷം അവർക്കെല്ലാം കൊടുത്തു. മീനും അങ്ങനെതന്നെ വിളമ്പി. എല്ലാവർക്കും വേണ്ടുവോളം കിട്ടി. 12 എല്ലാവരും വയറു നിറച്ച് കഴിച്ചുകഴിഞ്ഞപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: “മിച്ചമുള്ള കഷണങ്ങളെല്ലാം എടുക്കുക. ഒന്നും കളയരുത്.” 13 അങ്ങനെ അവർ അവ കൊട്ടകളിൽ നിറച്ചു. അഞ്ചു ബാർളിയപ്പത്തിൽനിന്ന് ആളുകൾ തിന്നശേഷം ബാക്കിവന്ന കഷണങ്ങൾ 12 കൊട്ട നിറയെയുണ്ടായിരുന്നു.
14 യേശു ചെയ്ത അടയാളം കണ്ടപ്പോൾ, “ലോകത്തേക്കു വരാനിരുന്ന പ്രവാചകൻ ഇദ്ദേഹംതന്നെ”+ എന്ന് ആളുകൾ പറയാൻതുടങ്ങി. 15 അവർ വന്ന് തന്നെ പിടിച്ച് രാജാവാക്കാൻപോകുന്നെന്ന് അറിഞ്ഞ യേശു തനിച്ച് വീണ്ടും മലയിലേക്കു പോയി.+
16 സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ കടപ്പുറത്തേക്കു ചെന്നു.+ 17 അവർ ഒരു വള്ളത്തിൽ കയറി കടലിന് അക്കരെയുള്ള കഫർന്നഹൂമിലേക്കു പുറപ്പെട്ടു. അപ്പോൾ ഇരുട്ടു വീണിരുന്നു. യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല.+ 18 ശക്തമായ ഒരു കാറ്റ് അടിച്ചിട്ട് കടൽ ക്ഷോഭിക്കാൻതുടങ്ങി.+ 19 അവർ തുഴഞ്ഞ് അഞ്ചോ ആറോ കിലോമീറ്റർ പിന്നിട്ടപ്പോൾ യേശു കടലിനു മുകളിലൂടെ നടന്ന് വള്ളത്തിന് അടുത്തേക്കു വരുന്നതു കണ്ടു. അവർ പേടിച്ചുപോയി. 20 എന്നാൽ യേശു അവരോട്, “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്” എന്നു പറഞ്ഞു.+ 21 അതു കേട്ടതോടെ അവർ യേശുവിനെ വള്ളത്തിൽ കയറ്റി. പെട്ടെന്നുതന്നെ അവർക്ക് എത്തേണ്ട സ്ഥലത്ത് വള്ളം എത്തി.+
22 എന്നാൽ കടലിൽ ഒരു ചെറിയ വള്ളമേ ഉണ്ടായിരുന്നുള്ളൂ എന്നും യേശുവിനെ കൂടാതെ ശിഷ്യന്മാർ മാത്രമാണു വള്ളത്തിൽ കയറി പോയതെന്നും കടലിന് അക്കരെയുള്ള ജനക്കൂട്ടം പിറ്റേന്നു മനസ്സിലാക്കി. 23 ആ സമയത്താണു തിബെര്യാസിൽനിന്നുള്ള വള്ളങ്ങൾ എത്തുന്നത്. കർത്താവ് ദൈവത്തോടു നന്ദി പറഞ്ഞ് അവർക്ക് അപ്പം കൊടുത്ത സ്ഥലത്തിന് അടുത്ത് ആ വള്ളങ്ങൾ വന്നടുത്തു. 24 യേശുവോ ശിഷ്യന്മാരോ അവിടെയില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം ആ വള്ളങ്ങളിൽ കയറി യേശുവിനെ തിരഞ്ഞ് കഫർന്നഹൂമിൽ എത്തി.
25 കടലിന് അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ, “റബ്ബീ,+ അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്നു ചോദിച്ചു. 26 യേശു അവരോടു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം കഴിച്ച് തൃപ്തരായതുകൊണ്ടാണ്.+ 27 നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല,+ നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി+ പ്രയത്നിക്കുക. മനുഷ്യപുത്രൻ നിങ്ങൾക്ക് അതു തരും. കാരണം പിതാവായ ദൈവം മനുഷ്യപുത്രന്റെ മേൽ തന്റെ അംഗീകാരത്തിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു.”+
28 അപ്പോൾ അവർ യേശുവിനോട്, “ദൈവത്തിന്റെ അംഗീകാരം കിട്ടാൻ ഞങ്ങൾ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചു. 29 യേശു പറഞ്ഞു: “ദൈവം അയച്ചവനെ വിശ്വസിക്കുക; അതാണു ദൈവം അംഗീകരിക്കുന്ന പ്രവൃത്തി.”+ 30 അപ്പോൾ അവർ പറഞ്ഞു: “അതിനുവേണ്ടി അങ്ങ് എന്താണു ചെയ്യാൻപോകുന്നത്? എന്ത് അടയാളം കാണിക്കും?+ അതു കണ്ടാൽ ഞങ്ങൾക്ക് അങ്ങയെ വിശ്വസിക്കാമല്ലോ. 31 നമ്മുടെ പൂർവികർ വിജനഭൂമിയിൽവെച്ച് മന്ന കഴിച്ചില്ലേ?+ ‘അവർക്കു കഴിക്കാൻ ദൈവം സ്വർഗത്തിൽനിന്ന് അപ്പം കൊടുത്തു’+ എന്ന് എഴുതിയിട്ടുണ്ടല്ലോ.” 32 അപ്പോൾ യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മോശ നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നില്ല. എന്നാൽ എന്റെ പിതാവ് സ്വർഗത്തിൽനിന്ന് ശരിക്കുള്ള അപ്പം നിങ്ങൾക്കു തരുന്നു. 33 ദൈവത്തിന്റെ അപ്പമോ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് ലോകത്തിനു ജീവൻ നൽകുന്നവനാണ്.”+ 34 അപ്പോൾ അവർ യേശുവിനോട്, “കർത്താവേ, ഞങ്ങൾക്ക് എപ്പോഴും ആ അപ്പം തരണേ” എന്നു പറഞ്ഞു.
35 യേശു അവരോടു പറഞ്ഞു: “ഞാനാണു ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കില്ല. എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.+ 36 എന്നാൽ ഞാൻ പറഞ്ഞതുപോലെ, നിങ്ങൾ എന്നെ കണ്ടിട്ടുപോലും വിശ്വസിക്കുന്നില്ല.+ 37 പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുത്ത് വരും. എന്റെ അടുത്ത് വരുന്നവനെ ഞാൻ ഒരിക്കലും ഒഴിവാക്കുകയുമില്ല.+ 38 കാരണം ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നത്+ എന്റെ സ്വന്തം ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യാനാണ്.+ 39 എന്നെ അയച്ച പിതാവിന്റെ ഇഷ്ടമോ, പിതാവ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടുപോകരുതെന്നും+ അവസാനനാളിൽ അവരെയെല്ലാം ഞാൻ ഉയിർപ്പിക്കണം+ എന്നും ആണ്. 40 പുത്രനെ അംഗീകരിച്ച് അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ+ കിട്ടണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.”+
41 “ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണ്”+ എന്നു യേശു പറഞ്ഞതുകൊണ്ട് ജൂതന്മാർ യേശുവിന് എതിരെ പിറുപിറുക്കാൻതുടങ്ങി. 42 അവർ ചോദിച്ചു: “ഇവൻ യോസേഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ അപ്പനെയും അമ്മയെയും നമുക്ക് അറിയാവുന്നതല്ലേ?+ പിന്നെ എന്താ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതാണ്’ എന്ന് ഇവൻ പറയുന്നത്?” 43 അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പിറുപിറുക്കേണ്ടാ. 44 എന്നെ അയച്ച പിതാവ് ആകർഷിക്കാതെ ഒരു മനുഷ്യനും എന്റെ അടുത്ത് വരാൻ കഴിയില്ല.+ അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.+ 45 ‘അവരെയെല്ലാം യഹോവ പഠിപ്പിക്കും’* എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ.+ പിതാവിൽനിന്ന് കേട്ടുപഠിച്ചവരെല്ലാം എന്റെ അടുത്തേക്കു വരുന്നു. 46 ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റ് ഏതെങ്കിലും മനുഷ്യൻ പിതാവിനെ കണ്ടിട്ടുണ്ടെന്നല്ല+ ഇതിന് അർഥം. എന്നാൽ ദൈവത്തിൽനിന്നുള്ളവൻ പിതാവിനെ കണ്ടിട്ടുണ്ട്.+ 47 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+
48 “ഞാനാണു ജീവന്റെ അപ്പം.+ 49 നിങ്ങളുടെ പൂർവികർ വിജനഭൂമിയിൽവെച്ച് മന്ന കഴിച്ചിട്ടും മരിച്ചുപോയല്ലോ.+ 50 എന്നാൽ ഈ അപ്പം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാണ്. ഇതു കഴിക്കുന്നയാൾ മരിക്കില്ല. 51 ഞാനാണു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം. ഈ അപ്പം തിന്നുന്നയാൾ എന്നും ജീവിച്ചിരിക്കും. ലോകത്തിന്റെ ജീവനുവേണ്ടിയുള്ള എന്റെ മാംസമാണു ഞാൻ കൊടുക്കാനിരിക്കുന്ന അപ്പം.”+
52 അപ്പോൾ ജൂതന്മാർ, “ഇവൻ എങ്ങനെ ഇവന്റെ മാംസം നമുക്കു തിന്നാൻ തരും” എന്നു പറഞ്ഞ് തമ്മിൽ തർക്കിച്ചു. 53 അപ്പോൾ യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല.+ 54 എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നയാൾക്കു നിത്യജീവനുണ്ട്. അവസാനനാളിൽ ഞാൻ അയാളെ ഉയിർപ്പിക്കും.+ 55 കാരണം എന്റെ മാംസം യഥാർഥഭക്ഷണവും എന്റെ രക്തം യഥാർഥപാനീയവും ആണ്. 56 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നയാൾ എന്നോടും ഞാൻ അയാളോടും യോജിപ്പിലായിരിക്കും.+ 57 ജീവനുള്ള പിതാവ് എന്നെ അയയ്ക്കുകയും ഞാൻ പിതാവ് കാരണം ജീവിച്ചിരിക്കുകയും ചെയ്യുന്നതുപോലെതന്നെ എന്റെ മാംസം തിന്നുന്നയാൾ ഞാൻ കാരണം ജീവിച്ചിരിക്കും.+ 58 ഇതു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പമാണ്. നിങ്ങളുടെ പൂർവികർ തിന്ന മന്നപോലെയല്ല ഇത്. അവർ അതു തിന്നെങ്കിലും മരിച്ചു. എന്നാൽ ഈ അപ്പം തിന്നുന്നയാൾ എന്നും ജീവിച്ചിരിക്കും.”+ 59 കഫർന്നഹൂമിലെ ഒരു സിനഗോഗിൽ പഠിപ്പിക്കുമ്പോഴാണു യേശു ഇതൊക്കെ പറഞ്ഞത്.
60 ഇതു കേട്ടപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ പലരും പറഞ്ഞു: “ഹൊ, എന്തൊക്കെയാണ് ഇദ്ദേഹം ഈ പറയുന്നത്? ഇതൊക്കെ കേട്ടുനിൽക്കാൻ ആർക്കു കഴിയും!” 61 ശിഷ്യന്മാർ ഇതെക്കുറിച്ച് പിറുപിറുക്കുന്നെന്നു മനസ്സിലാക്കിയ യേശു ചോദിച്ചു: “ഇതു നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയോ?* 62 അങ്ങനെയെങ്കിൽ മനുഷ്യപുത്രൻ എവിടെനിന്ന് വന്നോ അവിടേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ?+ 63 ദൈവാത്മാവാണു ജീവൻ തരുന്നത്.+ ശരീരംകൊണ്ട് ഒരു ഉപകാരവുമില്ല. ഞാൻ നിങ്ങളോടു പറഞ്ഞ വചനങ്ങളാണ് ആത്മാവും ജീവനും.+ 64 എന്നാൽ, വിശ്വസിക്കാത്ത ചിലർ നിങ്ങൾക്കിടയിലുണ്ട്.” വിശ്വസിക്കാത്തവർ ആരാണെന്നും തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്നും ആദ്യംമുതലേ യേശുവിന് അറിയാമായിരുന്നു.+ 65 യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “പിതാവ് അനുവദിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുത്ത് വരാൻ കഴിയില്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഇതുകൊണ്ടാണ്.”+
66 ഇതു കേട്ടിട്ട് യേശുവിന്റെ ശിഷ്യരിൽ പലരും അവർ വിട്ടിട്ടുപോന്ന കാര്യങ്ങളിലേക്കു തിരിച്ചുപോയി.+ അവർ യേശുവിന്റെകൂടെ നടക്കുന്നതു നിറുത്തി. 67 അപ്പോൾ യേശു പന്ത്രണ്ടു പേരോട്,* “നിങ്ങൾക്കും പോകണമെന്നുണ്ടോ” എന്നു ചോദിച്ചു. 68 ശിമോൻ പത്രോസ് യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടുത്തേക്കു പോകാനാണ്?+ നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്!+ 69 അങ്ങ് ദൈവത്തിന്റെ പരിശുദ്ധനെന്നു ഞങ്ങൾ വിശ്വസിക്കുന്നു, അതു ഞങ്ങൾക്കു മനസ്സിലായിട്ടുമുണ്ട്.”+ 70 യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങൾ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇല്ലേ?+ എങ്കിലും നിങ്ങളിൽ ഒരാൾ പരദൂഷണം പറയുന്നവനാണ്.”+ 71 യേശു പറഞ്ഞതു ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദാസിനെക്കുറിച്ചായിരുന്നു. കാരണം പന്ത്രണ്ടു പേരിൽ ഒരാളായിരുന്നെങ്കിലും യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കാനിരിക്കുകയായിരുന്നു.+