മത്തായി എഴുതിയത്
27 രാവിലെയായപ്പോൾ എല്ലാ മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലുന്നതിനെക്കുറിച്ച് കൂടിയാലോചിച്ചു.+ 2 അവർ യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി ഗവർണറായ പീലാത്തൊസിനെ ഏൽപ്പിച്ചു.+
3 യേശുവിനെ കുറ്റക്കാരനായി വിധിച്ചെന്നു കണ്ടപ്പോൾ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനു വലിയ മനപ്രയാസം തോന്നി. യൂദാസ് ആ 30 വെള്ളിക്കാശു+ മുഖ്യപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത് തിരികെ കൊണ്ടുചെന്നിട്ട്, 4 “നിഷ്കളങ്കമായ രക്തം ഒറ്റിക്കൊടുത്ത ഞാൻ ചെയ്തതു പാപമാണ് ” എന്നു പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: “അതിനു ഞങ്ങൾ എന്തു വേണം? അതു നിന്റെ കാര്യം.” 5 അപ്പോൾ യൂദാസ് ആ വെള്ളിനാണയങ്ങൾ ദേവാലയത്തിലേക്ക് എറിഞ്ഞിട്ട് പോയി തൂങ്ങിമരിച്ചു.+ 6 എന്നാൽ മുഖ്യപുരോഹിതന്മാർ ആ വെള്ളിനാണയങ്ങൾ എടുത്ത്, “ഇതു രക്തത്തിന്റെ വിലയായതിനാൽ വിശുദ്ധഖജനാവിൽ നിക്ഷേപിക്കുന്നതു ശരിയല്ല”* എന്നു പറഞ്ഞു. 7 അവർ കൂടിയാലോചിച്ചിട്ട് ആ പണംകൊണ്ട് പരദേശികൾക്കുള്ള ശ്മശാനസ്ഥലമായി കുശവന്റെ നിലം വാങ്ങി. 8 അതുകൊണ്ട് ആ നിലത്തെ ഇന്നുവരെ, രക്തനിലം+ എന്നു വിളിച്ചുപോരുന്നു. 9 അങ്ങനെ യിരെമ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി: “ഇസ്രായേൽമക്കളിൽ ചിലർ വിലയിട്ടവന്റെ വിലയായ 30 വെള്ളിനാണയം+ എടുത്ത് അവർ 10 യഹോവ എന്നോടു കല്പിച്ചതുപോലെ കുശവന്റെ നിലത്തിനു വിലയായി കൊടുത്തു”+ എന്നു പ്രവാചകൻ പറഞ്ഞിരുന്നു.
11 യേശു ഗവർണറുടെ മുന്നിൽ നിന്നു. ഗവർണർ യേശുവിനോട്, “നീ ജൂതന്മാരുടെ രാജാവാണോ” എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്ന് യേശു മറുപടി നൽകി. 12 പക്ഷേ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും കുറ്റമാരോപിച്ചപ്പോഴൊന്നും യേശു ഒരു അക്ഷരംപോലും മിണ്ടിയില്ല.+ 13 അപ്പോൾ പീലാത്തൊസ് യേശുവിനോടു ചോദിച്ചു: “നിനക്കെതിരെ ഇവർ സാക്ഷി പറയുന്നതു കേട്ടില്ലേ? എത്രയെത്ര കാര്യങ്ങളാണ് ഇവർ പറയുന്നത്?” 14 എന്നിട്ടും യേശു മറുപടിയായി ഒരു വാക്കുപോലും പറയാത്തതു കണ്ട് ഗവർണർക്ക് അതിശയം തോന്നി.
15 ഓരോ ഉത്സവത്തിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ ഗവർണർ മോചിപ്പിക്കുക പതിവായിരുന്നു.+ 16 ആ സമയത്ത് ബറബ്ബാസ് എന്നൊരു കുപ്രസിദ്ധകുറ്റവാളി അവരുടെ പിടിയിലുണ്ടായിരുന്നു.+ 17 ജനം കൂടിവന്നപ്പോൾ പീലാത്തൊസ് അവരോട്, “ഞാൻ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്, ബറബ്ബാസിനെയോ അതോ ആളുകൾ ക്രിസ്തുവെന്നു വിളിക്കുന്ന യേശുവിനെയോ” എന്നു ചോദിച്ചു. 18 കാരണം അസൂയകൊണ്ടാണ് അവർ യേശുവിനെ തന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നതെന്നു പീലാത്തൊസിന് അറിയാമായിരുന്നു. 19 തന്നെയുമല്ല, പീലാത്തൊസ് ന്യായാസനത്തിൽ* ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആളയച്ച് ഇങ്ങനെ അറിയിക്കുകയും ചെയ്തിരുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്നത്തിൽ ഒരുപാടു കഷ്ടപ്പെട്ടു.” 20 എന്നാൽ ബറബ്ബാസിനെ വിട്ടുതരാനും+ യേശുവിനെ കൊന്നുകളയാനും ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.+ 21 ഗവർണർ അവരോട്, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത് ” എന്നു ചോദിച്ചപ്പോൾ, “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു. 22 പീലാത്തൊസ് അവരോട്, “അങ്ങനെയെങ്കിൽ ക്രിസ്തു എന്നു വിളിക്കുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. “അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു.+ 23 “എന്തിന്, ഇയാൾ എന്തു തെറ്റാണു ചെയ്തത് ” എന്നു പീലാത്തൊസ് ചോദിച്ചു. എന്നാൽ അവർ, “അവനെ സ്തംഭത്തിലേറ്റ്!” എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.+
24 ലഹളയുണ്ടാകുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ലെന്നു കണ്ടപ്പോൾ പീലാത്തൊസ് വെള്ളം എടുത്ത് ജനത്തിന്റെ മുന്നിൽവെച്ച് കൈ കഴുകിക്കൊണ്ട് പറഞ്ഞു: “ഈ മനുഷ്യന്റെ രക്തത്തിൽ* എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റുകൊള്ളണം!”* 25 അപ്പോൾ ജനം മുഴുവൻ, “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്നു പറഞ്ഞു.+ 26 തുടർന്ന് പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടയ്ക്ക് അടിപ്പിച്ചശേഷം+ സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+
27 പിന്നീട് ഗവർണറുടെ പടയാളികൾ യേശുവിനെ ഗവർണറുടെ വസതിയിലേക്കു കൊണ്ടുപോയി. പട്ടാളത്തെ മുഴുവൻ യേശുവിനു ചുറ്റും കൂട്ടിവരുത്തി.+ 28 അവർ യേശുവിന്റെ വസ്ത്രം ഊരിമാറ്റി, കടുഞ്ചുവപ്പു നിറമുള്ള ഒരു മേലങ്കി ധരിപ്പിച്ചു.+ 29 അവർ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് യേശുവിന്റെ തലയിൽ വെച്ചു; യേശുവിന്റെ വലതുകൈയിൽ ഒരു ഈറ്റത്തണ്ടും വെച്ചുകൊടുത്തു. പിന്നെ അവർ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്നു പറഞ്ഞ് കളിയാക്കി. 30 അവർ യേശുവിന്റെ മേൽ തുപ്പി,+ ആ ഈറ്റത്തണ്ടു വാങ്ങി തലയ്ക്ക് അടിച്ചു. 31 ഇങ്ങനെയെല്ലാം കളിയാക്കിയിട്ട് അവർ ആ മേലങ്കി അഴിച്ചുമാറ്റി. എന്നിട്ട് യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ച് സ്തംഭത്തിൽ തറയ്ക്കാൻ കൊണ്ടുപോയി.+
32 അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള ഒരു കുറേനക്കാരനെ കണ്ടു. അവർ അയാളെ നിർബന്ധിച്ച് യേശുവിന്റെ ദണ്ഡനസ്തംഭം ചുമപ്പിച്ചു.*+ 33 തലയോടിടം+ എന്ന് അർഥമുള്ള ഗൊൽഗോഥ എന്ന സ്ഥലത്ത് എത്തിയപ്പോൾ 34 അവർ യേശുവിനു കയ്പുരസമുള്ളൊരു സാധനം കലക്കിയ വീഞ്ഞു കുടിക്കാൻ കൊടുത്തു.+ എന്നാൽ യേശു അതു രുചിച്ചുനോക്കിയിട്ട് കുടിക്കാൻ വിസമ്മതിച്ചു. 35 യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട് യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു.+ 36 പിന്നെ അവർ അവിടെ യേശുവിനു കാവലിരുന്നു. 37 “ഇതു ജൂതന്മാരുടെ രാജാവായ യേശു” എന്ന് അവർ യേശുവിന്റെ തലയ്ക്കു മുകളിൽ എഴുതിവെക്കുകയും ചെയ്തു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്.
38 പിന്നെ രണ്ടു കവർച്ചക്കാരെ, ഒരാളെ യേശുവിന്റെ വലത്തും മറ്റേയാളെ ഇടത്തും ആയി സ്തംഭത്തിലേറ്റി.+ 39 അതുവഴി കടന്നുപോയവർ തല കുലുക്കിക്കൊണ്ട്+ 40 ഇങ്ങനെ പറഞ്ഞ് യേശുവിനെ നിന്ദിച്ചു:+ “ഹേ, ദേവാലയം ഇടിച്ചുകളഞ്ഞ് മൂന്നു ദിവസത്തിനകം പണിയുന്നവനേ,+ നിന്നെത്തന്നെ രക്ഷിക്ക്! നീ ഒരു ദൈവപുത്രനാണെങ്കിൽ ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവാ.”+ 41 അങ്ങനെതന്നെ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരുടെയും മൂപ്പന്മാരുടെയും കൂടെക്കൂടി യേശുവിനെ കളിയാക്കി. അവർ പറഞ്ഞു:+ 42 “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല! ഇസ്രായേലിന്റെ രാജാവാണുപോലും.+ ഇവൻ ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവരട്ടെ; എങ്കിൽ ഇവനിൽ വിശ്വസിക്കാം. 43 ഇവൻ ദൈവത്തിലാണല്ലോ ആശ്രയിക്കുന്നത്. ഇവനെ ദൈവത്തിനു വേണമെങ്കിൽ ദൈവംതന്നെ രക്ഷിക്കട്ടെ.+ ‘ഞാൻ ദൈവപുത്രനാണ് ’+ എന്നല്ലേ ഇവൻ പറഞ്ഞത്.” 44 യേശുവിന്റെ ഇരുവശത്തും സ്തംഭങ്ങളിൽ കിടന്ന കവർച്ചക്കാർപോലും യേശുവിനെ നിന്ദിക്കുന്നുണ്ടായിരുന്നു.+
45 ആറാം മണിമുതൽ ഒൻപതാം മണിവരെ ആ നാട്ടിലെങ്ങും* ഇരുട്ടു പരന്നു.+ 46 ഏകദേശം ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത് ” എന്നാണ് അതിന്റെ അർഥം.+ 47 ഇതു കേട്ട്, അരികെ നിന്നിരുന്ന ചിലർ, “ഇവൻ ഏലിയയെ വിളിക്കുകയാണ് ” എന്നു പറഞ്ഞു.+ 48 ഉടനെ അവരിൽ ഒരാൾ ഓടിച്ചെന്ന് പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്തണ്ടിൽ വെച്ച് യേശുവിനു കുടിക്കാൻ കൊടുത്തു.+ 49 അപ്പോൾ മറ്റുള്ളവർ, “നിൽക്ക്, അവനെ രക്ഷിക്കാൻ ഏലിയ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു. 50 യേശു വീണ്ടും ഉച്ചത്തിൽ വിളിച്ച് പ്രാണൻ വെടിഞ്ഞു.+
51 അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന് താഴെവരെ രണ്ടായി കീറിപ്പോയി.+ ഭൂമി കുലുങ്ങി. പാറകൾ പിളർന്നു. 52 കല്ലറകൾ തുറന്നുപോയി. നിദ്ര പ്രാപിച്ചിരുന്ന* പല വിശുദ്ധരുടെയും ജഡങ്ങൾ പുറത്ത് വന്നു. 53 അവ പലരും കണ്ടു. (യേശു ഉയിർപ്പിക്കപ്പെട്ടശേഷം, കല്ലറയ്ക്കൽനിന്ന് വന്നവർ വിശുദ്ധനഗരത്തിൽ ചെന്നു.) 54 യേശുവിനു കാവൽ നിന്നിരുന്ന സൈനികോദ്യോഗസ്ഥനും കൂടെയുള്ളവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ടപ്പോൾ വല്ലാതെ പേടിച്ച്, “ഇദ്ദേഹം ശരിക്കും ദൈവപുത്രനായിരുന്നു”* എന്നു പറഞ്ഞു.+
55 യേശുവിനു ശുശ്രൂഷ ചെയ്യാൻ ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച കുറെ സ്ത്രീകൾ ഇതെല്ലാം നോക്കിക്കൊണ്ട് ദൂരെ നിൽപ്പുണ്ടായിരുന്നു.+ 56 മഗ്ദലക്കാരി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും+ അക്കൂട്ടത്തിലുണ്ടായിരുന്നു.
57 വൈകുന്നേരമായപ്പോൾ യോസേഫ് എന്നു പേരുള്ള അരിമഥ്യക്കാരനായ ഒരു ധനികൻ അവിടെ എത്തി. അദ്ദേഹവും യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നിരുന്നു.+ 58 യോസേഫ് പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.+ അത് യോസേഫിനു വിട്ടുകൊടുക്കാൻ പീലാത്തൊസ് കല്പിച്ചു.+ 59 യോസേഫ് മൃതദേഹം വൃത്തിയുള്ള മേത്തരം ലിനൻതുണിയിൽ പൊതിഞ്ഞ്,+ 60 താൻ പാറയിൽ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചിട്ട് യോസേഫ് അവിടെനിന്ന് പോയി. 61 എന്നാൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും, പോകാതെ കല്ലറയുടെ മുന്നിൽത്തന്നെ ഇരുന്നു.+
62 അടുത്ത ദിവസം, അതായത് ഒരുക്കനാളിന്റെ+ പിറ്റേന്ന്, മുഖ്യപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ മുന്നിൽ ഒത്തുകൂടി ഇങ്ങനെ പറഞ്ഞു: 63 “പ്രഭോ, ‘മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ഉയിർപ്പിക്കപ്പെടും’+ എന്ന് ആ വഞ്ചകൻ ജീവനോടിരുന്നപ്പോൾ പറഞ്ഞതായി ഞങ്ങൾ ഓർക്കുന്നു. 64 അതുകൊണ്ട് മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കല്പിക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചിട്ട്,+ ‘അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു’ എന്ന് ആളുകളോടു പറയും. അങ്ങനെ സംഭവിച്ചാൽ ഇത് ആദ്യത്തേതിനെക്കാൾ വലിയ ചതിയാകും.” 65 പീലാത്തൊസ് അവരോട്, “കാവൽഭടന്മാരുടെ ഒരു ഗണത്തെ വിട്ടുതരാം. പോയി നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതുപോലെ അതു ഭദ്രമാക്കി സൂക്ഷിച്ചോ” എന്നു പറഞ്ഞു. 66 അങ്ങനെ, അവർ പോയി കല്ലിനു മുദ്രവെച്ച്, കാവൽ ഏർപ്പെടുത്തി കല്ലറ ഭദ്രമാക്കി.