അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
1 തെയോഫിലൊസേ, യേശു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളെയുംകുറിച്ച് ഞാൻ ആദ്യവിവരണത്തിൽ എഴുതിയിരുന്നല്ലോ.+ 2 താൻ തിരഞ്ഞെടുത്ത അപ്പോസ്തലന്മാർക്കു+ യേശു പരിശുദ്ധാത്മാവിലൂടെ* നിർദേശങ്ങൾ കൊടുത്തു. അതിനു ശേഷം യേശുവിനെ സ്വർഗത്തിലേക്ക് എടുത്തു.+ അതുവരെയുള്ള കാര്യങ്ങളാണ് ആ വിവരണത്തിലുണ്ടായിരുന്നത്. 3 കഷ്ടതകൾ സഹിച്ചശേഷം, താൻ ജീവിച്ചിരിക്കുന്നു എന്നതിന്, ബോധ്യം വരുത്തുന്ന അനേകം തെളിവുകൾ യേശു അവർക്കു നൽകി.+ യേശു 40 ദിവസം പലവട്ടം അവർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കുകയും ചെയ്തു.+ 4 അവരോടൊപ്പം കൂടിവന്നപ്പോൾ യേശു ഇങ്ങനെ കല്പിച്ചു: “യരുശലേം വിട്ട് പോകരുത്;+ പിതാവ് വാഗ്ദാനം ചെയ്തതിനുവേണ്ടി കാത്തിരിക്കുക.+ അതിനെക്കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. 5 യോഹന്നാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി. എന്നാൽ അധികം വൈകാതെ നിങ്ങൾക്കു പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം ലഭിക്കും.”+
6 ഒരുമിച്ചുകൂടിയിരുന്നപ്പോൾ അവർ യേശുവിനോട്, “കർത്താവേ, അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത് ഇപ്പോഴാണോ” എന്നു ചോദിച്ചു.+ 7 യേശു അവരോടു പറഞ്ഞു: “പിതാവിന്റെ അധികാരപരിധിയിൽപ്പെട്ട സമയങ്ങളെയും കാലങ്ങളെയും കുറിച്ച് നിങ്ങൾ അറിയേണ്ട ആവശ്യമില്ല.+ 8 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും.+ അങ്ങനെ നിങ്ങൾ യരുശലേമിലും+ യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും+ ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും+ എന്റെ സാക്ഷികളായിരിക്കും.”+ 9 ഈ കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കെ യേശുവിനെ ആകാശത്തേക്ക് എടുത്തു. ഒരു മേഘം യേശുവിനെ അവരുടെ കാഴ്ചയിൽനിന്ന് മറച്ചു.+ 10 യേശു ആകാശത്തേക്ക് ഉയരുന്നത് അവർ നോക്കിക്കൊണ്ടിരുന്നപ്പോൾ വെള്ളവസ്ത്രം* ധരിച്ച രണ്ടു പുരുഷന്മാർ+ അവരുടെ അടുത്ത് വന്ന് 11 അവരോടു പറഞ്ഞു: “ഗലീലക്കാരേ, നിങ്ങൾ എന്തിനാണ് ആകാശത്തേക്കു നോക്കിനിൽക്കുന്നത്? നിങ്ങളുടെ അടുത്തുനിന്ന് ആകാശത്തേക്ക് എടുക്കപ്പെട്ട ഈ യേശു, ആകാശത്തേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേ വിധത്തിൽത്തന്നെ വരും.”
12 പിന്നെ അവർ ഒലിവുമലയിൽനിന്ന് യരുശലേമിലേക്കു തിരിച്ചുപോയി.+ ആ മലയിൽനിന്ന് യരുശലേമിലേക്ക് ഒരു ശബത്തുദിവസത്തെ വഴിദൂരമേ ഉണ്ടായിരുന്നുള്ളൂ. 13 നഗരത്തിൽ എത്തിയ അവർ, തങ്ങൾ തങ്ങിയിരുന്ന മേൽമുറിയിലേക്കു കയറിപ്പോയി. പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, ഫിലിപ്പോസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായിയുടെ മകനായ യാക്കോബ്, തീക്ഷ്ണതയുള്ള ശിമോൻ, യാക്കോബിന്റെ മകനായ യൂദാസ് എന്നിവരായിരുന്നു അവർ.+ 14 ഇവർ എല്ലാവരും ചില സ്ത്രീകളോടും+ യേശുവിന്റെ അമ്മയായ മറിയയോടും യേശുവിന്റെ സഹോദരന്മാരോടും+ ഒപ്പം ഒരേ മനസ്സോടെ പ്രാർഥനയിൽ മുഴുകിയിരുന്നു.
15 ഒരു ദിവസം പത്രോസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്ന് അവരോടു (അവർ എല്ലാവരുംകൂടെ ഏകദേശം 120 പേരുണ്ടായിരുന്നു.) പറഞ്ഞു: 16 “സഹോദരന്മാരേ, യേശുവിനെ അറസ്റ്റു ചെയ്തവർക്കു വഴി കാണിച്ചുകൊടുത്ത യൂദാസിനെക്കുറിച്ച്+ പരിശുദ്ധാത്മാവ് ദാവീദിലൂടെ മുൻകൂട്ടിപ്പറഞ്ഞ തിരുവെഴുത്തു+ നിറവേറണമായിരുന്നു; 17 യൂദാസ് ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ടവനും+ ഞങ്ങളോടൊപ്പം ഈ ശുശ്രൂഷ ചെയ്തവനും ആയിരുന്നു. 18 (അയാൾ അനീതിയുടെ കൂലികൊണ്ട്+ ഒരു സ്ഥലം വാങ്ങി. അയാൾ തലകീഴായി താഴേക്കു വീണു,* ശരീരം* പിളർന്ന് ഉള്ളിലുള്ളതെല്ലാം പുറത്ത് ചാടി.+ 19 ഈ സംഭവം യരുശലേമിലുള്ളവർക്കെല്ലാം അറിയാവുന്നതാണ്. അതുകൊണ്ട് ആ സ്ഥലത്തെ അവരുടെ ഭാഷയിൽ അക്കൽദാമ, അതായത് “രക്തനിലം,” എന്നു വിളിക്കുന്നു.) 20 ‘അവന്റെ താമസസ്ഥലം ശൂന്യമാകട്ടെ, അവിടെ ആരുമില്ലാതാകട്ടെ’+ എന്നും ‘അവന്റെ മേൽവിചാരകസ്ഥാനം മറ്റൊരാൾ ഏറ്റെടുക്കട്ടെ’+ എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ. 21 അതുകൊണ്ട് കർത്താവായ യേശു ഞങ്ങൾക്കിടയിൽ പ്രവർത്തിച്ച കാലത്തെല്ലാം ഞങ്ങളോടൊപ്പമുണ്ടായിരുന്ന പുരുഷന്മാരിൽ ഒരാൾ, 22 അതായത് യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയതുമുതൽ+ യേശു ഞങ്ങളിൽനിന്ന് എടുക്കപ്പെട്ട ദിവസംവരെ+ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഒരാൾ, ഞങ്ങളുടെകൂടെ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിരിക്കേണ്ടതുണ്ട്.”+
23 അങ്ങനെ അവർ യുസ്തൊസ് എന്നും ബർശബാസ് എന്നും പേരുള്ള യോസേഫ്, മത്ഥിയാസ് എന്നീ രണ്ടു പേരെ നിർദേശിച്ചു. 24 എന്നിട്ട് അവർ പ്രാർഥിച്ചു: “എല്ലാവരുടെയും ഹൃദയങ്ങളെ അറിയുന്ന യഹോവേ,+ സ്വന്തം വഴിക്കു പോകാൻവേണ്ടി യൂദാസ് ഉപേക്ഷിച്ചുകളഞ്ഞ ഈ ശുശ്രൂഷയും അപ്പോസ്തലൻ എന്ന പദവിയും നൽകാൻ+ 25 ഈ രണ്ടു പുരുഷന്മാരിൽ ആരെയാണ് അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നതെന്നു കാണിച്ചുതരേണമേ.” 26 അങ്ങനെ അവർ നറുക്കിട്ടു.+ നറുക്കു മത്ഥിയാസിനു വീണു; മത്ഥിയാസിനെ 11 അപ്പോസ്തലന്മാരുടെകൂടെ കൂട്ടി.