അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
24 അഞ്ചു ദിവസം കഴിഞ്ഞപ്പോൾ മഹാപുരോഹിതനായ അനന്യാസ്+ ചില മൂപ്പന്മാരോടും അഭിഭാഷകനായ തെർത്തുല്ലൊസിനോടും ഒപ്പം പൗലോസിന് എതിരെയുള്ള കേസ് വാദിക്കാൻ ഗവർണറുടെ+ മുമ്പാകെ എത്തി. 2 തെർത്തുല്ലൊസിനെ വിളിച്ചപ്പോൾ പൗലോസിന് എതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
“അഭിവന്ദ്യനായ ഫേലിക്സ്, അങ്ങുള്ളതുകൊണ്ട് ഞങ്ങൾ വളരെ സമാധാനത്തോടെ കഴിയുന്നു. അങ്ങയുടെ ദീർഘവീക്ഷണം നിമിത്തം ഈ രാജ്യത്ത് പല പുരോഗതികളും ഉണ്ടാകുന്നു. 3 അക്കാര്യം അങ്ങേയറ്റം നന്ദിയോടെ എപ്പോഴും എവിടെവെച്ചും ഞങ്ങൾ പറയാറുണ്ട്. 4 അങ്ങയെ അധികം ബുദ്ധിമുട്ടിക്കാതെ ഞങ്ങൾക്കു ബോധിപ്പിക്കാനുള്ളതു ചുരുക്കിപ്പറയാം, ദയവായി കേട്ടാലും: 5 ഈ മനുഷ്യൻ ഒരു ഒഴിയാബാധയും+ ഭൂലോകത്തെങ്ങുമുള്ള ജൂതന്മാർക്കിടയിൽ പ്രക്ഷോഭങ്ങൾ ഇളക്കിവിടുന്നവനും+ നസറെത്തുകാരുടെ മതവിഭാഗത്തിന്റെ+ നേതാവും ആണെന്നു ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. 6 ദേവാലയം അശുദ്ധമാക്കാനും ഇയാൾ ശ്രമിച്ചു. അതുകൊണ്ട് ഞങ്ങൾ ഇയാളെ പിടികൂടി.+ 7 —— 8 അങ്ങ് ഇയാളെ വിസ്തരിക്കുമ്പോൾ ഞങ്ങൾ ഇയാൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്നു ബോധ്യമാകും.”
9 ഇക്കാര്യങ്ങൾ സത്യമാണെന്നു തറപ്പിച്ചുപറഞ്ഞുകൊണ്ട് ജൂതന്മാരും കുറ്റാരോപണത്തിൽ പങ്കുചേർന്നു. 10 സംസാരിക്കാൻ ഗവർണർ പൗലോസിനോടു തലകൊണ്ട് ആംഗ്യം കാട്ടി. അപ്പോൾ പൗലോസ് പറഞ്ഞു:
“വളരെക്കാലമായി അങ്ങ് ഈ ജനതയുടെ ന്യായാധിപനാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അങ്ങയുടെ മുമ്പാകെ നിന്ന് ഞാൻ സന്തോഷത്തോടെ എനിക്കുവേണ്ടി വാദിക്കും.+ 11 ഞാൻ ആരാധനയ്ക്കുവേണ്ടി യരുശലേമിൽ പോയിട്ട്+ 12 ദിവസത്തിലധികമായിട്ടില്ല. ഇക്കാര്യം അങ്ങയ്ക്കുതന്നെ അന്വേഷിച്ചറിയാവുന്നതാണ്. 12 ഞാൻ ദേവാലയത്തിൽ ആരോടെങ്കിലും തർക്കിക്കുന്നതായോ സിനഗോഗുകളിലും നഗരത്തിലും ജനക്കൂട്ടത്തെ ഇളക്കിവിടുന്നതായോ ഇവർ ആരും കണ്ടിട്ടില്ല. 13 ഇപ്പോൾ എനിക്ക് എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാനും ഇവർക്കു കഴിയില്ല. 14 എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതവിഭാഗം എന്ന് ഇവർ വിളിക്കുന്ന ഈ മാർഗത്തിലാണ് എന്റെ പൂർവികരുടെ ദൈവത്തെ ഞാൻ സേവിക്കുന്നത്.+ നിയമത്തിൽ പറഞ്ഞിരിക്കുന്നതും പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതും ആയ എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.+ 15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകുമെന്നാണു ദൈവത്തിലുള്ള എന്റെ പ്രത്യാശ; ഇവരും അതുതന്നെയാണു പ്രത്യാശിക്കുന്നത്. 16 അതുകൊണ്ട് ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ ശുദ്ധമായ* ഒരു മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു.+ 17 എന്റെ ജനത്തിനു ദാനധർമങ്ങൾ+ എത്തിച്ചുകൊടുക്കാനും യാഗങ്ങൾ അർപ്പിക്കാനും വേണ്ടിയാണു കുറെ വർഷങ്ങൾക്കു ശേഷം ഞാൻ ഇവിടെ വന്നത്. 18 ദേവാലയത്തിൽവെച്ച് അവർ എന്നെ കാണുമ്പോൾ ഞാൻ ആചാരപ്രകാരം ശുദ്ധിയുള്ളവനായിരുന്നു.+ എന്റെകൂടെ ജനക്കൂട്ടമൊന്നുമില്ലായിരുന്നു, ഞാൻ അവിടെ പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടുമില്ല. ഏഷ്യ സംസ്ഥാനത്തുനിന്നുള്ള ചില ജൂതന്മാർ+ അവിടെയുണ്ടായിരുന്നു. 19 എനിക്ക് എതിരെ അവർക്ക് എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കിൽ അവർതന്നെ അങ്ങയുടെ മുമ്പാകെ വന്ന് അതു ബോധിപ്പിക്കണമായിരുന്നു.+ 20 ഇനി ഞാൻ സൻഹെദ്രിന്റെ മുമ്പാകെ നിന്നപ്പോൾ എന്നിൽ എന്തെങ്കിലും കുറ്റം കണ്ടെത്തിയെങ്കിൽ അത് ഈ നിൽക്കുന്നവർ പറയട്ടെ. 21 അവരുടെ ഇടയിൽ നിന്നപ്പോൾ, ‘മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഞാൻ വിശ്വസിക്കുന്നതുകൊണ്ടാണ് ഇന്നു നിങ്ങൾ എന്നെ ന്യായം വിധിക്കുന്നത്’ എന്നു വിളിച്ചുപറഞ്ഞതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.”+
22 ഈ മാർഗത്തെക്കുറിച്ച്*+ നന്നായി അറിയാമായിരുന്നിട്ടും, “സൈന്യാധിപനായ ലുസിയാസ് വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാം” എന്നു പറഞ്ഞ് ഫേലിക്സ് കേസ് മാറ്റിവെച്ചു. 23 എന്നിട്ട് പൗലോസിനെ തടവിൽ സൂക്ഷിക്കാൻ സൈനികോദ്യോഗസ്ഥനോടു കല്പിച്ചു. എന്നാൽ പൗലോസിനു കുറച്ച് സ്വാതന്ത്ര്യം കൊടുക്കണമെന്നും പൗലോസിനെ പരിചരിക്കാൻ അദ്ദേഹത്തിന്റെ സ്നേഹിതരെ അനുവദിക്കണമെന്നും ഫേലിക്സ് നിർദേശിച്ചു.
24 കുറച്ച് ദിവസം കഴിഞ്ഞ് ഫേലിക്സ് ജൂതവംശജയായ തന്റെ ഭാര്യ ദ്രുസില്ലയോടൊപ്പം വന്ന് പൗലോസിനെ വിളിപ്പിച്ച് ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് കേട്ടു.+ 25 എന്നാൽ നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി+ എന്നിവയെക്കുറിച്ച് പൗലോസ് പറഞ്ഞപ്പോൾ ഫേലിക്സ് ഭയപ്പെട്ട്, “ഇപ്പോൾ പൊയ്ക്കൊള്ളൂ, സമയം കിട്ടുമ്പോൾ വീണ്ടും വിളിപ്പിക്കാം” എന്നു പറഞ്ഞു. 26 പക്ഷേ പൗലോസ് തനിക്കു പണം തരുമെന്നു പ്രതീക്ഷിച്ച് ഫേലിക്സ് പൗലോസിനെ കൂടെക്കൂടെ വിളിച്ചുവരുത്തി സംസാരിക്കുമായിരുന്നു. 27 രണ്ടു വർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. ജൂതന്മാരുടെ പ്രീതി നേടാൻ ആഗ്രഹിച്ച+ ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ട് പോയി.