യോഹന്നാനു ലഭിച്ച വെളിപാട്
13 അതു* കടൽത്തീരത്തെ മണലിൽ അനങ്ങാതെ നിന്നു.
അപ്പോൾ കടലിൽനിന്ന്+ ഒരു കാട്ടുമൃഗം+ കയറിവരുന്നതു ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും* തലകളിൽ ദൈവനിന്ദാകരമായ പേരുകളും ഉണ്ടായിരുന്നു. 2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലിരുന്നു. എന്നാൽ അതിന്റെ പാദം കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. ഭീകരസർപ്പം+ മൃഗത്തിനു ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.+
3 കാട്ടുമൃഗത്തിന്റെ ഒരു തലയ്ക്കു മാരകമായി മുറിവേറ്റിരുന്നതുപോലെ എനിക്കു തോന്നി. ആ മാരകമായ മുറിവ് പക്ഷേ ഉണങ്ങിയിരുന്നു.+ ഭൂമി മുഴുവൻ ആദരവോടെ മൃഗത്തിന്റെ പിന്നാലെ ചെന്നു. 4 മൃഗത്തിന് അധികാരം നൽകിയതുകൊണ്ട് അവർ ഭീകരസർപ്പത്തെ ആരാധിച്ചു. കൂടാതെ, “ഈ മൃഗത്തെപ്പോലെ ആരുണ്ട്, അതിനോടു പോരാടാൻ ആർക്കു കഴിയും” എന്നു പറഞ്ഞുകൊണ്ട് അവർ കാട്ടുമൃഗത്തെയും ആരാധിച്ചു. 5 പൊങ്ങച്ചം പറയുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്യുന്ന ഒരു വായ് അതിനു ലഭിച്ചു. 42 മാസം+ പ്രവർത്തിക്കാനുള്ള അധികാരവും അതിനു കിട്ടി. 6 ദൈവത്തെ നിന്ദിക്കാൻ അതു വായ് തുറന്നു.+ ദൈവനാമത്തെയും ദൈവത്തിന്റെ വാസസ്ഥലത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും അതു നിന്ദിച്ചു.+ 7 വിശുദ്ധരോടു പോരാടി അവരെ കീഴടക്കാൻ അതിന് അനുവാദം ലഭിച്ചു.+ എല്ലാ ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ അതിന് അധികാരവും ലഭിച്ചു. 8 ഭൂമിയിൽ താമസിക്കുന്നവരെല്ലാം അതിനെ ആരാധിക്കും. ലോകാരംഭംമുതൽ* അവരിൽ ആരുടെയും പേരുകൾ അറുക്കപ്പെട്ട കുഞ്ഞാടിന്റെ+ ജീവപുസ്തകത്തിൽ എഴുതിയിട്ടില്ല.+
9 ചെവിയുള്ളവൻ കേൾക്കട്ടെ.+ 10 ബന്ദിയായി പോകാനുള്ളവൻ ബന്ദിയായിത്തന്നെ പോകും. ആരെങ്കിലും വാളുകൊണ്ട് കൊല്ലുന്നെങ്കിൽ* അയാളെയും വാളുകൊണ്ട് കൊല്ലണം.+ അതുകൊണ്ട് വിശുദ്ധർക്കു+ സഹനശക്തിയും+ വിശ്വാസവും+ ആവശ്യമാണ്.
11 പിന്നെ വേറൊരു കാട്ടുമൃഗം ഭൂമിയിൽനിന്ന് കയറിവരുന്നതു ഞാൻ കണ്ടു. അതിന് ഒരു കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുണ്ടായിരുന്നു. എന്നാൽ അതൊരു ഭീകരസർപ്പത്തെപ്പോലെ സംസാരിച്ചു.+ 12 ഈ മൃഗം ആദ്യത്തെ കാട്ടുമൃഗത്തിന്റെ+ അധികാരം മുഴുവനും അതിന്റെ മുന്നിൽവെച്ചുതന്നെ പ്രയോഗിക്കുന്നു. മാരകമായ മുറിവ് ഉണങ്ങിയ+ ആദ്യത്തെ കാട്ടുമൃഗത്തെ, ഭൂമിയും ഭൂമിയിലുള്ളവരും ആരാധിക്കാൻ ഈ മൃഗം ഇടയാക്കുന്നു. 13 അതു വലിയ അടയാളങ്ങൾ കാണിക്കുന്നു. മനുഷ്യർ കാൺകെ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്യുന്നു.
14 കാട്ടുമൃഗത്തിന്റെ മുന്നിൽ ചെയ്യാൻ അനുവാദം ലഭിച്ച അടയാളങ്ങൾകൊണ്ട് അതു ഭൂവാസികളെ വഴിതെറ്റിക്കുകയും വാളുകൊണ്ട് വെട്ടേറ്റിട്ടും ശക്തി വീണ്ടെടുത്ത കാട്ടുമൃഗത്തിന്റെ+ പ്രതിമ ഉണ്ടാക്കാൻ+ ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. 15 കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം കൊടുക്കാൻ അതിന് അനുവാദം കിട്ടി. കാട്ടുമൃഗത്തിന്റെ പ്രതിമയ്ക്കു സംസാരിക്കാൻ കഴിയേണ്ടതിനും ആ പ്രതിമയെ ആരാധിക്കാൻ വിസമ്മതിച്ചവരെയെല്ലാം കൊല്ലിക്കാൻ കഴിയേണ്ടതിനും ആയിരുന്നു അത്.
16 ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളും തുടങ്ങി എല്ലാവരെയും വലതുകൈയിലോ നെറ്റിയിലോ മുദ്രയേൽക്കാൻ+ അതു നിർബന്ധിക്കുന്നു. 17 കാട്ടുമൃഗത്തിന്റെ പേരോ+ പേരിന്റെ സംഖ്യയോ+ മുദ്രയായി സ്വീകരിച്ചിട്ടില്ലാത്ത ആർക്കും വാങ്ങാനോ വിൽക്കാനോ കഴിയില്ല. 18 ഉൾക്കാഴ്ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്.* 666+ ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.